അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ 1967 ജൂൺ അഞ്ചിന് ആരംഭിച്ച ആറുദിന യുദ്ധമാണു മധ്യപൂർ‌വദേശത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രം തിരുത്തിയെഴുതുകയും സമാധാനം അകലെയാക്കുകയും ചെയ്തത്... What is happening in Jerusalem?, Gaza And Israel, Israel Gaza Airstrikes, Air Strike Israel Palestine, Manorama Online, Manorama News, Manorama Explainer

അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ 1967 ജൂൺ അഞ്ചിന് ആരംഭിച്ച ആറുദിന യുദ്ധമാണു മധ്യപൂർ‌വദേശത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രം തിരുത്തിയെഴുതുകയും സമാധാനം അകലെയാക്കുകയും ചെയ്തത്... What is happening in Jerusalem?, Gaza And Israel, Israel Gaza Airstrikes, Air Strike Israel Palestine, Manorama Online, Manorama News, Manorama Explainer

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ 1967 ജൂൺ അഞ്ചിന് ആരംഭിച്ച ആറുദിന യുദ്ധമാണു മധ്യപൂർ‌വദേശത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രം തിരുത്തിയെഴുതുകയും സമാധാനം അകലെയാക്കുകയും ചെയ്തത്... What is happening in Jerusalem?, Gaza And Israel, Israel Gaza Airstrikes, Air Strike Israel Palestine, Manorama Online, Manorama News, Manorama Explainer

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാസയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേൽ പട്ടണമായ അഷ്കെലോണിൽ മലയാളി നഴ്സ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) ഉൾപ്പെടെ കൊല്ലപ്പെട്ടതു ഞെട്ടലോടെയാണു കേരളം അറിഞ്ഞത്. അനേകം മലയാളികളുള്ള പ്രദേശമാണ് അഷ്കെലോൺ എന്നും അവസ്ഥ ഭീകരമാണെന്നും ആക്രമണത്തിന്റെ തൽസമയ വിഡിയോ പങ്കുവച്ച വ്ലോഗർ സനോജ് വെളിപ്പെടുത്തി. വീണ്ടും രൂക്ഷമാകുന്ന ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ മിസൈൽ–റോക്കറ്റ് ആക്രമണങ്ങളിൽ ഇരുപക്ഷത്തും നിരവധി പേർക്കാണു ജീവൻ നഷ്ടമാകുന്നത്. മേഖലയിൽ 2019നു ശേഷം ഏറ്റവും രൂക്ഷമായ സംഘർഷമാണിതെന്നാണു റിപ്പോർട്ട്. അധിനിവേശ കിഴക്കൻ ജറുസലമിലെ അൽ അഖ്സ പള്ളി വളപ്പിൽ തിങ്കളാഴ്ച ആരംഭിച്ച സംഘർഷമാണ് ഇപ്പോൾ കൈവിട്ടത്.

ഷെയ്ഖ് ജാറ മേഖലയിലെ പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ തുടർന്ന് ഏതാനും നാളുകളായി സംഘർഷമാണ്. അൽ അഖ്സയിൽനിന്ന് ഇസ്രയേൽ സേന പിൻവാങ്ങാൻ പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് നൽകിയ സമയം തിങ്കളാഴ്ച അവസാനിച്ചിരുന്നു. തുടർന്നു ഹമാസ് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തി. ഇതോടെ ഇസ്രയേൽ നടപടികൾ കടുപ്പിച്ചു. അൽ അഖ്സ പള്ളി വളപ്പിൽ നടത്തിയ കണ്ണീർവാതക, റബർ ബുള്ളറ്റ് പ്രയോഗത്തിൽ നൂറുകണക്കിനു പലസ്തീൻകാർക്കു പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഗാസയിലെ ഇസ്‌ലാമിക് ജിഹാദ് എന്ന സംഘടനയുടെ മുതിർന്ന കമാൻഡർ അടക്കമുള്ളവരെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. എന്താണ് ഇസ്രയേലിനും പലസ്തീനുമിടയിൽ പ്രശ്നം? പതിറ്റാണ്ടുകളുടെ പഴക്കമുള്ള ചോരപ്പാടിന്റെ‌ വേരുകൾ തിരയുകയാണു മലയാളികളും.

