തിര നിറച്ച തോക്ക് പോലെ, നാക്കിൽ വാക്കിന്റെ വെടിയുണ്ട സൂക്ഷിക്കുന്ന ഒരാൾ. മുഖം നോക്കാതെ, ആർക്കെതിരെയും എപ്പോൾ വേണമെങ്കിലും ആരോപണങ്ങളുടെ നിറയൊഴിക്കാൻ സദാസജ്‍ജം. സുബ്രഹ്മണ്യൻ സ്വാമി അങ്ങനെയാണ്, അപ്രതീക്ഷിത നീക്കങ്ങളാണ് ഇഷ്ടം... | Subramanian Swamy | Narendra Modi | Pegasus | Manorama News

തിര നിറച്ച തോക്ക് പോലെ, നാക്കിൽ വാക്കിന്റെ വെടിയുണ്ട സൂക്ഷിക്കുന്ന ഒരാൾ. മുഖം നോക്കാതെ, ആർക്കെതിരെയും എപ്പോൾ വേണമെങ്കിലും ആരോപണങ്ങളുടെ നിറയൊഴിക്കാൻ സദാസജ്‍ജം. സുബ്രഹ്മണ്യൻ സ്വാമി അങ്ങനെയാണ്, അപ്രതീക്ഷിത നീക്കങ്ങളാണ് ഇഷ്ടം... | Subramanian Swamy | Narendra Modi | Pegasus | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിര നിറച്ച തോക്ക് പോലെ, നാക്കിൽ വാക്കിന്റെ വെടിയുണ്ട സൂക്ഷിക്കുന്ന ഒരാൾ. മുഖം നോക്കാതെ, ആർക്കെതിരെയും എപ്പോൾ വേണമെങ്കിലും ആരോപണങ്ങളുടെ നിറയൊഴിക്കാൻ സദാസജ്‍ജം. സുബ്രഹ്മണ്യൻ സ്വാമി അങ്ങനെയാണ്, അപ്രതീക്ഷിത നീക്കങ്ങളാണ് ഇഷ്ടം... | Subramanian Swamy | Narendra Modi | Pegasus | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിര നിറച്ച തോക്ക് പോലെ, നാക്കിൽ വാക്കിന്റെ വെടിയുണ്ട സൂക്ഷിക്കുന്ന ഒരാൾ. മുഖം നോക്കാതെ, ആർക്കെതിരെയും എപ്പോൾ വേണമെങ്കിലും ആരോപണങ്ങളുടെ നിറയൊഴിക്കാൻ സദാസജ്‍ജം. സുബ്രഹ്മണ്യൻ സ്വാമി അങ്ങനെയാണ്, അപ്രതീക്ഷിത നീക്കങ്ങളാണ് ഇഷ്ടം. മിത്രവും ശത്രുവും ഒരുപോലെ ഭയപ്പെടുന്ന നേതാവ്. വാർത്താ തലക്കെട്ടുകളെ ആകർഷിച്ചു കൊണ്ടേയിരിക്കും; വിവാദം വിട്ടൊരു കളിയില്ല. ശത്രുപക്ഷത്തു ശക്തരെങ്കിൽ ആക്രമണത്തിനു മൂർച്ചയേറും. ഇന്ത്യയാകെ ഇപ്പോൾ ചർച്ച ചെയ്യുന്ന പെഗസസ് വിവാദത്തിന്റെ ആദ്യ വെടിപൊട്ടിച്ചതും സ്വാമിയാണ്.

ജൂലൈ 18ന് രാവിലെ 10.11. ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വിറ്റർ ഹാൻഡിലിൽ ഒരു ട്വീറ്റ് വന്നു. കേന്ദ്രമന്ത്രിമാരുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും ആർഎസ്എസ് നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്നായിരുന്നു ട്വീറ്റ്. ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ ആയ പെഗസസ് ഉപയോഗിച്ചാണു ഫോൺ ചോർത്തിയത്. വാഷിങ്ടൻ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുമെന്നാണു സൂചനയെന്നും തുടർന്നു കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നുമായിരുന്നു സ്വാമിയുടെ വാക്കുകൾ.

ADVERTISEMENT

ഇതു വളരെ പെട്ടെന്നു വാർത്തയായി, പ്രതിപക്ഷം ഏറ്റെടുത്തതോടെ ചർച്ചയുമായി. സ്വാമിയുടെ ട്വീറ്റ് ശരിവയ്ക്കുന്ന റിപ്പോർട്ടുകൾ അന്നു വൈകിട്ടോടെ മാധ്യമങ്ങൾ പുറത്തുവിട്ടു. പെഗസസിന്റെ നിരീക്ഷണത്തിൽ ഇന്ത്യയിലെ രണ്ടു കേന്ദ്രമന്ത്രിമാർ, മൂന്നു പ്രമുഖ പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജി, നാൽപതിലേറെ മാധ്യമപ്രവർത്തകർ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നായിരുന്നു റിപ്പോർട്ട്. ‘വാഷിങ്ടൻ പോസ്റ്റ്’, ‘ദ് ഗാർ‌ഡിയൻ’, ഓൺലൈൻ മാധ്യമമായ ‘ദ് വയർ’ തുടങ്ങി 17 മാധ്യമങ്ങൾ ചേർന്നാണു വിവരങ്ങൾ പുറത്തുവിട്ടത്.

