തുടർഭരണ ചരിത്രം രചിച്ചപ്പോഴും സിപിഎമ്മിനെ ഞെട്ടിച്ച ഏക പരാജയം കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കു സംഭവിച്ചതാണ്. ജയിക്കാൻ ഒരു സാധ്യതയും ഇല്ലാത്ത ‘സി ക്ലാസ്’ മണ്ഡലമായി കെപിസിസി കണക്കാക്കിയ കുണ്ടറയിൽ സിപിഎമ്മിന്റെ... PC Vishnunath, Crossfire interview, congress, kundara constituency, kundara mla

തുടർഭരണ ചരിത്രം രചിച്ചപ്പോഴും സിപിഎമ്മിനെ ഞെട്ടിച്ച ഏക പരാജയം കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കു സംഭവിച്ചതാണ്. ജയിക്കാൻ ഒരു സാധ്യതയും ഇല്ലാത്ത ‘സി ക്ലാസ്’ മണ്ഡലമായി കെപിസിസി കണക്കാക്കിയ കുണ്ടറയിൽ സിപിഎമ്മിന്റെ... PC Vishnunath, Crossfire interview, congress, kundara constituency, kundara mla

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർഭരണ ചരിത്രം രചിച്ചപ്പോഴും സിപിഎമ്മിനെ ഞെട്ടിച്ച ഏക പരാജയം കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കു സംഭവിച്ചതാണ്. ജയിക്കാൻ ഒരു സാധ്യതയും ഇല്ലാത്ത ‘സി ക്ലാസ്’ മണ്ഡലമായി കെപിസിസി കണക്കാക്കിയ കുണ്ടറയിൽ സിപിഎമ്മിന്റെ... PC Vishnunath, Crossfire interview, congress, kundara constituency, kundara mla

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർഭരണ ചരിത്രം രചിച്ചപ്പോഴും സിപിഎമ്മിനെ ഞെട്ടിച്ച ഏക പരാജയം കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കു സംഭവിച്ചതാണ്. ജയിക്കാൻ ഒരു സാധ്യതയും ഇല്ലാത്ത ‘സി ക്ലാസ്’ മണ്ഡലമായി കെപിസിസി കണക്കാക്കിയ കുണ്ടറയിൽ സിപിഎമ്മിന്റെ ഉറച്ച വിജയപ്രതീക്ഷയെ അട്ടിമറിച്ച പി.സി.വിഷ്ണുനാഥാണ് ഈ തിരിച്ചടിയിലും ഈ തിര‍ഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ഒരു താരം. ആ അട്ടിമറിക്കു കാരണം എന്തെന്നും കോൺഗ്രസിനു മുന്നിലെ വഴി ഏതെന്നും ‘മലയാള മനോരമ’ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വിഷ്ണുനാഥ് തുറന്നു പറയുന്നു.

∙ കുണ്ടറയിൽ മനസ്സില്ലാ മനസോടെയാണ് മത്സരിക്കാൻ പോയതെന്നു കേട്ടിരുന്നു. അവിടെ എത്തുമ്പോഴുള്ള ചിത്രം എന്തായിരുന്നു?

ADVERTISEMENT

ഞാൻ ഇതേക്കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ല. കുണ്ടറയിലെ എന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒരുപാട് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം ഉണ്ടായി. കൊല്ലം, വട്ടിയൂർക്കാവ്, കൊട്ടാരക്കര മണ്ഡലങ്ങളിലും എന്നെ പരിഗണിച്ചെന്നതു വസ്തുതയാണ്. എന്നാൽ ഒരു ഘട്ടത്തിൽ കുണ്ടറയിൽ മത്സരിക്കാൻ തയാറാണ് എന്ന് ഞാൻ അങ്ങോട്ടു പറയുകയായിരുന്നു. ജയിച്ചു വരുമെന്ന് നേതൃത്വത്തിന് അങ്ങോട്ട് ഉറപ്പു നൽകി. അല്ലാതെ മറ്റൊരു സീറ്റും കിട്ടാതെ വന്നപ്പോൾ കുണ്ടറയിൽ പരിഗണിച്ചതല്ല.

∙ ഞങ്ങൾ മനസ്സിലാക്കിയതു കൊല്ലം സീറ്റിൽ താങ്കളുടെ പേര് പാർട്ടി ഉറപ്പിച്ച ശേഷം ബിന്ദു കൃഷ്ണ ഉയർത്തിയ പ്രതിഷേധത്തിന്റെ പേരിൽ അവിടെ നിന്നു മാറുകയായിരുന്നു എന്നാണല്ലോ?

