‘തെരുവിൽ വെടിവയ്പുണ്ടായി... ഒരാൾക്കു പരുക്കേറ്റിട്ടുണ്ട്, കൂടെ ഒരു സ്ത്രീയുമുണ്ട്...’
സ്വീഡനിലെ സ്റ്റോക്കോം പൊലീസ് സ്റ്റേഷനിലേക്കു രാത്രി വൈകിയെത്തിയ ഫോൺകോളായിരുന്നു അത്. സ്റ്റേഷൻ ഓഫിസർ അതിനു വലിയ പ്രാധാന്യം കൊടുത്തില്ല. കാരണം അത്തരം അജ്ഞാത കോളുകൾ രാത്രികാലങ്ങളിൽ എത്താറുള്ളതാണ്. കൗമാരക്കാർ ഇങ്ങനെ പൊലീസുകാരെ വട്ടം കറക്കുക പതിവാണ്. മിനിറ്റുകൾക്കുള്ളിൽ വീണ്ടും... Olof Palme
സ്വീഡനിലെ സ്റ്റോക്കോം പൊലീസ് സ്റ്റേഷനിലേക്കു രാത്രി വൈകിയെത്തിയ ഫോൺകോളായിരുന്നു അത്. സ്റ്റേഷൻ ഓഫിസർ അതിനു വലിയ പ്രാധാന്യം കൊടുത്തില്ല. കാരണം അത്തരം അജ്ഞാത കോളുകൾ രാത്രികാലങ്ങളിൽ എത്താറുള്ളതാണ്. കൗമാരക്കാർ ഇങ്ങനെ പൊലീസുകാരെ വട്ടം കറക്കുക പതിവാണ്. മിനിറ്റുകൾക്കുള്ളിൽ വീണ്ടും... Olof Palme
സ്വീഡനിലെ സ്റ്റോക്കോം പൊലീസ് സ്റ്റേഷനിലേക്കു രാത്രി വൈകിയെത്തിയ ഫോൺകോളായിരുന്നു അത്. സ്റ്റേഷൻ ഓഫിസർ അതിനു വലിയ പ്രാധാന്യം കൊടുത്തില്ല. കാരണം അത്തരം അജ്ഞാത കോളുകൾ രാത്രികാലങ്ങളിൽ എത്താറുള്ളതാണ്. കൗമാരക്കാർ ഇങ്ങനെ പൊലീസുകാരെ വട്ടം കറക്കുക പതിവാണ്. മിനിറ്റുകൾക്കുള്ളിൽ വീണ്ടും... Olof Palme
‘തെരുവിൽ വെടിവയ്പുണ്ടായി...ഒരാൾക്കു പരുക്കേറ്റിട്ടുണ്ട്. കൂടെ ഒരു സ്ത്രീയുമുണ്ട്. അവർക്കു വെടിയേറ്റിട്ടുണ്ടോ എന്നറിയില്ല...പക്ഷേ, ബോധമില്ല...’
‘നിങ്ങളാരാ..?’
‘ഞാനൊരു ടാക്സി ഡ്രൈവറാണ്...’
സ്വീഡനിലെ സ്റ്റോക്കോം പൊലീസ് സ്റ്റേഷനിലേക്കു രാത്രി വൈകിയെത്തിയ ഫോൺകോളായിരുന്നു അത്. സ്റ്റേഷൻ ഓഫിസർ അതിനു വലിയ പ്രാധാന്യം കൊടുത്തില്ല. കാരണം അത്തരം അജ്ഞാത കോളുകൾ രാത്രികാലങ്ങളിൽ എത്താറുള്ളതാണ്. കൗമാരക്കാർ ഇങ്ങനെ പൊലീസുകാരെ വട്ടം കറക്കുക പതിവാണ്. മിനിറ്റുകൾക്കുള്ളിൽ വീണ്ടും ഫോൺ വന്നു. വിളിക്കുന്നതു മറ്റൊരു ദൃക്സാക്ഷിയാണ്. അയാളും പറഞ്ഞത് അതേ കാര്യം, ആർക്കോ വെടിയേറ്റു. സ്റ്റേഷൻ ഓഫിസർ രണ്ടു പൊലീസുകാരെ തെരുവിലേക്ക് അയച്ചെങ്കിലും വലിയ പ്രാധാന്യം നൽകിയില്ല.
തെരുവിലൂടെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ലഫ്റ്റനന്റ് ഗോസ്റ്റ സോഡർസ്റ്റോമിന് ഒരു സന്ദേശം കൈമാറുക കൂടി ചെയ്തു. ഗോസ്റ്റ സംഭവ സ്ഥലത്തെത്തുമ്പോൾ വലിയ ആൾക്കൂട്ടം. വാഹനം അവർക്കടുത്തേക്ക് അടുപ്പിച്ചു. പുറത്തിറങ്ങിയ അദ്ദേഹം കാണുന്നത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരു മനുഷ്യനെയാണ്. കടുത്ത മഞ്ഞിനെ ചെറുക്കാനുള്ള രീതിയിലാണ് ആ മനുഷ്യന്റെ വേഷം. അയാളുടെ നെഞ്ചിൽ ശക്തമായി അമർത്തിയും കൃത്രിമ ശ്വാസം നൽകാൻ ശ്രമിച്ചുകൊണ്ടും കുറച്ചു ചെറുപ്പക്കാർ അരികിലുണ്ട്. കൂട്ടത്തിൽ, തന്റെ ഭർത്താവിനെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അലറിക്കരയുന്ന ഒരു സ്ത്രീയും. ചുറ്റും രക്തം ചിതറിക്കിടക്കുന്നു.
‘എന്റെ ഭർത്താവിനെ ആശുപത്രിയിൽ എത്തിക്കൂ... ചെറുപ്പക്കാർക്കിടയിൽ ഭ്രാന്തിയെപ്പോലെ കാണപ്പെട്ട സ്ത്രീ അലറിക്കൊണ്ട് ലഫ്റ്റനന്റ് ഗോസ്റ്റയ്ക്കു നേരെ വന്നു. അയാൾ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അതിനിടെ അയാൾ അവരുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. എവിടെയോ പരിചയമുള്ള മുഖം. പക്ഷേ, തിരിച്ചറിയാൻ കഴിയുന്നില്ല!
‘നിങ്ങൾ...?’ ഓഫിസർ അവരുടെ നേരെ സംശയത്തോടെ നോക്കി.
‘ഞാൻ ലിസ്ബത്ത് ഓലൊഫ്...’
‘ദൈവമേ...’ പൊലീസ് ഓഫിസർ മരിച്ചു കിടക്കുന്ന വ്യക്തിയിലേക്കു മുഖം താഴ്ത്തി.
‘ഇത്...?’
‘ഇത് എന്റെ ഭർത്താവ് ഓലൊഫ് പാൽമെ...’ വെടിയേറ്റു കിടക്കുന്ന ഭർത്താവിനു സമീപം തളർന്നിരുന്ന് ലിസ്‍ബത്ത് പൊട്ടിക്കരഞ്ഞു.
ആ പേരു കേട്ട പൊലീസ് ഓഫിസർ മാത്രമല്ല, അവിടെ കൂടിനിന്ന സകല ജനവും ഞെട്ടിപ്പോയി. സ്വീഡന്റെ പ്രധാനമന്ത്രി ഓലൊഫ് പാൽമെയാണ് തെരുവിൽ ആരോരും അറിയപ്പെടാത്തവനായി വെടിയേറ്റു കിടക്കുന്നത്. ഓഫിസർക്കു സമനില തെറ്റുന്നതുപോലെ തോന്നി. അയാൾ ആംബുലൻസിനായി അലറി. നാട്ടുകാരിൽ ആരോ അപകടവിവരം അറിയിച്ചതിനെ തുടർന്ന് അപ്പോഴേക്കും ആംബുലൻസ് സ്ഥലത്തെത്തി. നഗരത്തിലെ പ്രധാന ആശുപത്രിയിലേക്ക് പ്രധാനമന്ത്രിയെയും ഭാര്യയെയും കയറ്റിയ ആംബുലൻസ് അതിവേഗം പാഞ്ഞു. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരുമെത്തി. പ്രധാനമന്ത്രി സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലിസ്ബത്തിനു പരുക്കുകൾ ഇല്ലായിരുന്നു. എങ്കിലും അവരെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി.
