കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രി മാത്രമല്ല, കേരളത്തിലെ ബിജെപിയുടെ തന്നെ കടിഞ്ഞാൺ കയ്യിലേന്തുന്ന ശക്തനായ നേതാവാണ് വി.മുരളീധരൻ. പിണറായി സർക്കാരിന്റെ ഏറ്റവും കടുത്ത വിമർശകരിൽ ഒരാളും ഇന്നു മുരളീധരനാണ്. വിവാദങ്ങളോ വിമർശനങ്ങളോ വകവയ്ക്കുന്ന രീതിയും അദ്ദേഹത്തിനില്ല. ....| V Muraleedharan | BJP | Manorama News

കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രി മാത്രമല്ല, കേരളത്തിലെ ബിജെപിയുടെ തന്നെ കടിഞ്ഞാൺ കയ്യിലേന്തുന്ന ശക്തനായ നേതാവാണ് വി.മുരളീധരൻ. പിണറായി സർക്കാരിന്റെ ഏറ്റവും കടുത്ത വിമർശകരിൽ ഒരാളും ഇന്നു മുരളീധരനാണ്. വിവാദങ്ങളോ വിമർശനങ്ങളോ വകവയ്ക്കുന്ന രീതിയും അദ്ദേഹത്തിനില്ല. ....| V Muraleedharan | BJP | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രി മാത്രമല്ല, കേരളത്തിലെ ബിജെപിയുടെ തന്നെ കടിഞ്ഞാൺ കയ്യിലേന്തുന്ന ശക്തനായ നേതാവാണ് വി.മുരളീധരൻ. പിണറായി സർക്കാരിന്റെ ഏറ്റവും കടുത്ത വിമർശകരിൽ ഒരാളും ഇന്നു മുരളീധരനാണ്. വിവാദങ്ങളോ വിമർശനങ്ങളോ വകവയ്ക്കുന്ന രീതിയും അദ്ദേഹത്തിനില്ല. ....| V Muraleedharan | BJP | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രി മാത്രമല്ല, കേരളത്തിലെ ബിജെപിയുടെ തന്നെ കടിഞ്ഞാൺ കയ്യിലേന്തുന്ന ശക്തനായ നേതാവാണ് വി.മുരളീധരൻ. പിണറായി സർക്കാരിന്റെ ഏറ്റവും കടുത്ത വിമർശകരിൽ ഒരാളും ഇന്നു മുരളീധരനാണ്. വിവാദങ്ങളോ വിമർശനങ്ങളോ വകവയ്ക്കുന്ന രീതിയും അദ്ദേഹത്തിനില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ വലിയ തിരിച്ചടിയേറ്റ പശ്ചാത്തലത്തിലും രണ്ടാം പിണറായി മന്ത്രിസഭ അധികാരമേൽക്കാനിരിക്കുന്ന സാഹചര്യത്തിലും മുരളീധരന്റെ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങൾ ഇന്ന് കാതോർക്കുന്നു. ചുറ്റും ഉയരുന്ന ചോദ്യങ്ങൾക്കു മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ മുരളീധരൻ വിശദമായി പ്രതികരിച്ചു.

പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപൂരിൽ വച്ചു താങ്കളുടെ വാഹനവ്യൂഹത്തിനെതിരെ ആക്രമണമുണ്ടായതു രാജ്യത്തു തന്നെ വലിയ ചലനങ്ങളുണ്ടാക്കി. കേരളത്തിൽ ഒരു പക്ഷേ രാഷ്ട്രീയ പ്രതിഷേധങ്ങൾ പ്രതീക്ഷിക്കുന്നുണ്ടാകാം. മറ്റൊരു സംസ്ഥാനത്ത് സംഭവിച്ചപ്പോഴത്തെ വികാര വിചാരങ്ങൾ എന്തായിരുന്നു? 

