ഇതിനിടെ ഒരു വെടിയൊച്ച കേട്ടു. പൊലീസുകാർ വെടിയുതിർക്കുകയാണെന്നു കരുതിയ സംഘം ചിതറിയോടി. ഇതിനിടെ കൈബോംബ് പൊട്ടി ഗോപാലൻ എന്നയാളുടെ കൈപ്പത്തി തെറിച്ചുപോയി. ഓടുന്നതിനിടെ ഓടയിൽ വീണതിനെത്തുടർന്നായിരുന്നു അത്. ഇത് സംഘത്തിന്റെ... Naxlism in Kerala | Naxal varghese

ഇതിനിടെ ഒരു വെടിയൊച്ച കേട്ടു. പൊലീസുകാർ വെടിയുതിർക്കുകയാണെന്നു കരുതിയ സംഘം ചിതറിയോടി. ഇതിനിടെ കൈബോംബ് പൊട്ടി ഗോപാലൻ എന്നയാളുടെ കൈപ്പത്തി തെറിച്ചുപോയി. ഓടുന്നതിനിടെ ഓടയിൽ വീണതിനെത്തുടർന്നായിരുന്നു അത്. ഇത് സംഘത്തിന്റെ... Naxlism in Kerala | Naxal varghese

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിനിടെ ഒരു വെടിയൊച്ച കേട്ടു. പൊലീസുകാർ വെടിയുതിർക്കുകയാണെന്നു കരുതിയ സംഘം ചിതറിയോടി. ഇതിനിടെ കൈബോംബ് പൊട്ടി ഗോപാലൻ എന്നയാളുടെ കൈപ്പത്തി തെറിച്ചുപോയി. ഓടുന്നതിനിടെ ഓടയിൽ വീണതിനെത്തുടർന്നായിരുന്നു അത്. ഇത് സംഘത്തിന്റെ... Naxlism in Kerala | Naxal varghese

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ കസ്റ്റഡി മരണങ്ങൾക്കും നഷ്ടപരിഹാരം നൽകുന്ന നയം ആവിഷ്കരിക്കണമെന്നു മുൻ നക്സലൈറ്റ് നേതാവും പൊതുപ്രവർത്തകനുമായ അഡ്വ. ഫിലിപ്.എം. പ്രസാദ്. നക്സൽവേട്ടയ്ക്കിടെ തിരുനെല്ലി കാട്ടിൽ പൊലീസ് വെടിയേറ്റു മരിച്ച വർഗീസിന്റെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് മനോരമ ഓൺലൈനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വർഗീസ് കൂടി നേതൃത്വം നൽകിയ പുൽപ്പള്ളി പൊലീസ് ക്യാംപ് ആക്രമിച്ച കേസിലെ ആറാം പ്രതിയായിരുന്നു ഫിലിപ്.എം.പ്രസാദ്.

പൊതു താൽപര്യത്തെമുൻ‌ നിർത്തി ജീവത്യാഗം ചെയ്യുന്നവർ ഏതു ചേരിയിലാണെങ്കിലും എത്ര അബദ്ധ ജഡില ലക്ഷ്യത്തിലായാലും മഹാ ത്യാഗികളാണ്. അവരെ സമൂഹം കാലക്രമേണം മത– രാഷ്ട്രീയ പരിഗണനകൾക്കപ്പുറത്ത് അംഗീകരിക്കുമെന്നതിന്റെ തെളിവാണ് വർഗീസിന് ഇപ്പോൾ കിട്ടിയ അംഗീകാരം. ത്യാഗമാണ്  ആ അംഗീകാരത്തിന്റെ മാനദണ്ഡമെന്നു തെളിയുന്നു. പക്ഷേ ഭൗതിക തലത്തിൽ വളരെ ഗഹനമായ ഒരു ആനുകാലിക പ്രാധാന്യം ഇതിനുണ്ട്. എല്ലാ കസ്റ്റോഡിയൽ  മരണങ്ങൾക്കുമെതിരായ സന്ദേശമാണിത്. 

ഫിലിപ് എം.പ്രസാദ്
ADVERTISEMENT

മരണം കസ്റ്റഡിയിൽ വച്ചുള്ള മർദനം കാരണമെന്നു തെളിഞ്ഞാൽ കുറ്റവാളിയെ കണ്ടെത്താൻ ആയില്ലെങ്കിൽ പോലും സാമ്പത്തികമായി നഷ്ടപരിഹാരം നൽകാൻ സർക്കാർ ഇനി മുതൽ ബാധ്യസ്ഥമാകും. ഇനിയെങ്കിലും ഇതു കീഴ്‌വഴക്കമായി അംഗീകരിച്ച് കസ്റ്റഡി മരണങ്ങൾക്കു നഷ്ടപരിഹാരം നൽകുന്ന ഒരു നയം ആവിഷ്കരിക്കണം. ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കും ഇതു ബാധകമാകും. ഭാവിയിൽ അവ ഏറ്റുമുട്ടലല്ല, കസ്റ്റഡി മരണമാണെന്നു തെളിഞ്ഞാൽ– അദ്ദേഹം പറഞ്ഞു. 

