ഇരട്ട ജീവിതം നയിക്കുന്നവരാണ് ആംഗ്ലോ ഇന്ത്യക്കാർ എന്ന് കണ്ടതിനാലാണ് ഭരണഘടനാ ശിൽപികൾ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനു സംവരണം നൽകിയത്. അവർ ഇന്ത്യയുടെ ഭാഗമാണെങ്കിലും യൂറോപ്യൻ സംസ്കാരത്തിന്റെ ഭാഗവുമാണ്. അവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാനുള്ള അംഗബലം ഇല്ലെന്ന് മനസ്സിലാക്കി അവരുടെ ശബ്ദം... Anglo Indians Kerala

ഇരട്ട ജീവിതം നയിക്കുന്നവരാണ് ആംഗ്ലോ ഇന്ത്യക്കാർ എന്ന് കണ്ടതിനാലാണ് ഭരണഘടനാ ശിൽപികൾ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനു സംവരണം നൽകിയത്. അവർ ഇന്ത്യയുടെ ഭാഗമാണെങ്കിലും യൂറോപ്യൻ സംസ്കാരത്തിന്റെ ഭാഗവുമാണ്. അവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാനുള്ള അംഗബലം ഇല്ലെന്ന് മനസ്സിലാക്കി അവരുടെ ശബ്ദം... Anglo Indians Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരട്ട ജീവിതം നയിക്കുന്നവരാണ് ആംഗ്ലോ ഇന്ത്യക്കാർ എന്ന് കണ്ടതിനാലാണ് ഭരണഘടനാ ശിൽപികൾ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനു സംവരണം നൽകിയത്. അവർ ഇന്ത്യയുടെ ഭാഗമാണെങ്കിലും യൂറോപ്യൻ സംസ്കാരത്തിന്റെ ഭാഗവുമാണ്. അവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാനുള്ള അംഗബലം ഇല്ലെന്ന് മനസ്സിലാക്കി അവരുടെ ശബ്ദം... Anglo Indians Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പതിനഞ്ചാം കേരള നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഉണ്ടാകുമോ? നിലവിലെ സാഹചര്യത്തിൽ ഉത്തരം ‘ഇല്ല’ എന്നുതന്നെ. എന്തുകൊണ്ട് ഇല്ല? ഭരണഘടന പ്രകാരം ആംഗ്ലോ ഇന്ത്യൻ സമുദായക്കാരായ 2 പേരെ രാഷ്ട്രപതിക്കു ലോക്സഭാംഗങ്ങളായി നാമനിർദേശം ചെയ്യാമായിരുന്നു.  ഗവർണർക്ക് തന്റെ ചുമതലയിലുള്ള സംസ്ഥാനത്തെ നിയമസഭയിലേക്ക് ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽനിന്ന് ഒരാളെ നാമനിർദേശം ചെയ്യാനും സാധിക്കുമായിരുന്നു. രണ്ടും പഴങ്കഥയായിക്കഴിഞ്ഞു.  2019 അവസാനം പാർലമെന്റ് പാസ്സാക്കിയ ഭരണഘടനയുടെ 126–ാം ഭേദഗതിയാണ് ആംഗ്ലോ ഇന്ത്യൻ നാമനിർദേശങ്ങൾ പഴങ്കഥയാക്കിയത്. എന്നാൽ, നിയമസഭകളിലേക്കും പാർലമെന്റിലേക്കുമുള്ള പട്ടികവിഭാഗക്കാരുടെ നാമനിർദേശവും സംവരണവും 2030 ജനുവരി 25 വരെ ദീർഘിപ്പിക്കുകയും ചെയ്തു. 

ആകെ 296?

