മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ ചോദിക്കാറുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ എന്തു സംഭവിച്ചു എന്ന്. മറ്റു സംസ്ഥാനങ്ങൾ നമ്മളെപ്പോലെ പട്ടിണി കിടക്കുകയല്ല. നമുക്ക് ആവശ്യമുള്ളതിന്റെ 15 ശതമാനം പോലും ഇവിടെ ഉൽപാദിപ്പിക്കാറില്ല. ഇനി അവർക്ക് ആവശ്യമുണ്ടെങ്കിൽ... KIIFB . Thomas Issac

മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ ചോദിക്കാറുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ എന്തു സംഭവിച്ചു എന്ന്. മറ്റു സംസ്ഥാനങ്ങൾ നമ്മളെപ്പോലെ പട്ടിണി കിടക്കുകയല്ല. നമുക്ക് ആവശ്യമുള്ളതിന്റെ 15 ശതമാനം പോലും ഇവിടെ ഉൽപാദിപ്പിക്കാറില്ല. ഇനി അവർക്ക് ആവശ്യമുണ്ടെങ്കിൽ... KIIFB . Thomas Issac

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ ചോദിക്കാറുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ എന്തു സംഭവിച്ചു എന്ന്. മറ്റു സംസ്ഥാനങ്ങൾ നമ്മളെപ്പോലെ പട്ടിണി കിടക്കുകയല്ല. നമുക്ക് ആവശ്യമുള്ളതിന്റെ 15 ശതമാനം പോലും ഇവിടെ ഉൽപാദിപ്പിക്കാറില്ല. ഇനി അവർക്ക് ആവശ്യമുണ്ടെങ്കിൽ... KIIFB . Thomas Issac

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാലത്ത് നെറ്റ്ഫ്ലിക്സിൽ തരംഗമായ ചിത്രമാണ് ‘ദ് വൈറ്റ് ടൈഗർ’. പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ അരവിന്ദ് അഡിഗയുടെ ബുക്കർ പ്രൈസ് ലഭിച്ച ‘ദ് വൈറ്റ് ടൈഗർ’ എന്ന നോവലിന്റെ  ചലച്ചിത്രാവിഷ്കാരമാണിത്. അതിൽ കോർപറേറ്റുകളോട് കണക്കു പറഞ്ഞു കൈക്കൂലി വാങ്ങിക്കുന്ന സോഷ്യലിസ്റ്റ് നേതാവായ വനിതയെ പ്രേക്ഷകർ മറക്കാൻ ഇടയില്ല. സ്വരൂപ് സമ്പത്ത് ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അവർ ഇടയ്ക്കിടയ്ക്കു പറയുന്നുണ്ട്. 

‘നിങ്ങൾ രാഷ്‌ട്രത്തിനു നികുതി നൽകുന്നില്ലല്ലോ, എനിക്കു തരൂ...’  

ADVERTISEMENT

അത് ഒരു അഭ്യർഥനയല്ല ആജ്ഞയാണ്. ഇങ്ങനെ ലക്ഷങ്ങളാണ് ഓരോ തവണയും ചോദിക്കുന്നത്.  

തിരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയപാർട്ടികളുടെ ആസ്ഥാനത്ത് കൂറ്റൻ സ്യൂട്ട്‌കേസുകളുമായി നീങ്ങുന്നവരെയും അതിൽ കാണാം. തിരഞ്ഞെടുപ്പു ചെലവുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. നിയമസഭാതിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർഥിക്കും ചെലവഴിക്കാവുന്ന തുക 35 ലക്ഷമായി തിരഞ്ഞെടുപ്പു കമ്മിഷൻ ഉയർത്തിയിട്ടുണ്ട്. അതൊന്നും കൊണ്ടു തിരഞ്ഞെടുപ്പു ജയിക്കാനാകില്ലെന്നു രാഷ്ട്രീയ പാർട്ടികൾക്കും അറിയാം. ബൂത്തുകൾ ചലിപ്പിക്കുന്നതു മുതലുള്ള  തുക പരസ്യമായി വ്യക്തമാക്കാൻ അവർ തയാറാകാറില്ല. തിരഞ്ഞെടുപ്പിന്റെ ദൈർഘ്യം എത്ര കുറയുന്നോ അത്രയും ചെലവു കുറഞ്ഞിരിക്കുമെന്ന കണക്കു കൂട്ടലിലാണ് ഭൂരിഭാഗം സ്ഥാനാർഥികളും. 

