ജനപ്രതിനിധികളുടെ ഒരു മാസത്തെ ശമ്പളം ലെവിയായി വാങ്ങാനാണു കേരളാ കോൺഗ്രസിന്റെ തീരുമാനമെങ്കിൽ ഓരോ പാർട്ടിയിലും ഇതു വ്യത്യസ്തമാണ്. കേരളത്തിലെ പ്രധാന പാർട്ടികളിൽ ... Levy in political parties, CPM, CPI, Congress, Kerala Congress, Malayala Manorama, Manorama Online, Manorama News

ജനപ്രതിനിധികളുടെ ഒരു മാസത്തെ ശമ്പളം ലെവിയായി വാങ്ങാനാണു കേരളാ കോൺഗ്രസിന്റെ തീരുമാനമെങ്കിൽ ഓരോ പാർട്ടിയിലും ഇതു വ്യത്യസ്തമാണ്. കേരളത്തിലെ പ്രധാന പാർട്ടികളിൽ ... Levy in political parties, CPM, CPI, Congress, Kerala Congress, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രതിനിധികളുടെ ഒരു മാസത്തെ ശമ്പളം ലെവിയായി വാങ്ങാനാണു കേരളാ കോൺഗ്രസിന്റെ തീരുമാനമെങ്കിൽ ഓരോ പാർട്ടിയിലും ഇതു വ്യത്യസ്തമാണ്. കേരളത്തിലെ പ്രധാന പാർട്ടികളിൽ ... Levy in political parties, CPM, CPI, Congress, Kerala Congress, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇടതുമുന്നണിയുടെ ഭാഗമായതോടെ ചില ഇടതു കേഡർ വിചാരങ്ങൾ കേരളാ കോൺഗ്രസ് എമ്മിനുമുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമാണു പാർട്ടി അംഗങ്ങളായ ജനപ്രതിനിധികൾക്കു ലെവി ചുമത്താനുള്ള തീരുമാനം. ജനപ്രതിനിധികൾ അവർക്കു ലഭിക്കുന്ന മാസ ശമ്പളത്തിൽ നിശ്ചിത ശതമാനം പാർട്ടിക്കു നൽകുന്നതിനെയാണു ലെവി അഥവാ കരം(നികുതി) എന്നുദ്ദേശിക്കുന്നത്.

ജനപ്രതിനിധികളുടെ ഒരു മാസത്തെ ശമ്പളം ലെവിയായി വാങ്ങാനാണു കേരളാ കോൺഗ്രസിന്റെ തീരുമാനമെങ്കിൽ ഓരോ പാർട്ടിയിലും ഇതു വ്യത്യസ്തമാണ്. കേരളത്തിലെ പ്രധാന പാർട്ടികളിൽ സിപിഎമ്മും സിപിഐയുമാണ് ഏറ്റവും വ്യവസ്ഥാപിതമായ രീതിയിൽ ലെവി ചുമത്തിപ്പോരുന്നത്.

ADVERTISEMENT

കേരളത്തിൽ ഏറ്റവുമധികം അംഗങ്ങളും ജനപ്രതിനിധികളുമുള്ള പാർട്ടി എന്ന നിലയിൽ ലെവിയാണു സിപിഎമ്മിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സ്. ഇടതു പാർട്ടിയായ ആർഎസ്പിയിലുമുണ്ട് ലെവി സമ്പ്രദായം. മുസ്‍ലിം ലീഗിനു ജില്ല തിരിച്ച് ഓരോ രീതിയിലാണു ലെവി. കോൺഗ്രസിൽ ചില പ്രാദേശിക ഘടകങ്ങളിൽ മാത്രം ലെവിയുണ്ട്. എല്ലാ പാർട്ടികളിലും പാർട്ടി കമ്മിറ്റിയുടെ പൊതു ചെലവിനാണ് ഈ തുക വിനിയോഗിക്കുന്നത്.

