തൊടുപുഴ ∙ തുടരെ പൊട്ടിത്തെറികൾ, ജനറേറ്റർ പണിമുടക്കുകൾ... രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയമായ മൂലമറ്റം അടക്കമുള്ള ഇടുക്കിയിലെ പവർ ഹൗസുകൾ ഭീതിയായി ജനങ്ങളുടെ മനസ്സിൽ നിറയുകയാണ്. മൂലമറ്റം ഉൾപ്പെടെ 10 പവർ ഹൗസുകളുള്ള നാടാണ് ഇടുക്കി. ഇതിൽ ഏഴു പതിറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളിവാസലും ഉൾപ്പെടുന്നു... | Idukki | Power House | KSEB | Dam | Electricity | Manorama News

തൊടുപുഴ ∙ തുടരെ പൊട്ടിത്തെറികൾ, ജനറേറ്റർ പണിമുടക്കുകൾ... രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയമായ മൂലമറ്റം അടക്കമുള്ള ഇടുക്കിയിലെ പവർ ഹൗസുകൾ ഭീതിയായി ജനങ്ങളുടെ മനസ്സിൽ നിറയുകയാണ്. മൂലമറ്റം ഉൾപ്പെടെ 10 പവർ ഹൗസുകളുള്ള നാടാണ് ഇടുക്കി. ഇതിൽ ഏഴു പതിറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളിവാസലും ഉൾപ്പെടുന്നു... | Idukki | Power House | KSEB | Dam | Electricity | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ തുടരെ പൊട്ടിത്തെറികൾ, ജനറേറ്റർ പണിമുടക്കുകൾ... രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയമായ മൂലമറ്റം അടക്കമുള്ള ഇടുക്കിയിലെ പവർ ഹൗസുകൾ ഭീതിയായി ജനങ്ങളുടെ മനസ്സിൽ നിറയുകയാണ്. മൂലമറ്റം ഉൾപ്പെടെ 10 പവർ ഹൗസുകളുള്ള നാടാണ് ഇടുക്കി. ഇതിൽ ഏഴു പതിറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളിവാസലും ഉൾപ്പെടുന്നു... | Idukki | Power House | KSEB | Dam | Electricity | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ തുടരെ പൊട്ടിത്തെറികൾ, ജനറേറ്റർ പണിമുടക്കുകൾ... രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയമായ മൂലമറ്റം അടക്കമുള്ള ഇടുക്കിയിലെ പവർ ഹൗസുകൾ ഭീതിയായി ജനങ്ങളുടെ മനസ്സിൽ നിറയുകയാണ്. മൂലമറ്റം ഉൾപ്പെടെ 10 പവർ ഹൗസുകളുള്ള നാടാണ് ഇടുക്കി. ഇതിൽ ഏഴു പതിറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളിവാസലും ഉൾപ്പെടുന്നു. പലതും പുനരുദ്ധാരണവും അറ്റകുറ്റപ്പണിയും ഏറെനാളായി മുടങ്ങിക്കിടക്കുന്നവയാണ്. ഏതു നിമിഷവും പൊട്ടിത്തകർന്നു വൻദുരന്തം വിതയ്ക്കാവുന്ന പെൻസ്റ്റോക്ക് പൈപ്പുകൾ വരെ ഇടുക്കിയിലുണ്ട്. സംസ്ഥാനം മുഴുവൻ വെളിച്ചം വിതറുന്ന ഇടുക്കി ജില്ലയിലെ വൈദ്യുത നിലയങ്ങളിലൂടെ...

‘ഊർജക്ഷേത്രം’ മൂലമറ്റം

ADVERTISEMENT

കേരളത്തിന്റെ ഊർജ ക്ഷേത്രമെന്നാണു മൂലമറ്റം പവർഹൗസിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്തെ ആകെ വൈദ്യുതിയുടെ മൂന്നിലൊന്നും മൂലമറ്റത്തുനിന്നാണ് ഉൽപാദിപ്പിക്കുന്നത്. എന്നാൽ രണ്ടു വർഷത്തിനിടെ മൂലമറ്റത്തു നാലു തവണ പൊട്ടിത്തെറി ഉണ്ടായതോടെ ജീവനക്കാർ ഭീതിയിലാണ്. ജനറേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ കാലപ്പഴക്കമാണു തുടർച്ചയായി പൊട്ടിത്തെറി ഉണ്ടാകുന്നതിനു മുഖ്യകാരണം എന്നാണു സൂചന.

