‘നാളെ ഒരു പത്രസമ്മേളനം വിളിച്ചിട്ടുണ്ട്, ഞാൻ കോൺഗ്രസ് വിടുകയാണ്’ എന്ന് രാത്രി അദ്ദേഹത്തിന് ഞാൻ എസ്എംഎസ് അയച്ചു. ‘എന്തിനാണ് അതു ചെയ്യുന്നത്. അത് താങ്കൾക്കു വിനാശകരമാകും’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. ‘എന്റെ നാശം ഒരു പ്രശ്നമല്ല, പാർട്ടിയുടെ നാശമാണ് എന്നെ അലട്ടുന്നത്. താങ്കളുടെ ഉപദേശത്തിന് നന്ദി’ എന്നു... PC Chacko . Cross Fire Interview

‘നാളെ ഒരു പത്രസമ്മേളനം വിളിച്ചിട്ടുണ്ട്, ഞാൻ കോൺഗ്രസ് വിടുകയാണ്’ എന്ന് രാത്രി അദ്ദേഹത്തിന് ഞാൻ എസ്എംഎസ് അയച്ചു. ‘എന്തിനാണ് അതു ചെയ്യുന്നത്. അത് താങ്കൾക്കു വിനാശകരമാകും’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. ‘എന്റെ നാശം ഒരു പ്രശ്നമല്ല, പാർട്ടിയുടെ നാശമാണ് എന്നെ അലട്ടുന്നത്. താങ്കളുടെ ഉപദേശത്തിന് നന്ദി’ എന്നു... PC Chacko . Cross Fire Interview

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നാളെ ഒരു പത്രസമ്മേളനം വിളിച്ചിട്ടുണ്ട്, ഞാൻ കോൺഗ്രസ് വിടുകയാണ്’ എന്ന് രാത്രി അദ്ദേഹത്തിന് ഞാൻ എസ്എംഎസ് അയച്ചു. ‘എന്തിനാണ് അതു ചെയ്യുന്നത്. അത് താങ്കൾക്കു വിനാശകരമാകും’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. ‘എന്റെ നാശം ഒരു പ്രശ്നമല്ല, പാർട്ടിയുടെ നാശമാണ് എന്നെ അലട്ടുന്നത്. താങ്കളുടെ ഉപദേശത്തിന് നന്ദി’ എന്നു... PC Chacko . Cross Fire Interview

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കേരളത്തിലെ കോൺഗ്രസ് ഒരു മുൻ പ്രവർത്തകസമിതി അംഗം ഉയർത്തുന്ന വെല്ലുവിളിയും ഇന്നു നേരിടുന്നുണ്ട്. കോൺഗ്രസ് വിട്ട് എൽഡിഎഫ് ഘടകകക്ഷി എൻസിപിയുടെ സംസ്ഥാന പ്രസിഡന്റായ പി.സി.ചാക്കോ തന്റെ മാതൃസംഘടനയിലെ പലരേയും മാടി വിളിക്കുന്നു. കോൺഗ്രസിലെ ഉന്നത നേതാക്കൾ തൊട്ട് സാധാരണ പ്രവർത്തകർ വരെ അദ്ദേഹവുമായി ബന്ധപ്പെടുന്നു. മുൻ എംപിയും ജെപിസി ചെയർമാനുമായിരുന്ന പ്രഗത്ഭനായ ഈ നേതാവ് തന്റെ പഴയ പാർട്ടിയിൽ വിള്ളൽ വീഴ്ത്തുമെന്ന പ്രചാരണം ശക്തം. കോൺഗ്രസ് വിടാനിടയായ സാഹചര്യം തൊട്ടുള്ള അണിയറ രഹസ്യങ്ങൾ ‘മലയാള മനോരമ’ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ ചാക്കോ തുറന്നു പറയുന്നു.

താങ്കളുടെ പഴയ പാർട്ടിയായ കോൺഗ്രസിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. എങ്ങനെ വിലയിരുത്തുന്നു?