കസ്റ്റഡി മരണങ്ങളെപ്പറ്റി ഫിലിപ് എം. പ്രസാദ് പറയുമ്പോൾ അതിന് പശ്ചാത്തലമൊരുക്കിയ കേരളത്തിന്റെ നക്സൽ പോരാട്ട ദിനങ്ങളെക്കുറിച്ചും അറിയേണ്ടതുണ്ട്. സംസ്ഥാന ചരിത്രത്തിൽ ചോരപ്പാടുകൾ വീഴ്‌ത്തിയ ആ സംഭവവികാസങ്ങളിലേക്ക്..

തലശേരി പുൽപള്ളി–ഒരു പാതിരാ കലാപത്തിന്റെ കഥ

വയനാട്ടിലെ പുൽപള്ളി പൊലീസ് ക്യാംപ് ആക്രമിച്ച് വയർലസ് ഓപറേറ്ററെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് എ. വർഗീസെന്ന നക്സൽ വർഗീസ് കൊല്ലപ്പെടുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയുള്ള മരണമായിരുന്നു വർഗീസിന്റേതെന്നാണ് കേരള സമൂഹം വിശ്വസിച്ചതെങ്കിലും അത് കൊലപാതകമായിരുന്നുവെന്നു കാലം തെളിയിക്കുകയായിരുന്നു. വർഗീസിന്റെ വധത്തിനു പിന്നിലെ പിന്നാമ്പുറങ്ങൾ തേടി കേരള ചരിത്രത്തിലെ ചോരയും കണ്ണീരും നിറഞ്ഞ ഒരു ചരിത്രത്തിലേക്ക് നമുക്ക് തിരിഞ്ഞു നടക്കാം.

നക്സൽബാരി ഗ്രാമത്തിൽനിന്നുള്ള കാഴ്ച. (File Photo: AFP PHOTO/DIPTENDU DUTTA)
ADVERTISEMENT

ബ്രിട്ടിഷുകാർക്കെതിരായി കേരള വർമ പഴശ്ശിരാജ ഒളിപ്പോരിനു തിരഞ്ഞെടുത്ത വയനാട്ടിലെ തിരുനെല്ലി, പുൽപള്ളി മലനിരകൾക്ക് ഐക്യ കേരളം രൂപം കൊണ്ട് 12 വർഷം കഴിഞ്ഞിട്ടും  വലിയ മാറ്റങ്ങളുണ്ടായിരുന്നില്ല. ഇവിടെയാണ് കേരള ചരിത്രത്തിലെ സംഭവ ബഹുലമായ മറ്റൊരധ്യായത്തിന്റെ രംഗങ്ങൾ അരങ്ങേറിയത്. 1968 നവംബർ 21 മുതൽ 24 വരെയുള്ള  തീയതികളിലാണത്. തലശേരി പുൽപള്ളി സംഭവമെന്നറിയപ്പെട്ട  ഈ പാതിരാ കലാപത്തിനു പിന്നിലും ഒരു ചരിത്രമുണ്ട്. അതിലൂടെ നോക്കുമ്പോൾ ഒരു വിശാല കാൻവാസ് തെളിഞ്ഞുകാണാം–ബംഗാളിലെ നക്സൽബാരി. നേപ്പാളിനോട് അതിർത്തി പങ്കിടുന്ന ഹിമാലയത്തിന്റെ താഴ്‌വാരം. ‌‌

