ശരിയാണ്, സാമ്പത്തിക സ്ഥിതി മെച്ചമല്ല. കാര്യമായ കടം നമുക്ക് ഉണ്ട്. പക്ഷേ അപകടത്തിലേക്ക് പോയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് നന്നായി ഉണ്ട് എന്നു പറയാം. നികുതി കൂട്ടേണ്ട മേഖലകൾ എന്ന നിലയിൽ തീരുമാനം എടുത്തിട്ടില്ല. നികുതി വർധിപ്പിക്കുമെന്ന് മിക്ക മാധ്യമങ്ങളും ബജറ്റിനു മുൻ‍പ് പറഞ്ഞു. വരുമാനം കൂട്ടാതെ തരമില്ല എന്ന്... KN Balagopal Interview

ശരിയാണ്, സാമ്പത്തിക സ്ഥിതി മെച്ചമല്ല. കാര്യമായ കടം നമുക്ക് ഉണ്ട്. പക്ഷേ അപകടത്തിലേക്ക് പോയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് നന്നായി ഉണ്ട് എന്നു പറയാം. നികുതി കൂട്ടേണ്ട മേഖലകൾ എന്ന നിലയിൽ തീരുമാനം എടുത്തിട്ടില്ല. നികുതി വർധിപ്പിക്കുമെന്ന് മിക്ക മാധ്യമങ്ങളും ബജറ്റിനു മുൻ‍പ് പറഞ്ഞു. വരുമാനം കൂട്ടാതെ തരമില്ല എന്ന്... KN Balagopal Interview

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരിയാണ്, സാമ്പത്തിക സ്ഥിതി മെച്ചമല്ല. കാര്യമായ കടം നമുക്ക് ഉണ്ട്. പക്ഷേ അപകടത്തിലേക്ക് പോയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് നന്നായി ഉണ്ട് എന്നു പറയാം. നികുതി കൂട്ടേണ്ട മേഖലകൾ എന്ന നിലയിൽ തീരുമാനം എടുത്തിട്ടില്ല. നികുതി വർധിപ്പിക്കുമെന്ന് മിക്ക മാധ്യമങ്ങളും ബജറ്റിനു മുൻ‍പ് പറഞ്ഞു. വരുമാനം കൂട്ടാതെ തരമില്ല എന്ന്... KN Balagopal Interview

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാമത്തെ ഡോസ് കോവിഡ് വാക്സീൻ പോലെ കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന് ഫലപ്രദമായ രണ്ടാം ഡോസ് ആയി കെ.എൻ.ബാലഗോപാലിന്റെ കന്നി ബജറ്റ് മാറുമെന്ന പ്രതീക്ഷ ഉയർന്നിരിക്കുന്നു. രാജ്യസഭാംഗം എന്ന നിലയിലെ മികച്ച പ്രകടനത്തിനു ശേഷം ആദ്യമായി നിയമസഭാംഗമായ ഈ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ വിശ്വസിച്ച് ധന വകുപ്പ് ഏൽപിക്കുകയായിരുന്നു പാർട്ടിയും മുഖ്യമന്ത്രിയും. അവരുടെ വിശ്വാസം തെറ്റാതെ നോക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിന്റെ ആദ്യ ബജറ്റ് ഉയർത്തിയിരിക്കുന്നു.‘മലയാള മനോരമ’ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കേരളത്തിന്റെ ധനമന്ത്രി സംസാരിക്കുന്നു:

താങ്കളുടെ ആദ്യ ബജറ്റിന് പൊതുവിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ബജറ്റിന്റെ മേന്മയായാണോ അതോ തുടക്കക്കാരനായ മന്ത്രിക്കു ലഭിക്കുന്ന പ്രോത്സാഹനമായാണോ സ്വയം കാണുന്നത്?