ADVERTISEMENT

കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് മാറ്റങ്ങൾ അല്ല വെറും കസേര കളിയാണ്. ദേശീയതലത്തിൽനിന്നു തുടങ്ങാം. കഴിഞ്ഞ നാലു വർഷമായി എഐസിസി സമ്മേളനം ചേർന്നിട്ടില്ല, രണ്ടു വർഷമായി എഐസിസിക്ക് സ്ഥിരം അധ്യക്ഷനില്ല. തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തക സമിതിയോ പാർലമെന്ററി ബോർഡോ ഇല്ല. പ്രസിഡന്റാകണമെന്നു വച്ചാൽ രാഹുൽഗാന്ധിക്ക് ഇന്നുതന്നെ സാധിക്കും. പക്ഷേ അദ്ദേഹം ചെയ്യില്ല. ഞങ്ങൾ ആരോടു സംസാരിക്കണമെന്നാണ് മറ്റു പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ ചോദിക്കുന്നത്. ഇന്ത്യയിൽ എല്ലായിടത്തും സാന്നിധ്യമുള്ള കോൺഗ്രസിന്റെ നേതൃത്വം പൂർണ പരാജയമാണ്. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന മുദ്രാവാക്യം നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചതെങ്കിലും നടപ്പാക്കുന്നത് രാഹുൽ ഗാന്ധിയാണ്

പി.സി.ചാക്കോ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു രാഹുൽ തിരികെ വരുമെന്ന് കരുതുന്നുണ്ടോ?

അദ്ദേഹം പ്രസിഡന്റായി സ്ഥാനമേറ്റ് ഭാരത പര്യടനത്തിനു മുതിർന്നാൽ ജനങ്ങൾ അദ്ദേഹത്തെ സ്വീകരിക്കും. പക്ഷേ അദ്ദേഹം അതിനു തയാറല്ല, വിമുഖതയാണ് രാഹുലിന്റെ മുഖമുദ്ര. എനിക്ക് അദ്ദേഹത്തോട് വലിയ അടുപ്പം ഉണ്ടായിരുന്നു.‘എന്താണ് താങ്കളുടെ മുന്നിലെ തടസ്സം’ എന്ന് ഞാൻ ഒരു പാട് തവണ ചോദിച്ചിട്ടുണ്ട്. ‘ഒന്നുമില്ല, ഒന്നുമില്ല, നമുക്ക് അതു ചെയ്യാം’ എന്ന് എപ്പോഴും അദ്ദേഹം മറുപടി പറയും. പക്ഷേ തയാറാകില്ല.

രാഹുലിനെ പിറകോട്ടു വലിക്കുന്ന യഥാർഥ കാരണം എന്താണെന്നാണ് തോന്നുന്നത്?

ADVERTISEMENT

സ്ഥിരത എന്ന സവിശേഷത അദ്ദേഹത്തിന് ഇല്ല. ഇന്നു പറയുന്നതല്ല നാളെ പറയുന്നത്. കോൺഗ്രസിന്റെ പരമ്പരാഗത ശൈലികളോട് രാഹുൽ ഗാന്ധിക്ക് വലിയ എതിർപ്പാണ് പക്ഷേ ബദൽ മുന്നോട്ടു വയ്ക്കാനുമില്ല. 135 വർഷത്തിന്റെ പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. അതിന്റെ നേതൃത്വത്തിലേക്ക് ആളുകൾ വരുന്നതിനു പാർട്ടിയുടെതായ നടപടിക്രമങ്ങളുണ്ട്. പക്ഷേ കുറച്ചു ചെറുപ്പക്കാരെ വിളിച്ച് ഇന്റർവ്യൂ നടത്തി നിയമിക്കുന്നതാണ് മെച്ചം എന്നാണ് രാഹുൽ കരുതുന്നത്. വിദ്യാഭ്യാസവും സംസാരിക്കാനുള്ള കഴിവും ഉണ്ടായതുകൊണ്ട് രാഷ്ട്രീയ നേതാവ് ആകാൻ കഴിയണമെന്നില്ല.

വി.എം.സുധീരനൊപ്പം പി.സി.ചാക്കോ

ടാലന്റ് ഹണ്ട് വീണ്ടും നടത്തുകയാണ് എന്നാണു കേട്ടത്. കോൺഗ്രസിന്റെയും സഹസംഘടനകളുടെയും മെംബർഷിപ്പ് രീതി അദ്ദേഹം ഗൗനിക്കാറേയില്ല. രാഹുൽ ഗാന്ധിയുടെ വിമുഖതയും അസ്ഥിരതയും കോൺഗ്രസിനെ നശിപ്പിക്കുകയാണ്. വയനാട്ടിൽ മത്സരിക്കാൻ രാഹുൽ എടുത്ത തീരുമാനം തെറ്റായിരുന്നു. ഇന്ത്യൻ ഇടതു പക്ഷത്തിനെതിരെ ഉള്ള ഒരു പ്രതീകമായി താങ്കൾ മാറരുതെന്ന് ഞാൻ കണ്ടു പറഞ്ഞു.