കുണ്ടറയിൽ എന്റെ പേര് ആദ്യം ഉണ്ടായിരുന്നില്ല എന്നതു ശരിയാണ്. സ്ക്രീനിങ് കമ്മിറ്റി ചർച്ച ചെയ്തത് മറ്റൊരു മണ്ഡലത്തിലുമാണ്. പക്ഷേ എന്റെ പേരിൽ തർക്കം ഉണ്ടാകരുതെന്ന് ഒടുവിൽ ഞാൻ അങ്ങോട്ടു പറഞ്ഞു. കുണ്ടറ എന്നു നേതൃത്വം തീരുമാനിച്ചപ്പോഴാണ് വട്ടിയൂർക്കാവിൽ നേരത്തെ നിശ്ചയിച്ച സ്ഥാനാർഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാകുന്നത്. ഇതോടെ ഞാൻ അവിടെ മത്സരിക്കണമെന്ന അഭിപ്രായം രൂപപ്പെട്ടു. ആ സമയത്തു തന്നെ കുണ്ടറയിലെ 12 മണ്ഡലം പ്രസിഡന്റുമാരും രണ്ടു ബ്ലോക്ക് പ്രസിഡന്റുമാരും യുഡിഎഫ് നേതൃത്വവും പാർട്ടിയോട് എന്നെ സ്ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കിൽ രാജിവയ്ക്കുമെന്നു വ്യക്തമാക്കി. ഡിസിസി ഓഫിസിനു മുന്നിൽ അവർ വികാരം പ്രകടിപ്പിച്ചു. ആ സമ്മർദ്ദത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒടുവിൽ അവിടെ സ്ഥാനാർഥിയായത്.

∙ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ എന്ന ശക്തയായ എതിരാളിയെ തോൽപ്പിക്കാൻ കഴിയുമെന്നു തോന്നിയിരുന്നോ? എങ്കിൽ അതിനു പിന്നിലെ ആത്മവിശ്വാസത്തിന്റെ കാരണമെന്താണ്?

ADVERTISEMENT

കൊട്ടാരക്കര മാവടി സ്വദേശിയായ എന്റെ പേര് 2006 ലെ കന്നി മത്സരത്തിൽ ആദ്യം പരിഗണിച്ചത് പുനലൂർ മണ്ഡലത്തിലേക്കാണ്. പിന്നീട് എങ്ങനെയോ ചെങ്ങന്നൂരിൽ മത്സരിക്കാൻ തീരുമാനമായി. യഥാർഥത്തിൽ എനിക്ക് ഒരു പരിചയമില്ലാത്ത സ്ഥലമായിരുന്നു ചെങ്ങന്നൂർ. അഞ്ചു വർഷമായി മത്സരിക്കാൻ തയാറെടുത്തു വന്ന സജി ചെറിയാനായിരുന്നു എതിരാളി. ചുരുങ്ങിയ ദിവസങ്ങളെ കിട്ടിയുള്ളൂവെങ്കിലും ജയിച്ചു. ഇത്തവണ സ്വന്തം ജില്ലയിൽ തന്നെ മത്സരിക്കാൻ സീറ്റു ലഭിച്ചു എന്നതായിരുന്നു ആത്മവിശ്വാസത്തിന്റെ പ്രധാന കാരണം. ഞാൻ ശാസ്താംകോട്ട കോളജിലാണ് പഠിച്ചത്.

സൗഹൃദങ്ങളും അറിയാവുന്ന ആളുകളും ധാരാളം. കൊട്ടാരക്കരയിൽ നിന്നു കുണ്ടറയിലേക്ക് 13 കിലോമീറ്റർ മാത്രമാണ് ഉള്ളത്. ഈ നിർണായക ഒരു ഘട്ടത്തിൽ ഒരു സീറ്റ് തിരിച്ചുപിടിക്കാൻ കഴിയുമെങ്കിൽ അതാണ് പാർട്ടിയോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. ഞാൻ ദേശാടനക്കിളിയാണ് എന്നായിരുന്നു സിപിഎമ്മിന്റെ ഒരു പ്രചാരണം. ഇതിനു മുൻപ് മത്സരിച്ച മൂന്നു തിരഞ്ഞെടുപ്പുകളും ഒരേ മണ്ഡലത്തിലായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചു സ്വന്തം സ്ഥലത്തേക്കും. അല്ലാതെ ദേശാടനക്കിളിയായി എങ്ങും പറന്നു പോയില്ലല്ലോ. മന്ത്രി മേഴ്സിക്കുട്ടിയമ്മ ശക്തയായ എതിരാളി തന്നെയായിരുന്നു. 1987 മുതൽ അഞ്ചു തവണ അവർ കുണ്ടറയിൽ മത്സരിച്ച അവർക്ക് അവിടെ കനത്ത സ്വാധീനം തന്നെയുണ്ട്.