ADVERTISEMENT

ആദ്യമായി നിയമസഭാംഗമായ എനിക്ക് വലിയ ഉത്തരവാദിത്തമാണ് പാർട്ടിയും മുഖ്യമന്ത്രിയും നൽകിയത്. അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ അതു നിർവഹിക്കാൻ ശ്രമിക്കും. 100% ആത്മാർഥത പുലർത്തും. കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക് അവതരിപ്പിച്ചത് അതേപടി നിലനിർത്തി കൂട്ടിച്ചേർക്കലുകൾക്കാണ് തീരുമാനിച്ചത്. സാമ്പത്തികരംഗത്തെ കൂടുതൽ സജീവമാക്കാൻ കഴിയുന്ന നിർദേശങ്ങൾക്ക് അതിൽ പ്രാധാന്യം നൽകി. എല്ലാ മേഖലയിലും ഉൽപാദനത്തെ സഹായിക്കുന്നതാണ് ബജറ്റ് എന്ന വിലയിരുത്തലുണ്ട്. കിട്ടുന്നത് നല്ല പ്രതികരണമാണ് എന്ന കാര്യം വളരെ സന്തോഷത്തോടെ പറയട്ടെ. ആദ്യ ബജറ്റ് എന്ന സ്നേഹവും പരിഗണനയും എല്ലാം അതിൽ ഉണ്ടാകും.

കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു.

വിദഗ്ധരുമായും സംഘടനകളുമായും ചർച്ച. ഉദ്യോഗസ്ഥരിൽനിന്നും നിർദേശം സ്വീകരിക്കൽ. പാർട്ടിയെയും മുഖ്യമന്ത്രിയെയും ധരിപ്പിക്കൽ. പ്രസംഗം തയാറാക്കൽ. അങ്ങനെ നീണ്ട പ്രക്രിയയിലൂടെ ആണല്ലോ ബജറ്റ് ഒരുങ്ങുന്നത്. 15 ദിവസം കൊണ്ടാണ് താങ്കൾ ഇത്തവണ ബജറ്റ് തയാറാക്കിയത്. എങ്ങനെയാണ് സമയക്കുറവിനെ സമീപിച്ചത്?

തിരഞ്ഞെടുപ്പുകാല ബജറ്റ് കൊണ്ടുവന്ന അതേ മുന്നണിക്ക് വീണ്ടും ബജറ്റ് അവതരിപ്പിക്കേണ്ടി വന്ന അപൂർവ സാഹചര്യമായിരുന്നു ഇത്തവണ. സി.അച്യുതമേനോൻ മന്ത്രിസഭയ്ക്ക് ഭരണത്തുടർച്ച ഉണ്ടായെങ്കിലും മുഖ്യമന്ത്രി മാറി. ഇവിടെ പിണറായി വിജയൻ സർക്കാരിന്റെ തുടർച്ചയാണ്. സാഹചര്യങ്ങളും വ്യത്യസ്തമാണ്. കഴിഞ്ഞ സർക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചത്.

15 ദിവസംതന്നെ ലഭിച്ചില്ല. സാധാരണ ഗതിയിൽ മുന്നണികൾ മാറി പുതിയ സർക്കാർ വരുമ്പോൾ പുതിയ ബജറ്റിനായി ജൂലൈ മാസം വരെ കിട്ടാറുണ്ട്. കയ്യിൽ ഒരു ബജറ്റ് ഉണ്ടല്ലോ എന്നു ഞാൻ ചിന്തിച്ചു. പഴയത് ഒന്നും മാറ്റേണ്ട കാര്യമില്ല. ചില കാര്യങ്ങൾ കൂടി പറയുകയാണ് വേണ്ടത്. കോവിഡിന്റെ മൂന്നാം തരംഗ ഭീഷണി കൂടി ഉള്ളപ്പോൾ ആരോഗ്യ സുരക്ഷയ്ക്ക് ഊന്നൽ കൊടുക്കാൻ മുഖ്യമന്ത്രിയുമായുള്ള ആദ്യ ചർച്ചയിൽതന്നെ ധാരണയായി.

