‘ഐതിഹാസിക’മായ 36 വർഷത്തെ സർവീസിനു ശേഷം ജൂലൈയിൽ അദ്ദേഹം ഐപിഎസ് കസേരയൊഴിയുകയാണ്. ഐപിഎസിലെ ഔദ്യോഗിക ജീവിതം അവസാനിച്ചാലും കേരളം വിടുന്നില്ലെന്ന് ഋഷിരാജ് സിങ്. ഇവിടെ സ്ഥിരതാമസമാക്കാനാണു തീരുമാനം...Rishiraj Singh IPS, Civil servant, Kerala Police, Malayala Manorama,

‘ഐതിഹാസിക’മായ 36 വർഷത്തെ സർവീസിനു ശേഷം ജൂലൈയിൽ അദ്ദേഹം ഐപിഎസ് കസേരയൊഴിയുകയാണ്. ഐപിഎസിലെ ഔദ്യോഗിക ജീവിതം അവസാനിച്ചാലും കേരളം വിടുന്നില്ലെന്ന് ഋഷിരാജ് സിങ്. ഇവിടെ സ്ഥിരതാമസമാക്കാനാണു തീരുമാനം...Rishiraj Singh IPS, Civil servant, Kerala Police, Malayala Manorama,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഐതിഹാസിക’മായ 36 വർഷത്തെ സർവീസിനു ശേഷം ജൂലൈയിൽ അദ്ദേഹം ഐപിഎസ് കസേരയൊഴിയുകയാണ്. ഐപിഎസിലെ ഔദ്യോഗിക ജീവിതം അവസാനിച്ചാലും കേരളം വിടുന്നില്ലെന്ന് ഋഷിരാജ് സിങ്. ഇവിടെ സ്ഥിരതാമസമാക്കാനാണു തീരുമാനം...Rishiraj Singh IPS, Civil servant, Kerala Police, Malayala Manorama,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്കു സിങ് എന്നാൽ സാക്ഷാൽ ഋഷിരാജ് സിങ്ങാണ്. രാജസ്ഥാനിലാണു ജനിച്ചതെങ്കിലും ഏറെക്കാലം അദ്ദേഹം ജീവിച്ചതു കേരളത്തിലാണ്. നടൻ മോഹൻലാൽ കഴിഞ്ഞാൽ, പിന്നെ മലയാളികൾ ഇഷ്ടപ്പെടുന്ന മീശക്കാരനും ഋഷിരാജ് സിങ് തന്നെ. ഏതു കസേരയിൽ ഇരുത്തിയാലും അതിനോടു നൂറു ശതമാനം കൂറു കാണിക്കുകയെന്നതാണ് ഋഷിരാജ് സിങ്ങിന്റെ രീതി. അതിന്റെ പേരിൽ അഭിനന്ദനവും അംഗീകാരവും നേടുക മാത്രമല്ല, ഒട്ടേറെ വിവാദവുമുണ്ടാക്കിയിട്ടുണ്ട്. മീശ പിരിഞ്ഞുതന്നെയിരിക്കാനാണിഷ്ടം, അതു താഴേക്കു വളയുന്ന ഒരേർപ്പാടിനും സിങ് നിന്നുകൊടുക്കില്ല. 

‘ഐതിഹാസിക’മായ 36 വർഷത്തെ സർവീസിനു ശേഷം ജൂലൈയിൽ അദ്ദേഹം ഐപിഎസ് കസേരയൊഴിയുകയാണ്. ഐപിഎസിലെ ഔദ്യോഗിക ജീവിതം അവസാനിച്ചാലും കേരളം വിടുന്നില്ലെന്ന് ഋഷിരാജ് സിങ് പറയുന്നു. ഇവിടെ സ്ഥിരതാമസമാക്കാനാണു തീരുമാനം. സർക്കാർ ഓഫിസിലെ കസേരയല്ല, മലയാളികളുടെ മനസ്സാണു തന്റെ ഇരിപ്പിടമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ADVERTISEMENT

1985 ബാച്ചുകാരനായ സിങ് നിലവിൽ ജയിൽ ‍ഡിജിപിയാണ്. ‌‘ഈ നാട് എന്നോടു കാണിച്ചിട്ടുള്ള ഇഷ്ടം എങ്ങനെയാണു വിവരിക്കാനാവുക. സർവീസിൽനിന്നു വിരമിച്ചാലും ഞാൻ കേരളത്തിൽതന്നെയുണ്ടാകും. സ്ഥിരതാമസത്തിന് ഇവിടെ വീട് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്’– ഋഷിരാജ് സിങ് പറഞ്ഞു.

