സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നല്ല ആരോഗ്യവും, സന്താഷവും വിലയിരുത്താൻ നിതി ആയോഗ് ആശ്രയിക്കുന്ന മുകളിൽ പറഞ്ഞിരിക്കുന്ന 10 ഘടകങ്ങളിൽ എട്ടിലും കേരളം ഗുജറാത്തിനേക്കാൾ വളരെ മുൻപിലാണ്. എന്നാൽ 86 പോയിന്റുമായി ഗുജറാത്താണ് പട്ടികയിൽ മുൻപിൽ. കേരളം 72 പോയിന്റുമായി പട്ടികയിൽ 14–ാം സ്ഥാനത്തും.... | Indian SDG Index 2020-2021 . PM Narendra Modi, Manorama Online, Niti Aayog, Kerala vs Gujarat model

സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നല്ല ആരോഗ്യവും, സന്താഷവും വിലയിരുത്താൻ നിതി ആയോഗ് ആശ്രയിക്കുന്ന മുകളിൽ പറഞ്ഞിരിക്കുന്ന 10 ഘടകങ്ങളിൽ എട്ടിലും കേരളം ഗുജറാത്തിനേക്കാൾ വളരെ മുൻപിലാണ്. എന്നാൽ 86 പോയിന്റുമായി ഗുജറാത്താണ് പട്ടികയിൽ മുൻപിൽ. കേരളം 72 പോയിന്റുമായി പട്ടികയിൽ 14–ാം സ്ഥാനത്തും.... | Indian SDG Index 2020-2021 . PM Narendra Modi, Manorama Online, Niti Aayog, Kerala vs Gujarat model

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നല്ല ആരോഗ്യവും, സന്താഷവും വിലയിരുത്താൻ നിതി ആയോഗ് ആശ്രയിക്കുന്ന മുകളിൽ പറഞ്ഞിരിക്കുന്ന 10 ഘടകങ്ങളിൽ എട്ടിലും കേരളം ഗുജറാത്തിനേക്കാൾ വളരെ മുൻപിലാണ്. എന്നാൽ 86 പോയിന്റുമായി ഗുജറാത്താണ് പട്ടികയിൽ മുൻപിൽ. കേരളം 72 പോയിന്റുമായി പട്ടികയിൽ 14–ാം സ്ഥാനത്തും.... | Indian SDG Index 2020-2021 . PM Narendra Modi, Manorama Online, Niti Aayog, Kerala vs Gujarat model

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന ‘കൗ ബെൽറ്റും’ അയൽ സംസ്ഥാനങ്ങളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾക്ക് ഒരു ബാധ്യത ആകുകയാണോ? ആണെന്നു വേണം നിതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ ഇന്ത്യ സൂചിക (സസ്‌റ്റൈനബിൾ ഡവലപ്മെന്റ് ഗോൾസ് ഇൻഡക്‌സ്) 2020-21ൽനിന്ന് വായിച്ചെടുക്കാൻ. സൂചിക അനുസരിച്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മഹാരാഷ്ട്രയും പഞ്ചാബും ഹരിയാനയും ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും സിക്കിമും ഒരു പരിധി വരെ ഗുജറാത്തും ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, ഭക്ഷ്യോൽപാദനം, ശുദ്ധജല ലഭ്യത തുടങ്ങി എല്ലാ മേഖലയിലും അതിവേഗം മുന്നോട്ടു പോകുമ്പോൾ ഉത്തർപ്രദേശും മധ്യപ്രദേശും രാജസ്ഥാനും ബിഹാറും, ജാർഖണ്ഡും ഛത്തിസ്ഗഡും അസമും ഒറീസയും എല്ലാ മേഖലയിലും വളരെ പിന്നിലാണ്. 

 

ADVERTISEMENT

വികസനത്തിലെ ഈ വലിയ വിടവ് സമ്പന്ന സംസ്ഥാനങ്ങളുടെ വികസനത്തെയും ബാധിക്കുന്നു. കേന്ദ്രം ഈ സംസ്ഥാനങ്ങൾക്കു നൽകുന്ന ഭീമമായ സഹായം കൂടാതെ കേന്ദ്ര വിഹിതത്തിലേക്കു സമ്പന്ന സംസ്ഥാനങ്ങൾ നൽകുന്ന ഫണ്ടിന്റെ സിംഹഭാഗവും കേന്ദ്രം പിന്നോക്ക സംസ്ഥാനങ്ങൾക്കു നൽകുകയാണ്. അതുകൊണ്ടുതന്നെ, കേന്ദ്രം അതിന്റെ വിഹിതമായി സമ്പന്ന സംസ്ഥാനങ്ങൾക്കു നൽകുന്നത്, ആ സംസ്ഥാനങ്ങൾ കേന്ദ്രത്തിനു നൽകുന്നതിന്റെ ചെറിയൊരു അംശം മാത്രമാണ്.  

ബംഗാളിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിനെത്തിയ പച്ചക്കറി കച്ചവടക്കാര്‍. ചിത്രം: Dibyangshu SARKAR / AFP

 

ഉദാഹരണത്തിന്, 2016-17ൽ, മഹാരാഷ്ട്രയും തമിഴ്‌നാടും കേന്ദ്ര വിഹിതമായി 100 രൂപ നൽകിയെങ്കിൽ, അവർക്കു കേന്ദ്രം അതിന്റെ വിഹിതമായി തിരികെ നൽകിയത് 30  രൂപയാണ്. അതേ സമയം, ബിഹാറിനും ഉത്തർപ്രദേശിനും അവർ കേന്ദ്രത്തിനു നൽകിയതിന്റെ 200 ശതമാനവും 150 ശതമാനവും കേന്ദ്ര വിഹിതമായി തിരിച്ചു കിട്ടി. ഇതിനെതിരെ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മുറുമുറുത്തു തുടങ്ങിയിട്ട് കാലം കുറെയായി. ഇങ്ങനെ വാരിക്കോരി കൊടുത്ത്, പിന്നോക്ക സംസ്ഥാനങ്ങളെ മടിയന്മാരാക്കാതെ, സാമ്പത്തിക രംഗത്തും സാമൂഹ്യരംഗത്തും ഘടനാപരമായ മാറ്റങ്ങൾ വരുത്തി പിന്നോക്ക സംസ്ഥാനങ്ങളെ സുസ്ഥിര വികസനത്തിന്റെ പാതയിലേക്കു കൊണ്ടുവരണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. 

പ്രധാനമന്ത്രി മോദിയുടെ ചിത്രം പതിച്ച പട്ടം വിൽപനയ്ക്കു വച്ചിരിക്കുന്നു. ചിത്രം: NOAH SEELAM / AFP

 

ADVERTISEMENT

എന്നാൽ കേന്ദ്രവും ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതൃത്വവും ഈ ആവശ്യത്തിന് ചെവികൊടുക്കുന്നേയില്ല. കേന്ദ്ര വിഹിതം കുറഞ്ഞുപോയാൽ, സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം വിഡ്രോവൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമെന്നും അതു പ്രതിപക്ഷം മുതലെടുക്കുമെന്നും സംസ്ഥാന ഭരണകൂടം ഭയപ്പെടുന്നു. പിന്നോക്ക സംസ്ഥാനങ്ങളിലെ, ലോക്സഭ സീറ്റുകളുടെ എണ്ണം നിർണായകമായതുകൊണ്ട്, രോഗശാന്തിക്കു വേണ്ടിയാണെങ്കിലും കേന്ദ്രം അവർക്കു ‘കയ്പ്പൻ’ കഷായം കൊടുക്കാൻ തയാറല്ല. അതുമാത്രമല്ല, ബിമാരി (രോഗഗ്രസ്തമായ) സംസ്ഥാനങ്ങളെന്നറിയപ്പെടുന്ന രാജസ്ഥാനും അവിഭക്ത സംസ്ഥാനങ്ങളായ ബിഹാറും മധ്യപ്രദേശും ഉത്തർപ്രദേശും ബിമാരി സംസ്ഥാനങ്ങളല്ല എന്നാണ് 2014 മുതൽ പ്രധാനമന്ത്രി മോദിയും അവിടുത്തെ മുഖ്യമന്ത്രിമാരും പറഞ്ഞുകൊണ്ടേയിരിക്കുന്നത്. എന്നാൽ വിവിധ സൂചികകളും, സർവേകളും പഠനങ്ങളും പറയുന്നതാകട്ടെ ഈ സംസ്ഥാനങ്ങൾ ഇപ്പോഴും രോഗാവസ്ഥയിലാണെന്നും!