ലോകമെങ്ങുമുള്ള ആയിരക്കണക്കിനു പേരുടെ വിവരങ്ങളാണു റിപ്പോർട്ടിലുള്ളത്. പട്ടികയിലുള്ള ഇന്ത്യക്കാരിൽ 10 പേരുടെ ഫോണുകളിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ പെഗസസ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതായി കണ്ടെത്തി. കൂടുതൽ നിരീക്ഷണവും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് 2017–19 കാലയളവിലായിരുന്നുവെന്നാണു വിവരം. ഇസ്രയേൽ സൈബർ ഇന്റലിജൻസ് സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗസസ് സോഫ്റ്റ്‍വെയർ സർക്കാരുകൾക്കു മാത്രമേ നൽകൂ എന്നതിനാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ നരേന്ദ്ര മോദി സർക്കാരിനു പ്രഹരമായി. സ്വന്തം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരമായിരുന്നിട്ടും ആദ്യമേതന്നെ പുറത്തുവിട്ടു സ്വാമി ‘വ്യക്തിത്വം’ സൂക്ഷിക്കുകയും ചെയ്തു.

∙ സ്വാമി തുറന്നുവിട്ട പെഗസസ് ഭൂതം

പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്നതിനു തലേന്നാണു പെഗസസ് വിവാദം പൊട്ടിവീണത്. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷത്തിനു കിട്ടിയ വലിയ വടിയായി അത്. കോവിഡ്, വാക്സിനേഷൻ, ഇന്ധന വിലവർധന, കർഷക സമരം തുടങ്ങിയ വിഷയങ്ങളെപ്പോലും മാറ്റിവച്ച് പ്രതിപക്ഷം പെഗസസ് ഏറ്റെടുത്തതോടെ പാർലമെന്റ് ബഹളമയമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനെതിരെ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ വികസനക്കുതിപ്പു തടയാൻ വിഘടനവാദികളും പ്രതിലോമശക്തികളും ചേർന്നുള്ള ഗൂഢാലോചനയാണ് ഇതെന്നായിരുന്നു ഷായുടെ പ്രതികരണം,

ADVERTISEMENT

എന്നാൽ, താനുൾപ്പെട്ട ബിജെപി സർക്കാരിനെ വെറുതെവിടാൻ സ്വാമി ഒരുക്കമല്ലായിരുന്നു. ‘‘നമ്മുടെ ഫോണുകൾ ചോർത്തിയ ഇസ്രയേൽ കമ്പനിയുമായി മോദി സർക്കാരിനു യാതൊരു ബന്ധവുമില്ലെന്നു പാർലമെന്റിൽ അമിത് ഷാ പ്രസ്താവന നടത്തിയാൽ നന്നായിരിക്കും.’’ എന്നായിരുന്നു സ്വാമിയുടെ പ്രതികരണം. അല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് വിവാദം പോലെ യാഥാർഥ്യം പുറത്തുവന്നാല്‍ അതു ബിജെപിയെ വല്ലാതെ വ്രണപ്പെടുത്തുമെന്നും പറഞ്ഞു. പെഗസസ് വിവാദം ഗൂഢാലോചനയെന്ന അമിത് ഷായുടെ പ്രതികരണം സ്വാമിയെ തൃപ്തിപ്പെടുത്തിയില്ല.

45 രാജ്യങ്ങൾ ഉപയോഗിക്കുന്ന പെഗസസ് സോഫ്റ്റ്‌വെയറിനെച്ചൊല്ലി ഇന്ത്യയിൽ മാത്രം എന്തുകൊണ്ടാണു വിവാദമെന്നു മുൻ കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദും ചോദിച്ചു. എന്താണു യാഥാർഥ്യമെന്നു ജനങ്ങളോടു വിശദീകരിക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനു ബാധ്യതയുണ്ടെന്നു പറഞ്ഞു സ്വാമി വീണ്ടു ട്വീറ്റ് ചെയ്തു. ‘‘പണം ഈടാക്കി ചാരവൃത്തി നടത്തുന്ന വ്യവസായ കമ്പനിയാണു പെഗസസ് സോഫ്റ്റ്‌വെയർ എന്നു വ്യക്തമായിരിക്കുന്നു. ഇന്ത്യയിലെ ഓപ്പറേഷന് ആരാണു പണം നൽകിയത് എന്ന അനിവാര്യചോദ്യം ഉയരുന്നുണ്ട്. ഇന്ത്യൻ സർക്കാരല്ലെങ്കിൽ പിന്നെയാര്? ജനങ്ങളോട് ഇക്കാര്യം പറയാൻ മോദി സർക്കാരിനു ബാധ്യതയുണ്ട്,’’– സ്വാമി വ്യക്തമാക്കി.