സ്വീഡിഷ് സോഷ്യൽ ഡമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിയിലെ അംഗമായിരുന്നു ഓലൊഫ്. സ്വീഡിഷ് ജനത കണ്ട എക്കാലത്തെയും മികച്ച നേതാവ്. മറ്റു പ്രധാനമന്ത്രിമാരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു അദ്ദേഹം. ഒരു സാധാരണക്കാരന്റെ ജീവിതം നയിക്കാൻ ആഗ്രഹിക്കുകയും അങ്ങനെ ജീവിക്കുകയും ചെയ്തിരുന്ന പ്രധാനമന്ത്രി. ഔദ്യോഗിക യാത്രകളിൽ അല്ലാതെ സുരക്ഷാ ഭടന്മാരുടെ സേവനം പോലും അദ്ദേഹം ഒഴിവാക്കിയിരുന്നു. അത്തരമൊരു രാത്രിയായിരുന്നു 1986 ഫെബ്രുവരി 28. അന്നൊരു സിനിമയ്ക്കു പോകാം എന്നു ഭാര്യ ലിസ്ബത്തിനെ വിളിച്ചു പറഞ്ഞത് അദ്ദേഹമാണ്. അവർ മകൻ മാർട്ടെൻ പാൽമിനെ വിളിച്ചു പറഞ്ഞു. മാർട്ടെനും സമ്മതം. ഗ്രാൻഡ് സിനിമാസിൽ അപ്പോൾ ‘ദ് മൊസാർട്ട് ബ്രദേഴ്സ്’ എന്ന കോമഡി സിനിമയായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. പതിവുപോലെ സുരക്ഷാ ഭടന്മാരുടെ അകമ്പടിയില്ലാതെ അവർ സായാഹ്ന ഉല്ലാസത്തിനായി ഇറങ്ങി. ഈ തീരുമാനങ്ങളെല്ലാം വളരെ ചുരുങ്ങിയ സമയംകൊണ്ട് എടുത്തതാണ്. അതുകൊണ്ടുതന്നെ വലിയ പദ്ധതികളൊരുക്കി അദ്ദേഹത്തെ വധിക്കാൻ ഒരു സംഘത്തിന് തീരുമാനം എടുക്കാനുള്ള സമയം ഇല്ലായിരുന്നു.
മഞ്ഞു മൂടിയ രാത്രിയായിരുന്നു അത്. രാത്രി 8.30നാണ് അവർ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ഗംമ്‌ലാ സ്റ്റാൻ മെട്രോ സ്റ്റേഷനിലേക്ക് ഓലൊഫും ഭാര്യയും നടന്നാണ് പോയത്. അവിടെ നിന്ന് മെട്രോയിൽ ടൗണിലേക്ക്. പ്രധാനമന്ത്രിയും പത്നിയും തെരുവിലൂടെ നടക്കുന്നത് ഒരുപാടു പേർ കണ്ടിരുന്നു. 9 മണിയോടെ അവർ തിയറ്ററിൽ എത്തി. മകനും കൂട്ടുകാരിയും അവിടെ അവരെ കാത്തുനിൽപുണ്ടായിരുന്നു. അവർ എത്തിയപ്പോഴേക്കും സിനിമാ ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. പ്രധാനമന്ത്രിയാണു വന്നിരിക്കുന്നതെന്നറിഞ്ഞ ടിക്കറ്റ് വിൽപനക്കാരൻ അദ്ദേഹത്തിനും കുടുംബത്തിനും തിയറ്റർ ഡയറക്ടറുടെ പ്രത്യേക ക്യാബിനിൽ സീറ്റ് തരപ്പെടുത്തിക്കൊടുത്തു. സിനിമ കണ്ടു പുറത്തിറങ്ങിയ അവർ തിയറ്റർ വളപ്പിൽ കുറച്ചു നേരം കൂടി ചെലവഴിച്ചു. 11.15ന് ഓലൊഫും ഭാര്യയും മകനോടും കൂട്ടുകാരിയോടും യാത്ര പറഞ്ഞ് സ്‌റ്റോക്കോം തെരുവിലൂടെ നടന്നു. വീടു വരെ നടക്കുക എന്ന തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു. മഞ്ഞിലുടെ നടക്കാൻ സാധിക്കുന്ന ഷൂസ് ആയിരുന്നു അവർ ധരിച്ചിരുന്നത്.