∙ സിപിഎമ്മിൽ 20% വരെ

സിപിഎമ്മിൽ അംഗമാണെങ്കിലും ജനപ്രതിനിധിയാണെങ്കിലും ലെവി നൽകണം. വരുമാനം വർധിക്കുമ്പോൾ ലെവിയും വർധിക്കുന്നതാണു സിപിഎമ്മിന്റെ രീതി. ഓണറേറിയം പറ്റുന്നവരിൽനിന്നു കുറഞ്ഞത് അഞ്ചു ശതമാനം ലെവി പിടിക്കും. ഇതു പരമാവധി 20% വരെയാണ്. ജനപ്രതിനിധികൾക്കും ഇങ്ങനെ തന്നെ. ഏതു പാർട്ടി ഘടകത്തിനാണോ, ആ ജനപ്രതിനിധിയെയോ ബോർഡ് ചെയർമാനെയോ നിശ്ചയിക്കാൻ അധികാരമുള്ളത്, ആ ഘടകത്തിനാണു ലെവി നൽകേണ്ടത്. ചില ബോർഡ് ചെയർമാൻമാരെ പാർട്ടിക്കു പുറത്തുനിന്നു നിയമിക്കാറുണ്ട്. അവരോടുള്ള ആദരവിന്റെ ഭാഗമായി നൽകുന്ന നിയമനമായതിനാൽ ലെവി പിരിക്കാറില്ല.

അതേസമയം, വരുമാനമുള്ള പാർട്ടി അംഗങ്ങളെല്ലാം വരുമാനത്തിന് അനുസൃതമായി ലെവി നൽകണം. ഒരു വീട്ടിൽ വരുമാനമുള്ള മൂന്ന് പാർട്ടി അംഗങ്ങളുണ്ടെങ്കിൽ മൂന്നു പേരും ബന്ധപ്പെട്ട കമ്മിറ്റിക്കു ലെവി നൽകണം. അതേസമയം, വരുമാനമില്ലാത്തവർ, കിടപ്പുരോഗികൾ, പ്രായാധിക്യമുള്ളവർ, മറ്റു സാമ്പത്തിക പ്രയാസമുള്ളവർ എന്നിവരെയെല്ലാം ലെവിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാസശമ്പളക്കാരിൽനിന്ന് ഓരോ മാസവും കർഷകരിൽനിന്നു വർഷത്തിലൊരിക്കലും ലെവി സ്വീകരിക്കും.

ADVERTISEMENT

∙ സിപിഐയിൽ പരമാവധി 10%

സിപിഐയിൽ പാർട്ടി അംഗത്തിനു വരുമാനത്തിന്റെ ഒരു ശതമാനമാണു ലെവി. അതേസമയം, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരും, ബോർഡ്–കോർപറേഷനുകളിൽ ഓണറേറിയം പറ്റുന്നവരും പരമാവധി 10% ലെവി അടയ്ക്കണം. ഇത് ഓരോ മാസവും നൽകണം. ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ലെവി ലോക്കൽ കമ്മിറ്റിക്കും മുനിസിപ്പൽ കൗൺസിലറുടെ ലെവി മണ്ഡലം കമ്മിറ്റിക്കും ബ്ലോക്ക്–കോർപറേഷൻ–ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ലെവി ജില്ലാ കൗൺസിലിനുമാണു നൽകുക. സിപിഐയിലും സിപിഎമ്മിലും എംഎൽഎമാർ സംസ്ഥാന കമ്മിറ്റിക്കും എംപിമാർ കേന്ദ്രകമ്മിറ്റിക്കുമാണു ലെവി നൽകേണ്ടത്.

∙ ബിജെപിക്കു സമർപ്പണനിധി അംഗങ്ങളിൽനിന്നും

ജനപ്രതിനിധികളിൽനിന്നും ലെവി പിരിക്കുന്ന രീതി ബിജെപിക്കില്ല. ഇതിനു പകരം വർഷത്തിലൊരിക്കൽ സമർപ്പണ നിധി പിരിക്കും. ശാഖാ കമ്മിറ്റികൾ വഴിയാണു സമർപ്പണനിധി. ഇഷ്ടമുള്ളതെന്തും പാർട്ടിക്കു നൽകാം. അത് ഒരു രൂപയാകാം, ഒരു ലക്ഷം രൂപയുമാകാം.