ഡോ.തോമസ് ഐസക്കുമൊത്ത് കെ.എൻ.ബാലഗോപാൽ. (സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)
ADVERTISEMENT

പ്രഗത്ഭരമായ കെ.എം മാണിയുടെയും തോമസ് ഐസക്കിന്റെയും പിൻഗാമി എന്നത് ഉണ്ടാക്കിയ ഭാരം എന്താണ്?

തീർച്ചയായും അതു വലിയ വെല്ലുവിളിതന്നെ ആയിരുന്നു. തോമസ് ഐസക് സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനും എല്ലാം ആണ്. പത്തു ബജറ്റ് അവതരിപ്പിച്ച ഒരാളുടെ അനുഭവം എത്ര വലുതായിരിക്കും! കെ.എം.മാണി നിയമസഭാ പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളും അറിയുന്ന അതിസമർഥനായ നേതാവായിരുന്നു. അങ്ങനെയുള്ളവരുടെ പിന്നാലെ വന്നത് ഉത്തരവാദിത്തം കൂട്ടി. 1957ലെ ആദ്യ സർക്കാരിൽ സി.അച്യുതമേനോൻ ആയിരുന്നു ധനകാര്യ മന്ത്രി. ഒരു ജൂൺ നാലിനാണ് അദ്ദേഹവും ആദ്യ ബജറ്റ് അവതരിപ്പിച്ചത്.

പുതിയ നികുതികൾ ഒന്നുമില്ല. വരുമാനം ഉയർത്താൻ മാർഗങ്ങളുമില്ല. എന്നിട്ടും ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളാണ്. പണം എവിടെനിന്നു കണ്ടെത്തും?

എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽനിന്നു കോവിഡ് കാര്യങ്ങൾ‍ക്കായി മൂന്നു കോടി വീതം ഉപയോഗിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ധാരണ ആയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഒരു സ്കീമിൽനിന്ന് 559 കോടി രൂപ ആശുപത്രികളുടെ സൗകര്യം കൂട്ടാനായി ലഭിക്കും. കേരളത്തെ ഒരു സുരക്ഷിത ലക്ഷ്യസ്ഥാനമാക്കി മാറ്റിയാൽ സാമ്പത്തിക രംഗം സജീവമാകും. കോവിഡിനെ നേരിടുന്നതിനായി പരമാവധി പണം നീക്കിവയ്ക്കണമെന്ന് ആദ്യം തന്നെ ഉറപ്പിച്ചത് അതുകൊണ്ടാണ്. ഈ രണ്ടാം തരംഗത്തെ അതിജീവിച്ചാൽ ഡിസംബറോടെ സാമ്പത്തിക രംഗത്ത് ഒരു കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. ടൂറിസം രംഗം സജീവമാകും. കാർഷിക ഉൽപാദനം കൂട്ടണം. ശരിയാണ്, സാമ്പത്തിക സ്ഥിതി മെച്ചമല്ല. കാര്യമായ കടം നമുക്ക് ഉണ്ട്. പക്ഷേ അപകടത്തിലേക്ക് പോയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് നന്നായി ഉണ്ട് എന്നു പറയാം.

കെ.എൻ.ബാലഗോപാൽ സീതാറാം യച്ചൂരിയോടൊപ്പം (സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)
ADVERTISEMENT

കാർഷിക മേഖലയോടുള്ള പ്രതിബദ്ധത ബജറ്റിൽ പ്രകടം. മന്ത്രിയേക്കാൾ കർഷക സംഘം സംസ്ഥാന സെക്രട്ടറി എന്ന താങ്കളുടെ സംഘടനാ ചുമതല അതിൽ പ്രതിഫലിക്കുന്നുണ്ടോ?