11.21നു തെരുവിന്റെ ഒരു കോണിൽ ഒരു അപരിചിതൻ പ്രവേശിച്ചു. അയാൾ കുറച്ചു ദൂരം ഓലൊഫിനെയും ഭാര്യയെയും പിന്തുടർന്നു. ഇതെല്ലാം കണ്ടുകൊണ്ട് തെരുവിന്റെ ഒരു കോണിൽ നിൽക്കുയാണ് ലാർ ജെപ്സൻ എന്ന ചെറുപ്പക്കാരൻ. അധികം തിരക്കില്ലാത്ത ഒരിടത്ത് എത്തിയപ്പോൾ ഒരു അപരിചിതൻ പ്രധാനമന്ത്രിക്കു തൊട്ടു പിന്നിലെത്തി. അയാൾ കോട്ടിനകത്തുനിന്ന് ഒരു കൈത്തോക്ക് പുറത്തെടുത്തു. ഓലൊഫിനെ പിന്നിൽനിന്ന് നിറയൊഴിച്ചു. ഞെട്ടലോടെയാണ് ലാർ ജെപ്സൻ സംഭവം കണ്ടത്. അപ്പോഴേക്കും ആളുകൾ തടിച്ചു കൂടി. അവർക്കിടയിലൂടെ കൊലപാതകി നടന്നകലുന്നു. ലാർ ജെപ്സൻ അയാളെ പിന്തുടർന്നു. എന്നാൽ കൊലപാതകി ഇരുളിൽ എവിടേക്കോ അപ്രത്യക്ഷനായി.
സംഭവത്തിനു ദൃക്സാക്ഷിയായ ഒരു ടാക്സി ഡ്രൈവർ തന്റെ വാഹനത്തിൽനിന്ന് റേഡിയോയിലൂടെ അപകട മുന്നറിയിപ്പു കൊടുത്തു. ശബ്ദം തെരുവിൽ മുഴങ്ങി. ആളുകൾ ഓടിക്കൂടി. പക്ഷേ, ആർക്കും വെടിയേറ്റു വീണത് പ്രധാനമന്ത്രിയാണെന്നു മനസ്സിലായില്ല. അംഗരക്ഷകരില്ലാതെ പ്രധാനമന്ത്രിയെ ആരും തെരുവിൽ പ്രതീക്ഷിക്കുന്നില്ലല്ലോ. കാറിലെത്തിയ കുറച്ചു യുവാക്കൾ വെടിയേറ്റു കിടക്കുന്ന ആളുടെ ഹൃദയം മിടിപ്പിക്കാനും കൃത്രിമ ശ്വാസം നൽകാനും ശ്രമിച്ചു. അവിടേക്കാണ് പൊലീസുകാർ എത്തുന്നത്. ആദ്യം പൊലീസുകാർ വലിയ പ്രാധാന്യം കൊടുക്കാതിരുന്ന കേസ് വളരെ പെട്ടന്നു തന്നെ രാജ്യത്തിന്റെ അതിരുകൾ ഭേദിച്ചു പുറത്തേക്കു പറന്നു. ലോകം മുഴുവൻ ഞെട്ടലോടെ അറിഞ്ഞു– സ്വീഡിഷ് പ്രധാനമന്ത്രി തെരുവിൽ വെടിയേറ്റു മരിച്ചു.