ADVERTISEMENT

അത് അപ്രതീക്ഷിതമെന്നു പറയാൻ കഴിയില്ല. തിര‍ഞ്ഞെടുപ്പിനുശേഷം വ്യാപകമായി അക്രമങ്ങൾ നടക്കുമ്പോഴാണ് ജെ.പി.നഡ്ഢാജിയുടെ നേതൃത്വത്തിൽ ഞങ്ങൾ ബംഗാൾ സന്ദർശിച്ചത്. പ്രചാരണ വേളയിൽ തന്നെ നഡ്ഢയുടെ വാഹനവ്യൂഹത്തെ ആക്രമിച്ചിരുന്നു.എന്തും സംഭവിക്കാൻ സാധ്യതയുണ്ടെന്നു വിചാരിച്ചാണ് പോയത്. എങ്കിലും കേന്ദ്രമന്ത്രിയുടെ വാഹനത്തിനെതിരെ ആക്രമണം സാധാരണ നടക്കാത്ത കാര്യമാണ്. തിരഞ്ഞെടുപ്പിനുശേഷം നിരവധി ആളുകൾ കൊല്ലപ്പെടുക, പതിനായിരക്കണക്കിനാളുകൾക്ക് വീട് ഒഴിഞ്ഞു പോകേണ്ടി വരിക... ബംഗാളിൽ നടക്കുന്നത് ഇന്ത്യയിൽ ഒരിടത്തും നടക്കാൻ ഇടയില്ലാത്തതാണ്. പക്ഷേ ബംഗാളിൽ ഇതെല്ലാം ആദ്യവുമല്ല. സിപിഎമ്മിന്റെ സർക്കാർ തുടങ്ങിവച്ച സംസ്കാരത്തിന്റെ ബാക്കിയാണ് അവിടെ അരങ്ങേറുന്നത്. ആദ്യം തൃണമൂൽ കോൺഗ്രസ് സിപിഎമ്മിന്റെ ഇരകളായിരുന്നു. ഇപ്പോൾ പരാജയപ്പെട്ടവരോട് തൃണമൂലും അതേ കാര്യം ചെയ്യുന്നു.

കലാപകാരികൾ ആക്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണുന്നത് താങ്കൾ തന്നെ സഞ്ചരിച്ചിരുന്ന വാഹനമായിരുന്നോ? അതോ വ്യൂഹത്തിന്റെ ഭാഗമായുള്ള വാഹനമാണോ ആ ദൃശ്യങ്ങളിൽ?

ആക്രമിക്കപ്പെട്ട രണ്ടു വീട് ഞാൻ സന്ദർശിച്ചശേഷം മൂന്നാമത്തെ വീട്ടിൽ കയറി ഇറങ്ങുമ്പോഴാണ് ഒരു കൂട്ടം ആളുകൾ വണ്ടിയുടെ നേരെ വന്നത്. ഉടനെ വണ്ടിയിൽ കയറാൻ പൊലിസ് ഉദ്യോഗസ്ഥർ എന്നോട് അഭ്യർഥിച്ചു. അങ്ങനെ കയറി വാഹനം തിരിച്ചു വരുമ്പോൾ അതിനു മുന്നിൽ കയറി വളയാൻ ഒരു കൂട്ടം ശ്രമിച്ചു. ഇത്തരം സന്ദർഭങ്ങളിൽ അക്രമികളെ നേരിടുന്നതിനു പകരം സുരക്ഷ ഉറപ്പാക്കേണ്ടവരുടെ സുരക്ഷയ്ക്കാണ് പൊലിസ് മുൻഗണന നൽകുന്നത്. അതു കൊണ്ട് അവർ എന്നെ രക്ഷപെടുത്തി. അന്നു തന്നെ എട്ടു പേരെ അറസ്റ്റു ചെയ്തു. വധശ്രമത്തിന് 307–ാം വകുപ്പ് ചാർജ് ചെയ്തു. പക്ഷേ പിറ്റേന്ന് അവർക്കെല്ലാം ജാമ്യം കിട്ടി. കേരളത്തിലും മറ്റും വധശ്രമത്തിന് ചാർജ് ചെയ്താൽ ജാമ്യം കിട്ടാൻ ചുരുങ്ങിയത് രണ്ടോ മൂന്നോ മാസമെടുക്കും. 

വി. മുരളീധരനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

ബിജെപിയുടെ ബംഗാളിലെ അട്ടിമറി പ്രതീക്ഷ തകർത്തതിന്റെ ഭാഗമായുള്ള തൃണമൂലിന്റെ വികാര പ്രകടനം കൂടിയായിരുന്നോ ആ ആക്രമണം? 

