‘കോൾ റെക്കോർഡിങ് ഓപ്ഷൻ’ ഒന്നുമില്ലാത്ത പഴയ മോഡൽ രണ്ടു ‘നോക്കിയ’ ഫോണുകളാണ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉപയോഗിക്കുന്നത്. ഔദ്യോഗിക വസതിയായ ‘കാവേരിയിൽ’വച്ചു കാണുമ്പോഴും ഇതു രണ്ടും മേശപ്പുറത്തുണ്ട്. പക്ഷേ മറ്റൊരാൾ റെക്കോർഡ് ചെയ്ത തന്റെ സംഭാഷണം രണ്ടാമതും മന്ത്രി ശശീന്ദ്രന് കുരുക്കായി. കൊല്ലത്തെ ഒരു എൻസിപി നേതാവിനെതിരെയുള്ള സ്ത്രീപീഡന പരാതി Crossfire Manorama, AK Saseendran, AK Saseendran Phone Tapping

‘കോൾ റെക്കോർഡിങ് ഓപ്ഷൻ’ ഒന്നുമില്ലാത്ത പഴയ മോഡൽ രണ്ടു ‘നോക്കിയ’ ഫോണുകളാണ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉപയോഗിക്കുന്നത്. ഔദ്യോഗിക വസതിയായ ‘കാവേരിയിൽ’വച്ചു കാണുമ്പോഴും ഇതു രണ്ടും മേശപ്പുറത്തുണ്ട്. പക്ഷേ മറ്റൊരാൾ റെക്കോർഡ് ചെയ്ത തന്റെ സംഭാഷണം രണ്ടാമതും മന്ത്രി ശശീന്ദ്രന് കുരുക്കായി. കൊല്ലത്തെ ഒരു എൻസിപി നേതാവിനെതിരെയുള്ള സ്ത്രീപീഡന പരാതി Crossfire Manorama, AK Saseendran, AK Saseendran Phone Tapping

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കോൾ റെക്കോർഡിങ് ഓപ്ഷൻ’ ഒന്നുമില്ലാത്ത പഴയ മോഡൽ രണ്ടു ‘നോക്കിയ’ ഫോണുകളാണ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉപയോഗിക്കുന്നത്. ഔദ്യോഗിക വസതിയായ ‘കാവേരിയിൽ’വച്ചു കാണുമ്പോഴും ഇതു രണ്ടും മേശപ്പുറത്തുണ്ട്. പക്ഷേ മറ്റൊരാൾ റെക്കോർഡ് ചെയ്ത തന്റെ സംഭാഷണം രണ്ടാമതും മന്ത്രി ശശീന്ദ്രന് കുരുക്കായി. കൊല്ലത്തെ ഒരു എൻസിപി നേതാവിനെതിരെയുള്ള സ്ത്രീപീഡന പരാതി Crossfire Manorama, AK Saseendran, AK Saseendran Phone Tapping

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കോൾ റെക്കോർഡിങ് ഓപ്ഷൻ’ ഒന്നുമില്ലാത്ത പഴയ മോഡൽ രണ്ടു ‘നോക്കിയ’ ഫോണുകളാണ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉപയോഗിക്കുന്നത്. ഔദ്യോഗിക വസതിയായ ‘കാവേരിയിൽ’വച്ചു കാണുമ്പോഴും ഇതു രണ്ടും മേശപ്പുറത്തുണ്ട്. പക്ഷേ മറ്റൊരാൾ റെക്കോർഡ് ചെയ്ത തന്റെ സംഭാഷണം രണ്ടാമതും മന്ത്രി ശശീന്ദ്രന് കുരുക്കായി. കൊല്ലത്തെ ഒരു എൻസിപി നേതാവിനെതിരെയുള്ള സ്ത്രീപീഡന പരാതി നൽകിയ യുവതിയുടെ പിതാവായ മറ്റൊരു എൻസിപി നേതാവിനോട്, പരാതി ഒതുക്കി തീർക്കണമെന്ന മട്ടിൽ മന്ത്രി സംസാരിക്കുന്നത് കേട്ട് കേരളം അമ്പരന്നു.

ഒന്നാം പിണറായി മന്ത്രിസഭയിൽ ഒരു ഫോൺ കെണിയിൽ വീണ് രാജിവയ്ക്കേണ്ടി വന്ന മന്ത്രിയുടെ രാജിക്കായി വീണ്ടും മുറവിളികൾ ഉയർന്നു. എൻസിപി ദേശീയ പ്രവർത്തക സമിതി അംഗവും കേരളത്തിന്റെ വനം മന്ത്രിയും ആയ ആ മുതിർന്ന നേതാവ് ‘ക്രോസ് ഫയറിൽ’ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് വിശദമായി സംസാരിച്ചു. ഫോൺ വിളി മുതൽ മരം മുറി വരെയുള്ള വിവാദങ്ങളിൽ മനസ്സു തുറന്നു.

ADVERTISEMENT

∙ ഒടുവിലത്തെ വിവാദത്തിൽനിന്നു തന്നെ തുടങ്ങാം. നേരെ ചോദിക്കുകയാണ്, തിരിഞ്ഞു നോക്കുമ്പോൾ ആ ഫോൺ വിളി വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നില്ലേ?