അഴിമതികളുടെ തുടക്കം തിരഞ്ഞെടുപ്പു ചെലവിൽ നിന്നാണെന്നു പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. വൻ തുകയാണ് ഈ ഘട്ടത്തിൽ സംഭാവനയായി സ്വീകരിക്കുന്നതെന്ന് ‘വൈറ്റ് ടൈഗർ’ പോലുള്ള സിനിമകൾ വ്യക്തമാക്കുന്നു. ഇതിനെയെല്ലാം പ്രതിരോധിക്കുമെന്നാണ് കേന്ദ്ര സർക്കാർ ഇലക്ടറൽ ബോണ്ട് എന്ന സംവിധാനം ആവിഷ്കരിച്ചപ്പോൾ പറഞ്ഞത്. തിരഞ്ഞെടുക്കപ്പെടുന്ന ബാങ്കുകൾ മുഖേന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 1000 രൂപ മുതൽ ഒരു കോടി വരെ രാഷ്ട്രീയ പാർട്ടികൾക്കു സംഭാവനയായി നൽകാൻ  വ്യവസ്ഥ ചെയ്യുന്നതാണിത്. സംഭാവന ചെയ്യുന്നവരുടെ വിവരം വെളിപ്പെടുത്തേണ്ടതില്ല. നികുതിയിൽനിന്ന് ഇളവു ലഭിക്കുമെന്ന ആകർഷണവുമുണ്ട്. 

ഡോ.മേരി ജോർജ്

തിരഞ്ഞെടുപ്പ് ചെലവ് സർക്കാർ നേരിട്ടു വഹിക്കുകയെന്നതാണ് മറ്റൊരു നിർദേശം. തിരഞ്ഞെടുപ്പു ചെലവു ചുരുക്കാനും അഴിമതി തടയാനും ഇതൊന്നും  പ്രായോഗികമല്ലെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ് ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് അഴിമതികളുടെ തുടക്കം ജനകീയ ബജറ്റുകളിൽനിന്നാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിലും അതാണ് സ്ഥിതി. കിഫ്ബി വഴിയെടുത്ത വായ്പ പോലും ഈ വാഗ്ദാനങ്ങൾ നിറവേറ്റാൻ വിനിയോഗിക്കപ്പെടാം. അതു കേരളത്തെ കടക്കെണിയിലേക്കു തള്ളിവിടുമെന്നത് ഉറപ്പാണ്. അതിന്റെ ഉപജ്ഞാതാവ് ഡോ. തോമസ് ഐസക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിയമസഭയിൽ ഇല്ലെന്നത് ആശങ്കാജനകവുമാണ്– അവർ പറഞ്ഞു. 

ADVERTISEMENT

തിരഞ്ഞെടുപ്പിലെ പണക്കൊഴുപ്പ്, ജനകീയ ബജറ്റുകൾ, കിഫ്‌ബി, കേരളത്തിന്റെ കിറ്റ് വിതരണം തുടങ്ങിയവയ്ക്കു പിന്നിലെ സാമ്പത്തിക ആശങ്കകളെപ്പറ്റി ഡോ.മേരി ജോർജ് സംസാരിക്കുന്നു... 