ADVERTISEMENT

∙ ഗാസയിൽ തുടരുന്ന ഇസ്രയേൽ ഇടപെടൽ

ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണു ഗാസ മുനമ്പ്. 18 ലക്ഷത്തിലേറെ പേർ 356 ചതുരശ്ര കിലോമീറ്റർ സ്ഥലത്തു തിങ്ങിഞെരുങ്ങിക്കഴിയുന്നു. വെള്ളവും വൈദ്യുതിയും മാത്രമല്ല, മരുന്നുപോലും ഇവിടെ അപൂർവം. തുടർച്ചയായ ദുരനുഭവങ്ങളിലൂടെ കടന്നുപോകുന്ന ജനതയാണ് ഇവിടെയുള്ളത്. യുഎസിന്റെ ഇസ്രയേൽ എംബസി മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജറുസലമിലേക്കു മാറ്റിയതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിനു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ അനേകം പലസ്തീൻകാർക്കാണു ജീവൻ നഷ്ടമായത്. ആയിരക്കണക്കിനു പേർക്കു പരുക്കേറ്റു.

ഗാസയുടെ മണ്ണിൽ കൂടുതൽ ചോര കുതിർന്ന ഈ സംഭവം യുദ്ധക്കുറ്റമായി കണക്കാക്കി വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ക്രിമിനൽ കോടതിയെ (ഐസിസി) പലസ്തീൻ സമീപിച്ചിരുന്നു. യുഎസ് എംബസി ജറുസലമിലേക്കു മാറ്റുകയാണെന്ന് 2017 ഡിസംബറിലാണു യുഎസ് പ്രഖ്യാപിച്ചത്. ഇതിനെ അപലപിച്ചുള്ള പ്രമേയത്തെ യുഎൻ പൊതുസഭയിൽ ഇന്ത്യ ഉൾപ്പെടെ 128 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ, എതിർക്കാൻ യുഎസിനും ഇസ്രയേലിനും ഒപ്പമുണ്ടായിരുന്നത് ടോഗോ, പലാവ്, നാവ്‌റു, ഗ്വാട്ടിമാല തുടങ്ങിയ നാമമാത്രമായ ഏഴു രാജ്യങ്ങൾ. യുഎസ് വീറ്റോ പ്രയോഗിച്ചതിനാൽ‌ എംബസിമാറ്റം ഉപേക്ഷിക്കാനുള്ള പ്രമേയം യുഎൻ രക്ഷാസമിതിയിൽ വിജയിച്ചില്ല.

കടുംപിടിത്തത്തിനൊടുവിൽ എംബസിമാറ്റം നടപ്പാക്കുക തന്നെ ചെയ്തു. ഇതിനെതിരെ വൻ പ്രതിഷേധം ഉയരുമെന്ന് ഉറപ്പായിരുന്നു. പ്രക്ഷോഭം നേരിടാൻ യുദ്ധസമാനമായ സായുധഇടപെടലാണ് ഇസ്രയേൽ നടത്തിയത്. വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ എട്ടുമാസം മാത്രമുള്ള ലൈല ബന്ദോർ എന്ന പിഞ്ചുകുഞ്ഞുമുണ്ടായിരുന്നു. മുത്തശ്ശിയുടെ കൈകളിൽ കിടന്നു മരണത്തിലേക്കു കണ്ണടച്ച ലൈലയുടെ ചിത്രം, പലസ്തീൻ ജനത അനുഭവിക്കുന്ന ദുരിതത്തിന്റെ പ്രതീകമായി ലോകത്തെ വേദനിപ്പിച്ചു. ഇസ്രയേലിലെ എംബസി ജറുസലമിലേക്കു മാറ്റിയതിലൂടെ ലോകത്തിന്റെ പിന്തുണയില്ലാത്തൊരു നടപടിയാണു യുഎസ് ചെയ്തത്

ബെന്യാമിൻ നെതന്യാഹു, ഡോണൾഡ് ട്രംപ് (ഫയൽ ചിത്രം)
ADVERTISEMENT

ക്രിസ്ത്യൻ, മുസ്‌ലിം, ജൂത വിശ്വാസികൾക്ക് ഒരുപോലെ വിശുദ്ധമായ പുണ്യഭൂമിയാണു ജറുസലം. 1967ൽ ഇസ്രയേൽ പിടിച്ചെടുത്ത കിഴക്കൻ ജറുസലം ഇപ്പോഴും തർക്കപ്രദേശമായാണു ലോകം കാണുന്നത്. ഈ നഗരം ഇസ്രയേലിന്റെ സ്വന്തമാണെന്നു ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ, തലസ്ഥാനം ടെൽ അവീവിൽനിന്നു ജറുസലമിലേക്കു മാറ്റാൻ ഇസ്രയേൽ നേരത്തേ തീരുമാനമെടുത്തതിനും ലോകത്തിന്റെ പൊതു അംഗീകാരമില്ല. തലസ്ഥാനമാറ്റത്തിനായി 1980 ജൂലൈയിൽ ഇസ്രയേൽ പാർലമെന്റ് പാസാക്കിയ ജറുസലം നിയമത്തെ തൊട്ടടുത്ത മാസം തന്നെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) തള്ളിക്കളഞ്ഞിരുന്നു.

