വോട്ട് ചെയ്യുന്ന ജനങ്ങൾ ജനാധിപത്യത്തെ കാണേണ്ടതു പാർട്ടിക്കു സമമായിട്ടല്ല. പാർട്ടികൾക്കു പുറത്തു സമൂഹത്തിൽ പ്രവർത്തിക്കുന്ന മൂല്യമാണു ജനാധിപത്യം. ഇതു മനസ്സിലാക്കുന്നില്ലെങ്കിൽ, ഭൂരിപക്ഷ സർക്കാർ എന്തു തോന്ന്യാസം കാണിച്ചാലും നാട് നിശബ്ദമായിരിക്കേണ്ടി വരും. വളരെ മോശം സ്ഥാനാർഥിയെപ്പോലും തിരഞ്ഞെടുക്കേണ്ട | Sunny M Kapikad | Pinarayi Vijayan | Manorama News

വോട്ട് ചെയ്യുന്ന ജനങ്ങൾ ജനാധിപത്യത്തെ കാണേണ്ടതു പാർട്ടിക്കു സമമായിട്ടല്ല. പാർട്ടികൾക്കു പുറത്തു സമൂഹത്തിൽ പ്രവർത്തിക്കുന്ന മൂല്യമാണു ജനാധിപത്യം. ഇതു മനസ്സിലാക്കുന്നില്ലെങ്കിൽ, ഭൂരിപക്ഷ സർക്കാർ എന്തു തോന്ന്യാസം കാണിച്ചാലും നാട് നിശബ്ദമായിരിക്കേണ്ടി വരും. വളരെ മോശം സ്ഥാനാർഥിയെപ്പോലും തിരഞ്ഞെടുക്കേണ്ട | Sunny M Kapikad | Pinarayi Vijayan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വോട്ട് ചെയ്യുന്ന ജനങ്ങൾ ജനാധിപത്യത്തെ കാണേണ്ടതു പാർട്ടിക്കു സമമായിട്ടല്ല. പാർട്ടികൾക്കു പുറത്തു സമൂഹത്തിൽ പ്രവർത്തിക്കുന്ന മൂല്യമാണു ജനാധിപത്യം. ഇതു മനസ്സിലാക്കുന്നില്ലെങ്കിൽ, ഭൂരിപക്ഷ സർക്കാർ എന്തു തോന്ന്യാസം കാണിച്ചാലും നാട് നിശബ്ദമായിരിക്കേണ്ടി വരും. വളരെ മോശം സ്ഥാനാർഥിയെപ്പോലും തിരഞ്ഞെടുക്കേണ്ട | Sunny M Kapikad | Pinarayi Vijayan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നു ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍, ജനാധിപത്യത്തില്‍ ഭരണത്തുടര്‍ച്ചയോ ഭരണാധികാരിയുടെ തുടര്‍ച്ചയോ അഭികാമ്യമല്ലെന്ന നിലപാട് ‘മനോരമ ഓണ്‍ലൈനുമായി’ പങ്കുവയ്ക്കുകയാണു ദലിത് ചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായ സണ്ണി എം. കപിക്കാട്. ജനാധിപത്യത്തെ കുറിച്ച് ഡോ. അംബേദ്കര്‍ അടക്കമുള്ളവര്‍ പറഞ്ഞ വേറിട്ട അഭിപ്രായങ്ങളെ പിന്‍പറ്റുന്നതു കൊണ്ടാണു താനിങ്ങനെ പറയുന്നതെന്നും സണ്ണി വ്യക്തമാക്കുന്നു.

വോട്ട് ചെയ്യുന്ന ജനങ്ങള്‍ ജനാധിപത്യത്തെ കാണേണ്ടതു പാര്‍ട്ടിക്കു സമമായിട്ടല്ല. പാര്‍ട്ടികള്‍ക്കു പുറത്തു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന മൂല്യമാണു ജനാധിപത്യം. ഇതു മനസ്സിലാക്കുന്നില്ലെങ്കില്‍, ഭൂരിപക്ഷ സര്‍ക്കാര്‍ എന്തു തോന്ന്യവാസം കാണിച്ചാലും നാട് നിശ്ശബ്ദമായിരിക്കേണ്ടി വരും. വളരെ മോശം സ്ഥാനാര്‍ഥിയെപ്പോലും തിരഞ്ഞെടുക്കേണ്ട ഗതികേട് വോട്ടര്‍മാര്‍ക്കുണ്ട്. ഒരു സര്‍ക്കാര്‍തന്നെ തുടര്‍ന്നാല്‍ മതിയെന്നു വാദിക്കുമ്പോള്‍, പുതിയ ശക്തികള്‍ രാഷ്ട്രീയ മണ്ഡലത്തിലേക്കു പ്രവേശിക്കില്ലെന്ന് ഉറപ്പുവരുത്തുക കൂടിയാണു ചെയ്യുന്നത്.