തിരഞ്ഞെടുപ്പുകൾ പണക്കൊഴുപ്പിന്റെ മേള

തിരഞ്ഞെടുപ്പ് ചെലവു സർക്കാർ വഹിക്കണമെന്നു പറയുന്നതിൽ യുക്തിയില്ല.  അതു സർക്കാർ വഹിച്ചാലും സുതാര്യത ഉണ്ടാകില്ല. ഒരു നിശ്ചിത തുക ചെലവഴിക്കാമെന്നു തീരുമാനിച്ച് സ്ഥാനാർഥികളെ അറിയിക്കും. ഓരോ മത്സരാർഥിക്കും ഒരു തുക നിശ്ചയിച്ച് ഖജനാവിൽനിന്നു കൊടുക്കും. എന്നാൽ  അത്രയും തുക മാത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ജയിക്കാൻ കഴിയില്ല. ഇവന്റ് മാനേജ്മെന്റ് വഴിക്കാണു പണം ചെലവഴിക്കുന്നത്. മത വിഭാഗങ്ങളെ കാണുമ്പോൾ അതനുസരിച്ചുള്ള തന്ത്രങ്ങൾ, തീരെ പാവപ്പെട്ടവരെ കാണുണുമ്പോൾ വേറെ തന്ത്രങ്ങൾ ഇങ്ങനെ പണം വാരിക്കോരി ചെലവഴിക്കുന്നവർക്കു മാത്രമാണ് തിരഞ്ഞെടുപ്പ് ജയിക്കാനാവുക.

അടുത്തകാലത്ത് തിരഞ്ഞെടുപ്പിന് ഉപയോഗിക്കാനായി കൊണ്ടുവന്ന വന്ന ഹവാല പണം പിടിച്ചത് വൻ വാർത്തയായിരുന്നു. പിടിച്ചെടുത്തതിൽ അധികവും  2000 രൂപയുടെ നോട്ടുകളായിരുന്നു. 2018നു ശേഷം ഇന്ത്യയിൽ രണ്ടായിരത്തിന്റെ നോട്ടുകൾ ഇറങ്ങിയിട്ടില്ലെന്നുകൂടി ഓർമിക്കണം. നമ്മുടെ കൊച്ചു  കേരളത്തിലെ  തിരഞ്ഞെടുപ്പു ചെലവിനായി എത്തിച്ച തുകയാണിത്. ആരുടെ കയ്യിലാണോ കൂടുതൽ പണം അവർക്കു വേണ്ടിയാണു ജനാധിപത്യമെന്ന സ്ഥിതിക്കു മാറ്റമൊന്നും ഇല്ലെന്നു ചുരുക്കം.

ADVERTISEMENT

പരാജയപ്പെട്ട ഇലക്ടറൽ ബോണ്ട്

ഇലക്ടറൽ ബോണ്ട് എന്ന സങ്കൽപം വന്നപ്പോൾ തിരഞ്ഞെടുപ്പിനു മുടക്കുന്ന സംഭാവനകൾക്കു മേൽ നിയന്ത്രണം വരുമെന്നാണ് എല്ലാവരും  കരുതിയിരുന്നത്. സുതാര്യമായി രാഷ്ട്രീയ പാർട്ടികൾക്കു പണം നൽകുന്ന  സംവിധാനമായിട്ടാണിത് വിഭാവനം ചെയ്തത്. ‌‌‌അതിനെ സർക്കാർതന്നെ അട്ടിമറിക്കുന്നതും നാം കണ്ടു. സംഭാവന ചെയ്തയാളുടെ പേരു വെളിപ്പെടുത്തേണ്ടതില്ലെന്ന കേന്ദ്ര നിലപാട് അതാണു വ്യക്തമാക്കുന്നത്. ഇതിനെതിരെ ചില സംഘടനകൾ സുപ്രീംകോടതിയെ സമീപിക്കുകയും കോടതി കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇങ്ങനെ ലഭിച്ച സംഭാവനയുടെ 80 ശതമാനവും മോദി സർക്കാരിലേക്കായിരുന്നെന്നും നിരീക്ഷകർ പറയുന്നു. അതു പുറത്തുവന്ന കഥകളാണ്. 