അങ്ങനെ ചോദിച്ചാൽ അത് ഒരു അത്യാവശ്യമായിരുന്നില്ലെന്ന് തന്നെയാണ് തോന്നുന്നത്. പക്ഷേ നമ്മൾ പൊതു പ്രവർത്തകരാണ്. അടുത്തു വന്ന് ഒരു പ്രശ്നമുണ്ടെന്ന് പറയുമ്പോൾ ഇരിക്കുന്ന പദവിയെക്കുറിച്ച് ആലോചിക്കേണ്ടതായിരിക്കും. പക്ഷേ നേതൃത്വത്തിൽ ഉള്ളവർക്ക് ചിലപ്പോൾ അതിനു സാധിച്ചെന്നു വരില്ല.

എ.കെ ശശീന്ദ്രൻ.

∙ ഇങ്ങനെ ഒരു കേസ് ആണെന്ന് അറിഞ്ഞിട്ടും താങ്കളെ പോലെ പരിചയ സമ്പന്നനും മന്ത്രിയും ആയ ഒരാൾ എന്തുകൊണ്ടാണ് ആ യുവതിയുടെ പിതാവിനെ വിളിക്കാൻ മുതിർന്നത്?

കൊല്ലത്ത് കുറച്ചു നാളായി എൻസിപിയിലെ നേതാക്കൾ തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതു വേണ്ടാത്ത തലത്തിലേക്ക് വളർന്ന് പോകുന്നതായി മനസ്സിലായി. ആ പിതാവ് എന്റെ പാർട്ടിക്കാരൻ അല്ലായിരുന്നെങ്കിൽ ഞാൻ വിളിക്കില്ലായിരുന്നു. പാർട്ടിയിലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തീർക്കാൻ എന്താണു വഴി എന്ന ആലോചനയാണ് ആ ഫോൺ വിളിയിൽ എത്തിച്ചത്. അല്ലാതെ ഒരു പരിചയവും ഇല്ലാത്ത അച്ഛനും മകളും ആയിരുന്നെങ്കിൽ അതിൽ ഇടപെടുന്ന പ്രശ്നമേയില്ല.

ADVERTISEMENT

∙ താങ്കൾ വിളിച്ച നിയോജകമണ്ഡലം പ്രസിഡന്റിനെ നേരിട്ട് നേരത്തെ പരിചയമുണ്ടോ?

140 മണ്ഡലം പ്രസിഡന്റുമാർ അല്ലേ ഉള്ളൂ. അതിൽ മിക്കവാറും ആളുകളെ പരിചയമുണ്ട്.

∙ തന്റെ കയ്യിൽ കയറിപ്പിടിച്ചു എന്ന് അദ്ദേഹത്തിന്റെ മകൾ പൊലീസിൽ പരാതിപ്പെട്ട എൻസിപി നേതാവ് പത്മാകരനുമായി താങ്കൾക്ക് അടുപ്പമുണ്ടോ?

പത്മാകരൻ എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗമല്ലേ, സ്വാഭാവികമായും അറിയാമല്ലോ. അവർ രണ്ടു പേരും തമ്മിലെ പ്രശ്നത്തിൽ ഒന്ന് സംസാരിച്ചാൽ തരക്കേടില്ല എന്ന നിർദേശം വന്നപ്പോൾ ഞാൻ വിളിച്ചു. അതു ഞാൻ നിഷേധിക്കുന്നില്ല.

ADVERTISEMENT

∙ കേസ് സ്ത്രീപീഡനം ആകുമ്പോൾ അതിൽ ഇടപെടേണ്ടതില്ല എന്ന ഒരു തീരുമാനമല്ലേ താങ്കളെപ്പോലെ ഒരാളിൽനിന്നു പ്രതീക്ഷിക്കുന്നത്?

മടിച്ചു മടിച്ചു തന്നെയാണ് ഞാൻ വിളിച്ചത്. സംസാരിച്ചു തുടങ്ങിയപ്പോൾ അദ്ദേഹം ഉറച്ച നിലപാടിലാണ് എന്നു തോന്നിയതോടെ സത്യത്തിൽ സംഭാഷണം തീർക്കാനാണ് ശ്രമിച്ചത്. ഏതു രീതിയിലാണ് തീർക്കേണ്ടത് എന്നെല്ലാം നിങ്ങൾക്ക് അറിയാമല്ലോ എന്ന് അതുകൊണ്ടാണ് പറഞ്ഞത്. സംസാരം നീട്ടിക്കൊണ്ടു പോകാതിരിക്കാൻ മാത്രമായിരുന്നു ശ്രമം. ‘അത് നിങ്ങൾക്ക് അറിയാല്ലോ’ എന്നു പറഞ്ഞത് ആ വിഷയം അവസാനിപ്പിക്കാൻ വേണ്ടി ആയിരുന്നു. തീരുമാനം അദ്ദേഹത്തിനു വിട്ടുകൊടുത്താണ് സംസാരം അവസാനിപ്പിച്ചത്.

എ.കെ ശശീന്ദ്രൻ, പിണറായി വിജയൻ.

∙ കോഴിക്കോട്ടെ ഒരു പ്രശ്നത്തിൽ താങ്കൾ ഇടപെട്ടുവെന്നു പറഞ്ഞാൽ മനസ്സിലാക്കാം, കൊല്ലം കുണ്ടറയിലെ ഒരു പാർട്ടി തർക്കത്തിൽ പോയി തലയിടേണ്ടി വന്നത് ഏതു സാഹചര്യത്തിലാണ്? ആരാണ് ഇതിനായി നിർബന്ധിച്ചത്?