പെഗസസ് ഉപയോഗിച്ചു നിരീക്ഷിക്കപ്പെട്ടവരുടെ പട്ടികയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അഞ്ചു സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണു റിപ്പോർട്ട്. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി എംപി, മുൻ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ, തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർ അശോക് ലവാസ, തിരഞ്ഞെടുപ്പു ക്രമക്കേടുകൾ വിലയിരുത്തുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിലെ (എഡിആർ) ജഗദീപ് ഛോക്കർ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പഴ്സനൽ സെക്രട്ടറി എന്നിവരുടെ നമ്പറുകളും ചോർത്തിയതായാണു വെളിപ്പെടുത്തൽ.

∙ ഈ സ്വാമി എന്താ ഇങ്ങനെ? 

ADVERTISEMENT

കുടത്തിൽനിന്നു വിവാദങ്ങളുടെ ഭൂതത്തെ തുറന്നുവിടുന്ന പരിപാടി സ്വാമി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതില്ലാതെ സ്വാമിക്കു ജീവിക്കാനാവില്ലെന്നാണു രാഷ്ട്രീയത്തിലെ അടക്കംപറച്ചിൽ. ജനതാ പാർട്ടി അധ്യക്ഷനായിരിക്കെ തന്നെ, മോദിയുടെ പ്രധാനമന്ത്രി സ്‌ഥാനാർഥിത്വത്തിനു പരസ്യപിന്തുണ പ്രഖ്യാപിച്ചാണു സ്വാമി ബിജെപിയിൽ പുനഃപ്രവേശനത്തിനു വഴിയൊരുക്കിയത്. അടൽ ബിഹാരി വാജ്‌പേയി സർക്കാരിനെ മറിച്ചിടാൻ 1999ൽ എഐഡിഎംകെ നേതാവും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ ജെ.ജയലളിതയെ പ്രേരിപ്പിച്ച ചരിത്രമുണ്ടു സ്വാമിക്ക്. അതിനാൽ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിനോടു അരുൺ ജയ്‌റ്റ്‌ലി ഉൾപ്പെടെയുള്ള നേതാക്കൾക്ക് എതിർപ്പായിരുന്നു.

എൽ.കെ.അഡ്വാനി, സുബ്രഹ്മണ്യൻ സ്വാമി (ഫയൽ ചിത്രം)

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ കക്ഷികളിൽനിന്നു നേതാക്കളെ ബിജെപിയിലെടുത്തപ്പോഴാണു സ്വാമിയും കയറിക്കൂടിയത്. അങ്ങനെ സ്വാമിയുടെ ജനതാ പാർട്ടി ബിജെപിയിൽ ലയിച്ചു. ബിജെപിയുടെ അന്നത്തെ അധ്യക്ഷൻ രാജ്‌നാഥ് സിങ്ങും സ്വാമിയും തമ്മിൽ നടന്ന കൂടിക്കാഴ്‌ചയെ തുടർന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മോദി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ സ്വാമി നീരസം കാണിച്ചുതുടങ്ങി. പ്രധാനമന്ത്രി മോദിയുടെയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും അവഗണനയായിരുന്നു മുഖ്യപ്രശ്നം. 

മനംമടുത്ത സുബ്രഹ്‌മണ്യൻ സ്വാമി പാർട്ടിക്കുള്ളിൽ വിമതനീക്കമാരംഭിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ ഹിന്ദുത്വ അജൻഡ നടപ്പാക്കാനുള്ള കർമപരിപാടി രൂപീകരിക്കാൻ പാർട്ടി ദേശീയ നിർവാഹക സമിതിയുടെ പ്രത്യേക യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു നിർവാഹക സമിതിയംഗമായിരുന്ന സ്വാമി അന്നത്തെ പാർട്ടി അധ്യക്ഷൻ അമിത് ഷായ്‌ക്കു കത്തയച്ചു. ഹിന്ദുത്വ അജൻഡയെ കുറിച്ചു ബിജെപിയെ ഓർമിപ്പിക്കാൻ ‘വിരാട് ഹിന്ദുസ്‌ഥാൻ സംഘം’ എന്ന സംഘടനയും രൂപീകരിച്ചു.

അയോധ്യ രാമക്ഷേത്ര നിർമാണം, ഏകീകൃത സിവിൽ കോഡ്, കശ്‌മീരിനു പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കൽ, ദേശീയതലത്തിൽ ഗോവധ നിരോധനം തുടങ്ങിയവയാണു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. മോദിയുമായി അടുപ്പവും ആർഎസ്‌എസിന്റെ പിന്തുണയുമുണ്ടായിട്ടും കേന്ദ്ര സർക്കാരിൽ ഔദ്യോഗിക പദവികൾ ലഭിക്കുന്നില്ലെന്നതാണു സ്വാമിയെ പ്രകോപിപ്പിക്കുന്നത്. കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നുള്ള സ്വാമിയുടെ പ്രതീക്ഷയ്ക്കു മോദി ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടുമില്ല. അച്ചടക്കത്തിന്റെ വരുതിയിൽ നിൽക്കാത്ത സ്വാമിയെ മന്ത്രിസഭയിലെടുക്കുന്നതു വിനയാകുമെന്നാണു മോദിക്കു കിട്ടിയ ഉപദേശം. മോദിയുടെ രണ്ടാം ടേമിലും സ്വാമി പുറത്തുതന്നെ.

