ബിജെപിയുടെ, കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഒ.രാജഗോപാൽ എംഎൽഎ. ആറു പതിറ്റാണ്ടോളമായി കേരളത്തിലെ സംഘപരിവാറിന്റെ പൊതുരംഗത്തെ...O Rajagopal, BJP MLA, political interview, nemom constituency, kerala politics, Manorama Online

ബിജെപിയുടെ, കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഒ.രാജഗോപാൽ എംഎൽഎ. ആറു പതിറ്റാണ്ടോളമായി കേരളത്തിലെ സംഘപരിവാറിന്റെ പൊതുരംഗത്തെ...O Rajagopal, BJP MLA, political interview, nemom constituency, kerala politics, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപിയുടെ, കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഒ.രാജഗോപാൽ എംഎൽഎ. ആറു പതിറ്റാണ്ടോളമായി കേരളത്തിലെ സംഘപരിവാറിന്റെ പൊതുരംഗത്തെ...O Rajagopal, BJP MLA, political interview, nemom constituency, kerala politics, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപിയുടെ, കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഒ.രാജഗോപാൽ എംഎൽഎ. ആറു പതിറ്റാണ്ടോളമായി കേരളത്തിലെ സംഘപരിവാറിന്റെ പൊതുരംഗത്തെ മുഖം തന്നെയായി രാജഗോപാൽ തുടരുന്നു. ബിജെപിക്കായി കേരളത്തിൽ അക്കൗണ്ട് തുറന്ന ജനപ്രതിനിധി എന്ന ഖ്യാതിയും രാജഗോപാലിനാണ്. നവതി പിന്നീട്ടുവെങ്കിലും നേമത്ത് താമര വിരിയിച്ചു ചരിത്രം കുറിച്ച രാജഗോപാലിനെ തന്നെ വീണ്ടും ആശ്രയിക്കാൻ ഈ തിരഞ്ഞെടുപ്പിലും ബിജെപി നിർബന്ധിതമാകുമോ? വീണ്ടും അദ്ദേഹം മത്സരത്തിന് ഇറങ്ങുമോ? അതടക്കമുള്ള കാര്യങ്ങളിൽ ‘മലയാള മനോരമ’സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ ഒ.രാജഗോപാൽ മനസ്സ് തുറക്കുന്നു.

∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കു പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല എന്നാണു പൊതുവേ ഉള്ള  വിലയിരുത്തൽ. അതല്ല, ബിജെപി മുന്നോട്ടു വന്നു എന്ന വാദിക്കുന്നവരും ഉണ്ട്. താങ്കളുടെ വിലയിരുത്തൽ?

ADVERTISEMENT

മുന്നോട്ടു വരാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആഗ്രഹിച്ച രീതിയിൽ ഉണ്ടായിട്ടില്ല. ബിജെപി വളർന്നു വരുന്നു എന്ന ധാരണ പൊതുവേ പരന്നു കഴിഞ്ഞു. അത് ആപത്താണ് എന്ന ചിന്താഗതി ഉയർത്തി അതു നിയന്ത്രിക്കാൻ യുഡിഎഫും എൽഡിഎഫും പരസ്പര ധാരണ ഉണ്ടാക്കുന്നു. ഞങ്ങൾ ജയിക്കാൻ ഇടയുള്ള വാർഡുകളിൽ അവർ  ഒരുമിച്ചായി ഞങ്ങളെ രണ്ടോ മൂന്നോ സ്ഥാനങ്ങളിലേക്കു പുറന്തള്ളും. പ്രതീക്ഷയും യാഥാർഥ്യവും തമ്മിലെ  അന്തരത്തിന്റെ  പ്രധാന കാരണം ഇതാണ്.

ഒ.രാജഗോപാൽ (ഫയൽ ചിത്രം)

∙ ബിജെപിയുടെ വളർച്ച കേരളത്തിലെ ചില കേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോകുന്നുണ്ടോ?

മഞ്ചേശ്വരം മുതൽ പാറശാല വരെ ഞങ്ങളുടെ നല്ല സാന്നിധ്യമുണ്ടല്ലോ.പക്ഷേ എല്ലാ സ്ഥലത്തും ഒരേ പോലെ ഉള്ള വളർച്ചയില്ല. ഗ്രാമപ്രദേശങ്ങളിൽ നല്ല വ്യത്യാസം ഉണ്ടാകുന്നുണ്ട്.പന്തളം മുനിസിപ്പാലിറ്റി ജയിച്ചില്ലേ. മുൻപുള്ള പ്രതീക്ഷയിൽ പെട്ട സ്ഥലമായിരുന്നില്ല പന്തളം. 

