‘കണ്ടിരുന്നു ഞാൻ അവളെ. വേദന തളംകെട്ടി നിന്ന മുഖവുമായി എന്നെ സ്വീകരിച്ച അവൾ തീർത്തും അസ്വസ്ഥയായിരുന്നു. വിഷമങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. എല്ലാം ഞാൻ കേട്ടിരുന്നു. പിന്നെ, എന്റെ അനുഭവങ്ങൾ വിവരിച്ച് ...’ Ananya Death , Sex Reassignment Surgery

‘കണ്ടിരുന്നു ഞാൻ അവളെ. വേദന തളംകെട്ടി നിന്ന മുഖവുമായി എന്നെ സ്വീകരിച്ച അവൾ തീർത്തും അസ്വസ്ഥയായിരുന്നു. വിഷമങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. എല്ലാം ഞാൻ കേട്ടിരുന്നു. പിന്നെ, എന്റെ അനുഭവങ്ങൾ വിവരിച്ച് ...’ Ananya Death , Sex Reassignment Surgery

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കണ്ടിരുന്നു ഞാൻ അവളെ. വേദന തളംകെട്ടി നിന്ന മുഖവുമായി എന്നെ സ്വീകരിച്ച അവൾ തീർത്തും അസ്വസ്ഥയായിരുന്നു. വിഷമങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. എല്ലാം ഞാൻ കേട്ടിരുന്നു. പിന്നെ, എന്റെ അനുഭവങ്ങൾ വിവരിച്ച് ...’ Ananya Death , Sex Reassignment Surgery

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കണ്ടിരുന്നു ഞാൻ അവളെ. വേദന തളംകെട്ടി നിന്ന മുഖവുമായി എന്നെ സ്വീകരിച്ച അവൾ തീർത്തും അസ്വസ്ഥയായിരുന്നു. വിഷമങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. എല്ലാം ഞാൻ കേട്ടിരുന്നു. പിന്നെ, എന്റെ അനുഭവങ്ങൾ വിവരിച്ച് ആശ്വസിപ്പിച്ചു. വേദനകൾ ഉടൻ മാറുമെന്ന് ആത്മവിശ്വാസം പകർന്നു. പക്ഷേ, എന്തോ അതൊന്നും അവൾ വിശ്വസിക്കുന്നില്ല എന്നെനിക്കു തോന്നി...’

അനന്യയെക്കണ്ട അവസാന നിമിഷങ്ങൾ ഓർക്കുകയാണ് പിങ്കി വിശാൽ എന്ന ട്രാൻസ്ജെൻഡർ മെയ്ക് അപ് ആർട്ടിസ്റ്റ്. അത്ര അകലെയൊന്നുമല്ലാത്ത ഒരു കൂടിക്കാഴ്ച. വേദനകളുടെ ലോകത്തുനിന്ന് അവസാന ആശ്വാസം കണ്ടെത്താൻ ജീവനൊടുക്കിയ കൂട്ടുകാരിയെ പിങ്കി ഓർത്തെടുക്കുമ്പോൾ അതിനു പ്രത്യേകതകൾ ഏറെയാണ്. കാരണം അവർ നടന്നു തീർത്ത വഴികൾ ഏറെക്കുറെ സാമ്യമുള്ളതാണ്. സിനിമയിൽ പ്രഫഷനൽ മെയ്ക് അപ് ആർട്ടിസ്റ്റായി സ്ഥാനമുറപ്പിച്ചയളാണ് പിങ്കി. പല ജോലികൾക്കൊപ്പം അനന്യയും മെയ്ക് അപ് പരീക്ഷിച്ചിരുന്നു.

ADVERTISEMENT

‘ആ മരണത്തിനു പിന്നിലെ കാരണം കണ്ടെത്തണം...’