∙ മിത്രമായ മോദിക്കും വിമർശനം

കാത്തിരിക്കുന്നതിൽ ഫലമില്ലെന്നായതോടെ സ്വാമി വർധിതവീര്യത്തോടെ ബിജെപിക്കും കേന്ദ്രത്തിനും എതിരെ വിമതസ്വരമുയർത്താനും തുടങ്ങി. വിദേശ ശക്തികൾക്കു മുന്നിൽ നട്ടെല്ലുവളയ്ക്കാത്ത മോദിയോട് ആദരവുണ്ടെന്നും നരകത്തിലേക്കായാലും മോദിക്കൊപ്പം നിൽക്കുമെന്നും നയം വ്യക്തമാക്കിയിട്ടുള്ളാണ്. എന്നാൽ, മോദിയാണ് അയോധ്യയിലെ രാമക്ഷേത്രം യാഥാർഥ്യമാക്കിയതെന്നു പറയുന്നതിൽ കഴമ്പില്ലെന്നാണു സ്വാമി പറയുന്നത്. രാമജന്മഭൂമി വിഷയത്തിൽ ഏതെങ്കിലും പ്രധാനമന്ത്രിമാരുടെ പേരു പരാമർശിക്കേണ്ടതുണ്ടെങ്കിൽ അത് രാജീവ് ഗാന്ധി, പി.വി.നരസിംഹറാവു, അടൽ ബിഹാരി വാജ്പേയി എന്നിവരുടേതാണ്.

നരേന്ദ്ര മോദി, വെങ്കയ്യ നായിഡു, സുബ്രഹ്മണ്യൻ സ്വാമി (ഫയൽ ചിത്രം)

രാമസേതു ദേശീയ പൈതൃകമാക്കണം എന്നാവശ്യപ്പെടുന്ന ഫയൽ വർഷങ്ങളായി മോദിയുടെ മേശപ്പുറത്തു കിടക്കുകയാണ് എന്നുമായിരുന്നു സ്വാമിയുടെ ആരോപണം. മോദിയുടെ വിദ്യാഭ്യാസപരമായ പരിമിതികൾ കാരണം ദാക്ഷിണ്യമില്ലാത്ത മന്ത്രിമാരെ തിരഞ്ഞെടുത്ത് അവർ പറയുന്നത് ശരിയാണെന്നു വിശ്വസിക്കേണ്ടിവരുന്നുവെന്നും തന്റെ പുസ്തകത്തിൽ സ്വാമി എഴുതിയിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിൽ ഒരു ചർച്ചകളും നടക്കുന്നില്ല. ഹാജർ വിളി മാത്രമേയുള്ളൂ. എന്താണു നടക്കുന്നതെന്ന് ആരും പ്രധാനമന്ത്രിയോടു പറയുന്നില്ലെന്നും ആരോപിച്ചു.

∙ ആദായനികുതിയും സ്വാമിയും

ഹാർവഡ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് പഠിച്ച് അവിടെ പ്രഫസറായ സാമ്പത്തിക വിദഗ്ധനാണു ഡോ. സുബ്രഹ്മണ്യൻ സ്വാമി. ഇന്ത്യയുടെ ധനമന്ത്രിയാവുകയാണു സ്വപ്നം. 81 വയസ്സുണ്ടെങ്കിലും സ്വാമിയുടെ ആ സ്വപ്നത്തിനു മങ്ങലില്ല. എഴുപതുകൾ മുതൽ രാഷ്ട്രീയത്തിലുണ്ടെങ്കിലും കേന്ദ്രമന്ത്രിയായതു കുറച്ചുകാലം മാത്രമാണ്; ചന്ദ്രശേഖർ മന്ത്രിസഭയിൽ എട്ടു മാസം വാണിജ്യമന്ത്രിയായി. ഇന്ത്യയുടെ സർവ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലി തന്റെ കയ്യിലുണ്ടെന്നാണു സ്വാമി പറയുന്നത്. തന്നെ ധനമന്ത്രിയാക്കി ഒരാഴ്ചയ്ക്കകം ആദായ നികുതി അപ്പാടെ റദ്ദാക്കുമെന്നാണു പ്രഖ്യാപനം.

ആദായനികുതി റദ്ദാക്കിയാൽ ജനങ്ങളുടെ സമ്പാദ്യം വർധിക്കും. നികുതി കൊടുക്കേണ്ടെന്നു വരുമ്പോൾ ആ പണവും മുതൽമുടക്കാവും. നികുതി ഇല്ലെങ്കിൽ പിന്നെ ചെലവുകൾക്കു സർക്കാർ എന്തു ചെയ്യും? പകരം ബാങ്ക് ഇടപാടുകൾക്കു ചെറിയൊരു നികുതി കൊണ്ടുവന്നാൽ മതിയെന്നാണു സ്വാമിയും ചില ചെറുകിട സംഘടനക്കാരും പറയുന്നത്. ആദായനികുതിയുടെ നാലിരട്ടി വരുമാനം ഉണ്ടാക്കാമത്രെ. ആദായനികുതി റദ്ദാക്കുന്നതിനെക്കുറിച്ച് സ്വാമി കുറിപ്പെഴുതി മോദിക്കു കൊടുത്തിട്ടുമുണ്ട്. സ്വാമിയുടെ വാക്കുകൾ കേൾക്കാൻ രസമുണ്ടെങ്കിലും നടപ്പാക്കാൻ ആരും മെനക്കെട്ടില്ല.