ബിജെപിക്കെതിരെ ഉള്ള പോരാട്ടത്തിന്റെ പ്രതീകമാകേണ്ട നേതാവാണ് രാഹുൽ. ദക്ഷിണേന്ത്യയിൽ മത്സരിക്കണമെങ്കിൽ അതിനായി കർണാടക തിരഞ്ഞെടുക്കണമായിരുന്നു. പക്ഷേ എന്റെ നിർദേശം അദ്ദേഹം ചെവിക്കൊണ്ടില്ല. ആന്റണിയെ കണ്ടു പറഞ്ഞപ്പോൾ ‘തീരുമാനം എടുത്തു കഴിഞ്ഞു, വൈകിപ്പോയി’ എന്നായിരുന്നു മറുപടി. രാഹുലിനെ ബോധ്യപ്പെടുത്തേണ്ടത് താങ്കളുടെ കടമയാണ് എന്നു പറഞ്ഞ് ഞാൻ പോന്നു.

രാഹുലിനോടുള്ള അഭിപ്രായ വ്യത്യാസംകൊണ്ടു മാത്രമാണോ താങ്കൾ കോൺഗ്രസ് വിട്ടത്?

പി.സി.ചാക്കോ
ADVERTISEMENT

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയുടെ ചുമതലയായിരുന്നു എനിക്ക്. അരവിന്ദ് കേജ്‌രിവാളുമായി സംസാരിച്ച് ആകെയുളള എഴു സീറ്റിൽ അവർ നാലിലും കോൺഗ്രസ് മൂന്നിലും മത്സരിക്കാൻ ധാരണയായി. പക്ഷേ രാഹുൽ സമ്മതിച്ചില്ല. മൂന്നും വീതം സീറ്റുകളിൽ ഇരു പാർട്ടികളും മത്സരിക്കണം, ഒരു സീറ്റ് സ്വതന്ത്രനും എന്നായിരുന്നു അദ്ദേഹത്തിന്റെ പിടിവാശി. 70 സീറ്റുളള അസംബ്ലിയിൽ 67 സീറ്റും അവർക്കാണ്. ബിജെപിക്ക് മൂന്ന്, കോൺഗ്രസിന് പൂജ്യം. ആ സാഹചര്യത്തിൽ മൂന്നു ലോക്സഭാ സീറ്റിൽ കൂടുതൽ എത്ര തരണം അവർ?

ഹരിയാന, ചണ്ഡിഗഡ്, ഗോവ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ 20 സീറ്റ് കിട്ടാനുള്ള ഒരു ഫോർമുല ഞാൻ തയാറാക്കി. പക്ഷേ സമ്മതിച്ചില്ല. എന്തിനാണ് ഇങ്ങനെ സമയം കളയുന്നത് എന്ന് ചിന്തിച്ചു. നാലു കൊല്ലം ഞാൻ ഡൽഹിയിലുണ്ടായി. കോൺഗ്രസിന്റെ ദേശീയ നേതൃത്വം രാഷ്ട്രീയ വിവേകത്തോടെ ഒരിക്കൽ പോലും പ്രവർത്തിച്ചിട്ടില്ല. ഡൽഹിയിലെ ഏഴു സീറ്റും ജയിക്കാമായിരുന്നു. ഏഴും എഴുതിത്തള്ളി. ആഭ്യന്തര സർവേയിൽ കോൺഗ്രസിന് 100 സീറ്റ് ആണ് ഞങ്ങൾ കണക്കുകൂട്ടിയത്. സഖ്യങ്ങളുടെ കാര്യത്തിലെ ഈ തെറ്റായ സമീപനമാണ് അതു പാടെ തകർത്തത്. ചെയ്യുന്ന കാര്യങ്ങളിൽ‍ തൃപ്തി എനിക്ക് വേണ്ടിയിരുന്നു. തുടർച്ചയായി അതു ലഭിക്കാതെ വന്നതോടെ തീർത്തും നിരാശനായി.

പാർട്ടി വിടാൻ തീരുമാനിച്ചപ്പോൾ രാഹുലോ മറ്റു നേതാക്കളോ തടഞ്ഞില്ലേ?

