പ്ലാൻ അതേപടി അംഗീകരിക്കപ്പെട്ടാൽ തീരത്തു മാത്രമല്ല, തീരത്തുനിന്നു കിലോമീറ്ററുകൾ ഉള്ളിലേക്കു കിടക്കുന്ന പ്രദേശങ്ങൾ പോലും നിയമത്തിന്റെ ഭാഗമാകും. നിലവിലുള്ള വീടു പുനർനിർമിക്കുന്നതിനോ, പുതിയതു പണിയുന്നതിനോ അപേക്ഷ നൽകുമ്പോഴായിരിക്കും ഓരോരുത്തരും നിയമക്കുരുക്കിലാണെന്ന് അറിയുക... Kerala Coastal Management Plan

പ്ലാൻ അതേപടി അംഗീകരിക്കപ്പെട്ടാൽ തീരത്തു മാത്രമല്ല, തീരത്തുനിന്നു കിലോമീറ്ററുകൾ ഉള്ളിലേക്കു കിടക്കുന്ന പ്രദേശങ്ങൾ പോലും നിയമത്തിന്റെ ഭാഗമാകും. നിലവിലുള്ള വീടു പുനർനിർമിക്കുന്നതിനോ, പുതിയതു പണിയുന്നതിനോ അപേക്ഷ നൽകുമ്പോഴായിരിക്കും ഓരോരുത്തരും നിയമക്കുരുക്കിലാണെന്ന് അറിയുക... Kerala Coastal Management Plan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലാൻ അതേപടി അംഗീകരിക്കപ്പെട്ടാൽ തീരത്തു മാത്രമല്ല, തീരത്തുനിന്നു കിലോമീറ്ററുകൾ ഉള്ളിലേക്കു കിടക്കുന്ന പ്രദേശങ്ങൾ പോലും നിയമത്തിന്റെ ഭാഗമാകും. നിലവിലുള്ള വീടു പുനർനിർമിക്കുന്നതിനോ, പുതിയതു പണിയുന്നതിനോ അപേക്ഷ നൽകുമ്പോഴായിരിക്കും ഓരോരുത്തരും നിയമക്കുരുക്കിലാണെന്ന് അറിയുക... Kerala Coastal Management Plan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുവരെ മലയാളികൾ അധികം പേർക്കും തീരമേഖലാ പരിപാലന നിയമം (സിആർഇസഡ്) എന്താണെന്നു കാര്യമായി അറിയില്ലായിരുന്നു. തീരത്തു വസിക്കുന്ന സാധാരണക്കാർക്കു മാത്രമല്ല, ലോകത്തു നടക്കുന്ന എന്തിനെക്കുറിച്ചും അറിയാൻ സാഹചര്യമുള്ള അഭ്യസ്തവിദ്യർ പോലും ഇങ്ങനെയൊരു നിയമമുണ്ടെന്ന കാര്യം കേട്ടിട്ടേയില്ല. കേട്ടവരാകട്ടെ, പാവം മത്സ്യത്തൊഴിലാളികളെ മാത്രം ബാധിക്കുന്ന എന്തോ എന്നു കരുതി അവഗണിക്കുകയും ചെയ്തു. 2020 ആദ്യമായിരുന്നു മരടിലെ ഫ്ലാറ്റ് പൊളിക്കൽ, കേരളം പല വികാരങ്ങളോടെ കണ്ട കാഴ്ച. അതിനു കാരണമായ നിയമം നടപ്പാക്കുന്നതിന്റെ ഏറ്റവും സങ്കീർണമായ ഘട്ടമാണിപ്പോൾ. എന്നിട്ടുപോലും അന്തിച്ചർച്ചയിലെങ്കിലും ഇൗ വിഷയം കടന്നുവരുന്നുമില്ല!

ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ പലരും പലതരം ചർച്ചകളിൽ ഏർപ്പെട്ടിരുന്നത്, ഫ്ലാറ്റ് പൊളിക്കാൻ കാരണമായ നിയമം പുറത്തിറങ്ങിയപ്പോൾ ചെയ്തിരുന്നെങ്കിൽ കുറച്ചു പേരെങ്കിലും രക്ഷപെടുമായിരുന്നു. 1991ൽ പ്രഖ്യാപിച്ച തീരമേഖലാ നിയന്ത്രണ നിയമത്തിനു പലവട്ടം പരിഷ്കരണങ്ങൾ വന്നു. ഏറ്റവും ഒടുവിലായി 2019ൽ ഭേദഗതി വന്നു. തീരമേഖലയ്ക്ക് ഒട്ടേറെ ഇളവുകളുള്ളതാണു പുതിയ നിയമം. എന്നാൽ ചില മേഖലകളിൽ കർശന വ്യവസ്ഥകളുമുണ്ട്. ഒാരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ബാധകമായ തീര മാനേജ്മെന്റ് പ്ലാൻ നിലവിൽ വന്നാൽ മാത്രമേ നിയമം നടപ്പിലാവൂ. ആ പ്ലാൻ പൂർത്തിയാവാത്തതിനാൽ ഇപ്പോൾ 2011ലെ നിയമമാണു സംസ്ഥാനത്തു പ്രാബല്യത്തിൽ.

മരട് എച്ച്2ഒ ഹോളി‌ ഫെയ്ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്താൽ തകർത്തപ്പോൾ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

2019ലെ നിയമത്തിനു തീര പരിപാലന പദ്ധതിയുടെ കരട് ഇപ്പോൾ എല്ലാ ജില്ലകൾക്കുമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ആക്ഷേപങ്ങളും പരാതികളും നിർദേശങ്ങളും സമർപ്പിക്കേണ്ട സമയം ഇപ്പോഴാണ്. ഇൗ പ്ലാൻ പാസായാൽ പിന്നെ, അലമുറയിട്ടിട്ടു കാര്യമില്ല. ചുരുങ്ങിയത് 10 വർഷത്തേക്കെങ്കിലും അതിൽനിന്ന് അണുവിട മാറാൻ അനുവാദമില്ല. മാറിയാൽ ‘മരട്’ എന്ന പാഠം മുന്നിലുണ്ട്.

ഒട്ടേറെ അപാകതകൾ

തീര ജനതയെ സംബന്ധിച്ച് ഏറെ അപാതകളുള്ളതാണു പ്രസിദ്ധീകരിച്ചിരിക്കുന്ന കരടു പ്ലാനുകൾ. നിയമത്തിലെ ഒാരോ മേഖലകൾ എങ്ങനെ നിർണയിച്ചു എന്നതു സംബന്ധിച്ച് ഒട്ടേറെ അവ്യക്തകളുണ്ട്. പൊക്കാളിപ്പാടങ്ങൾ നിർമാണ നിരോധന മേഖലയാക്കിയതുവഴി നിയമത്തിന്റെ പരിധി ലംഘിച്ചുവെന്നും ആക്ഷേപമുണ്ട്. ഉയർന്ന വേലിയേറ്റ പരിധി നിശ്ചയിക്കലും വേലിയേറ്റ പ്രഭാവത്തിന്റെ പരിധി നിർണയിക്കലും പ്ലാൻ തയാറാക്കുന്നതിൽ പ്രധാനമാണ്. അതിൽത്തന്നെ പിഴച്ചുവെന്നുവന്നാൽ കണക്കുമൊത്തം തെറ്റിയെന്ന് അർഥം.

2011ലെ നിയമത്തിനു തീര മാനേജ്മെന്റ് പ്ലാൻ തയാറാക്കാൻ 4 വർഷം വേണ്ടിവന്നു. എന്നാൽ കോവിഡിന്റെ സാഹചര്യത്തിൽ ഫീൽഡ് വർക്ക് അസാധ്യമായിരിക്കെ പോലും ഒന്നര വർഷം കൊണ്ട് മാനേജ്മെന്റ് പ്ലാൻ തയാറാക്കി. ഇത് അതേപടി അംഗീകരിക്കപ്പെട്ടാൽ തീരത്തു മാത്രമല്ല, തീരത്തുനിന്നു കിലോമീറ്ററുകൾ ഉള്ളിലേക്കു കിടക്കുന്ന പ്രദേശങ്ങൾ പോലും നിയമത്തിന്റെ ഭാഗമാകും. നിലവിലുള്ള വീടു പുനർനിർമിക്കുന്നതിനോ, പുതിയതു പണിയുന്നതിനോ അപേക്ഷ നൽകുമ്പോഴായിരിക്കും ഓരോരുത്തരും നിയമക്കുരുക്കിലാണെന്ന് അറിയുക. അതിനാൽ എന്താണ് തീര നിയന്ത്രണ പരിപാലന നിയമം എന്നത് അറിഞ്ഞിരിക്കണം.