കഴിഞ്ഞ വർഷമാണ് പിങ്കി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായത്. അനന്യയ്ക്ക് ശസ്ത്രക്രിയ നടത്തിയ അതേ ആശുപത്രിയിൽ. പിങ്കിയുടെ ശസ്ത്രക്രിയ വിജയമായിരുന്നു. സ്വാഭാവികമായും അനന്യയുടെ മരണത്തിനുശേഷം ഒട്ടേറെപ്പേർ പിങ്കിയെ വിളിച്ചു. മാനസികമായി തളർന്നിരിക്കുമ്പോൾത്തന്നെ സുഹൃത്തുക്കളും അല്ലാത്തവരുമായി ഒട്ടേറെ പേരുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വന്നു. പലതും സുഖകരമല്ലാത്ത ചോദ്യങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമില്ലെങ്കിലും ചില സംശയങ്ങൾക്കെങ്കിലും മറുപടിയാവും എന്ന വിശ്വാസത്തിൽ പിങ്കി സ്വന്തം അനുഭവം പങ്കുവയ്ക്കുന്നു. പറഞ്ഞു കേൾക്കുന്നതിന്റെയും മൂടിവയ്ക്കുന്നതിന്റെയും ഇടയിലെവിടെയോ ആണ് സത്യം എന്നു പിങ്കി വിശ്വസിക്കുന്നു; വിട്ടുവീഴ്ചയില്ലാതെ ആവശ്യപ്പെടുന്നു. ‘അനന്യയുടെ മരണത്തിനു പിന്നിലെ കാരണം കണ്ടെത്തണം’.

പിങ്കി

‘ഒരു ട്രാൻസ്ജെൻഡറിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറെ നിർണായകമായ തീരുമാനമാണ് ലിംഗമാറ്റത്തിനുള്ള തീരുമാനം. എളുപ്പം എടുക്കാവുന്ന ഒന്നല്ല അത്. നമുക്ക് പരിചയമുള്ള ഓരോ മുഖങ്ങളും ചോദ്യചിഹ്നമായി മുൻപിലുണ്ടാവും. അവർ ഇതെങ്ങനെ സ്വീകരിക്കും എന്ന ആശങ്കയുണ്ടാവും. നമ്മൾ തീർത്തും തനിച്ചാവുന്ന സമയങ്ങളിലൊന്നാണ് അത്. കാരണം മറ്റാരെയും അതു പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ലല്ലോ. പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ പട തന്നെയിറങ്ങി വരുമ്പോൾ നമ്മളെ അറിയുന്ന അപൂർവം ചിലർ ആശ്വസിപ്പിക്കാനും പിന്തുണയ്ക്കാനും ഉണ്ടാവും. അത്തരം പിന്തുണകൾ നിർണായകമാണ്. ഭാഗ്യവശാ‍ൽ എനിക്കങ്ങനെയൊരാളുണ്ടായിരുന്നു. എന്നെയറിയുന്ന, നിങ്ങളറിയുന്ന ഒരാൾ. വേദനയുടെ നിമിഷങ്ങളിൽ എനിക്കു കൂട്ടിരുന്ന ഒരാൾ...
അനന്യയ്ക്ക് അങ്ങനെ ഒരാളില്ലാതെ പോയോ? അറിയില്ല.

‘ഒടുവിൽ ആ തീരുമാനമെടുത്തു...’

ADVERTISEMENT

പഠനം കഴിഞ്ഞ് മെയ്ക് അപ് ആർടിസ്റ്റായി സിനിമയിൽ സജീവമായപ്പോഴും സ്വത്വ പ്രതിസന്ധി എന്നെ വിട്ടുപോയില്ല. വേഷത്തിലോ ഭാവത്തിലോ ഒക്കെ പരിമിതപ്പെടുത്താവുന്നതിനും അപ്പുറത്തേക്ക് അതു വളർന്നിട്ടുണ്ടായിരുന്നു. എന്തിനു വേണ്ടി അതിനെ ഇങ്ങനെ തളച്ചിടണം എന്ന തോന്നൽ ബലപ്പെട്ടു. പൂർണമായും സ്ത്രീയാവുക എന്ന അഭിലാഷം അടക്കിവയ്ക്കാൻ കഴിയാതായി. ശസ്തക്രിയ എന്ന നിർണായക തീരുമാനം എടുക്കുന്നത് അങ്ങനെയാണ്. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായിട്ടുള്ള കുറച്ചുപേരെ പോയി കാണുകയാണ് ആദ്യംചെയ്തത്. അവർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഏറെ റിസ്കുള്ള ശസ്ത്രക്രിയയാണിതെന്ന് അറിയാമായിരുന്നു. ശസ്ത്രക്രിയയ്ക്കു മുൻപേ മാനസികമായി മാത്രമല്ല. ശാരീരികമായും തയാറാവേണ്ടതുണ്ട്. എല്ലാ അപകടസാധ്യതകളും ഉൾക്കൊണ്ടുതന്നെ ഞാൻ ഒരുങ്ങി.

ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള ചികിത്സ 2017ൽ ആരംഭിച്ചു. പുരുഷ ഹോർമോണിന്റെ അളവ് കുറച്ച് ഈസ്ട്രജൻ കൂട്ടാനുള്ള ഗുളികകളാണ് ആദ്യം കഴിച്ചത്. ചില ഗുളികകൾ കഴിക്കുമ്പോൾ എനിക്കു ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഡോക്ടറോട് പറഞ്ഞപ്പോൾ അതൊഴിവാക്കി ഇൻജക്‌ഷൻ‌ തുടങ്ങി. മൂന്നു വർഷത്തോളം ഇതു തുടർന്നു. പിന്നെയാണ് സർജറിക്കു തയാറായത്. 13 മണിക്കൂർ നീണ്ട സർജറിയായിരുന്നു. ഒരാഴ്ച മുൻപുതന്നെ ഡോക്ടറെ പോയി കണ്ടിരുന്നു. മുകളിൽ സൂചിപ്പിച്ച, എന്നെ എറെ പിന്തുണച്ച ആളും കൂടെ വന്നു. മാറ്റങ്ങൾ വരുമ്പോൾ എങ്ങനെ വേണം എന്നതിനെക്കുറിച്ച് എനിക്കു ചില കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. അത് ഡോക്ടറോട് പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. മേജർ സർജറിയാണ്. സാധാരണ ഒരാഴ്ചയ്ക്കകം ആശുപത്രി വിടാം. എന്നാൽ എന്റെ ആരോഗ്യസ്ഥിതിയിൽ എനിക്കത്ര വിശ്വാസമില്ലാത്തതുകൊണ്ട് തിരക്കു പിടിച്ചു പോകേണ്ടതില്ലെന്നു തീരുമാനിച്ചു.

ഇവിടെവച്ച് എനിക്ക് ആ സുഹൃത്തിനെ പരിചയപ്പെടുത്തണം. നിങ്ങളറിയും. നടി അനുശ്രീ.

‘അരികിലിരുന്ന് ആശ്വസിപ്പിച്ച സുഹൃത്ത്...’

ADVERTISEMENT

കടുത്ത വേദനയുടെയും ആശങ്കയുടെയും ഇടയിൽ ആശുപത്രി കിടക്കയ്ക്ക് അരികിൽ എന്റെ ആശ്വാസമായിരുന്നു അനു. ഏറെ തിരക്കുള്ള ഷെഡ്യൂൾ മാറ്റിവച്ച് എനിക്കു കൂട്ടിരുന്ന അനുവായിരുന്നു എന്റെ ആത്മവിശ്വാസം താഴാതെ നോക്കിയത്. സിനിമാ സെറ്റുകളിൽ തുടങ്ങിയ പരിചയമാണ്. എത്രയോ ആർട്ടിസ്റ്റുകൾ അനുവിന് ചായം തേച്ചിട്ടുണ്ട്. എറെ നടിമാർക്കു ഞാൻ ചായമിട്ടിട്ടുമുണ്ട്. എന്നിട്ടും അനുവിനോട് എന്തോ ഒരടുപ്പം. മനസ്സിൽ ഒട്ടും ചായം പുരട്ടാത്ത ആളാണ് അനു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. മലയാളത്തിലെ മുൻനിര നടി തിരക്കുകളെല്ലാമുപേക്ഷിച്ച് ആശുപത്രിയിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ എനിക്കു കൂട്ടിരിക്കാൻ എന്താണു കാരണം? മനസ്സിലെ നന്മയല്ലാതെ. അതും ഒരാഴ്ചയിലധികം.

പിങ്കിയും അനുശ്രീയും.