പാർട്ടിക്കാർ എന്നോട് വന്നു കാര്യങ്ങൾ പറയുന്നത് മന്ത്രി എന്ന നിലയ്ക്കല്ല. ഈ പാ‍ർട്ടിയിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് ‍ഞാൻ. സംസ്ഥാനത്തിന്റെ എല്ലാ പ്രദേശത്തുമുള്ള പാർട്ടി പ്രവർത്തകർ അവരുടെ കാര്യങ്ങൾ വന്ന് സ്വാതന്ത്ര്യത്തോടെ പറയാറുണ്ട്. എത്രയോ കാലമായി അതു നടക്കുന്നു. കൊല്ലത്തെ പ്രധാനപ്പെട്ട ചില നേതാക്കളാണ് ഇക്കാര്യം പറയുന്നത്. ആദ്യം അതു ഞാൻ ചെവിക്കൊണ്ടില്ല. താങ്കൾ സംസാരിച്ചാൽ വഷളാകാതെ തീർക്കാം എന്ന് പിന്നെയും പിന്നെയും പറഞ്ഞപ്പോഴാണ് ഞാൻ വിളിച്ചത്. അല്ലാതെ ഏതെങ്കിലും കേസ് പിൻവലിക്കണമെന്ന് പറയാനല്ല വിളിച്ചത്.

∙ ഫോൺ ചെയ്യുന്ന ഘട്ടത്തിൽ റെക്കോർഡ് ചെയ്യുന്നതായി സന്ദേഹം തോന്നിയോ?

അദ്ദേഹത്തിന്റെ ചോദ്യങ്ങൾ കേട്ടപ്പോൾ അങ്ങനെ ഒരു സംശയം തോന്നിയതുകൊണ്ടു കൂടിയാണ് ഞാൻ അവസാനിപ്പിച്ചത്. ‘വനം മന്ത്രി എ.കെ. ശശീന്ദ്രൻ അല്ലേ’ എന്നെല്ലാം ചോദിച്ചപ്പോൾ ഒരു ശങ്ക തോന്നി. ‘നിങ്ങൾ അതു തീർക്ക്’ എന്ന് സാധാരണ സംഭാഷണ ശൈലിയിൽ പറഞ്ഞു വേഗം വച്ചത് അതു കൊണ്ടാണ്.

∙ ഇത് കുഴപ്പമാകുമെന്ന് ഫോൺ വച്ചു കഴിഞ്ഞപ്പോൾ തോന്നിയോ?

ഇല്ല. എന്റെ പാർട്ടിയുടെ ഒരു നേതാവിനോട് അല്ലേ ഞാൻ സംസാരിച്ചത്. മറ്റു തരത്തിൽ അതിനെ അദ്ദേഹം ദുരുപയോഗപ്പെടുത്തുമെന്ന് ശങ്കിക്കേണ്ട കാര്യമില്ലല്ലോ.

∙ കേസ് ഒത്തുതീർപ്പാക്കണമെന്ന് നേരിട്ടു പറഞ്ഞില്ല എന്നത് സാങ്കേതികമായി ശരിയായിരിക്കാം, പക്ഷേ കേൾക്കുന്ന ആർക്കും അങ്ങനെ അല്ലേ തോന്നുക?

ഓരോരുത്തരുടെയും വർത്തമാന ശൈലി അല്ലേ? നല്ല നിലയിൽ തീർക്ക് എന്നു പറഞ്ഞത് സംഭാഷണം അവസാനിപ്പിക്കാൻ വേണ്ടിയാണ്. വിളിക്കണമെന്ന ആവശ്യം എന്നോട് പറഞ്ഞവരെ തൃപ്തിപ്പെടുത്താനായി വിളിച്ചു എന്നു മാത്രം.

എ.കെ ശശീന്ദ്രൻ.

∙ ഒരു പീഡന പരാതിയിലാണ് ഇടപെടുന്നത് എന്ന ഗൗരവം വിളിച്ചപ്പോൾ തോന്നിയില്ലേ?

ഞാൻ ആദ്യം കേട്ടത് അങ്ങനെ അല്ല. ഇവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കേസും പരാതിയും ആയി ശത്രുക്കളായി നിൽക്കുകയാണ് എന്നാണ് മനസ്സിലാക്കിയത്. യുവതി പരാതിയിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് എനിക്ക് വിശദമായി അറിയില്ലായിരുന്നു. അവർ ഒരു പരാതി പൊലിസിൽ കൊടുത്തിട്ടുണ്ട് എന്നേ ‍മനസ്സിലാക്കിയുള്ളൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവർ തമ്മിൽ അകൽച്ചയിലാണെന്നും അതിന്റെ ഫലമാണ് എല്ലാം എന്നുമാണ് പ്രവർത്തകർ പറഞ്ഞത്. ഞങ്ങളുടെ ഒരു ബ്ലോക്ക് പ്രസിഡന്റിന്റെ മകൾ ആയതു കൊണ്ടു മാത്രമാണ് ഞാൻ ഇടപെട്ടത്. പാർട്ടി പ്രവർത്തകരിൽ എനിക്കുള്ള വിശ്വാസത്തിന്റെ ബലം വച്ചാണ് വിളിച്ചത്. അല്ലാതെ അധികാരത്തിന്റെ ഒരു ബലവും അതിൽ ഉണ്ടായിരുന്നില്ല. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു തലത്തിലേക്ക് അത് വളർന്നതു കണ്ടപ്പോൾ പ്രയാസം തോന്നി.