ADVERTISEMENT

ഇന്ത്യയിൽ ആകെ 296 ആംഗ്ലോ ഇന്ത്യൻ സമുദായക്കാരേ ഉള്ളൂവെന്ന് പാർലമന്റിൽ പ്രഖ്യാപിച്ചതു മറ്റാരുമല്ല, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തന്നെ. ഒരു ലക്ഷത്തിലേറെ സമുദായാംഗങ്ങളുള്ള കേരളത്തിൽനിന്ന് നേതാക്കൾ 15,000 പേരുടെ ഒപ്പുമായി ന്യൂഡൽഹിയിലേക്കു പോയി. ഓരോ പേരുകാരന്റെയും ഒപ്പിനൊപ്പം അവരുടെ തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളും ഉണ്ടായിരുന്നു. ചെറുചിരിയോടെ അവയെല്ലാം സ്വീകരിച്ച കേന്ദ്രമന്ത്രി അന്നു പറഞ്ഞു: ‘കാര്യങ്ങളെല്ലാം എന്റെ തീരുമാനം അനുസരിച്ചല്ലെന്ന് അറിയാമല്ലോ...’ കണക്കുകളും വിവരങ്ങളും തെളിവുകളും എല്ലാമായി വിവിധ ആംഗ്ലോ ഇന്ത്യൻ സംഘടനകൾ പ്രധാനമന്ത്രിക്കു തുടരെ കത്തുകൾ എഴുതി. പ്രധാനമന്ത്രിയെ നേരിട്ടു കാണാൻ അവസരം തേടി. പക്ഷേ പലവിധ കാരണങ്ങളാൽ കൂടിക്കാഴ്ച ഇതുവരെ ഉണ്ടായില്ല. കോവിഡ് വ്യാപനമാണ് ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയുന്നത്. 

കേന്ദ്ര നിയമകാര്യ മന്ത്രി രവി ശങ്കർ പ്രസാദ്

ഇന്ത്യയിൽ ലക്ഷക്കണക്കിന് ആംഗ്ലോ ഇന്ത്യൻസ് ഉണ്ടെന്നു തെളിയിക്കാൻ തയാറാണെന്നും കണക്കുകൾ ഹാജരാക്കാനാവുമെന്നും സംഘടനാ നേതാവ് ബാറി ഒബ്രയൻ പറയുന്നു. ബിജെപി ബന്ധങ്ങളുള്ള ബാറി തൃണമൂൽ നേതാവ് ഡെറിക് ഒബ്രയന്റെ സഹോദരനാണ്. ലോക്സഭയിലേക്ക് എംപിയായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള നീൽ ഒബ്രയന്റെ മക്കളാണിവർ. പൗരത്വബിൽ ചർച്ചയ്ക്കിടെ രാജ്യസഭയിൽ ആംഗ്ലോ ഇന്ത്യൻ സമുദായത്തെ ഇന്ത്യയിലെ സർക്കാരുകൾ പരിഗണിച്ചിരുന്ന കാര്യം ഡെറിക് വിശദമായി പറഞ്ഞു. ചർച്ചകളിൽ പങ്കെടുത്ത മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞതിങ്ങനെ: ‘ആംഗ്ലോ ഇന്ത്യൻ സമുദായക്കാർക്കുള്ള പ്രാതിനിധ്യം നീട്ടുന്നതു സംബന്ധിച്ചു വഴിയടഞ്ഞിട്ടില്ല. കേന്ദ്രം ഇക്കാര്യം പിന്നീടു പരിഗണിക്കും...’

ഒന്നും രണ്ടുമല്ല, ലക്ഷങ്ങൾ...

ഇന്ത്യയിലെത്ര ആംഗ്ലോ ഇന്ത്യൻസുണ്ട്? കേരളത്തിനു പുറമെ ഗോവ, പുതുച്ചേരി സംസ്ഥാനങ്ങളിലും മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, ബെംഗളൂരു, മംഗലാപുരം, ചെന്നൈ തുടങ്ങിയ നഗരങ്ങളിലുമായി ലക്ഷക്കണക്കിന് ആളുകളുണ്ട് ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽ. കുറഞ്ഞതു 3.47 ലക്ഷം എന്നതാണ് ഏതാനും വർഷം മുൻപത്തെ കണക്ക്. 

