മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ വീഴ്ത്തി തെലങ്കാനയിൽ ‘രാജണ്ണ രാജ്യം’ (രാജശേഖര റെഡ്ഡിയുടെ ഭരണം) കൊണ്ടുവരുമെന്ന ശപഥത്തിലാണ് ശർമിള. അവരുടെ നീക്കം ആദ്യം കാര്യമായെടുത്തില്ലെങ്കിലും ഇപ്പോൾ റാവുവിനെ ഞെട്ടിച്ചിട്ടുണ്ടത്രേ...Telangana-Andhra politics, KCR, Jaganmohan Reddy

മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ വീഴ്ത്തി തെലങ്കാനയിൽ ‘രാജണ്ണ രാജ്യം’ (രാജശേഖര റെഡ്ഡിയുടെ ഭരണം) കൊണ്ടുവരുമെന്ന ശപഥത്തിലാണ് ശർമിള. അവരുടെ നീക്കം ആദ്യം കാര്യമായെടുത്തില്ലെങ്കിലും ഇപ്പോൾ റാവുവിനെ ഞെട്ടിച്ചിട്ടുണ്ടത്രേ...Telangana-Andhra politics, KCR, Jaganmohan Reddy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ വീഴ്ത്തി തെലങ്കാനയിൽ ‘രാജണ്ണ രാജ്യം’ (രാജശേഖര റെഡ്ഡിയുടെ ഭരണം) കൊണ്ടുവരുമെന്ന ശപഥത്തിലാണ് ശർമിള. അവരുടെ നീക്കം ആദ്യം കാര്യമായെടുത്തില്ലെങ്കിലും ഇപ്പോൾ റാവുവിനെ ഞെട്ടിച്ചിട്ടുണ്ടത്രേ...Telangana-Andhra politics, KCR, Jaganmohan Reddy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘തെലങ്കാനയുടെ ഒരുതുള്ളി വെള്ളം ആർക്കും വിട്ടുകൊടുക്കില്ല. തെലങ്കാനയ്ക്കുവേണ്ടി ആർക്കെതിരെയും പോരാടാൻ ‍ഞാനുണ്ട്’– ശർമിളയുടെ വെല്ലുവിളി ആന്ധ്രയോടാണെങ്കിലും ചെന്നുതറയ്ക്കുന്നത് സ്വന്തം ചേട്ടൻ ജഗൻ മോഹന്റെ നെഞ്ചിലാണ്. കൃഷ്ണ നദിയിലെ ജലത്തെച്ചൊല്ലി ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കുമിടയിൽ തിളയ്ക്കുന്ന പോര് ഇനി വൈഎസ്ആറിന്റെ മക്കൾ തമ്മിലുള്ള ഏറ്റുമുട്ടലാകുമോ എന്നാണ് അറിയേണ്ടത്. മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ (വൈഎസ്ആർ) പിന്മുറക്കാരനായി ആന്ധ്രയിൽ ഭരണം പിടിച്ച മകൻ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയെ വിറപ്പിച്ചുകൊണ്ടാണ് സഹോദരി വൈ.എസ്.ശർമിളയുടെ നീക്കങ്ങൾ.

വൈഎസ്ആറിന്റെ ജന്മവാർഷികദിനമായ ജൂലൈ എട്ടിലേക്കാണു രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന ശർമിള പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയപാർട്ടിയുടെ ഉദ്ഘാടനം അന്നാണ്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ വീഴ്ത്തി തെലങ്കാനയിൽ ‘രാജണ്ണ രാജ്യം’ (രാജശേഖര റെഡ്ഡിയുടെ ഭരണം) കൊണ്ടുവരുമെന്ന ശപഥത്തിലാണ് ശർമിള. അവരുടെ നീക്കം ആദ്യം കാര്യമായെടുത്തില്ലെങ്കിലും ഇപ്പോൾ റാവുവിനെ ഞെട്ടിച്ചിട്ടുണ്ടത്രേ. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ശർമിളയുടെ പ്രചാരണബോർഡുകൾ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ നീക്കിയത് ഇതിനു തെളിവാണെന്നും അനുയായികൾ പറയുന്നു.