1967ലാണ് അവിടെ കർഷകരുടെ സായുധ കലാപമുണ്ടായത്. രണ്ടുകുട്ടികളടക്കം 11 പേർ അന്നു കൊല്ലപ്പെട്ടു. ജന്മിത്വത്തിനെതിരായ ഉന്മൂലന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണതു നടന്നത്. ചൈനയിൽ ചെയർമാൻ മാവോയുടെ സാം‌സ്കാരിക വിപ്ലവത്തിൽനിന്നും ലോങ് മാർച്ചിൽനിന്നും  ആവേശമുൾക്കൊണ്ട് ചാരു മജുംദാർ ഇന്ത്യയിൽ രൂപപ്പെടുത്തിയ ആശയത്തിന്റെ അനുരണനം. അതു രാജ്യത്തെമ്പാടുമുള്ള തീവ്ര ഇടതു ചിന്താഗതിക്കാരുടെ സിരകളെ ചൂടു പിടിപ്പിച്ചു. ജന്മിത്വത്തിന്റെ ഉന്മൂലനം സ്വപ്നം കണ്ട അവർ സ്വന്തം കർമ പദ്ധതികൾ ആവിഷ്കരിച്ചു. അതിലൊന്നാണു കേരളത്തിലെ നക്സലൈറ്റുകൾ നടപ്പിലാക്കാൻ ശ്രമിച്ചത്.    

തലശേരി, പുൽപള്ളി പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ച് ആയുധം ശേഖരിക്കുക. അതുമായി ലോങ് മാർച്ച് നടത്തി തിരുനെല്ലിയിൽ സന്ധിക്കുക, ജന്മികളെ ഉന്മൂലനം ചെയ്തു വയനാട് പിടിച്ചടക്കുക. അങ്ങനെ ഗ്രാമീണരും നിസ്സഹായരുമായ ആദിവാസികളെ സംഘടിപ്പിച്ച് ഒരു നഗരം കീഴടക്കി ഭരണകൂടത്തെ ഞെട്ടിക്കുകയെന്നതായിരുന്നു പദ്ധതി. അതിനായി നാലു പേരുടെ നേതൃത്വത്തിൽ നാലു സംഘങ്ങൾ രൂപീകരിച്ചു. തലശേരിയിൽ ഒത്തു ചേർന്ന സംഘം നവംബർ 22നു രാത്രി  തലശേരി പൊലീസ് സ്റ്റേഷനിലേക്കു നീങ്ങി. സ്റ്റേഷനിലേക്കു ബോംബെറിഞ്ഞു. അതു പൊട്ടുന്നതിനു പകരം ജനൽ ചില്ലകൾ തകർത്തു. പൊലീസുകാർ ഉണർന്നപ്പോഴേക്കും സംഘം ചിതറി ഓടിക്കഴിഞ്ഞിരുന്നു. 

മന്ദാകിനി നാരായണൻ (ഫയൽ ചിത്രം: മനോരമ)

ആക്രമണത്തെപ്പറ്റി മുൻകൂർ സൂചന കിട്ടിയിരുന്ന പൊലീസുകാർ വെടിയുതിർത്തപ്പോൾ സംഘം രക്ഷപ്പെട്ടതാണെന്നും ഒരു കഥയുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും സ്റ്റേഷൻ ആക്രമിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അതു പൊലീസ് വിശ്വസിച്ചിരുന്നില്ലെന്നും മുൻകരുതൽ എടുത്തില്ലെന്നും മുൻ‌ നക്സലൈറ്റ്  നേതാവു കൂടിയായ ഫിലിപ്.എം. പ്രസാദ് പറയുന്നു. സംഭവം നടന്ന് 48 മണിക്കൂറിനു ശേഷമാണ് പുൽപള്ളി മലബാർ പൊലീസ് ക്യാംപിനു നേരെ ആക്രമണമുണ്ടായത്.1968 നവംബർ 24ന് അവിടുത്തെ ദേവസ്വം ഊട്ടുപുരയിലായിരുന്നു വയർലസ് സംവിധാനങ്ങളുള്ള ക്യാംപ് പ്രവർത്തിച്ചിരുന്നത്.

ADVERTISEMENT

കുടിയേറ്റക്കാർ കൈവശപ്പെടുത്തിയ പുൽപള്ളി ദേവസ്വം വകയായിരുന്ന 15,000 ഏക്കർ ഭൂമി ഒഴിപ്പിക്കാൻ വേണ്ടി എത്തിച്ച എംഎസ്‌പിക്കാരാണവിടെ  ക്യാംപ് ചെയ്തിരുന്നത്. സബ് ഇൻസ്‌പെക്‌ടർ അലക്സാണ്ടർ എന്ന അല്ലപ്പനെ ആക്രമിച്ച് സർക്കാരിനെതിരെ സായുധ വിപ്ലവം നടത്തുകയായിരുന്നു ലക്ഷ്യം. എ. വർഗീസ്, കെ.അജിത, കിസാൻ തൊമ്മൻ, സി.എസ്.ചെല്ലപ്പൻ, എടൂർ ജോസഫ്, തേറ്റമല കൃഷ്‌ണൻകുട്ടി, അള്ളുങ്കൽ ശ്രീധരൻ, ശശിമല രാമൻനായർ, കുഞ്ഞിരാമൻ മാസ്‌റ്റർ, ഫിലിപ് എം. പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. എന്നാൽ ആക്രമണ സമയത്ത് എസ്‌ഐ സ്‌ഥലത്തുണ്ടായിരുന്നില്ല. 