ഇതു രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നു വ്യക്തമാക്കിയ യുഎൻ, അംഗരാജ്യങ്ങളോടു ജറുസലമിൽ നയതന്ത്ര കാര്യാലയങ്ങൾ സ്ഥാപിക്കരുതെന്നു നിർദേശിച്ചു. അപ്പോൾ അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഏതാനും രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ യുഎൻ നിർദേശപ്രകാരം മാറ്റുകയുണ്ടായി. ഇസ്രയേലിന്റെ ജറുസലം പ്രമേയത്തെ യുഎൻ രക്ഷാസമിതി തള്ളിക്കളഞ്ഞപ്പോൾ സമിതിയിലെ 15 രാജ്യങ്ങളിൽ പതിനാലും ആ തീരുമാനത്തിനൊപ്പമാണു നിന്നത്. യുഎസ് മാത്രം വിട്ടുനിന്നു. അപ്പോഴും, എതിർത്തില്ല എന്നതു ശ്രദ്ധേയം. കാൽനൂറ്റാണ്ടിലേറെ കാലമായി നിലനിൽക്കുന്ന ഈ സ്ഥിതിയെ തല്ലിത്തകർത്താണു ട്രംപിന്റെ തീരുമാനം നടപ്പിലായത്.

∙ ആറുദിന യുദ്ധം; ദുരിതം മാറാതെ പതിറ്റാണ്ടുകൾ

അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ 1967 ജൂൺ അഞ്ചിന് ആരംഭിച്ച ആറുദിന യുദ്ധമാണു മധ്യപൂർ‌വദേശത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രം തിരുത്തിയെഴുതുകയും സമാധാനം അകലെയാക്കുകയും ചെയ്തത്. ആറുദിന യുദ്ധം ലോകത്തിനു മുൻപാകെ ഇസ്രയേലിന്റെ സൈനിക ശക്തി വെളിപ്പെടുത്തി. ഇസ്രയേലിന് അതുവരെയുണ്ടായിരുന്ന മൊത്തം വിസ്തൃതിയുടെ മൂന്നിരട്ടി പ്രദേശമാണു മൂന്നു രാജ്യങ്ങളിൽനിന്നായി ആറുദിവസം കൊണ്ടു പിടിച്ചെടുത്തത്. ഈജിപ്തിൽനിന്നു ഗാസാ മുനമ്പും സിനായ് ഉപദ്വീപും, ജോർദാനിൽനിന്നു കിഴക്കൻ ജറുസലം ഉൾപ്പെടുന്ന വെസ്റ്റ് ബാങ്ക്, സിറിയയിൽനിന്നു ഗോലാൻ കുന്നുകൾ എന്നിവയാണ് ഇസ്രയേൽ പിടിച്ചെടുത്തത്.

ADVERTISEMENT

ആറു ദിന യുദ്ധത്തിലേക്കു വഴിവച്ച സംഭവങ്ങളുടെ രത്നച്ചുരുക്കം പരിശോധിക്കാം. 1947ൽ പലസ്തീൻ ദേശം ജൂത, അറബ് രാജ്യങ്ങളായി വിഭജിക്കാൻ ഐക്യരാഷ്ട്ര സംഘടന പദ്ധതിയിട്ടു. ജൂതർക്ക് 56% ഭൂപ്രദേശം നൽകാനായിരുന്നു തീരുമാനം. 1948ൽ ഇസ്രയേൽ രാഷ്ട്ര പ്രഖ്യാപനമുണ്ടായി. യുഎൻ പദ്ധതി തള്ളുന്നതായി അറബ് രാജ്യങ്ങൾ നിലപാടെടുത്തു. 1967ൽ ആറുദിവസം നീണ്ട അറബ്–ഇസ്രയേൽ യുദ്ധത്തിനുശേഷം ഇസ്രയേൽ കിഴക്കൻ ജറുസലം കൂട്ടിച്ചേർത്തു. വെസ്റ്റ് ബാങ്കിലും ഗാസാ മുനമ്പിലും സിനായ് ഉപദ്വീപിലും ഗോലാൻ കുന്നുകളിലും ഇസ്രയേൽ അധിനിവേശവും നടന്നു.

ക്യാംപ് ഡേവിഡ് കരാർ പ്രകാരം പിന്നീട് ഇസ്രയേൽ സിനായ് വിട്ടു. ഗോലാൻ കുന്നുകൾ ഇസ്രയേലിനോടു കൂട്ടിച്ചേർത്തു. വെസ്റ്റ് ബാങ്കിലും ഗാസാ മുനമ്പിലും അധിനിവേശം തുടർന്നു. 2005ൽ ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പിൻമാറിയെങ്കിലും അധിനിവേശ പ്രദേശമായി തുടരുന്നതാണ് ഇപ്പോഴത്തെ സംഘർഷങ്ങളുടെ മൂലക്കല്ല്.