പി.സി.ചാക്കോ

‘നാളെ ഒരു പത്രസമ്മേളനം വിളിച്ചിട്ടുണ്ട്, ഞാൻ കോൺഗ്രസ് വിടുകയാണ്’ എന്ന് രാത്രി അദ്ദേഹത്തിന് ഞാൻ എസ്എംഎസ് അയച്ചു. ‘എന്തിനാണ് അതു ചെയ്യുന്നത്. അത് താങ്കൾക്കു വിനാശകരമാകും’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. ‘എന്റെ നാശം ഒരു പ്രശ്നമല്ല, പാർട്ടിയുടെ നാശമാണ് എന്നെ അലട്ടുന്നത്. താങ്കളുടെ ഉപദേശത്തിന് നന്ദി’ എന്നു ഞാൻ തിരിച്ച് എസ്എംഎസ് അയച്ചു. ആളുകൾ വിട്ടുപോകുന്നത് കോൺഗ്രസിനെ എങ്ങനെ ബാധിക്കും എന്നത് അദ്ദേഹത്തിന് ഒരു പ്രശ്നമേ അല്ലല്ലോ എന്ന അദ്ഭുതം എനിക്കു തോന്നി. എ.കെ.ആന്റണി അടക്കമുള്ള നേതാക്കളുമായി നല്ല ബന്ധം എനിക്കുണ്ട്. പക്ഷേ അവർ ആരും എന്നോട് സംസാരിച്ചിട്ടില്ല..കേരളത്തിലെ ഒരു ഗ്രൂപ്പിലും ഇല്ലാത്ത ഞാൻ പലർക്കും ഒരു അസൗകര്യമായിരുന്നു.

ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികളുടെ നേതാവായി ശരദ് പവാറിനെ മുന്നിൽ നിർത്തണം എന്ന നിർദേശം ഉയരുന്നുണ്ടല്ലോ?

ഞാൻ പറഞ്ഞുവന്നത് അതാണ്. ദേശീയതലത്തിൽ എല്ലാവരെയും കൂട്ടി യോജിപ്പിച്ച് കൊണ്ടുപോകാൻ ആർക്കാണ് കഴിയുക എന്ന് കോൺഗ്രസ് വിടുന്ന ഘട്ടത്തിൽ ഞാൻ ആലോചിച്ചു. ഇന്നത്തെ സാഹചര്യത്തിൽ അതിനു സാധിക്കുന്നത് ശരദ് പവാറിനു മാത്രമാണ്. അദ്ദേഹം ഒരു വലിയ പാർട്ടിയുടെ നേതാവല്ല. പക്ഷേ വ്യക്തിപരമായി പവാറിനുള്ള ബന്ധങ്ങൾ വളരെ വലുതാണ്. കോൺഗ്രസിന്റെ ഒരു സംസ്കാരം ഉള്ള പാർട്ടിയുമാണ് എൻസിപി. എനിക്ക് ബിജെപിയോ കമ്യൂണിസ്റ്റോ ആകാൻ കഴിയില്ല. ഒന്നുകിൽ രാഷ്ട്രീയം അവസാനിപ്പിക്കണം, പിന്നെ ഉള്ള ഒരു വഴി എൻസിപിയും. രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാൻ മറ്റു കക്ഷികൾ തയാറല്ലാത്ത സാഹചര്യത്തിൽ നേതൃത്വത്തിലേക്ക് പവാർ വരുന്നത് പ്രതിപക്ഷ നേതാക്കൾക്ക് താൽപര്യമുള്ള കാര്യമായിരിക്കും. കോൺഗ്രസിനും ഇന്നല്ലെങ്കിൽ നാളെ അതിലേക്ക് ചിന്തിക്കേണ്ടി വരും.

രാഷ്ട്രീയമായ നിലപാടുകളേക്കാൾ ശരദ് പവാറുമായുള്ള സൗഹൃദ ബന്ധമാണ് താങ്കളെ എൻസിപിയിൽ എത്തിച്ചത് എന്ന് വിചാരിക്കുന്നവരോട് എന്താണ് പറയാനുള്ളത്?