 

പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ചിത്രം: AFP

വികസന രംഗത്ത് ഇത്ര വലിയ അസന്തുലിതാവസ്ഥ നിലനിൽക്കുമ്പോഴാണ് രാജ്യത്തെ വൻകിട സാമ്പത്തിക ശക്തിയാക്കുമെന്നും ജിഡിപി 5 ലക്ഷം കോടി ഡോളറിലെത്തിക്കുമെന്നും പറഞ്ഞു ജനത്തെ കേന്ദ്ര സർക്കാർ മോഹിപ്പിക്കുന്നത്. ഐക്യരാഷ്ട്ര സഭ രൂപം നൽകിയ ഗ്ലോബൽ എസ്ഡിജി ഫ്രെയിംവർക്കിന്റെ ചുവടുപിടിച്ചാണ് 2018- 19ൽ നിതി ആയോഗ് സസ്‌റ്റൈനബിൾ ഡവലപ്മെന്റ് ഗോൾസ് ഇൻഡക്സ് അഥവാ സുസ്ഥിര വികസന സൂചിക കൊണ്ടുവന്നത്. ദാരിദ്ര്യ നിർമാർജനം, വിശപ്പു രഹിത സമൂഹവികസനം, സമ്പൂർണ ആരോഗ്യവും -സന്താഷവും, ഗുണപരമായ വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധജല ലഭ്യതയും ശുചീകരണവും, അസമത്വ ലഘൂകരണം, മാന്യമായ ജോലി - സാമ്പത്തിക വളർച്ച തുടങ്ങി ഒരു സമൂഹത്തെ പരിഷ്‌കൃതമാകാൻ സഹായിക്കുന്ന 17 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചികയ്ക്ക് രൂപം നൽകിയിരിക്കുന്നത്.  

 

ചെന്നൈയിൽലെ ’അമ്മ’ കന്റീനുകളിലൊന്ന്. ചിത്രം: AFP
ADVERTISEMENT

2030ൽ രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ മേഖലകളിൽ എവിടെ എത്തണമെന്നാണ് ലക്ഷ്യമിടുന്നത്? പൂജ്യത്തിൽ ആരംഭിക്കുന്ന സൂചിക 100 പോയിന്റിലാണ് അവസാനിക്കുന്നത്. സൂചിക 4 സ്കെയിലുകളായി  തിരിച്ചിരിക്കുന്നു. 0 മുതൽ 49 പോയിന്റ് വരെ സ്കോർ ചെയ്യുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ആസ്‌പിരന്റ് (ആഗ്രഹമുണ്ട്, വലിയ പുരോഗതിയില്ല) വിഭാഗത്തിലും, 50 പോയിന്റ് മുതൽ 64 പോയിന്റ് വരെ സ്കോർ  ചെയ്യുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ  പ്രദേശങ്ങളെയും പെർഫോർമർ വിഭാഗത്തിലും 65 പോയിന്റ് മുതൽ 99 പോയിന്റ് വരെ ലഭിക്കുന്നവരെ ഫ്രണ്ട് റണ്ണർ വിഭാഗത്തിലും 100 പോയിന്റ് കിട്ടുന്നവരെ അച്ചീവർ വിഭാഗത്തിലും ഉൾപ്പെടുത്തും . 

 

2020 ലോക്ഡൗൺ നാളുകളിൽ ഭക്ഷണ വിതരണc കാര്യക്ഷമമല്ലെന്നു പറഞ്ഞ് ചേരിനിവാസികൾ മഹാരാഷ്ട്രയിൽ ഒഴിഞ്ഞ പാത്രവുമായി പ്രതിഷേധിക്കുന്നു. ചിത്രം: NARINDER NANU / AFP

ഈ 17  ഘടകങ്ങളിൽ, ഓരോ ഘടകത്തിലും ഓരോ സംസ്ഥാനവും കേന്ദ്ര ഭരണ പ്രദേശവും  നേടുന്ന പുരോഗതി വിലയിരുത്തി, സൂചികയുടെ സ്‌കെയിലിന്റെ അടിസ്ഥാനത്തിൽ സ്കോർ നൽകുന്നു. ഇങ്ങനെ 17 ഘടകങ്ങൾക്കും ലഭിക്കുന്ന സ്കോറുകളുടെ സംയോജിത (കോംപോസിറ്റ്) സ്കോർ അനുസരിച്ച് ഓരോ സംസ്ഥാനത്തിന്റെയും കേന്ദ്ര ഭരണപ്രദേശത്തിന്റെയും ദേശീയ റാങ്ക് നിശ്ചയിക്കും. സംസ്ഥാനങ്ങളെയും കേന്ദ്ര  ഭരണപ്രദേശങ്ങളെയും പ്രത്യേക വിഭാഗങ്ങളായാണു പരിഗണിച്ചിരിക്കുന്നത്. ഒരു ഘടകത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കിട്ടുന്ന സ്കോറുകളുടെ സംയോജിത സ്കോർ ആയിരിക്കും ആ  ഘടകത്തിലെ ദേശീയ സ്കോർ (ദേശീയ ശരാശരി). സംസ്ഥാനങ്ങൾക്കു കിട്ടിയ സംയോജിത സ്കോറുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കിട്ടിയ സംയോജിത സ്കോറുകളുടെയും സംയോജിത സ്കോർ അയിരിക്കും  സന്തുലിത വികസന ലക്ഷ്യങ്ങളിലേക്കു രാജ്യം ആ വർഷം എത്രമാത്രം മുന്നോട്ടു നീങ്ങിയിരുന്നു എന്ന് സൂചിപ്പിക്കുന്ന ദേശീയ സ്കോർ.  

 

ഭക്ഷ്യധാന്യങ്ങൾ ചാക്കിൽ ശേഖരിക്കുന്ന തൊഴിലാളികൾ. ന്യൂഡൽഹിയിൽ നിന്നുള്ള കാഴ്‌ച. ചിത്രം: ROBERTO SCHMIDT / AFP

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ എന്നതുപോലെ, 2020–21ലും കേരളമാണ് സന്തുലിത വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനത്ത്. ഈ വർഷം 5 പോയിന്റ് നേട്ടത്തിൽ 75  പോയിന്റോടെയാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. 74 പോയിന്റോടെ തൊട്ടു പിന്നിൽ ഹിമാചൽ പ്രദേശും തമിഴ്നാടും രണ്ടാം സ്ഥാനം പങ്കിട്ടു. ദേശീയ സംയോജിത ശരാശരി 2019-20ലെ 60 പോയിന്റിൽനിന്ന് 2020-21ൽ 66 പോയിന്റിൽ എത്തി. ഇതു കാണിക്കുന്നത് സന്തുലിത വികസന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ, രാജ്യം എല്ലാ രംഗങ്ങളിലും കുറച്ചുകൂടി മുന്നോട്ടു പോയി എന്നാണ്. എന്നാൽ നിരാശപ്പെടുത്തുന്നത്‌, സൂചികയിൽ  പല വലിയ വടക്കേയിന്ത്യൻ സംസ്ഥാനങ്ങളുടെയും സ്കോർ, ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ് എന്നതാണ്.   