ADVERTISEMENT

പ്രതിപക്ഷത്തെ ഒരാളെപ്പോലും നിലനിൽക്കാൻ പോലും അനുവദിക്കില്ലെന്ന സമീപനമാണ് അതിലുള്ളത്. പ്രതിപക്ഷ ശബ്ദത്തെ ഭയപ്പെടുത്തി ഇല്ലാതാക്കുക എന്നതാണു രീതി. ബിജെപിയുടെ ബംഗാളിലെ ഒരു എംഎൽഎയെ ഞാൻ കണ്ടിരുന്നു. അദ്ദേഹത്തിനു വീട്ടിൽ പോകാൻ കഴിയുന്നില്ല. സിപിഎം ആദ്യം തോറ്റപ്പോൾ അവർക്കെതിരെയും തൃണമൂൽ ഇതേ സമീപനം സ്വീകരിച്ചിരുന്നു. സിപിഎമ്മിന് അതിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് അവർ പരിപൂർണമായി ഇല്ലാതായത്. ബംഗാളിൽ കോൺഗ്രസും സിപിഎമ്മും ഈ രീതിയെ എതിർക്കുന്നുണ്ടങ്കിലും നരേന്ദ്രമോദിക്കെതിരെ പൊരുതുന്ന വീര വനിതയായി മമതാ ബാനർജിയെ പ്രതിഷ്ഠിക്കുകയാണ് ദൗർഭാഗ്യവശാൽ പുറത്ത് അതേ പാർട്ടികൾ ചെയ്യുന്നത്. സിപിഎമ്മിനെ പോലെ അങ്ങനെ തകർന്നു പോകുന്ന പാർട്ടിയല്ല ബിജെപി എന്ന സന്ദേശം തൃണമൂലിനു നൽകാനും പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം പകരാനുമാണ് നഡ്ഡാജിയുടെ നേതൃത്വത്തിൽ ഞങ്ങൾ ബംഗാളിൽ പോയത്.

കേരളത്തിൽ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം കാര്യമായ പ്രതികരണത്തിന് താങ്കൾ മുതിർന്നില്ല. നിലവിലുള്ള സീറ്റും നഷ്ടപ്പെട്ട ഈ ജനവിധിയിൽ നിന്ന് ഒറ്റനോട്ടത്തിൽ ബിജെപി തിരിച്ചറിയുന്നത് എന്താണ്?

ബിജെപിക്ക് കുറച്ചു വോട്ട് കുറഞ്ഞു. 15 ശതമാനത്തിൽ നിന്നു 12 ആയി കുറഞ്ഞത് എൻഡിഎയുടെ വോട്ട് ശതമാനമാണ്. ബിജെപിയുടെ മാത്രം എടുത്തു നോക്കിയാൽ ഒരു ശതമാനത്തോളം വോട്ടിന്റെ കുറവാണ് ഉണ്ടായത്. അതൊരു താൽക്കാലിക തിരിച്ചടി തന്നെയാണ്. അതു വിലയിരുത്തി നടപടികളെടുക്കും. ഇതിലും വലിയ തിരിച്ചടി കേരളത്തിലുണ്ടായിട്ടുണ്ട്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സി.കെ.പത്മനാഭനെ പോലെ മുതിർന്ന നേതാവ് തന്നെ മത്സരിച്ചപ്പോൾ 35,000 വോട്ട് മാത്രം കിട്ടിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. അതിനെ അതിജീവിച്ചില്ലേ? ഞങ്ങളുടെ സംഘടനാപരമായ ശേഷിയിൽ കുറവ് വന്നിട്ടില്ല. ജനപിന്തുണ നോക്കുമ്പോൾ ബിജെപി വോട്ടർമാർ ആരും മാറിപ്പോയിട്ടില്ല.അതേസമയം ബിജെപിക്കു വോട്ടു ചെയ്തിരുന്ന നിഷ്പക്ഷരായ ചില ആളുകൾ ഇത്തവണ വോട്ടു ചെയ്തില്ല.

ബിജെപിയുടെ വോട്ട് കാര്യമായി കുറഞ്ഞില്ല എന്നു പറയുമ്പോൾ എൻഡിഎ സഖ്യകക്ഷികളുടെ വോട്ട് ചോർന്നു എന്നാണോ? 

ADVERTISEMENT

എൻഡിഎയുടെ വോട്ട് താരതമ്യപ്പെടുത്തുമ്പോൾ അതിൽ വന്ന കുറവ് കുറച്ച് കൂടുതലാണ്. ബിജെപിയുടേതു മാത്രമായി എടുത്താൽ അത്രയും വ്യത്യാസം ഇല്ല.

രണ്ടു മുന്നണികൾക്കിടയിൽ ബിജെപിക്ക് മുന്നോട്ടു വരാൻ കഴിയുമെന്ന പ്രതീക്ഷയ്ക്ക് ഈ ഫലം കാര്യമായി ഇളക്കം തട്ടിച്ചില്ലേ? 

കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ ഒരു സീറ്റ് പോലും ബിജെപിക്ക് ഇല്ലായിരുന്നു. 2016 ൽ കിട്ടിയ ഒരു സീറ്റ് മൂവായിരം വോട്ടിന് നഷ്ടപ്പെട്ടു. അന്ന് ഒരു സീറ്റിൽ ജയവും ഏഴിടത്ത് രണ്ടാംസ്ഥാനവും ആയിരുന്നു. ഇത്തവണ ഒൻപത് ഇടത്ത് രണ്ടാംസ്ഥാനത്തായി. അപ്പോൾ അത്രയും ഇടത്ത് രണ്ടു മുന്നണികളിൽ ഒന്നിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളാൻ ഞങ്ങൾക്ക് സാധിച്ചു. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ 89 വോട്ടിനാണ് 2016 ൽ‍ പരാജയപ്പെട്ടതെങ്കിൽ ഇത്തവണ 700 വോട്ടിനാണ്. പാലക്കാടും നേമത്തും മഞ്ചേശ്വരത്തും എല്ലാം ചെറിയ വോട്ടിനാണ് തോറ്റത്. ഇവിടെ എല്ലാം മുസ്‌ലിം ഏകീകരണം നടന്നതു വസ്തുതയാണ്. അതിനെ മറികടക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല.

ബിജെപിയെ പുറത്തു നിർത്താൻ മുന്നണികൾ കൈകോർത്തു എന്ന പതിവു വിലയിരുത്തലിലാണോ എത്തിച്ചേരുന്നത്? 

മുന്നണികളാണോ, അതോ എസ്ഡിപിഐ പോലുള്ള പാർട്ടികൾ തന്ത്രപരമായി നിലപാട് എടുത്തതാണോ എന്നെല്ലാം ഇനിയും പരിശോധിക്കേണ്ടതാണ്. എന്തായാലും ബിജെപിക്കെതിരെ മുന്നണികൾ ഒറ്റക്കെട്ടായിരുന്നുവെന്ന് തിരഞ്ഞെടുപ്പിനു മുൻപും ശേഷവും ഉള്ള പ്രസ്താവനകൾ തന്നെ വ്യക്തമാക്കും.

ജനവിധിയുടെ അടിസ്ഥാനത്തിൽ സംഘടനയിൽ അഴിച്ചുപണി എന്ന ആവശ്യം ഉയരുന്നില്ലേ? 

അങ്ങനെ ഒരു ആവശ്യം എവിടെയും ഉയർന്നിട്ടില്ല. പോരായ്മകൾ തിരുത്തി മുന്നോട്ടുപോകും എന്നതാണു ബിജെപിയുടെ എക്കാലത്തെയും നയം.

ഓൺലൈനിൽ നടന്ന ജില്ലാതല അവലോകന യോഗങ്ങളിലെ വിമർശനങ്ങളിൽ പ്രതിഷേധിച്ച് താങ്കൾ യോഗം ഉപേക്ഷിച്ചുപോയതായി വാർത്തകൾ വന്നല്ലോ? 

കേന്ദ്രമന്ത്രി എന്ന നിലയിലുള്ള ചുമതലകൾക്കിടയിൽ സമയം അനുസരിച്ചാണ് ജില്ലാതല അവലോകന യോഗങ്ങളിൽ ഞാൻ പങ്കെടുക്കുന്നത്. സംസ്ഥാന പ്രസിഡന്റും സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിയുമാണ് മുഴുവൻ സമയവും പങ്കെടുക്കേണ്ടത്. മറ്റുള്ളവർ അവരുടെ സൗകര്യം കണക്കിലെടുത്തു പങ്കെടുക്കും. ചില ജില്ലകളിൽ ഞാൻ തീരെ പങ്കെടുത്തിട്ടില്ല. ചിലയിടത്ത് അരമണിക്കൂർ പങ്കെടുത്തിട്ടുണ്ടാകും. ചിലയിടത്ത് രണ്ടു മണിക്കൂർ കണക്കാക്കി പങ്കെടുത്ത ശേഷം അതു നീണ്ടുപോകുമ്പോൾ പിൻവാങ്ങേണ്ടി വന്നിട്ടുണ്ടാകും. അതിന് അപ്പുറത്ത് ഓൺലൈൻ യോഗത്തിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതിന്റെ പേരിൽ അതു നിർത്തിപ്പോകുന്ന ദുർബല ഹൃദയൻ അല്ല ഞാൻ. മാധ്യമപ്രവർത്തകരിലെ സിപിഎം ഫ്രാക്‌ഷന്റെ ആസൂത്രിത വാർത്താനിർമിതിയാണ് ഇതെല്ലാം.

