ഉഡുപ്പിയുടെ തീരഭൂമിയിൽ നിന്ന് അബുദാബിയുടെ ഊർവരതയിലേക്ക് ഒരുപാടു സ്വപ്നങ്ങളുമായി പറന്നിറങ്ങിയ ബി.ആർ.ഷെട്ടി എന്ന യുവാവിന്റെ അനിതരസാധാരാണമായ വളർച്ചയുടെയും വീഴ്ചയുടെയും കഥ ആരെയും വിസ്മയിപ്പിക്കുന്നതാണ്. ....| BR Shetty | Manorama News

ഉഡുപ്പിയുടെ തീരഭൂമിയിൽ നിന്ന് അബുദാബിയുടെ ഊർവരതയിലേക്ക് ഒരുപാടു സ്വപ്നങ്ങളുമായി പറന്നിറങ്ങിയ ബി.ആർ.ഷെട്ടി എന്ന യുവാവിന്റെ അനിതരസാധാരാണമായ വളർച്ചയുടെയും വീഴ്ചയുടെയും കഥ ആരെയും വിസ്മയിപ്പിക്കുന്നതാണ്. ....| BR Shetty | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉഡുപ്പിയുടെ തീരഭൂമിയിൽ നിന്ന് അബുദാബിയുടെ ഊർവരതയിലേക്ക് ഒരുപാടു സ്വപ്നങ്ങളുമായി പറന്നിറങ്ങിയ ബി.ആർ.ഷെട്ടി എന്ന യുവാവിന്റെ അനിതരസാധാരാണമായ വളർച്ചയുടെയും വീഴ്ചയുടെയും കഥ ആരെയും വിസ്മയിപ്പിക്കുന്നതാണ്. ....| BR Shetty | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാവഗുതു രഘുറാം ഷെട്ടി എന്ന ബി.ആർ. ഷെട്ടി എന്നും സ്വയം തീർത്ത വഴിയിലൂടെയായായിരുന്നു സഞ്ചാരം. വിജയത്തിന്റെ പ്രകാശഗോപുരത്തിൽ എത്തിയതും അവിടെനിന്ന് മറഞ്ഞതും അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു അച്ഛൻ ശംഭു ഷെട്ടിയുടെ ഖാദിയുടെ വഴി സഞ്ചരിക്കാൻ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. പകരം ബിജെപിയുടെ മുൻ അവതാരമായ ഭാരതീയ ജനസംഘിന്റെ പാതയാണ് ഷെട്ടി സ്വീകരിച്ചത്.

കോൺഗ്രസ് നിറഞ്ഞുനിന്ന അൻപതുകളുടെ ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ജനസംഘിനെ ചെറു ബിന്ദുക്കളായി അവിടെയോ ഇവിടെയോ കണ്ടാലായി. ഇതൊന്നും ഇരുപതിന്റെ പടിവാതിലിൽ എത്തിനിന്നിരുന്ന ആ തുളുനാടൻ യുവാവിനെ ഏശിയില്ല. കുറച്ചുനാളുകൊണ്ട്‌ കർണാടകത്തിലെ തന്റെ തീരദേശ നഗരമായ ഉഡുപ്പിയിൽ അദ്ദേഹം ജനസംഘത്തിനു വേരോട്ടം ഉണ്ടാക്കി.

ADVERTISEMENT

അറുപതുകളുടെ ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം ഉഡുപ്പി മുനിസിപ്പൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പിൽ ഷെട്ടി മുനിസിപ്പൽ കൗൺസിൽ ഉപാധ്യക്ഷൻ ആയി. ഈ പ്രാവശ്യം അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനു എത്തിയത് മറ്റാരുമായിരുന്നില്ല, സാക്ഷാൽ അടൽ ബിഹാരി വാജ്‌പേയി. അന്ന് വാജ്‌പേയിയെ കൃഷ്ണ നഗരി മുഴുവൻ കാണിച്ചു കൊടുത്തത് ഷെട്ടിയായിരുന്നു.

അച്ഛനെപോലെ മകനും രാഷ്ട്രീയം സ്വയംസേവനത്തിനുള്ളതല്ലെന്നും പൊതുസേവനത്തിനുള്ളതാണെന്നും ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടുതന്നെ, ഷെട്ടിയുടെ കീശ കാലിയായിക്കൊണ്ടേയിരുന്നു. ആ നാളുകളിൽ ഒരു പുണെ കമ്പനിയുടെ മരുന്ന് വിതരണക്കാരനായിരുന്നങ്കിലും ജനസേവനം കഴിഞ്ഞു മറ്റൊന്നിനും സമയമില്ലാത്തതിനാൽ ബിസിനസ്സും ഒരുവഴിക്കായി. അങ്ങനെ ആകെ കൈയൊഴിഞ്ഞിരിക്കുമ്പോഴാണ് ഒരു സഹോദരിയുടെ കല്യാണം വരുന്നത്. കല്യാണത്തിന് പണം സംഘടിപ്പിച്ചേ മതിയാകു.

അങ്ങനെ അദ്ദേഹം സിൻഡിക്കറ്റ് ബാങ്കിൽനിന്ന് ഒരു വായ്പ സംഘടിപ്പിച്ചു. പിന്നീട് ബാങ്കിന്റെ ചെയർമാൻ പദവിയിലെത്തിയ കെ.കെ.പൈയും അതിന്‌ ഷെട്ടിയെ സഹായിച്ചു. പിൽക്കാല ജീവിതത്തിൽ ‘‘എന്റെ ജീവിതത്തിന്റെ ഐശ്വര്യം’’ എന്ന് പൈയെ ഷെട്ടി മനസ്സിൽ എന്നും ആരാധിച്ചിരിക്കാം.

പെങ്ങളുടെ കല്യാണം കഴിഞ്ഞു കാൽ ഒന്ന് നീട്ടി ഇരുന്നപ്പോഴാണ്, മനസ്സിൽ ഒരു വെളിപാട് ഉണ്ടായത്. വായ്‌പ അടയ്ക്കാൻ മാർഗമൊന്നുമില്ല. പലിശയും പിഴപ്പലിശയുമായി വായ്‌പ നോക്കിനിൽക്കെ ഉഗ്രരൂപിയായി വളരാൻ തുടങ്ങി. അപ്പനപ്പൂപ്പന്മാർ പാടുപെട്ട് ഉണ്ടാക്കിയെടുത്ത കുടുംബത്തിന്റെ സൽപ്പേരിന് താൻമൂലം കരി പുരളുമെന്ന് ഉറപ്പായി. പിന്നെ ഒന്നും ആലോചിച്ചില്ല. പൊതുജീവിതത്തിനു പൂർണവിരാമമിട്ടു.