ഋഷിരാജ് സിങ്. ചിത്രം: മനോരമ

അന്നു മോഹൻലാൽ വിളിച്ചു– ‘സൂപ്പർസ്റ്റാർ സിങ്’

ലോകമെങ്ങുമുള്ള മലയാളികൾക്കു മോഹൻലാലാണു സൂപ്പർസ്റ്റാർ. ആ മോഹൻലാലിൽനിന്നു സൂപ്പർ സ്റ്റാർ എന്ന വിശേഷണം കേട്ടിട്ടുണ്ട് ഋഷിരാജ് സിങ്. ഗതാഗത കമ്മിഷണറായിരിക്കെ റോഡപകടങ്ങൾ കുറയ്ക്കാൻ നടത്തിയ ഇടപെടലുകളാണു മോഹൻലാലിനെക്കൊണ്ട് ഇങ്ങനെ വിളിപ്പിച്ചത്. ‘സിനിമക്കാരല്ല, ഋഷിരാജ് സിങ്ങാണ് യഥാർഥ സൂപ്പർസ്‌റ്റാർ. ഒരൊറ്റ ഉദ്യോഗസ്‌ഥൻ വിചാരിച്ചാലും നാടു നന്നാക്കാൻ കഴിയുമെന്നു സിങ് തെളിയിച്ചു. ഒരു മിശിഹയും വരില്ലെന്ന് അറിയാമായിരുന്നിട്ടും കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ചു പലതവണ ഞാൻ എഴുതിയിട്ടുണ്ട്. പ്രാർഥന ഫലിച്ചു. അഴകുള്ള മീശയും ആരെടാ എന്ന ഭാവവുമായി എത്തിയ സിങ് അമിതവേഗത്തിനു പൂട്ടിട്ടു. തലയിൽ ഹെൽമറ്റ് വയ്‌പിച്ചു. കുറഞ്ഞ കാലംകൊണ്ടുതന്നെ കേരളത്തിലെ റോഡ് യാത്രയ്‌ക്ക് ഒരു താളം വന്നു– ബ്ലോഗിൽ മോഹൻലാലെഴുതിയ വാക്കുകൾ. 

എന്നാൽ സിങ്ങിന്റെ ഇഷ്ടതാരം മോഹൻലാലല്ല, സുരേഷ് ഗോപിയും സുകുമാരനുമാണ്. പൊലീസ് വേഷങ്ങളിൽ ഏറ്റവും ഇഷ്ടം സുരേഷ്ഗോപിയെയാണെങ്കിൽ, സുകുമാരനോടും ശോഭനയോടും വേറൊരിഷ്ടം. എന്നാൽ മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റേഷന്റെയും മോഹൻലാലിന്റെ അഭിനയശൈലിയുടെയും ആരാധകനുമാണ്. തിയറ്റർ തുറന്നിരുന്ന കാലത്ത് ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഋഷിരാജ് സിങ് തിയറ്ററിലെത്തി സിനിമ കാണുമായിരുന്നു. ക്ലാസ്മേറ്റ്സ് മൂന്നു തവണയാണു കണ്ടത്. മണിച്ചിത്രത്താഴ്, ഷോലെ, ഒരു വടക്കൻ വീരഗാഥ, ചെമ്മീൻ, പഞ്ചാബി ഹൗസ്, ഗോഡ് ഫാദർ എന്നിവ ഇഷ്ട സിനിമകൾ. അവസരം കിട്ടുന്ന വേദികളിൽ പഴയ ചില മലയാളം പാട്ടുകളും പാടാറുണ്ട്. 2015ൽ ശാസ്ത്രീയ സംഗീത പഠനം തുടങ്ങിയിരുന്നു. 

ADVERTISEMENT

അഭിനയിച്ചു കോടതി കയറി

പാട്ടിൽ മാത്രമല്ല, അഭിനയത്തിലും അരക്കൈ നോക്കിയിട്ടുണ്ട്. മലയാളം എന്റർടെയ്ൻമെന്റ് ചാനലിൽ ദിവസവും രാത്രി സംപ്രേഷണം ചെയ്തിരുന്ന സീരിയലിലാണു വേഷമിട്ടത്. ലക്ഷ്മണപ്പണിക്കർ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഇതിനെതിരെ ലോകായുക്തയിൽ പരാതി പോയി. നിയമവിദ്യാർഥിയായിരുന്നു പരാതിക്കാരൻ. എന്നാൽ ലോകായുക്തയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ കേസിൽനിന്നു തലയൂരി. 