∙ തിരുവനന്തപുരം കോർപറേഷൻ നേടുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു. എന്തുകൊണ്ടാണ് പാളിപ്പോയത്? 

ADVERTISEMENT

അതെ. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരമത്യം ചെയ്താൽ വളരെ ചെറിയ പുരോഗതിയെ ഉണ്ടാക്കാനായുള്ളൂ. ഞങ്ങളെ തടയാനുള്ള മുന്നണികളുടെ വ്യഗ്രത അവിടെയും പ്രകടമായി.

ഒ.രാജഗോപാൽ (ഫയൽ ചിത്രം)

∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ബിജെപിക്കായി അക്കൗണ്ട് തുറന്ന കേരളത്തിലെ എംഎൽഎ, ഏറ്റവും സീനിയറായ നേതാവ് എന്നീ നിലകളിൽ  ഇവിടെ കൂടുതൽ വിജയങ്ങൾ നേടാൻ വേണ്ട വഴി എന്താണ്? 

നല്ല സ്ഥാനാർഥികളെ നിശ്ചയിക്കുക, മികച്ച തന്ത്രം മെനയുക. ഇതാണു വിജയത്തിനുള്ള വഴി. ചില സ്ഥലങ്ങളിൽ  സഹായിക്കാൻ തയാറുള്ളവർ ഉണ്ടാകും. അവർക്കു ചില കാര്യങ്ങൾ അതിനു പകരം അങ്ങോട്ട് കൊടുക്കേണ്ടി വരും. അത്തരം ചില പരസ്പര ധാരണകൾ രൂപപ്പെടുത്താൻ സാധിക്കണം. നേമത്തു തന്നെ കോർപറേഷന്റെ ഭാഗമായി ബിജെപിക്ക് നല്ല സ്വാധീനമുള്ള ഭാഗങ്ങളിൽ കഴിഞ്ഞ തവണ പാർട്ടി മുന്നിട്ടിറങ്ങി. ബാക്കിയുള്ളയിടത്ത് അതുപോലെ ചെയ്തിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി. അങ്ങനെ സൂക്ഷ്മമായി ചിന്തിച്ചു പ്രവർത്തിക്കണം.

∙ ന്യൂനപക്ഷ പിന്തുണ ലഭിക്കാനുള്ള വഴിയാണോ താങ്കൾ ഉദ്ദേശിക്കുന്നത്?

ADVERTISEMENT

അതു മാത്രമല്ല. ക്രിസ്ത്യൻ വിഭാഗങ്ങളിൽ ചില ‘പോസിറ്റീവ്’ ആയ അനുരണനങ്ങൾ ഉണ്ടായിട്ടുണ്ട്. ബിജെപിയെ പഴയതുപോലെ അകറ്റി നിർത്തേണ്ടവരായി അവർ കാണുന്നില്ല. സഹിഷ്ണുത കുറേയൊക്കെ ഇപ്പോൾ അവർക്ക് ഞങ്ങളോടുണ്ട്. അതുകൊണ്ട് ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളെ ഒരു പോലെ കാണാൻ കഴിയില്ല. മുസ്‌ലിംകളിൽ നിന്ന് ഞങ്ങൾക്ക് ഒരു അബ്ദുല്ലക്കുട്ടിയല്ലേ ഉള്ളത്? ഇത്തവണ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നു കൂടുതൽ സ്ഥാനാർഥികളും വരും.

ഒ.രാജഗോപാൽ (ഫയൽ ചിത്രം)

∙ കഴിഞ്ഞ ദിവസം ഉപവാസ സമരം താങ്കൾ അനുഷ്ഠിച്ചു, നേമം മണ്ഡലത്തിൽ വളരെ സജീവമാണ്. ഇത്തവണയും മത്സരിക്കുമോ? 