130 മെഗാവാട്ട് ശേഷിയുള്ള ആറു ജനറേറ്ററുകളാണ് ഈ നിലയത്തിലുള്ളത്. പവർഹൗസിലെ ഒരു ജനറേറ്ററിന് 25 വർഷത്തെ ആയുസ്സാണു നിർമാതാക്കളായ ജനറൽ ഇലക്ട്രിക്കൽസ് നിശ്ചയിച്ചിരുന്നത്. ഈ കാലയളവിൽ പരമാവധി 2 ലക്ഷം മണിക്കൂർ പ്രവർത്തിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ വൈദ്യുതി നിലയത്തിലെ ജനറേറ്ററുകൾ ഇതിനകം, 35 വർഷവും 3 ലക്ഷം മണിക്കൂറിൽ കൂടുതലും പിന്നിട്ടവയാണ്.

മൂലമറ്റം പവർഹൗസ്

നിലയത്തിലുള്ള ജനറേറ്ററുകൾ ആഴ്ചകളോളം തുടർച്ചയായി പ്രവർത്തിപ്പിക്കേണ്ടതും മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ചു ദിവസങ്ങൾക്കു ശേഷം മാത്രം പ്രവർത്തനം നിർത്തുന്ന രീതിയിൽ ഡിസൈൻ ചെയ്തതുമാണ്. എന്നാൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യത്തിനനുസരിച്ചു ദിവസേന പല തവണ നിർത്തുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതു ജനറേറ്ററിന്റെ ആയുസ്സിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2011 ജൂൺ 20ന് പവർ ഹൗസിലുണ്ടായ പൊട്ടിത്തെറിയിൽ വനിതാ എൻജിനീയർ ഉൾപ്പെടെ രണ്ടു പേരാണു മരിച്ചത്.

പഴമ തോൽക്കും ജനറേറ്ററുകൾ

ADVERTISEMENT

1974-75 കാലഘട്ടത്തിൽ നിർമിച്ച ജനറേറ്ററുകളാണു നിലയത്തിൽ. ഇതിന്റെ സ്‌പെയർപാർട്സുകൾ ലഭിക്കാനുള്ള സാധ്യത പരിമിതമാണ്. അറ്റകുറ്റപ്പണികൾ വരുമ്പോൾ കെഎസ്ഇബി ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. പരിശീലനം ലഭിച്ച ജീവനക്കാരുടെ അഭാവവും നിലയത്തിലെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നു. കനേഡിയൻ യന്ത്രങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. നാലു വർഷം മുൻപ് പവർ ഹൗസിലെ ഒരു സംഘം ഉന്നത ഉദ്യോഗസ്ഥരെ കാനഡയിൽ അയച്ച് പരിശീലനം നൽകിയിരുന്നു. ഇവരെല്ലാം സർവീസിൽനിന്നു വിരമിച്ചു. ജനറേറ്ററുകൾക്കു തകരാറുണ്ടാകുമ്പോൾ കൂടുതൽ വിദഗ്ദരെ എത്തിക്കാൻ നിലയത്തിലുള്ളവർ നെട്ടോട്ടമോടുകയാണ്.

പ്രായമേറിയ പള്ളിവാസൽ

കേരളത്തിലെ ഏറ്റവും പ്രായമുള്ള വൈദ്യുതി നിലയമാണു പള്ളിവാസലിലേത്. തുരുമ്പെടുത്ത യന്ത്രങ്ങളും മതിയായ അറ്റകുറ്റപ്പണികളില്ലാത്തതും മൂലം ഏതു നിമിഷവും തകരാറിലാകാവുന്ന ജനറേറ്ററുകളാണു നിലയത്തിന്റെ ഇപ്പോഴത്തെ നീക്കിയിരിപ്പ്. അഞ്ചു മെഗാവാട്ടിന്റെ മൂന്നു ടർബൈനും 7.5 വാട്ടിന്റെ മൂന്നു ടർബൈനും ഉപയോഗിച്ച് 37.5 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.