ADVERTISEMENT

കീശയിൽ 500 രൂപയും കൈയിൽ അത്യാവശം വേണ്ട വസ്ത്രങ്ങൾ അടങ്ങിയ ഒരു ചെറു ബാഗുമായി നാട്ടുകാരറിയാതെ ഷെട്ടി നാടുവിട്ടു. അങ്ങനെ 1973 - ൽ മുപ്പത്തൊന്നാം വയസിൽ എണ്ണ വിപണിയുടെ ശുക്രകാലത്തു ഷെട്ടി അബുദാബിയിൽ ഭാഗ്യം തേടിയെത്തി. വിമാത്താവളത്തിനു പുറത്തിറങ്ങി അൽപം കഴിഞ്ഞപ്പോൾ കയ്യിലിരുന്ന ബാഗ് കാണാനില്ല. കക്ഷി ഞെട്ടിയില്ല. കീശയിൽ 500 രൂപ അടങ്ങിയ പേഴ്സും ക്ലിനിക്കൽ ഫർമസി പാസ്സായി എന്ന് സാക്ഷ്യപ്പെടുത്തുന്ന കടലാസും സുരക്ഷിതം.

തുടക്കം മെഡിക്കൽ റെപ്പ്

ബി. ആർ. ഷെട്ടി

അധികം കഴിയാതെ മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലികിട്ടി. മെഡിക്കൽ റെപ്രസെൻറ്റേറ്റിവ് എന്നൊക്കെ ഗമയ്ക്ക് പറയാമെങ്കിലും ഒരു സ്റ്റോക്കിസ്റ്റു കൊടുക്കുന്ന മരുന്നും സൗന്ദര്യവർദ്ധക സാധനങ്ങളും വീടുകളും, കടകളും കയറി ഇറങ്ങി വിൽക്കലായിരുന്നു പണി. മരുഭൂമിയിലെ കരുണാരഹിതമായ ചൂടിൽ, വീടുകളിൽനിന്ന് വീടുകളിലേക്കും കടകളിൽനിന്ന് കടകളിലേക്കും തെരുവുകളിൽ നിന്ന് തെരുവുകളിലേക്കും നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും അലഞ്ഞു മരുന്നുകൾ വിറ്റു. 

പണികഴിഞ്ഞ് പലരുമായി പങ്കുവയ്ക്കുന്ന മുറിയിൽ തിരിച്ചെത്തിയാൽ അന്ന് ധരിച്ചിരുന്ന പൊടിയും വിയർപ്പും നിറഞ്ഞ വസ്ത്രം അലക്കിയിടുക എന്നതായിരുന്നു ആദ്യത്തെ പരിപാടി. വൃത്തി ഒരു ബാധപോലെ കൂടിയിട്ടൊന്നുമല്ലായിരുന്നു അന്ന്. അടുത്ത ദിവസം പോകാൻ മെഡിക്കൽ റെപ്രെസെന്റേറ്റീവിന്റെ പത്രാസ്സിനു ചേർന്ന വേറെ വസ്ത്രമില്ലായിരുന്നു. ഇതിനിടയിൽ ഗൃഹോപകരണങ്ങൾ കമ്മിഷൻ വ്യവസ്ഥയിൽ വിൽക്കുന്ന ജോലികൂടെ സംഘടിപ്പിച്ചു. ഈ അലച്ചിലിന് ഇടയിലും സ്വന്തം സംരംഭം എന്ന സ്വപ്നമായിരുന്നു ഷെട്ടിയുടെ തലനിറയെ.

ADVERTISEMENT

പതുക്കെ ഷെട്ടി ഒരു കാര്യം മനസ്സിലാക്കി. വൈദ്യ സേവനം പൂർണമായി സർക്കാർ സൗജന്യമായി നൽകുന്ന അബുദാബിയിൽ ആശുപത്രികളിൽ തിരക്കൊഴിഞ്ഞ സമയമില്ല. പെട്ടെന്ന് ഷെട്ടിയുടെ തലയിൽ വാണിജ്യ ശാസ്ത്രത്തിലെ ആവശ്യ - ഉൽപാദന നിയമം മിന്നി. ഇവിടെ വിപണിക്കാവശ്യമായ ചരക്ക്‌ കൊടുക്കാൻ കഴിയുന്നില്ല. ഷെട്ടിയുടെ മനസ്സിൽ ലഡു പൊട്ടി.

പിന്നെ താമസിച്ചില്ല. നാട്ടിൽ പോയി ഒരു ഡോക്ടറെ ഭാര്യയാക്കി. തിരിച്ചുവന്ന് ഒരു രണ്ടു മുറി അപ്പാർട്മെന്റ് സംഘടിപ്പിച്ചു. അതിനു മുമ്പിൽ ഒരു ബോർഡും തൂക്കി. ന്യൂ മെഡിക്കൽ സെന്റർ (എൻഎംസി ). നാട്ടിൽനിന്നു ഭാര്യ ചന്ദ്രകുമാരിയെ ഷെട്ടി വരുത്തി. അങ്ങനെ 1975 -ൽ ഒരു മുറിയിൽ ഭാര്യയുടെ ക്ലിനിക്കും അടുത്ത മുറിയിൽ ഫർമസിയുമായി എൻഎംസി പ്രവർത്തനം തുടങ്ങി. ഇത് ഒരു വ്യവസായ സാമ്രാജ്യത്വത്തിന്റെയും അതിന്റെ ചക്രവർത്തിയുടേയും ഉദയമായിരുന്നു