അതോ ബിജെപിക്ക് അകത്തു നിന്നു തന്നെ ഉള്ള വാർത്താ നിർമിതിയാണോ? 

പാർട്ടിക്ക് അകത്ത് എന്തെങ്കിലും പ്രശ്നമുണ്ടെന്നു കരുതി ഞാൻ ഇറങ്ങിപ്പോകുമോ? വാർത്തയിലൂടെ അല്ലല്ലോ പാർട്ടിയിലെ പ്രശ്നങ്ങൾ തീർക്കുക. അതു ഉള്ളിൽ ചർച്ച ചെയ്തല്ലേ തീർക്കുക.

കേരളത്തിലെ ബിജെപിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന നേതാവ് എന്ന നിലയിൽ ജനവിധിയുടെ അടിസ്ഥാനത്തിൽ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാൻ ഇനിയെങ്കിലും താങ്കൾ മുൻകൈ എടുക്കുമോ?

ഇല്ലാത്ത ഒരു കാര്യം ചോദിച്ചിട്ട് അതു പരിഹരിക്കുമോ എന്നാണ് ഈ ചോദ്യം. കോൺഗ്രസിലും സിപിഎമ്മിലും ഉള്ളതുപോലെ ആഭ്യന്തര കലഹങ്ങൾ ബിജെപിയിൽ ഇല്ല. ബിജെപിയിൽ രണ്ടു വിഭാഗം, മൂന്നു വിഭാഗം എന്നതെല്ലാം മാധ്യമങ്ങൾ സൃഷ്ടിക്കുന്നതാണ്. വസ്തുതയുമായി അതിനു ബന്ധമില്ല. ഞങ്ങളുടെ നേതാക്കന്മാർക്ക് പല കാര്യങ്ങളിലും പല അഭിപ്രായമുണ്ടാകും. പാർട്ടി എടുക്കുന്ന തീരുമാനവുമായി അവർ മുന്നോട്ടുപോകും. നിങ്ങൾ പറയുന്നതു പോലെ ഞാൻ ഒരു വിഭാഗമായതു കൊണ്ട് മറ്റേ വിഭാഗത്തെ അനുകൂലിച്ചില്ല എന്ന ആരോപണമെങ്കിലും ഈ തിരഞ്ഞെടുപ്പിൽ ആരെങ്കിലും ഉന്നയിച്ചോ? വിഭാഗം നോക്കിയുള്ള സീറ്റ് വീതം വയ്പ് ബിജെപിയിൽ നടന്നോ? മറ്റു പാർട്ടികളെ പോലെ തർക്കങ്ങൾ ഉള്ള പാർട്ടിയാണ് എന്നു വരുത്തിത്തീർക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം.

രണ്ടാം പിണറായി മന്ത്രിസഭ കേന്ദ്രത്തോടു പുലർത്തണമെന്നു താങ്കൾ പ്രതീക്ഷിക്കുന്ന നിലപാട് എന്താണ്? 

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസത്തിന് അപ്പുറത്ത് രണ്ടു സർക്കാരുകളും ഒരുമിച്ചു നീങ്ങണമെന്ന നിലപാടാണ് ഞാൻ നേരത്തെ പ്രകടിപ്പിച്ചത്. ഇന്നും അതിൽ ഉറച്ചു നിൽക്കുന്നു, അതിന്റെ അർഥം കേരള സർക്കാരിനു പോരായ്മകൾ വരുമ്പോൾ മിണ്ടാതിരിക്കണമെന്നല്ല.അതു ചൂണ്ടിക്കാട്ടി തിരുത്തുക എന്നത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നിർവഹിക്കുന്നതാണ്. അല്ലാതെ കേന്ദ്രമന്ത്രി ആയതുകൊണ്ടല്ല. അതു സാധാരണ പൗരന്റെ അവകാശമാണ്. 

വി. മുരളീധരൻ കുമ്മനം രാജശേഖരൻ കെ. സുരേന്ദ്രൻ എന്നിവർക്കൊപ്പം

പക്ഷേ ഒരു സാധാരണ പൗരൻ അല്ലല്ലോ താങ്കൾ, കേന്ദ്രമന്ത്രി അല്ലേ? 

ഒരു കേന്ദ്രമന്ത്രി ഇങ്ങനെയൊന്നും പറയാൻ പാടില്ലെന്ന സിപിഎം നടത്തുന്ന പ്രചാരണം അംഗീകരിക്കുകയാണെങ്കിൽ സംസ്ഥാന മുഖ്യമന്ത്രി തെരുവിലിറങ്ങി കേന്ദ്രത്തിനെതിരെ മുദ്രാവാക്യം വിളിക്കാനും പാടില്ല.എല്ലാവർക്കും നിയമം ഒരു പോലെ വേണ്ടേ? 