എനിക്ക് 92 വയസായി. പ്രായം ഒരു പ്രധാനപ്പെട്ട ഘടകമാണ്. ഈ പ്രായത്തിൽ ഇറങ്ങി നടക്കാൻ കഴിയുന്നതിന് ഒരു പരിധിയുണ്ട്. അതുകൊണ്ട് മറ്റാരെ എങ്കിലും നോക്കുകയാണ് നല്ലത് എന്നു പാർട്ടിയോടു പറയുന്നുണ്ട്. എന്റെ ബുദ്ധിമുട്ട് അവർ മനസ്സിലാക്കുമെന്നാണ് വിശ്വാസം.

∙ അപ്പോൾ പാർട്ടി അക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല എന്നാണോ? 

അതെ. വ്യക്തിപരമായി മാറി നിൽക്കാനാണ് ആഗ്രഹം. പാർട്ടി ഒരു തീരുമാനം എടുത്തിട്ടില്ല.പറ്റിയ ഒരു പകരക്കാരനെ കണ്ടെത്തിയാൽ എനിക്കു മാറാവുന്നതെയുള്ളൂ. അങ്ങനെ ഒരാളെ കിട്ടുന്നില്ലെങ്കിലേ  പ്രശ്നം വരൂ.

കുമ്മനം രാജശേഖരൻ (ഫയൽ ചിത്രം)

∙ താങ്കൾക്കു പകരം കുമ്മനം രാജശേഖരനെ നേമത്തു സ്ഥാനാർഥിയാക്കുമെന്നാണല്ലോ  വാർത്തകൾ? അദ്ദേഹം യോജിച്ച പിൻ‍ഗാമിയാണോ? 

കുമ്മനത്തിന്റെ കാര്യത്തിലാണ്  പ്രതീക്ഷ പലർക്കുമുള്ളത്. അതു കണ്ടറിയണം. ഞങ്ങൾ രണ്ടു പേരും ഒരു പോലെ അല്ല. ഞാൻ എല്ലാവർക്കും സ്വീകാര്യനായ ഒരു സ്ഥാനാർഥിയാണ് എന്നാണ് പൊതുവിൽ പറയുന്നത്. കുമ്മനം മികച്ച സാമൂഹിക പ്രവർത്തകനാണ്. ആധ്യാത്മിക, സാമൂഹിക രംഗങ്ങളിൽ  കൂടുതൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നയാളാണ്. ആ മേഖലയിൽ അദ്ദേഹത്തിനുള്ള സ്വീകാര്യതയും വളരെ വലുതാണ്. പക്ഷേ, എല്ലാം കൂടി ചേരുമ്പോൾ എത്രത്തോളം മതിയാകും എന്നത് ഇനി അറിയാനുള്ളതാണ്.

∙ ഈ സർവസമ്മിതിയുടെ അടിസ്ഥാനത്തിൽ നേമം നിലനിർത്താൻ വീണ്ടും താങ്കൾ മത്സരിക്കണമെന്ന സമ്മർദ്ദം വന്നാൽ അംഗീകരിക്കുമോ? 

എന്റെ നിലപാട് ഞാൻ നേരത്തെ പറഞ്ഞല്ലോ. അതിനു പാർട്ടിയുടെ സമ്മതം നേടാൻ ശ്രമിക്കും.

ഒ.രാജഗോപാൽ (ഫയൽ ചിത്രം)

∙ നവതി പിന്നിട്ടിട്ടും ഉളള  ചുറുചുറുക്കിന്റെ, ആരോഗ്യത്തിന്റെ രഹസ്യം എന്താണ്?

‘ഒരു മനുഷ്യന്റെ തോന്നലിന് അനുസരിച്ചാണ് അയാളുടെ പ്രായം’എന്നാണ് പറയാറുള്ളത്. ഞാൻ വളരെ സജീവമായി എല്ലാ കാര്യങ്ങളിലും ഇടപെടാൻ  ശ്രമിക്കാറുണ്ട്. ‘പ്രായമായി’എന്ന തോന്നൽ സ്വയം ഉണ്ടാക്കാറില്ല. ദിവസേന യോഗ ചെയ്യും, വൈകിട്ട്  നിർബന്ധമായും കുറച്ചു നടക്കും. അതുകൊണ്ട് വയസ്സായി എന്ന തോന്നൽ അത്രയ്ക്കില്ല.

∙ പൗരത്വബിൽ, കർഷകസമരം എന്നിവയുമായി ബന്ധപ്പെട്ട് നിയമസഭയിലെ പൊതു നിലപാടിനെ പിന്തുണയ്ക്കുന്ന തരത്തിൽ താങ്കൾ എടുത്ത നിലപാട് വിവാദമായി. നിയമസഭയിൽ സമവായത്തിനാണോ  പ്രാധാന്യം കൊടുക്കുന്നത്? 