∙ ജയ്റ്റ്ലിയെ കണ്ടുകൂടാ, ‘ജിഎസ്ടി ഭ്രാന്ത്’

അന്തരിച്ച മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലിയെയാണു മോദി സർക്കാരിൽ സ്വാമി ഏറ്റവുമധികം ആക്രമിച്ചിട്ടുള്ളത്. തനിക്കെതിരായ ഉപദേശം മോദിക്കു നൽകി സ്‌ഥാനലബ്‌ധികൾക്കു തടസ്സം നിന്നതു ജയ്‌റ്റ്‌ലിയാണെന്നാണു സ്വാമിയുടെ വിശ്വാസം. ഇക്കാര്യത്തിൽ ജയ്‌റ്റ്‌ലിയെ നേരിൽ കണ്ട് അദ്ദേഹം പരാതിപ്പെടുകയും ചെയ്തിരുന്നു. മോദി സർക്കാർ നടപ്പിലാക്കിയ ചരക്ക്, സേവന നികുതി (ജിഎസ്ടി) ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്താണെന്നാണു സ്വാമിയുടെ കണ്ടുപിടിത്തം.

അരുൺ ജയ്റ്റ്ലി (ഫയൽ ചിത്രം)

ആദായനികുതി, ജിഎസ്ടി എന്നിവ ഉപയോഗിച്ച് നിക്ഷേപകരെ പേടിപ്പിച്ചോടിക്കരുത്. ആർക്കും മനസ്സിലാകാത്ത സങ്കീർണമായ ഭ്രാന്താണ് ജിഎസ്ടി. സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ജയ്റ്റ്ലിക്ക് പ്രാഥമിക വിവരം പോലുമില്ലായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ രാജ്യത്തു കാണുന്നത്. മോദി നല്ല രാഷ്ട്രീയ നേതാവാണെങ്കിലും ഇന്ത്യയുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു ധാരണയില്ലാത്തവരാണു ചുറ്റുമുള്ളത്. വിവാദ വ്യവസായി വിജയ് മല്യയെ രക്ഷപ്പെടാൻ സഹായിച്ചതു ധനമന്ത്രാലയത്തിലെ ഉന്നതനാണ്. മല്യയ്ക്കുവേണ്ടി സിബിഐ പുറപ്പെടുവിച്ച ‘ലുക്ക് ഔട്ട്’ നോട്ടിസ് തിരുത്തിയതിനു പിന്നാലെയാണു മല്യ നാടുവിട്ടതെന്നും ജയ്റ്റ്ലിയുടെ പ്രഖ്യാപിത ശത്രുവായ സ്വാമി പറഞ്ഞിട്ടുണ്ട്.

മോദി സർക്കാരിന്റെ മറ്റൊരു വലിയ നടപടിയായ നോട്ടുനിരോധനത്തിന്റെയും വിമർശകനാണ്. നോട്ടുനിരോധനം രാജ്യത്തെ തകര്‍ത്തു തരിപ്പണമാക്കി. ഇപ്പോഴത്തെ എല്ലാ പ്രതിസന്ധിയുടെയും കാരണം നോട്ടുനിരോധനമാണ്. നോട്ടുനിരോധനം സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ല എന്ന കണക്കുകള്‍ വ്യാജമാണ്. നോട്ട് അസാധുവാക്കല്‍ ജിഡിപിയെ ബാധിച്ചില്ലെന്ന രീതിയിലുള്ള കണക്കുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ കേന്ദ്ര സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. രാജ്യത്തിനു വെളിയിൽ പോകുമ്പോൾ സ്യൂട്ടും ടൈയും ധരിക്കുന്ന മന്ത്രിമാരെ കണ്ടാൽ റസ്റ്ററന്റുകളിലെ വെയിറ്റർമാരെ പോലെ തോന്നുമെന്നും ജയ്‌റ്റ്ലി അടക്കമുള്ളവരെ ഉന്നമിട്ടു സ്വാമി പറഞ്ഞു.