ഗൾഫ് കടന്നുള്ള വളർച്ച

ബി. ആർ. ഷെട്ടി

കഠിനാദ്ധ്വാനവും ഭാഗ്യവും ഷെട്ടിയുടെ തലവര മാറ്റിമറിച്ചു. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് ഓടിക്കാൻ പോലും ഷെട്ടി തയ്യാറായി. കുറഞ്ഞ ചെലവിൽ ഗുണമേൻമയുള്ള ചികിത്സ അതായിരുന്നു കച്ചവട തന്ത്രം. സംഗതി ഏറ്റു. സകാര്യ ചികിത്സ എന്നാൽ എൻഎംസി എന്നായി അബുദാബിയിൽ. ആശുപത്രികളുടെ എണ്ണം കൂടി. അവയുടെ രൂപവും ഭാവവും മാറി. വളരെ പെട്ടെന്ന് യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്കു ഷെട്ടിയുടെ ആരോഗ്യ പരിപാലന സംരംഭം വളർന്നു. പിന്നെ അത് ഗൾഫ് മേഖലയാകെ പന്തലിച്ചു. എഴുപതുകളുടെ അവസാനമായപ്പോഴേക്കും ഷെട്ടിയുടെ പ്രത്യേക പരിചരണ ആശുപത്രികൾ ഇല്ലാത്ത ഒരു ഗൾഫ് നഗരവും ഇല്ലന്നായി. സംരംഭം വളർന്നതോടെ ഷെട്ടി അതിന്റെ പേര് ഒന്നു പരിഷ്കരിച്ചു, എൻഎംസി ഹെൽത്ത്കെയർ.

ഗൾഫ് വിപണിയിൽ മാത്രം കളി ഒതുക്കാൻ ഷെട്ടി തയ്യാറല്ലായിരുന്നു. മറ്റ് ഏഷ്യൻ രാജ്യങ്ങളിലേയും ആഫ്രിക്കൻ, യൂറോപ്യൻ, അമേരിക്കൻ വിപണികളിലും ഷെട്ടി കണ്ണുവെച്ചു. തന്റെ യാഗാശ്വത്തെ – എൻഎംസി ഹെൽത്ത്കെയർ – അദ്ദേഹം ഈ വിപണികളിലേക്ക് അഴിച്ചുവിട്ടു. അങ്ങനെ സ്പെയിൻ, ഇറ്റലി, കൊളംബിയ, ഡെൻമാർക്ക്‌, ബ്രസീൽ, ഈജിപ്ത്, യമൻ, ജോർദാൻ, സെയ്‌ഷെൽസ്, സ്വീഡൻ, യുഎസ്എ എന്നിവിടങ്ങളിൽ പുതിയ ആതുരാലയങ്ങൾ തുറന്നും പ്രവർത്തിച്ചിരുന്നവ ഏറ്റെടുത്തും ഷെട്ടി വ്യവസായ സാമ്രാജ്യത്തിന്റെ അതിരുകൾ അഞ്ച്‌ ഭൂഖണ്ഡങ്ങളിലേക്കു വ്യാപിപ്പിച്ചു.

ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിലേക്ക്

ഈ പതിറ്റാണ്ടിന്റെ രണ്ടാം പാദം ആയപ്പോഴേക്കും, ഷെട്ടിയുടെ എൻഎംസി ഹെൽത്ത്കെയർ, 79 രാജ്യങ്ങളിൽ നിന്നുള്ള 2000 ലധികം ഡോക്ടർമാരും 20,000 ലധികവും മറ്റു ആരോഗ്യപ്രവർത്തകരും ജോലിചെയ്യുന്ന, 19 രാജ്യങ്ങളിലായി 200 ലധികം ആശുപത്രികളുള്ള, വർഷം 85 ലക്ഷം പേർക്ക് സേവനം നൽകുന്ന, ഒന്നര ശതകോടി (1.5 ബില്യൺ) ഡോളർ വാർഷിക വിറ്റുവരവുള്ള, ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സംരംഭങ്ങളിൽ ഒന്നായി വളർന്നു. 

2012 -ൽ എൻഎംസി ഹെൽത്ത്കെയറിന്റെ ഓഹരികൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം (ലിസ്റ്റ് ചെയ്തു) ആരംഭിച്ചു. ആദ്യമായിട്ടായിരുന്നു ഗൾഫ് മേഖലയിൽനിന്നുള്ള ഒരു ആരോഗ്യ പരിപാലന സംരംഭത്തിന്റെ ഓഹരികൾ ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണിയിൽ ഒന്നായ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം തുടങ്ങുന്നത് . ഇങ്ങനെ വ്യാപാരം തുടങ്ങുന്നതിനായി പൊതുജനങ്ങൾക്കായി നീക്കിവച്ച (ഇനിഷ്യൽ പബ്ലിക് ഓഫർ) ഓഹരികൾ നിമിഷത്തിനകം വിറ്റുപോയി. ഇതിൽനിന്നു കമ്പനിയുടെ പണപ്പെട്ടിയിൽ എത്തിയത് 17 ദശലക്ഷം പൗണ്ട്. എൻഎംസി ഹെൽത്ത്കെയർ ഫിനാഷ്യൽ ടൈംസ് സ്റ്റോക്ക് എക്സ്ചേഞ്ച് - 100 സൂചികയിൽ സ്ഥാനം പിടിച്ചു. 

ഇന്ത്യയ്ക്കായി ബിആർ ലൈഫ്

ശിവഗിരി തീർഥാടനത്തിനിടെ ബി.ആർ.ഷെട്ടിയെ ആദരിക്കുന്നു. (ഫയൽ ചിത്രം)

ഇന്ത്യയിലെയും ചുറ്റുമുള്ള രാജ്യങ്ങളിലെയും ആരോഗ്യ പരിചരണ വിപണി പിടിക്കാനാണ് ഷെട്ടി ബിആർ ലൈഫ് എന്ന സംരംഭം തുടങ്ങിയത്. തിരുവന്തപുരത്തെ എസ്‌യുടി ആണ് ഇതിന്റെ ആദ്യത്തെ ആതുരാലയം. ബെംഗളൂരു എസ്എസ്എൻഎം സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, ഭുവനേശ്വറിലെ കലിംഗ ഹോസ്പിറ്റൽ, റായ്‌പൂരിലെ ശ്രീ നാരായണ ഹോസ്പിറ്റൽ, ഉഡുപ്പിയിലെ കൂസമ്മ ശംഭു ഷെട്ടി മെമ്മോറിയൽ ഹാജി അബ്ദുല്ല മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ (പിപിപി സംരംഭം ) എന്നിവയാണ് ഇപ്പോൾ ബിആർ ലൈഫിന് ഇന്ത്യയിലുള്ള പ്രമുഖ സംരംഭങ്ങൾ.

