കാർഗിൽ വിജയത്തിന്റെ 22–ാം വാർഷിക ദിനമായ ഇന്ന് ഡൽഹി ഇന്ത്യാഗേറ്റിലെ യുദ്ധ സ്മാരകത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രിയും മറ്റു പ്രമുഖരും പുഷ്പചക്രം അർപ്പിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. യുദ്ധത്തിൽ രക്തസാക്ഷികളായവർക്കായി കാർഗിൽ ജില്ലയിലെ ദ്രാസിൽ ഒരു സ്മാരകം ഒരുക്കിയിട്ടുണ്ട്. Kargil war, Manorama Online

കാർഗിൽ വിജയത്തിന്റെ 22–ാം വാർഷിക ദിനമായ ഇന്ന് ഡൽഹി ഇന്ത്യാഗേറ്റിലെ യുദ്ധ സ്മാരകത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രിയും മറ്റു പ്രമുഖരും പുഷ്പചക്രം അർപ്പിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. യുദ്ധത്തിൽ രക്തസാക്ഷികളായവർക്കായി കാർഗിൽ ജില്ലയിലെ ദ്രാസിൽ ഒരു സ്മാരകം ഒരുക്കിയിട്ടുണ്ട്. Kargil war, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഗിൽ വിജയത്തിന്റെ 22–ാം വാർഷിക ദിനമായ ഇന്ന് ഡൽഹി ഇന്ത്യാഗേറ്റിലെ യുദ്ധ സ്മാരകത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രിയും മറ്റു പ്രമുഖരും പുഷ്പചക്രം അർപ്പിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. യുദ്ധത്തിൽ രക്തസാക്ഷികളായവർക്കായി കാർഗിൽ ജില്ലയിലെ ദ്രാസിൽ ഒരു സ്മാരകം ഒരുക്കിയിട്ടുണ്ട്. Kargil war, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈ 26– കാർഗിൽ യുദ്ധ വിജയ ദിവസം. കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അവസാന വർഷം നടന്ന യുദ്ധത്തിൽ ഇന്ത്യയ്ക്കു നഷ്ടം 527 വീര യോദ്ധാക്കളെ. ഈ ധീരരെ അനുസ്മരിക്കാനും യുദ്ധ വിജയം ആഘോഷിക്കാനുമാണ് എല്ലാവർഷവും ജൂലൈ 26ന് കാർഗിൽ വിജയ ദിവസമായി കൊണ്ടാടുന്നത്. കാർഗിൽ വിജയത്തിന്റെ 22–ാം വാർഷിക ദിനമായ ഇന്ന് ഡൽഹി ഇന്ത്യാഗേറ്റിലെ യുദ്ധ സ്മാരകത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രിയും മറ്റു പ്രമുഖരും പുഷ്പചക്രം അർപ്പിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. യുദ്ധത്തിൽ രക്തസാക്ഷികളായവർക്കായി കാർഗിൽ ജില്ലയിലെ ദ്രാസിൽ ഒരു സ്മാരകം ഒരുക്കിയിട്ടുണ്ട്. ശ്രീനഗറിലെ  ദേശീയ പാതയിലാണ് ഈ സ്മാരകം.

ദ്രാസിന്റെ ഹൃദയത്തിൽനിന്നു കാണാം കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാൻ കയ്യടക്കിയിരുന്ന ടൈഗർ ഹില്ലിന്റെ മനോഹര ദൃശ്യം. അതിനപ്പുറം ഇന്ത്യ-പാക്ക് അതിർത്തി. പാക്ക് സൈനികർ കയ്യടക്കിയ മറ്റൊരു കുന്നാണ് ടോളോലിങ്. കാർഗിൽ യുദ്ധസ്മാരകത്തിനു തണലൊരുക്കുന്നത് ടോളോലിങ് മലനിരയാണ്. ദ്രാസിൽനിന്നു കാർഗിലിലേക്കുള്ള വഴിയിലാണ് കാർഗിൽ യുദ്ധസ്മാരകം; വീരമൃത്യു വരിച്ച ധീരയോദ്ധാക്കളുടെ സ്മരണ ഉറങ്ങുന്നതിവിടെയാണ്. യുദ്ധത്തിന്റെ ചരിത്രം, രക്തസാക്ഷികൾ, ഇന്ത്യയുടെ വിജയം, രക്തസാക്ഷികൾക്കു ലഭിച്ച പുരസ്‌കാരങ്ങൾ തുടങ്ങിയ വിവരങ്ങളെല്ലാം സ്മാരകത്തിനു കാവലൊരുക്കുന്ന പട്ടാളക്കാർ വിവരിക്കും.