 

നിതീഷ് കുമാർ 15 വർഷം തുടർച്ചയായി ഭരിക്കുന്ന ബിഹാറാണ് 52 പോയിന്റ്മായി പട്ടികയിൽ ഏറ്റവും പിന്നിൽ. തൊട്ടു മുന്നിൽ 56 പോയിന്റുമായി 2000 വരെ ബിഹാറിന്റെ ഭാഗമായിരുന്ന ജാർഖണ്ഡും. അസം 57 പോയിന്റോടെയും ഉത്തർപ്രദേശും രാജസ്ഥാനും 60 പോയിന്റോടെയും ഒഡിഷയും ഛത്തിസ്ഗഡും 61 പോയിന്റോടെയും, ബംഗാളും മധ്യപ്രദേശും 62  പോയിന്റോടെയും പട്ടികയിൽ ദേശീയ ശരാശരിയേക്കാൾ വളരെ താഴെ നിൽക്കുന്നു. മേഘാലയ, മണിപ്പുർ, നാഗാലാൻഡ്‌, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പ്രകടനവും ദേശീയ ശരാശരിയിൽ താഴെയാണ്. ചുരുക്കത്തിൽ ഇന്ത്യയുടെ ഹൃദയഭാഗത്തെ 13 വലുതും ചെറുതുമായ സംസ്ഥാനങ്ങൾ രാജ്യത്തിന്റെ ആധുനികതയിലേക്കുള്ള പ്രയാണത്തിന് വിലങ്ങു തടിയായി നിൽക്കുന്നു. 79 പോയിന്റുമായി ചണ്ഡീഗഡ് ആണ് കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാം സ്ഥാനത്ത്. ഡൽഹി, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ ദ്വീപസമൂഹം, ജമ്മു- കശ്മീർ, ലഡാക്ക് ദാമൻ ദിയു, തൊട്ടടുത്ത സ്ഥാനങ്ങളിൽ.  

നവി മുംബൈയിൽ നിന്നുള്ള കാഴ്‌ച. ചിത്രം: AFP

 

സൂചികയിൽ ഒന്നാമത്തെ ഘടകം ദാരിദ്ര്യ നിർമാർജനമാണ്. ദാരിദ്ര്യ നിർമാർജനത്തിന്റെ പുരോഗതി വിലയിരുത്താൻ സ്വീകരിച്ച മാനദണ്ഡങ്ങൾ എത്ര ശതമാനം ആൾക്കാർ ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നു,  ഒരാൾക്കെങ്കിലും ആരോഗ്യ പരിരക്ഷ ലഭിക്കുന്ന കുടുംബങ്ങളുടെ ശതമാനം, ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപ്രകാരം തൊഴിൽ കിട്ടാൻ ആഗ്രഹിക്കുന്നവരിൽ എത്ര ശതമാനത്തിനു തൊഴിൽ ലഭിച്ചു, സമൂഹത്തിലെ എത്ര ശതമാനത്തിനു പിഎംഎംവിവൈ പ്രകാരമുള്ള സംരക്ഷണ ആനുകൂല്യം ലഭിച്ചു എന്നീ വിവരങ്ങൾ വിലയിരുത്തിയാണ് നിതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ദാരിദ്ര്യ നിർമാർജനത്തിന്റെ പുരോഗതി അളക്കുന്നത്. 

 

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം കേരളത്തിൽ തുറന്ന സ്‌കൂൾ. ഫയൽച്ചിത്രം.

ദാരിദ്ര്യ നിർമാർജനത്തിൽ 86 പോയിന്റുമായി തമിഴ്നാടാണ് പട്ടികയിൽ ഏറ്റവും മുകളിൽ. 83 പോയിന്റുമായി ഗോവയും കേരളവും തൊട്ടു പിറകിലുണ്ട്. ത്രിപുര 82 പോയിന്റുമായി മൂന്നാം സ്ഥാനത്തും. ദാരിദ്ര്യ നിർമാർജനത്തിൽ ദേശീയ ശരാശരി 60 പോയിന്റാണ്. പട്ടികയിൽ ഏറ്റവും താഴെയുള്ള ബിഹാറിന്റെ  സ്കോർ ദേശീയ ശരാശരിയിൽ നിന്ന് അവിശ്വസനീയമായ വിധം താഴെ 32 പോയിന്റാണ്. ബിഹാറിന്റെ മൾട്ടിഡയമെൻഷനൽ പോവർട്ടി സൂചിക രാജ്യത്തെ ഏറ്റവും ഉയർന്ന 52 പോയിന്റാണ്. (ഭക്ഷ്യ ദൗർലഭ്യം, ശുദ്ധമായ കുടിവെള്ളത്തിന്റെ ക്ഷാമം, വൃത്തിയുള്ള ശുചിമുറിയുടെ അഭാവം, പോഷകക്കുറവ്, ബാലമരണം, മോശമായ ആരോഗ്യനില, വിദ്യാഭ്യാസത്തിന്റെ കുറവ്, ജീവിതനിലവാരത്തിലെ പോരായ്മ, ശാക്തീകരണത്തിന്റെ അഭാവം, ഗുണമേന്മ കുറഞ്ഞ തൊഴിൽ, അക്രമ ഭീഷണി, ജീവിക്കുന്ന സ്ഥലം നേരിടുന്ന പ്രകൃതിയിൽ നിന്നുള്ള അപകടം, തുടങ്ങി ഒരു ആധുനിക സമൂഹത്തിന്റെ പുരോഗതിയെ  തടയുന്നതെല്ലാം ചേർന്നതാണ് മൾട്ടി ഡയമെൻഷൽ പോവർട്ടി) 

 

ദാരിദ്ര്യ നിർമാർജനത്തിൽ വളരെ നിരാശാജനകമായ പ്രകടനം കാഴ്ചവച്ച ജാർഖണ്ഡിന്റെയും ഒഡിഷയുടെയും ഉത്തർപ്രദേശിന്റെയും മധ്യപ്രദേശിന്റെയും ഛത്തിസ്ഗഡിന്റെയും സ്കോർ അൻപതിലും വളരെ താഴെയാണ്. അസമും അരുണാചൽ പ്രദേശും ബംഗാളും 50 കടന്നെങ്കിലും, ആ സംസ്ഥാനങ്ങളും ദേശീയ ശരാശരിയിൽനിന്ന് വളരെ പിന്നിലായിരുന്നു. മണിപ്പുർ ദേശീയ ശരാശരിയിൽ തൊട്ടപ്പോൾ, വികസനത്തിൽ വളരെ മോശം പ്രകടനം നടത്തുന്ന രാജസ്ഥാൻ, ദാരിദ്ര്യ നിർമാർജനത്തിൽ ഏതായാലും 63 പോയിന്റോടെ ദേശീയ ശരാശരി കടന്നു എന്നതാണ് ഏക ആശ്വാസം. 86 പോയിന്റ് നേടിയ ഡൽഹിയാണ് കേന്ദ്രഭരണ പ്രദേശങ്ങളിൽ മുമ്പിൽ നിൽക്കുന്നത്. ലഡാക്ക്, ചണ്ഡീഗഡ്, പുതുച്ചേരി, ആൻഡമാൻ ദ്വീപസമൂഹം, ദാമൻ, ദിയു , എന്നീ പ്രദേശങ്ങളും  ഫ്രണ്ട് റണ്ണർ വിഭാഗത്തിൽ ഇടം പിടിച്ചു. പട്ടികയിൽ ഏറ്റവും പുറകിലായി ലക്ഷദ്വീപ് ദേശീയ ശരാശരിയിലെത്തി പെർഫോർമർ വിഭാഗത്തിലുണ്ട്. 