ക്ലീനർ വേഷം (സീരിയലിൽ അല്ല)

സീരിയലിലെ വേഷം നിയമ നടപടി നേരിട്ടെങ്കിലും ട്രാഫിക് ഐജി ആയിരിക്കേ, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടിക്കാൻ ഋഷിരാജ് സിങ് പലവട്ടം ലോറി ക്ലീനറുടെ വേഷം കെട്ടിയിട്ടുണ്ട്. ആ വേഷം വിജയിക്കുകയും ചെയ്തു. മണൽ ലോറിയിൽ ക്ലീനറായിട്ടായിരുന്നു ഒരു ഓപറേഷൻ. കൈലിയും ഷർട്ടും ധരിച്ചു തിരുവനന്തപുരം മലയിൻകീഴിൽനിന്നു മണൽ ലോറിയിൽ കയറി. പ്രാവച്ചമ്പലത്തു ഹൈവേ പൊലീസ് കൈ കാണിച്ചു. കൈക്കൂലിക്കാണെന്നു ലോറി ജീവനക്കാർ ഐജിയോടു പറഞ്ഞു. 

ADVERTISEMENT

യഥാർഥ ക്ലീനർ വശം ഐജി 50 രൂപ കൊടുത്തയച്ചു. ജീപ്പിലുണ്ടായിരുന്ന എസ്ഐ നോട്ട് വാങ്ങി കീശയിലിട്ടതും ഐജി കയ്യോടെ പിടികൂടി. ഏതു വേഷത്തിലും ഐജി വന്നേക്കുമെന്നു ഭയന്നാണ് അക്കാലത്ത് പൊലീസുകാ‍ർ പെട്രോളിങ് ഡ്യൂട്ടി ചെയ്തിരുന്നത്. ചിലർക്കു സസ്പെൻഷൻ കിട്ടിയപ്പോൾ, മികച്ച പ്രവർത്തനം നടത്തിയ പെട്രോളിങ് സംഘത്തിനു പാരിതോഷികവും ലഭിച്ചു.

ബാറ്റിങ് ആസ്വദിക്കുന്ന ഋഷിരാജ് സിങ്. ചിത്രം: മനോരമ

ഐജി വെഴ്സസ് ഐജി

ഒരു ഐജിക്കെതിരെ മറ്റൊരു ഐജി കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത സംഭവം കേരളത്തിലെന്നല്ല, രാജ്യത്തു തന്നെ അപൂർവമാണ്. ആ അപൂർവതയുമുണ്ട് ഋഷിരാജ് സിങ്ങിന്. മുൻ ഡിജിപി ടി.പി.സെൻകുമാർ ദക്ഷിണമേഖലാ ഐജിയും ഋഷിരാജ് സിങ് വൈദ്യുതി ബോർഡിൽ വിജിലൻസ് ഐജിയും ആയിരിക്കുന്ന സമയം. ഒരു മാസികയ്ക്കു സെൻകുമാർ നൽകിയ അഭിമുഖത്തിൽ ഋഷിരാജ് സിങ്ങിനെതിരെ ചില പരാമർശങ്ങളുണ്ടായിരുന്നു. 

ജനാധിപത്യം എന്ന സിനിമയ്‌ക്കെതിരെയും പി.സി.ജോർജ് എംഎൽഎയുടെ ചില പരാമർശങ്ങൾക്കെതിരെയും മാനനഷ്‌ടക്കേസ് ഫയൽ ചെയ്യാൻ ഐപിഎസ് അസോസിയേഷനുവേണ്ടി പണം ശേഖരിച്ച് ഋഷിരാജ് സിങ്ങിനെ ഏൽപ്പിച്ചിരുന്നുവെന്നും, അതിന് എന്തു സംഭവിച്ചുവെന്നറിയില്ലെന്നുമായിരുന്നു സെൻകുമാർ പറഞ്ഞതായി അഭിമുഖത്തിൽ വന്നത്. ഇതിനെതിരെയായിരുന്നു ഋഷിരാജ് സിങ്ങിന്റെ മാനനഷ്ടക്കേസ്. കേസ് പിന്നീട് ആ വഴി പോയി.

വിഎസ് ക്ഷുഭിതനായി– ആരു പറഞ്ഞു അയാളെ മാറ്റാൻ?

ആന്റി പൈറസി സെൽ തലവനായിരിക്കേ നടത്തിയ വ്യാജ സിഡി റെയ്ഡ് ഋഷിരാജ് സിങ്ങിനുണ്ടാക്കിയ താരമൂല്യം ചെറുതല്ല, അതു വഴി ചെന്നു ചാടിയ വിവാദവും. 2006 ഡിസംബറിൽ തിരുവനന്തപുരത്തായിരുന്നു റെയ്ഡിനു തുടക്കം. പ്രമുഖ സിഡി വിതരണക്കാരിൽനിന്നാണ് ഇതു പിടിച്ചത്. പിടിച്ചെടുത്ത സിഡികൾ ലഭിച്ചതു കൊച്ചിയിലെ റയാൻ സ്റ്റുഡിയോയിൽനിന്നാണെന്നും ധൈര്യമുണ്ടെങ്കിൽ അവിടെ റെയ്ഡ് നടത്താനും വിതരണക്കമ്പനിയുടെ ഉടമ വെല്ലുവിളിച്ചു.