നേപ്പാളിലും ബിആർ ലൈഫിന് ആതുരാലയങ്ങളുണ്ട്. അഫ്‌ഗാനിസ്ഥാനിൽ രണ്ട് ആതുരാലയങ്ങൾ ഏറ്റെടുത്തു എന്നാണ് അവർ അവകാശപ്പെടുന്നത്. ശ്രീലങ്കയും ബംഗ്ളദേശും ബിആർ ലൈഫിനെ മോഹിപ്പിക്കുന്ന രണ്ടു നിക്ഷേപ ലക്ഷ്യങ്ങളാണ്.

2018 -ൽ വമ്പൻ വികസന, നിക്ഷേപ പദ്ധതികളാണ് ബിആർ ലൈഫ് പ്രഖ്യാപിച്ചത്. 2020തോടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതികളനുസരിച്ചു, 200 കോടി മുടക്കി അതിന്റെ ഇന്ത്യയിലെ ആതുരാലയങ്ങൾക്കു അത്യാധുനിക ഉപകരണങ്ങൾ വാങ്ങുക, പുതിയ ആതുരാലയങ്ങൾ നിർമ്മിച്ചും, നിലവിലുള്ളവ ഏറ്റെടുത്തും, കിടക്കളുടെ എണ്ണം ഇപ്പോഴുള്ള 1500 -ൽ നിന്ന് 3000 ആയി വർധിപ്പിക്കുക എന്നിവ ആയിരുന്നു പ്രധാന ലക്ഷ്യങ്ങൾ . അയൽ രാജ്യങ്ങളിൽ പുതിയ ആതുരാലങ്ങൾ പണിയുകയോ, ഏറ്റെടുക്കുകയോ ചെയ്യുക, തുടങ്ങിയവയായിരുന്നു മറ്റു പ്രഖ്യാപനങ്ങൾ. 

സ്വന്തമായി മരുന്നുശാലയും

ബി.ആർ. ഷെട്ടി

തന്റെ ആതുരാലയ ശൃംഖലകൾക്ക് മരുന്നുകൾ വിതരണം ചെയ്യാൻ 2003 -‌ൽ ഒരു മരുന്നുശാലതന്നെ സ്ഥാപിച്ചു ഷെട്ടി. എൻഎംസി ഹെൽത്ത്കെയറിന്റെ നിയന്ത്രണത്തിലുള്ള നിയോഫാർമ, ലോകത്തിലെ വമ്പൻ മരുന്ന് നിർമ്മാതാക്കളുമായി സഹകരിച്ചു വൻതോതിൽ ജീവൻരക്ഷാ മരുന്നുകൾ നിർമിക്കുന്നു.

നിയോഫാർമ തുടങ്ങാൻ വായ്പ കൊടുക്കാൻ ഒരു ധനകാര്യ സ്ഥാപനവും മുന്നോട്ടു വന്നില്ല. ഷെട്ടി പല വാതിലുകളും മുട്ടി. ഒന്നും തുറന്നില്ല. പിന്നെ എന്ത് സംഭവിച്ചു. അതിനെ കുറിച്ച് ഷെട്ടി ഒരു അഭിമുഖത്തിൽ:

‘‘കമ്പനി തുടങ്ങാൻ എനിക്ക് വായ്‌പ തരാൻ ഒരു ബാങ്കും ഒരുക്കമല്ലായിരുന്നു. എന്റെ ഒരു പഴയ സുഹൃത്തുണ്ട് പി.എ. ഷേണായ്. അദ്ദേഹം ബാങ്ക് ഓഫ് ബറോഡയിലെ ഒരു ഓഫിസറായിരുന്നു. അദ്ദേഹം ബാങ്കിന്റെ ഒരു ഉന്നതനെ വിളിച്ചു. എന്റെ അപേക്ഷ അപ്പോൾതന്നെ തീർപ്പാക്കി. എനിക്ക് ആവശ്യമുണ്ടായിരുന്ന എട്ടു ദശലക്ഷം ദിർഹം രണ്ടാഴ്ചയ്ക്കകം ബാങ്ക് ഓഫ് ബറോഡ തന്നു ."

ഇങ്ങനെ കൊടുക്കുന്ന വായ്പകൾക്കു ‘‘മുഖംനോക്കി വായ്‌പകൾ’’ (നെയിം ലെൻഡിങ്) എന്നാണ് ബാങ്കുകാർ വിളിക്കുന്നത്. ഇതിന് വായ്‌പ ആവശ്യപ്പെടുന്നവരുടെ പദവിയും പത്രാസും ആണ് നോക്കുന്നത്. മറ്റൊന്നും നോക്കുന്നതേയില്ല . ഈ വായ്‌പകൾ തിരിച്ചുകിട്ടിയാൽ കിട്ടിയെന്നു പറയാം. ഇപ്പോൾ വാർത്തകളിൽ നിറയുന്ന പല വായ്പകളും മുഖംനോക്കി വായ്പകളാണ്. 

പി.എ. ഷേണായ് പിന്നീട് ബാങ്ക് ഓഫ് ബറോഡയുടെ മാനേജിങ് ഡയറക്ടറും ഇന്ത്യൻ ബാങ്കേഴ്സ് അസ്സോസിയേഷൻ ചെയർമാനുമായി . ഷെട്ടിയുടെ ആ പഴയ സുഹൃത്ത് ഇപ്പോൾ ഐഡിബിഐ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായിരിക്കുമ്പോൾ നടത്തിയ 600 കോടിയുടെ തട്ടിപ്പിൽ സിബിഐ അന്വേഷണം നേരിടുന്നു.

നിയോഫാർമ യാഥാർഥ്യമാക്കാൻ ചിലവാക്കിയ 25 ദശലക്ഷം (മില്യൺ) ഡോളറിന്റെ 40 ശതമാനം വായ്പയിലൂടെയാണ് കണ്ടെത്തിയത്. ഈ വായ്പയുടെ അണ്ടർറൈറ്റർ ആണ് ബാങ്ക് ഓഫ് ബറോഡ. അതായത്, വായ്‌പ്പാ തിരിച്ചടവിൽ എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാൽ അതിന്റെ ബാധ്യത വഹിക്കേണ്ടി വരുക ബാങ്ക് ഓഫ് ബറോഡയാണ്. 