കൊൽക്കത്തയിൽ 2020ലെ ലോക്‌ഡൗൺ സമയത്ത് ദുഃഖവെള്ളിയോടനുബന്ധിച്ച് സാമൂഹിക അകലത്തോടെ നടത്തിയ പ്രത്യേക പ്രാർഥനയിൽ പങ്കെടുക്കുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ (Photo: Dibyangshu SARKAR / AFP)
ADVERTISEMENT

20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 62 ആംഗ്ലോ ഇന്ത്യൻ സമുദായ സംഘടനകളുണ്ട്. മധുര, തിരുച്ചി, വിശാഖപട്ടണം തുടങ്ങിയ പട്ടണങ്ങളിൽ അഞ്ചോ ആറോ സംഘടനകളുണ്ട്. ഓരോന്നിലും 300ൽ അധികം അംഗങ്ങളും. മുംബൈയ്ക്കു പുറമേ മഹാരാഷ്ട്രയിൽ പുണെ, നാഗ്പൂർ, നാസിക്, ഇഗത്പുരി, ബുസവാൽ എന്നിവിടങ്ങളിലെല്ലാം ആംഗ്ലോ ഇന്ത്യൻ സമുദായക്കാരുണ്ട്. 

ആരാണ് ആംഗ്ലോ ഇന്ത്യൻ?

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രകാരം ഇന്ത്യയിൽ ജീവിക്കുന്നൊരാളുടെ പിതാവോ പൂർവ പിതാക്കൻമാരിൽ ആരെങ്കിലുമോ യൂറോപ്യൻ വംശജൻ ആയിരുന്നെങ്കിൽ ആ വ്യക്തിയെ ആംഗ്ലോ ഇന്ത്യൻ എന്നാണു കണക്കാക്കുന്നത്. 18–ാം നൂറ്റാണ്ടു മുതൽ 20–ാം നൂറ്റാണ്ടുവരെ ഇന്ത്യയിൽ ജീവിച്ചിരുന്ന ബ്രിട്ടിഷുകാരെയാണ് അങ്ങനെ വിളിച്ചിരുന്നത്. പിന്നീട് 1950ൽ ഇന്ത്യൻ ഭരണഘടനയിൽ ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാർക്കു ന്യൂനപക്ഷ പദവി ലഭിച്ചു. 1510ൽ പോർച്ചുഗീസുകാർ ഗോവയുടെ ഭരണം പിടിച്ചശേഷം ഇന്ത്യക്കാരായ സ്ത്രീകളെ വിവാഹംചെയ്തു തുടങ്ങി. അവരുടെ പിൻമുറക്കാരെ ‘ലൂസോ ഇന്ത്യൻസ്’ എന്നാണു വിളിച്ചിരുന്നത്. 

പശ്ചിമ തീരത്തു ഗോവയിലും ബോംബെയിലുമായിരുന്നു കൂടുതലും ആളുകൾ. അവർ ഇന്ത്യയിലെ മറ്റെല്ലാ ജനവിഭാഗങ്ങളുമായും വിവാഹത്തിൽ ഏർപ്പെടാൻ മടിച്ചില്ല. പിന്നീട് ഇന്ത്യയിൽ ആധിപത്യം ബ്രിട്ടീഷുകാർക്കായി. അവരെ വിളിച്ചിരുന്ന ആംഗ്ലോ ഇന്ത്യൻ എന്ന പേര് ലൂസോ ഇന്ത്യൻസിനുമേലും പിൽക്കാലത്തു പതിഞ്ഞു.  1947ൽ ഇന്ത്യയിൽ 3 ലക്ഷം ആംഗ്ലോ ഇന്ത്യൻസ് ഉണ്ടായിരുന്നു എന്നാണു കണക്കുകൾ. ഒട്ടേറെ കുടുംബങ്ങൾ യുകെ, യുഎസ്, ന്യൂസീലൻഡ്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ നാടുകളിലേക്കു കുടിയേറി. ഒന്നരലക്ഷത്തോളം പേർ കുടിയേറിയെന്നാണു സ്ഥിരീകരിക്കാത്ത കണക്കുകൾ. വിഭജനത്തിനു മുൻപ് പാക്കിസ്ഥാനിൽ ഒട്ടേറെ ആംഗ്ലോ ഇന്ത്യക്കാരുണ്ടായിരുന്നു. പക്ഷേ 99 ശതമാനവും കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കു കുടിയേറിയെന്നാണു വിവരം.