പി.സി.ചാക്കോ

ഒരിക്കലും അല്ല. പവാർ എൻസിപി രൂപീകരിക്കുന്ന കാലത്തും ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. കോൺഗ്രസ്(എസ്) കാലം മുതലുള്ള ബന്ധമാണ് ഞങ്ങളുടേത്. കോൺഗ്രസുമായുള്ള അദ്ദേഹത്തിന്റെ അടുപ്പത്തിന്റെയും അകൽച്ചയുടെയും കാലത്തെല്ലാം ഞങ്ങൾ ദീർഘമായി സംസാരിച്ചിട്ടുണ്ട്. വ്യക്തിപരമായ സ്നേഹബന്ധത്തിന്റെ പ്രശ്നമാണെങ്കിൽ നേരത്തെതന്നെ ഞങ്ങൾ ഒരുമിച്ച് ഒരേ പാർട്ടിയിൽ ഉണ്ടാകുമായിരുന്നു.

ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കൾ ഉന്നയിക്കുന്ന എതിർപ്പ് എന്തെങ്കിലും മാറ്റം കോൺഗ്രസിൽ സൃഷ്ടിക്കുമോ?

പ്രഗത്ഭരായ പല നേതാക്കളെയും കോൺഗ്രസ് പ്രയോജനപ്പെടുത്തുന്നില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളുമായി നല്ല ബന്ധമുള്ള സ്വീകാര്യനായ നേതാവാണ് ഗുലാം നബി. അദ്ദേഹത്തെ ഇട്ടു തട്ടുകയല്ലേ ചെയ്യുന്നത്? ഗുലാം നബിക്ക് രാജ്യസഭാ സീറ്റ് നൽകിക്കൂടേ? രാജസ്ഥാനിൽനിന്ന് കെ.സി.വേണുഗോപാലിനെ രാജ്യസഭയിൽ കൊണ്ടുവന്നപ്പോഴും ഗുലാംനബിയെ പരിഗണിച്ചില്ല. രാഹുലുമായി വേണുഗോപാലിന് നല്ല ബന്ധം ഉണ്ടായിരിക്കും. പക്ഷേ അദ്ദേഹം ശരാശരിക്കാരനാണ്.

ദേശീയ നേതൃത്വത്തിൽ ഉള്ള പലർക്കും അദ്ദേഹത്തെ അറിയുക പോലും ഇല്ലായിരുന്നു. കോൺഗ്രസിന്റെ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കാൻ അർഹതയുള്ള ആളല്ല വേണുഗോപാൽ. ഇന്ത്യയിലെ പല കോൺഗ്രസ് നേതാക്കളെയും അദ്ദേഹത്തിന് അറിയില്ല. പ്രവർത്തകസമിതിയിലെ നേതാക്കളുടെ പശ്ചാത്തലം അറിയില്ല. രാഹുൽ ഏൽപ്പിക്കുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ടാകും. പക്ഷേ ഔന്നത്യം കൊണ്ട് ദേശീയ നേതൃനിരയിൽ നിൽക്കാനുള്ള പ്രാപ്തി അദ്ദേഹത്തിനില്ല.

കോൺഗ്രസിൽ ഗ്രൂപ്പിന് അതീതനായിരുന്നു താങ്കൾ എന്നു പറഞ്ഞു, ഇപ്പോൾ ഗ്രൂപ്പുകൾക്ക് കേരളത്തിൽ കിട്ടിയ തിരിച്ചടിയിൽ സന്തോഷമുണ്ടോ?

അതെല്ലാം താൽക്കാലികമാണ്. ഇവിടെ 100 കോൺഗ്രസുകാരെ എടുത്താൽ 90 പേരും ഗ്രൂപ്പാണ്. അവർ പതുക്കെ പുതിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരനിൽ സമ്മർദങ്ങൾ സൃഷ്ടിക്കും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിചാരിക്കാതെ ഒരു പരിപാടി വിജയിപ്പിക്കാൻ സുധാകരനു കഴിയില്ല. മൂന്നു മാസത്തിനുള്ളിൽ ഗ്രൂപ്പുകൾക്കു മുന്നിൽ സുധാകരൻ അടിയറവു പറയും. ഗ്രൂപ്പില്ലാ പരിവേഷത്തോടെ വന്ന മുല്ലപ്പള്ളിയുടെയും സുധീരന്റെയും സ്ഥിതി ഓർമിക്കുന്നില്ലേ?