1940 മാർച്ച് 19ന് ആദ്യ യൂണിറ്റ് കമ്മിഷൻ ചെയ്തശേഷം എല്ലാ വർഷവും അറ്റകുറ്റ പണികൾ നടത്തിയ പവർ ഹൗസിലെ ആറു ജനറേറ്ററും 2002ൽ നവീകരിച്ചു. എഎക്സ്ഇ ഉൾപ്പെടെ 29 ജീവനക്കാരാണു ജോലി ചെയ്യുന്നത്. എഇ ഉൾപ്പെടെ 16 ജീവനക്കാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ദിവസവും ജോലിക്കെത്തുന്നു. സുരക്ഷാകാരണങ്ങളാൽ പള്ളിവാസൽ പവർ ഹൗസിൽ സന്ദർശകരെ അനുവദിക്കാറില്ല.

ADVERTISEMENT

പെൻസ്റ്റോക്ക് ദുരന്തം ഞെട്ടിച്ച പന്നിയാർ

1964ൽ ആണ് പന്നിയാർ വൈദ്യുത നിലയം കമ്മിഷൻ ചെയ്തത്. 15 മെഗാവാട്ടിന്റെ രണ്ടു ജനറേറ്ററുകളാണ് ഇവിടെയുണ്ടായിരുന്നത്. ഒന്നര മാസം മുൻപ് ബട്ടർ ഫ്ലൈ വാൽവിനോടു അനുബന്ധിച്ചുള്ള എയർ റിലീസ് വാൽവിൽ ചോർച്ചയെ തുടർന്ന് വൈദ്യുതി ഉൽപാദനം നിർത്തിയിരുന്നു. ഇതിനു പിന്നാലെ വാർഷിക അറ്റകുറ്റ പണികളുടെ ഭാഗമായി നിലയം അടച്ചിരിക്കുകയാണ്. ഇതുൾപ്പെടെ 12 വർഷത്തിനുള്ളിൽ മൂന്നു തവണയാണ് വൈദ്യുത നിലയത്തിന്റെ പ്രവർത്തനം നിർത്തിയത്.

വൈദ്യുതി ബോർഡിലെ എട്ടു ജീവനക്കാരുടെ ജീവൻ ഹോമിക്കപ്പെടുകയും പ്രദേശവാസികളെ ദുരിതത്തിലാക്കുകയും ചെയ്ത പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം ഇപ്പോഴും നാടിനു വേദനയാണ്. 2007 സെപ്റ്റബർ 17ന് ആണ് ദുരന്തമുണ്ടായത്. വൈകിട്ടു നാലരയോടെ പന്നിയാർ വാൽവ് ഹൗസിൽനിന്ന് പവർ ഹൗസിലേക്കു വെള്ളം എത്തിച്ചിരുന്ന പെൻസ്റ്റോക്ക് പൈപ്പുകളിൽ ഒരെണ്ണം പൊട്ടിയായിരുന്നു അപകടം. രണ്ടു ഡസനിലേറെ വീടുകൾ തകർന്നു. 150ൽ പരം ഏക്കർ കൃഷിഭൂമി നാശത്തിലായി. സർക്കാരിനുണ്ടായ നഷ്ടം കോടികളുടേതാണ്. രണ്ടു വർഷത്തെ അറ്റകുറ്റപ്പണികൾക്കൊടുവിലാണ് വൈദ്യുതി ഉൽപാദനം പുനരാരംഭിക്കാനായത്.