കൊച്ചിയിൽ ആൽഫ സെറീൻ ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിൽ തകർന്നുവീഴുന്നു (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

വേലിയേറ്റത്തിന്റെ തീവ്രത ഏറ്റവും അകലേക്ക് അനുഭവപ്പെടുന്ന പരിധിയാണു ഉയർന്ന വേലിയേറ്റ പരിധി (ഹൈ ടൈഡ് ലൈൻ– എച്ച്ടിഎൽ). ഇതു കടലിന് അഭിമുഖമായ കരയുടെ കാര്യം. കടലിനോടു ബന്ധപ്പെട്ട കായലുകൾക്കും നിയമം ബാധകമാണ്. വേനലിന്റെ മൂർധന്യത്തിൽ, കായലുകളിലും കായലുകളുമായി ബന്ധമുള്ള തോടുകൾ, പുഴകൾ എന്നിവിടങ്ങളിലും ഉപ്പുകയറുന്നുണ്ടെങ്കിൽ അവിടെയും നിയമം ബാധകം. ഉപ്പിന്റെ അളവ് 5 പിപിടി (പാർട്സ് പെർ തൗസന്റ്)– ഇവിടെ ജലാശയത്തിന്റെ കരയിൽനിന്ന് 20 മീറ്റർ മാറിയേ നിർമാണം സാധ്യമാകൂ. ഇതാണു പലരെയും വലയ്ക്കാൻ പോകുന്ന നിർദേശം.

എവിടെയൊക്കെ?

കടലുമായി നേരിട്ടോ കായൽ വഴിയോ ബന്ധമുള്ള 10 ജില്ലകളെ നിയമം ബാധിക്കും. അതായത് സംസ്ഥാനത്തെ ജനസംഖ്യയുടെ 40% ആളുകളെ. എന്നിട്ടും തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളുടെ കൗൺസിലുകളിൽ പോലും ഇക്കാര്യങ്ങൾ ചർച്ചയിൽ വന്നിട്ടില്ല. എന്തിലും രാഷ്ട്രീയം കലർന്നാലേ പൊതു സമൂഹം തിരിഞ്ഞുനോക്കൂ എന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങൾ.

മരട് പോലെ ഇനിയും കെട്ടിടങ്ങൾ

ADVERTISEMENT

2019ലെ നിയമം നടപ്പിലാക്കാത്തതു മൂലം വീടു നിർമിക്കാനുള്ള ആയിരക്കണക്കിന് അപേക്ഷകളാണു തീരുമാനമാവാതെ കിടക്കുന്നത്. മരട് പോലെ, പൊളിക്കേണ്ടി വരുമോ എന്ന ആശങ്കയിൽ 4500 കെട്ടിടങ്ങൾ സുപ്രീം കോടതിയിലെ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കൊച്ചി നഗരത്തിൽ മാത്രം പത്തിലേറെ വൻകിട കെട്ടിടങ്ങൾ ലിസ്റ്റിൽ ഉണ്ട്. നിലവിൽ കേസുള്ളവയ്ക്കൊന്നും പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ല. അതു പുതിയ കെട്ടിടങ്ങൾക്കു മാത്രം.

എച്ച്2ഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റ് തകർക്കുന്നതിനു മുൻപ്.