സുധാകരൻ വലിയ വായിൽ വർത്തമാനം പറയും, പക്ഷേ പാർട്ടി കൊണ്ടുനടക്കാൻ കഴിയില്ല. അടിസ്ഥാനപരമായി സുധാകരൻ കോൺഗ്രസുകാരനല്ല. അദ്ദേഹം ജനതാ പാർട്ടിക്കാരനായിരുന്നു. കോൺഗ്രസുകാരുമായി പൊക്കിൾകൊടി ബന്ധമില്ല. അദ്ദേഹത്തിന്റെ തല്ലും പിടിയും കോൺഗ്രസിന്റെ സംസ്കാരമല്ല. മുല്ലപ്പള്ളിയെപ്പോലെ ആളുകൾ ശ്രദ്ധിക്കാത്ത ഒരാളിൽനിന്ന് സുധാകരനെപ്പോലെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു നേതാവ് വരുമ്പോഴുള്ള ഒച്ചപ്പാടിന് അപ്പുറം കോൺഗ്രസിൽ ഒന്നും സംഭവിക്കില്ല. പൂർണമായും ഇരുട്ടിലായ ഡൽഹി ഓരോ പരീക്ഷണങ്ങൾ നടത്തുന്നു എന്നു മാത്രം. ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ സുധാകരനേക്കാൾ മെച്ചപ്പെട്ട ആൾ കെ.മുരളീധരനായിരുന്നു.

വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് ആയതോടെ ഒരു തലമുറ മാറ്റത്തിലേക്ക് കോൺഗ്രസ് കടക്കുന്നു എന്ന് കരുതുന്നുണ്ടോ?

അയാൾ സമർഥനും കാര്യപ്രാപ്തിയുള്ള ആളുമാണ്. പക്ഷേ അടുത്ത കാലം വരെ ചെന്നിത്തലയുടെ ഏജന്റായിരുന്നു. യഥാർഥത്തിൽ വീണ്ടും ചെന്നിത്തലയുടെ പേരു തന്നെ പറയേണ്ടിയിരുന്നത് സതീശനായിരുന്നു. പക്ഷേ അയാൾ കാലുവാരി. പഠിക്കുകയും പ്രസംഗിക്കുകയും എല്ലാം ചെയ്യുന്ന ആളാണ് സതീശൻ. പക്ഷേ അയാൾ വന്ന രീതി ശരിയായില്ല. ചെന്നിത്തലയും സതീശനും തമ്മിൽ കാര്യമായ പ്രായവ്യത്യാസമില്ല. പിന്നെ എന്തു തലമുറ മാറ്റം?

താങ്കൾ ഇപ്പോൾ ഇരിക്കുന്ന എൻസിപി സംസ്ഥാന കമ്മിറ്റി ഓഫിസും പഴയ ആസ്ഥാനമായ ഇന്ദിരാഭവനും വളരെ അടുത്താണല്ലോ. കോൺഗ്രസിൽ പരിഭവിച്ചു നിൽക്കുന്നവർക്ക് വളരെ വേഗം ഇങ്ങോട്ടെത്താൻ കഴിയുമോ?

പി.സി.ചാക്കോ

പരിഭവക്കാരുടെ പാർട്ടിയായി മാറാൻ ഞങ്ങൾക്ക് താൽപര്യമില്ല. അതേ സമയം കോൺഗ്രസിന്റെ പോക്കിൽ ദുഃഖിതരായ വളരെ അധികം പേരുണ്ട്. അങ്ങനെ ഉള്ളവർക്ക് ഇങ്ങോട്ട് വന്നേ പറ്റൂ. എല്ലാ നിയോജകമണ്ഡലത്തിൽനിന്നും രാത്രിയും പകലും എനിക്ക് കോൺഗ്രസുകാരുടെ ഫോൺ കാളുകൾ വരുന്നുണ്ട്. വലിയ നേതാക്കൾക്ക് പരവതാനി വിരിക്കാനൊന്നും ഞങ്ങൾ ഇല്ല. അവർക്കെല്ലാം പദവികളാണ് ആവശ്യം. അങ്ങനെ കോൺഗ്രസിനെ പോലെ ജംബോ സമിതികൾ ഉണ്ടാക്കാനില്ല. ഒരു നേതാവിനെയും ഞാൻ പ്രതീക്ഷിക്കുന്നില്ല. അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്നില്ല. എനിക്ക് സാധാരണ പ്രവർത്തകർ മതി.

കോൺഗ്രസിലെ വൻതോക്കുകൾ ഒന്നും ഇങ്ങോട്ട് വരേണ്ട എന്ന അടഞ്ഞ സമീപനമാണോ?