കടുത്ത വേദനയിലേക്കാണ് സർജറി കഴിഞ്ഞിറങ്ങുക. ട്യൂബുകൾ ഘടിപ്പിച്ചിട്ടുണ്ടാവും. സ്റ്റിച്ചുകൾ വലിയാനുണ്ട്. എല്ലാം സഹിക്കുമെന്ന നേരത്തെയെടുത്ത തീരുമാനങ്ങളിൽ ചിലപ്പോൾ ഇളക്കം തട്ടിപ്പോകാൻ വരെ സാധ്യതയുണ്ട്. എങ്കിലും ഞാൻ പിടിച്ചുനിന്നു. മനസ്സുകൊണ്ടെടുത്ത തീരുമാനം ശരീരത്തെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. മാറ്റങ്ങൾക്ക് സജ്ജമാക്കേണ്ടതുമുണ്ട്. ഇതത്ര എളുപ്പമല്ല. ആറുമാസമെങ്കിലും നീളുന്ന പ്രക്രിയയാണ്. തുടക്കം കടുത്ത വേദനയാണ്. പതുക്കെയേ പാകപ്പെട്ടു വരൂ. ഡോകർമാരുടെ നിർദേശം കൃത്യമായി പാലിക്കണം. ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന അണുബാധയാണ് മറ്റൊരു ഭീഷണി.

സ്വന്തം ശുചിമുറി മറ്റാരും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകപോലും വേണം. ഞാൻ ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് അനന്യ എന്നെ കാണാൻ വന്നത് ഓർക്കുന്നു. വിവരങ്ങൾ ആകാംക്ഷാപൂർവം ചോദിച്ചിരുന്നു. പിന്നെ അനന്യയും ശസ്ത്രക്രിയ നടത്തിയതായി അറിഞ്ഞു. ഞാൻ പോയി കണ്ടപ്പോഴേക്കും മൂന്നു മാസങ്ങൾ പിന്നിട്ടിരുന്നു. അനന്യ തീരെ സംതൃപ്തയായിരുന്നില്ല. എന്റെ അനുഭവങ്ങൾ പറഞ്ഞു ഞ‌ാൻ ആത്മവിശ്വാസം പകരാൻ ശ്രമിച്ചു; എന്നിട്ടും...

പിങ്കിയുടെ ജീവിതം

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയാണ് പിങ്കി. മഞ്ജു വാരിയർ, അനുശ്രീ, മമ്ത മോഹൻദാസ്, മിയ, അനു സിതാര തുടങ്ങി ഒട്ടേറെ താരങ്ങളുടെ മെയ്ക് അപ് ആർ‌ട്ടിസ്റ്റായി വർക്ക് ചെയ്തിട്ടുണ്ട്. അവഗണനയുടെയും ഒറ്റപ്പെടുത്തലിന്റെയുമൊക്കെ ഇരുണ്ട ഭൂതകാലം പിന്നിട്ടുതന്നെയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിൽ സ്ഥാനമുറപ്പിച്ചത്. ‘ബിരുദ പഠനം കഴിഞ്ഞപ്പോഴേക്കും എന്റെ വ്യക്തിത്വം പ്രശ്നമായി തുടങ്ങി. നാട്ടുകാർ അകറ്റി നിർത്താൻ തുടങ്ങി. കഠിനമായ മാനസിക സമ്മർദത്തിന്റെ നാളുകളായിരുന്നു അത്. വീട്ടുകാരുടെ പിന്തുണകൊണ്ടു മാത്രമാണ് പിടിച്ചു നിന്നത്’.

ബിരുദമെടുത്ത ശേഷം പ്രശസ്ത മെയ്ക് അപ് മാൻ പട്ടണം റഷീദിന്റെ സ്ഥാപനത്തിൽ ചേർന്ന് മെയ്ക് അപ് പഠിച്ചു. ഈ സമയത്ത് ബ്രൈഡൽ മെയ്ക് അപ്പിലും മറ്റും സഹായിയായി പോയിത്തുടങ്ങി. ഇതിനിടയിൽ പരിചയപ്പെട്ട അവിനാശ് ചേടിയ എന്ന മെയ്ക് അപ് ആർട്ടിസ്റ്റിനെ ഒരു ബ്രൈഡൽ മെയ്ക് അപ്പിനു സഹായിക്കാൻ തിരുവനന്തപുരത്ത് പോയതായിരുന്നു ആദ്യ ബ്രേക്ക്. ഹോട്ടലിൽ എൻഗേജ്മെന്റിന് അണിഞ്ഞൊരുങ്ങുന്ന പെൺകുട്ടിയെ ഒന്നു കാണാൻ ഫഹദ് ഫാസിൽ എത്തിയപ്പോഴാണ് നസ്രിയയാണു താരം എന്നു മനസ്സിലായത്. സെലിബ്രിറ്റി മെയ്ക് അപ്പിലേക്കുള്ള ചുവടുവയ്പ്പായിരുന്നു അത്. പിന്നെ ‘ഹൗ ഓൾഡ് ആർ യു’ എന്ന സിനിമയിൽ മഞ്ജു വാരിയർക്ക് മെയ്ക് അപ് ചെയ്യാൻ സഹായിച്ചു. പിന്നെ ‘ദൈവമേ കൈതൊഴാം’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് അനുശ്രീയുടെ മെയ്ക് അപ്പിനായി വിളിച്ചു. അപൂർവമായൊരു സൗഹൃദത്തിനും അതു തുടക്കമായി. മമ്ത മോഹൻദാസ്, അനു സിതാര എന്നിവരുടെയും മെയ്ക് അപ് ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