പന്നിയാർ പവർ ഹൗസ്

2018 ഓഗസ്റ്റ് 15ന് രാത്രിയുണ്ടായ പ്രളയക്കെടുതിയിൽ വെള്ളത്തൂവൽ പവർ ഹൗസിനു സമീപത്തായി നിർമിച്ചിട്ടുള്ള തടയണ തകർന്നു പന്നിയാർ ജല വൈദ്യുതി നിലയത്തിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറി. രണ്ടു ജനറേറ്റുകളുമായി ബന്ധപ്പെട്ടുള്ള യന്ത്ര സാമഗ്രികളും ഇലക്ട്രോണിക് സിസ്റ്റവും പൂർണമായും നശിച്ചു. ആറു മാസത്തിനു ശേഷമാണ് പിന്നീട് വൈദ്യുത ഉൽപാദനം പുനരാരംഭിക്കാനായത്. ഇപ്പോൾ പന്നിയാർ ജലവൈദ്യുത നിലയത്തിലേക്കു വെള്ളം എത്തിക്കുന്ന ബട്ടർഫ്ലൈ വാൽവിലെ എയർ റിലീസ് വാൽവിൽ ചോർച്ചയുണ്ട്. വാർഷിക അറ്റകുറ്റ പണികൾക്കായി നിലയം അടച്ചിരിക്കുന്നത്.

സംരക്ഷണം ‘തുരുമ്പെടുത്ത’ ചെങ്കുളം

1954ൽ ആണു ചെങ്കുളം ജലവൈദ്യുത പദ്ധതി കമ്മിഷൻ ചെയ്തത്. പള്ളിവാസൽ ജലവൈദ്യുത പദ്ധിയിൽനിന്നു വൈദ്യുതി ഉൽപാദനത്തിനുശേഷം പുറത്തേക്കൊഴുകുന്ന വെള്ളം ചെക്ക്ഡാം നിർമിച്ചു തടഞ്ഞുനിർത്തി 1020 കുതിരശക്തിയുള്ള രണ്ടു മോട്ടറുകൾ ഉപയോഗിച്ചു പമ്പ് ചെയ്താണു പള്ളിവാസലിൽനിന്ന് ഉയർന്ന പ്രദേശമായ ചെങ്കുളത്തു നിർമിച്ചിട്ടുള്ള അണക്കെട്ടിലേക്കു വെള്ളമെത്തിക്കുന്നത്. ഇവിടെനിന്നു തുരങ്കത്തിലൂടെയും പിന്നീടു 957 മീറ്റർ ദൂരം പെൻസ്റ്റോക്കിലൂടെയും വെള്ളത്തൂവലിൽ സ്ഥിതിചെയ്യുന്ന ചെങ്കുളം പവർഹൗസിലേക്കു വെള്ളമെത്തിച്ചാണു വൈദ്യുതി ഉൽപാദനം.

തുടക്കത്തിൽ അതീവ സുരക്ഷാ പ്രദേശമായാണു ചെങ്കുളം പദ്ധതിപ്രദേശം അറിയപ്പെട്ടിരുന്നത്. വൈദ്യുതിബോർഡ് അധികൃതർക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥരുടെയും ശക്തമായ കാവലുണ്ടായിരുന്ന സ്ഥലം. പിന്നീടു ബോർഡ് അധികൃതർ പവർഹൗസിൽ ഒതുങ്ങിയതോടെ ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളിൽ ഇവരുടെ എത്തിനോട്ടം ഇല്ലാതായി. പെൻസ്റ്റോക്ക് പൈപ്പുകളുടെ ജോയിന്റ് ബോൾട്ടുകൾക്കു ഗ്രീസ് അടിച്ചിട്ടു വർഷങ്ങൾ പിന്നിടുകയാണ്. ജോയിന്റ് ബോൾട്ടുകൾ ദ്രവിച്ചു പലയിടങ്ങളിലും വെള്ളം ലീക്ക് ചെയ്യുന്നുണ്ട്. സർജ് ടാങ്കിന്റെ പെയിന്റിങ് ജോലികൾ നടന്നിട്ടും വർഷങ്ങൾ പിന്നിടുന്നു. ഇതിനുള്ള സംരക്ഷണവേലിയും ഇരുമ്പു ഗേറ്റും തുരുമ്പെടുത്തു നശിച്ചനിലയിലാണ്.