അങ്ങനെ പറയുന്നത് മന്ത്രി എന്ന ഉത്തരവാദിത്തത്തോട് നീതി പുലർത്താത്തതാകും. ആ ജോലിതന്നെയാണ് എന്റെ മുന്നിൽ ഇപ്പോൾ പ്രധാനം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്നു കർഷക മേഖലയെ തിരിച്ചു കൊണ്ടുവരണമെന്ന നിർബന്ധബുദ്ധിയോടെ ചില നിർദേശങ്ങൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കർഷക സംഘത്തിലെ പരിചയം അതിനു പ്രയോജനം ചെയ്തു. കേരളം കാർഷിക മേഖലയിൽ പല തരത്തിൽ മാറി ചിന്തിച്ചേ പറ്റൂ. തോട്ടം മേഖലയിൽ റബറാണ് പ്രധാന വരുമാന മാർഗം. പക്ഷേ റബർ മാത്രം മതി എന്നു കരുതി ഇരിക്കാൻ സാധിക്കില്ല. എത്തക്കായിൽനിന്നു കായ വറുത്തത് ഉണ്ടാക്കി വിറ്റതു കൊണ്ടു മാത്രം പ്രയോജനം ഉണ്ടാകില്ല. പല തരത്തിലുള്ള അസംസ്കൃത വസ്തുക്കളുടെ ഉൽപാദനത്തിനുകൂടി വിളകൾ ഉപയോഗിക്കണം.

‘സുഭിക്ഷ കേരളം’ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതോടെ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മരച്ചീനി തിന്നു തീർക്കാൻ പറ്റാതായി. അഞ്ചു രൂപ പോലും മരച്ചീനിക്ക് കിട്ടാത്ത സ്ഥിതിയുണ്ട്. കുറഞ്ഞത് 11–12 രൂപ ലഭിച്ചാലേ കർഷകനു പ്രയോജനമുള്ളൂ. മരച്ചീനിയിൽനിന്ന് അന്നജം (സ്റ്റാർച്ച്) ഉണ്ടാക്കുമായിരുന്നു. കരിമ്പിൽനിന്ന് മദ്യം ഉൽപാദിപ്പിക്കുന്ന ചിറ്റൂർ ഷുഗർ മിൽ ഇവിടെ ഉണ്ടായിരുന്നു. കേരളത്തിലേക്കു ലക്ഷക്കണക്കിനു ലീറ്റർ സ്പിരിറ്റ് വരുന്നുണ്ട്. അതു വെള്ളവും ടേസ്റ്റ് മേക്കറും ചേർത്തു മദ്യമായി വിപണനം ചെയ്യുന്ന രീതിയാണ് ഉള്ളത്. മരച്ചീനിയിൽനിന്ന് സ്പിരിറ്റ് ഉൽപാദിപ്പിക്കാൻ കഴിയുമോ? അത്തരം സാധ്യതകൾ കേരളം ചർച്ച ചെയ്യേണ്ടതാണ്. യുഡിഎഫും എൽഡിഎഫും എല്ലാം ചർച്ച ചെയ്യട്ടെ. അങ്ങനെ ചെയ്യണം എന്നു ഞാൻ നിർദേശിക്കുകയല്ല. പക്ഷേ കർഷകനു കൂടുതൽ വരുമാനം ലഭിക്കാനുള്ള സാധ്യത തുറക്കുന്ന ചർച്ചയിലേക്ക് കേരളം കടക്കണം.

കെ.എൻ.ബാലഗോപാൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ (സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)

കടം എടുത്തും ആവശ്യങ്ങൾ നിറവേറ്റും എന്ന നിലപാട് സാധാരണ ജനങ്ങൾ പൊതുവിൽ സ്വാഗതം ചെയ്യുമായിരിക്കാം. എന്നാൽ, സാമ്പത്തിക വിദഗ്ധർ കടത്തെ അമിതമായ ആശ്രയിക്കുന്നതിനെ എതിർക്കുന്നുണ്ടല്ലോ?