∙ കുണ്ടറയിലെ കോൺഗ്രസ് സംവിധാനവും സിപിഎം സംവിധാനവും ഒന്നു താരതമ്യപ്പെടുത്താമോ?

സിപിഎമ്മിന് കൊല്ലത്ത് ഏറ്റവും ശക്തമായ സംഘടനാ സംവിധാനം ഉള്ള സ്ഥലമാണ് കുണ്ടറ. ഏഴു പഞ്ചായത്തുകളിൽ കോൺഗ്രസ് ഭരിക്കുന്നത് ഒന്നിൽ മാത്രം. ജില്ലാ പഞ്ചായത്ത്, ബ്ലോക് പഞ്ചായത്ത് ഡിവിഷനുകൾ എല്ലാം എൽഡിഎഫാണ്. മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്താൻ കഴിയുന്ന സ്ഥാനാർഥിയായി ഞാൻ മുൻകൂട്ടി കണ്ടില്ല. സിപിഎമ്മിന്റെയും അവരുടെയും സ്വാധീനത്തെ മറികടന്നു വേണം തോൽപ്പിക്കാൻ എന്നറിയാമായിരുന്നു.

ADVERTISEMENT

∙ ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദമാണോ മന്ത്രിക്കെതിരെ അവിടെ തുണയായത്? മറ്റു മണ്ഡലങ്ങളിലൊന്നും ആ ഘടകം പ്രവർത്തിച്ചെന്നു തോന്നുന്നില്ലല്ലോ?

പിണറായി മന്ത്രിസഭയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ച ആ വിവാദം വകുപ്പിന്റെ ചുമതലയുളള സ്ഥാനാർഥിക്കെതിരെ യുഡിഎഫിന് അനുകൂലമായി അവിടെ പ്രവർത്തിച്ചു. കൊല്ലം ജില്ലയുടെ തീരമണ്ഡലങ്ങളിൽ വിജയിച്ചില്ലെങ്കിലും അക്കാര്യം സ്വാധീനിച്ചിട്ടില്ലെന്നു പറയാൻ കഴിയില്ല. കൊല്ലം,ചവറ മണ്ഡലങ്ങൾ നേരിയ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ജയിച്ചത്. കരുനാഗപ്പളളിയിൽ വൻ ഭൂരിപക്ഷം യുഡിഎഫ് നേടി.

∙ പക്ഷേ കുണ്ടറയിൽ ബിജെപി വോട്ട് നേടിയാണ് താങ്കൾ ജയിച്ചതെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ ആരോപിച്ചല്ലോ?

വസ്തുത പരിശോധിക്കാതെ മുഖ്യമന്ത്രിയെപ്പോലെ ഒരാൾ എന്തുകൊണ്ടാണ് അങ്ങനെ സംസാരിച്ചത് എന്നറിയില്ല. 2016 ൽ യുഡിഎഫിന് അവിടെ ലഭിച്ചത് 48,000 വോട്ടാണ്. ഇത്തവണ കിട്ടിയത് 76,000 വോട്ടാണ്. ഏതാണ്ട് 28,000 വോട്ടിന്റെ വർധന യുഡിഎഫിനു മണ്ഡലത്തിലുണ്ടായി. ബിജെപി വോട്ട് മാത്രമാണ് എങ്കിൽ എങ്ങനെയാണ് ഇത്രയും വോട്ട് കൂടുതൽ ലഭിക്കുന്നത്? വോട്ട് കച്ചവടത്തിന്റെ ഭാഗമായി പുതുതായി ഇത്രയും വോട്ട് പുതുതായി വന്നതുമല്ല. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.കെ.പ്രേമചന്ദ്രന് 79,000 വോട്ട് കുണ്ടറയിൽ ലഭിച്ചിട്ടുണ്ട്.

∙ ബിജെപി വോട്ടിൽ പതിനാലായിരത്തോളം കുറഞ്ഞു എന്നതു യാഥാർഥ്യമല്ലേ? സിപിഎം വോട്ടിലും എണ്ണായിരത്തോളം ചോർച്ച ഉണ്ടായി. രണ്ടു കൂട്ടരുടേയും വോട്ട് താങ്കൾക്കു ലഭിച്ചോ?