കേരളത്തിനു ബാധകമായ നിയമം

സിആർഇസഡ് നിയമം 2019ലെ കേരളത്തിനു പൊതുവിൽ ബാധകമായ വകുപ്പുകൾ ഇവയാണ്:

സിആർഇസഡ് 1: ഏറ്റവും സങ്കീർണമായ മേഖലയാണിത്. അതിനാൽത്തന്നെ ഏറെ നിയന്ത്രണങ്ങളും. ഉയർന്ന വേലിയേറ്റ പരിധി സാങ്കേതിക പരിജ്ഞാനമില്ലാതെ തന്നെ നമുക്കു മനസിലാക്കാം. ഇതു തന്നെ രണ്ടായി തിരിച്ചിരിക്കുന്നു. കണ്ടൽവനങ്ങളെല്ലാം ഇതിൽപ്പെടും. ഉയർന്ന വേലിയേറ്റ പരിധിക്കും കടലിനും ഇടയിൽ വരുന്ന പ്രദേശമാണു 1 ബി.

സിആർഇസഡ് 2: കോർപറേഷൻ, മുനിസിപ്പൽ പ്രദേശങ്ങൾ ഇൗ വിഭാഗത്തിൽ വരും. ഒന്നാം വിഭാഗത്തിൽ നിയന്ത്രണങ്ങളാണു കൂടുതലെങ്കിൽ രണ്ടിൽ ഇളവുകളാണ് കൂടുതൽ. നിലവിലുള്ള റോഡ്, നിയമവിധേയമായ കെട്ടിടം എന്നിവ നിർമാണ പരിധിയായി ഇവിടെ കണക്കാക്കാം. അതിനാലാണു കേരളത്തിന്റെ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും മൂന്നിൽ നിന്നു രണ്ടാം വിഭാഗത്തിലേക്കു മാറ്റണമെന്നു സർക്കാർ ആവശ്യപ്പെടുന്നത്.

സിആർഇസഡ് 3: ഒരു കിലോമീറ്ററിൽ 2161 ജനസംഖ്യയുള്ള പഞ്ചായത്തുകൾ 3 എയിലും അതിൽ താഴെയുള്ളത് 3 ബിയിലും വരും. ഇത് 2011ലെ ജനസംഖ്യ അടിസ്ഥാനമാക്കിയാണ്. എയിൽ വന്നാൽ നഗരസ്വഭാവമുള്ള പഞ്ചായത്തായി കണക്കാക്കി 50 മീറ്റർ മാത്രമാണു നിർമാണ നിരോധന പരിധി. 3 ബിയിലാണെങ്കിൽ 200 മീറ്റർ.

സിആർഇസഡ് 4: കടലിന്റെ അതിരു മുതൽ 12 നോട്ടിക്കൽമൈൽ വരെ ഉള്ളിലോട്ടുള്ള ഭാഗം 4 എ. കടൽ നികത്താൻ തുനിഞ്ഞല്ലെങ്കിൽ ഇതു പൊതുജനത്തെ കാര്യമായി ബാധിക്കില്ല. എന്നാൽ 4 ബി കുരുക്കാണ്. ലവണാംശം 5 പിപിടി വരെയെന്ന കണക്കു ബാധകമാകുന്നത് ഇൗ വിഭാഗത്തിലാണ്.

ഗോൾഡൻ കായലോരം ഫ്ലാറ്റ് തകർക്കുന്നതിനു മുൻപ്. ഫയൽചിത്രം: മനോരമ

കുരുക്കാവുന്ന പോരായ്മകൾ

നിയമത്തിന്റെ ഏതു വകുപ്പിലാണു ഒാരോ പ്രദേശവും ഉൾപ്പെടുന്നതെന്നു നിശ്ചയിക്കുന്നതു മാനേജ്മെന്റ് പ്ലാൻ അനുസരിച്ചാണ്. ഒാരോ സർവേ നമ്പർ പ്ലോട്ടും വ്യക്തമാകുന്ന തരത്തിൽ ഇതിന്റെ മാപ് തയാറാക്കണം. തന്റെ ഭൂമി ഏതു വിഭാഗത്തിലെന്നു സ്ഥല ഉടമയ്ക്കു നേരിട്ടു പരിശോധിക്കാനാവണം. എന്നാൽ ആ സൂക്ഷ്മതയിലേക്കു മാപ് തയാറാക്കിയിട്ടില്ല. ഉപഗ്രഹ ചിത്രങ്ങൾ താരതമ്യം ചെയ്തതല്ലാതെ നേരിട്ടുള്ള പരിശോധന നടത്തിയിട്ടില്ല. അതിനാലാണു വർഷങ്ങൾക്കു മുൻപുതന്നെ വെള്ളം ഇല്ലാതായ തോടുകളിൽ പോലും നിർമാണ നിരോധിത മേഖല അടയാളപ്പെടുത്തിയിരിക്കുന്നത്.