∙ യുഎസ് തീരുമാനത്തിന്റെ വിവേകരാഹിത്യം

പലസ്തീനും ഇസ്രയേലിനുമിടയിൽ മധ്യസ്ഥന്റെ വേഷമാണു ദീർഘകാലമായി യുഎസിനുണ്ടായിരുന്നത്. ജറുസലമിലേക്കു എംബസി മാറ്റാൻ 1995ൽ യുഎസ് നിയമം പാസാക്കിയിരുന്നു. എന്നാൽ, പിന്നീടു വന്ന പ്രസിഡന്റുമാരെല്ലാം ( ബിൽ ക്ലിന്റൻ, ജോർജ് ബുഷ്, ബറാക് ഒബാമ) എംബസി മാറ്റം പ്രത്യേക ഉത്തരവിലൂടെ നീട്ടിവച്ചു. തിരഞ്ഞെടുക്കപ്പെട്ടാൽ എംബസി ജറുസലമിലേക്കു മാറ്റുമെന്നതായിരുന്നു മുൻ പ്രസിഡന്റ് ട്രംപിന്റെ മുഖ്യ തിര‍ഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്ന്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനു പുറമേ യുഎസിലെയും ഇസ്രയേലിലെയും വലതുപക്ഷ സംഘടനകൾ ട്രംപിന്റെ നീക്കത്തെ ആവേശത്തോടെയാണു സ്വീകരിച്ചത്.

യുഎസിനകത്തും പുറത്തുമുള്ള ട്രംപ് അനുകൂലികൾ കഴിഞ്ഞാൽ, യൂറോപ്യൻ യൂണിയനും അറബ് ലോകവും തുർക്കിയുമെല്ലാം ട്രംപിന്റെ നീക്കത്തിനെതിരായി. ചരിത്രപരമായി ഇസ്രയേൽ രാഷ്ട്രത്തിന്റെ ഭാഗമല്ല ജറുസലം എന്നതാണ് ഇതര രാജ്യങ്ങളുടെ വിയോജിപ്പിനു കാരണം. 1947ലെ യുഎൻ വിഭജനപദ്ധതി ശുപാർശ ചെയ്യുന്നതു ജറുസലമിനു രാജ്യാന്തര പദവിയാണ്. 1949ലെ യുദ്ധത്തെത്തുടർന്നു ജറുസലം നഗരം രണ്ടായി വിഭജിക്കപ്പെട്ടു. പടിഞ്ഞാറ് ഇസ്രയേലിനും പഴയ നഗരം അടങ്ങുന്ന കിഴക്ക് ജോർദാൻ ഭരണത്തിനു കീഴിൽ പലസ്തീനികൾക്കും എന്നായിരുന്നു തീരുമാനം.

∙ ‘സമാധാനപ്രക്രിയ’എന്ന നാട്യത്തിന് വിട

1967ലെ ആറുദിന യുദ്ധത്തിൽ വെസ്റ്റ് ബാങ്ക്, ഗോലാൻ കുന്നുകൾ, സിനായ്, ഗാസ എന്നിവ അടക്കം കിഴക്കൻ ജറുസലം മുഴുവനും ഇസ്രയേൽ പിടിച്ചെടുത്തു. 1980ൽ ഇസ്രയേൽ കിഴക്കൻ ജറുസലമിനെ കൂട്ടിച്ചേർത്തശേഷം ജറുസലം തലസ്ഥാനമായി പ്രഖ്യാപിച്ചു. ഈ നടപടിയെ രാജ്യാന്തര നിയമ ലംഘനമായി ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി അപലപിച്ചിരുന്നു. ‘ദ്വിരാഷ്ട്ര പരിഹാരം’ എന്നതിനെ വാക്കുകളിൽ പിന്തുണയ്ക്കുമെങ്കിലും പരമാധികാര പലസ്തീൻ രാഷ്ട്രം ഉണ്ടാകുന്നതു തടയാനാണ് ഇസ്രയേൽ സ്ഥിരമായി പ്രവർത്തിച്ചുകൊണ്ടിരുന്നത്.