ADVERTISEMENT

പ്രാതിനിധ്യം വന്നതും പോയതും

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 334 പ്രകാരം പട്ടികവിഭാഗക്കാർക്കു സംവരണവും ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനു പ്രാതിനിധ്യവും സഭകളിൽ ഉണ്ടാകുമെന്നു വ്യക്തമാക്കിയിരുന്നു. ആദ്യം അത് 20 വർഷത്തേക്കായിരുന്നു. 1970 മുതൽ 10 വർഷം കൂടുമ്പോൾ പ്രാതിനിധ്യം തുടരുന്ന രീതിയിൽ നിയമഭേദഗതികൾ ഉണ്ടായിക്കൊണ്ടിരുന്നു. എന്നാൽ 2019ലെ ഭേദഗതിയി‍ൽ പട്ടിക വിഭാഗങ്ങൾക്കുള്ള സംവരണം 10 വർഷത്തേക്കു നീട്ടുകയും ആംഗ്ലോ ഇന്ത്യൻ സമുദായത്തിന്റെ പ്രാതിനിധ്യം നീട്ടുന്നകാര്യം ഒഴിവാക്കുകയും ചെയ്തു. 

കൊൽക്കത്തയിൽ 2020ലെ ലോക്‌ഡൗൺ സമയത്ത് ദുഃഖവെള്ളിയോടനുബന്ധിച്ച് സാമൂഹിക അകലത്തോടെ നടത്തിയ പ്രത്യേക പ്രാർഥനയിൽ പങ്കെടുക്കുന്ന ആംഗ്ലോ ഇന്ത്യൻ സമുദായാംഗങ്ങൾ (Photo: Dibyangshu SARKAR / AFP)

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ ഷെറി ജെ. തോമസ് ചോദിക്കുന്നു: ‘ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ഇല്ലാതാക്കാൻ ഭരണഘടനാ ഭേദഗതി വേണമായിരുന്നോ? ഭരണഘടനയുടെ 16–ാം ഭാഗത്തിലാണു ചില വിഭാഗങ്ങൾക്കുള്ള പ്രത്യേക പരിഗണനകളെപ്പറ്റി പറയുന്നത്. അതിന്റെ ഭാഗമായാണ് പട്ടിക വിഭാഗക്കാരുടെയും ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന്റെയും പ്രാതിനിധ്യത്തെക്കുറിച്ചും പറയുന്നത്. മതിയായ പ്രാതിനിധ്യം ഇല്ല എന്നു ബോധ്യപ്പെട്ടാൽ, ആവശ്യമെങ്കിൽ നിയമിക്കാം എന്നതാണു വ്യവസ്ഥ. അതുകൊണ്ടുതന്നെ കാലാവധി നീട്ടിയാലും നിയമനം ഉണ്ടാകണമെന്നു നിർബന്ധം ഇല്ലായിരുന്നു. ഭരിക്കുന്ന സർക്കാരുകൾക്ക് ആവശ്യാനുസരണം തീരുമാനം എടുക്കാവുന്ന കാര്യം. അതനുസരിച്ചായിരിക്കുമല്ലോ രാഷ്ട്രപതിയും ഗവർണർമാരും നിയമനം നടത്തുന്നത്...’