യുഎഇ എക്സ്ചേഞ്ചിന്റെ തുടക്കം

ബി.ആർ.ഷെട്ടി കോടിയേരി ബാലകൃഷ്ണനും സി.മൊയിൻകുട്ടിക്കുമൊപ്പം (ഫയൽ ചിത്രം)

എൻഎംസി ഹെൽത്ത്കെയർ ഉയരങ്ങളിലേക്കു കുതിക്കുമ്പോഴും, പുതിയ മേഖലകളിൽ പ്രവേശിക്കാനുള്ള വെമ്പലിലായിരുന്നു ഷെട്ടി. ആ അന്വേഷണത്തിൽ അദ്ദേഹം ഒരു കാര്യം കണ്ടെത്തി. ഗൾഫിലുള്ള ലക്ഷക്കണക്കിന് പ്രവാസികൾ വീട്ടിലേക്കു പണം അയയ്ക്കുന്നത് ബാങ്കുകളിലൂടെയാണ്. അത് അവരുടെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകളിൽ സമയത്തും കാലത്തും എത്തുന്നില്ല. നാട്ടിൽ സമയത്ത് പണമെത്താത്തതിനാൽ ഉറ്റവരുടേയും ഉടയവരുടെയും പരാതിയും പരിഭവവും. ഇതുമൂലം ഇഴഞ്ഞു നീങ്ങുകയോ നടക്കാതെ പോവുകയോ ചെയ്യുന്ന അവരുടെ നാട്ടിലെ സ്വപ്‍ന പദ്ധതികൾ. അകത്തെ ചൂടിലും പുറത്തെ ചൂടിലും പ്രവാസികൾ വേവുന്നു.

ഈ താമസത്തിന്റെ കാരണവും ഷെട്ടി കണ്ടെത്തി. ബാങ്കുകൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നില്ല. അതോടെ നാണയ, വിനിമയ, കൈമാറ്റ സംരംഭത്തിൽ പ്രവേശിക്കാൻ ഷെട്ടി തീരുമാനിച്ചു. ഇന്ത്യൻ ബാങ്കുകളുമായി ചർച്ചകൾ നടത്തി, അവരിൽ പലരേയും കൂടെകൂട്ടി.

അങ്ങനെ എൻഎംസി ഹെൽത്ത്കെയർ തുടങ്ങി അഞ്ചു വർഷം കഴിഞ്ഞു 1980 - ൽ ഷെട്ടി യുഎഇ എക്സ്ചേഞ്ച് തുടങ്ങികൊണ്ട് നാണയ, വിനിമയ, കൈമാറ്റ സംരംഭത്തിൽ പ്രവേശിച്ചു. നാണയ കൈമാറ്റത്തിന് അന്നുണ്ടായിരുന്നതിൽവച്ച് ഏറ്റവും ആധുനികമായ സ്വിഫ്റ്റ് സാങ്കേതിക വിദ്യയുമായിട്ടായിരുന്നു ഷെട്ടിയുടെ രംഗപ്രവേശം

ഷെട്ടി പോലും ഞെട്ടിപ്പോയ വിജയമായിരുന്നു യുഎഇ എക്സ്ചേഞ്ച്. ചെറിയ ഒരു കാലം കൊണ്ട് ഗൾഫ് രാജ്യങ്ങളിലെല്ലാം ശാഖകൾ തുറന്നു. സേവനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. നാണയ , വിനിമയ, കൈമാറ്റ സേവനങ്ങൾക്ക് പുറമെ മറ്റു അനുബന്ധ സേവനങ്ങളും ആരംഭിച്ചു. ഇതെല്ലാം, ഉപയോക്താക്കൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

2018 ആയപ്പോഴേക്കും, യുഎഇ എക്സ്ചേഞ്ച് അഞ്ചു ഭൂഖണ്ഡങ്ങളിലെ 35 രാജ്യങ്ങളിൽ 800 - ലധികം ശാഖകളുള്ള, വർഷം ഒന്നര കോടി ഉപയോക്താക്കൾക്ക് സേവനം നൽകുന്ന 70 ശതകോടി (ബില്യൺ) ഡോളർ വിറ്റുവരവുള്ള, 40 രാജ്യങ്ങളിൽ നിന്നുള്ള 10000 ത്തിലധികം ജീവനക്കാരുള്ള വമ്പൻ സ്ഥാപനമായി. ഗൾഫിൽനിന്നുള്ള നാണയ കൈമാറ്റ വിപണിയുടെ മൂന്നിലൊന്നും യുഎഇ എക്സ്ചേഞ്ചിന്റെ കയ്യിലായി.

‘ഫിനാബ്ലർ’ എന്ന വലുപ്പം

യുഎഇ എക്സ്‌ചേഞ്ചിന്റെ അസാധാരണ വിജയം ഈ മേഖലയിൽ കൂടുതൽ സംരംഭങ്ങൾ തുടങ്ങാൻ ഷെട്ടിക്ക് പ്രേരണയായി. അങ്ങനെ 2014 - ൽ യു കെയിലെ നാണയ വിനിമയ വിപണിയിലെ വമ്പനായ ട്രാവലക്സ് ഒരു ശത കോടി പൗണ്ടിന് ഷെട്ടി സ്വന്തമാക്കി. ഗൾഫിനു പുറത്തുള്ള, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ റജിസ്റ്റർ ചെയ്ത യുഎഇ എക്സ്ചേഞ്ചിന്റെ ഉപസ്ഥാപനങ്ങൾ യൂണിമണി എന്ന സംരംഭത്തിനു കീഴിലാക്കി. 

ഉടനടി നാണയ വിനിമയം സാധ്യമാക്കുന്ന എക്സ്പ്രസ്സ് മണി, യുഎസ്‌എ, യുകെ, ഓസ്ട്രേലിയ, കാനഡ, അയർലണ്ട് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കാനായി റെമിറ്റ് 2 ഇന്ത്യ, ഡിജിറ്റൽ വാലറ്റായ ബയാൻ പേ, മൊബൈൽ ഗിഫ്റ്റ് കാർഡായ സ്വിച് എന്നീ സംരംഭങ്ങൾ സ്ഥാപിച്ചു. അങ്ങനെ ഷെട്ടി നാണയ , വിനിമയ, കൈമാറ്റ വിപണിയിൽ വലിയൊരു സാമ്രാജ്യം വെട്ടിപിടിച്ചു.

2018 -ൽ ഷെട്ടി യുകെ ആസ്ഥാനമാക്കി ഫിനാബ്ലർ എന്നൊരു സംരംഭം ആരംഭിച്ച് തന്റെ നാണയ, വിനിമയ, കൈമാറ്റ സ്ഥാപനങ്ങളെല്ലാം അതിന്റെ കീഴിൽ കൊണ്ടുവന്നു. ഇതോടെ ഫിനാബ്ലർ ഏത് നാണയ, വിനിമയ, കൈമാറ്റ സേവനങ്ങളും നൽകാൻ കഴിവുള്ള സ്ഥാപനമായി.