കാർഗിൽ വിജയത്തിന്റെ പത്താം വാർഷിക ദിനാഘോഷത്തിൽനിന്ന്. ഡൽഹിയിലെ ഇന്ത്യാഗേറ്റിൽനിന്നുള്ള 2009ലെ ചിത്രം: PRAKASH SINGH / AFP
ADVERTISEMENT

മലയാളി സ്മാരകങ്ങൾ

കാർഗിലിലെ ആദ്യ രക്തസാക്ഷികളിലൊരാളായിരുന്നു മലയാളിയായ വിശ്വനാഥൻ. അദ്ദേഹത്തിന്റെ പേരാണു ദ്രാസിലെ പോളോ മൈതാനത്തിനു നൽകിയിരിക്കുന്നത്.  പോളോയാണ് ഈ മേഖലയിലെ പ്രധാന കായിക വിനോദം. കുതിരപ്പുറത്തേറിയുള്ള പോളോ മത്സരങ്ങൾ ലഡാക്ക് മേഖലയിലെ ഗ്രാമങ്ങൾ തമ്മിലാണ്. മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ഒരു പോളോ മൈതാനമുണ്ട്. തണുപ്പു കാലത്ത് ഐസ് സ്‌കേറ്റിങ്ങും അമ്പെയ്ത്തുമാണ് ദ്രാസ് ജനതയുടെ വിനോദം. മലയാളി ക്യാപ്റ്റൻ ഹനീഫുദ്ദീന്റെ പേരാണു ബട്ടാലിക് സെക്ടറിലെ ഒരു ഉപമേഖലയ്ക്കു സേന നൽകിയിട്ടുള്ളത്. ഈ മേഖലയിൽ പാക്ക് സേനയുമായുണ്ടായ നേരിട്ടുള്ള പോരാട്ടത്തിൽ ഹനീഫുദ്ദീൻ രക്തസാക്ഷിയായി. ഡൽഹിയിലെ മയൂർ വിഹാർ മേഖലയിലെ ഒരു റോഡും ഹനീഫുദ്ദീന്റെ പേരിലാണ് അറിയപ്പെടുന്നത്.

കാർഗിലിലേക്കുള്ള ദേശീയപാതയുടെ ഓരത്ത് യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്കായി നിർമിച്ച സ്മാരകം. ചിത്രം: MUSTAFA TAUSEEF / AFP

എന്തായിരുന്നു കാർഗിൽ യുദ്ധം?

∙ 1999 മേയ്- ജൂലൈ കാലയളവിലാണ് യുദ്ധം നടന്നത്. പാക്ക് പട്ടാളത്തിന്റെ സഹായത്തോടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നുഴഞ്ഞു കയറിയവരാണ് ഇന്ത്യയെ തകർക്കാൻ ശ്രമിച്ചത്.

ADVERTISEMENT

∙ ശ്രീനഗർ–ലേ ദേശീയപാതയിലൂടെ പോകുന്ന ഇന്ത്യൻ സേനാ വാഹനങ്ങളെയാണ് പാക്ക് സംഘം ആദ്യം ആക്രമിച്ചത്. ഇതിനായി, അതിശൈത്യത്തിലെ കനത്ത മഞ്ഞിൽ പാക്കിസ്ഥാനികൾ ഇന്ത്യൻ മണ്ണിലേക്കു നുഴഞ്ഞു കയറി നിലയുറപ്പിച്ചിരുന്നു. ഏറ്റവും ഉയരമുള്ള സ്ഥലങ്ങളിൽ. അവിടെനിന്നായിരുന്നു അവർ ഇന്ത്യൻ മിലിട്ടറി വാഹനവ്യൂഹത്തെ ആക്രമിച്ചത്. തുടക്കത്തിൽ ഇന്ത്യൻ ഭാഗത്ത് കൂടുതൽ ജവാന്മാർക്കു ജീവൻ നഷ്ടമായി. 