ഇതിന്റെ ഭാഗമായി അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചു കുടിയേറ്റത്തിനായി ഇസ്രയേൽ പുതിയ വീടുകൾ നിർമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ, പൊതുവെ ഇസ്രയേൽ നയത്തെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയുമാണു യുഎസ് ചെയ്തിട്ടുള്ളത്. പലസ്തീൻകാർക്ക് ഒരു തദ്ദേശ സ്ഥാപനത്തിനുള്ളതിലധികം സ്വയംഭരണം ഒരിക്കലും സമ്മതിക്കില്ലെന്നാണ് ഇസ്രയേൽ നിലപാട്. പലസ്തീനിൽ പല രാജ്യങ്ങളുടെയും എംബസികളുണ്ടെങ്കിലും ഇനിയുമത് ഒരു രാഷ്ട്രമായി തീർന്നിട്ടില്ല. യുഎസ് മുൻകയ്യെടുത്തു ശക്തമായ നയതന്ത്രസമ്മർദം ഉണ്ടാകാതെ ഇസ്രയേൽ തീവ്രനിലപാടുകളിൽ ഒരു മാറ്റവും വരുത്തില്ലെന്നു നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു.

യുഎസിൽനിന്നാണ് ഇസ്രയേലിനു കൂടുതൽ സൈനിക സഹായവും യഥാർഥ സംരക്ഷണവും ലഭിക്കുന്നത്. എന്നാൽ, ഇസ്രയേലിനു യുഎസിനു മേലിലാണു കൂടുതൽ സ്വാധീനമെന്നതു കടങ്കഥയായി തോന്നാം. യുഎസിന്റെ എംബസി മാറ്റത്തോടെ മേഖലയിൽ ‘സമാധാനപ്രക്രിയ’എന്ന നാട്യം അവസാനിച്ചു; പുതിയ ജനകീയപ്രക്ഷോഭത്തിന് (ഇൻതിഫാദ) പലസ്തീനിൽ തുടക്കമായി. ഹമാസ് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തിയാൽ, ഇസ്രയേൽ ലബനൻ ആക്രമിക്കും; വിദേശരാജ്യങ്ങളിലെ യുഎസ് എംബസികൾക്കും സൈനികത്താവളങ്ങൾക്കും നേരെ ഭീകരാക്രമണങ്ങളുണ്ടാകാം; വിശേഷിച്ചും മധ്യപൂർവദേശത്ത്. ഇറാഖിലുള്ള യുഎസ് സൈനികർക്കുനേരെ തിരിച്ചടിയുണ്ടായേക്കുമെന്ന മുന്നറിയിപ്പ് ഇറാഖും നൽകുന്നു. അങ്ങനെ സംഘർഷങ്ങളുടെ വെടിക്കെട്ടിനാണു എംബസി മാറ്റത്തിലൂടെ യുഎസ് തിരി കൊളുത്തിയത്.

∙ നെതന്യാഹുവിന്റെ ‘അതിരുവിട്ട’ സ്വപ്നം

വെസ്റ്റ് ബാങ്കിലെ അധീനമേഖലകളെ രാജ്യത്തിന്റെ ഭാഗമാക്കാനുള്ള നടപടികൾ കഴിഞ്ഞവർഷം ഇസ്രയേൽ തൽക്കാലം നിർത്തിവച്ചിരുന്നു. വെസ്റ്റ് ബാങ്കിന്റെ 30–40 ശതമാനവും രാജ്യത്തിന്റെ ഭാഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾ തുടങ്ങാനായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ശ്രമം. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദവും ഭരണമുന്നണിയിൽനിന്നു തന്നെയുള്ള എതിർപ്പും കാരണമാണു താൽക്കാലിക പിൻവാങ്ങലെന്നാണു റിപ്പോർട്ട്. നിർവചിച്ച അതിരുകളില്ലാതെയാണ് ഇസ്രയേലും പലസ്തീനും നിലനിൽക്കുന്നത്. അതിരുനിർണയത്തിനു സമ്മതിച്ച ഇസ്രയേൽ പിന്നീടു പിന്മാറുകയായിരുന്നു.

ഗാസയിലുണ്ടായ ആക്രമണം (ഫയൽ ചിത്രം)

ജൂതരാഷ്ട്രത്തിന്റെ തലസ്ഥാനമാണു ജറുസലം എന്നാണ് ഇസ്രയേലിന്റെ വാദം. അവർക്കു വെസ്റ്റ് ബാങ്ക് ജൂത രാജാക്കന്മാർ ഭരിച്ചതും പ്രവാചകന്മാർ ജീവിച്ചതുമായ സ്ഥലമാണ്. ഗാസ മുനമ്പിന് ആ പശ്ചാത്തലമല്ല, ശാക്തിക– സുരക്ഷാപരമായ പ്രാധാന്യമാണു പറയുന്നത്. പലസ്തീനെ പൂർണമായും കൈപ്പിടിയിലാക്കണമെന്ന് അവർ താൽപര്യപ്പെടുന്നു. ഇസ്രയേൽ ജൂതരാഷ്ട്രം സങ്കൽപിക്കുമ്പോൾ, മറ്റു മതങ്ങളിൽപെട്ടവർ അതിൽ ഉൾപ്പെടില്ലെന്നുകൂടിയുണ്ട്. അറബികളുൾപ്പെടെയുള്ളവരെ പുറത്താക്കേണ്ടതായി വരും.

