ചെവികൾ കൊട്ടിയടച്ച്, കണ്ണുകളിൽ ഇരുൾനിറഞ്ഞ്, ചലനമറ്റ്... ബോധം തിരിച്ചുകിട്ടി ഭയവിഹ്വലതയോടെ നോക്കുമ്പോൾ കാണുന്നതു ചിതറിത്തെറിച്ച മൃതദേഹങ്ങൾ. ഞൊടിയിടയിൽ പ്രദേശമാകെ ശവപ്പറമ്പായി. കണ്ടവരും കാണാനായി ഓടിയെത്തിയവരും വാക്കുകളില്ലാതെ മിഴിച്ചുനിന്നു, എന്തു ചെയ്യണമെന്ന്... Puttingal Fire Accident

ചെവികൾ കൊട്ടിയടച്ച്, കണ്ണുകളിൽ ഇരുൾനിറഞ്ഞ്, ചലനമറ്റ്... ബോധം തിരിച്ചുകിട്ടി ഭയവിഹ്വലതയോടെ നോക്കുമ്പോൾ കാണുന്നതു ചിതറിത്തെറിച്ച മൃതദേഹങ്ങൾ. ഞൊടിയിടയിൽ പ്രദേശമാകെ ശവപ്പറമ്പായി. കണ്ടവരും കാണാനായി ഓടിയെത്തിയവരും വാക്കുകളില്ലാതെ മിഴിച്ചുനിന്നു, എന്തു ചെയ്യണമെന്ന്... Puttingal Fire Accident

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെവികൾ കൊട്ടിയടച്ച്, കണ്ണുകളിൽ ഇരുൾനിറഞ്ഞ്, ചലനമറ്റ്... ബോധം തിരിച്ചുകിട്ടി ഭയവിഹ്വലതയോടെ നോക്കുമ്പോൾ കാണുന്നതു ചിതറിത്തെറിച്ച മൃതദേഹങ്ങൾ. ഞൊടിയിടയിൽ പ്രദേശമാകെ ശവപ്പറമ്പായി. കണ്ടവരും കാണാനായി ഓടിയെത്തിയവരും വാക്കുകളില്ലാതെ മിഴിച്ചുനിന്നു, എന്തു ചെയ്യണമെന്ന്... Puttingal Fire Accident

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ഒരു നിമിഷാർധംകൊണ്ട് 110 പേരുടെ ജീവൻ അവസാനിച്ച പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിനു നാളെ അഞ്ചു വയസ്സ്. ഉറങ്ങിക്കിടന്ന കേരളത്തിന്റെ നെഞ്ചിൽ തീഗോളമായി മാറിയ സംഭവത്തിന്റെ അഞ്ഞൂറോളം ജീവിക്കുന്ന രക്തസാക്ഷികൾ ഇപ്പോഴും കൊല്ലം ജില്ലയിലുണ്ട്. ഏറ്റവും ഒടുവിൽ വെടിക്കെട്ട് ദുരന്തത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ് നാലു വർഷത്തിലേറെ അബോധാവസ്ഥയിലായിരുന്ന വെട്ടിക്കവല സ്വദേശിയായ യുവാവ് കഴിഞ്ഞ ജനുവരി 14നു മരിച്ചു. 

പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്നു (ഫയൽ ചിത്രം: മനോരമ)