നരേന്ദ്ര മോദി

യാഥാർഥ്യം അതിനുമപ്പുറത്താണ്. കള്ളപ്പണവും ഹവാലപ്പണവുമായി ഒരുതരത്തിലും പിടിക്കാത്ത പണം തിരഞ്ഞെടുപ്പു സമയത്താണ് പുറത്തിറങ്ങുന്നത്. പ്രധാന രാഷ്ട്രീയപാർട്ടികളും നേതാക്കളും സ്ഥാനാർഥികളും പണം സ്വീകരിക്കുന്നു, ജയിക്കുന്നവർ അഞ്ചുവർഷവും പണം സ്വീകരിച്ചുകൊണ്ടിരിക്കുന്നു, തോൽക്കുന്നവർക്ക് അത് അക്ഷയ നിധിയാണ്. അവർ കേരളത്തിനു പുറത്തൊക്കെ പോയി വസ്തുക്കൾ വാങ്ങി നിക്ഷേപമാക്കി മാറ്റുന്നു. പണത്താൽ തിരഞ്ഞെടുക്കപ്പെടുന്ന പണക്കാരുടെ സർക്കാരുകളാണ് നിലവി‍ൽ വരുന്നത്. ഇനി തിരഞ്ഞെടുപ്പു കണക്കു നൽകിയാലും അത് കള്ളക്കണക്കായിരിക്കും. ഇതിനെതിരെ ജുഡിഷ്യറി വളരെ ശക്തമായ നിരീക്ഷണങ്ങളോടെ മുന്നോട്ടു വരണം.

ജനകീയ ബജറ്റുകളെന്ന തന്ത്രം

തിരഞ്ഞെടുപ്പു പ്രകടന പത്രികകളിലൂടെയല്ല ജനകീയ ബജറ്റുകളിലൂടെയാണ് സർക്കാരുകൾ പ്രലോഭനങ്ങൾ വച്ചു നീട്ടുന്നത്. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ വാഷിങ് മെഷീനാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു മെഷീന് 25,000 രൂപ കുറഞ്ഞതു ചെലവാകും. ഒന്നിച്ചു വാങ്ങിയാൽ 10,000 രൂപയ്ക്കു ലഭിക്കുമായിരിക്കും. എന്നാൽ എത്രമാത്രം തുകയാണ് അതിനു ചെലവാകുന്നത്! കണക്കെടുത്താൽ ബഹു കോടികൾ വരും. ഇതു വലിയ അഴിമതിയല്ലേ? അതിനെതിരെ ആരെങ്കിലും കേസിനു പോകുന്നുണ്ടോ?

ജനാധിപത്യത്തിന്റെ മൂല്യം കാത്തു രക്ഷിക്കണമെങ്കിൽ സർക്കാരുകളുടെ ബജറ്റ്  ജനപ്രിയ ബജറ്റുകൾ ആകാൻ പാടില്ല. ജനങ്ങളെ വെറുതെ വോട്ടു ബാങ്കുകളാക്കി സ്വാധീനിക്കുന്ന ബജറ്റിനെയാണ് ഇങ്ങനെ വിളിക്കുന്നത്. മോദി സർക്കാർ 2019ലെ തിരഞ്ഞെടുപ്പിനു മുൻപു കൊണ്ടുവന്ന ബജറ്റ് ഇത്തരത്തിൽ ഒന്നായിരുന്നു. രണ്ട് ഹെക്ടറിനു താഴെ കൃഷിഭൂമിയുള്ള കർഷകർക്ക് 2000 രൂപവീതം മൂന്നു ഗഡുവായി നൽകുമെന്നായിരുന്നു വാഗ്ദാനം. ആദ്യ ഗഡു തിരഞ്ഞെടുപ്പിനു മുൻപ് വിതരണം ചെയ്യുകയും ചെയ്തു. സ്വന്തമായി കൃഷി ഭൂമി ഇല്ലാത്തവർക്കു പോലും ഈ തുക കിട്ടിയതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.  ഉത്തരേന്ത്യയിലെ ദരിദ്ര കർഷകരെ ഇതു സ്വാധീനിച്ചിട്ടുണ്ടെന്നത് ഉറപ്പാണ്. അത്തരം നടപടികൾ ഘട്ടംഘട്ടമായി വർധിക്കുകയും വഷളാവുകയും ചെയ്യുന്നു. 