അതേ വർഷം, ഫിനാബ്ലർ, 115 ശത കോടി ഡോളറിന്റെ 150 ശത കോടി ഇടപാടുകളാണ് നടത്തിയത്. രണ്ടര കോടി വ്യക്തികൾക്കും 1500 കോർപ്പറേറ്റുകൾക്കുമാണ് ഈ കാലയളവിൽ സേവനം നൽകിയത്. 170 രാജ്യങ്ങളിൽ ഫിനാബ്ലറിന്റെ സേവനം ലഭ്യമാക്കി . ലോക ബാങ്കിന്റെ കണക്കനുസരിച്ച്, പ്രവാസികൾ ഇന്ത്യയിലേക്കയയ്ക്കുന്ന പണത്തിന്റെ 20 ശതമാനവും രാജ്യത്ത് എത്തുന്നത് ഫിനാബ്ലറിലൂടെയാണ്. ഫിനാബ്ലർ 2019 മേയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു

ഫോബ്സ് പട്ടികയിലേക്ക്...

ബി.ആർ.ഷെട്ടി

അങ്ങനെ, 500 രൂപയും കീശയിലിട്ട് എഴുപതുകളിൽ അബുദാബിയിലെത്തിയ ഷെട്ടി എൺപതുകളായപ്പോഴേക്കും ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും മിന്നുന്ന വ്യവസായികളിൽ ഒരാളായി. ശത കോടീശ്വരനായി . ആരോഗ്യ പരിപാലനം, നാണയ , വിനിമയ, കൈമാറ്റം, മരുന്ന് നിർമാണം, അതിഥി പരിപാലനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പരന്നു കിടന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം . 2018 -ൽ ഷെട്ടിയുടെ ആസ്തിമൂല്യം 4.2 ശത കോടിയായിരുന്നു എന്നാണ് ഫോബ്സ് മാഗസിൻ പറയുന്നത്. അവരുടെ ആ വർഷത്തെ ഇന്ത്യയിലെ ശത കോടീശ്വരന്മാരുടെ പട്ടികയിൽ ഷെട്ടിയുടെ സ്ഥാനം 42 ആയിരുന്നു . അതിനു മുമ്പത്തെ വർഷങ്ങളിലെ ഫോബ്സ് പട്ടികയിലും ഷെട്ടി സ്ഥാനം പിടിച്ചിരുന്നു.

സ്വന്തം ജെറ്റിൽ രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പറന്നു നടക്കുന്ന. ലോകത്തെ ഏറ്റവും വലിയ അംബരചുംബിയായ ബുർജ് ഖലീഫയിൽ രണ്ട് നിലകൾ സ്വന്തമായുള്ള, ബിൽ ഗേറ്റ്സ്മായി അടുത്ത ചങ്ങാത്തമുള്ള, ഷെട്ടി ആരെയും മോഹിപ്പിക്കുന്ന ഉയരങ്ങളിലായിരുന്നു.

ഇങ്ങ് ഇന്ത്യയിൽ, ജീവിതത്തിന്റെ മറ്റു മേഖലകളിലും അദ്ദേത്തിന്റെ ശ്രദ്ധ ചെന്നിരുന്നു. പല ചലച്ചിത്രങ്ങളും സാക്ഷാത്കരിക്കാൻ കഴിഞ്ഞത് ഷെട്ടിയുടെ ഇടപെടലുകൾകൊണ്ടാണ്. 1000 കോടി മുടക്കി എംടി യുടെ രണ്ടാമൂഴത്തിന്റെ അഭ്രപാളികളിലേക്കുള്ള മൊഴിമാറ്റം അദ്ദേഹത്തിന്റെ നടക്കാതെപോയ സ്വപ്നമാണ്. ജന്മനാടായ ഉഡുപ്പിയെ കുറിച്ചും ഷെട്ടിക്ക് വളരെയധികം സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു.

രാജ്യം പത്മശ്രീ നൽകിയും, പ്രവാസി ഭാരതീയ സമ്മാൻ നൽകിയും ഷെട്ടിയെ ആദരിച്ചു. അബുദാബി അവരുടെ ഏറ്റവും വലിയ ആദരവായ അബുദാബി അവാർഡ് നൽകിയും.

എല്ലാം തകർത്ത ഒരു പ്രവചനം

ജ്വലിച്ചു നിന്ന ഷെട്ടിയുടെ സാമ്രാജ്യത്തിനു മുകളിൽ കോർപ്പറേറ്റ് ലോകം ഭീതിയോടെ കാണുന്ന ഷോർട് സെല്ലെർ കാഴ്സൺ ബ്ലോക്കിന്റെ ഒരു പ്രവചനം പെട്ടെന്നാണ് കാർമേഘമായി ഉരുണ്ടുകൂടിയത്. അത് മേഘവിസ്ഫോടനമായി പെയ്തിറങ്ങി, അതിൽ ഷെട്ടിയുടെ സാമ്രാജ്യം മുങ്ങിത്താണു.

ഓഹരി വിപണി അരച്ചുകലക്കി കുടിച്ചിട്ടുള്ള ഷോർട് സെല്ലറുമാർ വിപണി അതിസൂക്ഷ്മമായി നിരീക്ഷിക്കും, പ്രത്യേകിച്ച് പോകാവുന്ന വിലയിലും മുകളിലോട്ടു പോകുന്ന ഓഹരികൾ. അതിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ കമ്പനിയുടെ ഓഹരി ഉണ്ടെങ്കിൽ, അവരുടെ കയ്യിൽ ഇല്ലാത്ത ആ കമ്പനിയുടെ ഓഹരികൾ ഭാവിയിലെ ഒരു തീയതിയിൽ നൽകാമെന്ന് പറഞ്ഞു വിൽക്കുന്നു. അതിനു ശേഷം ഇവർ ആ കമ്പനിയുടെ തട്ടിപ്പ്‌ പുറത്തുവിടുന്നു. അതോടെ ആ കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിയും.