മുൻകാലങ്ങളിൽ ഒരു കേന്ദ്രമന്ത്രിയും നിരന്തരമായി കടുത്ത വിമർശനം സംസ്ഥാന സർക്കാരിനെതിരെ നടത്തിയിട്ടില്ലല്ലോ? 

ഇതിനു മുൻപ് ഞാൻ കേന്ദ്രമന്ത്രി ആയിട്ടില്ലല്ലോ. മുൻപുള്ളവർ എന്തു ചെയ്തു എന്നത് അവരുടെ വ്യക്തിപരമായ കാര്യം. ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഞാൻ ചൂണ്ടിക്കാട്ടാറുള്ളത്. അപ്പോൾ തിരിച്ചു വിമർശിക്കാറുണ്ടെങ്കിലും ഞാൻ പറഞ്ഞ പലതും അവർ പിന്നീട് നടപ്പാക്കിയതിന് നന്ദിയുണ്ട്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിയന്ത്രിക്കണമെന്ന സാധാരണ ജനങ്ങളുടെ ആവശ്യമാണ് ഒടുവിൽ ഞാൻ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ അക്കാര്യം അംഗീകരിച്ച് ഉത്തരവിറക്കി. എന്നിട്ടും മുറി വാടകയെക്കുറിച്ച് അതിൽ പറയുന്നില്ല. ഇത്ര ഗ്രാം ഉള്ള ഉഴുന്നു വടയ്ക്ക് ഇത്ര രൂപ ആയിരിക്കണം എന്നു വരെ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ആശുപത്രികളുടെ കാര്യത്തിൽ അങ്ങനെ ഒരു നിയന്ത്രണം ഉണ്ടാകുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല.

എങ്കിൽ താങ്കൾ വിടുവായത്തം പറയുകയാണ് എന്നു മുഖ്യമന്ത്രിയും വാ തുറന്നാൽ അധിക്ഷേപത്തിനാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും ആക്ഷേപിക്കുന്നത് എന്തുകൊണ്ടാകും? 

അത് അവരുടെ അണികളുടെ ആത്മവിശ്വാസം നിലനിർത്താൻ പറയുന്നതാണെന്ന് എനിക്കു തിരിച്ചറിയാൻ കഴിയും. തെറ്റു പറ്റിയിട്ടില്ലെന്ന് അണികളോട് അവർ ആ നിലയിൽ പറഞ്ഞു വയ്ക്കും. എന്നിട്ട് അടുത്ത ദിവസം ആ തെറ്റ് തിരുത്തും.

കേരളത്തിലെ ബിജെപിയിലെ ശക്തനും സ്വീകാര്യനുമായ നേതാക്കളിൽ ഒരാളായ താങ്കൾ കേന്ദ്രമന്ത്രിയായശേഷം എടുക്കുന്ന ഈ നിലപാട് മൂലം ഒരു നെഗറ്റീവ് ഇമേജ് ആർജിച്ചുവെന്ന് വിമർശിക്കുന്നവരുണ്ടല്ലോ? 

യാഥാർഥ്യം നേരെ തിരിച്ചാണ്. ഇതെല്ലാം തുറന്നു പറയാൻ നിങ്ങളെങ്കിലും ഉണ്ടല്ലോ എന്നാണ് എന്നോട് പലരും പറഞ്ഞിട്ടുള്ളത്. അതിൽ സിപിഎമ്മിലുള്ളവരും ഉണ്ട്. എനിക്ക് നെഗറ്റീവ് നിലപാടാണെന്ന് പരസ്യമായി ചില സിപിഎം നേതാക്കൾ പറയുന്നത് ഒഴിച്ചാൽ വേറെ ആരും നേരിട്ടോ അല്ലാതെയോ അങ്ങനെ ആക്ഷേപം പറഞ്ഞിട്ടില്ല. ക്രിയാത്മക വിമർശനം മാറ്റിവച്ചു മുന്നോട്ടുപോകാൻ ഒരു പൊതു പ്രവർത്തകനു സാധിക്കില്ല. എന്നെ ആക്ഷേപിക്കുന്നവർ തന്നെ നരേന്ദ്രമോദിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നുണ്ടല്ലോ. അവരുടെ മനോഭാവത്തിൽ അപ്പോൾ പ്രശ്നമില്ലേ? 