ശ്രീനഗറിൽനിന്ന് കാർഗിലിലേക്കു നീങ്ങുന്ന ഇന്ത്യൻ സൈന്യം. 1999 മേയിലെ ചിത്രം: MUSTAFA TAUSEEF / AFP

∙ നാടോടികളായ ഇടയന്മാരുടെ സംഘമാണ് ഇന്ത്യക്കാരല്ലാത്തവർ കാർഗിൽ പർവത മേഖലയിലുണ്ടെന്ന വിവരം കൈമാറിയത്. ഇടയന്മാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാൻകാരുടെ ഒളിസങ്കേതവും തിരിച്ചറിഞ്ഞ്  ‘ഓപറേഷൻ വിജയ്’ തുടങ്ങാനും ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു.

∙ യുദ്ധത്തിൽ വിജയം ഇന്ത്യയ്ക്കൊപ്പമാണെങ്കിലും കനത്ത നഷ്ടം നേരിട്ടു. ധീരന്മാരായ 527 പോരാളികളെയാണു നമ്മുടെ രാജ്യത്തിനു നഷ്ടമായത്. പാക്ക് ഭാഗത്ത് ഏകദേശം നാനൂറിലധികം പേർ കൊല്ലപ്പെട്ടു. 

∙ ഇന്ത്യൻ സേനയുടെ മുന്നേറ്റത്തിൽ വിദേശ നിർമിത ബോഫോഴ്‌സ് ഗണ്ണുകളാണ് സൈനികരെ സഹായിച്ചത്. 

യുദ്ധത്തിനാവശ്യമായ വെടിക്കോപ്പുകൾ സജ്ജമാക്കുന്ന സൈന്യം. 1999ലെ ചിത്രം: MUSTAFA TAUSEEF / AFP
ADVERTISEMENT

∙ പർവത മേഖലയിലാണെങ്കിലും ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും കാർഗിൽ യുദ്ധത്തിൽ പങ്കാളികളായി. കര, വ്യോമ സേനകൾ നേരിട്ടു യുദ്ധത്തിൽ പങ്കാളിയായപ്പോൾ, നാവിക സേന മുന്നേറ്റത്തിലൂടെ പാകിസ്ഥാന്റെ പ്രതിരോധ തന്ത്രം തകിടം മറിച്ചു.  

∙ കാർഗിൽ യുദ്ധത്തിന് തൊട്ടുപിന്നാലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഇന്ത്യയുടെ പ്രതിരോധ ചെലവ് വർധിപ്പിച്ചു. തുടർന്നുള്ള ഓരോ വർഷവും ഇന്ത്യയുടെ പ്രതിരോധ ബജറ്റിൽ കൂടുതൽ തുക വകയിരുത്തി തുടങ്ങി.

ദ്രാസിൽനിന്ന് കാർഗിലിലേക്കു പറന്നുയരുന്ന ഇന്ത്യൻ വ്യോമസേന ഹെലികോപ്ടർ. 1999 മേയിലെ ചിത്രം: MUSTAFA TAUSEEF / AFP

കാർഗിൽ ബാറ്റിൽ സ്‌കൂൾ

ദ്രാസിന് അടുത്താണ് കാർഗിൽ ബാറ്റിൽ സ്‌കൂൾ. യുദ്ധത്തിനു ശേഷമാണ് സേന ലഡാക് മേഖലയിലേക്കു നിയോഗിക്കപ്പെട്ടവർക്കുള്ള പ്രത്യേക പരിശീലനം നൽകുന്ന സ്‌കൂൾ തുടങ്ങിയത്. നാലു ചുവരുകളുടെ സ്‌കൂളല്ലിത്. പർവതാരോഹണവും നദി മുറിച്ചു കടക്കുന്നതും പാറകളിലൂടെ അള്ളിപ്പിടിച്ചു കയറുന്നതും നാലാഴ്ചത്തെ പരിശീലനത്തിന്റെ ഭാഗമായി ഈ സ്‌കൂളിൽ പഠിപ്പിക്കും. യോഗ പരിശീലനവും ഇവിടെ നിർബന്ധമാണ്.

യുദ്ധത്തിനൊരുങ്ങിയ ഇന്ത്യൻ സൈനികൻ. 1999 ജൂണിലെ ചിത്രം: MUSTAFA TAUSEEF / AFP

ബട്ടാലിക്, ദ്രാസ് തുടങ്ങിയ മേഖലകളിൽ നിയമിക്കുന്ന ജവന്മാർക്കു പരിശീലനം നൽകും. തോക്കും മറ്റ് ആയുധങ്ങളും വഹിച്ച് പർവതം കയറിയുള്ള നിരീക്ഷണത്തിനു ജവാന്മാരെ പരിശീലിപ്പിക്കും. ആയുധങ്ങളടക്കം ഏകദേശം 25 കിലോഗ്രാം ഭാരം വഹിച്ചു വേണം ഓരോ ജവാനും മലകയറുന്നത്. ഭക്ഷണത്തിനായി ഡ്രൈഫ്രൂട്സും. ഉയരം കൂടുതലുള്ള സ്ഥലങ്ങളിലെ ജവാന്മാരുടെ അതിജീവനത്തിനു സൗകര്യമൊരുക്കുകയാണ് ഈ സ്കൂളിന്റെ ലക്ഷ്യം. 