നിർമല സീതാരാമൻ (ഫയൽ ചിത്രം)

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ‌ബജറ്റ് അവതരിപ്പിച്ചോൾ ഇഴകീറി വിമർശിക്കാനും മടിച്ചില്ല. 2025ഓടെ ഇന്ത്യയെ അഞ്ചു ട്രില്യൻ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കി ഉയർത്തുമെന്ന നിർമലയുടെ ബജറ്റ് പ്രസംഗം ചൂണ്ടിക്കാട്ടി ഇതെങ്ങനെ സാധ്യമാകുമെന്നു ചോദിച്ചു. പ്രസംഗത്തിലെ ഓരോ പാരഗ്രാഫിനെയും വിമർശിച്ചു തുടരൻ ട്വീറ്റുകളും വന്നു. നിർമലയ്ക്കു സാമ്പത്തിക ശാസ്ത്രം അറിയാത്തതാണു പ്രശ്നം. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലില്‍ നിര്‍മലയ്ക്ക് അതിരുകവിഞ്ഞ താല്‍പര്യമുണ്ട്. മറ്റൊരു കുംഭകോണത്തിനു തുടക്കമിടുകയാണെന്നും സ്വാമി ആരോപണമെയ്തു.

∙ ‘രാമക്ഷേത്രത്തിനു രാജീവിന്റെ പിന്തുണ’

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പൂർണപിന്തുണ വാഗ്ദാനം ചെയ്തിരുന്നതായി 2016 ജനുവരിയിൽ സ്വാമി പറഞ്ഞതു വലിയ ചർച്ചയായി. രാജ്യത്തിന്റെ ആവശ്യമായിക്കണ്ട് ഇക്കാര്യത്തിൽ പിന്തുണ നൽകാൻ കോൺഗ്രസ് തയാറാകണം. ഭാരതീയ സംസ്കാരത്തിന്റെ പുനരുജ്ജീവനത്തിനു രാമക്ഷേത്രനിർമാണം ഒഴിച്ചുകൂടാനാകാത്തതാണ്. രാമക്ഷേത്രനിർമാണത്തിൽനിന്നു പിന്നോട്ടില്ലെങ്കിലും ബലം പ്രയോഗിച്ചോ നിയമവിരുദ്ധമായോ ഒന്നും ചെയ്യില്ല.

സുബ്രഹ്മണ്യൻ സ്വാമി

രാജീവ് ഗാന്ധിയുടെ കാലത്ത് ആരംഭിച്ച രാമായണം ടിവി പരമ്പര ജനങ്ങളിൽ പുതിയ ഉത്സാഹം സൃഷ്ടിച്ചു. രാമരാജ്യം സൃഷ്ടിക്കുമെന്നു വാഗ്ദാനം ചെയ്താണ് 1989ലെ തിരഞ്ഞെടുപ്പിൽ രാജീവ് വോട്ട് തേടിയത്. രാജ്യത്തു നാൽപതിനായിരത്തോളം ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം പുനർനിർമിക്കണമെന്ന ആവശ്യമില്ല. എന്നാൽ അയോധ്യ, മഥുര, കാശി വിശ്വനാഥ ക്ഷേത്രങ്ങളുടെ കാര്യത്തിൽ പിന്നോട്ടില്ല. മുസ്‌ലിം നേതാക്കളുമായി ചർച്ചയ്ക്കു തയാറാണെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും സ്വാമി പറഞ്ഞു.

∙ കെണിവച്ചത് ജയയ്ക്ക്; വീണത് ശശികല

സ്വാമിയും ജയലളിതയും തമ്മിലുള്ള തർക്കവും കുടിപ്പകയും രാഷ്ട്രീയ ചരിത്രമാണ്. 1996 അവസാനം ചെന്നൈ സിറ്റി സിവിൽ കോടതിയിൽ സ്വാമി നൽകിയ ഹർജിയാണു ജയലളിതയ്ക്കെതിരായ സ്വത്തുകേസിനു വഴിമരുന്നിട്ടത്. ആദായനികുതി വകുപ്പിനു സമർപ്പിച്ച കണക്കുകൾ പ്രകാരം 1991ൽ ജയലളിതയുടെ സ്വത്ത് 1.89 കോടി രൂപയായിരുന്നു. 1995ൽ ഇത് 38.21 കോടിയായി വർധിച്ചു. മുഖ്യമന്ത്രിയായി ഒരു രൂപ മാത്രം മാസശമ്പളം പറ്റിയിരുന്ന ജയലളിതയ്‌ക്ക് എങ്ങനെ ഇത്രയേറെ സ്വത്തുണ്ടായി എന്നായിരുന്നു സ്വാമിയുടെ ചോദ്യം.

ജയ ആദ്യം മുഖ്യമന്ത്രിയായ 1991–’96 കാലത്തു തുടങ്ങിയതാണ് ഇരുവരുടെയും പോര്. സതേൺ പെട്രോകെമിക്കൽസ് ഇൻഡസ്‌ട്രീസ് കോർപറേഷനിലുള്ള (സ്‌പിക്) തമിഴ്‌നാട് വ്യവസായ വികസന കോർപറേഷന്റെ ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനത്തിനെതിരെയാണു സ്വാമി ആദ്യം രംഗത്തെത്തിയത്. ജയയെ എംഎൽഎ സ്‌ഥാനത്തുനിന്ന് അയോഗ്യയാക്കണമെന്നാവശ്യപ്പെട്ടു 1992ൽ ഗവർണറെ സമീപിച്ചു. ജയലളിത പാർട്‌നറായ ജയ പബ്ലിക്കേഷൻസുമായി സർക്കാർ കരാറിലേർപ്പെട്ടതു ചട്ടലംഘനമാണെന്നു കാണിച്ചായിരുന്നു പരാതി.