മാനേജ്മെന്റ് പ്ലാനിനു സ്ഥല പരിശോധന നിർബന്ധമാക്കിയതിന്റെ കാരണവും ഇതുതന്നെ. ലവണാംശം കണക്കാക്കിയതും ഏതൊക്കെയോ കണക്കുകളുടെ അടിസ്ഥാനത്തിൽ. 2011ലെ നിയമത്തിൽ തീരവാസികൾക്കു ദോഷകരമായ നിർദേശങ്ങൾ മാറ്റിക്കൊണ്ട് തീര സംരക്ഷണം നടപ്പാക്കാനാണ് 2019ലെ നിയമത്തിന്റെ ആദ്യ രൂപമായി ശൈലേഷ് നായിക് കമ്മിറ്റി റിപ്പോർട്ട് നൽകിയത്. അതെല്ലാം അപ്രസക്തമാക്കുന്ന പോരായ്മകളാണു പ്ലാനിൽ വന്നത്.

ആൽഫ സെറീൻ ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തില്‍ തകർക്കുന്നു. ഫയൽ ചിത്രം: മനോരമ

മരട് കായൽദ്വീപോ?

ഫ്ലാറ്റ് പൊളിക്കലോടെ ലോക ശ്രദ്ധയിൽ വന്ന മരട് മുനിസിപ്പാലിറ്റി പുതിയ നിയമത്തിന്റെ ഏതു സോണിൽ വരും? സുപ്രീംകോടതി ഉൾപ്പെടെയുള്ള കോടതി വിധികളനുസരിച്ചു മരട് സിആർഇസഡ് 2ലാണ്. എന്നാൽ മാനേജ്മെന്റ് പ്ലാൻ അനുസരിച്ച് മരട് കായൽ ദ്വീപ് ആണ്. കായൽ ദ്വീപിന് 20 മീറ്റർ നിർമാണ നിരോധന പരിധിയുണ്ട്. സിആർഇസഡ് 2ൽ നിലവിലുള്ള റോഡോ, നിയമപ്രകാരമുള്ള കെട്ടിടമോ അതിർത്തി കണക്കാക്കിയാൽ മതിയാവും. ഇവിടെ ഒരു കെട്ടിടത്തിന് അനുമതി നൽകേണ്ട സാഹചര്യം വരുമ്പോൾ മാനേജ്മെന്റ് പ്ലാൻ അനുസരിച്ചേ സാധ്യമാകൂ. ഏലൂർ മുനിസിപ്പാലിറ്റിയും കായൽ ദ്വീപ് ആണ്. അല്ലെന്നു ഏലൂർ മുനിസിപ്പാലിറ്റി പറയുന്നു. ഏലൂരിന്റെ നാലുവശവും വെള്ളമാണെങ്കിലും രണ്ടുവശം ഉപ്പില്ലാത്ത പെരിയാർ പുഴയാണ്. എന്താണ് കായൽ ദ്വീപിന്റെ മാനദണ്ഡമെന്നു നിർവചിക്കാത്തതാണ് ഇൗ പ്രശ്നങ്ങൾക്കു കാരണം. ഭാവിയിലും ഇതൊരു പ്രശ്നമായി തുടരും.

പ്രളയം കാണാത്ത തീര സംരക്ഷണ പ്ലാൻ

തീര സംരക്ഷണമാണു നിയമത്തിന്റെയും അതിന്റെ അടിസ്ഥാനത്തിലുള്ള മാനേജ്മെന്റ് പ്ലാനിന്റെയും ലക്ഷ്യം. എന്നാൽ 2018ൽ കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ചു മാനേജ്മെന്റ് പ്ലാൻ ഒന്നും പറയുന്നില്ല. ഏറ്റവും രൂക്ഷമായ പ്രളയ മേഖല അന്നു പ്രകൃതിതന്നെ വരച്ചിട്ടുണ്ട്. അത് മാനേജ്മെന്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു.