കാഴ്ചകളുടെ മാനംതൊടുന്ന ശ്രീനഗർ–ലേ ദേശീയപാത

ഇന്നത്തെ ശ്രീനഗർ-ലേ ദേശീയപാത, ചൈനയുമായുണ്ടായ യുദ്ധത്തിനു മുൻപ് ചരക്കു നീക്കത്തിനായി കുതിരകളും കഴുതകളും സഞ്ചരിച്ചിരുന്നൊരു വഴിത്താര മാത്രം. 1870ൽ ഈ വഴിത്താര ഏറ്റെടുക്കാനായി മഹാരാജ രൺബീർ സിങ്ങും ബ്രിട്ടിഷുകാരുമായി ഉടമ്പടിയായി. അങ്ങനെ ഈ വഴി ട്രീറ്റി റോഡ് അഥവാ ഉടമ്പടി വഴിത്താര എന്ന പേരിൽ അറിയപ്പെട്ടു. ചൈന യുദ്ധകാലത്താണ് ഈ മേഖലയുടെ ശരിയായ പ്രാധാന്യം ഇന്ത്യൻ സർക്കാർ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവിൽനിന്നാണ് ആധുനിക ശ്രീനഗർ-ലേ ദേശീയപാതയുടെ പിറവി. 

കാർഗിലിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന പാതയിലൂടെ മുന്നേറുന്ന ഇന്ത്യൻ സൈന്യം. 1999 മേയിലെ ചിത്രം: ARKO DATTA / AFP

1962ൽ റോഡ് വികസനം ആരംഭിച്ചു. രണ്ടു വർഷത്തിനുള്ളിൽ ലേയിൽനിന്ന് കാർഗിൽ റോഡ് നിർമിച്ചു. ഒട്ടേറെ പ്രകൃതിദത്ത പ്രതിസന്ധികളെ തരണം ചെയ്തായിരുന്നു നിർമാണം. 1974ൽ ഈ റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പാക്കിസ്ഥാനുമായുളള രാജ്യാന്തര അതിർത്തിക്കു സമാന്തരമായി സഞ്ചരിക്കുന്ന റോഡ് എന്ന പ്രത്യേകതയും ഈ ദേശീയപാതയ്ക്കുണ്ട്. ശ്രീനഗർ ലേ ദേശീയപാതയ്ക്ക് നീളം ഏകദേശം 430 കിലോമീറ്റർ. ശ്രീനഗറിൽ നിന്നുള്ള ആദ്യ മനോഹര പട്ടണമാണ് സോനാമാർഗ്. പേരിനർഥം സുവർണ വീഥി. സംസ്ഥാന തലസ്ഥാനത്തു നിന്ന് 80 കിലോമീറ്റർ അകലെയാണ് ഈ ചെറുപട്ടണം. വലതുഭാഗത്തായി രാജ്യാന്തര അതിർത്തി കടന്ന് വീണ്ടും ഇന്ത്യയിൽ എത്തുന്ന ഇൻഡസ് നദി. 

കാർഗിലിലെ പർവത മേഖലകളിലൊന്ന് പാക്കിസ്ഥാന്റെ കയ്യിൽനിന്നു തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷത്തിൽ ഇന്ത്യൻ സൈനികർ. 1999ലെ ചിത്രം: Reuters

സോനാമാർഗിനു ശേഷമാണ് ഏറെ പ്രശസ്തമായ സോജി ചുരം. സമുദ്ര നിരപ്പിൽ നിന്ന് 11,575 അടി ഉയരത്തിലാണ് സോജി ചുരത്തിന്റെ സീറോ പോയിന്റ്. സോനാമാർഗിനും സോജി ലായ്ക്കും ഇടയിലാണ് ബാൽതൽ. അമർനാഥ് തീർഥാടകരുടെ ബേസ് ക്യാംപാണിവിടെ. അമർനാഥ് യാത്രക്കാലത്ത് ഏറെ തിരക്കുണ്ടാവും ബാൽതലിൽ. സോജി ചുരമിറങ്ങുമ്പോൾ ദ്രാസിലെ ബാർലി പാടങ്ങളും ലഡാക്കിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ജമ്മു-കശ്മീർ ടൂറിസം വകുപ്പിന്റെ ബോർഡും.