കൊലപാതകി എന്നു മുദ്ര കുത്തി പലരെയും അറസ്റ്റു ചെയ്തെങ്കിലും പൊലീസിന് ഒന്നും തെളിയിക്കാനായില്ല. കൊലപാതകിയെ പിൻതുടർന്ന ലാർ ജെപ്സനെയാണു സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടുവെന്ന പേരിൽ ആദ്യം അറസ്റ്റ് ചെയ്തത്. പക്ഷേ, അയാളെ വെറുതെ വിടേണ്ടി വന്നു. 1988ലാണ് ക്രിസ്റ്റർ പീറ്റേഴ്‌സൺ എന്ന ഒരാളെ അറസ്റ്റ് ചെയ്യുന്നത്. താൻ നിരപരാധിയാണെന്നും വെറുതേ വിടണമെന്നും അപേക്ഷിച്ച് ക്രിസ്റ്റർ സ്‌റ്റോക്കോമിലെ മേൽക്കോടതിയിൽ അപേക്ഷ നൽകി. ഈ അപേക്ഷ സ്വീഡിഷ് സുപ്രീം കോടതി തള്ളി. എന്നാൽ, വിചാരണയ്ക്കിടെ 2004 സെപ്റ്റംബറിൽ ക്രിസ്റ്റർ മരിച്ചു. പാൽമെ കൊലപാതകത്തിൽ, നിയമപരമായി ക്രിസ്റ്റർ കൊലപാതകിയാണെന്നു തെളിയിക്കാനുമായില്ല.
കാലങ്ങളോളം അഴിയാക്കുരുക്കായി സ്വീഡനിലെ കുറ്റാന്വേഷകരെ വട്ടം ചുറ്റിച്ച കേസിന് 2020 ഫെബ്രുവരി 18ന് വിരാമമായി. അന്വേഷണത്തിന്റെ ചുമതലയുള്ള ചീഫ് പ്രോസിക്യൂട്ടർ ക്രിസ്റ്റർ പീറ്റഴ്സൺ കേസ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ പ്രകാരം സോഷ്യൽ ഡമോക്രാറ്റിക് പ്രധാനമന്ത്രിയായ പാൽമെയോടും അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രത്യയ ശാസ്ത്രത്തോടുമുള്ള എതിർപ്പിന്റെ പേരിൽ സ്‌കാൻഡിയ് മാൻ എന്നറിയപ്പെടുന്ന സ്റ്റിഗ് എങ്സ്റ്റോമാണ് കൊലയാളി. 2000ത്തിൽ ഇയാൾ മരിച്ചു. പാൽമെയെ ഇയാൾ നിരന്തരം നിരീക്ഷിച്ചിരുന്നെന്നും പിന്തുടർന്നെന്നും ചില റിപ്പോർട്ടുകളുണ്ടായിരുന്നു. പാൽമെയുടെ മകൻ മാർട്ടെൻ ഈ റിപ്പോർട്ട് ശരിവയ്ക്കുകയും കേസ് അന്വേഷണം അവസാനിപ്പിക്കാമെന്നു പറയുകയും ചെയ്തു. എന്നാൽ ഇന്നും ഈ കേസിനു മതിയായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊലപാതകിയുടെ ഡിഎൻഎയോ, ആയുധമോ ഒന്നുംതന്നെ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ സ്റ്റിഗ് എങ്സ്റ്റോമാണ് കൊലയാളി എന്നു വിധിച്ചുകൊണ്ട് അന്വേഷണം അവസാനിപ്പിച്ചു.
സ്റ്റിഗ് എങ്സ്റ്റോമിനെ ചോദ്യം ചെയ്തപ്പോഴെല്ലാം അയാൾ ഒരു കുറ്റവാളിയെ പോലെയാണ് പെരുമാറിയതെന്നതായിരുന്നു കുറ്റാന്വേഷകന്റെ പ്രധാന കണ്ടെത്തൽ. എങ്സ്റ്റോം ഒരു മുൻ ആർമി ഓഫിസറും മികച്ചൊരു ഷൂട്ടറുമായിരുന്നു. സ്ഥലത്തെ ഒരു ഷൂട്ടിങ് ക്ലബിൽ അംഗവുമായിരുന്നു. പ്രധാനമന്ത്രിയുടെ കൊലപാതകത്തിലെ ഒരു ദൃക്സാക്ഷിയും അദ്ദേഹമായിരുന്നു. സ്റ്റിഗ് എങ്സ്റ്റോമിന്റെ മുൻ ഭാര്യ ഒരു പത്രത്തിനു നൽകിയ ഇന്റർവ്യൂവിൽ ഈ കണ്ടെത്തലുകളെ നിശിതമായി വിമർശിക്കുന്നുണ്ട്. എങ്സ്റ്റോമിന് ഒരു പൂമ്പാറ്റയെ പോലും കൊല്ലാൻ കഴിയില്ല. അത്രമേൽ ഭീരുവായിരുന്നു അദ്ദേഹം എന്നായിരുന്നു അവരുടെ വാക്കുകൾ.