പി.സി.വിഷ്ണുനാഥ്

എൽഡിഎഫിനു കഴിഞ്ഞ കാലങ്ങളിൽ ചെയ്തവരുടെ വോട്ടു കൂടി കിട്ടാതെ ഇത്രയും വോട്ട് വരില്ലല്ലോ. അവിടെ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് കിട്ടി. അതിൽ വലിയ പങ്ക് വോട്ട് കശുവണ്ടി തൊഴിലാളികളുടേതാണ്. 16 ദിവസമേ പ്രവർത്തിക്കാൻ കഴിഞ്ഞെങ്കിലും മണ്ഡലത്തിലെ 88 കശുവണ്ടി ഫാക്ടറികളിലും ഞാൻ പോയി. വളരെ അനുകൂലമായ പ്രതികരണമാണ് കശുവണ്ടി തൊഴിലാളികളിൽ ഉള്ളതെന്നു മനസ്സിലായി. അവർക്കു സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എല്ലാം ലംഘിക്കപ്പെട്ടു. പരമ്പരാഗതമായി ഇടതുമുന്നണിക്കു വോട്ടു ചെയ്തുകൊണ്ടിരുന്ന ആ വിഭാഗത്തിന്റെ വോട്ട് വലിയ തോതിൽ തിരിച്ചു ലഭിച്ചു.

∙ കുണ്ടറയിൽ അട്ടിമറി ജയം നേടിയപ്പോൾ കേരളത്തിൽ കോൺഗ്രസും യുഡിഎഫും തകർന്നടിഞ്ഞു. വ്യക്തിപരമായ വിജയവും മുന്നണിയുടെ വൻപരാജയവും മനസ്സിൽ ഉണ്ടാക്കിയ പ്രതികരണം എന്താണ്?

വലിയ സന്തോഷം പൂർണാർഥത്തിൽ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായി. ലിജു, ബൽറാം, ശബരി തുടങ്ങിയ അടുത്ത സുഹൃത്തുക്കൾ പരാജയപ്പെട്ടു. ചെറിയ ഭൂരിപക്ഷത്തോടെ എങ്കിലും സർക്കാർ രൂപീകരിക്കാൻ കഴിയും എന്നായിരുന്നു പൊതുവിൽ വിലയിരുത്തപ്പെട്ടത്.അതിനു വിപരീതമായി സംഭവിച്ചതു നിരാശയായി.

∙ ഈ തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നു കോൺഗ്രസ് പഠിക്കേണ്ട പാഠങ്ങളും തിരുത്തേണ്ട ദൗർബല്യങ്ങളും എന്താണ്?

എതിരാളിയെ പഠിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പഴയ സിപിഎം അല്ല ഇന്നത്തേത്. വളരെ പ്രഫഷനൽ കോർപറേറ്റ് മാനേജ്മെന്റ് ശൈലി സ്വീകരിക്കുന്ന പാർട്ടിയായി അതു മാറി. മുഖ്യമന്ത്രിയുടെ ഏകാധിപത്യശൈലി ഒരു തരത്തിൽ അവർക്ക് പ്രയോജനകരമായി. ചോദ്യം ചെയ്യാൻ ആരുമില്ല. അദ്ദേഹം ഉദ്ദേശിക്കുന്നത് അതേ പടി നടപ്പിലാക്കാൻ സാധിക്കുന്നു. പിണറായി വിജയന്റെ ഫോട്ടോ വച്ച് പൂവും നിലവിളക്കും കത്തിച്ചു വയ്ക്കുന്നതിലേക്ക് സ്ഥിതി മാറിയല്ലോ. എതിരാളിയുടെ മാറ്റം മനസ്സിലാക്കാതെ സിപിഎം പണമൊഴുക്കി, പിആർ എജൻസിയെ കൊണ്ടുവന്നു എന്നെല്ലാം പഴി പറ‍ഞ്ഞിട്ടു കാര്യമില്ല.അവർ അങ്ങനെ ചെയ്താൽ അതിന് അപ്പുറത്തുള്ളതു ചെയ്താലേ ജയിക്കാൻ സാധിക്കൂ. ഇല്ലെങ്കിൽ തോൽക്കും.

∙ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതല കൂടി താങ്കൾക്ക് ഉണ്ടായിരുന്നു, സ്ഥാനാർഥി ആയതോടെ അക്കാര്യത്തിൽ കേന്ദ്രീകരിക്കാൻ സാധിച്ചിട്ടുണ്ടാകില്ല. പ്രയോജനപ്രദമായി അതു കൈകാര്യം ചെയ്യാൻ പാർട്ടിക്ക് സാധിച്ചോ?