ഇനി എന്തു ചെയ്യാനാവും?

ഷെറി ജെ. തോമസ് പറയുന്നു‍: ‘2019ലെ 104–ാം ഭേദഗതിയിൽ ആർട്ടിക്കിൾ 334 ബി പ്രകാരമുള്ള ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം തുടരുമെന്നു പറയാത്തതിനാൽ അടുത്ത കേരള നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഉണ്ടാകണമെന്നില്ല. എന്നാൽ 333 തനതായ ഒരു വകുപ്പാണെന്നു പറയുകയും സംസ്ഥാന നിയമസഭയിൽ ഗവർണർക്ക് ആവശ്യമെങ്കിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിയമിക്കാമെന്ന് വാദിച്ചാലും 334 ബിയിൽ തുടർച്ച ഉണ്ടാവാത്തതിനാൽ  2019 ഡിസംബറോടെ ഈ അവസരം അവസാനിച്ചു എന്നുവേണം അനുമാനിക്കാൻ. കേരള നിയമസഭയിൽ എല്ലാ അംഗങ്ങളും ചേർന്ന് ഏകകണ്ഠമായി തീരുമാനമെടുത്താലും അത്തരം സാധ്യത 104–ാം ഭരണഘടനാ ഭേദഗതിയോടെ അവസാനിച്ചു എന്നു സമാധാനിക്കേണ്ടിവരും. അല്ലെങ്കിൽ വിട്ടുകളഞ്ഞ കാര്യം അടുത്ത ഭരണഘടനാ ഭേദഗതിയിൽ, 104–ാം ഭേദഗതി വേളയിൽ കൂട്ടിച്ചേർക്കണം. ജനസംഖ്യയിൽ പരിഗണനാർഹമാംവിധം സ്ഥാനമുള്ള ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് സഭയിൽ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടുള്ള നിയമപോരാട്ടങ്ങൾക്കും അവസരമുണ്ടാകും...’

പ്രക്ഷോഭങ്ങൾ

പല തരത്തിലുളള പ്രക്ഷോഭങ്ങളുടെ പാതയിലാണ് ‘യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് കേരള സ്റ്റേറ്റ്’. പരാതികൾ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ മുൻപിലുണ്ടെന്ന് സെക്രട്ടറി മാർഷൽ ഡിക്കൂഞ്ഞ പറയുന്നു. ‘നീതിന്യായ സംവിധാനങ്ങളെ സമീപിക്കുന്നതിനെക്കുറിച്ച് പലവിധത്തിൽ ചർച്ചകൾ നടത്തുന്നുണ്ട്. കേരളത്തിൽ മാത്രം ഒരു ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്നു തെളിയിക്കാൻ കഴിയും. ഭരണഘടനാപ്രകാരമുള്ള അവകാശമാണ് ആംഗ്ലോ ഇന്ത്യൻ സമുദായത്തിനു നിഷേധിക്കപ്പെട്ടത്.

കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷത്തോടുള്ള ശത്രുതയും വിയോജിപ്പും ആദ്യം സൂക്ഷ്മ ന്യൂനപക്ഷ വിഭാഗത്തോട് കാണിച്ചുവെന്ന് കണക്കാക്കിയാൽ മതി...