ജൂതരല്ലാത്തവരുടെ ജീവിതം പരമാവധി ദുഷ്കരമാക്കുകയാണ് അതിനുള്ള ഒരു വഴി. ജീവിതം വഴിമുട്ടുന്ന സ്ഥിതിയിലാകുന്നവർ പലായനം ചെയ്യുമെന്നാണ് ഇസ്രയേലിന്റെ കണക്കുകൂട്ടൽ. ഇങ്ങനെയൊരു സമീപനത്തിന് ഇസ്രയേലിനു യുഎസിന്റെയും പശ്ചിമ യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയുമുണ്ട്. ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് സൗദി അറേബ്യയുടെ സഹായവുമുണ്ട്.

∙ ‘സ്വതന്ത്ര രാഷ്ട്രപദവി പലസ്തീൻ അവകാശം’

സ്വതന്ത്ര രാഷ്ട്ര പദവി പലസ്തീനിൻ ജനതയുടെ അവകാശമാണെന്ന് ആവർത്തിച്ചാണ് 2019 ജൂണിൽ ഇസ്‌ലാമിക് ഉച്ചകോടി സമാപിച്ചത്. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച യുഎസ് നടപടിയെ ഉച്ചകോടി അപലപിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായുള്ള ഇസ്രയേൽ – പലസ്തീൻ തർക്കത്തിനു പരിഹാരമായി 2020ൽ വൈറ്റ് ഹൗസിൽ അവതരിപ്പിച്ച മധ്യപൂർവദേശ സമാധാന പദ്ധതിയെ ‘പുതിയ പ്രഭാതം’ എന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചപ്പോൾ, ‘ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും സ്ഥാനം’ എന്നായിരുന്നു പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ മറുപടി.

ജെറുസലം വെസ്റ്റ് ബാങ്ക് (ഫയൽ ചിത്രം)

വെസ്റ്റ് ബാങ്കിലെ അധിനിവേശ മേഖലകളിലും ഇസ്രയേലിന് അവകാശം നൽകുന്നതാണ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതി. ഗാസാ മുനമ്പിനും വെസ്റ്റ് ബാങ്കിനുമിടയിലെ വിശാല ഭൂപ്രദേശം ഇസ്രയേൽ കയ്യടക്കി വച്ചിരിക്കുന്നതിനു പരിഹാരമാകുന്നതാണു സമാധാന പദ്ധതിയെന്നു പറയുന്നു. ഇരുസ്ഥലങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കപാതയാണു ട്രംപിന്റെ സമാധാന പദ്ധതിക്കൊപ്പമുള്ള ഭൂപടത്തിലുള്ളത്. അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ സ്വന്തം പൗരന്മാരെ കുടിയിരുത്താൻ ഇസ്രയേൽ നടത്തുന്ന നീക്കങ്ങൾക്കു കരുത്തു പകരാനാണിതെന്ന് ആക്ഷേപമുണ്ട്. നിലവിൽ 4 ലക്ഷത്തിലേറെ ഇസ്രയേലുകാരെയാണു വെസ്റ്റ് ബാങ്കിൽ പാർപ്പിച്ചിരിക്കുന്നത്; കിഴക്കൻ ജറുസലമിൽ 2 ലക്ഷത്തോളവും. രാജ്യാന്തര നിയമപ്രകാരം ഇത് അനധികൃതമാണ്.

സമാധാന പദ്ധതി, നിലവിലെ സ്ഥിതി വഷളാക്കുന്ന കാഴ്ചയാണു കാണുന്നത്. ഇസ്രയേൽ – പലസ്തീൻ തർക്കപരിഹാരത്തിനെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് അവതരിപ്പിച്ച മധ്യപൂർവദേശ സമാധാന പദ്ധതി പലസ്തീൻ തള്ളി. ഗൂഢാലോചനയിലൂടെ പിറന്ന ഇടപാട് നടക്കാൻ പോകുന്നില്ലെന്നു പലസ്തീൻ പ്രസിഡന്റ് തുറന്നടിച്ചു. ജറുസലം മുഴുവൻ ഇസ്രയേലിന്റെ തലസ്ഥാനമായി നിർദേശിക്കുന്ന പദ്ധതി, കിഴക്കൻ ജറുസലമിനെ പലസ്തീന്റെ തലസ്ഥാനമാക്കാമെന്നു ശുപാർശ ചെയ്യുന്നു. അവിടെ യുഎസ് എംബസി തുറക്കാമെന്ന് അറിയിച്ച് മഹമൂദ് അബ്ബാസിനു ട്രംപ് കത്തെഴുതുകയും ചെയ്തിരുന്നു. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ അതേപടി നിലനിർത്തും. സ്വതന്ത്ര പലസ്തീനു സൈന്യം പാടില്ലെന്നും ട്രംപ് നിർദേശിച്ചിരുന്നു.