അങ്ങനെയല്ല. വലിയ നേതാക്കളെ ഇങ്ങോട്ട് ആനയിക്കുക എന്നത് ഞങ്ങളുടെ പദ്ധതിയല്ല. വരുന്നവർക്ക് തീർച്ചയായും സ്വാഗതം ഉണ്ടാകും. ചെയ്യുന്ന ജോലിയിൽ അവർക്ക് തൃപ്തി ലഭിക്കും. ഭരണത്തിൽ ലഭിക്കാവുന്ന പദവികൾ കാംക്ഷിച്ച് പക്ഷേ ആരും വരരുത്. ഞങ്ങളുടേത് ചെറിയ പാർട്ടിയാണ്. അതിന് അനുസരിച്ചുള്ള വിഹിതമേ സർക്കാരിൽനിന്നു ലഭിക്കൂ.

ചുരുങ്ങിയ കാലംകൊണ്ട് പി.സി.ചാക്കോയുടെ കൈപ്പിടിയിലായി എൻസിപി എന്നു പറയുന്നവരുണ്ട്. പ്രസിഡന്റ് എന്ന നിലയിൽ‍ താങ്കളുടെ മുൻഗണന, പ്രവർത്തന ശൈലി എന്താണ്?

പി.സി.ചാക്കോ

സംഘടനാപരമായി കോൺഗ്രസിന്റെ പകർപ്പാണ് എൻസിപി. പണ്ട് കെ.മുരളീധരൻ ഡിഐസി വിട്ട് എൻസിപിയിൽ വന്നതു പോലെ അല്ല എന്റെ വരവിനെ ഈ പാർട്ടിയിൽ ഉള്ളവർ കാണുന്നത്. കോൺഗ്രസി(എസ്)ൽ ഒരുമിച്ച് ഉണ്ടായിരുന്നതിനാൽ എല്ലാവരെയും അറിയാം. എൻസിപിയുടെ സ്ഥാപക നേതാക്കളായി ഒരാളായിട്ടാണ് എന്നെ കാണുന്നത്. പാർട്ടിയിലെ എല്ലാ വിഭാഗങ്ങളും എന്നെ സ്നേഹിക്കുന്നുണ്ട്. എന്നിൽനിന്നു നീതി ലഭിക്കുമെന്ന വിശ്വാസം അവർക്കുണ്ട്.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരിൽ ഇവിടെ ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പതുക്കെ തീരും. 140 നിയോജക മണ്ഡലങ്ങളിലും കുറഞ്ഞത് ആയിരം പ്രവർത്തകരെ വീതം അണിനിരത്തുകയാണ് ആദ്യ സംഘടനാ ലക്ഷ്യം. അങ്ങനെ 14,000 പ്രതിനിധികളെ വച്ച് കൊച്ചിയിൽ ഒരു വലിയ കൺവൻഷൻ നടത്തും. രാജ്യത്തെ പ്രതിപക്ഷ ദേശീയ നേതൃനിര അതിൽ പങ്കെടുക്കും. ഇന്ത്യയിലെ പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം അവിടെ മുഴങ്ങും.

എൻസിപി വിട്ടു പോയ മാണി സി.കാപ്പനെയും കൂട്ടരെയും തിരിച്ചു കൊണ്ടുവരുമോ?

മാണി സി.കാപ്പൻ

പാലായ്ക്ക് പകരം കുട്ടനാടിൽ മത്സരിക്കണമെന്ന് ഞാൻ കാപ്പനോട് പറഞ്ഞതാണ്. യുഡിഎഫിലേക്ക് പോകാനുള്ള മനസ്സ് കാട്ടിയ ആൾക്ക് എൽഡിഎഫിലേക്ക് ഉടനെ തിരികെ വരാൻ കഴിയുമെന്ന് കരുതുന്നില്ല. കാപ്പനോട് എനിക്ക് വ്യക്തിപരമായ ബന്ധമുണ്ട്. പവാറിനെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതുതന്നെ ഞാനാണ്. അദ്ദേഹത്തിന് വരാൻ താൽപര്യം ഉണ്ടെങ്കിൽ ‍ഞങ്ങൾ സ്വീകരിക്കും. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. യുഡിഎഫിൽ സീറ്റും അംഗീകാരവും എല്ലാം ലഭിച്ച ശേഷം അതു ചെയ്യുമോ എന്ന് അറിയില്ല.

മന്ത്രിസ്ഥാനത്ത് അഞ്ചു വർഷവും ശശീന്ദ്രൻ തുടരുമോ? രണ്ടര വർഷം വീതം വീതംവയ്ക്കണമെന്ന് തോമസ് കെ.തോമസ് ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നല്ലോ?