വ്യാജ സിഡി റെയ്‌ഡിനിടെ. ചിത്രം: മനോരമ

ഒന്നും നോക്കിയില്ല, രാത്രി തന്നെ സിങ് കൊച്ചിക്കു വണ്ടി വിട്ടു. റയാൻ സ്റ്റുഡിയോയുടെ ഉടമ ഐജി ടോമിൻ തച്ചങ്കരിയുടെ ഭാര്യയായിരുന്നു. ജീവനക്കാർ ഗേറ്റിൽ തടഞ്ഞതോടെ പരിശോധന മുടങ്ങി. ഒപ്പം സംരക്ഷണത്തിനു പോയ പൊലീസ് സംഘം മുങ്ങി. ഇതിനിടെ, റെയ്‌ഡിൽനിന്നു പിന്മാറാൻ സിങ്ങിനോട് അന്നത്തെ ഡിജിപി രമൺ ശ്രീവാസ്‌തവ ആവശ്യപ്പെട്ടു. രേഖാമൂലം നിർദേശം നൽകാനായിരുന്നു സിങ്ങിന്റെ മറുപടി. തൊട്ടുപിന്നാലെ സിങ്ങിനെ ആന്റി പൈറസി സെല്ലിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കിയുള്ള ഫാക്‌സ് സന്ദേശമെത്തി.

മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനായിരുന്നു. ഡിജിപിയെ വിളിച്ച വിഎസ് സിങ്ങിനെ തിരികെ നിയമിക്കാൻ നിർദേശിച്ചു. ഡിജിപിയെ വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്തു.  2007ൽ മാത്രം സംസ്‌ഥാനത്തൊട്ടാകെ 5714 റെയ്‌ഡുകളിലൂടെ 834 പേരെയാണ് സിങ്ങിന്റെ നേതൃത്വത്തിൽ ആന്റി പൈറസി സെൽ അറസ്‌റ്റ് ചെയ്‌തത്. രണ്ടു ലക്ഷത്തിലേറെ സിഡികൾ പിടിച്ചെടുത്തു. 944 കേസുകൾ റജിസ്‌റ്റർ ചെയ്‌തു. 

എലിയെ പിടിച്ച വിഎസിന്റെ പൂച്ച

‘പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ പോരേ?’ മൂന്നാറിൽ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ നിയോഗിക്കപ്പെട്ട ദൗത്യസംഘത്തെക്കുറിച്ചുള്ള പത്രക്കാരുടെ ചോദ്യത്തിന് അന്നത്തെ മുഖ്യമന്ത്രി വിഎസ് പറഞ്ഞ മറുപടി. ഇതോടെ മൂന്നാർ ദൗത്യസംഘത്തിനു വിഎസിന്റെ പൂച്ചകളെന്നു പേരു വീണു. ഋഷിരാജ് സിങ്, കെ.സുരേഷ്കുമാർ, രാജു നാരായണ സ്വാമി എന്നിവരായിരുന്നു സംഘത്തിൽ. സിപിഐ ഓഫിസ് പോലും സംഘം ഇടിച്ചു നിരത്തി. 

മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലിനിടെ സുരേഷ് കുമാറിനൊപ്പം. ഫയൽചിത്രം.

ആദ്യമൊക്കെ പിന്തുണച്ചിരുന്ന വിഎസിനു പിന്നീട് പാർട്ടിയിൽനിന്നും മുന്നണിയിൽനിന്നും എതിർപ്പു നേരിടേണ്ടിവന്നു. പൂച്ചകളെ തിരിച്ചുവിളിച്ചു. അപ്പോഴേക്കും ദൗത്യത്തിന്റെ ഒരു ഭാഗം ‘പൂച്ചകൾ’ പൂർത്തീകരിച്ചു കഴിഞ്ഞിരുന്നു. മൂന്നാർ ഓപ്പറേഷൻ കഴിഞ്ഞ് അധികം വൈകാതെ ഋഷിരാജ് സിങ്ങിനു വധഭീഷണി വന്നു. ക്രൈംബ്രാഞ്ച് ഐജിയായിരിക്കെ സ്പിരിറ്റ് വേട്ട നടത്താനുള്ള പ്രത്യേക ദൗത്യവും സിങ്ങിനെ വിഎസ് സർക്കാർ ഏൽപിച്ചിരുന്നു. സ്പിരിറ്റ് മാഫിയയുടെ ഉറക്കം പോയ ദിവസങ്ങളായിരുന്നു അത്. 