നോയിഡയിൽനിന്നുള്ള ദൃശ്യം. ചിത്രം: Money SHARMA / AFP

 

സൂചികയുടെ രണ്ടമത്തെ ലക്ഷ്യം വിശപ്പുരഹിത സമൂഹ സൃഷ്ടിയാണ്. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പ്രയോജനം സമൂഹത്തിലെ എത്ര ശതമാനത്തിനു കിട്ടുന്നു, 5 വയസിനു താഴെയുള്ള എത്ര ശതമാനം കുട്ടികൾക്ക് തൂക്കക്കുറവുണ്ട്, വളർച്ചക്കുറവുണ്ട്, 15 മുതൽ  49 വയസ്സുവരെയുള്ള ഗർഭിണികളിൽ എത്ര ശതമാനത്തിനും 10നും 19നും ഇടയിലുള്ള എത്ര ശതമാനം കൗമാരക്കാർക്കും വിളർച്ചയുണ്ട്, ഒരു ഹെക്ടറിൽനിന്ന് എത്ര കിലോഗ്രാം നെല്ല്/ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന ഒരു കർഷക തൊഴിലാളി കാർഷിക മേഖലയ്ക്ക് നൽകുന്ന മൊത്ത മൂല്യം എന്നിവയായിരുന്നു വിശപ്പു രഹിത സമൂഹം എന്ന ലക്ഷ്യത്തിലേക്ക് ഓരോ സംസ്ഥാനവും കേന്ദ്ര ഭരണപ്രദേശവും മുന്നേറി എന്നു വിലയിരുത്താൻ സ്വീകരിച്ച മാനദണ്ഡങ്ങൾ.

ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറിയതോടെ നഷ്‌ടമായ തൊഴിൽ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അമൃത്‌സറിലെ അധ്യാപകർ നടത്തിയ പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്ത കുട്ടി. ചിത്രം: NARINDER NANU / AFP

 

വിശപ്പുരഹിത സമൂഹ സൃഷ്ടിയിൽ രാജ്യത്തിന് അത്ര മുന്നേറാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സൂചിക സൂചിപ്പിക്കുന്നത്. 80 പോയിന്റോടെ ഒന്നാംസ്ഥാനത്തെത്തിയ കേരളമുൾപ്പടെ  7 സംസ്ഥാനങ്ങൾക്ക് മാത്രമേ 65 പോയിന്റോ അതിനു മുകളിലോ സ്കോർ ചെയ്യാൻ കഴിഞ്ഞുള്ളു. 10 സംസ്ഥാനങ്ങളുടെ സ്കോർ 50 മുതൽ 64 വരെയാണ്. 11 സംസ്ഥാനങ്ങളുടെ സ്കോർ 19 മുതൽ 49 വരെ മാത്രമാണ്. സംസ്ഥാനങ്ങളുടെ സ്കോറുകളിൽ  ഉണ്ടായ കുറവുമൂലം ദേശീയ ശരാശരി 47 പോയിന്റിലേക്കു താഴ്‌ന്നു. പട്ടികയിൽ  താഴെയുള്ള ഗുജറാത്തുൾപ്പെടെയുള്ള 11 സംസ്ഥാനങ്ങൾക്ക് വിശപ്പുരഹിത സമൂഹ നിർമിതിയിൽ  ദേശീയ ശരാശരിയിലേക്കുപോലും എത്താൻ കഴിഞ്ഞില്ല.  

 

കാലാവസ്ഥാമാറ്റത്തിനെതിരെ ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധം. ചിത്രം: Money SHARMA / AFP

19 പോയിന്റോടെ പട്ടികയിൽ ഏറ്റവും താഴെയുള്ള ജാർഖണ്ഡിൽ 5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 43 ശതമാനത്തോളം പേർ ശരീരം ഭാരം കുറഞ്ഞവരാണ്, 36 ശതമാനം പേർ വളർച്ച കുറവുള്ളവരും. ഗർഭിണികളിൽ 62 ശതമാനം പേരും കൗമാരക്കാരിൽ 32 ശതമാനവും വിളർച്ച ബാധിച്ചവരാണ്. ബിഹാറിലെ, ഗർഭിണികളിൽ  58 ശതമാനവും , മധ്യപ്രദേശിലെ ഗർഭിണികളിൽ 54 .6 ശതമാനവും വിളർച്ച ബാധിച്ചവരാണ്. ഇത് ഉത്തർപ്രദേശിൽ 51 ശതമാനവും ഒഡിഷയിൽ 47.6 ശതമാനവുമാണ്. ഉത്തർപ്രദേശിലെ 31 ശതമാനവും അസമിലെ 36 ശതമാനവും ഒഡിഷയിലെ 29 ശതമാനവും മധ്യപ്രദേശിലെ 21 ശതമാനവും കൗമാരക്കാർ വിളർച്ച ബാധിച്ചവരാണ്. 

 

ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ ഉദ്‌ഘാടനച്ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഉത്തർപ്രദേശിലെ 5 വയസിനു താഴെയുള്ള കുട്ടികളിൽ 36 ശതമാനവും തൂക്കക്കുറവുള്ളവരും 38 ശതമാനം പേർ വളർച്ച മുരടിച്ചവരുമാണ്. അസമിൽ ഇത് യഥാക്രമം 29 ശതമാനവും 32 ശതമാനവും, ഒഡിഷയിൽ 29 ശതമാനം വീതവും, മധ്യപ്രദേശിൽ 38.7 ശതമാനവും 39.5 ശതമാനവുമാണ്. 97 പോയിന്റ് നേടിയ ചണ്ഡീഗഡ് ആണ് കേന്ദ്രഭരണ പ്രദേശങ്ങളിൽ മുൻപിൽ നിൽക്കുന്നത്. തൊട്ടുപിന്നിൽ ലക്ഷദ്വീപും ജമ്മു - കശ്മീരും ലഡാക്കും. ഡൽഹിക്കും പുതുച്ചേരിക്കും പെർഫോർമർ ഗ്രൂപ്പിൽ എത്താനേ കഴിഞ്ഞുള്ളു. പിന്നിലായിപ്പോയ ആൻഡമാൻ ദ്വീപസമൂഹത്തിനും ദാമൻ ദിയുവിനും ലഭിച്ചത് ഏറ്റവും  താഴെയുള്ള  ആസ്‌പിരന്റ് സ്കോർ മാത്രം.