കപ്പൽച്ചാൽ ആഴംകൂട്ടിയാലും നാട്ടുകാർ പെടും

ആലങ്ങാട്, ഏലൂർ, വരാപ്പുഴ, ചേരാനല്ലൂർ, മുട്ടാർപ്പുഴ എന്നിവയൊന്നും 1991ൽ നിയമത്തിന്റെ പരിധിയിലേ ഉണ്ടായിരുന്നില്ല. 2011ൽ ഉൾപ്പെടുത്തി. ഇക്കാലത്തിനിടയിൽ കൊച്ചി തുറമുഖത്തിന്റെ ആഴം 9 മീറ്ററിൽനിന്നു 14 മീറ്ററായി വർധിച്ചു. അതോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറാൻ തുടങ്ങി. 2011ൽ കൊച്ചി കോർപറേഷൻ വികസന പദ്ധതി തയാറാക്കാൻ വെള്ളത്തിലെ ലവണാംശം പരിശോധിച്ചു. കോർപറേഷൻ അതിർത്തിയായ ചിറ്റൂർ പുഴയിൽ 4.2 പിപിടി ലഭിച്ചു. അപ്പോഴും നിയമത്തിനു പുറത്താണ് ഇൗ പ്രദേശം.

കേരളത്തിലെ പ്രളയകാല കാഴ്ച.

കൊച്ചി നഗരത്തിന്റെ ചുറ്റും കടന്നുപോകുന്ന ദേശീയ ജലപാതയ്ക്കു വേണ്ടി കനാലുകളുടെ ആഴംകൂട്ടിയതു വഴിയും ഉപ്പുവെള്ളം കൂടുതൽ ഉളളിലേക്കു കടന്നിട്ടുണ്ട്. മനുഷ്യ നിർമിതമായ പാതാളം ബണ്ട് അടയ്ക്കുമ്പോൾ ബണ്ടിനു തൊട്ടുതാഴെ വരെ ഉപ്പുവെള്ളം നിറയുന്നതു സ്വാഭാവികം. ഇത്തരം സാഹചര്യങ്ങൾ പരിഗണിക്കാൻ 2011ലെ നിയമത്തിൽ സ്പെഷൽ ഡിസ്പെൻസേഷൻ എന്നൊരു വകുപ്പുണ്ടായിരുന്നു. അതു പുനഃസ്ഥാപിക്കുകയോ, അതല്ലെങ്കിൽ 5 പിപിടി എന്ന അളവു മാറ്റുകയോ ചെയ്യേണ്ടിവരും. ചിറ്റൂരിൽ ഉപ്പുവെള്ളത്തിന്റെ അളവ് 4.2 ആണ് കോർപറേഷന്റെ അളവിൽ കിട്ടിയത്. ഇവിടെനിന്ന് അഴിമുഖത്തേക്ക് 8 കിലോമീറ്റർ. തീര സംരക്ഷണ നിയമം നടപ്പാക്കിയ ശ്രീലങ്കയിൽ അഴിമുഖത്തുനിന്ന് 8 കിലോമീറ്ററാണു വേലിയേറ്റ സ്വാധീന പരിധിയായി നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ആകെ 1826 കായൽ ദ്വീപ്

സംസ്ഥാനത്ത് ആകെ 1826 കായൽ ദ്വീപ് ഉണ്ട്. ഇവയ്ക്കു വേണ്ടി ഇനി വേറെ സംയോജിത ദ്വീപ് മാനേജ്മെന്റ് പ്ലാനും തയാറാക്കേണ്ടതുണ്ട്. പുതിയ നിയമം നടപ്പാക്കാൻ അതുവരെ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നു സാരം. എറണാകുളം ജില്ലയിലെ മരട് മുനിസിപ്പാലിറ്റി, 6 പഞ്ചായത്തുകളുള്ള വൈപ്പിൻ ദ്വീപ്, ഏലൂർ മുനിസിപ്പാലിറ്റി എന്നിവയെല്ലാം കായൽ ദ്വീപുകളായാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നോർക്കണം. എറണാകുളം ജില്ലയിൽ മാത്രം 1074 കായൽ ദ്വീപുകളുണ്ട്. ആലപ്പുഴയിൽ 198, കൊല്ലം 169. ഇവിടെ ഉയർന്ന വേലിയേറ്റ പ്രഭാവ പരിധിയിൽനിന്നു 20 മീറ്റർ വിട്ട് നിർമാണം അനുവദനീയമാണ്.