ADVERTISEMENT

രാജണ്ണയുടെ മകൾ

2004 മുതൽ 2009 വരെ അവിഭക്ത ആന്ധ്രപ്രദേശിൽ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു വൈഎസ്ആർ. 2009ൽ ഹെലികോപ്റ്റർ അപകടത്തിലാണു മരിച്ചത്. തുടർന്ന് തന്നെ മുഖ്യമന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ജഗൻ കോൺഗ്രസ് വിട്ട് വൈഎസ്ആർ കോൺഗ്രസ് രൂപീകരിച്ചത്. ശർമിളയുടെ രാഷ്ട്രീയമോഹങ്ങളെ തുടക്കം മുതൽ ജഗൻ എതിർത്തിരുന്നു എന്നാണു റിപ്പോർട്ടുകൾ. വളർന്നുവളർന്ന് ശർമിള തനിക്കു ഭീഷണിയാകുമോ എന്നു ജഗൻ ഭയപ്പെട്ടിരുന്നത്രേ. എന്നാൽ, താൻ ആന്ധ്ര നോട്ടമിടുന്നില്ലെന്നും തെലങ്കാനയാണു തട്ടകമാക്കുന്നതെന്നും ശർമിള വ്യക്തമാക്കിയതോടെ ആശ്വസിച്ചിരിക്കുകയായിരുന്നു ചേട്ടൻ. ‘ജഗൻമോഹൻ ആന്ധ്രയിൽ ജോലി ചെയ്യുന്നു, ഞാൻ തെലങ്കാനയിലും’ എന്നൊക്കെ പറഞ്ഞുനടന്ന ശർമിള ഇപ്പോഴിതാ ജഗനെത്തന്നെ വെല്ലുവിളിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ.

ശർമിള പിതാവിന്റെ പ്രതിമയ്ക്കരികെ. ചിത്രം: ട്വിറ്റർ

തെലങ്കാനയ്ക്കുവേണ്ടി എന്തും ചെയ്യാൻ ഒരുക്കമാണെന്ന് ശർമിള കഴിഞ്ഞയാഴ്ച ട്വിറ്ററിൽ കുറിച്ചു. ഒപ്പം, ഖമ്മത്തു നടത്തിയ പ്രസംഗത്തിന്റെ വിഡിയോയും ഷെയർ ചെയ്തു. ‘തെലങ്കാനയ്ക്കുവേണ്ടി നിലകൊള്ളാനും തെലങ്കാനയ്ക്കു നീതി നിഷേധിക്കുന്ന പദ്ധതികളെ എതിർക്കാനും ഞാനുണ്ടാകുമോ എന്നു ചിലർക്കു സംശയം കാണും. തെലങ്കാനയോട് അനീതി കാട്ടുന്ന എന്തിനെയും എതിർക്കുമെന്ന് രാജണ്ണയുടെ മകൾ ഉറപ്പുനൽകുന്നു’– അണികളെ ആവേശത്തിലാക്കി ശർമിള കത്തിക്കയറി.

തെലങ്കാനയാണു ലക്ഷ്യമെങ്കിലും ശർമിളയുടെ നീക്കങ്ങളിൽ ജഗൻ അപകടം മണക്കുന്നു. ശർമിളയുടെ നിലപാട് ജഗനെതിരെ ആന്ധ്രയിൽ പ്രതിപക്ഷം ആളിക്കത്തിക്കുമെന്ന് ഉറപ്പാണ്. വൈഎസ്ആർ കോൺഗ്രസിൽ താൻ കഴിഞ്ഞാൽ ഏറ്റവും ജനപ്രീതിയുള്ള ഷർമിള പാർട്ടി വിടുന്നതും ജഗനെ അസ്വസ‌്ഥനാക്കുന്നു.

ADVERTISEMENT

നടന്നുനടന്ന് കീഴടക്കി

വൈഎസ്ആറിന്റെ മകളായും ജഗന്റെ സഹോദരിയായും ഒതുങ്ങിക്കഴിഞ്ഞിരുന്ന ശർമിള 2012ലാണ് രാഷ്ട്രീയത്തിൽ കാലെടുത്തുവച്ചത്. അനധികൃത സ്വത്തു കേസിൽ ജയിലിലായിരുന്ന ജഗന്റെ അസാന്നിധ്യത്തിൽ അന്ന് വൈഎസ്ആർ കോൺഗ്രസിന്റെ ഉപതിരഞ്ഞെടുപ്പു പ്രചാരണം ശർമിള ഏറ്റെടുക്കുകയായിരുന്നു. ആന്ധ്രയിലെ 18 നിയമസഭാ മണ്ഡലങ്ങളിലും നെല്ലൂർ ലോക്സഭാ മണ്ഡലത്തിലും ജനക്കൂട്ടത്തെ കയ്യിലെടുത്താണ് ശർമിള അന്നു രാഷ്ട്രീയവരവറിയിച്ചത്. മുക്കിയും മൂളിയുമായിരുന്നു പ്രചാരണത്തുടക്കമെങ്കിൽ ദിവസങ്ങൾക്കകം അതു മണിക്കൂറുകൾ നീളുന്ന വാക്‌പ്രവാഹമായി മാറി. ഫലം വന്നപ്പോൾ എതിരാളികൾ ഞെട്ടി; 15 നിയമസഭാ സീറ്റും നെല്ലൂർ ലോക്സഭാ സീറ്റും വൈഎസ്ആർ കോൺഗ്രസിന്.