ഡോ.തോമസ് ഐസക്ക് (ചിത്രം: മനോരമ)

കേരളത്തിൽ ഡോ.തോമസ് ഐസക് കൊണ്ടുവന്ന ബജറ്റിൽ വാഗ്ദാനങ്ങൾ വാരിക്കോരി നൽകിയിരിക്കുകയാണ്. ഉദാഹരണത്തിന് സാമൂഹിക സുരക്ഷാ പെൻഷൻ വർധന. മഹാമാരിയുടെ കാലത്ത് എന്തുകൊണ്ടാണിതു കൊണ്ടുവരാതിരുന്നത്?  അന്നു ചെറിയ തോതിൽ വർധിപ്പിച്ചിരുന്നതു കാണാതിരിക്കുന്നില്ല. മഹാമാരിയുടെ ആദ്യ പാദത്തിൽ കേന്ദ്രത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് നെഗറ്റിവ് 23.9ശതമാനം ആയിരുന്നു. അക്കാലത്ത് കേരളത്തിൽ അത് നെഗറ്റീവ് 26.9 ശതമാനം ആയി. 

എപ്പോഴും കേന്ദ്രത്തിനേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്കാണ് സംസ്ഥാനം കാണിക്കുന്നത്. എന്നാൽ അത് കേന്ദ്രത്തിനേക്കാൾ വളരെ താഴെപ്പോയ ഘട്ടത്തിൽ സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിച്ചിരുന്നെങ്കിൽ മഹാമാരിയിൽനിന്ന് സംസ്ഥാനവും ജനങ്ങളും കരകയറുമായിരുന്നില്ലേ? പാവപ്പെട്ടവരുടെ കയ്യിൽ അത്രയും പണം എത്തുമായിരുന്നു. അപ്പോൾ ആ ബജറ്റിന്റെ ലക്ഷ്യം മഹാമാരിയെ അതിജീവിക്കലായിരുന്നില്ല, ജനങ്ങളെ സ്വാധീനിക്കൽതന്നെയായിരുന്നു എന്നത് ഉറപ്പ്.

‘കിറ്റ് കേന്ദ്രത്തിൽനിന്നു വാങ്ങി സ്വന്തം നേട്ടമാക്കി’

ഇതു രണ്ടും യഥാർഥത്തിൽ  2013ൽ യുപിഎ സർക്കാർ കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ബാക്കിപത്രമാണ്. അത് കേരളത്തിൽ എങ്ങനെ നടപ്പിലാക്കണമെന്നു പഠിക്കുന്ന കമ്മിറ്റിയിൽ ഞാനും ഉണ്ടായിരുന്നു. ഇന്ത്യയിലെ 68 ശതമാനം ജനങ്ങൾക്ക് ഒരു സാഹചര്യമുണ്ടായാൽ ഭക്ഷണം ഒരു അവകാശമായിതീർക്കണം. അതിന്റെ ചെലവ് കേന്ദ്രം വഹിക്കണമെന്നാണു നിയമം. ഭക്ഷ്യധാന്യങ്ങൾ, പയറു വർഗങ്ങൾ, ആട്ട, സവാള പോലുള്ള ഭക്ഷ്യ എണ്ണ എന്നിവ വിതരണം ചെയ്യണം. അതിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്നാണു നിയമം.

വിതരണത്തിനായുള്ള കിറ്റുകൾ തയാറാക്കുന്നു.

ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്ക് സൗജന്യമായും അതിനു മുകളിലുള്ളവർക്കു സൗജന്യ നിരക്കിലും നൽകണം. ഇതെല്ലാം കേന്ദ്രത്തിൽനിന്നു വാങ്ങിയിട്ട് സ്വന്തം നേട്ടമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ  ചോദിക്കാറുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ എന്തു സംഭവിച്ചു എന്ന്. മറ്റു സംസ്ഥാനങ്ങൾ നമ്മളെപ്പോലെ പട്ടിണി കിടക്കുകയല്ല. നമുക്ക് ആവശ്യമുള്ളതിന്റെ 15 ശതമാനം പോലും ഇവിടെ ഉൽപാദിപ്പിക്കാറില്ല. ഇനി അവർക്ക് ആവശ്യമുണ്ടെങ്കിൽ അതും കേന്ദ്ര  സർക്കാർ നൽകിയിരിക്കും

‘തൊഴിലുറപ്പു ഫണ്ട് അങ്ങനെ തീരും...’

തൊഴിലുറപ്പു പദ്ധതിയിൽ 90 ശതമാനം തുകയും വഹിക്കുന്നത് കേന്ദ്ര സർക്കാരാണ്. പത്തു ശതമാനം മാത്രമാണു സംസ്ഥാന വഹിക്കുന്നത്. ഈ തുകയിൽ  കേന്ദ്രം നാമമാത്രമായ വർധന മാത്രമാണു വരുത്തിയിരിക്കുകയാണ്. അതിനിടിയിലാണ് സംസ്ഥാന സർക്കാർ അതിൽ പുരുഷന്മാരെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വർഷത്തേക്കുള്ള ഫണ്ട് അങ്ങനെ തീരുമെന്നതാണ് അനന്തര ഫലം. കേന്ദ്രത്തിൽനിന്നു കിട്ടിയ ഫണ്ടും ഇനി കിട്ടാനിരിക്കുന്ന ഫണ്ടും എടുത്തു ചെലവഴിക്കുകയാണ്. താഴേത്തട്ടിൽ ഉള്ളവർക്കു തൊഴിൽ നൽകിയിട്ട് അതു ഞങ്ങളുടേതാണെന്നു പ്രചരിപ്പിക്കുന്നു.  

കുടുംബശ്രീയുടെ കാര്യവും ഇങ്ങനെതന്നെ. അവർക്കു  പദ്ധതികൾ വാരിക്കോരി നൽകുകയാണ്. തമിഴ്നാട്ടിൽ വോട്ടു കിട്ടാൻ വാഷിങ് മെഷീൻ നൽകുന്നതു പോലെയാണ് കേരളത്തിൽ കിറ്റിൽ കൂടുതൽ ഇനങ്ങൾ കൂട്ടിച്ചേർക്കുന്നത്. അതിന്റെ തുക  ഖജനാവിൽനിന്ന് എടുക്കുകയാണ്. ഇത്തവണ മാർച്ച്–ഏപ്രിലിലെ ശമ്പളം നൽകാൻ 1000 കോടി കടം എടുക്കുകയാണ്. അതിൽനിന്നാണ് ശമ്പള കുടിശ്ശികയും സാമൂഹിക സുരക്ഷാ പെൻഷന്റെ തുകയും നൽകുന്നത്. ഇത് തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടല്ലേ? കഴിഞ്ഞ രണ്ടു ബജറ്റിലും ഇത്തരം വാഗ്ദാനങ്ങൾ മാത്രമേയുള്ളൂ. തിരഞ്ഞെടുപ്പു കാലത്ത് ഭരണഘടന ആവശ്യപ്പെടുന്ന വോട്ട് ഓൺ അക്കൗണ്ട് മാത്രമാണ് തിരഞ്ഞെടുത്ത സർക്കാർ നടത്തേണ്ടത്. അതിന്റെ സ്ഥാനത്താണ് വാഗ്ദാനം കോരിച്ചൊരിയുന്ന ബജറ്റുകൾ വരുന്നത്. 

ഡോ.തോമസ് ഐസക്ക്

കിഫ്ബിക്ക് ഉത്തരവാദി ആര്?

