പ്രശാന്ത് കിഷോര്‍. ഈ പേര് ഉയര്‍ന്നുകേട്ടുതുടങ്ങിയത് 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി അധികാരം പിടിച്ചതോടെയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്ര പരിചിതമല്ലാതിരുന്ന രീതിയിലായിരുന്നു അന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണപരിപാടികള്‍. അതിനു പിന്നി... Prasanth Kishore, BJP, Manorama

പ്രശാന്ത് കിഷോര്‍. ഈ പേര് ഉയര്‍ന്നുകേട്ടുതുടങ്ങിയത് 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി അധികാരം പിടിച്ചതോടെയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്ര പരിചിതമല്ലാതിരുന്ന രീതിയിലായിരുന്നു അന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണപരിപാടികള്‍. അതിനു പിന്നി... Prasanth Kishore, BJP, Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശാന്ത് കിഷോര്‍. ഈ പേര് ഉയര്‍ന്നുകേട്ടുതുടങ്ങിയത് 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി അധികാരം പിടിച്ചതോടെയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്ര പരിചിതമല്ലാതിരുന്ന രീതിയിലായിരുന്നു അന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണപരിപാടികള്‍. അതിനു പിന്നി... Prasanth Kishore, BJP, Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശാന്ത് കിഷോര്‍. ഈ പേര് ഉയര്‍ന്നുകേട്ടുതുടങ്ങിയത് 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി അധികാരം പിടിച്ചതോടെയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്ര പരിചിതമല്ലാതിരുന്ന രീതിയിലായിരുന്നു അന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണപരിപാടികള്‍. അതിനു പിന്നിലെ ബുദ്ധികേന്ദ്രം പ്രശാന്ത് കിഷോര്‍ എന്ന തിരഞ്ഞെടുപ്പ് വിദഗ്ധനും. പിന്നീടങ്ങോട്ട് പല തിരഞ്ഞെടുപ്പിലും പ്രശാന്ത് താരമായി. ഏറ്റവും ഒടുവില്‍ മോദിയേയും അമിത് ഷായേയും ബംഗാളില്‍ മുട്ടുകുത്തിക്കാന്‍ മമത ബാനര്‍ജിക്ക് ഒപ്പം നിന്നതും ഇതേ പ്രശാന്ത് കിഷോര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രശാന്ത് ഇന്നൊരു നിര്‍ണായക വ്യക്തിയാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മൂന്നാം മുന്നണി രൂപീകരിക്കുന്നതിന് പ്രശാന്ത് കിഷോറും എന്‍സിപി നേതാവ് ശരദ് പവാറും ചർച്ച നടത്തിക്കഴിഞ്ഞു. ബിജെപിക്കു ബദലാകാന്‍ കോണ്‍ഗ്രസിനു സാധിക്കില്ലെന്ന തിരിച്ചറിവു പല പ്രാദേശിക പാര്‍ട്ടികള്‍ക്കുമുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണിക്കുള്ള ഈ ശ്രമം. മൂന്നാം മുന്നണിയുമായി മുന്നോട്ടു പോകുമ്പോഴും അതിനും വലിയ വിജയസാധ്യതയില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞുവയ്ക്കുന്നു. 

ബിജെപിയെ ചെറുത്ത ബംഗാള്‍ വിജയം

ADVERTISEMENT

ബംഗാളില്‍ ബിജെപിയുടെ പ്രതീക്ഷകൾ തകർത്താണ് ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും ജയിച്ചുകയറിയത്. മമതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരെ വരെ ചാക്കിട്ട് പിടിച്ച് ബിജെപി പയറ്റിയ സകല അടവുകളും പൊളിഞ്ഞു. ‘രാഷ്ട്രീയ ചാണക്യന്‍’ എന്നു ചിലരെങ്കിലും വിശേഷിപ്പിക്കുന്ന അമിത് ഷായുടേയും സംഘത്തിന്റേയും തന്ത്രങ്ങള്‍ തകര്‍ന്നു തരിപ്പണമായി. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍കണ്ട് 2019 ല്‍ തന്നെ മമത ബാനര്‍ജി പ്രശാന്ത് കിഷോറിനെ കൂടെകൂട്ടിയിരുന്നു. തുടര്‍ഭരണം ഉറപ്പിക്കുന്നതിനും ബിജെപിക്കു തടയിടുന്നതിനും മമതയ്ക്കു പുതിയ തന്ത്രങ്ങൾ പരീക്ഷിക്കേണ്ട സാഹചര്യമായിരുന്നു. ഇതിനു പിന്‍ബലമേകിയാണ് പ്രശാന്ത് കിഷോര്‍ എത്തിയത്. ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്‌ഷന്‍ കമ്മിറ്റി (ഐ-പാക്)) എന്ന പ്രശാന്ത് കിഷോറിന്റെ ഏജന്‍സിയായിരുന്നു ഇതിനായി അണിയറയില്‍ ചരടുവലിച്ചത്.