ശർമിള വാറങ്കലിൽ പ്രചാരണത്തിനിടെ. ചിത്രം: പിടിഐ

അതേ വർഷം ഒക്ടോബറിൽ ശർമിള 3112 കിലോമീറ്റർ പദയാത്രയ്ക്കിറങ്ങി. വൈഎസ്ആറിനെ അനുസ്മരിപ്പിക്കും വിധമുള്ള അഭിവാദ്യത്തിലൂടെ ജനക്കൂട്ടത്തെ ഇളക്കിമറിച്ച ശർമിള നൂറ്റൻപതോളം പൊതുസമ്മേളനങ്ങളിൽ പ്രസംഗിച്ചും വിവിധ സമൂഹങ്ങളുമായി കൂടിക്കാഴ്ച നടത്തിയും ജനപ്രീതി നേടി. എന്നാൽ, ഒന്നരവർഷത്തെ ജയിൽവാസത്തിനു ശേഷം 2013 സെപ്റ്റംബറിൽ ജഗൻ ജാമ്യത്തിലിറങ്ങിയതോടെ ശർമിള വീണ്ടും വീടിനുള്ളിലൊതുങ്ങി. പിന്നീട് ശർമിള വാർത്തകളിൽ നിറഞ്ഞത് 2019ലാണ്; നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വൈഎസ്ആർ കോൺഗ്രസിന്റെ പ്രചാരണത്തിനായി നടത്തിയ 11 ദിവസത്തെ ‘ബൈ ബൈ ബാബു’ ബസ് യാത്രയിലൂടെ. 

അന്നത്തെ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടെന്നു സൂചിപ്പിക്കാൻ ബസിൽ കൗണ്ട്ഡൗൺ ക്ലോക്ക് സ്ഥാപിച്ചായിരുന്നു യാത്ര. ഫലം വന്നപ്പോൾ വൈഎസ്ആർ കോൺഗ്രസിനു മിന്നും ജയം. വരുന്ന നവംബറിൽ നടത്തുന്ന പദയാത്രയിലൂടെ തെലങ്കാനയുടെ മണ്ണിൽ കാലുറപ്പിക്കാമെന്നാണ് ശർമിളയുടെ പ്രതീക്ഷ. അവിഭക്ത ആന്ധ്രയിൽ വൈഎസ്ആർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായ ജനം ‘രാജണ്ണ’യുടെ മകളെ ചേർത്തുപിടിക്കുമെന്നും ശർമിള കരുതുന്നു.

ADVERTISEMENT

തൊഴുത്തിൽക്കുത്ത്?

കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് ശർമിള ഹൈദരാബാദ് ലോട്ടസ് പോണ്ടിലെ വീട്ടിൽ തെലങ്കാനയിൽനിന്നുള്ള അനുയായികളെ വിളിച്ചുകൂട്ടി രാഷ്ട്രീയമോഹം വെളിപ്പെടുത്തിയത്. 2014ൽ ആന്ധ്രയും തെലങ്കാനയുമായി സംസ്ഥാനം വിഭജിക്കപ്പെട്ട ശേഷം പ്രവർത്തിക്കാൻ അവസരമില്ലാതെ ഒതുങ്ങിക്കഴിയുകയായിരുന്ന തെലങ്കാനയിലെ വൈഎസ്ആർ അനുയായികൾ ശർമിളയുടെ നീക്കത്തെ ആവേശത്തോടെയാണു കാണുന്നത്. തെലങ്കാനയിൽ പേരിനു മാത്രം പ്രവർത്തിക്കുന്ന വൈഎസ്ആർ കോൺഗ്രസിന്റെ അണികളെ പുതിയ പാർട്ടിയിലേക്ക് ആകർഷിക്കാമെന്നും ശർമിള കരുതുന്നു.