മുംബൈയിലും ‘പ്രശ്നക്കാരൻ’

മൂന്നാർ ദൗത്യത്തിനും സിഡി റെയ്ഡിനും ശേഷം  2008ൽ സിങ് കേരളം വിട്ടു. സിബിഐ ജോയിന്റ് ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ മുംബൈയിലായിരുന്നു നിയമനം. റെയിൽവേ, ആദായനികുതി വകുപ്പ്, എക്‌സൈസ്, കസ്‌റ്റംസ് വകുപ്പുകളിൽ കൈക്കൂലിയുമായി ബന്ധപ്പെട്ട കേസിൽ പല ഉദ്യോഗസ്‌ഥരെയും സിങ്ങിന്റെ സിബിഐ സംഘം അറസ്റ്റ് ചെയ്തു. ദേശീയതലത്തിൽ വിവാദമായ ആദർശ് ഫ്ലാറ്റ് അഴിമതിക്കേസിന്റെ അന്വേഷണച്ചുമതലയാണു പിന്നാലെ ലഭിച്ചത്.

സിങ്ങിന്റെ അന്വേഷണത്തിൽ ഉന്നത രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ പലരും കേസിൽ കുടുങ്ങി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനെതിരെ കുറ്റപത്രം നൽകി. പിന്നാലെ സ്ഥാനചലനം. നിയമനം ഭോപ്പാലിൽ. 2013ൽ കേരളത്തിൽ തിരിച്ചെത്തിയപ്പോഴേക്കും ഇവിടെ ഭരണം മാറിയിരുന്നു. 

പ്രതിഷേധം മന്ത്രിക്കെതിരെയും

ഋഷിരാജ് സിങ്. ചിത്രം: മനോരമ

തിരിച്ചുവരവിൽ ഋഷിരാജ് സിങ് ആദ്യം വിവാദത്തിൽ ചാടിയതു കാറിന്റെ പിൻസീറ്റിലെ സീറ്റ് ബെൽറ്റിനെച്ചൊല്ലിയാണ്. കാറുകളിലെ പിൻസീറ്റ് യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നു ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ സിങ് ഉത്തരവിട്ടിരുന്നു. മോട്ടർ വാഹന വകുപ്പ് വ്യാപക പരിശോധനയും തുടങ്ങി. ഭരണപക്ഷത്തെ ചില എംഎൽഎമാർ നിയമസഭയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഉത്തരവ് പിൻവലിക്കുന്നതായി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയെ അറിയിച്ചു.

ആ സമയത്ത് അവധിയിൽ ഡൽഹിയിലായിരുന്ന ഋഷിരാജ് സിങ് ഇതിൽ പ്രതിഷേധിച്ച് അവധി ദീർഘിപ്പിച്ചു. ഉത്തരവു പിൻവലിക്കുന്നതായി നിയമസഭയിൽ മന്ത്രി പ്രസ്‌താവിച്ചു മണിക്കൂറുകൾക്കകമായിരുന്നു ഡൽഹിയിൽനിന്ന് സിങ്ങിന്റെ അപേക്ഷ. നാട്ടിലെത്തിയ സിങ്, ഗതാഗത കമ്മിഷണർ സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്നു മുഖ്യമന്ത്രിയെ കണ്ട് അഭ്യർഥിച്ചു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അനുവദിക്കുകയും ചെയ്തു. എന്നാൽ സ്വന്തം സർക്കുലർ 48 മണിക്കൂറിനുള്ളിൽ സ്വയം പിൻവലിച്ചിട്ടുണ്ട് ഋഷിരാജ് സിങ്. വിവാഹ വീടുകളിൽ മദ്യസൽക്കാരം നടക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ എക്സൈസ് കമ്മിഷണറായിരിക്കെ ഉദ്യോഗസ്ഥർക്കു നൽകിയ സർക്കുലറാണു പിൻവലിച്ചത്. 

വൈദ്യുതിക്കള്ളൻമാർക്കു ഷോക്ക്; ചെന്നിത്തലയ്ക്ക് നല്ല നമസ്കാരം

എതു പദവിയിൽ ചെന്നാലും മുൻപിൻ നോക്കാതെ സ്വന്തം പണിയെടുക്കുകയെന്നതാണ് ഋഷിരാജ് സിങ്ങിന്റെ രീതി. എന്തു പ്രതിബന്ധമുണ്ടായാലും തട്ടി മാറ്റും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫിസറായിരിക്കെ ഓപറേഷൻ മിന്നൽ എന്ന പേരിൽ പരിശോധനയ്ക്കു തുടക്കമിട്ടു. കോടിക്കണക്കിനു രൂപയുടെ വൈദ്യുതി മോഷണമാണു പിടികൂടിയത്. പല വമ്പൻമാരെയും ഷോക്കടിപ്പിച്ചതോടെ ആ കസേരയിൽ അധികനാൾ ഇരിക്കാനായില്ല. ബറ്റാലിയൻ എഡിജിപിയായിട്ടായിരുന്നു അടുത്ത നിയമനം. 

ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കൊപ്പം വേദി പങ്കിട്ട പരിപാടിയിൽ അദ്ദേഹത്തെ സല്യൂട്ട് ചെയ്തില്ലെന്ന വിവാദമാണ് അവിടെയുണ്ടായത്. രാമവർമപുരം പൊലീസ് അക്കാദമിയിൽ നടന്ന വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിനു മന്ത്രി രമേശ് ചെന്നിത്തലയെത്തിയപ്പോൾ എഡിജിപി ഋഷിരാജ് സിങ് വേദിയുടെ മുൻനിരയിലെ സോഫയിൽ ഇരിക്കുകയായിരുന്നു. മന്ത്രി എത്തുന്നുവെന്ന് അറിയിപ്പ് മൈക്കിൽ കേട്ടതോടെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എഴുന്നേറ്റു നിന്നു.

കോഴിക്കോട് നടന്ന മുഹമ്മദ് റാഫി അനുസ്മരണച്ചടങ്ങിൽ ഋഷിരാജ് സിങ്. ചിത്രം: മനോരമ

മന്ത്രി എത്തിയിട്ടും ഋഷിരാജ് സിങ് അനങ്ങിയില്ല. വിവാദം പ്രോട്ടോക്കോളിനെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണെന്നായിരുന്നു സിങ്ങിന്റെ പ്രതികരണം. ദേശീയഗാനം ആലപിക്കുമ്പോഴല്ലാതെ, വിഐപികൾ വരുമ്പോൾ വേദിയിലുള്ളവർ എഴുന്നേൽക്കണമെന്നു പ്രോട്ടോക്കോളിൽ ഒരിടത്തും പറയുന്നില്ലെന്നും അദ്ദേഹം വാദിച്ചു. വിവാദം മെല്ലെ തണുത്തു.

വിവാദത്തിലായ ആ ‘14 സെക്കൻഡ്’

‘14 സെക്കൻഡ് തന്നെ ഒരാൾ തുറിച്ചുനോക്കിയതായി പെൺകുട്ടി പരാതിപ്പെട്ടാൽ പൊലീസിനു കേസെടുത്ത് അയാളെ ജയിലിലടയ്ക്കാം’– എറണാകുളം ടൗൺ ഹാളിൽ വിദ്യാർഥികളുടെ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ ഋഷിരാജ് സിങ് ഇതു പറഞ്ഞതു സദുദ്ദേശ്യത്തോടെയാണ്. പക്ഷേ രാഷ്ട്രീയ നേതാക്കളും സ്ത്രീ സംഘടനകളും ആ 14 സെക്കൻഡിൽ പിടിച്ചു കയറി. അതിൽ കുറഞ്ഞ സമയം തുറിച്ചുനോക്കിയാൽ സഹിക്കണോ എന്നൊക്കെയായി ചോദ്യങ്ങൾ. ട്രോളന്മാർ ട്രോളുകളുമിറക്കി. 

മുൻ ഡിജിപി വിൻസൺ എം പോളിനൊപ്പം ഋഷിരാജ് സിങ്.

എക്സൈസ് കമ്മിഷണറായിരുന്നു അന്ന് ഋഷിരാജ് സിങ്. പരാമർശം അരോചകമാണെന്നായിരുന്നു മന്ത്രിയായിരുന്ന ഇ.പി.ജയരാജന്റെ വിമർശനം. എന്നാൽ നല്ല രീതിയിൽ സ്ത്രീകളെ നോക്കണമെന്നാണ് ഋഷിരാജ് സിങ് ഉദ്ദേശിച്ചതെന്നു പറഞ്ഞു വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ രക്ഷയ്ക്കെത്തി. താൻ പറഞ്ഞതു സാങ്കേതികമായ കാര്യമാണെന്നും, ഒരുനിമിഷത്തെ നോട്ടംപോലും പെൺകുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കിയാൽ പരാതി നൽകാമെന്നും വിശദീകരിച്ചു സിങ് തന്നെ വിവാദം തണുപ്പിച്ചു.