ശസ്ത്രക്രിയയുടെ പേരിൽ ലക്ഷങ്ങളുടെ അഴിമതി

കോവിഡ്‌കാലത്ത് കേരളത്തിൽ ജീവനൊടുക്കിയ ട്രാൻസ്ജെൻഡറുകളുടെ പട്ടികയിൽ അവസാനത്തെയാളാണ് കൊല്ലം സ്വദേശിയായ അനന്യ കുമാരി അലക്സ്. ലിംഗമാറ്റ ശസ്ത്രക്രിയയിലുണ്ടായ ‘പിഴവുകൾ’ ഒരു വർഷത്തിനു ശേഷവും ജീവിതം ദുസ്സഹമാക്കിത്തീർത്തതായി അനന്യ മരണത്തിന് ദിവസങ്ങൾക്കു മുൻപ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടാവുന്ന ശാരീരിക മാറ്റങ്ങളിൽ ബുദ്ധിമുട്ടുന്ന കേരളത്തിലെ ആദ്യത്തെയാളായിരുന്നില്ല അനന്യ. എന്തിന് ശസ്ത്രക്രിയ ചെയ്യാൻ പോയി എന്ന പരിഹാസത്തെ പേടിച്ചു മാത്രം ബുദ്ധിമുട്ടുകൾ പങ്കുവയ്ക്കാതെ ജീവിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പറയുന്നു ട്രാൻസ്ജെൻഡർ സമൂഹം. ട്രാൻസ്ജെൻഡർ പോളിസി പ്രഖ്യാപിച്ച് സംസ്ഥാനം 6 വർഷം പിന്നിടുമ്പോഴും ആരോഗ്യമേഖലയിൽ ഒരു നടപടികളുമുണ്ടായിട്ടില്ല എന്നതാണ് പ്രധാന പരാതി.

ചികിത്സ സൗജന്യമല്ല

2017ലാണ് കോട്ടയം മെഡിക്കൽ കോളജിൽ ട്രാൻസ്ജെൻഡർ ക്ലിനിക് ആരംഭിക്കുന്നത്. കൗൺസലിങ്ങിനും ഹോർമോൺ ചികിത്സയ്ക്കും എല്ലാമുള്ള സൗകര്യങ്ങളോടെയായിരുന്നു തുടക്കം. കോവിഡിനു മുൻപുതന്നെ ഇതിന്റെ പ്രവർത്തനം ഏറെക്കുറെ നിലച്ചു. സർക്കാർ മേഖലയിൽ വേണ്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കാത്തത് മൂലം വൻതുക ചെലവാക്കിയാണ് ചികിത്സകൾക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വരുന്നത്.

അനന്യ കുമാരി അലക്സ്

ഹോർമോൺ ചികിത്സയുടെ സമയത്ത് ഒരു മാസം കുറഞ്ഞത് 6000 രൂപയുടെ എങ്കിലും മരുന്ന് വേണ്ടിവരും. ഇതും സർക്കാർ ആശുപത്രികളിൽനിന്ന് ലഭിക്കുന്നില്ല. ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവരെ സംബന്ധിച്ച് ചികിത്സ മുടങ്ങാതെ സ്ഥിരമായി മരുന്ന് വാങ്ങുക എന്നത് പോലും പ്രതിസന്ധിയാണ്. വളരെ ചെറിയ ശതമാനം ഒഴിച്ചാൽ സ്ഥിരവരുമാനമില്ലാത്തവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ട്രാൻസ്ജെൻഡർ സമൂഹവും. കോവിഡ് കാലത്ത് പ്രതിസന്ധി കൂടുകയും ചെയ്തു.