തീർച്ചയായും. ഒരു സമവായം ഉണ്ടാകാൻ സാധ്യമാണെങ്കിൽ അതാണു നല്ലത് എന്നാണ് ഞാൻ കരുതുന്നത്. പക്ഷേ അങ്ങനെ ഒരു സന്ധിയും പാടില്ലെന്നു വിചാരിക്കുന്ന തീവ്ര നിലപാടുകൾ ഞങ്ങളുടെ കൂടെയും ഉണ്ടല്ലോ. എല്ലാ പാർട്ടിയിലും അത്തരക്കാരുണ്ടാകും. അങ്ങനെയുള്ളവർക്കു വ്യത്യസ്ത അഭിപ്രായം ഉണ്ടാകും.

∙ കേരളത്തിലെ യുഡിഎഫിനെയും എൽഡിഎഫിനെയും എതിർക്കേണ്ട ബിജെപി എംഎൽഎ മുന്നണികളോട്  യോജിക്കുന്നു എന്നാൽ അത് വൈരുധ്യം തന്നെയല്ലേ?

ജനാധിപത്യം പരസ്പരം വിട്ടുവീഴ്ച അനിവാര്യമാക്കുന്ന വേദിയാണ്. പാർട്ടിയെക്കുറിച്ച് മാത്രം ചിന്തിക്കുന്നവർക്ക് അത് ഉൾക്കൊള്ളാൻ പ്രയാസമാകും. അവർ അക്കാര്യം എന്നോടു പറയാറുണ്ട്. അതിനെ ഞാൻ മാനിക്കാറുമുണ്ട്. അവരുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോൾ അതു ശരിയുമാണ്. കേരളത്തിൽ വളരുന്ന പാർട്ടി എന്ന പ്രതിച്ഛായയാണ് ബിജെപിക്കുള്ളത്. അപ്പോൾ നമ്മുടെ വാതിലുകൾ തുറന്നു കിടക്കുകയാണ് വേണ്ടത്, അടച്ചിടുകയല്ല. അതു സഹപ്രവർത്തകരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.

ഒ.രാജഗോപാൽ (ഫയൽ ചിത്രം)

∙ ഈ അഞ്ചുവർഷം ബിജെപിയെ വെറുക്കുന്നവർക്കിടയിൽ ഏക എംഎൽഎ ആയി നിയമസഭയിൽ തുടരേണ്ടി വന്നപ്പോഴുള്ള അനുഭവമോ? 

ഒരാളെ ജയിച്ചിട്ടുള്ളൂ എന്നതിനാൽ ഒറ്റയാൻ എന്ന അവസ്ഥ അനിവാര്യമാണല്ലോ. രാഷ്ട്രീയം സാധ്യതകളുടെ കല ആണ്. അപ്പോൾ സാധ്യതകൾക്കു വേണ്ടിയുള്ള നീക്കു പോക്കുകൾ വേണ്ടിവരും. എന്റെ ആർജവത്തെക്കുറിച്ച് നിയമസഭയ്ക്ക് അകത്തും പുറത്തും ആർക്കും സംശയമില്ല.

പി. ശ്രീരാമകൃഷ്ണന്‍ (ഫയൽ ചിത്രം)

∙ സ്പീക്കർ പി. ‘ശ്രീരാമകൃഷ്ണനോട്’ പ്രത്യേക മമതയുണ്ടോ? 

അദ്ദേഹം ഒരു ചെറുപ്പക്കാരനാണ്. അങ്ങനെ ഒരാൾ സ്പീക്കറായി ഇരിക്കുന്നു. ഞങ്ങൾ  എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കേണ്ടയാളാണ് സ്പീക്കർ. അതുകൊണ്ട് രാഷ്ട്രീയ എതിരാളിയോടുള്ള സമീപനമല്ല, സ്പീക്കറോടു വേണ്ടത്.

∙ പിണറായി വിജയനോട് വ്യക്തിപരമായ നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ താൽപ്പര്യപ്പെടുന്നതായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ  ആക്രമണം  കുറവാണ് എന്നു താങ്കളെ വിമർശിക്കുന്നവരുണ്ടല്ലോ? 