കുതിരയ്ക്കും രക്ഷകൻ

തിരുവനന്തപുരത്തുള്ളപ്പോൾ എയർപോർട്ട് വരെ രാവിലെ സൈക്കിളിൽ സഞ്ചാരമുണ്ട് സിങ്ങിന്. അങ്ങോട്ടുമിങ്ങോട്ടുമായി 24 കിലോമീറ്റർ. അങ്ങനെയൊരു യാത്രയിലാണ് എയർപോർട്ടിനു സമീപത്ത് ഒരു കുതിരയെ കെട്ടിയിട്ട നിലയിൽ കണ്ടത്. ആഹാരം കഴിച്ചിട്ടു ദിവസങ്ങളായെന്നു തോന്നിപ്പിക്കുംവിധം ക്ഷീണിച്ച് അവശതയിലായ കുതിര. അടുത്ത് ഉടമസ്ഥനുണ്ട്.

ആ പട്ടിണി മൃഗത്തെ എന്നിട്ടും അയാൾ പണിയെടുപ്പിക്കുന്നു. ഈ കാഴ്ച കണ്ട സിങ് മൃഗസ്നേഹികളുടെ സംഘടനയെ വിവരമറിയിച്ചു. അവർ കുതിരയ്ക്കു സംരക്ഷണമൊരുക്കി. ഉടമയെ പൊലീസും പിടിച്ചു. സൈക്കിൾ യാത്ര ഹരമാണ്. കുട്ടിക്കാലത്ത് 35 കിലോമീറ്റർ വരെ സൈക്കിൾ ചവിട്ടുമായിരുന്നു. സിവിൽ സർവീസ് ഫലമറിയാൻ പോയതു സൈക്കിളിലാണ്. അതുകൊണ്ടു സൈക്കിളിനോടു വല്ലാത്ത പ്രിയം. 

കമ്മിഷണർക്കു ക്ലാസെടുത്ത ട്രാൻസ്പോർട്ട് കമ്മിഷണർ

യാത്രയിൽ എവിടെയെങ്കിലും ഗതാഗത നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ വാഹന നമ്പർ സഹിതം ട്രാഫിക് പൊലീസിൽ വിവരമറിയിക്കും. ഗതാഗത കമ്മിഷണറായിരുന്നപ്പോഴും, അല്ലാത്തപ്പോഴും റോഡിലെ നിയമലംഘനം വച്ചുപൊറുപ്പിച്ചിട്ടില്ല. നമ്പർ പേപ്പറിൽ കുറിച്ചു വയ്ക്കാറില്ല. തലച്ചോറിൽ ഫീഡ് ചെയ്യും. ഒരേ സമയം ഇങ്ങനെ 10 നമ്പർ വരെ ഓർമിച്ചിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു യാത്രക്കിടെയാണു കൊല്ലത്ത് അമിതവേഗത്തിൽ വാഹനത്തിൽ പാഞ്ഞ സിറ്റി പൊലീസ് കമ്മിഷണർക്കു ട്രാൻസ്‌പോർട്ട് കമ്മിഷണറായിരുന്ന ഋഷിരാജ് സിങ് ബ്രേക്കിട്ടത്. അന്നത്തെ കമ്മിഷണർ ദേബേഷ്കുമാർ ബെഹ്റയുടെ വാഹനമാണു സിങ്ങിന്റെ മുൻപിൽ പെട്ടത്. ട്രാഫിക് ക്ലാസ് കൊടുത്തശേഷമാണു കമ്മിഷണറെ യാത്ര തുടരാൻ അനുവദിച്ചത്. 

കുടുംബത്തിലെ ഏഴാമത്തെ പൊലീസുകാരൻ

കാക്കി ഋഷിരാജ് സിങ്ങിന്റെ ദേഹത്തല്ല, രക്തത്തിൽ അലിഞ്ഞതാണെന്നു പറയാം. കുടുംബത്തിലെ ഏഴാമത്തെ പൊലീസ് ഓഫിസറാണ് അദ്ദേഹം. അച്ഛൻ ഇന്ദ്രജിത്ത് സിങ് അഡീഷനൽ എസ്‌പിയായാണു വിരമിച്ചത്. അടുത്തിടെ മരിച്ചു. അമ്മയുടെ അച്ഛനും, അച്ഛന്റെ സഹോദരനും അമ്മയുടെ സഹോദരനുമെല്ലാം പൊലീസ്. എന്നാൽ കുടുംബത്തിലെ ആദ്യ ഐപിഎസുകാരൻ ഋഷിരാജ് സിങ്ങാണ്.