കിഫ്ബി വഴി എടുക്കുന്ന വായ്പകളും  ഈ തിരഞ്ഞെടുപ്പിൽ ഒരുപാട് ഒഴുകിപ്പോകും. തിരഞ്ഞെടുപ്പിൽ ഫണ്ട് കൊടുത്ത് ചെലവു ചുരുക്കാമെന്നു പറയുന്ന സർക്കാരുകൾ  ജനകീയ ബജറ്റുകൾ കൊണ്ടുവന്ന് ഖജനാവിലെ പണം ധൂർത്ത് ചെയ്യുകയാണ്. അങ്ങനെയുള്ള സർക്കാരിന് സ്ഥാനാർഥികളോട് ഫണ്ട് കുറയ്ക്കാൻ പറയാൻ പറ്റില്ല, ഒരുപണവും നൽകാതെ സർക്കാരിന്റെ  മികവു മാത്രം കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ ഒരു പാർട്ടിക്കും ഭരണത്തുടർച്ച  സ്വപ്നം കാണാനായെന്നു വരില്ല കേരളത്തിൽ ഏറ്റവും വിവാദമായി നിൽക്കുന്ന പദമാണ് കിഫ്ബി. അതു കേരളത്തെ കടക്കെണിയിലേക്കു തള്ളിവിടുമെന്ന് ഉറപ്പാണ്, അതിന്റെ ഉപജ്ഞാതാവായ ഡോ തോമസ് ഐസക്കിന് ഈ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിട്ടുമില്ല. കിഫ്ബി വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോലും നിയമസഭയിൽ ആരും ഇല്ലാത്ത സ്ഥിതിയാണെന്നത് അങ്ങേയറ്റം ആശങ്ക സൃഷ്ടിക്കുകയാണ്.

ഡോ.ജെ.പ്രഭാഷ്

തിരഞ്ഞെടുപ്പുകൾ ഇവന്റ് മാനേജ്മെന്റുകളുടെ കെട്ടുകാഴ്ചകളാകുന്നു: ഡോ.ജെ.പ്രഭാഷ്

ഓരോ തിരഞ്ഞെടുപ്പുകളും ഇവന്റ് മാനേജ്മെന്റുകൾ നടത്തുന്ന കെട്ടു കാഴ്ചകളുമായി മാറുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ഡോ. ജെ. പ്രഭാഷ് ചൂണ്ടിക്കാട്ടുന്നു. ഇവന്റ് മാനേജ്മെന്റിലൂടെയാണ് ഇപ്പോൾ തിരഞ്ഞെടുപ്പുകൾ ജയിക്കുന്നത്. ഉദാഹരണങ്ങൾ പലതുമുണ്ട്. ഇതിലൂടെ സ്ഥാനാർഥിക്കച്ചവടമാണു നടക്കുന്നത്.  അങ്ങനെ തിരഞ്ഞെടുപ്പ് പണാധിപത്യമാവുകയാണ്. ദരിദ്രനാരായണന്മാർക്ക് പ്രതിനിധി സഭകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകണം. സാധാരണക്കാരന് അതു പ്രാപ്യമാകണം. 

പണം ഉള്ളവർക്കു മാത്രം മത്സരിക്കാം. പണമുള്ളവർക്കു മാത്രമേ സീറ്റ് ലഭിക്കുന്നുള്ളൂ. സ്ഥാനാർഥി സമ്പന്നനാണെങ്കിൽ  മറ്റു മാനദണ്ഡങ്ങളൊന്നുമില്ലാതെ മണ്ഡലത്തിലേക്കു വന്നു മത്സരിക്കാവുന്ന സ്ഥിതിയാണ്. കോടിക്കണക്കിനു രൂപയാണ് ഒരു സ്ഥാനാർഥിക്കു വേണ്ടിവരുന്നത്. ഈ തുക  വരുന്നത് അതത് കോർപറേറ്റുകളി‍ൽനിന്നാണ്. പാർട്ടിയുടെ നയംതന്നെ അവർക്ക് അനുകൂലമാകുന്നു. പണം നൽകി പാർട്ടിയുടെ നയത്തിനെ വിലയ്ക്കു വാങ്ങുകയാണ്. ഇതിനിടയിൽ  സാധാരണക്കാരനായ സ്ഥാനാർഥി പരാജയപ്പെടും. മത്സരിച്ചു ജയിച്ചയാളുടെ ആസ്തിയിൽ വൻ വർധന ഉണ്ടാകും. അങ്ങനെ  തിരഞ്ഞെടുപ്പ് കെട്ടു കാഴ്ചയാകും. ഏറ്റവും വലിയ കെട്ടുകാഴ്ചയ്ക്കാണു മാർക്കിടുന്നത്. 