∙ താങ്കൾ വിളിച്ചാൽ ആ പ്രശ്നം തീരുമെന്ന് ആരെങ്കിലും പറഞ്ഞോ?

അതെ. അങ്ങനെ പറഞ്ഞതു കൊണ്ടാണല്ലോ വിളിച്ചത്. അദ്ദേഹംതന്നെ അങ്ങനെ ആവശ്യപ്പെട്ടോ എന്ന് അറിയില്ല. എന്നെ കണ്ടവർ പറഞ്ഞത് താങ്കൾ ഒന്നു സംസാരിച്ചാൽ തീരും എന്നായിരുന്നു.

∙ കേസൊതുക്കാൻ താങ്കൾ പൊലീസിലും ഇടപെട്ടിട്ടുണ്ടാകുമെന്ന് ആക്ഷേപമുണ്ടല്ലോ?

അതിനു മുൻപോ ശേഷമോ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു മനുഷ്യനോടും ഞാൻ സംസാരിച്ചിട്ടില്ല. അധികാരി വർഗത്തിൽ പെടുന്ന ആരെയും വിളിച്ചിട്ടില്ല.

എ.കെ ശശീന്ദ്രൻ, മന്ത്രി മുഹമ്മദ് റിയാസ്. ശശീന്ദ്രൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം.

∙ എൻസിപിക്കുള്ളിൽ താങ്കളോട് വൈരാഗ്യമുള്ള ആരെങ്കിലും ഇതിനു പിന്നിലുണ്ടോ?

അങ്ങനെ തോന്നുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് എന്നെപ്പറ്റി ചിലർക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പാർട്ടിക്കുള്ളിൽ ആരും പറഞ്ഞിട്ടില്ല, മാധ്യമങ്ങളിൽ കൂടി അങ്ങനെ പ്രചരിപ്പിച്ചു. ഇനി എല്ലാം പാർട്ടി അന്വേഷിക്കട്ടെ. അദ്ദേഹം തന്നെ എന്റെ പാർട്ടിക്കാരനല്ലേ. എന്തിന് മറ്റൊരാളുടെ പ്രേരണയും മറ്റും ആലോചിക്കണം.

∙ സത്യപ്രതിജ്ഞാ ലംഘനം ആ സംഭാഷണത്തിൽ ഉണ്ടെന്ന വ്യാഖ്യാനമുണ്ട്. ഭവിഷ്യത്തുകളെക്കുറിച്ച് ആശങ്കയുണ്ടോ?

അതെല്ലാം വരട്ടെ. ഇപ്പോൾ ആലോചിച്ചിട്ട് എന്താണ് കാര്യം. എനിക്കെതിരെ മൊഴിയാണ് കൊടുത്തിരിക്കുന്നത്. പരാതി അല്ല. ഗവർണർക്ക് പരാതി കൊടുക്കുമെന്നാണ് പറയുന്നത്. അതിനെല്ലാം ഉത്കണ്ഠപ്പെട്ടിട്ടു കാര്യമില്ല.

∙ സംഭവിച്ചതിലെ മനസ്താപമല്ലേ ഇപ്പോൾ ഉള്ള വികാരം?

സ്വാഭാവികമായും ഉണ്ടല്ലോ. മറ്റൊന്നും ചിന്തിക്കാതെ തികച്ചും സദുദ്ദേശപരമായി ചെയ്ത ഒരു കാര്യം സ്വന്തം പാർട്ടിക്കാരൻ തന്നെ ദുരുപയോഗപ്പെടുത്തിയല്ലോ എന്നതിൽ പ്രയാസമുണ്ട്.

∙ മുഖ്യമന്ത്രിയും സിപിഎമ്മും എന്തെങ്കിലും ഉപദേശം നൽകിയോ?

മുഖ്യമന്ത്രിയോട് ഞാൻ ഈ സത്യങ്ങൾതന്നെ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ നിയോജകമണ്ഡലം സ്ഥാനാർഥിയുടെ മകൾ എൽഡിഎഫിനെതിരെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി. അവിടെ എൽഡിഎഫും പാർട്ടിയിലും അതു പ്രശ്നമായിരുന്നു. അതു വളർന്നു വലുതായതാണെന്ന് പറഞ്ഞു. കൂടുതൽ മോശമാകാതിരിക്കാൻ ഇടപട്ടതാണെന്നും വ്യക്തമാക്കി. വിളിച്ച ആളുടെ പ്രതികരണം സൗഹാർദത്തോടെ അല്ലാതെ വന്നപ്പോൾ കൂടുതൽ സംസാരിച്ചുമില്ല.

∙ താങ്കളുടെ രാജി ആവശ്യം ഉയർന്നിട്ടുണ്ടല്ലോ?

ആ ആവശ്യത്തിന് പിന്നിൽ രാഷ്ട്രീയമാണ്. കേസെടുത്ത് എന്നെ ശിക്ഷിക്കണമെന്ന് പറഞ്ഞാൽ മനസ്സിലാകും. ഞാൻ രാജിവച്ചാൽ ഈ കേസ് ബലപ്പെടുകയോ ദുർബലപ്പെടുകയോ ഒന്നും ചെയ്യില്ലല്ലോ. രാഷ്ട്രീയമായ ആവശ്യം ഉയർന്നതോടെയാണ് രാജിവയ്ക്കേണ്ടതില്ല എന്നു ഞാൻ ചിന്തിച്ചത്.