മീശപ്പൊലീസ്, പക്ഷേ പ്രശ്നം ചുണ്ട്

മീശ പിരിക്കുന്ന പൊലീസുകാരെ മലയാളികൾ ഒരുപാടു കണ്ടിട്ടുണ്ടെങ്കിലും കൊമ്പൻ മീശയുള്ള ഐപിഎസുകാരെ അധികം പരിചയമില്ല. മീശ കൊണ്ടാണ് ഋഷിരാജ് സിങ് ആദ്യം മലയാളികളുടെ മനസ്സ് കീഴടക്കിയത്. മീശ പിരിച്ച അതിമാനുഷ മോഹൻലാൽ കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടിരുന്ന മലയാളിക്ക് സിങ്ങിനോടും അദ്ദേഹത്തിന്റെ പിരിച്ച മീശയോടും വളരെപ്പെട്ടെന്നു ‘റിലേറ്റ്’ ചെയ്യാൻ കഴിഞ്ഞു.

എന്നാൽ മീശ മുളയ്ക്കുന്നതിനു മുൻപ് ഋഷിരാജ് സിങ്ങിന്റെ ശ്രദ്ധ മുഴുവൻ സ്വന്തം ചുണ്ടിലായിരുന്നു. മുറിച്ചുണ്ടോടെയാണു ജനിച്ചത്. സംസാര സ്ഫുടതയില്ലാത്തതിനാൽ ഒരുപാടു കളിയാക്കലേറ്റുവാങ്ങി. പതിനേഴാം വയസ്സിൽ ശസ്ത്രക്രിയയിലൂടെ തകരാർ പരിഹരിച്ചു. സംസാര സ്ഫുടതയും തിരിച്ചുവന്നു.

കുട്ടികളാണു കൂട്ടുകാർ

കുട്ടികൾക്കൊപ്പം ചെലവിടാനും അവരെ ബോധവൽകരിക്കാനുമായി എത്ര സമയം നീക്കിവയ്ക്കാനും സിങ് മടി കാണിച്ചിരുന്നില്ല. കുട്ടികളുടെ ഏതു കുസൃതിച്ചോദ്യത്തിനും നിന്നുകൊടുക്കും. കുട്ടികളുടെ ലഹരി ഉപയോഗത്തിനെതിരെയാണ് എപ്പോഴും അദ്ദേഹത്തിന്റെ പോരാട്ടം. മക്കളോട് മിണ്ടാൻ ദിവസവും അരമണിക്കൂർ മാതാപിതാക്കൾ നീക്കിവച്ചാൽ കുട്ടികളെ ലഹരിയുടെ വഴിയിൽനിന്നു പിന്തിരിപ്പിക്കാമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.

എല്ലാ വേദികളിലും ഇതു പറയുകയും ചെയ്യും. കുട്ടികളെ എങ്ങനെ ഉത്തരവാദിത്തമുള്ള പൗരൻമാരാക്കാം എന്നതിനെക്കുറിച്ച് എഴുതിയ ‘വൈകും മുൻപേ’ എന്ന പുസ്തകം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. രണ്ടാമത്തെ ടേമിലാണ് ഇപ്പോൾ ജയിൽ ഡിജിപിയായിരിക്കുന്നത്. യുവാക്കളായ തടവുകാരിൽ മാനസിക പരിവർത്തനമുണ്ടാക്കാനുള്ള പദ്ധതികളിലാണു രണ്ടു ടേമിലും ശ്രദ്ധയൂന്നിയത്. 

മരുഭൂമിയിൽനിന്നു മഴയിലേക്ക്...

കണ്ണെത്താ ദൂരത്തോളം മരുഭൂമിയുള്ള രാജസ്ഥാനിൽ ആറു മാസം പൊടിക്കാറ്റാണ്. മഴ പെയ്യണമെങ്കിൽ ചെറിയ ഭാഗ്യം പോരാ. വർഷത്തിൽ ആറു മാസം മഴയുള്ള കേരളത്തിലേക്കുള്ള വരവ് ഋഷിരാജ് സിങ്ങിനെ സംബന്ധിച്ച് മരുഭൂമിയിൽ പെയ്ത മഴയായിരുന്നു. ഐപിഎസുകാരനായി 24–ാം വയസിലാണ് കേരളത്തിലെത്തുന്നത്.

ഇവിടെ വന്നതിനു ശേഷമാണു ജീവിതത്തിൽ ആദ്യമായി കടൽ കണ്ടത്, കോവളത്ത്. ആദ്യം കണ്ട കടലും, ആസ്വദിച്ചറിഞ്ഞ മഴയും, മലയാളികളുടെ ഇഷ്ടവും വിട്ടുപോകാൻ കഴിയുന്നില്ലെന്നാണു സിങ് വ്യക്തമാക്കുന്നത്. കേരളത്തിൽ സ്ഥിരതാമസമാക്കാനുള്ള തീരുമാനമെടുത്തതും അതുകൊണ്ടുതന്നെ. 

English Summary: Rishiraj Singh IPS to retire on July But Not to Leave Kerala