ദേവസ്വം ഭൂമിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാനെത്തിയ പൊലീസ് കുടിയേറ്റക്കാരെ ദ്രോഹിക്കുന്നുവെന്നാരോപിച്ചായിരുന്നു സ്‌റ്റേഷൻ ആക്രമിച്ചത്. ക്യാംപിലുണ്ടായിരുന്ന ഹവിൽദാർ കുഞ്ഞികൃഷ്‌ണൻ നായർ ഈ  സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എസ്ഐ ശങ്കുണ്ണിമേനോൻ, കോൺസ്റ്റബിൾ മുരളീധരൻ, പറങ്ങോടൻ എന്നിവർക്കും പരുക്കേറ്റു. 62 മുറിവുകളേറ്റ ശങ്കുണ്ണിമേനോൻ ആറുമാസത്തിനുള്ളിൽ മരിച്ചു. ആക്രമിക്കാനെത്തിയവർ സമീപത്തെ പുൽപ്പള്ളി സ്റ്റേഷനിലേക്കും മാർച്ച് നടത്തി. ഇതിനിടെ ഒരു വെടിയൊച്ച കേട്ടു. പൊലീസുകാർ വെടിയുതിർക്കുകയാണെന്നു കരുതിയ സംഘം ചിതറിയോടി. ഇതിനിടെ കൈബോംബ് പൊട്ടി ഗോപാലൻ എന്നയാളുടെ കൈപ്പത്തി തെറിച്ചുപോയി. ഓടുന്നതിനിടെ ഓടയിൽ വീണതിനെത്തുടർന്നായിരുന്നു അത്. ഇത് സംഘത്തിന്റെ ആത്മവീര്യം കെടുത്തി. 

പാളക്കൊല്ലി വഴി പാതിരി വനത്തിലൂടെ പുലർച്ചെ ചേകാടിയിലെത്തിയ സംഘം അവിടെ ഐരാടി കെ.ദാസൻ ചെട്ടി, വീരാടി തിമ്മപ്പൻ ചെട്ടി എന്നിവരുടെ വീടുകൾ ആക്രമിച്ചു. പണവും സ്വർണവുമെല്ലാം കവർന്ന സംഘം കബനി കടന്ന് തിരുനെല്ലിക്കാട്ടിലേക്ക് പോയി. തിരുനെല്ലി പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിനു ശേഷം കൊട്ടിയൂർ വഴി തലശേരിയിലെത്താനായിരുന്നു സംഘത്തിന്റെ പ്ലാൻ. തൊഴിൽ രഹിതരായ എണ്ണായിരത്തോളം ബീഡി തൊഴിലാളികൾ ഈ വിപ്ലവത്തിൽ അണി ചേരുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ തിരുനെല്ലിക്കാട്ടിൽതന്നെ പദ്ധതികളെല്ലാം തകിടംമറിഞ്ഞുവെന്നു മാത്രമല്ല ഉണ്ടായിരുന്ന സംഘത്തിന്റെ  അംഗബലം കുറയുകയും ചെയ്‌തു.  

അറസ്റ്റും ദയാവധവും

കെ.അജിത (ഫയൽ ചിത്രം: മനോരമ)

തുടർച്ചയായ യാത്രയും പട്ടിണിയും സംഘാംഗങ്ങളെ തളർത്തി. തൽക്കാലം പിരിയാമെന്നും പിന്നീട് ഒത്തുകൂടാമെന്നും തീരുമാനിച്ചു. മലയിറങ്ങി നാട്ടിലിറങ്ങിയപ്പോൾ അടയ്ക്കാതോടിനു സമീപത്തുവച്ച് നാട്ടുകാർ ഇവരെ തിരിച്ചറിഞ്ഞു. പള്ളിമണി മുഴങ്ങിയപ്പോൾ ജനം ഓടിക്കൂടി അജിതയുൾപ്പെടെയുള്ള നേതാക്കളെ തടഞ്ഞുവച്ച് പൊലീസിനു കൈമാറി. കെ.അജിത, ഫിലിപ്.എം.പ്രസാദ്, സി.എസ്.ചെല്ലപ്പൻ, കുനയിൽ കുഞ്ഞിരാമൻ മാസ്റ്റർ, മനയത്ത് രാമൻ, പാപ്പച്ചൻ, എം.എൻ.പീതാംബരൻ, ഒ.സഹോദരൻ, എം.എൻ‌.രാജൻ, തങ്കപ്പൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 1600 രൂപ, കത്തി, ട്രാൻസിസ്റ്റർ, കമ്പിളി വസ്ത്രങ്ങൾ എന്നിവ പിടിച്ചെടുത്തു. ഈ സംഘത്തിലെ കിസാൻ തൊമ്മന് ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റതിനെത്തുടർന്നു ദയാവധത്തിനു വിധേയമാക്കിയെന്നാണു സംഘം പൊലീസിനു നൽകിയ മൊഴി.