തൽക്കാലം കോവിഡിനെ നേരിടാനും പ്രതിസന്ധിയെ അതിജീവിക്കാനും കുറച്ച് കടം വേണ്ടി വരും. പരിധിക്കുള്ളിൽ കടം എടുക്കുന്നതിനോട് നയപരമായി ഞങ്ങൾക്ക് യോജിപ്പാണുളളത്. 5–6 മാസത്തേക്ക് ഈ സാമ്പത്തിക പ്രതിസന്ധി നിൽക്കാം. അതു കഴിയുമ്പോഴേക്കും കാർഷിക–വ്യവസായ മേഖല സജീവമാക്കാനാണ് പലിശ സബ്സിഡി അടക്കം പതിനായിരത്തോളം കോടി രൂപ എത്തിക്കാൻ ശ്രമിച്ചത്. എല്ലാം നികുതി വഴി വാങ്ങിയിട്ടു മാത്രമേ ചെയ്യൂ എന്നു തീരുമാനിച്ചാൽ ഈ സമയത്ത് പ്രായോഗികമല്ല. ഇതു കഴിയുമ്പോൾ നികുതി കൂടുതൽ നൽകേണ്ടി വരും, വരുമാനം ഉള്ളവർ അതു ചെയ്യേണ്ടി വരുമെന്നു പറഞ്ഞിട്ടുണ്ട്. അമിത കട ബാധ്യതയിലേക്ക് കാര്യങ്ങൾ എത്തിക്കുന്ന സമീപനം തീർച്ചയായും ഉണ്ടാകില്ല.

കോവിഡ് കാലം കഴിയുമ്പോൾ നികുതി കൂട്ടൂമെന്ന് അപ്പോൾ ഉറപ്പിക്കാമോ?

നികുതി കൂട്ടേണ്ട മേഖലകൾ എന്ന നിലയിൽ തീരുമാനം എടുത്തിട്ടില്ല. നികുതി വർധിപ്പിക്കുമെന്ന് മിക്ക മാധ്യമങ്ങളും ബജറ്റിനു മുൻ‍പ് പറഞ്ഞു. വരുമാനം കൂട്ടാതെ തരമില്ല എന്ന് അവർ മനസ്സിലാക്കിയതു കൊണ്ടാണ് ആ വാർത്തകൾ വന്നത്. ആളുകളുടെ വരുമാനം വർധിച്ചിട്ടുണ്ട്. സമ്പന്നരായ ജനങ്ങളും ദരിദ്രമായ ഭരണകൂടവും എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുന്നു. അതു ഗുണകരമല്ലെന്നാണ് ‘മനോരമ’യുടെ നേതൃത്വത്തിൽ നടന്ന വെബിനാറിൽ അടക്കം സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടത്. ജനങ്ങൾ അക്കാര്യത്തിൽ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് ഞാൻ കരുതുന്നത്. നാടിനു വേണ്ടി ആ ചുമതല അവർ നിർവഹിക്കും. വരുമാനം വർധിപ്പിക്കാൻ അങ്ങനെയുള്ള ചില മേഖലകൾ കണ്ടുപിടിക്കണ്ടി വരും.

കെ.എൻ.ബാലഗോപാൽ

ബജറ്റിലെ വലിയ പ്രഖ്യാപനങ്ങൾ പലതും നടപ്പാകുന്നില്ലെന്ന പരാതി വ്യാപകമാണ്. തീരദേശ പാക്കേജ്, കുട്ടനാട് പാക്കേജ് അങ്ങനെ കാലങ്ങളായി കേൾക്കുന്ന പാക്കേജുകൾ ഒട്ടേറെയാണ്. എന്തു കൊണ്ടാണ് ഇവ ആവർത്തിക്കപ്പെടുന്നതും പൂർത്തിയാകാൻ കാലതാമസം എടുക്കുന്നതും?

നടപ്പിലാക്കാൻ പറ്റുന്ന പാക്കേജുകളാണ് ഇത്തവണ പ്രഖ്യാപിച്ചത്. ബന്ധപ്പെട്ട വകുപ്പുകളുടെയും ജനങ്ങളുടെയും എല്ലാം വലിയ പങ്കാളിത്തം അതിൽ വേണം. 2000 കോടി വരെ 4–5% പലിശയ്ക്ക് കാർഷിക മേഖലയിലെ ഉൽപാദന യൂണിറ്റുകൾക്കും മറ്റുമായി നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങൾക്കാണ് അതു പ്രധാനമായും ലഭിക്കുന്നത്.