ന്യൂനപക്ഷ സമുദായമാണു ഞങ്ങൾ. നഗരങ്ങളിൽ നല്ല നിലയിൽ ജീവിക്കുന്നവരുണ്ട്. എന്നാൽ ഉൾപ്രദേശങ്ങളിൽ പിന്നാക്കക്കാരാണ് എല്ലാവരും. വളരെ ബുദ്ധിമുട്ടിയാണു ജീവിക്കുന്നത്. കൊച്ചി നഗരത്തിനു പുറത്തുള്ള ദ്വീപുകളിൽ താമസിക്കുന്നവരുടെ സ്ഥിതി  അറിയാവുന്നതാണല്ലോ. ഞങ്ങളൊരു വലിയ വോട്ടുബാങ്കല്ല എന്നതാവാം വേണ്ടത്ര പരിഗണന ഇപ്പോൾ ലഭിക്കാത്തതിനു കാരണം. കൂട്ടായ പരിശ്രമം വേണം. 47 സംഘടനകൾ യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് കേരളയിൽ അംഗങ്ങളാണ്. മറ്റു സംസ്ഥാനങ്ങളിലെ ആംഗ്ലോ ഇന്ത്യൻ സംഘടനകൾ അത്രയ്ക്ക് ഒറ്റക്കെട്ടാണെന്നു പറയാനും കഴിയില്ല...’

‘കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ ശത്രുത’

‘ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന്റെ മാത്രം സംവരണം ഒഴിവാക്കി  പട്ടികജാതി–പട്ടിക വർഗ സംവരണം തുടരാനുള്ള കേന്ദ്ര ബിജെപി സർക്കാർ തീരുമാനം മൈക്രോ മൈനോറിറ്റി (സൂക്ഷ്മ ന്യൂനപക്ഷം) വിഭാഗത്തോടുള്ള അസഹിഷ്ണുതയാണ്. ഇരട്ട ജീവിതം നയിക്കുന്നവരാണ് ആംഗ്ലോ ഇന്ത്യക്കാർ എന്ന് കണ്ടതിനാലാണ് ഭരണഘടനാ ശിൽപികൾ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനു സംവരണം നൽകിയത്. അവർ ഇന്ത്യയുടെ ഭാഗമാണെങ്കിലും യൂറോപ്യൻ സംസ്കാരത്തിന്റെ ഭാഗവുമാണ്. അവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാനുള്ള അംഗബലം ഇല്ലെന്ന് മനസ്സിലാക്കി അവരുടെ ശബ്ദം നിയമ നിർമാണ സഭകളിൽ ഉണ്ടാകണം എന്ന ലക്ഷ്യമായിരുന്നു തീരുമാനത്തിനു പിന്നിൽ. 

ജോർജ് ഫെർണാണ്ടസ് എംഎൽഎ

അതു റദ്ദാക്കപ്പെടുന്നതിലൂടെ കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷത്തോടുള്ള ശത്രുതയും വിയോജിപ്പുും ആദ്യം മൈക്രോ മൈനോറിറ്റി വിഭാഗത്തോട് കാണിച്ചുവെന്ന് കണക്കാക്കിയാൽ മതി. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനു സംവരണം തുടരണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം സംസ്ഥാന നിയമസഭ 2020ൽ പാസാക്കി അയച്ചിരുന്നു. അതുകൊണ്ടു പ്രയോജനം ഉണ്ടായില്ല. ന്യൂനപക്ഷ  അവകാശങ്ങൾ എടുത്തുകളയാനുള്ള ശ്രമത്തിന്റെ ഭാഗമാണു കേന്ദ്ര സർക്കാർ നടപടി. ഭരണഘടനയുടെ 29, 30 വകുപ്പുകൾ എടുത്തു കളയാനുള്ള നീക്കവും നടക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം നിഷേധിക്കുകയാണ് ഈ വകുപ്പുകൾ എടുത്തു കളയുന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്...’’

∙ ജോൺ ഫെർണാണ്ടസ് എംഎൽഎ (നിയമസഭകളിൽ ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം പുനഃസ്ഥാപിക്കുന്നില്ലെങ്കിൽ കേരളത്തിൽ നാമനിർദേശം ചെയ്യപ്പെട്ട അവസാനത്തെ ആംഗ്ലോ ഇന്ത്യൻ എംഎൽഎയായി മാറും കൊച്ചി സ്വദേശിയായ ജോൺ ഫെർണാണ്ടസ്)

English Summary: Why Anglo Indians are in a Crisis in Kerala and other States?