ADVERTISEMENT

കേരളത്തില്‍ ബിജെപി പ്രകടനം മെച്ചപ്പെടുത്തുകയാണ്. എല്‍ഡിഎഫിനോടും യുഡിഎഫിനോടും വിരോധമുള്ള അസംതൃപ്ത വിഭാഗങ്ങളുടെ വോട്ടാണ് അവര്‍ക്കു കിട്ടുന്നത്. രാഷ്ട്രീയ അജന്‍ഡ തീരുമാനിക്കാന്‍ ബിജെപിക്കു സാധിക്കുന്നു. രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ പറ്റാത്തതുകൊണ്ട് അവരെ ഭയപ്പെടുന്ന അന്തരീക്ഷമുണ്ട്. നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ പിണറായി വിജയനാണ്. ഭക്ഷ്യക്കിറ്റ് പിണറായി വിജയന്റെയോ എല്‍ഡിഎഫിന്റെയോ ഔദാര്യമാണ് എന്ന നിലയ്ക്കു പറയുന്നതു ശരിയല്ല. ചരിത്രത്തിന്റെ അവിഭാജ്യ ഘടകമായി പിണറായി മാറുമെന്നു വിചാരിക്കുന്നില്ലെന്നും സണ്ണി പറയുന്നു. സണ്ണി എം. കപിക്കാടുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്.

∙ ജനാധിപത്യത്തില്‍ ഭരണത്തുടര്‍ച്ചയോ ഭരണാധികാരിയുടെ തുടര്‍ച്ചയോ അഭികാമ്യമല്ല എന്നൊരു നിലപാടെടുത്തതു വിവാദമായല്ലോ?

ജനാധിപത്യമെന്നതു ഭരണസംവിധാനം മാത്രമല്ല സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനപരമായ തത്വം കൂടിയായി മനസ്സിലാക്കുന്നതു കൊണ്ടാണ് അത്തരമൊരു അഭിപ്രായം പറഞ്ഞത്. സമൂഹത്തെ കൂടുതല്‍ തുറവിയുള്ളതാക്കുകയും പുതിയ മനുഷ്യര്‍ക്കു പ്രവേശിക്കാനുള്ള ഇടമാക്കി മാറ്റുകയും എല്ലാവരുടെയും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവുകയും ചെയ്യുന്ന സക്രിയമായ സമൂഹത്തെയാണു ജനാധിപത്യസമൂഹം എന്നു വിളിക്കേണ്ടത്. അത്തരമൊരു സമൂഹത്തിന്റെ ഭാവിക്കു ഭരണത്തുടര്‍ച്ചയോ ഭരണാധികാരിയുടെ തുടര്‍ച്ചയോ അഭികാമ്യമല്ല എന്നതായിരുന്നു പ്രസ്താവന.

തിരഞ്ഞെടുപ്പിന്റെ ദ്വൈതാവസ്ഥയ്ക്കുള്ളില്‍ ഇടത് വേണോ വലത് വേണോ, ബാക്കിയെല്ലാം കുഴപ്പമാണ് എന്ന കക്ഷിരാഷ്ട്രീയ യുക്തിക്കാരാണ് ഇതിനെ വിവാദമാക്കിയത്. കോണ്‍ഗ്രസിനു വേണ്ടിയുള്ള വാദമാണ് ഇതെന്നു സ്ഥാപിക്കാന്‍ അവര്‍ ശ്രമിച്ചു. ഭരണത്തുടര്‍ച്ച അഭികാമ്യമാണോ എന്നു ചോദിക്കുമ്പോള്‍ ഞാനൊരു അഭിപ്രായം പറയുന്നു. അല്ല എന്നതാണെന്റെ നിലപാട്. മറ്റൊരു കാരണം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സങ്കുചിതത്വത്തിലല്ല, ഡോ. അംബേദ്കറെ പോലുള്ളവര്‍ മുന്നോട്ടുവച്ച സാമൂഹിക ജനാധിപത്യം എന്ന സങ്കല്‍പം ഉള്‍ക്കൊണ്ടാണു ജനാധിപത്യത്തെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളത്.

ബി.ആർ.അംബേദ്‌കർ
ADVERTISEMENT

രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഇടപാടിന്റെ തത്വം ആണത്. അതില്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നാണു സമൂഹം എപ്പോഴും പരിശോധിക്കേണ്ടത്. രണ്ടു സമൂഹങ്ങള്‍, രണ്ടു സമുദായങ്ങള്‍, രണ്ടു മതവിഭാഗങ്ങള്‍ തുടങ്ങിയ ബന്ധങ്ങളില്‍ എത്രമാത്രം ഈ പറഞ്ഞ മൂല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന പരിശോധന നടക്കേണ്ടതാണ്. മറ്റൊരു കാര്യം, 1977 വരെ കോണ്‍ഗ്രസ് മാത്രം ഭരിച്ച രാജ്യമാണ് ഇന്ത്യ. അടിസ്ഥാന വിഭാഗങ്ങളുടെ, കീഴ്ത്തട്ടിലെ മനുഷ്യരുടെ, ദരിദ്രരുടെ പ്രശ്‌നങ്ങളിലേക്ക് എത്താന്‍ പോലും കോണ്‍ഗ്രസിന്റെ ഭരണത്തിനു കഴിഞ്ഞില്ലെന്നതാണു യാഥാര്‍ഥ്യം.

പൊട്ടും പൊടിയും പോലെ ചില കാര്യങ്ങള്‍ പാവപ്പെട്ടവര്‍ക്കും കിട്ടി. ഗരീബി ഹഠാവോ പോലെ വലിയ മുദ്രാവാക്യങ്ങളും മുഴക്കിയിട്ടുണ്ട്. പക്ഷേ, ഇപ്പോഴും ലോകത്തെ പരമ ദരിദ്രര്‍ ജീവിക്കുന്ന സ്ഥലമാണ് ഇന്ത്യ. 27 കൊല്ലത്തോളം തുടര്‍ച്ചയായി ഭരിച്ചിട്ടും എന്തുണ്ടായി എന്ന ചോദ്യം നമ്മളെന്താണു ചോദിക്കാതിരിക്കുന്നത്? എടുത്തുപറയേണ്ട മറ്റൊന്ന്, ബംഗാളിലെ 34 വര്‍ഷത്തെ ഇടതുപക്ഷ ഭരണമാണ്. നന്ദിഗ്രാമിനു ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മനുഷ്യര്‍ കൂട്ടത്തോടെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കമ്യൂണിസ്റ്റ് നേതാക്കള്‍ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി.