ഒരു കിലോമീറ്റർ അകലെ നിന്നവർ പോലും മരിച്ചു വീണ കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് അപകടമായ പുറ്റിങ്ങൽ ദുരന്തത്തിൽ ദുരന്തം ഉണ്ടായി നാലര വർഷം പിന്നിട്ടപ്പോഴാണു കുറ്റപത്രം പോലും സമർപ്പിച്ചത്. ദുരന്തത്തിൽ 750 പേർക്കു ഗുരുതരമായി പരുക്കേറ്റു. കൈ, കാൽ, കണ്ണ് എന്നിവ നഷ്ടപ്പെട്ടവരാണ് ഏറെയും. 180 വീടുകൾ തകർന്നു. നൂറോളം കിണർ ഉപയോഗ ശൂന്യമായി. വൈദ്യുതി ബോർഡിനു ഭീമമായ നഷ്ടം ഉണ്ടായി. 110 പേർ മരിച്ച കേസിൽ 59 പ്രതികളുണ്ട്. ഇതിൽ 7 പേർ ജീവിച്ചിരിപ്പില്ല. ഉത്സവ കമ്മിറ്റി ഭാരവാഹികൾ, വെടിക്കെട്ടിനു കരാർ എടുത്തവർ, കരാറുകാരുടെ സ്ഥിരം തൊഴിലാളികൾ, ദിവസ വേതന തൊഴിലാളികൾ എന്നിവർ ഉൾപ്പെട്ടതാണു പ്രതിപ്പട്ടിക. 

ADVERTISEMENT

അന്നു പുലർച്ചെ 03.11

2016 ഏപ്രിൽ 9നു നടന്ന ഉത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടാണ് ദുരന്തമായത്. 10നു പുലർച്ചെ ആയിരുന്നു പൊട്ടിത്തെറി. ആഘോഷത്തിന്റെ രാവ് അവസാന നിമിഷത്തിലേക്ക് അടുക്കുമ്പോഴായിരുന്നു ആ നിമിഷം. എന്തെന്നോ ഏതെന്നോ അറിയാത്തൊരു പ്രകമ്പനം. അതുവരെ അനുഭവിച്ച ആവേശത്തിന്റെ തുടർതരംഗങ്ങളെ നിശ്ചലമാക്കിയ ഉഗ്രവിസ്ഫോടനം. ചെവികൾ കൊട്ടിയടച്ച്, കണ്ണുകളിൽ ഇരുൾനിറഞ്ഞ്, ചലനമറ്റ്... ബോധം തിരിച്ചുകിട്ടി ഭയവിഹ്വലതയോടെ നോക്കുമ്പോൾ കാണുന്നതു ചിതറിത്തെറിച്ച മൃതദേഹങ്ങൾ. ഞൊടിയിടയിൽ പ്രദേശമാകെ ശവപ്പറമ്പായി. കണ്ടവരും കാണാനായി ഓടിയെത്തിയവരും വാക്കുകളില്ലാതെ മിഴിച്ചുനിന്നു, എന്തു ചെയ്യണമെന്ന് ആർക്കുമറിയില്ലായിരുന്നു.

പുറ്റിങ്ങൽ വെടിക്കെട്ടപകടത്തെത്തുടർന്നുണ്ടായ നാശനഷ്ടം (ഫയൽ ചിത്രം: മനോരമ)

പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടുകാണാൻ ശനിയാഴ്ച സന്ധ്യയോടെ ആയിരങ്ങളാണ് അണിനിരന്നത്. നോട്ടിസിൽ മൽസരക്കമ്പം (വെടിക്കെട്ട്) ഉണ്ടെന്നു പറഞ്ഞിരുന്നു. ഈ ആവേശത്താലും അവധി ആയിരുന്നതിനാലും വിവിധ ദേശങ്ങളിൽനിന്നുള്ളവർ ക്ഷേത്രവളപ്പിലും സമീപത്തെ കെട്ടിടങ്ങൾക്കു മുകളിലും ആകാശാദ്ഭുതം കാണാൻ കാത്തിരുന്നു. എന്നാൽ, ജില്ലാ കലക്ടർ ഇടപെട്ട് മൽസരക്കമ്പത്തിന് അനുമതി നിഷേധിച്ചിരുന്നു. രാത്രി 11.55നു വെടിക്കെട്ട് ആശാൻ വർക്കല കൃഷ്ണൻകുട്ടി ശ്രീകോവിലിൽ പോയി ദീപം സ്വീകരിച്ചു. ക്ഷേത്രത്തിന്റെ നാലുവശത്തു കെട്ടിയിരുന്ന മാലപ്പടക്കങ്ങളിലേക്കാണ് ആദ്യം അഗ്നി പകർന്നത്. പതിവിനു വിപരീതമായി ഈ മാലപ്പടക്കത്തിനൊപ്പം ഉഗ്രശേഷിയുള്ള അമിട്ടുകളും കെട്ടിയിരുന്നു.

പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്നു (ഫയൽ ചിത്രം: മനോരമ)

ഇതു പൊട്ടിയപ്പോൾ തന്നെ പ്രകമ്പനം ഉണ്ടായി. പത്തുമിനിറ്റുകൊണ്ടു മാലപ്പടക്കങ്ങൾ പൊട്ടിത്തീർന്നു. അഗ്നിശമനസേന വെള്ളം തളിച്ചശേഷം ക്ഷേത്രത്തിനു മുന്നിലെ വെടിക്കെട്ടുൽസവത്തിനു തുടക്കമിട്ടു. വട്ടിക്കെട്ടു പടക്കങ്ങൾ പൊട്ടിച്ചാണു തുടക്കമിട്ടത്. ഇതിൽ നാലായിരത്തോളം പടക്കങ്ങളാണു പൊട്ടിയമർന്നത്. ഇത് അവസാനിക്കാൻ ഒരു മണിക്കൂർ വേണ്ടിവന്നു. പിന്നാലെയാണ് അമിട്ടുകളുടെ വർണപ്രപഞ്ചം ആരംഭിച്ചത്. മണ്ണിൽ കുഴിച്ചു നിർത്തിയിരുന്ന ഇരുമ്പു കുഴലുകളിൽ അമിട്ടുകൾ നിറച്ചു. തെക്കേ കമ്പപ്പുരയിൽ ശേഖരിച്ചിരുന്ന അമിട്ടുകൾ നിരനിരയായി നിന്ന ആൾക്കാർ കൈമാറിക്കൈമാറി ഇരുമ്പു കുഴലുകൾക്കടുത്ത് എത്തിച്ചുകൊണ്ടിരുന്നു; ആശാന്മാരും സഹായികളും നിറച്ചുകൊണ്ടിരുന്നു. 

ADVERTISEMENT

ഇതിനിടെ അമിട്ടു നിറച്ച ഇരുമ്പ് പൈപ്പ് ചരിഞ്ഞപ്പോൾ അതിനുള്ളിൽ ഇരുന്ന് അമിട്ടു പൊട്ടി. ഇതിന്റെ ചീളുകൾ തെറിച്ചു രണ്ടുപേർക്കു പരുക്കേറ്റു. പതിവില്ലാത്ത സംഭവം ഉണ്ടായതിനാൽ പൊലീസ് ഇടപെട്ടു. അൽപനേരം വെടിക്കെട്ടു നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും കമ്പക്കാർ അനുസരിച്ചില്ല. ജനക്കൂട്ടത്തിന്റെ ആവേശത്തിനൊപ്പം ചേർന്ന് അവർ അമിട്ടു പൊട്ടിക്കൽ തുടർന്നു. കഴക്കൂട്ടം സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വെടിക്കെട്ടുസംഘവും ചേർന്നതോടെ വെടിക്കെട്ടു ശബ്ദം ദിക്കുകൾ കടന്നുപോയി. വൈകാതെ വെടിക്കെട്ട് ആശാന്മാർ മൽസരിക്കുന്ന മുഖാമുഖം ആരംഭിച്ചു. വർക്കല കൃഷ്ണൻകുട്ടിയായിരുന്നു സുരേന്ദ്രന്റെ എതിർവശത്ത്. വിവിധ ഇനങ്ങളുമായി ഇവർ മൽസരിച്ചു.