തൃണമൂല്‍ 2019 ല്‍ പ്രശാന്ത് കിഷോറിനെ സമീപിച്ചപ്പോള്‍ ബംഗാളിലെ കാര്യങ്ങള്‍ ഒട്ടും അനുകൂലമായിരുന്നില്ല. മുന്‍പൊരിക്കലും ബിജെപി അധികാരത്തിൽ എത്തിയിട്ടില്ലെങ്കിലും ഭരണം പിടിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു.  2014 ല്‍  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റു മാത്രം ലഭിച്ച ബിജെപി 2019 ല്‍ 20 സീറ്റ് നേടിയിരുന്നു. തൃണമൂലിനും 20 സീറ്റാണ് ലഭിച്ചത്.  2019 ജൂലൈയിലാണ് ഐ പാക് സംഘം കൊല്‍ക്കത്തയിലെത്തി ഓഫിസ് തുറന്നത്. 300 പേരടങ്ങുന്ന സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് താഴെത്തട്ടില്‍ വിശദമായ പഠനം നടത്തി.

പ്രശാന്ത് കിഷോർ, ഉദ്ധവ് താക്കറെ, ആദിത്. താക്കറെ

‘ദീദി കെ ബോലോ, ദൗരെ സര്‍ക്കാര്‍’ തുടങ്ങിയ പരസ്യവാചകങ്ങളിലൂടെയാണ് പ്രശാന്ത് കിഷോര്‍ ജനത്തെ കയ്യിലെടുക്കാന്‍ ആരംഭിച്ചത്. ‘ബംഗാളിന് സ്വന്തം മകളെ മതി’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രാദേശിക വാദം ജനത്തിൽ ഉറപ്പിക്കാന്‍ പ്രശാന്ത് കിഷോറിനും സംഘത്തിനുമായി. ഡല്‍ഹിയിലിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ച ബിജെപിക്ക് ഇത് തിരിച്ചടിയായി. മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലാണ് പ്രശാന്ത് കിഷോറിന്റെ സംഘം പ്രവര്‍ത്തിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ആര്, എവിടെ പ്രചാരണം നടത്തണം എന്നുവരെ ഐ പാക് ആണ് തീരുമാനിച്ചത്. ബംഗാളില്‍ മാത്രമല്ല തമിഴ്‌നാട്ടിലും പ്രശാന്ത് കിഷോര്‍ തിരഞ്ഞെടുപ്പില്‍ ഇറങ്ങിക്കളിച്ചു. എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ വന്‍ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലേറിയത്. തമിഴ്‌നാട്ടില്‍ ബംഗാളിനേക്കാൾ കാര്യങ്ങള്‍ കുറേക്കൂടെ എളുപ്പമായിരുന്നു.

ഈ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം തിരഞ്ഞെടുപ്പു തന്ത്രം മെനയുന്ന പണി നിര്‍ത്താന്‍ ആലോചിക്കുന്നുവെന്ന് പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നിര്‍ത്താന്‍ ഉദ്ദേശമില്ലെന്നും കൂടുതല്‍ ശക്തമായി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമെന്നും അടുത്തിടെ പ്രശാന്ത് നടത്തിയ നീക്കങ്ങള്‍ തെളിയിക്കുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് എന്‍സിപി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയും മൂന്നാം മുന്നണിക്കുള്ള നീക്കങ്ങളും.