നിലവിൽ കേരളത്തിൽ 3 സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നത്. കുറഞ്ഞത് 3 ലക്ഷത്തോളം രൂപ ഇതിന് വേണ്ടിവരും. കുടുംബത്തിന്റെ പിന്തുണയോ കൃത്യമായ വരുമാനമോ ഇല്ലാത്തവരെ സംബന്ധിച്ച് ചികിത്സയ്ക്കുള്ള തുക കണ്ടെത്തുക എന്നത് നിസ്സാരമല്ല. ശസ്ത്രക്രിയയ്ക്ക് ചെലവാകുന്ന തുക റീഫണ്ട് ചെയ്യാൻ സർക്കാർ തീരുമാനിച്ചതോടെ സ്വകാര്യ ആശുപത്രികൾ നിരക്ക് വർധിപ്പിച്ചതായും ഇവർ പറയുന്നു. അതേ തുക ഉപയോഗിച്ച് സർക്കാർ മേഖലയിലെ ഡോക്ടർമാർക്ക് എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാൻ വിദഗ്ധ പരിശീലനം നൽകിക്കൂടാ എന്നതാണ് കമ്മ്യൂണിറ്റി ഉയർത്തുന്ന പ്രധാന ചോദ്യം.

‘സ്വകാര്യ ആശുപത്രികളിലും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രത്യേകം പരിശീലനം ലഭിച്ചവരല്ല അത് ചെയ്യുന്നത്. കൃത്യമായ പ്രോട്ടോക്കോൾ അനുസരിച്ചാണോ കാര്യങ്ങൾ നടക്കുന്നത് എന്ന് പലപ്പോഴും വ്യക്തമല്ല. സർക്കാർ ശസ്ത്രക്രിയയുടെ പണം റീഫണ്ട് ചെയ്യാൻ തുടങ്ങിയതോടെ സ്വകാര്യ ആശുപത്രികൾ ഞങ്ങളെ മുതലെടുക്കുകയാണ്. സർക്കാർ മേഖലയിൽ സൗകര്യങ്ങൾ ഉറപ്പുവരുത്തിയേ തീരൂ’– എന്ന് പറയുന്നു ‘കില’യിലെ ജീവനക്കാരിയായ ട്രാൻസ്ജെൻഡർ മാനുഷ ആഹ്ലാദ്.

സമയമെടുത്ത് മാത്രം ചികിത്സ

അതിസങ്കീർണമായ ശസ്ത്രക്രിയകളിൽ ഒന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയ. പ്രത്യേകിച്ച് ആണിൽനിന്ന് പെണ്ണിലേക്കുള്ള ലിംഗമാറ്റം. ശസ്ത്രക്രിയയെക്കുറിച്ചുള്ള ശരിയായ അറിവില്ലാത്തതും തന്റെ എല്ലാ പ്രശ്നങ്ങളും ഇതുകൊണ്ട് മാറുമെന്ന ചിന്തയും അതിലുപരി സമൂഹത്തിന്റെ അംഗീകാരം നേടാനുള്ള സമ്മർദ്ദവുമാണ് പലരെയും ശസ്ത്രക്രിയയ്ക്ക് വിധേയരാവാൻ പ്രേരിപ്പിക്കുന്നതെന്ന് പറയുന്നു സൈക്യാട്രിസ്റ്റ് ഡോ. ജിതിൻ ടി.ജോസഫ്. രണ്ടോ മൂന്നോ വർഷമെടുത്ത് മാത്രം പൂർത്തിയാക്കേണ്ട ഒരു പ്രക്രിയയാണിത്. കൃത്യമായ സൈക്കോളജിക്കൽ അസസ്മെന്റിനു ശേഷം മാത്രമേ ചികിത്സ ആരംഭിക്കാവൂ.