മന്ത്രി ആകണമെന്ന ആവശ്യം തോമസ് കെ.തോമസ് എന്റെ മുന്നിൽ വച്ചിട്ടില്ല. അങ്ങനെ ഒരു ചർച്ചയോ ധാരണയോ ഉണ്ടായിട്ടില്ല എന്നു കരുതി ഒരു സാധ്യതയും തള്ളിക്കളയുന്നില്ല. ഭാവിയെക്കുറിച്ച് പ്രവചിക്കാൻ കഴിയില്ല. പക്ഷേ നിലവിൽ ഒരു തീരുമാനം ഇല്ല.

മരംമുറി വിവാദത്തെക്കുറിച്ച് താങ്കളുടെ പാർട്ടിക്കാരനായ വനം മന്ത്രി പ്രതികരിച്ചിട്ടുണ്ട്. പാർട്ടി നിലപാട് എന്താണ്?

പി.സി.ചാക്കോയോടൊപ്പം എ.കെ.ശശീന്ദ്രൻ.

എ.കെ.ശശീന്ദ്രൻ വനം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപു നടന്ന സംഭവങ്ങളാണ് എല്ലാം. കൃഷിക്കാരന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്തു എന്നതാണ് പ്രശ്നം. അതിനു ശശീന്ദ്രന് വിദൂരമായി പോലും ബന്ധമില്ല. അന്ന് ഉണ്ടായിരുന്ന മന്ത്രിമാരുടെ കുറ്റമാണോ, ഉദ്യോഗസ്ഥരുടെ കുറ്റമാണോ എന്നതാണ് അന്വേഷിക്കുന്നത്.

റവന്യു വകുപ്പിന്റെ ഉത്തരവിലെ അപാകതയാണ് അടിസ്ഥാനപരമായ കാരണം. ആ വകുപ്പിന് ഉത്തരവാദിത്തത്തി‍ൽനിന്ന് ഒഴിഞ്ഞു മാറാൻ കഴിയുമോ?

ഉത്തരവ് ഇട്ടവരുടെ പ്രശ്നമാണോ നടപ്പാക്കിയവരുടെ പ്രശ്നമാണോ എന്നതാണ് അന്വേഷിക്കുന്നത്. മന്ത്രിമാരുടെ പങ്ക് സിപിഐ പരിശോധിച്ചുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മന്ത്രിമാരുടെ കുഴപ്പമല്ല, ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് അവർ വിലയിരുത്തി. സിപിഐ പറയുന്നതാണ് ഞാനും വിശ്വസിക്കുന്നത്.

കെ.മുരളീധരൻ ഇടക്കാലത്ത് എൻസിപിയിൽ‍ വന്നതു പറഞ്ഞല്ലോ. അദ്ദേഹം കോൺഗ്രസിലേക്കു തിരിച്ചുപോയി. പി.സി.ചാക്കോയും നാളെ മാതൃസംഘടനയിലേക്ക് മടങ്ങുമോ?

രാഷ്ട്രീയത്തിൽ ഇനി ദീർഘകാലം പ്രവർത്തിക്കാൻ കഴിയുന്ന ഒരാളല്ല ഞാൻ. കോൺഗ്രസിൽ നിന്ന കാലത്തേക്കാളും മാനസിക സംതൃപ്തി എനിക്ക് ഇപ്പോഴുണ്ട്. അതുകൊണ്ട് പുനഃപരിശോധനയുടെ പ്രശ്നമില്ല.

ശരദ് പവാറിനെ സഹായിക്കാനായി ദേശീയ രാഷ്ട്രീയത്തിലേക്ക് വൈകാതെ താങ്കൾ തിരികെ പോകുമെന്ന പ്രചാരണവും ഉണ്ടല്ലോ?

എല്ലാ രാഷ്ട്രീയ കക്ഷികളിലെയും നേതാക്കളുമായി എനിക്കു നല്ല ബന്ധമുണ്ട്. പവാറിനെ സഹായിക്കാനായി കുറച്ചു സമയം ഞാൻ ഡൽഹിയിൽ ഉണ്ടാകും. കേരളത്തിൽതന്നെ മുഴുവൻ സമയം ചെലവഴിക്കേണ്ട സാഹചര്യവുമില്ല.

English Summary: Exclusive Cross Fire Interview With NCP Leader PC Chacko