∙ പഴയ ഫോൺ വിവാദ വേളയിൽ താങ്കൾ തന്നെ രാജിക്ക് സന്നദ്ധത പ്രകടമാക്കുകയല്ലേ ചെയ്തത്?

അതെ. അന്നു രാജി എന്ന ആവശ്യം ഉയരും മുൻപെ അതിനു സന്നദ്ധനായി. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ മന്ത്രിസ്ഥാനത്ത് തുടരരുത് എന്ന നിലപാട് എടുത്തുവന്ന മുന്നണിയുടെ പ്രതിനിധി എന്ന നിലയിലാണ് അന്നു രാജിവച്ചത്. ഒരു വാദ പ്രതിവാദത്തിനും പോയില്ല.

∙ ഈ പ്രശ്നത്തിൽ അങ്ങനെ ഒരു സമീപനം അല്ലെന്നാണോ?

പാർട്ടിയിലെ ഒരു തർക്കത്തിൽ ഇടപെട്ട് ഞാൻ സംസാരിച്ചത് റെക്കോർഡ് ചെയ്ത് പുറത്ത് എത്തിക്കുന്ന രീതി അംഗീകരിക്കാൻ കഴിയില്ല. ഞാൻ വിളിച്ചതിൽ അദ്ദേഹത്തിന് പ്രയാസം ഉണ്ടായെങ്കിൽ എനിക്കെതിരെ പാർട്ടി പ്രസിഡന്റിനോട് പരാതി പറയാമല്ലോ. എന്റെ മകളുടെ പരാതിയിൽ മന്ത്രിയുടെ ഇടപെടൽ ശരിയായില്ല എന്നു പാർട്ടിയോട് പറയാം. അക്കാര്യത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെടാം. അതൊന്നും അദ്ദേഹം ചെയ്തില്ല. ആ സാഹചര്യത്തിൽ രാജി എന്ന ആവശ്യം ചർച്ച ചെയ്തിട്ട് ചെയ്യാം എന്നാണ് ഞാൻ തീരുമാനിച്ചത്. ആലോചിച്ച് എന്താണോ തീരുമാനം വേണ്ടത് അത് എടുക്കാം. ഇപ്പോഴും ഞാൻ അവിടെയാണ് നിൽക്കുന്നത്. ഒരു ചർച്ചയുടെ അടിസ്ഥാനത്തിൽ ‍ മാറിനിൽക്കുന്നതാണ് നല്ലത് എന്നു പാർട്ടി പറഞ്ഞാൽ ഞാൻ കേൾക്കും. കുറ്റക്കാരനാണെങ്കിൽ നടപടി നേരിടും.

∙ അപ്പോൾ രാജി അടഞ്ഞ അധ്യായമല്ല എന്നാണോ ഞങ്ങൾ മനസ്സിലാക്കേണ്ടത്?

ഇപ്പോൾ ആ ആവശ്യം തള്ളിയിട്ടുണ്ട്. പാർട്ടി ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ഒഴിയാൻ പാർട്ടിക്ക് പറയാമല്ലോ.

എ.കെ ശശീന്ദ്രനൊപ്പം പിണറായി വിജയൻ. ശശീന്ദ്രൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം.

∙ രാജി വേണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞോ?

രാജിക്കാര്യമേ ഞങ്ങളുടെ ചർച്ചയിൽ വന്നില്ല.

∙ എ.കെ. ശശീന്ദ്രനെ ഫോൺ ശാപം പിന്തുടരുകയാണ് എന്ന് അഭിപ്രായപ്പെടുന്നവരോട് എന്താണ് പറയാനുള്ളത്?

അതെല്ലാം നിങ്ങളുടെ നിഗമനങ്ങളല്ലേ. ഓരോരുത്തരുടെ വ്യാഖ്യാനത്തിനു വിടാനേ കഴിയൂ.

∙ പഴയ ആ ഫോൺ വിളിക്കു ശേഷം പൊതുവിൽ ജാഗ്രത പുലർത്തിയിരുന്നോ?

ഞാൻ തുറന്നു സംസാരിക്കുന്ന ഒരാളാണ്. വലിയ കരുതൽ ഒന്നും എടുക്കുന്ന രീതിയില്ല. ഇതു കഴിഞ്ഞാലും നാളെ ഞാൻ റോഡിലൂടെ നടക്കേണ്ടേ? ആ വിചാരമുണ്ട്. മന്ത്രിയും എംഎൽഎയും ഒന്നും അല്ലാത്ത സ്ഥിതി വരുമല്ലോ. രാഷ്ട്രീയ അനുഭവങ്ങളും നിലപാടുകളും അല്ലാതെ എനിക്ക് കൈമുതലായി ഒന്നുമില്ല. പാർട്ടിക്കുള്ളിൽ ഞാൻ എടുക്കുന്ന നിലപാടുകൾക്കാണ് പ്രസക്തി. അല്ലാതെ സ്ഥിരമായി ഒരു അനുയായിവൃന്ദം എന്ന സ്ഥിതി ഇല്ല. ഓരോ ഘട്ടത്തിലും എടുക്കുന്ന നിലപാടുകൾക്കൊപ്പം ചിലർ ഉണ്ടാകും. യുഡിഎഫിനൊപ്പം പോകേണ്ട എന്ന നിലപാട് ഞാൻ എടുത്തപ്പോൾ നേരത്തെ ചില കാര്യങ്ങളിൽ എതിർത്തവരും ഒപ്പം വന്നു. മറ്റൊരു വിഷയത്തിൽ അവർ കൂടെ നിൽക്കണം എന്നുമില്ല.