ഇങ്ങനെ വില കുറയുമ്പോൾ ഇവർ ഓഹരി മേടിച്ചു നേരത്തെ ഇല്ലാത്ത ഓഹരി വിറ്റ നിക്ഷേപകന് നൽകുന്നു. വളരെ അധികം ഉയർന്നു നിൽക്കുന്ന വില ഇടിക്കാനും ഷോർട് സെല്ലിങ് നടത്താറുണ്ട്. അങ്ങനെയുള്ള

അവസരങ്ങളിൽ വില കൂടിനിൽക്കുന്ന ഓഹരി ലക്ഷക്കണക്കിന് കടം മേടിക്കും. ഇത് ഒറ്റ ദിവസം കൊണ്ടോ അല്ലങ്കിൽ അടുത്തടുത്ത ദിവസങ്ങളിലോ വിൽക്കും. അതോടെ ആ ഓഹരിയുടെ വില കുത്തനെ ഇടിയും. അപ്പോൾ ഷോർട് സെല്ലറുമാർ ആ ഓഹരി മേടിച്ച് അവർ കടം വാങ്ങിയവർക്ക് നൽകും.

2019 ഡിസംബർ 17 നു ബ്ലോക്കിന്റെ ഷോർട് സെല്ലിങ് സംരംഭമായ മഡ്‌ഡി വാട്ടേഴ്സ് ക്യാപിറ്റൽ (പേരുപോലെ ശരിക്കും കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ് ഇവരുടെ പരിപാടി) എൻഎംസി ഹെൽത്ത്കെയർ അതിന്റെ കടം കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും നീക്കിയിരുപ്പ് പെരുപ്പിച്ചു കാണിച്ചിരിക്കുകയാണെന്നും വാങ്ങിയ ആസ്തികളുടെ വില കൂട്ടി കാണിച്ചിരിക്കുകയാണെന്നും ആരോപിച്ചു.

എൻഎംസി ഇത് നിഷേധിച്ചെങ്കിലും, മഡ്‌ഡി വാട്ടർ പറഞ്ഞാൽ പറഞ്ഞതാണെന്ന് നിക്ഷേപർക്ക് അറിയാവുന്നതു കൊണ്ട് എൻഎംസിയുടേയും ഫിനാബ്ലറിന്റെയും ഓഹരികൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തലകുത്തി വീണു. ആദ്യ ദിവസങ്ങളിൽ തന്നെ എൻഎംസി ഹെൽത്ത്കെയറിന്റെ മാത്രം വിപണി മൂല്യം 48 ശതമാനം കുറഞ്ഞു 3.7 ശത കോടി ഡോളറായി. ഇതിൽനിന്ന് മാത്രം ഷെട്ടി കുടുംബത്തിനുണ്ടായ നഷ്ടം 1.5 ശതകോടി ഡോളറാണ്. ഫിനാബ്ലർ ഓഹരി വില 44 ശതമാനമാണ് ഇടിഞ്ഞത്. ഷെട്ടിയെ കൂടുതൽ കയ്പ്പുനീർ കുടിപ്പിച്ച് സൈബർ ആക്രമണംമൂലം ട്രാവെൽക്സിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടതായും വന്നു.

ബി.ആർ.ഷെട്ടി

ഓഹരി വിപണിയിലെ തുടർച്ചയായ തകർച്ചയും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുടെയും ബാങ്കുകളുടെയും മറ്റു വായ്‌പ്പാദായകരുടെയും സമ്മർദവും കൊണ്ട് ഷെട്ടിക്ക് സത്യം പറയേണ്ടി വന്നു. എൻഎംസി ഹെൽത്ത്കെയറിന്റെ 2.7 ശതകോടി ഡോളറിന്റെ വായ്പ ബാലൻസ്‌ഷീറ്റിൽ കാണിക്കുകയോ അത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി അവസാനം വെളിപ്പെടുത്തി. ഫിനാബ്ലർ അവരുടെ കടം നേരത്തെ പറഞ്ഞ 333.1 ദശ ലക്ഷം ഡോളർ അല്ലെന്നും അത് യാഥാർത്ഥത്തിൽ 1.3 ശതകോടി ഡോളറാണെന്നു സമ്മതിക്കേണ്ടി വന്നു.

ഇതോടെ ഷെട്ടിയുടെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. ഷെട്ടി എൻഎംസി ഹെൽത്ത്കെയറിന്റെയും, ഫിനാബ്ലറിന്റെയും ബോർഡുകളിൽനിന്ന് രാജി വച്ചു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് രണ്ട്‌ കമ്പനികളെയും കരിമ്പട്ടികയിൽ പെടുത്തി. രണ്ട്‌ ഓഹരികളുടെയും വ്യാപാരം നിർത്തിവച്ചു. ഫിനാബ്ലറിന്റെ സിഇഒ പ്രമോദ് മങ്കാട്ടും അദ്ദേഹത്തിന്റെ സഹോദരനും എൻഎംസി ഹെൽത്ത്കെയറിന്റെ സിഇഒ ആയ പ്രശാന്ത് മങ്കാട്ടും രാജിവച്ചു.

ഒരു ഡോളറിനും കമ്പനി ഏറ്റെടുക്കൽ!

ഷെട്ടിക്കും അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾക്കും എതിരെ വിശ്വാസവഞ്ചനയ്ക്കും തട്ടിപ്പിനും ക്രിമിനൽ കേസ്സുകൾ കുന്നുകുടി . അതോടെ ഷെട്ടി ഇന്ത്യയിലേക്ക് കടന്നു. കടന്നതല്ല അസുഖബാധിതനായ സഹോദരനെ കാണാൻ പോയതാണെന്നാണ് ഷെട്ടിയുടെ ഓഫിസ് പറയുന്നത്. ആ സഹോദരൻ പിന്നീട് മരിച്ചു. പ്രവർത്തനം താളംതെറ്റിയ യുഎഇ എക്സ്ചേഞ്ചിന്റെ ഭരണം അബുദാബി സെൻട്രൽ ബാങ്ക് ഏറ്റെടുത്തു. എൻഎംസി ഹെൽത്ത്കെയർ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായി.

അവസാനം ഷെട്ടിയുടെ പണം കായ്‌ക്കുന്ന ഫിനാബ്ലർ, അതിന്റെ യുഎഇ ഇ എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള ഉപസംരംഭങ്ങളും ബാധ്യതകളും അടക്കം പ്രിസം അഡ്വാൻസ് സൊല്യൂഷൻസ് എന്ന ആരും കേട്ടിട്ടില്ലാത്ത ഒരു സംരംഭം ഒരു ഡോളർ നൽകി ഏറ്റെടുത്തു.