ADVERTISEMENT

പയറ്റിത്തെളിഞ്ഞത് മോദിക്കൊപ്പം

പ്രശാന്ത് കിഷോര്‍ അടവുകള്‍ പയറ്റിത്തെളിഞ്ഞത് മോദിക്കൊപ്പം നിന്നാണ്. 2014 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  ബിജെപി വിജയിച്ചതോടെയാണ് പ്രശാന്ത് കിഷോറിനെ തേടി രാഷ്ട്രീയ പാര്‍ട്ടികള്‍ എത്താന്‍ തുടങ്ങിയത്. ബിജെപിക്കൊപ്പം 2012 ല്‍ ഗുജറാത്തിലും ജനതാദള്‍ യുണൈറ്റഡിനൊപ്പം 2015 ല്‍ ബിഹാറിലും വൈഎസ്ആര്‍ കോണ്‍ഗ്രസിനൊപ്പം 2019 ല്‍ ആന്ധ്രാ പ്രദേശിലും കോണ്‍ഗ്രസിനൊപ്പം 2017 ല്‍ പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിക്കൊപ്പം 2020 ല്‍ ഡല്‍ഹിയിലും ശിവസേനയ്‌ക്കൊപ്പം 2019 ല്‍ മഹാരാഷ്ട്രയിലും പ്രശാന്ത് കിഷോറും സംഘവും പ്രവര്‍ത്തിച്ചു. നരേന്ദ്രമോദി, നിതിഷ് കുമാര്‍, വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി, അമരീന്ദര്‍ സിങ്, ഉദ്ധവ് താക്കറെ, അരവിന്ദ് കേജ്‌രിവാള്‍ എന്നിവരെ അധികാരത്തിലെത്തിക്കുന്നതിന് ഈ സംഘം വഹിച്ചത് ചെറിയ പങ്കല്ലെന്നത് പ്രശാന്തിലെ വിശ്വാസം ഊട്ടിയുറപ്പിച്ചു.

പ്രശാന്ത് കിഷോർ നരേന്ദ്ര മോദിക്കൊപ്പം

2017 ല്‍ കോണ്‍ഗ്രസ്-സമാജ്‌വാദി സഖ്യത്തിനുവേണ്ടി യുപിയില്‍ പ്രവര്‍ത്തിച്ചെങ്കിലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഇതിനിടെ കറുത്ത അധ്യായമായി. തിരഞ്ഞെടുപ്പിനു മുന്നോടിയായി 2016 ല്‍ രാഹുല്‍ ഗാന്ധിയെ സംസ്ഥാന പര്യടനത്തിനു സജ്ജമാക്കുക എന്നതു തന്നെ പ്രശാന്ത് കിഷോറിനെ സംബന്ധിച്ചിടത്തോളം ഹിമാലയന്‍ ദൗത്യമായിരുന്നു. എന്നാല്‍ ഇത് പ്രചാരണത്തിന്റെ ഒന്നാം ഘട്ടം മാത്രമായിരുന്നു. പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതുള്‍പ്പെടെ നിരവധി തന്ത്രങ്ങൾ പിന്നാലെ ഐ പാക് മുന്നോട്ട് വച്ചു. നടപ്പാക്കാമെന്നു കോണ്‍ഗ്രസ് ഏറ്റെങ്കിലും പലതിനോടും മുഖം തിരിച്ചതാണ് തിരിച്ചടിയായതെന്ന് പിന്നീട് വിലയിരുത്തലുണ്ടായി.

ഇതിനിടെ ബിജെപിയുമായി ഇടഞ്ഞ പ്രശാന്ത് കിഷോര്‍ സ്വന്തം സംസ്ഥാനമായ ബിഹാറിലേക്ക് പോയി. നിതീഷ് കുമാറിനുവേണ്ടി പ്രവര്‍ത്തിച്ചശേഷം  അദ്ദേഹം ജെഡിയുവില്‍ ചേര്‍ന്നു പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് വരെയായി. എന്നാൽ പൗരത്വ നിയമത്തെ പിന്തുണയ്ക്കാനുള്ള ജെഡിയു തീരുമാനത്തെ എതിര്‍ത്തതിനെത്തുടര്‍ന്ന് പ്രശാന്ത് കിഷോറിനെ ജെഡിയുവിൽ നിന്നു പുറത്താക്കുകയായിരുന്നു. 