പലസ്തീനിലെ പ്രതിഷേധം (ഫയൽ ചിത്രം)

2007ലാണ് പലസ്തീനിലെ ഭരണകക്ഷിയായ ഫത്തായുമായി തെറ്റി ഹമാസ് എന്ന സംഘടന ഗാസ നിയന്ത്രണത്തിലാക്കിയത്. അതിനുശേഷം പലസ്തീനിൽ ഫലത്തിൽ രണ്ടു ഭരണകൂടമായി. റമല്ല തലസ്ഥാനമാക്കി ഫത്താ നിയന്ത്രിച്ചിരുന്ന പ്രദേശവും, ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയും. മറ്റു രാജ്യങ്ങളും ഇസ്രയേലും ഫത്തായുടെ നിയന്ത്രണത്തിലുള്ള പലസ്തീൻ നാഷനൽ അതോറിറ്റിയെ മാത്രമാണ് അംഗീകരിക്കുന്നത്. ഫത്തായുമായി കിടമത്സരവും ഇസ്രയേലുമായി പോരാട്ടവുമായിരുന്നു ഹമാസിന്റെ നയം.

പലസ്തീനിലെ ഫത്താ നേതൃത്വത്തെ ഇസ്രയേൽ അംഗീകരിച്ചതാണ്. ഫത്തായും ഇസ്രയേലിലെ ഭരണകൂടവും തമ്മിൽ സംഘർഷമല്ല, രാഷ്ട്രീയ വടംവലിയാണുള്ളത്. എന്നാൽ, ഗാസ ഭരിക്കുന്ന ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങൾ ഇസ്രയേലിന്റെ ഉറക്കംകെടുത്തി. ഫത്തായും ഹമാസും തമ്മിലുള്ള കിടമത്സരത്തെ ആവുംവിധം ഇസ്രയേൽ പ്രോത്സാഹിപ്പിക്കുന്നു. ഇതിനിടയിൽ ഹമാസ് പൊതു എതിരാളിയാണെന്നു വന്നതോടെ ഇസ്രയേലും ഫത്താ നേതൃത്വവും തമ്മിൽ രഹസ്യധാരണകളുണ്ടായി. ഹമാസ് പ്രവർത്തകരെക്കുറിച്ച് ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിനു വിവരങ്ങൾ ഫത്താ നേതൃത്വം നൽകുന്നുണ്ട്.

∙ കാലം മാറി, കാലുമാറാതെ ഇന്ത്യ

അറബ്, ഗൾഫ് രാജ്യങ്ങളുമായും ഇറാനുമായും ഒരുപോലെ സൗഹൃദം നിലനിർത്തുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ചരിത്രത്തിലാദ്യമായി ഇസ്രയേൽ സന്ദർശിച്ചത് 2017ലാണ്. ലോകനേതാക്കളെല്ലാം ഇസ്രയേൽ സന്ദർശിക്കുമ്പോൾ, പലസ്തീൻ കൂടി സന്ദർശിച്ചു മടങ്ങുന്ന പതിവും നരേന്ദ്ര മോദി തെറ്റിച്ചു. ഈ സന്ദർശനത്തോടു കാര്യമായ എതിർപ്പോ പ്രതികരണമോ അറബ്, ഗൾഫ് രാജ്യങ്ങളോ ഇറാനോ നടത്തിയില്ലെന്നതു ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിലെ ശാക്തിക രാഷ്ട്രീയം വീണ്ടുമൊരു മാറ്റത്തിന്റെ നടുവിലാണ് എന്നാണ് ഇതു നൽകുന്ന സൂചന. 1990കളുടെ ആദ്യം ശീതയുദ്ധം അവസാനിച്ചപ്പോൾ ഇസ്രയേലുമായി ധാരണയുണ്ടാക്കാൻ പലസ്തീൻ നേതാവ് യാസർ അറഫാത്ത് തയാറായതായിരുന്നു ആദ്യമാറ്റം.