∙ പഴയ ആ ഫോൺ വിളിയിൽ പശ്ചാത്താപമുണ്ടോ?

ശ്രദ്ധിക്കേണ്ടതായിരുന്നു എന്നാണല്ലോ എല്ലാവരും പറഞ്ഞത്. അതും ഇതും എല്ലാം പാഠങ്ങളാണ്.

∙ രണ്ടു ഫോൺ വിളികൾ നൽകുന്ന പാഠം എന്താണ്?

ഒന്ന് ജാഗ്രത വേണം, രണ്ടാമത് ആരെയാണ് നമ്മൾ വിശ്വസിക്കുക എന്ന ചോദ്യമാണ്. സൗഹൃദത്തിന്റെ പേരിലോ പരിചയത്തിന്റെ പേരിലോ ഫോണിൽ സംസാരിക്കുമ്പോൾ അതു ചോർത്തി പ്രസിദ്ധീകരിക്കുന്ന കാലത്ത് ആരെയാണ് വിശ്വസിക്കുക! ഈ വിവാദത്തിന്റെ മറുവശമാണ് പറഞ്ഞത്. എനിക്ക് പരിചയമില്ലാത്ത ആളെ അല്ല വിളിച്ചത്, വേറെ പാർട്ടിക്കാരനെ അല്ല, എന്റെ ശത്രുവിനെ അല്ല. എന്റെ ബ്ലോക്ക് പ്രസിഡന്റാണ്. എന്നിട്ടും ഞാൻ എന്താണു പറയാൻ പോകുന്നത് എന്ന് അറിയും മുൻപേ റെക്കോർഡിങ് തുടങ്ങിയല്ലോ.

എ.കെ.ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്യുന്നു.

∙ ആദ്യം മരം മുറി വിവാദം, പിന്നാലെ ഫോൺ വിളി, രണ്ടാം പിണറായി മന്ത്രിസഭയിൽ വനം മന്ത്രിയുടെ ശകുനം മോശമാണോ?

ശകുനം നോക്കിയിട്ടൊന്നും കാര്യമില്ല. ഓരോ ഘട്ടത്തിലും പ്രശ്നങ്ങൾ ഉയർന്നു വരും അതിന്റെ ശരി തെറ്റുകൾ നോക്കി പ്രവർത്തിക്കുക. യാഥാർഥ്യം അംഗീകരിച്ചു പോകുക. സംഭവിക്കുന്നതിൽനിന്നു മാറി നിൽക്കാൻ പറ്റില്ല. നേരിടാനേ സാധിക്കൂ.

∙ പൊതുവിൽ ശത്രുക്കളെ സൃഷ്ടിക്കാത്ത സൗഹാർദ്ദ മനോഭാവമാണ് താങ്കളുടേത്. എന്നിട്ടും എന്തേ ഇത്തരം കെണികൾ?

രണ്ടാം പിണറായി സർക്കാർ വന്ന ശേഷം എനിക്കെതിരെ ബോധപൂർവമായ നിലപാടാണ് പ്രതിപക്ഷത്തിന്റേത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വനം വകുപ്പിൽ ഉയർന്ന പ്രശ്നത്തിൽ ഞാൻ എങ്ങനെയാണ് ഉത്തരവാദി ആകുന്നത്? രണ്ടു സർക്കാരുകളിലും മന്ത്രിയാണ് എന്ന ഉത്തരവാദിത്തമുണ്ട്. കൂട്ടായ ഉത്തരവാദിത്തത്തിൽ പങ്കുണ്ട്. അതിന് അപ്പുറം വ്യക്തിപരമായ ഉത്തരവാദിത്തം എനിക്ക് ഉണ്ടോ? അത് അറിയാത്തവരാണോ പ്രതിപക്ഷം? എന്നാലും മരംമുറി കേസ് എന്നു പറഞ്ഞാൽ എനിക്കെതിരെയാണ്. അതിൽ എന്തെങ്കിലും വിവാദം ഉണ്ടെങ്കിൽ ആ വിവാദ പുരുഷൻ ഞാനാണോ? എന്നിട്ടും ആ സ്ഥാനത്ത് ഇരിക്കുന്ന ആൾ എന്ന നിലയിൽ എനിക്കെതിരെയാണ് ആക്രമണം. തുടർഭരണത്തിന് ഇങ്ങനെ ചില കുഴപ്പങ്ങളുണ്ടെന്ന് തമാശയായി ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു.

∙ റവന്യൂ വകുപ്പ് ഇറക്കിയ ഒരു ഉത്തരവിന്റെ മറവിൽ നടന്ന മരം മുറി വനം വകുപ്പിന് പാരയായി എന്ന് കരുതുന്നുണ്ടോ? റവന്യൂ വകുപ്പും അന്നത്തെ മന്ത്രിയും അക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടേണ്ടിയിരുന്നോ?