പിന്നീട് ഇവരെ മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്കാണു കൊണ്ടുപോയത്. ഈ സ്റ്റേഷൻ ആക്രമിക്കാനും നക്സൽ സംഘം നേരത്തേ പദ്ധതിയിട്ടിരുന്നു.  ഈ അറസ്റ്റുകൾക്ക് ഏതാനും ദിവസങ്ങൾക്കു ശേഷം ഒരാൾ തൃശൂർ ടൗൺ പൊലീസ് സ്റ്റേഷനിലെത്തി. സംഭവത്തിന്റെ സൂത്രധാരനായി അറിയപ്പെട്ട കുന്നിക്കൽ നാരായണനായിരുന്നു അത്. തന്റെ ഭാര്യയും മകളും അറസ്റ്റിലായ  സാഹചര്യത്തിൽ കീഴടങ്ങുകയാണെന്നായിരുന്നത്രേ അദ്ദേഹം അറിയിച്ചത്. അപ്പോഴും എ.വർഗീസ് എന്ന മുൻനിരപ്പോരാളി കീഴടങ്ങാനോ പിടികൊടുക്കാനോ തയാറാകാതെ ഒളിവിൽതന്നെ ആയിരുന്നു. 

അജിതയെന്ന പോരാളി 

നാട്ടുകാരുടെ പിടിയിലായ സംഘത്തിൽ ഒരു വനിത മാത്രമാണുണ്ടായിരുന്നത്. 22 വയസ്സുകാരിയായ കെ. അജിത. വിപ്ലവകാരികളായ കുന്നിക്കൽ നാരായണന്റെയും മന്ദാകിനി നാരായണന്റെയും മകൾ. കുറ്റബോധമോ കൂസലോ ഇല്ലാതെയാണ് അജിത ജനക്കൂട്ടത്തെ നേരിട്ടത്. ‘നീയാണോ കുന്നിക്കൽ നാരായണന്റെ മകളെ’ന്ന ചോദ്യത്തിന് ‘എന്നെ നീയെന്നു വിളിക്കാൻ നീ ആരാടാ’ എന്നായിരുന്നു അവരുടെ മറു ചോദ്യം. കൂട്ടത്തിലൊരാൾ സംഘത്തിൽനിന്നു പിടിച്ചെടുത്ത പോസ്റ്റർ ഉയർത്തിക്കാട്ടി ഇതാണോ നിങ്ങളുടെ നേതാവ് മാവോയെന്നു ചോദിച്ചു. ‘ഞങ്ങളുടെ നേതാവിനെ അപമാനിക്കരുതെന്നായിരുന്നു പ്രതികരണം’.  

‘ആശയങ്ങളെ തടവിലിടാനാവില്ല’

തലശേരി പുൽപള്ളി ആക്രമണ കേസിൽ 149 പ്രതികളാണുണ്ടായിരുന്നത്. അതിൽ 65 പേരെ ആദ്യഘട്ടത്തിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കി. ബാക്കിയുള്ളവർക്കെതിരെയാണു നടപടിയുണ്ടായത്. സംഭവം നടന്ന് അഞ്ചുവർഷം തികയാൻ ഒരുമാസം മാത്രം അവശേഷിക്കേ ഈ  കേസിൽ അജിതയും ഫിലിപ്.എം.പ്രസാദും ഉൾപ്പെടെ 12 പ്രതികളെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജീവപര്യന്തം തടവിനു ശിക്ഷിച്ചു തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ കുന്നിക്കൽ നാരായണൻ ഉൾപ്പെടെയുള്ള പ്രതികളെ 3 വർഷം കഠിന തടവിനും ശിക്ഷിച്ചു.