ADVERTISEMENT

പ്രശാന്തിനും അപരന്‍മാർ

2022 ൽ പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അമരീന്ദര്‍ സിങ്ങിനെ പ്രശാന്ത് കിഷാര്‍ പിന്തുണയ്ക്കുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സര്‍വേ നടപടികളും തുടങ്ങി. ഇതിനിടെ പ്രശാന്ത് കിഷോറിന്റെ പേരില്‍ വ്യാജന്‍മാരും രംഗത്തെത്തി. പണം നല്‍കിയാല്‍ സര്‍വേ ഫലം അനുകൂലമാക്കാമെന്നു പറഞ്ഞ് ഇവർ പല നേതാക്കളെയും വിളിക്കുകയും വന്‍തുക ആവശ്യപ്പെടുകയും ചെയ്തു. പ്രശാന്ത് കിഷോറിന്റെ ശബ്ദം അനുകരിച്ചാണ് തട്ടിപ്പ്. എംഎല്‍എ ആയ കുല്‍ദീപ് സിങ്ങിനോട് അഞ്ചു കോടി രൂപയാണ് സംഘം ആവശ്യപ്പെട്ടത്. സംശയം തോന്നിയ കുല്‍ദീപ് സിങ് പൊലീസില്‍ പരാതി നല്‍കിയതോടെ സംഭവത്തിൽ 15 പേർ അറസ്റ്റിലായി. സംഘം പലരോടും ഇതേ രീതിയില്‍ പണം ആവശ്യപ്പെട്ടിട്ടുണ്ട്. പണം നല്‍കിയിട്ടുണ്ടോ എന്ന കാര്യം വെളിപ്പെടുത്താന്‍ നേതാക്കള്‍ മടിക്കുകയാണ്.

പ്രശാന്ത് കിഷോർ

പഞ്ചാബ് കോണ്‍ഗ്രസില്‍ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയല്ല മറിച്ച് പ്രശാന്ത് കിഷോര്‍ ആണെന്ന കാര്യം വ്യക്തമാക്കുന്നതാണ് ഈ സംഭവം. സീറ്റ് കിട്ടാന്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുന്നതിന് പകരം പ്രശാന്ത് കിഷോറിനെയാണ് നേതാക്കൾ സമീപിക്കുന്നതും. കഴിഞ്ഞ തവണയും പ്രശാന്ത് കിഷോര്‍ അമരീന്ദര്‍ സിങ്ങിനൊപ്പം നിന്നിരുന്നു. 

കൂട്ടുപിടിച്ച് ശരത് പവാറും

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്നും പുറത്താക്കുക എന്നത് പല രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമാണ്. ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ ശക്തമായ സംവിധാനം ആവശ്യമാണെന്നത് എല്ലാവർക്കും അറിയാം. ഇതിനുള്ള കരുനീക്കങ്ങളാണ് പ്രശാന്ത് കിഷോറിനെ കൂട്ടുപിടിച്ച് ശരദ് പവാര്‍ തുടങ്ങിവച്ചതും.

കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനാണ് നീക്കം. ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്നുണ്ട്. മൂന്നാം മുന്നണി എന്ന ആശയവുമായി മുന്നോട്ടുവന്ന ശരദ് പവാര്‍ മറ്റ് നേതാക്കളെ കാണുന്നതിനേക്കാള്‍ മുന്‍പ് പ്രശാന്ത് കിഷോറുമായാണ് കൂടിക്കാഴ്ച നടത്തിയത്.  ഭാവി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്രമേല്‍ സ്വാധീനം ചെലുത്താന്‍ പ്രശാന്ത് കിഷോറിനു സാധിക്കുമെന്ന കണക്കുകൂട്ടലാണ് പവാറിനെ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിച്ചതും. 

ശരത് പവാർ, പ്രശാന്ത് കിഷോർ

മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനു ശരദ് പവാര്‍ നിര്‍ണായക പങ്കാണു വഹിച്ചത്. കോണ്‍ഗ്രസിനേയും കൂടെകൂട്ടിയാണ് മഹാരാഷ്ട്രയില്‍ ഭരണം.  ഭാവിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മഹാരാഷ്ട്രയിൽ കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തിയത്. ദേശീയ തലത്തില്‍ ഇപ്പോഴും മറ്റു പ്രാദേശിക പാര്‍ട്ടികളെ ഒന്നിപ്പിക്കാനും ബിജെപിക്കെതിരെ പോരാടാനും ശേഷിയുള്ളത് കോണ്‍ഗ്രസിനാണ്. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ട് ബിജെപിക്കെതിരെ പോരാട്ടം നടക്കുമെന്ന് പല നേതാക്കള്‍ക്കും പ്രതീക്ഷയില്ല.