ഡോ.ജെ.പ്രഭാഷ്

പിആർ എജൻസികളെ മുൻനിർത്തിയാണു തിരഞ്ഞെടുപ്പു നേരിടുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ അവഗണിക്കപ്പെടുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പ്രതിഫലിക്കാനുള്ള മുദ്രാവാക്യങ്ങൾ ഇപ്പോൾ ആവശ്യമില്ലാതായി. പിആർ, ഇവന്റ് മാനേജ്മെന്റ് വിദഗ്ധരും പ്രശാന്ത് കിഷോറിനെപ്പോലെയുള്ള തിരഞ്ഞെടുപ്പ് ആസൂത്രകന്മാരും പ്രത്യക്ഷപ്പെട്ടിട്ട് കാൽ നൂറ്റാണ്ടോളമായി. പാശ്ചാത്യ തിരഞ്ഞെടുപ്പുകളിൽ അംഗവിക്ഷേപങ്ങളം വസ്ത്രധാരണവുമൊക്കെയാണ് പ്രധാന ഘടകം. ഓരോ സ്ഥാനാർഥിയെയും എങ്ങനെ അവതരിപ്പിക്കുന്നുവെന്നതാണ് മികവിന്റെ  മാനദണ്ഡം. അതു നമ്മളും അനുകരിക്കുകയാണ്. 

സമൂഹ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിനു കോടികളാണു ചെലവഴിക്കുന്നത്. അങ്ങനെ രാഷ്ട്രീയം ഉപയോഗിച്ചു പണം ഉണ്ടാക്കുന്ന സംവിധാനത്തിലേക്കു കാര്യം മാറി, കൂടുതൽ പണ ലഭ്യത കൂടുതൽ വിജയ സാധ്യത എന്നതിലേക്കു കാര്യം മാറിയിരിക്കുന്നു. എങ്ങനെ വിജയിക്കാമെന്ന മന്ത്രം പറഞ്ഞു കൊടുക്കുന്നവർ വന്നപ്പോൾ പാർട്ടിയും ജനങ്ങളുമായി ബന്ധം മുറിഞ്ഞു പോയി. പ്രത്യയ ശാസ്ത്രം വേണ്ടാതായി. അങ്ങനെ ജനങ്ങളെ നയിക്കാൻ കഴിയാത്തവർ രംഗത്തു വരുന്നു. കള്ളപ്പണം തടയാനുള്ള  നടപടിയാണ് ഇതിനൊക്കെ പരിഹാരം. ഇലക്ടറൽ ബോണ്ട് സുതാര്യമാകണം. തിരഞ്ഞെടുപ്പു ചെലവിന്റെ പരിധിക്കുള്ളിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ചെലവും ഉൾപ്പെടുത്തണം. രാഷ്ട്രീയ പാ‍ർട്ടികൾക്കു നൽകാവുന്ന സംഭാവനകൾക്കും പരിധി വേണം, രാഷ്ട്രീയ പാർട്ടികളെയും വിവരാവകാശത്തിൽ കൊണ്ടു വരാനുള്ള സാധ്യതകൾ ആലോചിക്കണം–ജെ.പ്രഭാഷ് കൂട്ടിച്ചേർത്തു.

English Summary: PR Agencies, Social Media, Money... Changing Face of Kerala's Electoral Process