ശരിയാണ്. കൂടുതൽ ശക്തമായി ഞാൻ ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അത് എങ്ങനെ സാധിക്കും? എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അല്ലേ  പ്രവർത്തിക്കാൻ കഴിയൂ. ഇപ്പോൾ എതിർചേരിയിലാകുന്നവർ നാളെ നമ്മുടെ ചേരിയിലേക്കു  വരാം എന്നതു കണ്ടു വേണം രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ. രണ്ടു തരത്തിൽ ഉള്ളവരെ  രാഷ്ട്രീയത്തിലുളളൂ. ഒന്ന്, ഇപ്പോൾ കൂടെ നിൽക്കുന്നവർ, രണ്ട്, നാളെ കൂടെ വരേണ്ടവർ. ആ ഒരു സമീപനം വച്ചു കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നത്. എല്ലാവരോടും സൗഹാർദ്ദത്തോടെ നീങ്ങുക എന്നതാണ് ആത്യന്തികമായി രാഷ്ട്രീയത്തിൽ ലാഭകരം. അന്ധമായി എതിർപ്പ് പ്രയോജനം ചെയ്യില്ല. അതു പക്ഷേ, പാർട്ടിയിൽ എല്ലാവർക്കും ദഹിച്ചുവെന്നു വരില്ല. പക്ഷേ എനിക്കു വേറെ  ഗൂഢമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അവർക്കും അറിയാം.

കെ.സുരേന്ദ്രന്‍ (ഫയൽ ചിത്രം)

∙ ബിജെപി സംസ്ഥാന നേതൃത്വത്തിൽ ദീർഘകാലമായി സംഘടനാ പ്രശ്നങ്ങളുണ്ട്. എല്ലാവരെയും കൂട്ടിയിണക്കി മുന്നോട്ടു പോകുന്നതിൽ പ്രസിഡന്റ് കെ.സുരേന്ദ്രന്  വീഴ്ച ഉണ്ടോ? 

അയാൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ചെറുപ്പക്കാരനായ നേതാവ്, പോരാളി, പ്രസംഗകൻ എന്നീ നിലകളിലെല്ലാം സുരേന്ദ്രനെക്കുറിച്ച് ഞങ്ങൾക്കു നല്ല മതിപ്പുണ്ട്. എല്ലായിടത്തും ഓടി എത്തുന്നുണ്ട്.

∙ പക്ഷേ, ഒരു വിഭാഗം നേതാക്കളെ അവഗണിക്കുന്നുവെന്ന് പരാതിയുണ്ടല്ലോ? 

ചില പരാതികളുണ്ട്. ശരിയാണ്. അതു ശരിയാക്കിക്കൊണ്ടുപോകും. ഉത്തരവാദിത്തം പൂർണമായി നിർവഹിക്കാൻ നമ്മുടെ സമീപനങ്ങളിലും പെരുമാറ്റത്തിലുമെല്ലാം ചില മാറ്റം വേണ്ടി വരുമെന്നു നേതാവ് എന്ന നിലയിലുള്ള  വളർച്ചയുടെ ഘട്ടങ്ങളിൽ   സുരേന്ദ്രനു തന്നെ ബോധ്യം വരും. 

∙ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട  പ്രശ്നം പരിഹരിക്കണമെന്നു കരുതുന്നോ? 

ശോഭാ സുരേന്ദ്രന്‍ (ഫയൽ ചിത്രം)

കോർകമ്മിറ്റിയിൽ അവരെ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണു പരാതി. സ്ത്രീകളാകുമ്പോൾ കൂടുതൽ വൈകാരികമായ സമീപനം സ്വീകരിച്ചുവെന്നു വരും. അതേസമയം പ്രസിഡന്റിനും ചില അവകാശങ്ങളെല്ലാം ഉണ്ട്.  തന്റെ കോർ ടീം ആരായിരിക്കണം എന്ന കാര്യത്തിലും മറ്റും.

∙ ഏറ്റവും സീനിയറായ ബിജെപി നേതാവ് എന്ന നിലയിൽ താങ്കൾ മുൻകൈ എടുത്താൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാവുന്നതല്ലേ ഉള്ളൂ? 