 

സൂചികയിൽ  മൂന്നാമത്തെ ലക്ഷ്യം നല്ല ആരോഗ്യവും, ജനങ്ങളുടെ സന്തോഷവുമാണ്. ലക്ഷം ജനനം നടക്കുമ്പോൾ മരിക്കുന്ന അമ്മമാരുടെ എണ്ണം, ജനിക്കുന്ന 1000 കുട്ടികളിൽ 5 വയസ് എത്തുന്നതിനു മുൻപു മരിക്കുന്ന കുട്ടികളുടെ എണ്ണം, ലക്ഷം പേരിൽ എത്ര പേർക്ക് ക്ഷയം ഉണ്ട്, 1000 പേരിൽ എത്ര പേർക്ക് എച്ച്ഐവി ബാധ ഉണ്ട്, ലക്ഷം പേരിൽ എത്ര പേർ ആത്മഹത്യ ചെയ്യുന്നു, എത്ര പേർ റോഡപകടത്തിൽ മരിക്കുന്നു, ആശുപത്രിയിൽ നടക്കുന്ന പ്രസവത്തിന്റെ ശതമാനം, ഒരു വ്യക്തിയുടെ ഉപഭോഗ ചെലവിൽ ആരോഗ്യ പരിപാലനത്തതിനായി ചെലവഴിക്കുന്ന തുക, 10,000 പേർക്ക് എത്ര ഡോക്ടർമാരും നഴ്സുമാരും മിഡ്‌വൈഫുകളും ഉണ്ട്. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിതി ആയോഗ് ഒരു സംസ്ഥാനത്തിലെ ജനങ്ങളുടെ ആരോഗ്യവും സന്തോഷവും വിലയിരുത്തിയത് 

ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപ്. ചിത്രം: nimam/Shutterstock.

 

ആരോഗ്യ പരിപാലനത്തിലും ജനങ്ങളുടെ സന്തോഷം  ഉറപ്പാക്കുന്നതിലും രാജ്യം പൊതുവെ നല്ല പ്രവർത്തനങ്ങളാണ് 2020- 21 ൽ  കാഴ്ചവച്ചതെന്നാണ് സൂചിക പറയുന്നത്. ബിഹാർ ഉൾപ്പെടെയുള്ള 21 സംസ്ഥാനങ്ങളുടെ സ്കോർ 66 പോയിന്റ്  മുതൽ  86 വരെയാണ്. ലക്ഷ്യത്തിലേക്കു വളരെ വേഗം അടുത്തുകൊണ്ടിരിക്കുന്നു എന്നാണ് ഈ സ്കോർ സൂചിപ്പിക്കുന്നത്. അസം, ഉത്തർപ്രദേശ് തുടങ്ങി 7  സംസ്ഥാനങ്ങളുടെ സ്കോർ 59 പോയിന്റ് മുതൽ 64 വരെയാണ്. ജനങ്ങളുടെ നല്ല ആരോഗ്യവും, സന്തോഷവും ഉറപ്പുവരുത്തുന്നതിൽ ദേശീയ ശരാശരി 74 പോയിന്റാണ്. എന്നാൽ സംസ്ഥാനങ്ങൾക്കു നൽകിയിരിക്കുന്ന റാങ്കിങ്ങിന് രാഷ്ട്രീയ നിറം കലർത്തിയോ എന്ന് ആശങ്ക നിലനിൽക്കുന്നു .

 

സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നല്ല ആരോഗ്യവും, സന്താഷവും വിലയിരുത്താൻ നിതി ആയോഗ് ആശ്രയിക്കുന്ന മുകളിൽ പറഞ്ഞിരിക്കുന്ന 10 ഘടകങ്ങളിൽ എട്ടിലും കേരളം ഗുജറാത്തിനേക്കാൾ വളരെ മുൻപിലാണ്. എന്നാൽ 86 പോയിന്റുമായി ഗുജറാത്താണ് പട്ടികയിൽ മുൻപിൽ. കേരളം 72 പോയിന്റുമായി പട്ടികയിൽ 14–ാം സ്ഥാനത്തും. അതായത് ദേശീയ ശരാശരിയേക്കാൾ 2 പോയിന്റിന് പിന്നിൽ. ഈ റാങ്കിങ്ങിൽ എങ്ങനെ എത്തിച്ചേർന്നു എന്ന് ഇ-മെയിലിലൂടെ നടത്തിയ അന്വേഷണത്തിന് നിതി ആയോഗ് ഇനിയും മറുപടി തന്നിട്ടില്ല. 2020-21 ൽ ഈ 10 ഘടകങ്ങളിൽ ഓരോ സംസ്ഥാനവും നേടിയ വളർച്ചയുടെ അടിസ്ഥാനത്തിലാണ് റാങ്കുകൾ നിശ്ചയിച്ചതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണ് റാങ്കുകൾ നിശ്ചയിക്കപ്പെട്ടതെങ്കിൽ അതിനു യുക്തിയുടെ പിൻബലമില്ല. ലക്ഷ്യത്തിനു അടുത്തെത്തിയവരും, ബഹുദൂരം പിന്നിലുള്ളവരും ഒരേ വേഗത്തിൽ ഓടേണ്ട കാര്യമില്ലല്ലോ. മുന്നിൽ നിൽക്കുന്ന കേരളത്തിന് ഗുജറാത്തിന്റെ നിരക്കിൽ വളരേണ്ട കാര്യവുമില്ല. 

 

ഇതിൽ ഏറ്റവും വലിയ അദ്ഭുതം ഇതിനെക്കുറിച്ച് കേരളം ഇനിയും പ്രതികരിച്ചിട്ടല്ല എന്നതാണ്. ഒരു പക്ഷെ അധികൃതർ ഇനിയും സൂചികയുടെ വിശദാംശങ്ങളിലേക്കു കടന്നിട്ടില്ലായിരിക്കാം. 90 പോയിന്റ് നേടി ഡൽഹിയാണ് കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും മുന്നിൽ. ദാമൻ ദിയു, ലക്ഷദ്വീപ്, ചണ്ഡീഗഡ്, ജമ്മു -കാശ്മീർ, ലഡാക്ക്, പുതുച്ചേരി, ആൻഡമാൻ ദ്വീപസമൂഹം എന്നിവയും ഫ്രണ്ട് റണ്ണർ വിഭാഗത്തിൽ എത്തി. 

 

ഗുണപരമായ വിദ്യാഭ്യാസമാണ് സൂചികയുടെ നാലാമത്തെ ലക്ഷ്യം. ഇതിൽ രാജ്യം ഇനിയും ബഹുദൂരം മുന്നോട്ടു പോകാനുണ്ട് എന്നാണു സൂചിക അടിവരയിടുന്നത്. 80  പോയിന്റോടെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങൾക്കേ 65 പോയിന്റോ അതിനു മുകളിലോ ഉള്ള സ്കോർ നേടാൻ കഴിഞ്ഞുള്ളു. 14 സംസ്ഥാങ്ങളുടെ സ്കോർ 50 മുതൽ 64 വരെയാണ്. പട്ടികയിൽ അവസാനത്തെ 9 സംസ്ഥാനങ്ങളുടെ സ്കോർ തീർത്തും നിരാശാജനകമാണ്. ദേശീയ ശരാശരി 57 പോയിന്റാണ്. 29 പോയിന്റോടെ ബിഹാറാണ് ഏറ്റവും പിന്നിൽ. നാഗാലാ‌ൻഡ് (39 പോയിന്റ്), അരുണാചൽ പ്രദേശ് (41 പോയിന്റ്), ത്രിപുര (42 പോയിന്റ്), അസം (43 പോയിന്റ്), ഒഡിഷ (45 പോയിന്റ്) മധ്യപ്രദേശ് (45 പോയിന്റ്), ജാർഖണ്ഡ് (45 പോയിന്റ്), മേഘാലയ (45 പോയിന്റ് ) എന്നിവയാണ് പട്ടികയിൽ താഴെ സ്ഥാനം പിടിച്ച മറ്റു സംസ്ഥാനങ്ങൾ. കേന്ദ്രഭരണ പ്രദേശങ്ങളിൽ 79 പോയിന്റ് നേടി ചണ്ഡീഗഡ് ആണ്‌ മുന്നിൽ. ഡൽഹിയും, പോണ്ടിച്ചേരിയും കാര്യമായ മുന്നേറ്റം നടത്തി .