സഹകരണ വകുപ്പും കൃഷി വകുപ്പും വ്യക്തികളും എല്ലാം അക്കാര്യത്തിൽ ഗൃഹപാഠം ചെയ്യണം. വലിയ പദ്ധതികളെ പ്രാദേശിക പ്രശ്നങ്ങൾ വരെ ബാധിക്കുന്നുണ്ട്. അതു തരണം ചെയ്യാൻ ഭരണ–പ്രതിപക്ഷങ്ങൾ യോജിച്ചു പ്രവർത്തിക്കണം. പണം അതിനൊന്നും തടസ്സമല്ല. പ്രളയം വന്നപ്പോൾ മനുഷ്യരെല്ലാം ഒരുമിച്ച് ഇറങ്ങിയതുപോലെ കേരളത്തിന്റെ സാമ്പത്തികാരോഗ്യം രക്ഷിക്കാനും ഒരുമിച്ച് ഇറങ്ങിയാൽ നടക്കും. ‘ മലയാള മനോരമ’ പോലെ ഉള്ള പ്രധാന മാധ്യമങ്ങൾക്ക് അക്കാര്യത്തിൽ ക്രിയാത്മക പങ്ക് വഹിക്കാൻ സാധിക്കും.

കെ.എൻ.ബാലഗോപാൽ

തോട്ടം മേഖലയിൽ പഴ വർഗ കൃഷി പരീക്ഷിക്കാൻ ഭൂപരിഷ്കരണ ഭേദഗതി അടക്കം വേണ്ടി വരില്ലേ? രാഷ്ട്രീയമായ അനുമതി ലഭിക്കുമെന്ന് ഉറപ്പുണ്ടോ?

തോട്ടവിളകളുടെ കൃഷി എന്നു പറഞ്ഞാൽ ഭൂപരിഷ്കരണ പരിധിയിൽ വരുന്ന 15 ഏക്കറിൽ കൂടുതൽ ഉള്ള വലിയ തോട്ടങ്ങളിലെ കൃഷി എന്നു മാത്രമല്ല അർഥം. എനിക്ക് കുറച്ച് റബറുണ്ട്. അത് ഈ പറയുന്ന പരിധിക്ക് പുറത്തല്ല. നമുക്ക് റബറും കാപ്പിയും തേയിലയും മാത്രം മതിയോ? അതാണു ചോദ്യം. മറ്റൊരു തോട്ടവിള എന്റെ പുരയിടത്തിൽ കൃഷി ചെയ്താൽ അതിനു വില കിട്ടുമെങ്കിൽ എന്താണു കുഴപ്പം? അക്കാര്യം എനിക്ക് പറഞ്ഞു തരേണ്ടത് സർക്കാരും സംവിധാനങ്ങളുമാണ്. പണ്ട് കൊക്കോ വന്നപ്പോൾ എല്ലാവരും അതു കൃഷി ചെയ്തു. അതോടെ അതിന്റെ വില ഇടിഞ്ഞു. പഴ വർഗങ്ങൾ പലതുണ്ട്. ഒരു ലക്ഷം ഏക്കറിൽ ഒന്നു തന്നെ ചെയ്താൽ പിന്നെ വില കാണില്ല. വ്യത്യസ്തമായ വിളകളുടെ വിപണനത്തിന് ശാസ്ത്രീയമായ പഠനം വേണം. അതാണ് ഉദ്ദേശിച്ചത്.

പക്ഷേ താങ്കൾ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാണിച്ച ‘പ്ലാന്റർമാർക്ക്’ പ്രയോജനം ലഭിക്കണമെങ്കിൽ ഭൂപരിഷ്കരണ നിയമഭേദഗതി അനിവാര്യമല്ലേ?