ഞാൻ കയറിച്ചെന്ന് ആരെയും ഉപദേശിക്കാറില്ല.എന്നോട് അഭിപ്രായമോ സഹായമോ ചോദിച്ചാൽ കഴിയാവുന്ന രീതിയിൽ അതു ചെയ്യാറുണ്ട്. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോയാൽ മാത്രമെ  പാർട്ടിക്കു മുന്നോട്ടുപോകാൻ കഴിയൂ എന്നു സൗഹാർദ്ദത്തോടെ  പറയാറുണ്ട്. അതുകൊണ്ട് ചിലരോടെല്ലാം ഉള്ള എതിർപ്പിൽ നേതൃത്വത്തിന് അയവും വരുന്നുണ്ട്.

ഒ.രാജഗോപാൽ (ഫയൽ ചിത്രം)

∙ താങ്കൾ പാർട്ടിയിൽ സജീവമായിരുന്ന കാലത്ത് നേതൃതലത്തിൽ ഒപ്പം പ്രവർത്തിച്ചിരുന്ന നേതാവാണ് പി.പി. മുകുന്ദൻ. അദ്ദേഹത്തെ മാറ്റി നിർത്തിയിരിക്കുന്നത് അവസാനിപ്പിക്കണമെന്നു തോന്നുന്നില്ലേ? 

അദ്ദേഹം ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ല. ബിജെപിയുടെ സജീവമായ പ്രവർത്തനത്തിൽ അദ്ദേഹം ഭാഗഭാക്കല്ല. ഉത്തരവാദിത്തങ്ങൾ ഒന്നുമില്ല. ചില അഭിപ്രായങ്ങൾ പറയാറുണ്ട്. അതു പലതും ശ്രദ്ധ പിടിച്ചുപറ്റാനും മാത്രമുള്ളതാണ്. ദൈനംദിന പ്രവർത്തനത്തിന്റ ഭാഗമല്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങളാണ് അത്.

∙ അദ്ദേഹത്തെ, പക്ഷേ മാറ്റി നിർത്തിയിരിക്കുന്നതല്ലേ? 

എല്ലാവർക്കും വീതിച്ചുകൊടുക്കാൻ പാർട്ടിയിൽ ചുമതല ഉണ്ടാകണമെന്നില്ലല്ലോ. അതുകൊണ്ട് ചിലപ്പോൾ ‘സെലക്ടീവ്’ ആകേണ്ടിവരും. 

ഒ.രാജഗോപാൽ (ഫയൽ ചിത്രം)

∙ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ ഉള്ള പ്രതീക്ഷ എന്താണ്? 

ഞങ്ങൾക്കു നല്ല നേട്ടമുണ്ടാകും. പത്തു സീറ്റ് വരെ ജയിക്കാനുള്ള സാധ്യതയുണ്ട്.

∙ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങിയാൽ എന്താണു പരിപാടി? 

രാഷ്ട്രീയത്തിൽ പൂർണമായി പിൻവാങ്ങാൻ തീരുമാനിച്ചിട്ടില്ലല്ലോ. മത്സരിക്കേണ്ടെന്നു വച്ചാൽ എഴുത്തും വായനയും തന്നെ.. ‘ധർമരാജ്യം’ എന്ന കാഴ്ചപ്പാടിനെ മുൻനിർത്തി ഒരു പുസ്തകം തയാറാക്കണമെന്നുണ്ട്. മുതലാളിത്തവും സോഷ്യലിസവും അല്ലാതെ ധർമത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും നീതി കിട്ടുന്നതാണ് ധർമരാജ്യം. ഇന്ത്യയ്ക്ക് ആ ആധ്യാത്മിക അടിത്തറയുണ്ട്.

∙ ബിജെപി ദേശീയ വൈസ് പ്രസിഡന്റായിരുന്നയാളാണ് താങ്കൾ. ഇപ്പോഴത്തെ ദ്വന്ദം, നരേന്ദ്ര മോദിയെയും അമിത് ഷായെയും എങ്ങനെ വിലയിരുത്തുന്നു?

ഒരു സംഘാടകൻ എന്ന നിലയിൽ അദ്വിതീയനാണ് അമിത് ഷാ. പകരം വയ്ക്കാൻ ആളില്ല. മോദി ദാർശനികൻ കൂടിയാണ്. പല തലങ്ങളുള്ള അനുപമ വ്യക്തിത്വം. 

English Summary: Exclusive interview with BJP leader O.Rajagopal MLA on Kerala Politics, Assembly Elections 2021