ഒരിക്കൽ തൊഴിലാളിയുടെ കാര്യം പറഞ്ഞു കംപ്യൂട്ടറിനെ എതിർത്ത സിപിഎം കഴിഞ്ഞ വർഷം ലോക തൊഴിലാളി ദിനമായ മേയ് ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് അവരുടെ നവമാധ്യമപ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കുറിച്ചത്. സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന ഒരു പിടി ശക്തികളെയും വ്യക്തികളെയും പിന്നീട് പ്രചാരണത്തിന്റെ ഭാഗമാക്കി. ചലച്ചിത്ര താരങ്ങൾ ഇതുപോലെ പരസ്യമായി ഒരു മുന്നണിയുടെ ഭാഗമായി മാറിയ കാലം ഉണ്ടായിട്ടുണ്ടോ? നരേന്ദ്ര മോദി കേന്ദ്രത്തിൽ വന്ന സമയത്ത് ദേശീയ തലത്തിൽ ചലചിത്ര രംഗത്തുള്ളവുടെ സമാന പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്.

മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത വിനോദ നികുതി കേരളത്തിൽ അടിച്ചേൽപ്പിച്ച ശേഷം ചലച്ചിത്ര രംഗത്തുള്ളവർ നൽകിയ നിവേദനത്തിന്റെ പേരിൽ ഒഴിവാക്കിയപ്പോൾ പിണറായി വിജയനെ അക്കൂട്ടർ രക്ഷകനായി അവതരിപ്പിച്ചു. ഒരേ കേന്ദ്രത്തിൽ നിന്നു നൽകിയ കാപ്സ്യൂൾ സകല സിനിമാക്കാരും ഫെയ്സ്ബുക് പോസ്റ്റാക്കി ഇട്ടു. ഇതെല്ലാം മുൻകൂട്ടി മനസ്സിലാക്കി അങ്ങനെയുള്ള സിപിഎമ്മിനു പോന്ന എതിരാളി ആകാൻ കോൺഗ്രസിനു സാധിച്ചില്ല. ഞങ്ങളുടെ സോഷ്യൽ മീഡിയ പ്രചാരണം ആരംഭിക്കുന്നത് നീണ്ടു പോയി. നിലവിലെ പരിമിതികൾക്കുള്ളിലും അതിനു നേതൃത്വം കൊടുക്കുന്നവർ അതു ഗംഭീരമായി ചെയ്തു.

∙ മുന്നണികളുടെ ശക്തിയും സംവിധാനങ്ങളും തട്ടിച്ചു നോക്കിയാൽ എൽഡിഎഫിനു യുഡിഎഫ് ആ തലത്തിൽ കിട പിടിക്കാത്തവരായി എന്നതല്ലേ താങ്കൾ പറഞ്ഞതിന്റെ ചുരുക്കം?

അതു തന്നെയാണ്, ഒരു മാറ്റവുമില്ല. ഇനിയെങ്കിലും അതു നമ്മൾ മനസ്സിലാക്കണം. 2011 ൽ സിപിഎം കോട്ട ബംഗാളിൽ തകർത്ത മമത ബാനർജി 2016 ൽ വീണ്ടും ജയിച്ചു. ആ മമതയ്ക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടായിട്ടല്ലല്ലോ തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറിനെ കാര്യങ്ങൾ ഏൽപ്പിച്ചത്. അത്തരം പ്രഫഷണൽ സഹായം ആവശ്യമെങ്കിൽ അതു ചെയ്യണം. പഴയ സിപിഎം ആണെന്ന് വരുത്തിത്തീർക്കാൻ ചില ആസ്ഥാന ബുദ്ധിജീവികളെ കൊണ്ട് പൈങ്കിളി സാഹിത്യം എഴുതിക്കുന്നതു മാറ്റിവച്ചാൽ കോട്ടും സ്യൂട്ടും ഇട്ട് ഇവന്റ് മാനേജർമാർ കൈകാര്യം ചെയ്യുന്ന സിപിഎമ്മാണ് യഥാർഥത്തിൽ ഉള്ളത്.