സർക്കാരിലെ ഒരു അംഗം എന്ന നിലയിൽ എനിക്കും ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവർക്കും ഉണ്ട്. നിരവധി ചർച്ചകൾക്കു ശേഷമാണ് ആ ഉത്തരവ് ഇറക്കിയത്. മന്ത്രിമാർ തമ്മിലും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും എല്ലാം ചർച്ച നടന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻ‍പ് മലയോര മേഖലയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അവരുടെ സംഘടനകളും പട്ടയം കിട്ടിയ ഭൂമിയിലെ മരം മുറിക്കാൻ അനുവാദം നൽകണമെന്ന സമ്മർദം നടത്തിയിരുന്നു. ഒരു ജനകീയ സർക്കാരിന് അതു പരിഗണിക്കേണ്ടി വരും. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരേ ആവശ്യമായിരുന്നു. ജനകീയ ആവശ്യം ഉണ്ടായിരുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പറഞ്ഞില്ലേ?

എ.കെ.ശശീന്ദ്രന്‍

∙ മരം കൊള്ളക്കാരുടെ കെണിയിൽ കുടുങ്ങിപ്പോയ ഭൂവുടമകളായ ആദിവാസികൾക്കും കർഷകർക്കും എതിരെയുള്ള കേസുകൾ പിൻവലിക്കുന്നത് ആലോചിക്കുമോ?

ആലോചിക്കേണ്ട കാര്യമാണ്. അവരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അവരുടെ അറിവില്ലായ്മ ചിലർ ചൂഷണം ചെയ്തിട്ടുണ്ട്. പക്ഷേ അവരെ കേസിൽനിന്ന് ഒഴിവാക്കാൻ പറ്റില്ല. നിലവിലുള്ള നിയമത്തിൽ ഭൂമിയുടെ ഉടമസ്ഥരും മരം മുറിച്ചവരും തുല്യമായ കുറ്റമാണ് ചെയ്തിരിക്കുന്നത്. കേസ് ഫ്രേയിം ചെയ്യുമ്പോൾ ഒരു പ്രതിയെ ഒഴിവാക്കിയാൽ പിന്നെ കേസില്ല.

ഇപ്പോൾ ആവശ്യപ്പെടുന്നതു പോലെ കർഷകരെ ആ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയാൽ കേസ് നിലനിൽക്കില്ല. ആരംഭ ഘട്ടത്തിലേ കേസ് ഇല്ലാതാകും. നിക്ഷിപ്ത താൽപര്യക്കാരുടെ ആവശ്യവും അതുതന്നെയാണ്. ആദിവാസികളും മറ്റും തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നും ഇരകളാണെന്നും തെളിയിക്കാൻ സാധിക്കണം. ആദ്യം നയപരമായ തീരുമാനം അതിനായി എടുക്കണം. ഒരു നിയമഭേദഗതി വന്നാൽ അതു മറ്റു കേസുകളെ ബാധിക്കുമോ എന്നതു നോക്കണം.

∙ മരം മുറിയുമായി ബന്ധപ്പെട്ട് ഉത്തര മേഖലാ കൺസർവേറ്റർ എൻ.ടി. സാജനെതിരെ നടപടിയെടുക്കണം എന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിട്ടിട്ടും അതു നീണ്ടു പോകുന്നതായി ആക്ഷേപമുണ്ടല്ലോ?

റേഞ്ച് ഓഫിസർ മുതൽ ഉള്ളവർ ഐഎഫ്എസുകാരാണ്. കേന്ദ്ര കേഡറിലുള്ള ഇവരുടെ പേരിൽ നേരിട്ട് നടപടി എടുക്കാൻ ഇവിടെ വകുപ്പിനു സാധിക്കില്ല. വകുപ്പുതല ശുപാർശ ഗവ. സെക്രട്ടറിക്ക് നൽകി മന്ത്രി കണ്ട് പൊതു ഭരണ വകുപ്പിലേക്ക് പോയി അവരുടെ അഭിപ്രായം രേഖപ്പെടുത്തി മന്ത്രിയുടെ അടുത്ത് വീണ്ടും വന്ന്, ചീഫ് സെക്രട്ടറി കണ്ട് മുഖ്യമന്ത്രിയുടെ അടുത്തു പോകണം. വളരെ നീണ്ട പ്രക്രിയയാണ് അത്. അതു പൂർത്തിയാക്കി നടപടി എടുക്കും.

∙ മുട്ടിൽ മാത്രം 14 കോടിയുടെ മരം മുറിച്ചെന്നു കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞു, അവിടെ 160 മരങ്ങളോളം ആണ് മുറിച്ചത്. കേരളത്തിലാകെ 2409 മരം മുറിച്ചിട്ടുണ്ട്. അതിന് 15 കോടിയോളം എന്നാണല്ലോ വനം വിജിലൻസിന്റെ കണക്ക്. ഇത് എങ്ങനെ പൊരുത്തപ്പടുന്നു?

സഭയിൽ പറഞ്ഞതു പിശകാണ്. അതു തിരുത്താൻ പറ‍ഞ്ഞിട്ടുണ്ട്. ആകെയാണ് 15 കോടിയുടെ മരം. അതിൽ എട്ടുകോടിയുടെ മരം കസ്റ്റഡിയിൽ എടുത്തു. ബാക്കി കിട്ടാനുണ്ട്.

എ.കെ ശശീന്ദ്രൻ നിയമസഭയിൽ (ഇടത്), പ്രതിഷേധവുമായി പ്രതിപക്ഷം (വലത്). ചിത്രം: മനോരമ

∙ രണ്ടായിരത്തോളം മരങ്ങൾക്ക് 15 കോടി എന്നു പറഞ്ഞാൽ ആ കണക്ക് ശരിയല്ല എന്ന് താങ്കൾക്കും അറിയാവുന്നതല്ലേ?