ശർമിള കടന്നുപോവുന്ന വാഹനത്തെ അഭിവാദ്യം ചെയ്യുന്ന പാർട്ടിപ്രവർത്തകർ. ചിത്രം: ട്വിറ്റർ

 

രാഷ്ട്രീയപ്രവേശത്തിൽനിന്നു ശർമിള പിന്നോട്ടില്ലെന്നു വ്യക്തമായതോടെ വൈഎസ്ആർ കുടുംബം രണ്ടു ചേരിയിലായെന്ന വിവരങ്ങളാണു പുറത്തുവരുന്നത്. അമ്മ വിജയമ്മയുടെ പൂർണ പിന്തുണ തനിക്കാണെന്ന് ശർമിള അവകാശപ്പെടുന്നു. മുൻപ് ജഗന്റെ അസാന്നിധ്യത്തിൽ വൈഎസ്ആർ കോൺഗ്രസിന്റെ പ്രചാരണം ശർമിള നയിച്ചപ്പോൾ വിജയമ്മ ഒപ്പമുണ്ടായിരുന്നു. പ്രമുഖ തെലുങ്ക് സുവിശേഷപ്രഭാഷകനായ ഭർത്താവ് എം.അനിൽകുമാറും ശർമിളയുടെ വാർ റൂമിൽ തന്ത്രങ്ങൾ മെനയുന്നതിൽ പങ്കുവഹിക്കുന്നു.

 

‘സജീവ രാഷ്ട്രീയത്തിലേക്കു കടക്കുന്നതിൽനിന്നു ശർമിളയെ പിന്തിരിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. എന്നാൽ അവരുടെ തീരുമാനം ബോധപൂർവമാണ്. തെലങ്കാനയിൽ രാഷ്ട്രീയശൂന്യതയുണ്ടെന്ന് അവർ കരുതുന്നു’– ജഗന്റെ മുഖ്യ ഉപദേഷ്ടാവും വൈഎസ്ആർ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സജ്ജല രാമകൃഷ്ണ റെഡ്ഡിയുടെ വാക്കുകളിൽ നിഴലിക്കുന്നത് ജഗന്റെ ഇഷ്ടക്കേടുതന്നെ. ശർമിളയുടെ പാർട്ടിയുമായി ജഗനോ വൈഎസ്ആർ കോൺഗ്രസിനോ യാതൊരു ബന്ധവുമില്ലെന്നും രാമകൃഷ്ണ റെഡ്ഡി കൂട്ടിച്ചേർത്തു. അതേസമയം, ശർമിളയും ജഗനും തമ്മിൽ വ്യക്തിപരമായി തർക്കങ്ങളില്ലെന്നും ആശയപരമായ ചില വ്യത്യാസങ്ങൾ മാത്രമാണുള്ളതെന്നും കുടുംബവുമായി അടുപ്പമുള്ളവർ പറയുന്നു. ശർമിളയുടെ പാർട്ടിരൂപീകരണത്തെപ്പറ്റി ജഗൻ ഇതുവരെ പ്രതികരിക്കാത്തതും അഭ്യൂഹങ്ങൾക്ക് ആഴംകൂട്ടുന്നു.

അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന ശർമിള. ചിത്രം: ട്വിറ്റർ

 

കളി, കളമറിഞ്ഞ്

കുടുംബസഹായിയായ വടുക രാജഗോപാലാണു പാർട്ടി രൂപീകരണത്തിൽ ശർമിളക്കൊപ്പം മുൻനിരയിൽ നിൽക്കുന്നത്. വൈഎസ്ആർ തെലങ്കാന പാർട്ടി എന്ന പേരിൽ കക്ഷി റജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പു കമ്മിഷനിൽ അപേക്ഷ നൽകിയതും രാജഗോപാലാണ്. തെലങ്കാനയിലെ തൊഴിലില്ലായ്മയിൽ പ്രതിഷേധിച്ച് പട്ടിണിസമരം നടത്തിയും തൊഴിലില്ലായ്മയെത്തുടർന്ന് മേഡക് ജില്ലയിൽ ജീവനൊടുക്കിയ യുവാക്കളുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ സംസ്ഥാന രൂപീകരണദിനം (ജൂൺ 2) തന്നെ തിരഞ്ഞെടുത്തുമൊക്കെ ചടുലമായ രാഷ്ട്രീയനീക്കങ്ങളാണു ശർമിള തുടക്കത്തിൽത്തന്നെ നടത്തിയത്. പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും എതിരാളികൾക്കെതിരെ തുറന്ന പോരാണു നയിക്കുന്നത്. 