ദ്രാസ് - ലഡാക്കിന്റെ കവാടം

ലഡാക് മേഖലയിലെ ചെറിയൊരു പട്ടണമാണ് ദ്രാസ്. ലഡാക്കിന്റെ കവാടം എന്നും ദ്രാസ് അറിയപ്പെടുന്നു. കാർഗിൽ യുദ്ധത്തിന്റെ തീവ്രത നേരിട്ട് അനുഭവിച്ചവരാണ് ദ്രാസിലെ ജനം. ലഡാക്ക് മേഖലയെ കശ്മീർ മേഖലയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത ഒന്നിന്റെ ഏകദേശം മധ്യത്തിലാണ് ദ്രാസ്. 2011ലെ സെൻസസ് അനുസരിച്ച് ദ്രാസിൽ താമസിക്കുന്നത് കേവലം 1201 പേർ. യുദ്ധത്തിനു ശേഷം വികസിച്ച പട്ടണമാണിത്. അതിർത്തി കാക്കാൻ കൂടുതൽ പട്ടാളമിറങ്ങിയപ്പോൾ ഈ മേഖലയിലെ റോഡും മറ്റ് സൗകര്യങ്ങളും വികസിച്ചു. 

യുദ്ധത്തിൽ പാക്കിസ്ഥാനു നേരെ ബൊഫോഴ്സ് ഗണ്ണുകൾ ഗർജിക്കുന്നു. ചിത്രം: MUSTAFA TAUSEEF / AFP

യുദ്ധത്തിനു മുൻപ് ദ്രാസ് ഒരു ഗ്രാമമായിരുന്നു. രണ്ടുമാസം പിന്നിട്ട യുദ്ധം ദ്രാസിന് പട്ടണത്തിന്റെ പരിവേഷം നൽകി. ലോകത്തിൽ ഏറ്റവും കൂടുതൽ തണുപ്പുള്ള രണ്ടാമത്തെ സ്ഥലമെന്ന പ്രത്യേകത ദ്രാസിനും പട്ടണത്തിനു കാവലൊരുക്കുന്ന മലനിരകൾക്കും സ്വന്തം. ചില വർഷങ്ങളിൽ താപനില മൈനസ് 40 ലേക്കു താഴുമെന്നു നാട്ടുകാർ പറയുന്നു. വർഷത്തിൽ ആറുമാസത്തെ ജീവിതമാണ് ദ്രാസിലെ ജനങ്ങൾക്കുള്ളത്. ശേഷിക്കുന്ന ആറുമാസം കൊടുംശൈത്യത്തിൽ അവരുറങ്ങും. ഒക്ടോബർ മുതൽ മാർച്ച് വരെ മഞ്ഞിന്റെ ബ്ലാങ്കറ്റിലാണ് ദ്രാസ് ജനതയുടെ ജീവിതം. ദേശീയപാത ഒന്നിൽ ശൈത്യകാലത്ത് മൂന്നു മുതൽ ഏഴ് അടി വരെ മഞ്ഞുവീഴും. 