എന്തുകൊണ്ടായിരിക്കും ജനം അങ്ങനെ പെരുമാറുന്നത്? നാട്ടിന്‍പുറത്തെ കര്‍ഷകരുടെ ആധാരം പോലും പാര്‍ട്ടി ഓഫിസുകളിലാണു സൂക്ഷിച്ചിരുന്നതെന്നു വാര്‍ത്തയുണ്ടായിരുന്നു. ഇതാണോ ജനാധിപത്യം? മനുഷ്യര്‍ക്കു മിണ്ടാന്‍ പറ്റാത്തതുകൊണ്ട് 34 വര്‍ഷം അവരൊന്നും പറഞ്ഞില്ല എന്നു മാത്രമേ അര്‍ഥമുള്ളൂ. അല്ലാതെ സദ്ഭരണം ആയതു കൊണ്ടായിരുന്നില്ല. ത്രിപുരയില്‍ ലെനിന്റെ പ്രതിമ വലിച്ചിട്ടത് ആരാണ്? തലേരാത്രി വരെ കമ്യൂണിസ്റ്റായിരുന്നവര്‍ തന്നെയാണു പിറ്റേന്നതു ചെയ്യുന്നത്. കമ്യൂണിസ്റ്റുകാരുടെ കുഴപ്പമല്ല, കോണ്‍ഗ്രസായാലും ഇതുതന്നെയാണു സംഭവിക്കുന്നത്.

ഇതൊക്കെ മനുഷ്യനെ നിശ്ശബ്ദമാക്കുകയും അധികാരം കേന്ദ്രീകരിക്കുകയും അതു ദുഷിക്കുകയും ചെയ്തതിന്റെ ലക്ഷണങ്ങളാണെന്നു മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യം ആവശ്യമില്ല. സത്യസന്ധത മാത്രം മതി. ഞാനിതു പറയുമ്പോള്‍തന്നെ ജനങ്ങള്‍ ചിലപ്പോള്‍ പിണറായി വിജയനെ വീണ്ടും തിരഞ്ഞെടുത്തേക്കാം. അതൊരു സാധ്യതയാണ്. ആ സാധ്യതയെ ചോദ്യം ചെയ്യുന്നില്ല. അങ്ങനെ തിരഞ്ഞെടുക്കുമ്പോഴും മേല്‍പറഞ്ഞ അപകടമുണ്ട്. പത്തോ ഇരുപത്തിയഞ്ചോ വര്‍ഷം പിണറായി വിജയനെ പോലുള്ള മുഖ്യമന്ത്രി കേരളം ഭരിച്ചാലുണ്ടാകാവുന്ന അപകടത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കണം. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പൗരന്റെ കടമയാണ് അത്. ഇതിനപ്പുറം യാതൊരു വിവാദത്തിനും ശ്രമിച്ചിരുന്നില്ല.

പിണറായി വിജയൻ
ADVERTISEMENT

∙ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ ഏതൊരു സര്‍ക്കാരും പാര്‍ട്ടിയും ഭരണത്തുടര്‍ച്ചയ്ക്കു തന്നെയാകും ശ്രമിക്കുക. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരും അതു ചെയ്യുന്നു. അങ്ങനെയാവരുതെന്നു പറയാനാവുമോ?

ഭരണത്തുടര്‍ച്ചയ്ക്കു വേണ്ടിയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വാദം ജനാധിപത്യത്തില്‍ അനുവദനീയമാണ്. അതങ്ങനെയാണല്ലോ നടക്കുന്നതും. എന്നാല്‍, വോട്ട് ചെയ്യുന്ന ജനങ്ങള്‍ ജനാധിപത്യത്തെ കാണേണ്ടതു പാര്‍ട്ടിക്കു സമമായിട്ടല്ല. പാര്‍ട്ടികള്‍ക്കു പുറത്തു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന മൂല്യമാണു ജനാധിപത്യം. അതിനെ സംരക്ഷിക്കാനാണു പാര്‍ട്ടികളെ തിരഞ്ഞെടുക്കുന്നത്. ഇതു ജനം മനസ്സിലാക്കുന്നില്ലെങ്കില്‍, ഭൂരിപക്ഷ സര്‍ക്കാര്‍ എന്തു തോന്ന്യവാസം കാണിച്ചാലും നാട് നിശബ്ദമായിരിക്കേണ്ടി വരും. ഉദാഹരണത്തിനു നരേന്ദ്ര മോദിയുടെ ഭരണം. എന്തെല്ലാം അക്രമങ്ങളും ഭരണഘടനാവിരുദ്ധ നടപടികളുമാണ് ഉണ്ടായത്. ഭൂരിപക്ഷ ആള്‍ക്കൂട്ട ഭരണത്തിന് എന്തുമാകാമെന്നു തെറ്റിദ്ധരിച്ച ജനതയാണു നാം.

ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നുറപ്പു വരുത്താനുമാണു മോദിയെ പ്രധാനമന്ത്രി ആക്കിയിരിക്കുന്നത്. അതല്ലാതെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും തകര്‍ക്കാനും ഭരണഘടനയെ അട്ടിമറിക്കാനുമല്ല. ഞങ്ങള്‍ക്കു വീണ്ടും ഭരിക്കണമെന്നു പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതു സ്വാഭാവികമാണ്. അങ്ങനെ ആവശ്യപ്പെടരുതെന്നു പറയാനും പറ്റില്ല. പാര്‍ട്ടികളെ കുറിച്ചല്ല, വോട്ട് ചെയ്യുന്ന പൗരന്റെ കടമയെപ്പറ്റിയാണു ഞാന്‍ പറയുന്നത്.

∙ ഭരണത്തുടര്‍ച്ച അഭികാമ്യമല്ലെന്ന വാദം ഇതിനു മുന്‍പു താങ്കളെപ്പോലുള്ളവര്‍ ഉന്നയിച്ചിട്ടില്ലെന്ന ഇടതു വിമര്‍ശനത്തോടുള്ള പ്രതികരണം?

ഇപ്പോഴാണ് ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നുവന്നത്. സ്വാഭാവികമായും മറുപടി പറഞ്ഞു. നേരത്തേ പറഞ്ഞില്ല എന്നതുകൊണ്ടു മാത്രം ഇപ്പോള്‍ പറയുമ്പോള്‍ ഒട്ടും അപ്രസക്തമാകുന്ന കാര്യമല്ല. കക്ഷി രാഷ്ട്രീയക്കാര്‍ വെറുതേ പറയുന്ന വാദമാണത്. ഞാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി വാദിക്കുന്നതായി ഇടതുപക്ഷ പ്രൊഫൈലുകളാണു വിവാദമുണ്ടാക്കുന്നത്. ഇവരെന്താണു ചെയ്യുന്നത്? ബംഗാളില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഒറ്റ മുന്നണിയാണ്. തമിഴ്‌നാട്ടിലെ മഴവില്‍ സഖ്യത്തിലും ഇരു കൂട്ടരുമുണ്ട്. കേരളത്തില്‍ മാത്രം ഇത്ര ഒച്ചയെടുക്കുന്നത് എന്തിനാണ്?

രാഷ്ട്രീയത്തില്‍ മാറിമറിയലുകള്‍ നടക്കുമെന്ന ചെറിയ വിവേകം പോലും കാണിക്കുന്നില്ല. യുഡിഎഫ് എന്തോ ഭയങ്കരമായ തകരാറുള്ളതാണെന്നും എല്‍ഡിഎഫ് പാവനമാണെന്നും പറയുന്ന കക്ഷിരാഷ്ട്രീയ യുക്തിക്കുള്ളിലാണു ഞാന്‍ പ്രതിയാകുന്നത്. കോണ്‍ഗ്രസാണ് ഒന്നാം ശത്രുവെന്നു പറഞ്ഞു ബിജെപിയുമായി സഖ്യമുണ്ടാക്കിയ പാര്‍ട്ടിയാണു സിപിഎം. ഇപ്പോഴവര്‍ ബിജെപിയാണു ശത്രുവെന്നു പറഞ്ഞു കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നു. എന്തു നിലപാടാണിവര്‍ പറയുന്നത്? ആദര്‍ശവല്‍കൃത നിലപാട് ഇവര്‍ക്കില്ലെന്നത് അനുഭവം തെളിയിച്ചിട്ടുണ്ട്. മുന്‍പ്, ഉമ്മന്‍ചാണ്ടിക്കെതിരെ പറയാതിരുന്നത് അങ്ങനെയൊരു സാഹചര്യമില്ലാതിരുന്നതിനാലാണ്.

∙ ഭക്ഷ്യക്കിറ്റ് വിതരണം, ഉയര്‍ന്ന ക്ഷേമ പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കുന്ന ഇടതു സര്‍ക്കാരിനോടുള്ള സമീപനം എന്താണ്?

പുറത്തിറങ്ങരുതെന്നു സര്‍ക്കാര്‍തന്നെ പ്രഖ്യാപിച്ചു ജനങ്ങളെ അകത്തിരുത്തിയ മഹാമാരിയുടെ ദുരന്ത കാലഘട്ടത്തില്‍, സ്വന്തം ജനതയ്ക്കു ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നതു ഗവണ്‍മെന്റിന്റെ കടമയാണെന്നു ഞാന്‍ വിചാരിക്കുന്നു. അതു വിജയകരമായി ചെയ്തതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. പിണറായി വിജയന്‍ എല്ലാ കാര്യത്തിലും കുഴപ്പക്കാരനായ മുഖ്യമന്ത്രിയാണെന്ന് അഭിപ്രായവുമില്ല. ഈ സര്‍ക്കാരിനെ പല ഘട്ടങ്ങളിലും പരസ്യമായി പിന്തുണച്ചിട്ടുണ്ട്, വിമര്‍ശിച്ചിട്ടുമുണ്ട്.

ഭക്ഷ്യക്കിറ്റ് എന്നതു പിണറായി വിജയന്റെ, എല്‍ഡിഎഫിന്റെ ഔദാര്യമാണ് എന്ന നിലയ്ക്ക് അവര്‍ പറയുന്നതു ശരിയായ രീതിയല്ല. ഒരു സര്‍ക്കാര്‍ ചെയ്യേണ്ട കടമയാണു പിണറായി സര്‍ക്കാരും ചെയ്തത്. ഇവിടെയുള്ള സംവിധാനങ്ങളുപയോഗിച്ചു ഭക്ഷ്യക്കിറ്റുള്‍പ്പെടെ ഫലപ്രദമായി വിതരണം ചെയ്യാന്‍ കഴിഞ്ഞെന്നാണു വിലയിരുത്തുന്നതും. പക്ഷേ, ഞങ്ങളുടെ ഔദാര്യമാണെന്ന തരത്തിലുള്ള വര്‍ത്തമാനമാണ് ഇതിലെ പ്രശ്‌നവും അപകടവും. പൗരന്റെ അവകാശമാണത്, കിട്ടേണ്ട കാര്യങ്ങളാണത്.