അന്നു നടത്തിയ ഇന്ത്യ സന്ദർശനവേളയിൽ അറഫാത്ത് ആണ് ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരസിംഹറാവുവിനോട് ആവശ്യപ്പെട്ടതെന്നതു പരസ്യമായ രഹസ്യമാണ്. അന്നതിനു മുൻകയ്യെടുത്തത് അമേരിക്കയിൽ ഇന്ത്യയുടെ അംബാസഡറായിരുന്ന ആബിദ് ഹുസൈൻ എന്ന നയതന്ത്രജ്ഞനായിരുന്നു. ഇസ്രയേലുമായി വളരെ അടുത്ത ആയുധ ഇടപാടുകളാണ് ഇന്ത്യയ്ക്ക്. ഇന്ത്യയുടെ സൈനികായുധങ്ങളുടെ മൂന്നാമത്തെ വലിയ സ്രോതസ്സ് ഇസ്രയേലാണ്. ഇസ്രയേലിനാവട്ടെ അവരുടെ ഏറ്റവും വലിയ ആയുധ വിപണിയാണ് ഇന്ത്യ. പതിനഞ്ചോളം രാജ്യങ്ങളുമായി ശാക്തികസംവാദമോ ശാക്തികപങ്കാളിത്തമോ നിലനിർത്തുന്ന ഇന്ത്യ അവരിൽ പലരുമായുമുള്ളതിന്റെ പതിന്മടങ്ങ് ആയുധ ബിസിനസ് നടത്തുന്ന ഇസ്രയേലുമായി ശാക്തിക സുരക്ഷാരംഗത്തു സംവാദത്തിനോ പങ്കാളിത്തത്തിനോ തയാറല്ലെന്നതു ശ്രദ്ധേയമാണ്.

നരേന്ദ്ര മോദി, ബെന്യാമിൻ നെതന്യാഹു (ഫയൽ ചിത്രം)

ഇതിനു കാരണം അറബ് രാജ്യങ്ങളുടെ എതിർപ്പല്ല; ഇറാൻ ആണ്. ഇന്ത്യയും ഇറാനും തമ്മിൽ അടുത്ത ബന്ധമാണ് – പ്രത്യേകിച്ചു നാവികരംഗത്ത്. ഇറാനെ പിണക്കാൻ ഇന്ത്യ തയാറാവില്ല. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏതാനും ഉറപ്പുചീട്ടുകളിൽ ഒന്നാണ് ഇറാൻ. ബലൂചിസ്ഥാൻ പ്രശ്നങ്ങളിൽ ഇന്ത്യയും ഇറാനും തമ്മിൽ വ്യക്തമായ രാഷ്ട്രീയ ധാരണകളുണ്ട്. അഫ്ഗാനിസ്ഥാനിലേക്കു കയ്യെത്തിപ്പിടിക്കാൻ ഇന്ത്യയ്ക്കുള്ള ഏകമാർഗം ഇറാനിലൂടെയാണ്. പാക്കിസ്ഥാന്റെ ഗ്വാദർ തുറമുഖത്തുനിന്ന് 70 നോട്ടിക്കൽ മൈൽ അകലെയുള്ള ചാബഹാറിൽനിന്നു പാക്കിസ്ഥാന്റെയും ചൈനയുടെയും നാവികനീക്കങ്ങളെ നിരീക്ഷിക്കാൻ ഇന്ത്യയെ ഇറാൻ അനുവദിക്കുന്നുണ്ടെന്നത് അത്ര രഹസ്യമല്ല. ഇസ്രയേലുമായുള്ള ഇന്നത്തെ നിലയിലുള്ള ബന്ധത്തെ ഇറാൻ എതിർത്തിട്ടുമില്ല.

അറബ് ലീഗ് രാജ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് ഇന്ത്യൻ നിലപാട്. സമാധാനപരമായ ചർച്ചയിലൂടെ രണ്ടു രാഷ്ട്രങ്ങൾ എന്നതാണു പ്രശ്നത്തിനുള്ള പരിഹാരമെന്നും ഇന്ത്യ കരുതുന്നു. ഇസ്രയേലുമായും പലസ്തീനുമായും ഇന്ത്യ നല്ല ബന്ധം സൂക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പലസ്തീൻ സന്ദർശിക്കുകയും പ്രസിഡന്റുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് ഇസ്രയേലുമായുള്ള നല്ല ബന്ധമെന്നതു പലസ്തീനെ അവഗണിച്ചുകൊണ്ടല്ല എന്നതും പ്രസക്തമാണ്. ഇസ്രയേൽ അധീന മേഖലയിലുൾപ്പെടെ പലസ്തീന്റെ പല പദ്ധതികൾക്കും ഇന്ത്യ സഹായം നൽകിയിട്ടുണ്ട്. പലസ്തീനിൽനിന്നുള്ള വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാനും മറ്റും സ്കോളർഷിപ് നൽകുന്നു.

English Summary: Israel and Palestine: What is the history of the conflict between them in the Middle East