ശശികല, ജയലളിത (ഫയൽ ചിത്രം)

കേസിൽ ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാൻ 1995ൽ ഗവർണർ അനുമതി നൽകുകയും ചെയ്തു. വിചാരണക്കോടതി ജയയെ ശിക്ഷിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി കുറ്റവിമുക്‌തയാക്കി. താൻസി ഭൂമിയിടപാടിൽ ജയയ്‌ക്കെതിരെയുള്ള അന്വേഷണത്തിലേക്കു നയിച്ചതും സ്വാമിയുടെ ഇടപെടലായിരുന്നു. സ്വാമിക്കെതിരെ ജയ അപകീർത്തിക്കേസുകൾ നൽകി. മറുഭാഗത്ത്, സ്വത്തു കേസിൽ ശിക്ഷ ഉറപ്പാക്കാൻ സ്വാമി എല്ലാ വഴിയും നോക്കി. ജയയ്ക്ക് എതിരെയാണു സ്വാമി പരാതി നൽകിയതെങ്കിലും പോയസ് ഗാർഡൻ വസതിയിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തിൽ ശശികല ഉൾപ്പെടെയുള്ളവർ കൂട്ടുപ്രതികളായി.

കേസിൽ ശശികല പിന്നീട് ജയിൽശിക്ഷയും അനുഭവിച്ചു. ജയലളിതയുടെ മരണശേഷം തമിഴ്നാട്ടിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയിൽ പക്ഷേ, ശശികലയെ അനുകൂലിക്കുന്ന നിലപാടാണു സ്വാമി സ്വീകരിച്ചത്. സുപ്രീംകോടതിയിലെ കേസും ശശികലയുടെ സത്യപ്രതിജ്ഞയും തമ്മിൽ ബന്ധമില്ലെന്നായിരുന്നു സ്വാമിയുടെ നിലപാട്. ഗവർണറെ സന്ദർശിച്ച് ഇക്കാര്യം വ്യക്തമാക്കി. താൻ ബിജെപിയിലാണെങ്കിലും തമിഴ്നാട്ടിൽ ബിജെപി വളരുന്നതിനോടു സ്വാമിക്കു വലിയ താൽപര്യമില്ലാത്തതാണ് ഈ നിലപാടെടുക്കാൻ പ്രേരിപ്പിച്ചതെന്നാണു പറയപ്പെടുന്നത്.

കേസുകൾ തുടരുമ്പോഴും ഇടയ്‌ക്ക് അൽപകാലം ജയയും സ്വാമിയും സൗഹൃദത്തിലായിരുന്നു. 1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയും ജനതാപാർട്ടിയും സഖ്യത്തിലാണു മത്സരിച്ചത്. സ്വാമി മധുരയിൽനിന്നു ജയിച്ചു. അധികാരത്തിലേറിയ വാജ്പേയി സർക്കാരിൽ സ്വാമിയെ ധനകാര്യമന്ത്രിയാക്കണമെന്നു ജയ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ നിരാകരിക്കപ്പെട്ടതോടെ ബിജെപിയുമായി ജയ ഇടഞ്ഞു.

ജെ.ജയലളിതയും സോണിയ ഗാന്ധിയും. സുബ്രഹ്മണ്യൻ സ്വാമി സമീപം. ഫയൽ ചിത്രം: മനോരമ

1999 ഏപ്രിലിൽ എൻഡിഎ സർക്കാരിനെ വീഴ്‌ത്താൻ നിമിത്തമായ ചായസൽക്കാരത്തിന്റെ ആസൂത്രകൻ സ്വാമിയായിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ജയലളിതയെയും സ്വാമി ഒരുമിപ്പിച്ചതോടെ എൻഡിഎ സർക്കാരിനുള്ള പിന്തുണ അണ്ണാ ഡിഎംകെ പിൻവലിച്ചു. പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ സ്വാമിയുടെ ഉപദേശങ്ങൾ ജയ മതിയാക്കുകയും ചെയ്തു.

∙ പാർട്ടിഭേദമോ വ്യക്തിഭേദമോ ഇല്ലാത്ത അസ്ത്രങ്ങൾ

സ്വാമിയുടെ അമ്പ് കൊള്ളാത്തവർ ചുരുക്കമാണു രാഷ്ട്രീയത്തിൽ. സൂപ്പർതാരം രജനീകാന്ത് നല്ല നടനാണെങ്കിലും രാഷ്ട്രീയ പ്രവേശം വേണ്ടെന്നായിരുന്നു സ്വാമിയുടെ നിലപാട്. ‘രജനീകാന്തിനെ ബിജെപിയിലേക്കു ക്ഷണിച്ചില്ല. മോദി അദ്ദേഹത്തെ സന്ദർശിച്ചത് പഴയ കാര്യമാണ്. അതിനു രാഷ്ട്രീയ മാനമില്ല. രജനി സമ്പത്തിക തട്ടിപ്പു നടത്തിയതിനു തന്റെ പക്കൽ തെളിവുണ്ട്. രജനീകാന്തിനു വിദ്യാഭ്യാസമില്ല. രാഷ്ട്രീയം അദ്ദേഹത്തിനു യോജിച്ച മേഖലയല്ല’ എന്നുള്ള സ്വാമിയുടെ പ്രസ്താവന ആരാധകരെ രോഷാകുലരാക്കി.