ബ്ലഡ് ഓൺ ദ് സ്‌നോ
പാൽമെയുടെ കൊലപാതകത്തെ ആസ്പദമാക്കി ‘ബ്ലഡ് ഓൺ ദ് സ്‌നോ: ദ് കില്ലിങ് ഓഫ് ഓലൊഫ് പാൽമെ’ എന്ന പേരിൽ ജാൻ ബോണ്ടേസൻ എന്ന എഴുത്തുകാരൻ ഒരു പുസ്തകംതന്നെ രചിച്ചു. പാൽമയെ വധിക്കാൻ ഒന്നിലധികം കാരണങ്ങളാണ് എഴുത്തുകാരൻ മുന്നോട്ടുവയ്ക്കുന്നത്. പാൽമെ വധത്തിന്റെ ആദ്യ സാധ്യത ദക്ഷിണാഫ്രിക്കയിലെ അക്കാലത്തെ കറുത്തവർഗക്കാരുടെ രഹസ്യാന്വേഷണ വിഭാഗത്തിനു നേരെയാണ് വിരൽ ചൂണ്ടുന്നത്. ആഫ്രിക്കൻ നാഷനൽ പാർട്ടിയെ പിന്തുണയ്ക്കാനും എണ്ണക്കൊള്ളയും ആയുധക്കടത്തും അവസാനിപ്പിക്കാനുള്ള പാൽമെയുടെ തീരുമാനം കൊലപാതകത്തിൽ കലാശിച്ചേക്കാം.
മറ്റൊന്ന് സ്‌കാൻഡിയ് മാൻ എന്ന റിയപ്പെടുന്ന എങ്സ്‌റ്റോമിനെ ചുറ്റിപ്പറ്റിത്തന്നെയാണ്. ആ രീതിയിലാണ് 2020ൽ കേസ് അവസാനിപ്പിക്കുന്നത്. അടുത്ത സാധ്യതയാണ് ഇന്ത്യയെയും രാജിവ്ഗാന്ധി കുടുംബത്തേയും ഏറെ നിർണായകമായി ബാധിക്കുന്ന ഒന്ന്. രാജിവ് ഗാന്ധി സർക്കാർ ആയുധ ഇടപാട് നടത്തിയ സ്വീഡൻ കമ്പനി ബൊഫോഴ്‌സ് വൻതോതിൽ കൈക്കൂലി നൽകുന്നെന്നും ധാരാളം ഇടനിലക്കാരുണ്ടെന്നും പാൽമെ മനസിലാക്കിയ ആ ദിവസം തന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ബോണ്ടേസൻ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പാൽമെയും രാജിവ് ഗാന്ധിയും സുഹൃത്തുക്കളുമായിരുന്നു. എന്നാൽ അതു വെറുമൊരു ആരോപണമായി പുസ്തകത്തില്‍ മാത്രമൊതുങ്ങി. അന്വേഷണങ്ങളൊന്നും ആ വഴിക്കു നടന്നതുമില്ല. ഇന്നും ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേസന്വേഷണങ്ങളിലൊന്നാണ് ഓലൊഫ് പാൽമെയുടേത്. അന്വേഷണം അവസാനിപ്പിച്ചെങ്കിലും സ്വീഡൻ അന്വേഷണ വിഭാഗത്തിന് ഇന്നും നാണക്കേടായി നിലനിൽക്കുകയാണ് അവരുടെ മുൻ പ്രധാനമന്ത്രിയുടെ കൊലപാതകം.
English Summary: Mystery Behind Sweden's Former Prime Minister Olof Palme's Death