മാവോ സാഹിത്യവും ബർട്രാൻഡ് റസ്സലിന്റെ ചിന്തകളുമൊക്കെ ഉദ്ധരിച്ചു തയാറാക്കിയ വിധി പകർപ്പിൽ ഡിവിഷൻ ബഞ്ചിലെ ജസ്റ്റിസുമാരായ പി.നാരായണപിള്ളയും യു.മൊയ്തുവും ഇങ്ങനെ വിലയിരുത്തി: ‘തങ്ങൾ വിശ്വസിച്ച ആശയം പ്രചരിപ്പിക്കാൻ ഇറങ്ങിതിരിച്ച നിരാശരായ ഒരുകൂട്ടരാണിവർ. അതിനു തിരഞ്ഞെടുത്ത മാർഗം നിയമത്തിനെതിരായി’ ‘ഒരു മനുഷ്യനെ മാത്രമേ തുറുങ്കിലിടാൻ സാധിക്കൂ, അവന്റെ ചിന്തകളെയും വിചാരങ്ങളെയും തുറുങ്കിലടയ്ക്കുവാൻ കഴിയുകയില്ല’ എന്നായിരുന്നു  ജസ്റ്റിസ് നാരായണ പിള്ള വിധിന്യായത്തിൽ കുറിച്ചത്. ഈ കേസിൽ അജിത ഉൾപ്പെടെയുള്ള ഏഴുപ്രതികളുടെ ജീവപര്യന്തം ഏഴു വർഷമായി സുപ്രീം കോടതി ഇളവു ചെയ്തു. പല കാലങ്ങളിൽ ശിക്ഷ അനുഭവിച്ച ഫിലിപ്.എം. പ്രസാദ് ഉൾപ്പെടെയുള്ള 28 പേരെ വെറുതെ വിട്ടു. പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്താനാകില്ലെന്നും പൊതു ഉദ്ദേശ്യത്തോടെയുള്ള സംഘം ചേരൽ, ഭവന ഭേദനം എന്നീ കുറ്റങ്ങൾ മാത്രമേ നിലനിൽക്കുള്ളൂവെന്നും സുപ്രീംകോടതിയും വ്യക്തമാക്കി.  

വർഗീസിനു നഷ്ടപ്പെട്ടത്...

ജയിൽ ജീവിതം തലശേരി–പുൽപള്ളിക്കലാപത്തിൽ പങ്കെടുത്തവർ തമ്മിലുള്ള അകലം വർധിപ്പിക്കുകയാണുണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തർക്കങ്ങളിലും പിണക്കങ്ങളിലും കയ്യേറ്റത്തിലുംവരെ പലപ്പോഴുമെത്തി. ജയിൽ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ പലപ്പോഴും പിന്തിരിപ്പിച്ചിരുന്നത്. എന്നാൽ പിൽക്കാലത്ത് ജയിൽ മോചിതരായപ്പോഴും ഇവരിൽ പലരും തമ്മിലുള്ള അകൽച്ചയ്ക്കു കുറവു വന്നില്ലെങ്കിലും അവരെല്ലാം   പൊതു ജീവിതത്തിലെ മുഖ്യധാരയോട് അലിഞ്ഞു ചേരുകയും തീവ്ര വിപ്ലവധാരയോടു വിടപറയുകയും ചെയ്തു. അവരിലെ മാറ്റങ്ങൾ പൊതു സമൂഹം ഉൾക്കൊണ്ടിട്ടുണ്ട്. എന്നാൽ ഇതെല്ലാം നിഷേധിക്കപ്പെട്ട ഒരാളുണ്ട്. കലാപത്തിനെ മുന്നിൽ നിന്നു നയിച്ച എ.വർഗീസെന്ന യുവാവ്. 

വഴിത്തിരിവായ വെളിപ്പെടുത്തൽ

രാമചന്ദ്രൻ നായർ (ഫയൽ ചിത്രം: മനോരമ)

പൊലീസുമായുള്ള ഏറ്റുമുട്ടലിലാണു വർഗീസ് മരിച്ചതെന്നായിരുന്നു അന്നത്തെ പ്രചാരണം. എന്നാൽ വർഷങ്ങൾക്കു ശേഷം നക്‌സലുകളെ അമർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സിആർപിഎഫ് സംഘത്തിൽ ഹവിൽദാർ ആയിരുന്ന രാമചന്ദ്രൻ നായരുടെ കുറ്റ സമ്മതം പുറത്തുവന്നു. നിരായുധനായി പിടികൂടിയ വർഗീസിനെ പൊലീസ് കൊലപ്പെടുത്തിയെന്നായിരുന്നു ആ വെളിപ്പെടുത്തൽ. അന്നത്തെ ഡിവൈഎസ്പി ലക്ഷ്മണയുടെ നിർദേശ പ്രകാരം താൻ വെടി ഉതിർക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതു വിവാദമായി കത്തിപ്പടർന്നു. 