കായലിന്റെ ഇരുവശത്തുനിന്നും 20 മീറ്റർ വിട്ടാൽ പിന്നെ കരയില്ലാത്തവിധം വലുപ്പം കുറഞ്ഞ ദ്വീപുകളുടെ കാര്യം എന്താവുമെന്നും മാനേജ്മെന്റ് പ്ലാനിൽ വ്യക്തമല്ല. എറണാകുളം ജില്ലയിൽ 14.7 ഹെക്ടറാണ് കായൽ ദ്വീപുകളുടെ ശരാശരി വലുപ്പം. വെറും 40 ചതുരശ്ര മീറ്റർ മാത്രം വിസ്തൃതിയുള്ള ദ്വീപുമുണ്ട്. വീതി കുറഞ്ഞതും കൂടിയതുമായ ദ്വീപുകളുണ്ട്. അവിടെയെല്ലാം എങ്ങനെ 20 മീറ്റർ ദൂര പരിധി പാലിക്കുമെന്നതും വ്യക്തമല്ല.

പൊക്കാളിപ്പാടം പെട്ടുപോയി

നിയമത്തിൽ ഇല്ല, പക്ഷേ മാനേജ്മെന്റ് പ്ലാനിൽ പൊക്കാളിപ്പാടങ്ങൾ അതീവ സംരക്ഷിത മേഖലയായി. സി.ആർഇസഡ് 1 ബി എന്നൊരു വകുപ്പുതന്നെ പൊക്കാളിപ്പാടങ്ങൾക്കായി ഉണ്ടാക്കി. ഇവിടെ ഒരു റോഡുപോലും പണിയാൻ കഴിയുമോയെന്നകാര്യം സംശയം. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അപൂർവ ഇനം കൃഷിയാണു പൊക്കാളി. എറണാകുളത്തുമാത്രം 4752 .47 ഹെക്ടർ പൊക്കാളിപ്പാടങ്ങൾ നിർമാണ നിരോധന മേഖലയിലാവും.

തീര മേഖലാ നിയന്ത്രണ നിയമം 1991ൽ വിജ്ഞാപനം ചെയ്തപ്പോൾ ചെമ്മീൻ വളർത്തു പാടം എന്ന പേരിൽ പൊക്കാളി നിലങ്ങളെ നിയമത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 2011ൽ ഇൗ നിയമത്തിനു ഭേദഗതിവന്നപ്പോൾ പൊക്കാളിപ്പാടങ്ങൾ ഒഴിവാക്കി. 2019ൽ പുതിയ നിയമം വന്നപ്പോൾ വീണ്ടും ഉൾപ്പെടുത്തി. പൊക്കാളിപ്പാടങ്ങൾ വേലിയേറ്റ സ്വാധീന മേഖലയിൽ ഉൾപ്പെടുന്നുവെന്നതാണു കാരണം.

ഇത്തരത്തിലുള്ള അനവധി കുരുക്കുകളും അവ്യക്തതകളും നിറഞ്ഞ രീതിയിലാണു സിആർഇസഡ് നിയമം നടപ്പാക്കാനൊരുങ്ങുന്നത്. അവ്യക്തകൾ പരിഹരിക്കുകയാണു 2019ലെ നിയമത്തിന്റെ ലക്ഷ്യം. അതിനു കൂടുതൽ കൃത്യത വരുത്തുകയാണ് മാനേജ്മെന്റ് പ്ലാനിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ ഇപ്പോഴാണ് ഇൗ വിഷയം ചർച്ച ചെയ്യേണ്ടത്. മാനേജ്മെന്റ് പ്ലാനിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി ഉടൻ പ്രസിദ്ധീകരിക്കും.

English Summary: Kerala Coastal Line in Concern as Time for Coastal Management Plan Completion is Nearing; May Hit Lakhs of People Again