ADVERTISEMENT

∙ ലെവി ചുമത്താൻ കോൺഗ്രസും

കോൺഗ്രസിൽ നിലവിൽ ലെവിക്കു കേന്ദ്രീകൃത രൂപമില്ല. ചുരുക്കം ചില ജില്ലകളിൽ പ്രാദേശികമായി പിരിക്കുന്നുണ്ടെന്നു മാത്രം. ഉദാഹരണത്തിന്, കോൺഗ്രസിനു ഭരണമുള്ള ഏക കോർപറേഷനായ കണ്ണൂരിൽ കൗൺസിലർമാർ പാർലമെന്ററി പാർട്ടിക്കു ലെവി നൽകണം. ഓരോ മാസവും കൗൺസിലർ 500 രൂപ, സ്ഥിരംസമിതി അധ്യക്ഷർ 600 രൂപ, മേയർ 1000 രൂപ എന്നിങ്ങനെയാണു നൽകേണ്ടത്. പാർലമെന്ററി പാർട്ടിയുടെ ചെലവുകൾക്കുശേഷമുള്ള തുക ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കു കൈമാറും. കേന്ദ്രീകൃത വ്യവസ്ഥയുണ്ടാക്കി സംസ്ഥാനതലത്തിൽ തന്നെ ലെവി സംവിധാനം നടപ്പാക്കാൻ കോൺഗ്രസിൽ ആലോചനയുണ്ട്. ഫുൾ ടൈമർമാരായ ഭാരവാഹികളെ നിയമിക്കാനും ഇവർക്കു ചെറിയ തുക അലവൻസായി നൽകാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ലെവി ഇതിനായി ഉപയോഗപ്പെടുത്താമെന്നാണ് ആലോചന.

മുസ്‍‍ലിം ലീഗിലും ലെവിക്ക് ഏകീകൃത രൂപമില്ല. ചില ജില്ലകളിൽ പ്രാദേശിക ഘടകങ്ങൾ, അവയ്ക്കു കീഴിലെ ജനപ്രതിനിധികളിൽനിന്നു മാസം നിശ്ചിത തുക ഈടാക്കാറുണ്ട്. എംഎൽഎമാർ ലെവി നൽകുന്നില്ല. ഇടതു പാർട്ടിയായ ആർഎസ്പിയിൽ ഭരണഘടനാപരമായിത്തന്നെ ലെവി നിലവിലുണ്ട്. ബോർഡ് അധ്യക്ഷർ മുതൽ എംപി വരെ ലെവി നൽകണം. 10 ശതമാനമെന്നാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഒരു നിശ്ചിത തുക നൽകും. വരുമാനമുള്ള എല്ലാ പാർട്ടി അംഗങ്ങളിൽനിന്നും ലെവി പിരിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും വർഷങ്ങളായി പിരിക്കുന്നില്ല. ഇതു കാര്യക്ഷമമാക്കാൻ ആലോചന നടക്കുന്നുണ്ട്.

വ്യാപാര–വ്യവസായ മേഖലയിൽനിന്നു വലിയ സംഭാവനയാണ് എല്ലാക്കാലത്തും രാഷ്ട്രീയ കക്ഷികൾക്കു ലഭിച്ചുപോന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ഈ മേഖലയ്ക്കു സാമ്പത്തിക തളർച്ചയുണ്ടായതോടെ ഇനി സംഭാവനയുടെ അളവ് കുറയും. അതുകൊണ്ടുതന്നെ പാർട്ടി അംഗങ്ങളെ കൂടുതലായി ഇനി പാർട്ടികൾക്ക് ആശ്രയിക്കേണ്ടിവരും.

English Summary: Levy system in political parties