വാർത്താസമ്മേളനത്തിൽ ഒരു ചാനലിനെ താങ്കൾ വിലക്കി എന്ന ആക്ഷേപത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഒരു കേന്ദ്രമന്ത്രി ഒരു മാധ്യമത്തോട് അങ്ങനെ ഒരു സമീപനം എടുക്കുന്നത് ശരിയാണോ? 

ഞാൻ ആരെയും വിലക്കിയതല്ല. രാജ്യദ്രോഹകരമായ ഒരു പ്രസ്താവന ഒരു മാധ്യമപ്രവർത്തകയിൽ നിന്ന് ഉണ്ടായപ്പോൾ ആ ചാനൽ ഔപചാരിക ക്ഷമാപണം നടത്തുകയും അതേസമയം അവരുടെ നിലപാടിൽ ഒരു മാറ്റവും ഇല്ല എന്ന സന്ദേശം കൊടുത്തു മുന്നോട്ടുപോകുകയും ചെയ്തു. ആ സാഹചര്യത്തിൽ ആ ചാനലുമായി നിസ്സഹകരിക്കാൻ ബിജെപി തീരുമാനിച്ചു. ബഹിഷ്കരണവും നിസഹകരണവും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ട് മാധ്യമപ്രവർത്തകരെ വിളിച്ച കൂട്ടത്തിൽ ഞാൻ ആ ചാനലിനെ വിളിച്ചില്ല. പിന്നെ എന്റേത് ഔദ്യോഗിക പദവിയല്ലേ എന്നെല്ലാം ചോദിച്ചാൽ കേരള മുഖ്യമന്ത്രി കഴിഞ്ഞ കാലങ്ങളിൽ മാധ്യമപ്രവർത്തകരോട് എടുത്ത സമീപനം അടക്കം നമ്മുടെ മുന്നിലുണ്ട്. അത്രയ്ക്കൊന്നും ഞാൻ പോയിട്ടില്ല. 

അപ്പോൾ അതേ സമീപനം കേന്ദ്രമന്ത്രി എന്ന നിലയിൽ ആ ചാനലിനോട് തുടരുമെന്നാണോ? 

പാർട്ടി തീരുമാനം മാറ്റിയാൽ അത് എനിക്കും ബാധകമാണ്. ചാനൽ നിലപാട് മാറ്റിയാൽ പാർട്ടിയുടെ നിലപാടും മാറും. ആദ്യം അവരാണ് തീരുമാനം എടുക്കേണ്ടത്.

പാർട്ടി നേതാവ് എന്ന പൊസിഷനും കേന്ദ്രമന്ത്രി എന്ന പദവിയും തമ്മിൽ വ്യത്യാസമില്ലേ? 

കേന്ദ്രമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വാർത്താ സമ്മേളനം സൗത്ത് ബ്ലോക്കിലാണ് നടത്തുക. ഇതു വീട്ടിൽ വച്ചാണ്. ഔദ്യോഗിക വാർത്താസമ്മേളനത്തിൽ രാഷ്ട്രീയം പറയാറുമില്ല. വകുപ്പിന്റെ കാര്യങ്ങളെ പറയാറുള്ളൂ. 

രാഷ്ട്രീയം മാറ്റിവച്ചാൽ കോവിഡ് വാക്സീൻ ദൗർലഭ്യം എന്നു തീരുമെന്ന ചോദ്യമാണ് എവിടെയും. കേരളത്തിന് ആവശ്യമുളള വാക്സീ‍ൻ എപ്പോൾ ലഭ്യമാക്കുമെന്നു കേന്ദ്രസർക്കാർ പറയണമെന്നു ഹൈക്കോടതിയും നിർദേശിച്ചിട്ടുണ്ട്. 

ഇത് ഒരു സമൂഹത്തിലെ മുഴുവൻ പേർക്കും വാക്സിനേഷൻ നടത്തേണ്ടി വരുന്ന ആദ്യത്തെ രോഗപ്രതിരോധ ദൗത്യമാണ്. ഇതുവരെ ഉള്ളതെല്ലാം ഓരോ വിഭാഗത്തിലുള്ളവർക്ക് മാത്രമായിരുന്നു. 130 കോടി പേർക്കു വാക്സീൻ വേണമെങ്കിൽ അതിനായി ലോജിസ്റ്റിക്കലായ ചില തയാറെടുപ്പ് വേണം. അതു വർധിപ്പിക്കാനുള്ള സജ്ജീകരണങ്ങളാണ് നടത്തുന്നത്. കോടതികൾ ഇതെല്ലാം പറയുമ്പോഴും ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. നേരത്തെ വാക്സീൻ വികസിപ്പിക്കാനുളള ശ്രമത്തെ വിമർശിച്ചവരാണ് പ്രതിപക്ഷം. രാഹുൽഗാന്ധിയും ജയറാം രമേശും സീതാറാം യച്ചൂരിയും എല്ലാം കളിയാക്കി. വാക്സീൻ വൈകിപ്പിക്കാനായിരുന്നു അവരുടെ ആഗ്രഹം.