ഇപ്പോൾ ഷെട്ടിയുടെ ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. എൻഎംസി ഹെൽത്ത്കെയറും ഫിനാബ്ലറും കൂടി ഗൾഫിലും വിദേശത്തുമുള്ള ബാങ്കുകൾക്ക് 6.6 ശതകോടി ഡോളറാണ് കൊടുക്കാനുള്ളതെന്നാണ് ബ്ലൂംബെർഗ് പറയുന്നത്. ഗൾഫ് വിപണി നിരീക്ഷകർ പറയുന്നത് ലോകത്തിലെ 200 ലധികം ബാങ്കുകൾ നേരിട്ടോ അല്ലാതെയോ ഈ ഇടപാടുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഇന്ത്യയിൽനിന്ന് ഇതുവരെ വന്നിരിക്കുന്ന പേര് ബാങ്ക് ഓഫ് ബറോഡയുടേതാണ്. ഏതാണ്ട് 2,000 കോടിക്കടുത്താണ് ബാങ്കിന് ഷെട്ടിയുമായിട്ടുള്ള ഇടപാട്. സംഗതി ഇപ്പോൾ കോടതിയിലാണ്.

പുതിയ ആസ്തികൾ വാങ്ങിക്കാൻ പണം കണ്ടെത്താൻ ഷെട്ടിയും കുടുംബവും അവരുടെ കയ്യിലുള്ള എൻഎംസിയുടേയും ഫിനാബ്ലറിൻെറയും ഓഹരികൾ പണയം വച്ച് വായ്പ സംഘടിപ്പിക്കും. വായ്‌പ തിരിച്ചടവ് മുടങ്ങുമ്പോൾ ബാങ്കുകൾ ഈ ഓഹരികൾ വിറ്റ് അവരുടെ പണം വസൂലാക്കും. അതിനാൽ ഷെട്ടിയുടെയും, കുടുംബത്തിന്റെയും, അവരുടെ കമ്പനികളുടെയും പക്കൽ രേഖകളിൽ കാണുന്ന അത്ര എണ്ണം ഓഹരികൾ ഇപ്പോൾ കാണാൻ സാധ്യതയില്ല എന്നാണ് വിപണി ഗവേഷകർ പറയുന്നത് . 

ഷെട്ടിയുടെ ഇന്ത്യയിലെ സംരംഭങ്ങളെയും ഇത് കാര്യമായി ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രിസം ഗ്രൂപ്പിന്റെ തീരുമാനം അനുസരിച്ചായിരിക്കും യുണീമണിയുടെ ഇന്ത്യയിലെ പ്രവർത്തനം.

മകന്റെ സംരംഭവും പരുങ്ങലിൽ

ബി.ആർ∙ഷെട്ടി ശിവഗിരി തീർഥാടന വേദിയിൽ. എം.എ.യൂസഫലി സമീപം. (ഫയൽ ചിത്രം)

ബിആർ ലൈഫ് ഷെട്ടിയുടെ നിക്ഷേപക സംരംഭമായ ബിആർഎസ് വെഞ്ചേഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഷെട്ടിയുടെ മകൻ ബിനായ് ഷെട്ടി വൈസ് ചെയർമാനും സിഇഒ യുമായ ബിആർഎസ് വെഞ്ചേഴ്സിന്റെ സാമ്പത്തിക നിലയും പരുങ്ങലിലാണ്. ഷെട്ടിയുടെയും, കുടുംബത്തിന്റെയും എൻഎംസി യിലും ഫിനബിളാറിലും ഉള്ള നിക്ഷേപം ബിആർഎസ് വെഞ്ചേഴ്സിലൂടെയാണ്. ഈ രണ്ട്‌ കമ്പനികളുടെയും അവസ്ഥ ബിആർഎസ് വെഞ്ചേഴ്സിനെ കൂടതൽ കുഴപ്പത്തിലേക്ക് തള്ളി വിടും.

ബിആർ ലൈഫിന്റെ ബെംഗളൂരു ആശുപത്രിയിൽനിന്ന് പിരിച്ചുവിടലിന്റെയും, ശമ്പളനിഷേധത്തിന്റെയും വാർത്തകൾ വന്നു കഴിഞ്ഞു. എസ്‌യുടിയിൽ നിന്നും, മറ്റ്‌ മൂന്ന് ആശുപത്രികളിൽ നിന്നും ഇതുവരെ അങ്ങനെയുള്ള അസുഖകരമായ വാർത്തകൾ വന്നിട്ടില്ല.

വ്യവസായ ലോകത്ത്‌ പുതിയ രാജ്യങ്ങൾ വെട്ടിപിടിക്കുന്നതിനായി തീർത്ത ചക്രവ്യൂഹത്തിൽ പെട്ടുപോയ വ്യക്തിയാണ് ഷെട്ടി. സ്വയം തീർത്ത ഈചക്രവ്യൂഹത്തിൽനിന്ന് ഷെട്ടിക്ക് രക്ഷപെടാൻ കഴിയുമോ? കേസുകളുടെ ബാഹുല്യവും സങ്കീർണതയും കേസുകൾക്ക് ആധാരമായ പണത്തിന്റെ വലിപ്പവും നോക്കുമ്പോൾ, സഹാറ മരുഭൂമിയിൽ ഹിമകരടിയെ കാണാനുള്ള സാധ്യത പോലെ എന്ന് പറയേണ്ടി വരും. 

ഇപ്പോൾ, 78 കാരനായ ഷെട്ടി ബെംഗളുരുവിലുള്ള സഹോദരന്റെ വീട്ടിലിരുന്ന് നീണ്ടു നിൽക്കുന്ന നിയമയുദ്ധത്തിന് പടയൊരുക്കം നടത്തുകയാണ്. മധ്യാഹ്നത്തിൽ അസ്തമിച്ച സൂര്യൻ എന്നായിരിക്കാം ഒരു പക്ഷെ ചരിത്രം ഷെട്ടിയെ രേഖപ്പെടുത്തുക.

(പ്രമുഖ ഇംഗ്ലിഷ് പത്രങ്ങളിൽ ഫിനാൻഷ്യൽ ജേണലിസ്റ്റായിരുന്നു ലേഖകൻ)

English Summary: BR Shetty, profile of a man and his business