അനന്യ കുമാരി അലക്സ്

ഹോർമോൺ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി മാറ്റി വയ്ക്കേണ്ട സമയം, അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്നിവയെല്ലാം കൃത്യമായി പറഞ്ഞു മനസ്സിലാക്കിയിരിക്കണം. ഏറ്റവും പ്രധാനം പലപ്പോഴും രോഗി ആഗ്രഹിക്കുന്ന അതേ അവസ്ഥയിലേക്ക് പൂർണമായി എത്താനിടയില്ല എന്നു പറഞ്ഞുകൊടുക്കുകയാണ്. കൗൺസലിങ്ങിനു ശേഷം ശസ്ത്രക്രിയ ചെയ്യാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറുന്നവരോ അല്ലെങ്കിൽ മാറിടങ്ങളിൽ മാത്രം സർജറി ചെയ്യാൻ തീരുമാനമെടുക്കുന്നവരോ ഉണ്ട്. ഹോർമോൺ ചികിത്സയ്ക്കു പോകുന്നതിനു മുൻപ് ഈ വ്യക്തി ചികിത്സയ്ക്കുള്ള തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള ആളാണെന്നും മറ്റ് പ്രശ്നങ്ങളില്ല എന്നും സൈക്യാട്രിസ്റ്റ് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

ചെസ്റ്റ് സർജറിക്ക് ഒരു സൈക്യാട്രിസ്റ്റിന്റെയും ജെനിറ്റൽ സർജറിക്ക് 2 പേരുടെയും സർട്ടിഫിക്കറ്റ് ആവശ്യമാണ്. പലപ്പോഴും തുടർ സർജറികൾ ആവശ്യമായി വന്നേക്കാം. അണുബാധ, മറ്റ് സങ്കീർണതകൾ എന്നിവയെല്ലാം കൃത്യമായി ബോധ്യപ്പെടുത്തിയിരിക്കണം. പലപ്പോഴും രാജ്യത്ത് പലയിടത്തും ഇത്ര സമയമെടുത്തല്ല ശസ്ത്രക്രിയകൾ ചെയ്യുന്നതതെന്നത് ഒരു പ്രശ്നമാണ്. ഒരു ടീം വർക്കായാണ് ഇത്തരം ശസ്ത്രക്രിയകൾ നടക്കേണ്ടതെന്നും ഡോക്ടർ പറയുന്നു.

ചികിത്സ ആരംഭിക്കുന്നതിനു മുൻപും സർജറിക്ക് ശേഷവുമുള്ള മാനസികാരോഗ്യ പിന്തുണ വളരെ പ്രധാനമാണ്. ഒരുപാട് ശാരീരിക, മാനസിക ബുദ്ധിമുട്ടുകളിലൂടെയാവാം രോഗി കടന്നു പോകുന്നത്. സർജൻ, യൂറോളജിസ്റ്റ്, എൻഡ്രോക്രൈനോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരെല്ലാമടങ്ങിയ ഒരു ടീമിന്റെ കൂട്ടുത്തരവാദിത്തമാണ് രോഗിക്ക് ഏറ്റവും നല്ല ചികിത്സയും പിന്തുണയും നൽകുക എന്നത്.