കേസന്വേഷണം  സിബിഐ ഏറ്റെടുത്തു. അതിന്റെ വിചാരണയ്ക്കിടയിൽ രാമചന്ദ്രൻ നായർ ലോകത്തോടു വിട പറഞ്ഞു. എന്നാൽ സംഭവ സമയത്ത് പൊലീസ് കോൺസ്റ്റബിൾ ആയിരുന്ന ഹനീഫ തിരുവനന്തപുരം വിതുരയിലെ തന്റെ വീട്ടിൽവച്ച്  2010 മേയ് 21നു  മൂന്നു മണിക്ക് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് ആർ.ആർ. കമ്മത്തിനു സ്പെഷൽ പ്രോസിക്യൂട്ടർ വൈക്കം എൻ. പുരുഷോത്തമൻനായരുടെ സാന്നിധ്യത്തിൽ നൽകിയ മൊഴിയാണു കേസിൽ പിന്നീടു നിർണായകമായത്.  

ഹനീഫയുടെ മൊഴി

1970 ഫെബ്രുവരി 18നു രാവിലെ 6.15നും 6.30നുമിടയ്‌ക്കു തിരുനെല്ലി ക്ഷേത്രത്തിനടുത്തുള്ള ക്യാംപിൽ കിടന്നുറങ്ങുമ്പോഴാണു നക്‌സൽ വർഗീസിന്റെ ഒളിത്താവളത്തെപ്പറ്റി വിവരം കിട്ടുന്നത്. തന്റെ വീട്ടിൽ വർഗീസ് തങ്ങുന്നുണ്ടെന്ന് ആരോ ക്യാംപിലെ ഓഫിസറെ അറിയിക്കുകയായിരുന്നു. അതോടെ അങ്ങോട്ടു പോകാൻ എല്ലാവരും ഉടൻ തയാറാവാൻ ഉത്തരവായി. ഇതനുസരിച്ച് ഏഴരയോടെ ഞാനടക്കം എട്ടോ പത്തോ പേരുള്ള സംഘം ക്യാംപിൽനിന്നു വർഗീസ് ഒളിവിൽ കഴിയുന്ന വീട്ടിലേക്കു പുറപ്പെട്ടു. സ്‌ഥലത്തെത്തിയ ഉടൻ ഞങ്ങൾ വീടു വളഞ്ഞു. എസ്‌ഐയും ഒരു കോൺസ്‌റ്റബിളും ചേർന്നു വീടിന്റെ താഴു തകർത്ത് ഉള്ളിൽ കടന്നു. ഇതോടെ, നിരായുധനായിരുന്ന വർഗീസ് ഇരു കൈകളുമുയർത്തി പുറത്തേക്കു വന്നു. 

തുടർന്നു റൈഫിളിന്റെ ക്യാൻവാസ് നാടകൊണ്ടു വർഗീസിന്റെ ഇരുകൈകളും പിന്നോട്ടാക്കി കൂട്ടിക്കെട്ടി റോഡിലൂടെ നടത്തിക്കൊണ്ടു പോന്നു. വർഗീസിനെ പിടിച്ച വിവരം ‘വാക്കി ടോക്കി’ വഴി അപ്പോൾതന്നെ മാനന്തവാടി സ്‌റ്റേഷനിൽ അറിയിച്ചു. വർഗീസുമായി നടക്കുന്നതിനിടെ പൊലീസ് ജീപ്പ് എത്തി; വർഗീസും രാമചന്ദ്രൻ നായരും ഞാനും ജീപ്പിൽ കയറി മാനന്തവാടിയിലേക്കു പുറപ്പെട്ടു. അരമണിക്കൂർ യാത്ര ചെയ്‌തപ്പോൾ മാനന്തവാടിയിൽനിന്നു തിരുനെല്ലിയിലേക്കുള്ള ജീപ്പ് എതിരെ വന്നു. ഡിവൈഎസ്പി കെ. ലക്ഷ്‌മണയും പി. വിജയനുമായിരുന്നു ജീപ്പിൽ. ഞങ്ങളുടെ ജീപ്പ് തിരിച്ചുവിടാൻ അവർ നിർദേശിച്ചു. വർഗീസിനെ മലമുകളിലേക്കു കൊണ്ടുപോകാനും ലക്ഷ്‌മണ ഉത്തരവിട്ടു. ഇതനുസരിച്ചു പൊലീസുകാർ വർഗീസിനെ കൊണ്ടുപോയി പാറയുടെ മുകളിൽ ഇരുത്തി. 