ഭൂപരിഷ്കരണ നിയമത്തിനോ ഭൂപരിധി വ്യവസ്ഥയ്ക്കോ മാറ്റം വരുത്തണം എന്ന നിലയ്ക്കുള്ള നിർദേശമായി മാത്രം കാണരുത്. വിള വൈവിധ്യം വേണോ എന്നതാണ് ആദ്യം തീരുമാനിക്കേണ്ടത്. പ്ലാന്റേഷൻ ഒരു വ്യവസായമായിനിന്നാൽ മാത്രമേ തൊഴിലാളികൾക്കും ഗുണം ലഭിക്കൂ. എത്രയോ എണ്ണം അടച്ചു പൂട്ടി. ഈ സാഹചര്യം വിശദമായി ചർച്ച ചെയ്യണം. അതിവേഗം തീരുമാനം എടുക്കണം. കാർഷിക മേഖലയുടെ സമ്പദ് വ്യവസ്ഥ പരമ പ്രധാനമാണ്.

കെ.എൻ.ബാലഗോപാൽ

മഹാമാരിയിൽ ഉപജീവനത്തിനായി ജനങ്ങൾ‍ക്ക് 8900 കോടി നേരിട്ടു നൽകുന്നു എന്ന ബജറ്റിലെ പരാമർശവും അതിനുള്ള താങ്കളുടെ വിശദീകരണവും എതിർപ്പുകൾക്കു കാരണമായി. പ്രതിപക്ഷത്തിന് അങ്ങോട്ടു കൊടുത്ത വടിയായിപ്പോയി എന്ന് ഇപ്പോൾ കരുതുന്നോ?

അങ്ങനെ തോന്നിയില്ല. എന്റെ സദുദ്ദേശ്യമാണ് ആ നിർദേശത്തിൽ കാണേണ്ടത്. പ്രതിസന്ധി അഭിമുഖീകരിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഈ സാഹചര്യത്തിൽ ആവശ്യം വേണ്ട പണവും സാധനങ്ങളും എത്തിക്കാനുള്ള പണം എന്ന നിലയിലാണ് അക്കാര്യം പറഞ്ഞത്. അതിനെതിരെ പ്രതിപക്ഷം പുറത്ത് ഉന്നയിച്ച ശക്തമായ ആക്ഷേപം സഭയിലും ഉന്നയിക്കുമല്ലോ. സഭയിൽ‍ അവരെക്കൂടി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കും. അതു കൊണ്ടാണു പുറത്തു മറുപടി പറയാതിരുന്നത്. അവർ ആരോപിച്ചതു പോലെ കാപട്യം ഒളിപ്പിക്കാൻ ഒന്നും ശ്രമിച്ചിട്ടില്ല. ഉദ്ദേശ ശുദ്ധി മാത്രമേ അതിൽ ഉള്ളൂ

നികുതി വരുമാനം കൂട്ടാനായി നിർദേശിച്ച പാറ പൊട്ടിക്കലും മണൽ വാരലും പരിസ്ഥിതി വിരുദ്ധ നിർദേശങ്ങളായി മാറുമെന്ന അഭിപ്രായം ഉയർന്നു കഴിഞ്ഞല്ലോ?

പരിസ്ഥിതി വിരുദ്ധമായ ഒന്നും ചെയ്യില്ല. മനുഷ്യനും പ്രകൃതിയും പരസ്പരം സംരക്ഷിച്ചു ജീവിക്കണം. എന്നു കരുതി മനുഷ്യന് ഒന്നിലും തൊടാതിരിക്കാൻ സാധിക്കില്ല. എൽഡിഎഫിന്റെ കാഴ്ചപ്പാടിൽനിന്നു കൊണ്ടേ അക്കാര്യം ചെയ്യൂ.