∙ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഭരണത്തുടര്‍ച്ച ഒഴിവാക്കണമെന്നാണു താങ്കള്‍ വോട്ടര്‍മാരോട് പറയുന്നത്. ഇതിനായി പ്രതിപക്ഷത്തുള്ളവരെയോ ഇഷ്ടമില്ലാത്തവരെയോ ജനം തിരഞ്ഞെടുത്ത സന്ദര്‍ഭം മുന്‍പുണ്ടായിട്ടുണ്ടോ?

നമ്മുടേതു പോലുള്ള ജനാധിപത്യ പ്രക്രിയയില്‍ വോട്ടര്‍മാര്‍ പലപ്പോഴും പ്രതിസന്ധിയില്‍ ചെന്നുപെടാറുണ്ട്. 1977 വരെയുള്ള കോണ്‍ഗ്രസിന്റെ കേന്ദ്രഭരണത്തെയും അതിന്റെ തുടര്‍ച്ചയെയും അട്ടിമറിച്ചതു ജെപിയുടെ (ജയപ്രകാശ് നാരായണ്‍) പ്രസ്ഥാനമാണ്. ഇന്ദിര ഗാന്ധിയെ തോല്‍പിച്ചുകൊണ്ട് ജെപി ബിഹാറില്‍ ആരംഭിച്ച വലിയ ജനാധിപത്യ പ്രസ്ഥാനമാണ് ആ ഭരണത്തുടര്‍ച്ചയ്ക്ക് അന്ത്യം കുറിച്ചത് എന്നു നമ്മളറിയണം. ചരിത്രത്തില്‍ അത്തരം അനുഭവങ്ങളുണ്ട്. അതുകൊണ്ടു ജെപിയുടെ പ്രസ്ഥാനം നൂറു ശതമാനം ശരിയായിരുന്നോ, മമത ശരിയായിരുന്നോ, ഉമ്മന്‍ ചാണ്ടി ശരിയായിരുന്നോ, പിണറായി ശരിയായിരുന്നോ എന്നൊന്നും ചോദിക്കുന്നതില്‍ കഥയില്ല.

ഇന്ദിര ഗാന്ധി

വളരെ മോശം സ്ഥാനാര്‍ഥിയെപ്പോലും തിരഞ്ഞെടുക്കേണ്ട ഗതികേട് വോട്ടര്‍മാര്‍ക്കുണ്ട്. മറ്റൊരു ഓപ്ഷന്‍ ഇല്ലാത്തതു കൊണ്ടാണിത്. ഒരു സര്‍ക്കാര്‍തന്നെ തുടര്‍ന്നാല്‍ മതിയെന്നു വാദിക്കുമ്പോള്‍, പുതിയൊരു സാമൂഹിക ശക്തിയും രാഷ്ട്രീയ ശക്തിയും നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിലേക്കു പ്രവേശിക്കില്ലെന്ന് ഉറപ്പുവരുത്തുക കൂടിയാണ് അവര്‍ ചെയ്യുന്നത്. അതു ജനാധിപത്യത്തിന് അനുയോജ്യമായ കാര്യമല്ല. പുതിയ വിഭാഗങ്ങള്‍ക്കും ആശയങ്ങള്‍ക്കും ശക്തികള്‍ക്കും ഇടപെടാന്‍ കഴിയുന്ന ഇടമായി ജനാധിപത്യ പ്രക്രിയ മാറണം. കേവലം ഭരണസ്ഥിരതയ്ക്കു വേണ്ടി വാദിച്ചാല്‍ ഈ മാറ്റമുണ്ടാകില്ല.

∙ പുറത്തുവന്ന ഭൂരിഭാഗം സര്‍വേകളും കേരളത്തില്‍ എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച പ്രവചിക്കുന്നു. യുഡിഎഫിന്റെ സാധ്യതകള്‍ ഇല്ലാതായെന്നാണോ സൂചന?

യുഡിഎഫിന്റെ കെട്ടുറപ്പില്ലാത്ത സംഘടനാ സംവിധാനവും ആഭ്യന്തര ശൈഥില്യവും നയപരമായ പാളിച്ചകളുമൊക്കെ അവരെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. താരതമ്യേന മെച്ചപ്പെട്ട സംഘടനാ സംവിധാനം ഉള്ളതുകൊണ്ടാണു സര്‍വേയിലെല്ലാം എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നു പറയുന്നത്. സര്‍വേ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ആരു വരുമെന്നതു വോട്ടെടുപ്പ് കഴിഞ്ഞാല്‍ മാത്രം പറയാന്‍ കഴിയുന്ന കാര്യമാണ്. നേരത്തേ, ഉത്തര്‍പ്രദേശില്‍ മായാവതി ഒറ്റയ്ക്ക് അധികാരത്തില്‍ വന്നപ്പോള്‍ ഒരു സര്‍വേയും അക്കാര്യം പ്രവചിച്ചിരുന്നില്ല.