വയനാട്ടിലെ നക്‌സൽ വർഗീസ് സ്മാരകം

ലക്ഷ്‌മണയും വിജയനും അഭിമുഖമായി നിന്നു കുറച്ചു സമയം സംസാരിച്ചു. അതിനു ശേഷം ഒന്നൊന്നര മണിക്കൂർ അവർ വർഗീസുമായും സംസാരിച്ചു. തുടർന്നു ഞാനടക്കം നാലു പേരെ അടുത്തേക്കു വിളിച്ചു വർഗീസിനെ കൊല്ലാനാണു തീരുമാനമെന്നു ലക്ഷ്‌മണയും വിജയനും അറിയിച്ചു. ഈ ജോലി ആരു ചെയ്യുമെന്ന ചോദ്യത്തിനു രണ്ടു പേർ ചെറുതായി കൈ ഉയർത്തി; ഞാൻ കൈ കുറച്ചുകൂടി ഉയർത്തി. പക്ഷേ, രാമചന്ദ്രൻ നായർ പ്രതികരിച്ചില്ല. അതോടെ ‘തനിക്ക് ഒന്നും പറയാനില്ലേ’ എന്നായി ലക്ഷ്‌മണ. എന്നിട്ടും രാമചന്ദ്രൻ നായർ പ്രതികരിച്ചില്ല. രാമചന്ദ്രൻ നായർ തന്നെ വർഗീസിനെ വെടിവയ്‌ക്കണമെന്നായി ലക്ഷ്‌മണ; ഇല്ലെങ്കിൽ നാളത്തെ പ്രഭാതം കാണില്ലെന്നും ഭീഷണിപ്പെടുത്തി. 

വെടിവച്ചില്ലെങ്കിൽ വർഗീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടു എന്നു പത്രങ്ങളിൽ വാർത്ത വരുമെന്നു മുന്നറിയിപ്പും നൽകി. ഇതോടെ രാമചന്ദ്രൻ നായർ വർഗീസിന്റെ അടുത്തേക്കു നീങ്ങി. പോയിന്റ് 303 സർവീസ് റൈഫിൾ ഉപയോഗിച്ചു രാമചന്ദ്രൻ നായർ വെടിവയ്‌ക്കുമ്പോൾ വർഗീസ് മുദ്രാവാക്യം വിളിച്ചു. നെഞ്ചിനു മുറിവേറ്റ വർഗീസ് അപ്പോൾ തന്നെ മരിച്ചു. തുടർന്നു നാടൻ തോക്കു കൊണ്ടുവന്നു വർഗീസിന്റെ മൃതദേഹത്തിനു സമീപം വയ്‌ക്കാനും ലക്ഷ്‌മണ നിർദേശിച്ചു. രാത്രി ഏഴോടെ മറ്റുള്ളവർക്കു ചുമതല കൈമാറി ഞങ്ങൾ തിരുനെല്ലി ക്യാംപ് വിട്ടു–ഹനീഫ് പറയുന്നു. ഈ തോക്ക് ആരുടേതായിരുന്നുവെന്നതിന് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. പിൽക്കാലത്ത് ഐജിയായി വിരമിച്ച  ലക്ഷ്മണയെ കോടതി ഈ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചെങ്കിലും സർക്കാർ ശിക്ഷയിൽ ഇളവു നൽകി. 

ലക്ഷ്മണയുടെ നിലപാട്

സംഭവത്തിൽ തനിക്കു പങ്കില്ലെന്നും സിആർപിഎഫികാരാണു നക്സൽ വേട്ട നടത്തിയതെന്നുമാണു ലക്ഷ്മണയുടെ വാദം. ഏറ്റുമുട്ടലിൽ വർഗീസിനെ വധിച്ചതിന് രാമചന്ദ്രൻ നായർക്ക് സർവീസ് റിവാർഡ് ലഭിച്ചിട്ടുണ്ടെന്നും സിആർപിഎഫ് ഹവിൽദാറായിരുന്ന രാമചന്ദ്രൻ നായർക്ക് സംസ്ഥാന പൊലീസ് ഡിവൈഎസ്‌‌പിയായിരുന്ന തന്റെ ഉത്തരവ് പാലിക്കാൻ ബാധ്യതയുണ്ടായിരുന്നില്ലെന്നും ലക്ഷ്മണ വ്യക്തമാക്കുന്നു. വർഗീസ് കൊല്ലപ്പെട്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ നഷ്ടപരിഹാരത്തിനായി ഹൈക്കോടിതിയെ സമീപിച്ചത്. ഇതിനെത്തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചത്. 

English Summary: Remembering Naxal Varghese and Pulpally-Thalassery Station Attack