മുഖ്യമന്ത്രി കെസിആർ മാത്രമല്ല തെലങ്കാനയി‍ൽ മുന്നേറ്റത്തിനു ശ്രമിക്കുന്ന കോൺഗ്രസിന്റെ പുതിയ പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡി വരെ ശർമിളയുടെ നാവിന്റെ ചൂടറിഞ്ഞുകഴിഞ്ഞു. സഹോദരൻ ജഗന്റെ വാക്കു മറികടന്നാണു നീക്കമെങ്കിലും പാർട്ടി രൂപീകരണത്തിൽ അദ്ദേഹംതന്നെയാണു ശർമിളയുടെ മാതൃക. ആന്ധ്രയിൽ ചന്ദ്രബാബുവിനെ കടപുഴക്കിയ ജഗന്റെ തന്ത്രങ്ങളാണു തെലങ്കാനയിൽ കെസിആറിനെതിരെ ശർമിളയും പയറ്റുന്നത്. ജഗന്റെ പാർട്ടിയുടെ പേരുമായും ശർമിളയുടെ പാർട്ടിക്കു സാമ്യമുണ്ട്. ജഗന്റേത് വൈഎസ്ആർസിപി (വൈഎസ്ആർ കോൺഗ്രസ് പാർട്ടി) എങ്കിൽ ശർമിളയുടേത് വൈഎസ്ആർടിപി (വൈഎസ്ആർ തെലങ്കാന പാർട്ടി)

വാഴുമോ വീഴുമോ?

തെലങ്കാനയിലെ എല്ലാ ജില്ലകളിൽനിന്നുമായി ലക്ഷക്കണക്കിനു പ്രവർത്തകരെ അണിനിരത്തിയുള്ള പടുകൂറ്റൻ പൊതുസമ്മേളനത്തിലാകും പാർട്ടി ഉദ്ഘാടനമെന്നാണു നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഹൈദരാബാദ് ജൂബിലി ഹിൽസിലെ ജെആർസി കൺവൻഷൻ സെന്ററിലേക്കു പരിപാടി മാറ്റിയിട്ടുണ്ട്. പ്രതീക്ഷിച്ചത്ര ആളുകൾ എത്തില്ലെന്ന് മനസ്സിലായതോടെയാണു പരിപാടി ഹാളിലേക്കു മാറ്റിയതെന്ന് എതിരാളികൾ പരിഹസിക്കുന്നു. തെലങ്കാനയിൽ നിലവിൽ കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. തെലങ്കാന സംസ്ഥാന രൂപീകരണത്തെ വൈഎസ്ആർ എതിർത്തിരുന്ന കാര്യം ജനം എളുപ്പത്തിൽ മറക്കില്ലെന്നും അഭിപ്രായമുയരുന്നുണ്ട്.

ബിജെപിയുടെ ‘ബി ടീം’ ആണ് ശർമിളയും സംഘവുമെന്ന ആരോപണവുമുയരുന്നുണ്ട്. കെസിആറിന്റെ തെലങ്കാന രാഷ്ട്ര സമിതിയുടെയും കോൺഗ്രസിന്റെയും വോട്ടിൽ വിള്ളൽ വീഴ്ത്തി ബിജെപിക്കു വഴിയൊരുക്കാൻ ശർമിളയെ ഇറക്കിയെന്നാണ് ആരോപണം. കഴിഞ്ഞ ഡിസംബറിലെ ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 150ൽ 48 വാർഡുകൾ നേടിയ ബിജെപി സംസ്ഥാനഭരണമെന്ന ലക്ഷ്യത്തോടെയാണു കരുക്കൾ നീക്കുന്നത്. കോൺഗ്രസിന്റെ റെഡ്ഡി വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താനും ടിആർഎസിനു ലഭിച്ചിരുന്ന ക്രിസ്ത്യൻ – മുസ്‌ലിം വോട്ടുകളിൽ നല്ലൊരു പങ്കു ചോർത്താനും ശർമിളയ്ക്കു കഴിയുമെന്നും ഇതു ബിജെപിക്കു ഗുണമാകുമെന്നും രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.

English Summary: Time for Jagan Mohan Reddy and Sister Sharmila Rivalry in Andhra-Telangana?