കോണ്‍ഗ്രസ് തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെങ്കില്‍ പൊരിഞ്ഞ ഗ്രൂപ്പ് പോരുമാണ്. ഇതു പരിഹരിക്കാന്‍ ഹൈക്കമാന്‍ഡിനു സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മൂന്നാം മുന്നണി എന്ന ആശയത്തിന്റെ പ്രസക്തി. അത്ര വലിയ പ്രതീക്ഷ ഇല്ല എന്ന് പ്രശാന്ത് കിഷോര്‍ തന്നെ തുറന്നു സമ്മതിക്കുമ്പോഴും പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായി അണിനിരന്നാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിതന്നെ ബിജെപിയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന സാധ്യതയും തള്ളിക്കളയുന്നില്ല.  ഇതിനുള്ള തന്ത്രങ്ങളാണ് പ്രശാന്ത് കിഷോറും ഐ പാക് ഏജന്‍സിയും മെനയുന്നത്. 

പാർട്ടിതലങ്ങൾ അട്ടിമറിക്കുന്ന ഐ പാക്

തിരഞ്ഞെടുപ്പു വിജയത്തിലെത്തിക്കുമ്പോഴും പല വിധത്തിലും ഐ പാക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭീഷണിയാണ്. അണികളില്‍നിന്നാണ് പാര്‍ട്ടിക്ക് താഴേത്തട്ടിലെ വിവരങ്ങളും വിലയിരുത്തലുകളും ലഭിച്ചിരുന്നത്. ഐ പാക് ഏജന്‍സിയുടെ വരവോടെ ഈ രീതി മാറി. ഏജന്‍സിയാണ് ഇത്തരം കാര്യങ്ങള്‍ വിലയിരുത്തുന്നതും പാര്‍ട്ടി ഉന്നതങ്ങളില്‍ അവതരിപ്പിക്കുന്നതും. 

രാഷ്ട്രീയ പാര്‍ട്ടിയുടെ അടിസ്ഥാനത്തെ തന്നെ തകര്‍ക്കുന്ന സമീപനത്തിലേക്കാണ് ഈ നീക്കം വിരല്‍ ചൂണ്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

അണികളെ വിശ്വസിക്കാതെ ഏജന്‍സിയുടെ നിര്‍ദേശാനുസരണം നേതൃത്വത്തിനു പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇതിലൂടെ നടപ്പാകുന്നത്. ആരൊക്കെ മത്സരിക്കണമെന്നും ഏതൊക്കെ രീതിയില്‍ പ്രചാരണം നടത്തണമെന്നും തീരുമാനിക്കുന്നത് ഏജന്‍സിയാണ്. ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പു പ്രക്രിയ തീര്‍ത്തും ഏജന്‍സിയുടെ കയ്യിലേക്ക് വന്നു ചേരുന്നു. ആശയപരമായ കാര്യങ്ങള്‍ പോലും പലപ്പോഴും പാര്‍ട്ടികള്‍ക്ക് മാറ്റിവയ്‌ക്കേണ്ടി വരും.

തിരഞ്ഞെടുപ്പില്‍ വിജയം നേടാമെങ്കിലും ഏജന്‍സികളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം പല പാര്‍ട്ടികള്‍ക്കും  പ്രശാന്ത് കിഷോറിന്റെ സഹായമില്ലാതെ തന്നെ ജയിക്കാന്‍ സാധിക്കുമായിരുന്നു എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. വിജയ സാധ്യതയുള്ളവര്‍ക്കൊപ്പം മാത്രമേ പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിക്കാന്‍ തയാറാകൂ എന്നും ചില നിരീക്ഷകര്‍ പറഞ്ഞുവയ്ക്കുന്നു.

മൂന്നാം മുന്നണി എന്ന കരുനീക്കം

രാഷ്ട്രീയ പാര്‍ട്ടികളെ അധികാരത്തിലെത്തിക്കുന്നതിൽ പ്രശാന്ത് കിഷോറിനുള്ള സ്വാധീനം ഒരു നേതൃത്വത്തിനും തള്ളിക്കളയാന്‍ സാധിക്കില്ല. ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവരെല്ലാം പ്രശാന്ത് കിഷോറിന്റെ സഹായം തേടിയവരാണ്. പുതിയ നയങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാതെ വന്നതോടെ പ്രശാന്ത് കിഷോര്‍ ബിജെപിയുമായി ഉടക്കി. കരാര്‍ ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നതില്‍ മാത്രം ഒതുങ്ങാതെ രാഷ്ട്രീയ നിലപാടുകള്‍ കൂടി സ്വീകരിക്കാന്‍ പ്രശാന്ത് കിഷോര്‍ തയാറായതോടെയാണ് മൂന്നാം മുന്നണിയുടെ സാധ്യത തെളിയുന്നത്.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു മുന്നണി രൂപീകരിച്ചാൽ അതിൽ ആരൊക്കെയുണ്ടാകും എന്നതിൽ യാതൊരു ധാരണയുമില്ല. കോണ്‍ഗ്രസിനോട് അടുത്തു നില്‍ക്കുന്ന പാര്‍ട്ടികളില്‍പോലും കോണ്‍ഗ്രസിന്റെ നിലപാടുകൾ മടുപ്പുളവാക്കുകയും ചെയ്യുന്നു. മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയ ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ നാലു ദിവസം കാത്തിരുന്നിട്ടും സോണിയ ഗാന്ധിയെയോ രാഹുല്‍ ഗാന്ധിയെയോ കാണാന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നു.