പുറ്റിങ്ങൽ വെടിക്കെട്ടിൽ വിജയിക്കു നൽകാനായി വച്ചിരുന്ന ട്രോഫി അവശിഷ്ടങ്ങൾക്കിടയിൽ (ഫയൽ ചിത്രം: മനോരമ)

ഇതിനിടെ ഇരുമ്പു കുഴൽ ചരിഞ്ഞു. ഇതിനുള്ളിലെ അമിട്ടു കത്തി വെടിമരുന്നുകൾ കൈമാറിക്കൊണ്ടിരുന്നവരുടെ അടുത്തേക്കു വീണു. സമയം 03.11. നിമിഷനേരം വേണ്ടിവന്നില്ല, കോൺക്രീറ്റിൽ നിർമിച്ചിരുന്ന തെക്കേ കമ്പപ്പുരയാകെ പൊട്ടിത്തെറിച്ചു. അടുത്തുനിന്നവർക്ക് ഒന്നു ചലിക്കാൻ പോലും സാധിച്ചില്ല. അപ്പോഴേക്കും അവർ കരിഞ്ഞു വീഴുകയായിരുന്നു. വെടിക്കെട്ട് ഉള്ളതിനാൽ ക്ഷേത്രവളപ്പിൽ രാത്രി അഗ്നിശമനസേന വെള്ളം ഒഴിച്ചിരുന്നു. ചെറുകുഴികളിൽ വെള്ളം കെട്ടിക്കിടന്നതിനാൽ അധികമാളുകൾ വെടിക്കെട്ടു നടക്കുന്നതിന് അടുത്തേക്കു വന്നിരുന്നില്ല. വെടിക്കെട്ടു സാമഗ്രികളിൽ ഭൂരിഭാഗവും കത്തിച്ചുതീർന്നശേഷമാണു സ്ഫോടനം ഉണ്ടാകുന്നത്. 

ഒരു തീപ്പൊരിയിൽ തീർന്നു!

മുകളിൽ നിന്നു ചിതറിയ തീപ്പൊരി വെടിമരുന്നു നിറച്ച കുറ്റികളിലേക്കു വീണതാണു ദുരന്തത്തിനു കാരണമായതെന്നാണു ക്രൈംബ്രാഞ്ച് റിപ്പോർട്ട്. വെടിക്കെട്ട് സ്ഥലത്തിനു സമീപം വെടിമരുന്നുമായി കിടന്ന മിനിലോറി കത്തിച്ചാമ്പലായെന്നും കണ്ടെത്തി. സാക്ഷിമൊഴികളും വിഡിയോ ദൃശ്യങ്ങളും ഈ വാദത്തെ സ്ഥിരീകരിക്കുന്നതായി അന്വേഷണ സംഘം പറയുന്നു. കമ്പത്തിനു തലേന്നും അന്നുമായി വൻ വെടിമരുന്നു ശേഖരം പുറ്റിങ്ങൽ ക്ഷേത്രപരിസരത്തെത്തി. മിനിലോറികളിലാണ് എത്തിച്ചത്. ശാർക്കര ക്ഷേത്രത്തിലും പരിസരത്തും ശേഖരിച്ചതിനു പുറമെ പുറ്റിങ്ങൽ ക്ഷേത്രത്തിനു തെക്കുഭാഗത്തുള്ള മറ്റൊരു കെട്ടിടത്തിലും ഇവ സംഭരിച്ചു. 

പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ തകർന്ന ക്ഷേത്രം ഓഫിസ് (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

സംഭവ ദിവസം വൈകിട്ടോടെ രണ്ട് എയ്സ് മിനിലോറികളിൽ വെടിമരുന്നു കൊണ്ടുവന്നു. ആദ്യ ലോറിയിലെ വെടിമരുന്ന് ഉപയോഗിച്ചു കമ്പം നടത്തി. ഇതിനു പിന്നാലെ കമ്പത്തിനായി മറ്റൊരു ലോഡ് കമ്പസാമഗ്രികളും എയ്സ് മിനിലോറിയിൽ ക്ഷേത്ര പരിസരത്ത് എത്തിച്ചു. ഈ സമയത്താണു ദുരന്തത്തിലേക്കു കാര്യങ്ങൾ വഴിമാറിയത്. ആകാശത്തേക്ക് ഉയർത്തിവിട്ട സൂര്യകാന്തി അമിട്ടു തിരികെ തീപ്പൊരിയായി താഴേക്കു വന്നു. ഇതേസമയം അടുത്തതായി കത്തിക്കാനുള്ള, വെടിമരുന്നു നിറച്ച കുറ്റികളും തലയിൽവച്ചു വെടിക്കെട്ട് സ്ഥലത്തേക്കു പോകുകയായിരുന്നു വെടിമരുന്നു തൊഴിലാളി. 

പുറ്റിങ്ങൽ വെടിക്കെട്ടപകട സ്ഥലത്ത് തടിച്ചുകൂടിയ ജനം (ഫയൽ ചിത്രം: മനോരമ)

തീപ്പൊരി താഴേക്കു വരുന്നതു കണ്ടു തൊഴിലാളി തിരിഞ്ഞോടി. എന്നാൽ തീപ്പൊരി തലയിലെ വെടിമരുന്ന് കുറ്റിയിൽ പതിച്ചിരുന്നു. വെടിമരുന്നുമായി എത്തിയ ലോറിയുടെ സമീപത്തേക്കാണു തൊഴിലാളി ഓടിയത്. വെടിമരുന്ന് അപ്പോഴേക്കും സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചു. നേരേ വീണതു മിനിലോറിയിലെ വെടിമരുന്നു ശേഖരത്തിലേക്കാണ്. വെടിമരുന്നും ലോറിയും ബോംബ് പോലെ പൊട്ടിത്തെറിച്ചു. മൽസരവെടിക്കെട്ട് തന്നെയായിരുന്നു സംഘാടകരുടെ ലക്ഷ്യമെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. 

നിയമചരിത്രം തിരുത്തിയെഴുതിയ സ്ഫോടനം 

പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്ത കേസിന്റെ വിചാരണ സാക്ഷികളുടെ പെരുപ്പംകൊണ്ടു കേരളത്തിന്റെ നിയമലോകം പുതിയൊരനുഭവത്തിനു സാക്ഷ്യം വഹിക്കും. കേസിൽ ആയിരത്തിലധികം സാക്ഷികളുണ്ട്. ഇത്രയേറെ സാക്ഷികളുള്ള കേസ് കേരളത്തിൽ ഇതാദ്യം. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ, പരുക്കേറ്റവർ, അന്വേഷണ ഉദ്യോഗസ്ഥർ, ഫൊറൻസിക്, എക്സ്പ്ലൊസീവ് ഉദ്യോഗസ്ഥർ, വെടിക്കെട്ടിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ, രക്ഷാപ്രവർത്തനം നടത്തിയവർ ഉൾപ്പെടെ സാക്ഷി പട്ടികയിൽപ്പെട്ടവരുടെ എണ്ണം ആയിരത്തിലേറെയണ്. പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ 92 കോടി രൂപയുടെ നാശനഷ്ടമുണ്ടായതിനാൽ 117 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൈമാറിയിരുന്നു. 

പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിനൊടുവിൽ അവശേഷിച്ച അമിട്ടുകുറ്റികൾ (ഫയൽ ചിത്രം: മനോരമ)

കമ്പക്കെട്ടിന്റെ ചരിത്രം 

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മൽസരക്കമ്പത്തിന്. പണ്ടുകാലത്തു കുറ്റിവെടിയിലും തറക്കോട്ടയിലും തുടക്കം കുറിച്ച വെടിക്കെട്ട് കാലക്രമേണ മൽസരത്തിലേക്കു (കമ്പക്കെട്ട്) മാറുകയായിരുന്നു. അടയ്ക്കാമരത്തിന്റെ മുകളിലായിരുന്നു ആദ്യകാലങ്ങളിൽ വെടിക്കെട്ട് ഒരുക്കിയിരുന്നത്. വെടിക്കോട്ട, കമ്പചക്രം, അരുവാലക്കൊട്ട, മാലപ്പടക്കം തുടങ്ങിയവയൊക്കെ ചേരുന്ന ഇതിന്റെ ഏറ്റവും മുകളറ്റത്തായി ഭീമൻ കലായം കെട്ടിയുറപ്പിക്കും. ഇതിൽ നിന്നാണ് അമിട്ടുകൾ ആകാശത്തേക്കു കത്തിക്കയറുന്നത്. പക്ഷേ പലപ്പോഴും കലായം മറിഞ്ഞ് അപകടം ഉണ്ടാകാൻ തുടങ്ങിയതോടെ കലായത്തിന്റെ സ്ഥാനം നിലത്തു വെടിക്കെട്ടുതറയിലായി. 

പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്നയിടത്തുനിന്നുള്ള ദൃശ്യം (File Photo: AFP)

മുകളിലേക്കു പോകേണ്ട അമിട്ടുകൾ ആളുകൾക്കിടയിലേക്കു പാഞ്ഞെത്തി പൊട്ടുന്നതായിരുന്നു കലായം മറിഞ്ഞാലുള്ള അപകടം. കരിമരുന്നിനൊപ്പം വെടിമരുന്നും ഗന്ധകവും രാസത്വരകങ്ങളും കൂട്ടിനെത്തിയതോടെ വെടിക്കെട്ടിന്റെ രൂപവും ഭാവവും ശബ്ദശേഷിയും പലമടങ്ങ് വർധിച്ചു. ഒറ്റ അമിട്ടിന്റെയും നില അമിട്ടിന്റെയും സ്ഥാനത്ത് ഇലക്ട്രിക് ഗുണ്ട്, സൂര്യകാന്തി ഗുണ്ട്, കവര ഗുണ്ട്, മിന്നൽ ഗുണ്ട്, സിൽവർ ഗുണ്ട്, അല്ലി അടുക്ക് തുടങ്ങി പലതരം പുതുമകൾ കടന്നുവന്നു. 

പേരെടുത്ത വെടിക്കെട്ടുകാരെയും പരവൂർ സംഭാവന ചെയ്തിട്ടുണ്ട്. ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്ത് കൊട്ടാരം വെടിക്കെട്ടുകാരനായി അവരോധിക്കപ്പെട്ട പരവൂർ ഗോവിന്ദൻ ആശാനും അനുജൻ കൃഷ്ണൻ ആശാനും സിംഗപ്പൂർ, മലയ, ജപ്പാൻ എന്നിവിടങ്ങൾ സന്ദർശിച്ചു കരിമരുന്നു പ്രയോഗത്തിന്റെ പുതിയ പാഠങ്ങൾ മലയാളത്തിലേക്കു വിരുന്നെത്തിച്ചു. ഇവരാണു പുറ്റിങ്ങൽ ക്ഷേത്രത്തിലെ മൽസര വെടിക്കെട്ടിന് ആവേശത്തിന്റെ പെരുക്കം ചാർത്തിയതെന്നാണു പറയപ്പെടുന്നത്. കേരളത്തിലെ എണ്ണം പറഞ്ഞ വെടിക്കെട്ട് ആശാന്മാർ ഒന്നൊഴിയാതെ പരവൂരിലെ മൽസര വെടിക്കെട്ടിനു തിരി കൊളുത്തിയിട്ടുണ്ടെന്നതു മറ്റൊരു ചരിത്രം. 

English Summary: Five years after the Puttingal Fireworks Tragedy in Paravur, Kollam