 

സൂചികയിൽ അഞ്ചാമത്തെ ലക്ഷ്യമായ ലിംഗ സമത്വത്തിൽ രാജ്യം ബഹുദൂരം മുന്നോട്ടു പോകാനുണ്ടെന്നാണ് സൂചിക നൽകുന്ന ചിത്രം. ലക്ഷ്യത്തിൽ ബഹുദൂരം മുന്നിലെത്തി-ഫ്രണ്ട് റണ്ണർ- എന്ന് സൂചിപ്പിക്കുന്ന 65 പോയിന്റ് മുതൽ 99 പോയിന്റ് വരെയുള്ള സ്കോർ ഒരു സംസ്ഥാനത്തിനും ലഭിച്ചിട്ടില്ല. 64 പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ള ഛത്തീസ്ഗഡും 63 പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള കേരളവും ഉൾപ്പെടെ പട്ടികയിൽ മുകളിലുള്ള 14 സംസ്ഥാനങ്ങൾക്ക്, കാര്യമായ ശ്രമം നടത്തുന്നുണ്ട് എന്ന് സൂചിപ്പിക്കുന്ന പെർഫോർമർ സ്കോർ - 50 പോയിന്റ് മുതൽ 64 പോയിന്റ് - വരെയാണ് ലഭിച്ചിരിക്കുന്നത്. പട്ടികയിൽ താഴെയുള്ള  മറ്റു  14 സംസ്ഥാനങ്ങൾക്ക് ഉയരാൻ ആഗ്രഹമുണ്ട്- ആസ്‌പിരന്റ്-എന്നു സൂചിപ്പിക്കുന്ന ഏറ്റവും താഴ്ന്ന സ്കോർ ആണു ലഭിച്ചിരിക്കുന്നത്. ഇതിൽ ഗുജറാത്ത് മാത്രമാണ് 49 പോയിന്റോടെ ദേശീയ ശരാശരിയായ 48 പോയിന്റ് മറികടന്നത്.  

 

കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം 68 പോയിന്റോടെയും പുതുച്ചേരി 66 പോയിന്റോടെയും ഫ്രണ്ട് റണ്ണർ വിഭാഗത്തിൽ സ്ഥാനം പിടിച്ചു. ചണ്ഡിഗഡും ലക്ഷദ്വീപും 58 പോയിന്റുകളോടെ ദേശീയ ശരാശരിയിൽനിന്ന് വളരെ മുന്നിലെത്തി. സൂചികയുടെ ആറാമതു ലക്ഷ്യമായ ശുദ്ധജല ലഭ്യതയിലും ശുചിത്വത്തിലും രാജ്യം വളരെ മുന്നേറി. 100 പോയിന്റോടെ ഇപ്പോഴേ ലക്ഷ്യം നേടിയ ഗോവയാണു പട്ടികയിൽ മുന്നിൽ. 66 പോയിന്റ് മുതൽ 96 പോയിന്റ് വരെ നേടി 25 സംസ്ഥാനങ്ങൾ ഫ്രണ്ട് റണ്ണർ വിഭാഗത്തിലെത്തി. ഇതിൽ 6 സംസ്ഥാനങ്ങൾ ദേശീയ ശരാശരിയായ 83 പോയിന്റിന് പിന്നിലാണ്. 89 പോയിന്റ് നേടിയ കേരളം എട്ടാം സ്ഥാനത്താണ്. 54 പോയിന്റോടെ രാജസ്ഥാനും 64 പോയിന്റോടെ ബിഹാറുമാണ് പുറകിൽ. കേന്ദ്രഭരണ പ്രദേശങ്ങളിൽ 100 പോയിന്റുമായി ലക്ഷ്വദീപാണ് മുന്നിൽ. 61 പോയിന്റോടെ ഏറ്റവും പുറകിലായ ഡൽഹി ഒഴികെ ബാക്കിയുള്ള എല്ലാം കേന്ദ്രഭരണ പ്രദേശങ്ങളും ഫ്രണ്ട് റണ്ണർ സ്കോർ നേടി. 

 

വൃത്തിയുള്ള ഊർജം മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിൽ രാജ്യം ഏതാണ്ട് ലക്ഷത്തിനോടടുത്തെത്തി. ഇതിൽ കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങൾ 100 പോയിന്റും നേടിയപ്പോൾ 12 സംസ്ഥാനങ്ങൾ 68 പോയിന്റ് മുതൽ 98 പോയിന്റു വരെ നേടി. ഇതിൽ 8 സംസ്ഥാനങ്ങളുടെ സ്കോർ ദേശീയ ശരാശരിയായ 92 പോയിന്റിനു വളരെ താഴെയാണ്. 50 പോയിന്റ് നേടിയ മേഘാലയയാണ് ഏറ്റവും പിന്നിൽ. കേന്ദ്രഭരണ പ്രദേശങ്ങളും മുന്നിൽ തന്നെയാണ്. ആൻഡമാൻ ദ്വീപസമൂഹം, ചണ്ഡീഗഡ്, ഡൽഹി, ജമ്മു -കാശ്മീർ, ലഡാക്ക് എന്നിവ 100 പോയിന്റും നേടി. പുതുച്ചേരിയും ലക്ഷദ്വീപും 98, 83 പോയിന്റുകൾ വീതം നേടി. 71 പോയിന്റ് നേടിയ ദാമൻ ദിയുവാണ്‌ പിറകിൽ.  

 

മാന്യമായ തൊഴിൽ നൽകുന്നതിലും സാമ്പത്തിക വളർച്ചയിലും ലക്ഷ്യത്തിൽ എത്താൻ ഇനിയും രാജ്യം ബഹുദൂരം മുന്നോട്ടു പോകണം. 78 പോയിന്റോടെ മുന്നിലെത്തിയ ഹിമാചൽ പ്രദേശ് ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്കേ ഫ്രണ്ട് റണ്ണർ ആകാൻ കഴിഞ്ഞുള്ളു. കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങൾക്ക് പെർഫോർമർ സ്കോറാണ് കിട്ടിയത്. ഇതിൽ 11 സംസ്ഥാനങ്ങൾക്ക് ദേശീയ ശരാശരി ആയ  61 പോയിന്റിനും താഴെയാണ് സ്കോർ.  കേരളത്തിന്റെ സ്കോർ 62 ആണ്. 36 പോയിന്റോടെ മണിപ്പൂരാണ് ഏറ്റവും പിറകിൽ. 48 പോയിന്റോടെ ഒഡിഷയും നാഗാലാൻഡും തൊട്ടു മുൻപിൽ. ചണ്ഡിഗഡും (70 പോയിന്റ്) പുതുച്ചേരിയും (68 പോയിന്റ്) ഡൽഹിയുമാണ് കേന്ദ്രഭരണ പ്രദേശങ്ങളിൽ മുന്നിൽ. 62 പോയിന്റ് നേടിയ ലക്ഷദ്വീപാണ്‌ തൊട്ടു പിന്നിൽ. ജമ്മു-കശ്മീരാണ് ഏറ്റവും പിറകിൽ.