പല ഘടക കക്ഷികള്‍ക്കും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അത്ര നല്ല അനുഭവമല്ല ഉണ്ടാകുന്നതും. നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രദേശിക തലത്തില്‍ ബിജെപിയെ നേരിടാന്‍ സാധിക്കുമെങ്കിലും ദേശീയ തലത്തില്‍ ഇത്തരം പാര്‍ട്ടികളുടെ ഏകോപനം വലിയ പ്രതിസന്ധിയാണ്.  ഈ സാഹചര്യത്തിലാണ് ശരദ് പവാര്‍ വിവിധ പാര്‍ട്ടി നേതാക്കന്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്.

യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള 'രാഷ്ട്ര മഞ്ച്' എന്ന കൂട്ടായ്മയുടെ മേല്‍വിലാസത്തില്‍ സംഘടിപ്പിച്ച യോഗം, മൂന്നാം മുന്നണി രൂപീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നില്ലെന്നു നേതാക്കള്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ പേരിലല്ല, മറിച്ചു നേതാക്കളെ വ്യക്തിപരമായാണു യോഗത്തിലേക്കു ക്ഷണിച്ചത്. മനീഷ് തിവാരി ഉള്‍പ്പെടെ കോണ്‍ഗ്രസിലെ ഏതാനും പേര്‍ക്കും ക്ഷണമുണ്ടായിരുന്നെങ്കിലും അവര്‍ പങ്കെടുത്തില്ല.

പ്രശാന്ത് കിഷോർ

ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം, കര്‍ഷക സമരം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും അറിയിച്ചു. അതേസമയം, കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട മുന്നണിക്കു മാത്രമേ ബിജെപിയെ നേരിടാന്‍ സാധിക്കൂവെന്നും യോഗത്തില്‍ പവാര്‍ ചൂണ്ടിക്കാട്ടി. ബിജെപിയെ വീഴ്ത്താന്‍ പ്രതിപക്ഷ ഐക്യത്തിനായി ശരദ് പവാര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നതു വ്യക്തം.

പ്രതിപക്ഷ നേതാക്കളുടെ യോഗത്തിനുശേഷം ബുധനാഴ്ച വീണ്ടും ശരദ് പവാറും പ്രശാന്ത് കിഷോറും തമ്മില്‍ ചര്‍ച്ച നടത്തി. ശരദ് പവാര്‍ ആണ് മുന്നില്‍നില്‍ക്കുന്നതെങ്കിലും അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് പ്രശാന്ത് കിഷോറും സംഘവുമാണ്.  ഇതില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും റോള്‍ ഉണ്ടാകുമോ എന്ന് വരും ദിവസങ്ങളിലെ അറിയാന്‍ സാധിക്കൂ. 

2014 ൽ ദേശീയരാഷ്ട്രീയത്തിൽ അത്ര പേരുകേൾക്കാത്ത, എന്നാൽ ഇന്നു രാജ്യമെങ്ങും പേരുറപ്പിച്ച നരേന്ദ്ര മോദിയെ, അന്ന് അധികാരമേറ്റിയ ക്യാംപിലെ തന്ത്രമറിയാവുന്നയാൾ കൂടിയാണ് പ്രശാന്ത്. ദേശീയരാഷ്ട്രീയത്തിൽ ഒരുവശത്ത് മഹാമേരുപോലെ നിലയുറപ്പിക്കുന്ന ബിജെപിയെ അട്ടിമറിക്കാൻ പ്രശാന്തിനാകുമോ? ഇതിനു മറുപടി പറയേണ്ടത് കാലമാണ്.

English Summary: Political strategist Prashant Kishor and the third front in the making