ചെങ്കുളം പവർ ഹൗസ്

ഇടിമിന്നൽ ഞെട്ടിക്കുന്ന ലോവർ പെരിയാർ

1997ലാണു ലോവർ പെരിയാർ പദ്ധതി കമ്മിഷൻ ചെയ്തത്. നാലു പവർഹൗസുകളിൽനിന്നു പുറന്തള്ളുന്ന വെള്ളം പെരിയാറിൽ പാമ്പളഭാഗത്ത് അണ കെട്ടി തടഞ്ഞാണു പദ്ധതി യാഥാർഥ്യമാക്കിയത്. പാമ്പളയിലെ അണക്കെട്ടുമുതൽ കരിമണലിലെ പവർഹൗസ് വരെ വെള്ളം ഒഴുകിയെത്തുന്നതു കരിമ്പാറ തുരന്നുണ്ടാക്കിയ തുരങ്കത്തിലൂടെയാണ്. മഴക്കാലത്ത് ഇടിമിന്നൽ ഉണ്ടാകുമ്പോൾ ലോവർ പെരിയാർ പവർഹൗസിനടുത്തു താമസിക്കുന്നവരുടെ നെഞ്ചിൽ തീയാണ്. പവർഹൗസ് സ്വിച്ച്‌യാർഡിൽ ഉണ്ടാകുന്ന പൊട്ടിത്തെറിശബ്ദം വളരെ ദൂരെവരെ കേൾക്കാം. ഏതുനിമിഷവും അപകടമുണ്ടാകുമെന്ന ഭീതിയിലാണു നാട്ടുകാർ. ചെളിമൂടിക്കിടക്കുന്ന പാമ്പള അണക്കെട്ടിൽനിന്നു ടണലിലൂടെ ചെളിയൊഴുകിവന്നു ജനറേറ്ററുകൾക്കു സാരമായ കേടുപാടുകൾ ഉണ്ടാകുന്നതും പതിവ്.

കോൺക്രീറ്റ് ഡാം മാട്ടുപ്പെട്ടി

രാജ്യത്തെ ആദ്യ കോൺക്രീറ്റ് ഡാം എന്ന വിശേഷണമാണു മാട്ടുപ്പെട്ടി ഡാമിന്. വർഷം നാലുമാസം മാത്രം തുച്ഛമായ അളവിൽ വൈദ്യുതി ഉൽപാദനം നടക്കുന്ന ഡാമാണിത്. രണ്ടു മെഗാവാട്ടാണ് ഈ നിലയത്തിന്റെ ഉൽപാദനശേഷി. ഇന്ത്യയിലെ ഏറ്റവും ചെറിയ പവർഹൗസ് കൂടിയാണു മാട്ടുപ്പെട്ടി. വൈദ്യുതോൽപാദനമല്ല, മറിച്ചു കേരളത്തിലെ ആദ്യ ജലവൈദ്യുത നിലയമായ പള്ളിവാസലിലേക്കു മതിയായ വെള്ളം ലഭ്യമാക്കുക എന്നതാണു മാട്ടുപ്പെട്ടി ഡാം കൊണ്ടു ലക്ഷ്യമിടുന്നത്. അതിനാൽ ആവശ്യാനുസരണം വെള്ളം തുറന്നുവിടുമ്പോൾ മാത്രമാണ് ഇവിടെ വൈദ്യുതി ഉൽപാദനം നടത്തുന്നത്.