കാർഗിൽ - ഇടത്താവളം

ദ്രാസിൽനിന്ന് 60 കിലോമീറ്റർ പിന്നിടുമ്പോഴാണ് യുദ്ധത്തിലൂടെ പ്രസിദ്ധമായ കാർഗിൽ പട്ടണം. ദ്രാസ് നദിയുടെ ഓരംപറ്റിയാണ് കാർഗിലിലേക്കുള്ള യാത്ര. സുരു നദിക്കരയിലാണ് ലഡാക്ക് മേഖലയിലെ വലിയ പട്ടണമായ കാർഗിൽ. ഈ മേഖലയിലുള്ള വീടുകളിലും ഹോട്ടലുകളിലും ഫാനില്ല. കാരണം കൊടുംചൂടിലും കൂടിയ താപനില അധികം ഉയരില്ല. കാർഗിലിൽനിന്നു ലേയിലേക്കുള്ള യാത്രയിൽ കൂടുതലും കാണുന്നത് ബുദ്ധ മത വിശ്വാസികളെ. ആദ്യമെത്തുന്ന മുൽബഖ് എന്ന ചെറുപട്ടണത്തിൽ പത്താം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതെന്നു വിശ്വസിക്കുന്ന ബുദ്ധ പ്രതിമയുമുണ്ടിവിടെ. സമുദ്ര നിരപ്പിൽനിന്ന് ഏകദേശം 12,135 അടി ഉയരത്തിലാണ് നമിക് ചുരത്തിന്റെ സീറോ പോയിന്റ്. മുകളിലെത്തുമ്പോൾ അവിടെയെല്ലാം ബുദ്ധ പ്രാർഥനകൾ എഴുതിയ പതാകകൾ പാറുന്നുണ്ടാകും. അവിടെ എപ്പോഴുമുണ്ടാകുന്ന കാറ്റിൽ ഈ പ്രാർഥനകളുടെ സന്ദേശം ലോകം മുഴവൻ പടരുമെന്നും ഈശ്വര സന്നിധിയിൽ എത്തിച്ചേരുമെന്നും ബുദ്ധമത വിശ്വാസികൾ കരുതുന്നു.

ഇന്ത്യയുടെ കാർഗിൽ യുദ്ധ വിജയം ആഘോഷിക്കുന്ന മുംബൈയിലെ സ്കൂൾ കുട്ടികൾ. 1999 ജൂലൈ 21ലെ ചിത്രം: SEBASTIAN D'SOUZA / AFP

സമുദ്ര നിരപ്പിൽ നിന്ന് 13,478 അടി ഉയരത്തിലാണ് ഫോട്ടു ചുരത്തിന്റെ സീറോ പോയിന്റ്. ചുരത്തിലേക്കും കയറുമ്പോഴുമുള്ള കൊടും വളവുകളെ നാട്ടുകാർ വിശേഷിപ്പിക്കുന്നത് ജിലേബിയുടെ പേരിലാണ്. ഈ ചുരത്തിനു മുകളിലും പാറി പറക്കുന്ന ബുദ്ധമത പ്രാർഥന പതാകകൾ കാണാം. അടുത്തത് ടിബറ്റൻ ബുദ്ധമത വിശ്വാസികളുടെ ലാമായുരു. വളരെ പഴക്കമുള്ള ടിബറ്റ് ആശ്രമങ്ങളും ക്ഷേത്രവും ഇവിടെയുണ്ട്.

മൂൺ ലാൻഡ്

ലാമായുരു പിന്നിടുമ്പോഴാണ് ചന്ദന വർണമുള്ള കുന്നുകൾ. മുഴുവൻ നിലാവ് ഉദിച്ചതുപോലെ. ഈ മേഖലയെയാണ് മൂൺ ലാൻഡ് എന്നു വിളിക്കുന്നത്. ലേയ്ക്ക് മുന്നിലായി ഖത്സിയിലെത്തുമ്പോൾ ഇൻഡസ് കൂടെ എത്തും. ഖത്സിയിൽ നിന്നാണ് ഇൻഡസ് പാക്കിസ്ഥാനിലേക്കു നുഴഞ്ഞു കയറുന്നത്. നദിയുടെ ഓരം പറ്റിയാണ് ലേയിലേക്ക് കയറുന്നത്. കാലാ പാനി (കറുത്ത ജലം) ഒഴുകുന്ന സൻസ്‌കാർ നദി നിമുവിൽ ഇൻഡസിനൊപ്പം ചേരും. മലകയറി എത്തുന്നത് വിശാലമായ ലഡാക്ക് പീഠഭൂമിയിലേക്ക്, ഒടുവിൽ ലേ പട്ടണത്തിന്റെ തിരക്കിലേക്കും.

English Summary: India Celebrating Kargil Vijay Divas on July 26th; All You Need to Know

കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ പങ്കുവയ്ക്കാമോ? ഇന്ത്യൻ സേനയുടെ മനോവീര്യം ഉയർത്താൻ എങ്ങനെയാണ് ഈ യുദ്ധം നിർണായകമായത്? നിങ്ങളുടെ അഭിപ്രായം ഞങ്ങൾക്കു വിലയേറിയതാണ്. ക്രിയാത്മക നിർദേശങ്ങളിലൂടെ കമന്റ് ബോക്സ് ഒരു തുറന്ന ചർച്ചയ്ക്കുള്ള വേദിയാക്കാം.