രജനീകാന്ത്, കമൽഹാസൻ (ഫയൽ ചിത്രം)

ചലച്ചിത്ര താരം കമൽഹാസനും സ്വാമിയും ട്വിറ്ററിൽ കൊമ്പു കോർത്തിട്ടുമുണ്ട്. ജനം ആഗ്രഹിക്കുന്നുവെങ്കിൽ തമിഴ്നാടിനെ നയിക്കാൻ ബിജെപി കമൽഹാസനെ ക്ഷണിക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണു സ്വാമി വെടിപൊട്ടിച്ചത്. ‘ബിജെപിയുടെ കാര്യം തനിക്കറിയില്ല, പക്ഷേ, കമൽ ഹാസനെ താൻ എതിർക്കും. അദ്ദേഹം എല്ലില്ലാത്തവനും പൊങ്ങച്ചക്കാരനുമായ വിഡ്ഢിയാണ്’. ‘തമിഴരെ പൊറുക്കികൾ (തെമ്മാടി) എന്നു വിളിച്ചയാളാണു സ്വാമി. താൻ അദ്ദേഹത്തെ എതിർക്കേണ്ട കാര്യമില്ല. ജനങ്ങൾ എതിർത്തുകൊള്ളും’ എന്നായിരുന്നു കമലിന്റെ മറുപടി.

രാഹുൽ ഗാന്ധി ബ്രിട്ടിഷ് പൗരനാണെന്ന് ആരോപിച്ചു സ്വാമി നൽകിയ പരാതിയും വിവാദമായി. രാഹുൽ ഡയറക്ടറായി 2003ൽ യുകെയിൽ ബാക് ഓപ്സ് എന്ന കമ്പനി റജിസ്റ്റർ ചെയ്തിരുന്നു. 2005ലും 2006ലും കമ്പനി നൽകിയ വാർഷിക വരുമാന രേഖയിൽ രാഹുലിനു ബ്രിട്ടിഷ് പൗരത്വമാണെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത് എന്നായിരുന്നു സ്വാമിയുടെ പരാതി. ഇന്ത്യയിലെ പൗരൻ തന്നെയോ എന്നു വെളിപ്പെടുത്താനാവശ്യപ്പെട്ടു രാഹുലിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടിസും നൽകി. അഗസ്‌റ്റ വെസ്‌റ്റ്ലാൻഡ് ഹെലികോപ്‌റ്റർ ഇടപാടിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു ബന്ധമുണ്ടെന്ന  സ്വാമിയുടെ ആരോപണം സഭയിൽ പ്രക്ഷുബ്‌ധ രംഗങ്ങളാണ് സൃഷ്ടിച്ചത്.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി (ഫയൽ ചിത്രം)

നേതാജി സുഭാഷ് ചന്ദ്രബോസിനെ സോവിയറ്റ് പ്രസിഡന്റായിരുന്ന ജോസഫ് സ്‌റ്റാലിന്റെ നിർദേശപ്രകാരം സൈബീരിയയിലെ തടവറയിൽ കൊലപ്പെടുത്തുകയായിരുന്നുവെന്നും 1945ൽ വിമാനാപകടത്തിലാണു നേതാജി കൊല്ലപ്പെട്ടതെന്ന വാദം അസംബന്ധമാണെന്നുമുള്ള വെളിപ്പെടുത്തലും സ്വാമിയുടേതാണ്. കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹമരണം, മുല്ലപ്പെരിയാർ അണക്കെട്ട്, സംവരണം തുടങ്ങി ഒട്ടേറെ വിഷയങ്ങളിലും ‘തന്റേതായ’ അഭിപ്രായ പ്രകടനങ്ങൾ സ്വാമിയുടെ വകയായുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ഒന്നിനെയും പേടിയില്ലാത്ത ആളൊന്നുമല്ല ഈ സ്വാമി. ശ്രീലങ്കൻ തമിഴ് പുലികളിൽനിന്നു ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് ബ്യൂറോ റിപ്പോർ‌ട്ടിനു പിന്നാലെ 2015ൽ അദ്ദേഹത്തിനു സുരക്ഷയും ജൻപഥിൽ പ്രത്യേക ബംഗ്ലാവുമാണു സർക്കാർ അനുവദിച്ചത്. ഊർജസ്വലനായ സ്വാമി ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ പൊതുജീവിതത്തിലൂടെ സുബ്രഹ്മണ്യൻ സ്വാമി അടയപ്പെടുത്തുന്നത് ഇത്രമാത്രം; ‘നിങ്ങൾക്കെന്നെ ഇഷ്ടപ്പെടാം, വെറുക്കാം, പക്ഷേ അവഗണിക്കാനാവില്ല!’.

English Summary: Rebel BJP leader Subramanian Swamy's political life in the backdrop of Pegasus spyware row