ആ ഇവന്റിലെ ഒരു ഐറ്റം സിനിമാക്കാരാണ്, മറ്റൊരു ഐറ്റം ബെന്യാമിനും കെ.ആർ. മീരയേയും പോലെ ഉള്ളവരാണ്. ഇനിയൊരു ഐറ്റം മാധ്യമരംഗത്ത് അവർക്ക് ഉപയോഗിക്കാൻ കഴിയുന്നവരാണ്. കേരളത്തിലെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച് നാൽപ്പത്തിയഞ്ചോളം വിദേശ മാധ്യമങ്ങളിൽ ലേഖനം എഴുതിയത് രണ്ടോ മൂന്നോ പേരാണെന്നു മനസ്സിലാക്കിയ ഒരാളാണ് ഞാൻ. എഴുതിയത് ഒരേ ആൾ തന്നെയെന്ന് ആരെങ്കിലും ഇവിടെ മനസ്സിലാക്കിയോ? അതിന്റെ പേരിൽ എന്തെല്ലാം പ്രചാരണമാണ് ഇവിടെ നടത്തിയത്. കോവിഡിനോട് ഡൊണാൾഡ് ട്രംപ് പോലും പരാജയപ്പെട്ടപ്പോഴും പിണറായി വിജയിച്ചു എന്നായിരുന്നല്ലോ പ്രചാരണം. ട്രംപിന്റെ വീഴ്ചകൾ എണ്ണിയെണ്ണി പറയാൻ മാധ്യമങ്ങൾ മടികാട്ടിയില്ല. ഇവിടെ പിണറായി വിജയനെതിരേ ആരു പറയാൻ!

∙ യുവ തലമുറയെ കൂടെ നിർത്തുന്നതിലും ആകർഷിക്കുന്നതിലും യുഡിഎഫ് പരാജയപ്പെടുന്നോ?

യുവാക്കളുടെ യഥാർഥ പ്രശ്നങ്ങൾക്കു വേണ്ടി കോൺഗ്രസും യൂത്ത് കോൺഗ്രസും കെഎസ്‌യുവും നിലകൊണ്ടിട്ടുണ്ട്. കഴിഞ്ഞ മാർച്ച് മുതൽ പക്ഷേ കോവിഡ് കാല പരിമിതികൾ പ്രതിപക്ഷത്തെ പൊതി‍ഞ്ഞു. ഭരണകൂടത്തെ കൂടുതൽ ആശ്രയിക്കാൻ ജനങ്ങൾ നിർബന്ധിതരായി. സ്വന്തം ജീവിതത്തെ സംബന്ധിച്ച് വലിയ ഭയം ഓരോരുത്തരിലും ഉളളപ്പോൾ സർക്കാരിനെതിരെ പ്രശ്നങ്ങളും അഴിമിതികളും ഉയർത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും പരിമിതിയുണ്ടായി. ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കിക്കാണാൻ കഴിയുന്ന നല്ല യുവ നേതൃനിര ഇന്ന് കോൺഗ്രസിനുണ്ട്. അതിനെ ഫലപ്രദമായി യഥാസമയം വിനിയോഗിക്കുന്ന തീരുമാനങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.

∙ ഒരു വലിയ നിര പുതുമുഖ സ്ഥാനാർഥികളെ രംഗത്തിറക്കി, തലമുറ മാറ്റം നടപ്പാക്കിയിട്ടും കോൺഗ്രസ് തോറ്റല്ലോ?

സാഹചര്യങ്ങൾ കൂടുതൽ അനൂകൂലമായിരുന്നെങ്കിൽ വിജയിക്കാൻ കഴിയുമായിരുന്നവരായിരുന്നു പുതുമുഖങ്ങൾ. പക്ഷേ സമയം കുറവായിപ്പോയി പ്രതികൂലമായ സ്ഥിതിയായിരുന്നു പൊതുവിലുള്ളതും. ഇവരെല്ലാം ആ നിയമസഭാമണ്ഡലങ്ങളിൽ തുടരുകയും ജനങ്ങളോട് ഇടപഴകി നീങ്ങുകയും ചെയ്താൽ ഭാവി അവരുടേതു മാത്രമാകും. കരുനാഗപ്പള്ളിയിൽ തോറ്റശേഷം ആ മണ്ഡലത്തിൽ നിന്നു മാറാതെ നിന്നു ജയിച്ചു കാണിച്ചു കൊടുത്ത സിആർ മഹേഷ് നൽകുന്ന പാഠം ഇവർക്കെല്ലാം മുന്നിലുണ്ട്.

∙ തോൽവിയുടെ അടിസ്ഥാനത്തിൽ എന്തു മാറ്റമാണ് നേതൃത്വത്തിൽ വേണ്ടത്?