സർക്കാരിന്റെ മൂല്യനിർണയമല്ലേ അത്. നമ്മൾ ഇരിക്കുന്ന ഭൂമിക്ക് സർക്കാർ നടത്തുന്ന വില നിർണയം അല്ലല്ലോ പുറത്തുള്ളത്. കേസ് തീരുന്നത് വരെ തടി സൂക്ഷിക്കേണ്ടി വരും. ശേഷം സർക്കാരിന്റെ മരമായി. അതു ലേലം ചെയ്ത് ഡിപ്പോകൾക്ക് കൊടുക്കുന്ന പതിവ് ഇക്കാര്യത്തിലും തുടരും. ഇപ്പോൾ തൊണ്ടിമുതലാണ്. തേക്ക്, ഈട്ടി ഇനങ്ങളിലായി 2019.705 ഘനമീറ്റർ മരമാണ് മുറിച്ചത്. അതിനു നിശ്ചയിച്ച മൂല്യമാണ് 14.41 കോടി. അതിൽ 8.44 കോടിയുടെ മരം നമ്മുടെ കയ്യിലുണ്ട്. ബാക്കി കണ്ടെടുക്കണം.

∙ എൻസിപിയിൽ വലിയ മാറ്റങ്ങളാണ്. കോൺഗ്രസിൽ നിന്നെത്തിയ പി.സി. ചാക്കോ പ്രസിഡന്റായി, പുതിയ ടീം വന്നു. എങ്ങനെയാണ് ഇതിനെയെല്ലാം കാണുന്നത്?

ചാക്കോ തിരിച്ചു വന്നത് താഴേ തട്ടിലുള്ളവർക്ക് മുതൽ മുകളിലുള്ളവർക്കു വരെ സന്തോഷകരമാണ്. ‍ഞങ്ങളെല്ലാം ബഹുമാനിക്കുന്ന ഒരു നേതാവിനെ തിരിച്ചു കിട്ടി എന്ന ആഹ്ലാദമാണ് അത്. അതിനിടയിലാണ് കൊല്ലത്തെ പോലുള്ള ഒരു പ്രശ്നം വന്നത്. പാർട്ടിയിലെ നല്ല അന്തരീക്ഷത്തെ ഇതൊന്നും ബാധിക്കാതെ തീർക്കാനാണ് ഞാൻ ശ്രമിച്ചത്.

∙ അഞ്ചു വർഷവും മന്ത്രിയായി തുടരാനുള്ള അനുവാദമാണ് എൻസിപി നൽകിയത്. ടേം നിബന്ധന ഒന്നുമില്ലന്നാണു മനസ്സിലാക്കിയത്. ഇപ്പോഴത്തെ വിവാദം അഞ്ചു വർഷ കാലാവധിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ടോ?

ഈ വിവാദവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയുമില്ല, അതേസമയം എപ്പോൾ പറ‍ഞ്ഞാലും മാറിക്കൊടുക്കാൻ ഞാൻ തയാറാണ്. എനിക്ക് അതൊരു പ്രശ്നമേ അല്ല. രാവിലെ ഫോണിൽ വിളിച്ച് പറഞ്ഞാലും ഞാൻ അംഗീകരിക്കും. എന്റെ പാർട്ടി എടുക്കുന്ന ഏതു തീരുമാനവും അനുസരിക്കും.

∙ ഇ.കെ. നായനാർക്ക് താങ്കളെ വലിയ ഇഷ്ടമായിരുന്നു, പിന്നീട് സിപിഎം നേതാക്കളുമായെല്ലാം നല്ല ബന്ധം. എൻസിപി വിട്ട് സിപിഎമ്മിന്റെ ഭാഗമാകണമെന്ന ഓഫർ എപ്പോഴെങ്കിലും ലഭിച്ചിട്ടുണ്ടോ?

ഒരിക്കലും ഇല്ല. തമാശയ്ക്കു വേണ്ടി പോലും അങ്ങനെ എന്നോട് ചോദിച്ചിട്ടില്ല. പുരോഗമന, മതേതര ജനാധിപത്യ വിശാല ചേരിക്കായി യൂത്ത് കോ‍ൺഗ്രസ് പ്രസിഡന്റായിരുന്നപ്പോൾ രാഷ്ട്രീയ രേഖ അവതരിപ്പിച്ചയാളാണ് ഞാൻ. ഇന്ന് ദേശീയ തലത്തിൽ അതിനായാണല്ലോ ശ്രമം നടക്കുന്നത്. അന്നു സിപിഎം നേതാക്കളെ ഞങ്ങളുടെ സെമിനാറിൽ പങ്കെടുപ്പിച്ചിരുന്നു. കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം പിന്നീട് ഞങ്ങൾ‍ വന്നു. മാറാതെതന്നെ നിന്നു. അഴിമതി കാട്ടിയിട്ടില്ല, ഒന്നും സമ്പാദിച്ചിട്ടില്ല, രാഷ്ട്രീയം മുറുകെ പിടിച്ചു. ഇതുകൊണ്ടെല്ലാം ഉള്ള താൽപര്യവും സ്നേഹവുമാണ് ഞങ്ങളെ പോലെ ഉള്ളവരോട് സിപിഎമ്മിനും സിപിഐക്കും ഉള്ളത്.

English Summary: Cross Fire Exclusive Interview with NCP Leader Minister AK Saseendran