 

വ്യവസായം, നവീകരണം, പശ്ചാത്തലം എന്നിവയുടെ വികസനത്തിൽ രാജ്യത്തിന്റെ പ്രകടനം അത്ര മെച്ചമല്ല. 72 പോയിന്റോടെ മുന്നിലെത്തിയ ഗുജറാത്ത്, തമിഴ്നാട് (71 ) പഞ്ചാബ് (69) ഗോവ (68), ഹരിയാന (68), മഹാരാഷ്ട്ര (68) എന്നീ സംസ്ഥാനങ്ങൾക്കേ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞുള്ളു. കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളുടെ  സ്കോർ 52 മുതൽ 64 പോയിന്റു വരെയാണ്. ഇതിൽ 4 സംസ്ഥാനങ്ങളുടെ സ്കോർ ദേശീയ ശരാശരിയായ 55 പോയിന്റിനേക്കാൾ താഴെയാണ്. 60 പോയിന്റ് നേടിയ കേരളം എട്ടാം സ്ഥാനത്താണ്. 24 പോയിന്റോടെ ബിഹാറാണ് ഏറ്റവും പിറകിൽ, തൊട്ടുപിന്നിൽ 25 പോയിന്റ്  നേടിയ മേഘാലയയാണ്. ഒഡിഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി 12 സംസ്ഥാനങ്ങൾക്ക് 30 മുതൽ 46 പോയിന്റ് വരെയാണ് ലഭിച്ചത്. ഡൽഹിയാണ് 66 പോയിന്റോടെ കേന്ദ്രഭരണ പ്രദേശങ്ങളിൽ മുന്നിൽ. 59 പോയിന്റോടെ പുതുച്ചേരിയാണ് രണ്ടാം സ്ഥാനത്ത്. 

 

അസമത്വ ലഘൂകരണത്തിൽ 20 സംസ്ഥാനങ്ങൾ ഫ്രണ്ട് റണ്ണേഴ്‌സ് ആണ്. 88 പോയിന്റ് സ്കോർ ചെയ്ത മേഘാലയയാണ് മുന്നിൽ.  63 പോയിന്റ് കിട്ടിയ കേരളം 13–ാമതാണ്‌. 41 പോയിന്റ് കിട്ടിയ ഉത്തർപ്രദേശാണ് ഏറ്റവും പിറകിൽ. രാജസ്ഥാനും നാഗാലാൻഡും ബിഹാറുമാണ് തൊട്ടു മുന്നിൽ. 100 പോയിന്റും സ്കോർ ചെയ്തു ചണ്ഡിഗഡാണ് കേന്ദ്രഭരണ പ്രദേശങ്ങളിൽ മുന്നിൽ. 75 പോയിന്റ് നേടിയ ലക്ഷദ്വീപാണ്‌ രണ്ടാം സ്ഥാനത്ത്. 62 പോയിന്റോടെ പുതുച്ചേരിയാണ് പിറകിൽ .

 

സുസ്ഥിര നഗരവും സമൂഹവും, ഉത്തരവാദിത്ത ഉപഭോഗവും ഉൽപാദനവും, കരയുടെയും കടലിന്റെയും പരിരക്ഷയും കാലാവസ്ഥാവ്യതിയാനത്തെ നേരിടലും, നീതിയും സമാധാനവും എന്നിവയും സൂചികയുടെ ലക്ഷ്യങ്ങളായിരുന്നു. സൂചികയിലെ കണ്ടെത്തലുകളും അതിൽ എത്തിച്ചേരാൻ സ്വീകരിച്ച മാനദണ്ഡങ്ങളും പക്ഷപാതപരമാണെന്നും യാഥാർഥ്യത്തിൽനിന്ന് അകലെയാണെന്നും സംശയം തോന്നാം. പ്രത്യേകിച്ച്, രാജ്യം വെളിയിട വിസർജനത്തിൽനിന്ന് മുക്തമായി എന്നൊക്കെ തോന്നൽ ജനിപ്പിക്കുമ്പോൾ. 

എന്നാലും സൂചിക രാജ്യത്തിന്റെ  വികസനത്തിന്റെ നിമ്നോന്നതങ്ങൾ അങ്കനം ചെയ്തിട്ടുള്ളു അളവുകോലാണ്. അതനുസരിച്ചു രാജ്യത്തിന്റെ വലിയൊരു ഭാഗത്തേക്ക് വികസനത്തിന്റെ ചാലകശക്തിയായ ഭക്ഷണവും ശുദ്ധജലവും പാർപ്പിടവും തൊഴിലും ആരോഗ്യപരിപാലനവും വിദ്യാഭ്യാസവും ലിംഗ സമത്വവും നീതിയും സമാധാനവും ശരിക്ക് എത്തുന്നില്ല. വികസനത്തിൽ ഇതുണ്ടാക്കിയ വിടവു നികത്താൻ പണവും പദ്ധതികളും മാത്രം പോരാ. ജനങ്ങളുടെ കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാകണം. അതിന് അവിടെ വികസനത്തിന് നേതൃത്വം കൊടുക്കുന്നവരുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകണം. 

 

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളുടെ വികസനക്കുതിപ്പിന്റെ പ്രധാനം ഊർജം അവിടുത്തെ ജനങ്ങളുടെ  കാഴ്ചപ്പാടാണെന്ന്, അവിടുത്തെ വികസനത്തിന്റെ രാഷ്ട്രീയാംശം പരിശോധിക്കുമ്പോൾ കാണാൻ കഴിയും. 13 വർഷം മോദി ഭരിച്ച ഗുജറാത്ത് വികസനത്തിന്റെ  മാതൃകയാണെന്ന പ്രചാരണവും സൂചിക പൊളിക്കുന്നു. വികസനത്തിന് ആവശ്യമായ അടിസ്ഥാന കാര്യങ്ങളിലെല്ലാം ഗുജറാത്ത് മറ്റു പല സംസ്ഥാനങ്ങളേക്കാൾ പിന്നിലാണെന്ന് സൂചികയും, അതിന്റെ ഘടകങ്ങളും അതിന്റെ മാനദണ്ഡങ്ങളും അടിവരയിടുന്നു. സൂചികയിൽ തന്നെ പത്താം സ്ഥാനത്താണ് ഗുജറാത്ത്.  ദാരിദ്രനിർമാർജനത്തിൽ പതിനാറാം സ്ഥാനത്താണുള്ളത്. ഗുജറാത്തിന്റെ മൾട്ടിഡയമെൻഷനൽ പോവർട്ടി സൂചിക 21.7 ആണ്. കേരളത്തിന്റെ സൂചിക 1.1ഉം. 

 

വിശപ്പുരഹിത സമൂഹ സൃഷ്ടിയിൽ ഗുജറാത്ത് പതിനെട്ടാമതാണ്. 5 വയസ്സിനു താഴെയുള്ള 34 ശതമാനം കുട്ടികൾക്ക് ഭാരക്കുറവുണ്ട്. 39 ശതമാനം കുട്ടികൾ വളർച്ച മുരടിച്ചവരാണ്. 51 ശതമാനം ഗർഭിണികളും 33 കൗമാരക്കാരും വിളർച്ച ബാധിച്ചവരാണ്. നല്ല ആരോഗ്യവും സന്തോഷവും തീരുമാനിക്കുന്നതിനായി സ്വീകരിച്ച മാനദണ്ഡങ്ങളിൽ 10 ൽ 8ലും കേരളമായിരുന്നു വളരെ മുൻപിൽ. എന്നിട്ടും ഗുജറാത്ത് പട്ടികയിൽ ഒന്നാമതായി, കേരളം 14–ാമതും. ലക്ഷം പ്രസവം നടക്കുമ്പോൾ, ഗുജറാത്തിൽ 75 അമ്മമാർ മരിച്ചപ്പോൾ, കേരളത്തിൽ 43 അമ്മമാരാണ് മരിച്ചത്. 5 വയസെത്തുന്നതിനു മുൻപേ 1000 കുട്ടികളിൽ 31 കുട്ടികൾ ഗുജറാത്തിൽ മരിച്ചപ്പോൾ, കേരളത്തിൽ മരിച്ചത് 10 കുട്ടികളാണ് . 