സര്‍വേയ്ക്കായി ആരോടാണു കാര്യങ്ങള്‍ അന്വേഷിക്കുന്നത് എന്നതും പ്രധാനമാണ്. മിക്കവാറും മധ്യവര്‍ഗക്കാരുടെ അഭിപ്രായമാണു യഥാര്‍ഥത്തില്‍ തേടുന്നത്. അവരുടെ മുന്‍കൈ ഇതില്‍ വരാന്‍ സാധ്യതയുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചു ശാസ്ത്രീയമായി സര്‍വേ നടത്തി കൃത്യപ്രവചനം നടത്തുന്ന ഏജന്‍സി പോലും കുറവാണെന്നു നമ്മള്‍ കാണണം. സര്‍വേകളുടെ ഫലം യുഡിഎഫിനെ നിരാശരാക്കിയിട്ടുണ്ടാകാം. എന്നാല്‍ സര്‍വേഫലങ്ങള്‍ വോട്ടറെ സ്വാധീനിക്കുമെന്നു കരുതുന്നില്ല.

∙ കേരളത്തില്‍ ബിജെപി വോട്ടുവിഹിതം കൂട്ടിക്കൊണ്ടിരിക്കുന്നു. ബിജെപിയുടെ സാന്നിധ്യം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളെ എങ്ങനെ സ്വാധീനിക്കും? ഇടത്‌ വലത് മുന്നണി രാഷ്ട്രീയത്തിനു ഭീഷണിയാണോ?

ബിജെപി വളരുന്നുണ്ടെന്നത് ഉറപ്പാണ്. കഴിഞ്ഞതവണ മെച്ചപ്പെട്ട പ്രകടനമായിരുന്നു. ഇത്തവണ 35 സീറ്റ് കിട്ടുമെന്നും അതുവച്ചു കേരളം ഭരിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞത് അതിശയോക്തിയായാണു കാണുന്നത്. എല്‍ഡിഎഫിനോടും യുഡിഎഫിനോടും വിരോധമുള്ള അസംതൃപ്ത വിഭാഗങ്ങളുടെയും വ്യക്തികളുടെയും വോട്ടാണു ബിജെപിയില്‍ ചെന്നു ചാടുന്നത്. കേരളത്തിന്റെ രാഷ്ട്രീയ അജന്‍ഡ തീരുമാനിക്കാന്‍ ബിജെപിക്കു സാധിക്കുന്നു എന്നതാണു മറ്റൊരു കാര്യം. ബാക്കിയുള്ള പാര്‍ട്ടികള്‍ എന്തു നിലപാട് എടുക്കണമെന്നു ബിജെപിയാണു തീരുമാനിക്കുന്നത്.

രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ പറ്റാത്തതുകൊണ്ടു ബിജെപിയെ ഭയപ്പെടുന്ന അന്തരീക്ഷം കേരളത്തിലുണ്ട്. പ്രായോഗികമായി കോണ്‍ഗ്രസിനായിരിക്കും ബിജെപി വലിയ നഷ്ടമുണ്ടാക്കുക. ഇടതുപക്ഷത്തിന് അത്ര പ്രശ്‌നമുണ്ടാകില്ല. ആടിയുലയുന്ന വോട്ട് കൂടുതലുള്ളതു കോണ്‍ഗ്രസ് മുന്നണിക്കാണ്. ചില സാമൂഹിക, സാമ്പത്തിക, സാമുദായിക, മത വിഭാഗങ്ങള്‍ എന്നിവരാണു കോണ്‍ഗ്രസിനു വോട്ട് ചെയ്യുന്നത്. സംഘടനാപരമായി ഏകീകരിച്ചെടുക്കുന്ന വോട്ടുകളല്ല അവര്‍ക്കുള്ളത്. ബിജെപി പിടിക്കുന്ന വോട്ടുകളുടെ കനത്ത നഷ്ടം കോണ്‍ഗ്രസിനായിരിക്കും സംഭവിക്കുക.

∙ സാമ്പത്തിക സംവരണം നടപ്പാക്കിയ സര്‍ക്കാരാണിത്. ദലിത് വിഭാഗങ്ങള്‍ക്കും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഇതെത്ര ദോഷകരമാണ്?

സംവരണത്തിന്റെ ഭരണഘടനാ ഉദ്ദേശ്യങ്ങളെ അട്ടിമറിക്കുന്നതാണു സാമ്പത്തിക സംവരണമെന്ന വാദം. ഒഴിവാക്കപ്പെടുന്ന, മതിയായ പ്രാതിനിധ്യം കിട്ടാതെ പോയിട്ടുള്ള ജനവിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം നിയമപരമായി ഉറപ്പുവരുത്തുന്ന ഭരണഘടനാ സംവിധാനമാണു സംവരണം. അതിനു ദാരിദ്ര്യവുമായി യാതൊരു ബന്ധവുമില്ല. സംവരണമെന്ന തത്വം ഇന്ത്യയുടെ ചരിത്രത്തിലും ഭരണഘടനയിലും സ്ഥാനം പിടിച്ചത് ആരുടെ സമരങ്ങളെ തുടര്‍ന്നാണെന്നു നോക്കിയിട്ടുണ്ടോ?

ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ. രമേശ് ചെന്നിത്തല

തൊഴിലാളി വര്‍ഗമോ ദരിദ്രരോ കര്‍ഷകരോ നടത്തിയ സമരങ്ങളില്‍നിന്നല്ല, അയിത്ത ജാതിക്കാരുടെ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണു സംവരണ തത്വം രൂപം കൊള്ളുന്നത്. ഞങ്ങള്‍ അവഗണിക്കപ്പെടുന്നു, മതിയായ പ്രാതിനിധ്യം വേണമെന്നതാണു രത്‌നച്ചുരുക്കം. ഇതിനെയാണു കുചേലവൃത്തം വഞ്ചിപ്പാട്ട് പാടി നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുകസ (പുരോഗമന കലാസാഹിത്യ സംഘം) ഇറക്കിയ വിഡിയോ കണ്ടിരിക്കുമല്ലോ? എന്തു മ്ലേച്ഛമാണത്. നുണയിലധിഷ്ഠിതമായ സാമൂഹികബോധം പിന്‍പറ്റുന്ന ഇവരാണോ കമ്യൂണിസ്റ്റുകള്‍?

ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോള്‍ത്തന്നെ നിലവില്‍ 97 ശതമാനം സവര്‍ണ വിഭാഗങ്ങളുടെ കുത്തകയാണ്. ഇതു കൂടാതെയാണു സംവരണവും കൊടുക്കുന്നത്. സാമ്പത്തിക സംവരണത്തിനായുള്ള നിയമം ബിജെപി പാര്‍ലമെന്റില്‍ കൊണ്ടുവന്നപ്പോള്‍ ഇന്ത്യയിലെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ പാസാക്കപ്പെട്ടു. പാര്‍ട്ടികള്‍ക്കു വെളിയില്‍ സമുദായങ്ങളോ സമുദായ സംഘടനകളോ എന്നെപ്പോലുള്ള പൊതുപ്രവര്‍ത്തകരോ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ക്കു യാതൊരു പരിഗണനയും രാഷ്ട്രീയ സമൂഹം കല്‍പിച്ചുതന്നില്ല. എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപിക്കും സാമ്പത്തിക സംവരണ കാര്യത്തില്‍ ഒരേ നിലപാടാണ്.

∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കണമെന്നു നിലപാടെടുത്ത പിണറായി സര്‍ക്കാരിനെ പിന്തുണച്ച് ഒരുപാട് വേദികളില്‍ പ്രസംഗിച്ചയാളാണു താങ്കള്‍. ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ ഇതുമായി പൊരുത്തപ്പെടുമോ?

അന്നു പിണറായി വിജയന്‍ എടുത്ത നിലപാട് ശരിയായതു കൊണ്ട് അദ്ദേഹത്തെയും സര്‍ക്കാരിനെയും പിന്തുണച്ചു രംഗത്തുവന്നു. ആ നിലപാടിന്റെ പ്രാധാന്യമെന്തെന്നു നിരവധി വേദികളില്‍ വിശദീകരിക്കുകയും ചെയ്തു. വലതുപക്ഷ ശക്തികളുടെ സാന്നിധ്യം കണ്ടു ഭയന്നുപോയ പിണറായി വിജയനും ഇടതുമുന്നണിയും അവരുടെ നിലപാട് കയ്യൊഴിഞ്ഞു, പിറകോട്ടു പോയി. അന്നുതന്നെ പിന്തുണ പിന്‍വലിക്കുന്നുവെന്നും പ്രഖ്യാപിച്ചു. എന്റെ നിലപാടില്‍ വൈരുധ്യമില്ല. അവരാദ്യം പറഞ്ഞു സ്ത്രീനീതിക്കായി നില്‍ക്കുമെന്ന്. ഇപ്പോള്‍ ചോദിച്ചാല്‍ വ്യക്തമായൊരു ഉത്തരം പറയാനാകാത്തത്രയും ഗതികേടിലാണു കമ്യൂണിസ്റ്റുകാര്‍ പെട്ടിരിക്കുന്നത്.

ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങള്‍ ഫാഷിസ്റ്റുകള്‍ക്ക്, ബിജെപിക്ക്, മാത്രമല്ല ജനാധിപത്യവാദികള്‍ക്കും അവസരം തുറന്നുതരുന്നുണ്ട്. ആ കളിയിലാണു നമ്മള്‍ പരാജയപ്പെട്ടത്. അല്ലാതെ കളിക്കാന്‍ കളിക്കളമില്ലാതിരുന്നതു കൊണ്ടല്ല. ശബരിമല പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ ബിജെപി ഇടപെട്ടു. സമാനമായി ജനാധിപത്യത്തെയും ഭരണഘടനാ മൂല്യത്തെയും ഉയര്‍ത്തിപ്പിടിച്ച് ഇടപെടാവുന്ന അവസരം ജനാധിപത്യവാദികള്‍ക്കുമുണ്ട്. ആ ഉത്തരവാദിത്തം ഏറ്റെടുക്കാതെ, ഞങ്ങള്‍ കാണിച്ചതു മോശമായിപ്പോയി ക്ഷമിക്കണം എന്നൊക്കെ പറഞ്ഞാല്‍ എന്തു നിലപാടാണ്. അവരാണു വൈരുധ്യത്തില്‍ അകപ്പെട്ടിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ പാര്‍ട്ടികളുടെ നിലപാട് ഏതാണ്ടു തുല്യമാണ്. ആചാരലംഘനം നടത്തിയാല്‍ ജയിലിലിടും എന്നാണു യുഡിഎഫ് പറയുന്നത്. കോണ്‍ഗ്രസ് ഉണ്ടായതു പല ആചാര ലംഘനങ്ങളിലൂടെയാണ് എന്നവര്‍ക്കു മനസ്സിലായിട്ടില്ല. ആക്രമണോത്സുകമായി പ്രതിരോധിക്കുമെന്നാണു ബിജെപി പറയുന്നത്. ഞങ്ങള്‍ക്ക് അന്നു തെറ്റു പറ്റിപ്പോയി എന്നു കേരളത്തോടു ക്ഷമ ചോദിക്കുകയാണു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചെയ്തത്. ഉള്ളടക്കത്തില്‍ ഇവര്‍ തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്?