വലിയ മാറ്റങ്ങൾ വേണം. പക്ഷേ വ്യക്തി അധിഷ്ഠിത ചർച്ചകളിലേക്കു പോയതുകൊണ്ട് ഇപ്പോൾ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. പാർട്ടിയെ അടിമുടി പുനരാവിഷ്കരിക്കണം. അല്ലാതെ കേവലം പുനസംഘടനയല്ല വേണ്ടത്. കോൺഗ്രസിനെ ആകർഷകമാക്കണം. കൂടുതൽ പേർക്ക് ഇങ്ങോട്ട് കടന്നുവരാൻ തോന്നണം. കമ്മിറ്റി കൂടി പരിശോധിക്കും എന്ന തേഞ്ഞുപഴകിയ പ്രസ്താവനകളൊന്നും ആരും ഇനി വിശ്വസിക്കില്ല. പാർട്ടിയിൽ വരുത്തേണ്ട മാറ്റം ഒന്നും രഹസ്യമായി ചെയ്യേണ്ടതല്ല. വീഴ്ചകൾ ഉണ്ടായെന്ന് സത്യസന്ധമായി ജനത്തോടു പറഞ്ഞാൽ അവർ അംഗീകരിക്കും. എടുക്കുന്ന നിലപാടുകളിൽ വ്യക്ത ഉണ്ടാകണം. അല്ലാതെ അഴകൊഴമ്പൻ സമീപനം കൊണ്ട് കാര്യമില്ല. തീരുമാനങ്ങൾ യോജിച്ചു എടുക്കാൻ സാധിക്കണം. ആളുകൾക്ക് വെറുപ്പ് ഉണ്ടാക്കുന്ന ഒരു ഘടകവും കോൺഗ്രസ് എന്ന പാർട്ടിയിൽ ഇല്ല. വഴക്കു പറയാനും ശാസിക്കാനും വരെ ജനങ്ങളെ അനുവദിച്ചു കൊടുക്കുന്ന പാർട്ടിയാണു കോൺഗ്രസ്.

∙ ആകർഷകമാക്കണമെങ്കിൽ മുന്നിൽ നിൽക്കുന്ന മുഖങ്ങളും പ്രസക്തമാണ്. സ്ഥിരം മുഖങ്ങൾ മതിയോ, അതോ മാറണോ?

മുഖങ്ങളെക്കാൾ പ്രധാനം സമീപനങ്ങളാണ്. പുതിയ ഒരാൾ വന്നിട്ടു പഴയ സമീപനം തുടർന്നിട്ടു കാര്യമുണ്ടോ? പുന:സംഘടന എന്നത് ചിലരുടെ പ്രാതിനിധ്യത്തിന്റെ പ്രശ്നമാകരുത്. മെറിറ്റുള്ളവരെ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരണം. ഒരാൾ ഈ പാർട്ടിക്ക് വേണ്ടി എത്ര സമയം പ്രവർത്തിക്കുന്നുവെന്ന കാര്യം പരിശോധിക്കണം. ഓരോ ഘടകത്തിലും ഉള്ളവർക്ക് ഉത്തരവാദിത്വങ്ങൾ ഫിക്സ് ചെയ്യണം. പാർട്ടിയുടെ പ്രത്യയശാസ്ത്ര ദൃഢത പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണം.

∙ രൂപപ്പെട്ടു വരുന്ന അനുകൂല സന്ദർഭങ്ങൾ മുന്നണിക്ക് അനുകൂലമായി പരിവർത്തനം ചെയ്യാൻ കഴിയുന്ന നേതൃത്വത്തിന്റെയും അതിനു സഹായകരമാകുന്ന കൂടിയാലോചനകളുടെയും പോരായ്മ കോൺഗ്രസിനുണ്ടോ?

ഫലപ്രദമായ കൂടിയാലോചനകൾ കോൺഗ്രസിൽ ഇല്ലെന്നു തുറന്നു പറയേണ്ടി വരുന്നത് ഒരു തെറ്റായി ഇപ്പോൾ കാണുന്നില്ല. കോൺഗ്രസിന്റെ നയവും തീരുമാനങ്ങളും എടുക്കുന്നത് 50 വയസ്സിനു മുകളിലുള്ളവരാണ്. അതിന്റെ താഴെ പ്രായമുളളവരുടെ ചിന്ത ഉപയോഗിക്കാനോ അങ്ങനെയുള്ളളരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാനോ നേതൃത്വം തയാറല്ല. എന്നെയും എം.ലിജുവിനെയും യൂത്ത് കോൺഗ്രസ് എന്ന മട്ടിൽ രാഷ്ട്രീയ കാര്യസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ രണ്ടു പേരും പറയാൻ കഴിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്. അതെല്ലാം കൊള്ളാമെന്ന് മറ്റുള്ളവർ പറയാറുണ്ട്.