വേണം കൃത്യമായ പ്രോട്ടോക്കോൾ

2019ൽ ട്രാൻസ്ജെൻഡർ പഴ്സൺസ് ആക്ട് രാജ്യത്ത് പാസാക്കിയെങ്കിലും ഇത്തരം ശസ്ത്രക്രിയകളെ സംബന്ധിച്ച് കൃത്യമായ പ്രോട്ടോക്കോൾ ഇപ്പോഴും നിലവിലില്ല എന്നതാണ് അവസ്ഥ. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നവരും മാനസികാരോഗ്യ സേവനങ്ങൾ നൽകുന്നവരും കൃത്യമായ പരിശീലനം ലഭിച്ചവർ ആകണം എന്ന ആവശ്യം ട്രാൻസ്ജെൻഡർ സമൂഹം തന്നെ മുന്നോട്ടുവയ്ക്കുന്നുണ്ട്. പല രാജ്യങ്ങളിലും ശസ്ത്രക്രിയകൾക്ക് ആധുനികമായ രീതികളും നിലവിലുണ്ട്. World Professional Association of Transgender Health (WPATH) എന്ന സംഘടന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നൽകേണ്ട ആരോഗ്യ സേവനങ്ങളെക്കുറിച്ച് രാജ്യാന്തര തലത്തിൽ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഈ നിർദേശങ്ങൾ അനുസരിച്ച് രാജ്യത്തും കൃത്യമായ പ്രോട്ടോക്കോൾ രൂപീകരിക്കണമെന്ന് ട്രാൻസ്ജെൻഡർ ആക്ടിലും പറയുന്നുണ്ട്. സംസ്ഥാനത്ത് ശസ്ത്രക്രിയകൾ നടക്കുന്ന സ്ഥലങ്ങളിൽ പരിശീലനം ലഭിച്ചവർ തന്നെയാണുള്ളതെന്ന് ഉറപ്പു വരുത്തണമെന്നും സർക്കാർ മേഖലയിൽ ഉള്ള ഡോക്ടർമാർക്ക് വിദേശരാജ്യങ്ങളിൽ അയച്ച് പരിശീലനം നൽകണമെന്നുമാണ് ആവശ്യം. സർക്കാർ മെഡിക്കൽ കോളജുകളിൽ എങ്കിലും ട്രാൻസ്ജെൻഡർ ക്ലിനിക്കുകൾ പ്രവർത്തിച്ചു തുടങ്ങണമെന്നും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കൃത്യമായ സംവിധാനമുണ്ടാകണമെന്നും ആക്ടിവിസ്റ്റുകൾ ആവശ്യപ്പെടുന്നു. ഒപ്പം ശസ്ത്രക്രിയ കഴിഞ്ഞവരുടെ കൃത്യമായ തുടർചികിത്സ ഉറപ്പു വരുത്തുകയും വേണം.

മാറേണ്ടതുണ്ട് മനോഭാവം

അനന്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടന്ന ചർച്ചകളിൽ ഉയർന്നു കേട്ട വാദങ്ങളിൽ പലതും ശസ്ത്രക്രിയ ചെയ്യാനെടുത്ത തീരുമാനത്തെ അവഹേളിക്കുന്നതായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടാവുന്ന അരക്ഷിതാവസ്ഥയെപ്പറ്റി പലപ്പോഴും തുറന്നു പറയാനാവാത്തത് ഇതുകൊണ്ടാണെന്ന് ട്രാൻസ്ജെൻഡറുകൾ പറയുന്നു. ‘ഐ ആം വിദ്യ’, ‘ട്രൂത്ത് എബൗട്ട് മീ’, തുടങ്ങിയ ട്രാൻസ്ജെൻഡർ ആത്മകഥകളിൽ ശസ്ത്രക്രിയയ്ക്കു ശേഷം സാധാരണ ജീവിതത്തോട് താദാത്മ്യം പ്രാപിക്കൽ എത്രത്തോളം സങ്കീർണത നിറഞ്ഞതാണെന്ന് വിവരിക്കുന്നുണ്ട്.

ട്രാൻസ്ജെൻഡറുകളെപ്പറ്റിയുള്ള അജ്ഞതയാണ് പരിഹാസങ്ങൾക്കു പിന്നിലെ പ്രധാന കാരണം. മതം, വിദ്യാഭ്യാസ രീതി, സാമൂഹികമായ പരുവപ്പെടലുകൾ തുടങ്ങി ഒട്ടേറെ കാരണങ്ങൾ അതിനു പിന്നിലുണ്ട്. ചികിത്സ നൽകേണ്ട ഡോക്ടർമാരിൽപ്പോലും ഇത്തരം അവസ്ഥകളെപ്പറ്റി കൃത്യമായ അവബോധം ഉള്ളവർ കുറവാണെന്നും പലപ്പോഴും അത് കാരണം വിവേചനം നേരിടേണ്ടി വരാറുണ്ടെന്നും ട്രാൻസ്ജെൻഡർ സമൂഹം പറയുന്നു. കുട്ടിക്കാലം മുതൽ കടുത്ത അരക്ഷിതാവസ്ഥകളിൽ വളർന്നു വരുന്ന വിഭാഗത്തെക്കൂടി ഉൾക്കൊള്ളാൻ പാകത്തിൽ പാഠപുസ്തകങ്ങളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരണമെന്ന ആവശ്യവും ഇവർ മുന്നോട്ടു വയ്ക്കുന്നുണ്ട്.

English Summary: What Truths Lies Behind Sex Reassignment Surgeries in Kerala?