ഒന്നരക്കോടി ചെലവിൽ 1957ൽ ആണു മാട്ടുപ്പെട്ടി ഡാമും പവർ ഹൗസും പണിതീർത്തത്. കാലപ്പഴക്കം നിമിത്തം പലപ്പോഴും ഇവിടെ വൈദ്യുതി ഉൽപാദനം നടത്താനാവാതെ വെള്ളം തുറന്നുവിടേണ്ടി വരുന്നുണ്ട്. ഒരു അസിസ്റ്റന്റ് എൻജിനീയറും ഒരു സബ് എൻജിനീയറും ആണ് ഇവിടെ സ്ഥിര ജീവനക്കാരായി ഉള്ളത്. കരാർ അടിസ്ഥാനത്തിൽ ഏഴു പേരും ജോലി ചെയ്യുന്നു. ആകെ ഒരു ജനറേറ്റർ ആണ് ഇവിടെയുള്ളത്. ഉൽപാദനം ഇല്ലാത്ത ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. 1998ൽ സ്ഥാപിച്ച ജനറേറ്ററും ടർബൈനും ആണ് ഇപ്പോഴും. വാർഷിക അറ്റകുറ്റപ്പണികൾ എല്ലാ വർഷവും നടക്കുന്നതായി അധികൃതർ പറയുന്നു. പ്രവർത്തനം തുടങ്ങിയ ശേഷം വലിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

നേര്യമംഗലത്തിനൊന്നും പുത്തരിയല്ല!

പൊട്ടിത്തെറികളും ചോർച്ചകളും നേര്യമംഗലം പവർ ഹൗസിനു പുത്തരിയല്ല. നിലയത്തിലേക്കുള്ള നാലു പെൻസ്റ്റോക്ക് പൈപ്പുകളും മതിയായ അറ്റകുറ്റപ്പണികളില്ലാതെ അപകടാവസ്ഥയിലുള്ളതാണ്. 1961ൽ കമ്മിഷൻ ചെയ്ത നേര്യമംഗലം ജല വൈദ്യുത നിലയത്തിൽ തകരാറുകൾ പതിവാണ്. 17.5 മെഗാവാട്ടിന്റെ 3 ജനറേറ്ററുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവിടേക്ക് വെള്ളം എത്തിക്കുന്ന കല്ലാർകുട്ടി അണക്കെട്ടിൽനിന്ന് വർഷകാലത്ത് അധികജലം പുറത്തേക്ക് ഒഴുകുന്നത് തടഞ്ഞ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി 2008ൽ 25 മെഗാവാട്ടിന്റെ ജനറേറ്റർ കൂടി സ്ഥാപിച്ചു. ഇതോടെ ഉൽപാദന ശേഷി 77.5 ആയി ഉയർന്നു.

നേര്യമംഗലം പവർ ഹൗസ്

എന്നാൽ ഉദ്ഘാടനത്തിനു പിന്നാലെ പുതുതായി സ്ഥാപിച്ച ജനറേറ്റർ തകരാറിലായത് ആറു മാസത്തോളം വൈദ്യുത ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചു. 2016ൽ കല്ലാർകുട്ടിയിൽനിന്ന് നേര്യമംഗലത്തേക്ക് വെള്ളം എത്തിക്കുന്ന പെൻസ്റ്റോക്ക് പൈപ്പിൽ വിള്ളൽ വീണു. തക്ക സമയത്ത് ഉദ്യോഗസ്ഥർ അറിഞ്ഞതോടെ ബട്ടർഫ്ലൈ വാൽവ് അടയ്ക്കാൻ കഴിഞ്ഞതാണു ദുരന്തം ഒഴിവാകാൻ കാരണം.

കഴിഞ്ഞ ഓഗസ്റ്റ് 28ന് നേര്യമംഗലം പവർ ഹൗസിൽ 10 മെഗാവാട്ട് ആംപിയർ (എംവിഎ) ട്രാൻസ്ഫോമർ കത്തി നശിച്ചിരുന്നു. 1978 ൽ സ്ഥാപിച്ച 2 കോടിയോളം വിലയുള്ള ട്രാൻസ്ഫോമർ കത്തി നശിക്കാൻ കാരണം കാലപ്പഴക്കമാണെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇവ കൂടാതെ മലങ്കര (4.8 മെഗാവാട്ട്), വെള്ളത്തൂവൽ (1.8 മെഗാവാട്ടിന്റെ ജനറേറ്ററുകൾ) എന്നീ രണ്ടു ചെറുകിട പവർഹൗസും കുത്തുങ്കലിൽ ഒരു സ്വകാര്യ പവർഹൗസും ഇടുക്കിയിലുണ്ട്.

English Summary: Technical issues related to generators mount concerns over Idukki Power Station