∙ഒരു വർഷത്തോളം കിട്ടിയിട്ടും ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിൽ കേന്ദ്രസർക്കാരിന് അലംഭാവം ഉണ്ടായോ? 

ഓക്സിജൻ നിർമാണത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. വിദേശ രാജ്യങ്ങളിലടക്കം ഉള്ള ഓക്സിജൻ കൊണ്ടുവരാൻ വളരെ നേരത്തെ ശ്രമം തുടങ്ങി. പ്രതിപക്ഷം ഓരോ ദിവസവും ഗോൾ പോസ്റ്റ് മാറ്റുകയാണ്. നരേന്ദ്രമോദിയെ വിമർശിക്കുക എന്നതാണ് എല്ലാത്തിന്റെയും ഉന്നം. ആദ്യം കിടക്ക, പിന്നെ ഓക്സിജൻ ഒടുവിൽ വാക്സീൻ. കേരളത്തിൽ ചെറിയ പോരായ്മ ഉണ്ടായി എന്നതൊഴിച്ചാൽ രാജ്യവ്യാപകമായി ഓക്സിജന്റെ വലിയ ദൗർലഭ്യം ഇപ്പോൾ‍ പറയുന്നില്ല. ഒറ്റയടിക്ക് രോഗികളുടെ എണ്ണം കൂടുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകും. വികസിത രാജ്യങ്ങൾ പോലും അതു നേരിട്ടു. 

കോവിഡി‍ൽ സഹായം എത്തിച്ച യൂത്ത് കോ‍ൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനെ പൊലിസ് ചോദ്യം ചെയ്തു. കോവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം മറന്ന് പ്രവർത്തിക്കേണ്ട സമയത്ത് ഈ നടപടി ആശാസ്യകരമാണോ?

യൂത്ത് കോ‍ൺഗ്രസ് പ്രസിഡന്റിനും ഈ രാജ്യത്തെ നിയമം ബാധകമാണ്. ഇത്രയധികം ഓക്സിജൻ സിലിണ്ടർ അദ്ദേഹത്തിന് എവിടെ നിന്നു കിട്ടി എന്നതാണ് അന്വേഷിച്ചത്. അദ്ദേഹം കുറെ സിലിണ്ടർ സംഘടിപ്പിക്കുന്നു, ഇഷ്ടമുള്ളയിടത്ത് കൊടുക്കുന്നു. അതു കേരളത്തിൽ പോലും അനുവദിക്കുന്നില്ലല്ലോ. എവിടെയാണ് കൂടുതൽ ആവശ്യക്കാർ എന്നു മനസ്സിലാക്കി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത് സർക്കാരിനല്ലേ. അല്ലാതെ എനിക്കറിയാവുന്ന നാലാൾക്ക് കൊടുക്കുക എന്നതല്ലല്ലോ ഈ സന്ദർഭത്തിൽ ചെയ്യേണ്ടത്. അതിന്റെ പേരിൽ ചോദ്യം ചെയ്തു എന്നത് ഒരു പാതകമല്ല. സർക്കാർ നിയമം വിട്ട് ഒരു കാര്യവും ചെയ്തിട്ടില്ല. 

കേരളത്തിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് 20നാണ്. ക്ഷണം ലഭിച്ചാൽ പങ്കെടുക്കുമോ? 

ഇതുവരെ ഒരു ക്ഷണവും ലഭിച്ചിട്ടില്ല. അതിനു ശേഷം അക്കാര്യം പറഞ്ഞാൽ മതിയല്ലോ.

രണ്ടാം പിണറായി സർക്കാരിനു നേരാനുള്ള ഒരു തുറന്ന ആശംസ എന്താണ്? 

കേരളത്തിലെ ജനത്തിനു വേണ്ടിയും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സുതാര്യമായ രീതിയിൽ കക്ഷി രാഷ്ട്രീയ പരിഗണനയ്ക്ക് അതീതമായി പ്രവർത്തിക്കാൻ ഈ സർക്കാരിനു സാധിക്കട്ടെ.

English Summary: Crossfire exclusive interview with Union minister and BJP leader V Muraleedharan