ശബരിമല, കടകംപള്ളി സുരേന്ദ്രൻ

∙ കേരളത്തിന്റെ ക്യാപ്റ്റനായും വലിയ ടാസ്‌ക് മാനേജരായും ഇടതുകേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനു ചരിത്രത്തിലുള്ള സ്ഥാനം എന്തായിരിക്കും?

ചരിത്രത്തില്‍ ഇദ്ദേഹത്തിനു വലിയ സ്ഥാനം കിട്ടുമെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. പല വിഷയത്തിലും കര്‍ക്കശമായ നിലപാടെടുക്കുന്ന വ്യക്തിയെന്ന നിലയ്ക്കാണു ക്യാപ്റ്റന്‍ എന്നെല്ലാം വിശേഷിപ്പിക്കുന്നത്. നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ പിണറായി ആണെന്നതില്‍ തര്‍ക്കമില്ല. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുള്ള നേതാവാണ് അദ്ദേഹം. അതുകൊണ്ടു മാത്രം ചരിത്രത്തിന്റെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറുമെന്നു വിചാരിക്കാന്‍ നിവൃത്തിയില്ല. വലിയ ഭരണാധികാരികളും ക്രൗഡ് പുള്ളേഴ്‌സുമൊക്കെ മുന്‍പും ഉണ്ടായിട്ടുണ്ട്. അവര്‍ ജീവിതം കൊണ്ട് എന്തു ചരിത്ര ധര്‍മമാണു നിറവേറ്റിയതെന്ന ചോദ്യം മാത്രമേ മിച്ചം വരൂ. ചരിത്രപരമായ എന്തെങ്കിലും ദൗത്യം പിണറായി വിജയന്‍ ഏറ്റെടുത്തതായോ നടപ്പാക്കിയതായോ തോന്നിയിട്ടില്ല.

∙ ‘ജനം നരകയാതന അനുഭവിക്കലാണു ജനാധിപത്യം’ എന്നാണോ സണ്ണി പറയുന്നതെന്നാണ് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ചോദിക്കുന്നത്?

ജനപ്രിയമായ ചില കാര്യങ്ങള്‍ ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തു എന്നു മാത്രമാണ് ഇദ്ദേഹത്തെപ്പോലുള്ളവര്‍ പറയാന്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ചൊരു അഭിപ്രായം മുന്നോട്ടു വയ്ക്കുമ്പോള്‍ അതേക്കുറിച്ചു സംസാരിക്കാതെ ഭരണകൂട യുക്തിക്കകത്തേക്കു കാര്യങ്ങളെ കൊണ്ടുവയ്ക്കുന്ന പരിപാടിയാണിത്. ജനം നരകയാതന അനുഭവിക്കാതിരിക്കണമെങ്കില്‍ ജനാധിപത്യം സമ്പൂര്‍ണ അര്‍ഥത്തില്‍ പ്രവര്‍ത്തിക്കണം. ഭരണാധികാരി കൊടുക്കുന്ന കിറ്റിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പറയരുത്. വിവാദ വിഡിയോ ഇറക്കിയ പുകസയുടെ നേതാവാണല്ലോ അദ്ദേഹം. അത്രയും ബുദ്ധിയും ജീര്‍ണമായ സാമൂഹികഭാവനയും ഉള്ളവരാണ് ഇവരൊക്കെ.

∙ ഉയര്‍ത്തിക്കാട്ടുന്ന നേട്ടങ്ങള്‍ക്കപ്പുറം, ഭാവിയില്‍ ദോഷങ്ങളുണ്ടാക്കുന്ന എന്തെങ്കിലും നടപടികള്‍ ഇടതു സര്‍ക്കാര്‍ ചെയ്തിട്ടുണ്ടോ?

ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്റെ കീഴിലുള്ള കേരള പൊലീസ് ചെയ്തു കൂട്ടിയ അതിക്രമങ്ങള്‍ക്ക് ആരു സമാധാനം പറയും. പട്ടികജാതി, ആദിവാസി, ദലിത് വിഭാഗങ്ങള്‍ക്ക് അഞ്ചോ പത്തോ സെന്റ് ഭൂമി നല്‍കിയിരുന്നതിനു പകരമായി ആകാശത്തു വീട് നിര്‍മിച്ചു കൊടുക്കുന്ന ഫ്ലാറ്റ് പദ്ധതി ഉണ്ടാക്കുന്ന ദുരന്തം എത്രമേല്‍ കഠിനമായിരിക്കുമെന്ന് ഇദ്ദേഹം ആലോചിച്ചിട്ടുണ്ടോ. ഭൂമി പ്രശ്‌നത്തെ പാര്‍പ്പിട പ്രശ്‌നമാക്കി ചുരുക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. മതിയായ ഭൂമി ഉണ്ടായിരിക്കെ അതേറ്റെടുത്തു ന്യായമായി വിതരണം ചെയ്യുന്നതിനു പകരം ഫ്ലാറ്റ് നല്‍കുന്നതു ജനത്തെ ദ്രോഹിക്കലാണ്.

English Summary: Sunny M Kapikad on why LDF must not win another term, Kerala Assembly Elections 2021, Exclusive Political Interview