 

9-11 മാസത്തിനിടയിലുള്ള 87 ശതമാനം കുട്ടികളെ ഗുജറാത്ത് വാക്‌സിനേറ്റു ചെയ്തപ്പോൾ ഇതു കേരളത്തിൽ 92 ശതമാനമായിരുന്നു. ഗുജറാത്തിൽ ലക്ഷത്തിൽ 232 പേർക്ക് ക്ഷയം റിപ്പോർട്ട് ചെയ്തപ്പോൾ, കേരളത്തിൽ 75 പേരിലാണ് റിപ്പോർട്ട് ചെയ്തത്. ആയിരത്തിൽ 0.05 പേരിൽ ഗുജറാത്തിൽ എച്ച്ഐവി അണുബാധ കണ്ടെത്തിയപ്പോൾ, കേരളത്തിൽ ഇത് 0 .02 പേരിലായിരുന്നു. ഗുജറാത്തിൽ 99.5 ശതമാനം പ്രസവങ്ങളും ആശുപത്രിയിൽ നടന്നപ്പോൾ കേരളത്തിൽ ഇത് 99.9 ശതമാനമായിരുന്നു. ഗുജറാത്തിൽ ഒരാൾ ഒരു മാസം സ്വന്തം ചെലവിൽ 9.5 രൂപ ആരോഗ്യ പരിപാലനത്തിനായി ചെലവഴിച്ചപ്പോൾ, കേരളത്തിൽ ഇത് 17 രൂപയായിരുന്നു. ഗുജറാത്തിൽ 10,000 പേർക്ക് 41 ഡോക്ടർമാരും, നഴ്സുമാരും മിഡ്‌വൈഫുകളും ഉണ്ടയിരുന്നപ്പോൾ കേരളത്തിൽ ഇത് 115 ആയിരുന്നു.

 

ഗുണകരമായ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഗുജറാത്ത് പിന്നിലാണ്. ദേശീയ തലത്തിൽ 17–ാമതാണു ഗുജറാത്തിന്റെ സ്ഥാനം. അവിടെ 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പ്രവേശന നിരക്ക് 85 ആണ്. 9-10 ക്ലാസുകളിലെ കൊഴിഞ്ഞുപോക്കുനിരക്ക് 24 ഉം. ആരോഗ്യപരിപാലന പുരോഗതിയുടെ റാങ്കിങ്ങിൽ മറിമായം നടന്നില്ലായിരുന്നെങ്കിൽ  ഗുജറാത്തിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിലെ സ്ഥാനം 10ൽ നിന്ന് പിന്നെയും താഴേക്കു പോകുമായിരുന്നു. 

 

അധികൃതർ  ഇപ്പോൾ വികസനത്തിന്റെ വസന്തം വിരിയിക്കാൻ ശ്രമിക്കുന്ന ലക്ഷദ്വീപിൽ സംഗതികൾ അത്ര മോശമല്ല എന്നാണു സൂചിക സൂചിപ്പിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ സൂചികയിൽ ദ്വീപ് നാലാം സ്ഥാനത്താണ്. തന്നെയുമല്ല, വികസനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 5 പോയിന്റ് വളർച്ചയും നേടിയിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളിൽ മൾട്ടി പോവർട്ടി സൂചിക ഏറ്റവും കുറഞ്ഞ (1.8 പോയിന്റ്) പ്രദേശം ലക്ഷദ്വീപാണ്‌. ആൻഡമാൻ ദ്വീപസമൂഹം കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ ശതമാനം (2.77) ആൾക്കാർ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതും ലക്ഷദ്വീപിലാണ്.  

 

വിശപ്പുരഹിത സമൂഹ സൃഷിടിയിൽ ലക്ഷദ്വീപ് രണ്ടാംസ്ഥാനത്താണ്. ആരോഗ്യപരിപാലനത്തിൽ മൂന്നാം സ്ഥാനത്തും. ഗുണപരമായ വിദ്യാഭ്യാസം നൽകുന്നതിലും ലിംഗസമത്വത്തിലും നാലാം സ്ഥാനത്തും. 2020-21ൽ  ഭർത്താക്കന്മാരോ അവരുടെ ബന്ധുക്കളോ അവിടുത്തെ സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുകയോ അക്രമിക്കുകയോ ചെയ്തിട്ടില്ല. ശുദ്ധജല ലഭ്യതയിലും ശുചിത്വത്തിലും 100 പോയിന്റുമായി കേന്ദ്രഭരണ പ്രദേശങ്ങളിൻ ദ്വീപ് ഒന്നാമതാണ്. മാന്യമായ തൊഴിൽ ലഭ്യതയിലും സാമ്പത്തിക വളർച്ചയിലും ലക്ഷദ്വീപ് നാലാമതാണ്. തന്നെയുമല്ല, ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്. 

 

ദ്വീപിലെ സാമൂഹിക ജീവിതം തിരയൊഴിഞ്ഞ കടൽപോലെ ശാന്തവും സമാധാനപരവുമാണെന്നു സൂചിക പറയുന്നു. അവിടെ കൊലപാതകമില്ല, മനുഷ്യക്കടത്തില്ല, കുട്ടികൾ അപ്രത്യക്ഷമാകുന്നില്ല, അഴിമതിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 65,000 വരുന്ന ജനസംഖ്യയിലെ കുറ്റങ്ങളുടെ എണ്ണം,  പത്തുലക്ഷത്തിൽ എത്ര എന്നു കണക്കുകൂട്ടിയതുകൊണ്ടാകാം ഈ രണ്ടു കുറ്റങ്ങളുടെ എണ്ണം മുഴച്ചു നിൽക്കുന്നത്. ദ്വീപിലെ പല പ്രധാന മേഖലയിലെയും സ്ഥിതിവിവര  കണക്കുകൾ ലഭ്യമല്ല. അധികൃതരുടെ അനാസ്ഥയായിരിക്കാം കാരണം. സ്ഥിതിവിവര കണക്കുകളാണ് പുരോഗതിയിലേക്കുള്ള ചവിട്ടുപടികൾ. കേരളം മൂന്നുതവണയും സൂചികയിൽ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും പല മേഖലയും, പ്രത്യേകിച്ച് ആരോഗ്യ രംഗം ആശങ്ക ഉണർത്തുന്നതാണ്. ലിംഗ അനുപാതത്തിലും കുട്ടികളുടെയും കൗമാരക്കാരുടെയും ഗർഭിണികളുടെയും ആരോഗ്യത്തിലുംകൂടുതൽ  ജാഗ്രത വേണമെന്നാണ് സൂചിക മുന്നറിയിപ്പ് നൽകുന്നത്.

(ലേഖകൻ പ്രമുഖ ഇംഗ്ലിഷ് ദിനപത്രങ്ങളിൽ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തിപരം)

English Summary: What are the Real Facts and Lies Behind  Niti Aayog's Sustainable Development Goals Index 2020?