പക്ഷേ അത് ഉൾക്കൊണ്ട് ഒരു തീരുമാനവും കോൺഗ്രസ് എടുത്തിട്ടില്ല. കുറച്ചു യുവാക്കൾക്ക് സ്ഥാനാർഥിത്വം കൊടുത്തു യുവാക്കളെ പരിപോഷിപ്പിച്ചെന്നു പറയുന്നതിൽ അർഥമില്ല. പുതിയ ചിന്തയാണ് വേണ്ടത്. പുതു ചിന്തയെ സ്വീകരിക്കും എന്നെല്ലാം ഇവർ പുറത്തേയ്ക്കു പറയുന്നത് യഥാർഥത്തിൽ കളവാണ്. ആർജവം ഇല്ലാത്തെ ആ ശൈലിയാണ് മാറ്റേണ്ടത്. ഓരോ സ്ഥാനത്തേയ്ക്കും അർഹതപ്പെട്ടവർ വരണമെന്ന ചിന്തയിലേക്കു നേതൃത്വം വന്നതാണ് രാഷ്ട്രീയകാര്യസമിതിയിൽ കണ്ട പ്രകടമായ മാറ്റം. വ്യക്തി സങ്കുചിത താൽപ്പര്യങ്ങളിലേയ്ക്കു പോയാൽ ആരും രക്ഷപെടില്ല എന്ന ബോധ്യം എല്ലാവരിലും ഉയരുന്നുണ്ട്.

∙ എഴുപതുകളിലെ യുവശക്തിയുടെ മുന്നേറ്റത്തെ ഓർത്തെടുക്കുന്നവർ ഇന്നുണ്ട്. കെപിസിസി പാസാക്കിയ പ്രമേയത്തിലൂം അക്കാര്യം സൂചിപ്പിക്കുന്നു. ഗ്രൂപ്പുകൾക്ക് അതീതമായി ഒരു യുവശക്തിയുടെ മുന്നേറ്റത്തിനു സമയമായെന്നു താങ്കൾ കരുതുന്നോ?

ഏതെങ്കിലും ഒരു സ്ഥാനത്തേക്ക് ചെറുപ്പക്കാരൻ വന്നാൽ തീരുന്ന പ്രശ്നമായി ഇതിനെ കാണുന്നില്ല. പാർട്ടി അടിമുടി മാറിയില്ലെങ്കിൽ ആ വരുന്നയാൾ കൂടി കൂടുതൽ വഷളാകും.തീരുമാനങ്ങളിലും സമീപനങ്ങളിലുമാണ് ചെറുപ്പക്കാരുടെ ചിന്തയും ആശയഗതിയും വേണ്ടത്.

∙ തോൽക്കുമ്പോഴെല്ലാം കോൺഗ്രസ് ചില പ്രഖ്യാപനങ്ങൾ നടത്തും, പിന്നീട് പ്രഖ്യാപിച്ച യോഗം പോലും കൂടാറില്ല. എല്ലാം പഴയ പടിയാകുന്ന ആകുന്ന സ്ഥിതിയിലേക്കാണോ കാര്യങ്ങൾ പരിണമിക്കുന്നത്?

ഇത്തവണ തോൽവി പഠിക്കാൻ പതിവു പോലെ കമ്മിറ്റിയെ വയ്ക്കേണ്ടെന്ന് രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചത് അതുകൊണ്ടാണ്. ജനങ്ങൾക്കിടയിൽ ആ തീരുമാനം പരിഹാസമായി മാറുമെന്ന് എല്ലാവരും മനസ്സിലാക്കി. സമഗ്രവും സമൂലവുമായ മാറ്റം കേരളത്തിൽ ചർച്ച ചെയ്തു ദേശീയ നേതൃത്വത്തിന്റെ മാർഗനിർദേശത്തോടെ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏതു നടപടിയും ഐക്യത്തോടെ ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുക. പ്രതിസന്ധികൾ അവസരങ്ങൾ കൂടിയാണ്. ഒരുമിച്ചു നിന്ന് ആ അവസരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ എല്ലാവരും പരിശ്രമിക്കും. അതുവഴി വലിയ മാറ്റം കോൺഗ്രസിൽ വരും.

English Summary: 'Cross Fire' Interview with PC Vishnunadh