കെ.എൻ.ബാലഗോപാൽ

ബജറ്റ് ഒരു കലാസൃഷ്ടി പോലെ അവതരിപ്പിക്കുന്നത് ശൈലിയായി മാറിയിട്ടുണ്ട്.കെ.എം.മാണിയും തോമസ് ഐസക്കും അത്തരത്തിലാണ് ബജറ്റവതരണം നടത്തിയിട്ടുള്ളത്. എന്നാൽ താങ്കൾ പറയാനുള്ള കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ വേഗത്തിൽ പറഞ്ഞു. ഇതായിരിക്കും ഇനി മന്ത്രിയുടെ ശൈലി എന്നു കരുതാമോ?

കുറച്ച് കവിതയും ഉദ്ധരണികളും എല്ലാം ബജറ്റിൽ വേണ്ടതു തന്നെയാണ്. ഞാൻ അതിന് എതിരല്ല. നിലവിലുള്ള ബജറ്റിൽ ഉള്ളതിലും ചില കാര്യങ്ങൾ മാത്രം ചേർത്താൽ മതി എന്നതിനാൽ പരമാവധി ഒരു മണിക്കൂറിൽ ഒതുക്കാനാണ് തീരുമാനിച്ചത്. എല്ലാം റെഡി ആക്കാൻ പത്തു ദിവസത്തോളം മാത്രമാണ് ലഭിച്ചത്. ആ സാഹചര്യത്തിൽ നേരിട്ടു കാര്യങ്ങൾ പറഞ്ഞു പോകുകയാണ് നല്ലതെന്ന് തോന്നി. ചില കവിതകളും മറ്റും ബജറ്റിന് പ്രയോജനപ്രദം തന്നെയാണ്. കാര്യങ്ങൾ പല തരത്തിൽ അവതരിപ്പിക്കാമല്ലോ.

കെ.എൻ.ബാലഗോപാൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ (സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)

രാഷ്ട്രീയ പ്രവർത്തകനായി കേരളം മുഴുവൻ ഓടി നടന്നിരുന്ന കെ.എൻ.ബാലഗോപാൽ പെട്ടെന്നു മന്ത്രി ആയപ്പോൾ സ്വയം ഉൾക്കൊള്ളേണ്ടി വന്ന മാറ്റം എന്താണ്?

രാഷ്ട്രീയ പ്രവർത്തകർ സമൂഹത്തിൽ മാറ്റത്തിനായി പ്രവർത്തിക്കുന്നവരാണ്. അവർ മന്ത്രി ആകുമ്പോൾ ആ മാറ്റം നടപ്പാക്കാൻ കൂടി സാധിക്കും. പക്ഷേ നമ്മൾ പറഞ്ഞു വന്നതെല്ലാം നടപ്പാക്കാമോ എന്നയിടത്ത് ചില പ്രായോഗികപ്രശ്നങ്ങൾ വരാം. ഒരു രാഷ്ട്രീയ പ്രവർത്തകന്റെ സ്വാതന്ത്ര്യം മന്ത്രിക്കില്ല. പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ കഴിയുന്നതാകണം. അതു കൊണ്ടു നല്ല ശ്രദ്ധ പ്രതികരണങ്ങളിൽ ഉണ്ടാകണം. മൊത്തത്തിൽ കൂടുതൽ ബാലൻസിങ് വേണ്ടി വരും.

പിന്നെ ഞങ്ങളാരും ഒറ്റയ്ക്കല്ല. കൂട്ടായ ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഞങ്ങളുടെ പാർട്ടിക്കും മുന്നണിക്കും ഉള്ളത്. സംശയം തീർക്കാനും അഭിപ്രായം തേടാനും എല്ലാം മുതി‍ർന്ന നേതാക്കളുണ്ട്. തെറ്റുകൾ കണ്ടാലും അവർ ചൂണ്ടിക്കാണിക്കും. മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും അതേ സ്വാതന്ത്ര്യമുണ്ട്. അങ്ങനെ എല്ലാവരെയും ഒപ്പം കൂട്ടി മുന്നോട്ടു പോകാനാണ് ഞാൻ ശ്രമിക്കുന്നത്.

English Summary: CrossFire Exclusive Interview with Kerala Finance Minister KN Balagopal