ബേക്കറി കട നടത്തിയിരുന്ന വിളവൂർക്കൽ പെരുകാവ് തേവിക്കോണത്ത് വിജയകുമാർ ആത്മഹത്യ ചെയ്തത് കോവിഡ് പ്രതിസന്ധിയെ തുടർന്നാണ്. ‘കട നടത്തിപ്പിനും വീട്ടാവശ്യങ്ങൾക്കുമായി പലരിൽനിന്നും പണം കടം വാങ്ങി. ആദ്യത്തെ കോവിഡ് ലോക്ഡൗണോടെ കട നഷ്ടത്തിലായി. ഭാര്യയ്ക്കു കോവിഡ് ബാധിച്ചു ദിവസങ്ങളോളം വെന്റിലേറ്ററിലായി. ഇതിന്റെ ആരോഗ്യപ്രശ്നങ്ങളും തുടർ ചികിത്സയും...Kerala suicides in lockdown, Manorama Online

ബേക്കറി കട നടത്തിയിരുന്ന വിളവൂർക്കൽ പെരുകാവ് തേവിക്കോണത്ത് വിജയകുമാർ ആത്മഹത്യ ചെയ്തത് കോവിഡ് പ്രതിസന്ധിയെ തുടർന്നാണ്. ‘കട നടത്തിപ്പിനും വീട്ടാവശ്യങ്ങൾക്കുമായി പലരിൽനിന്നും പണം കടം വാങ്ങി. ആദ്യത്തെ കോവിഡ് ലോക്ഡൗണോടെ കട നഷ്ടത്തിലായി. ഭാര്യയ്ക്കു കോവിഡ് ബാധിച്ചു ദിവസങ്ങളോളം വെന്റിലേറ്ററിലായി. ഇതിന്റെ ആരോഗ്യപ്രശ്നങ്ങളും തുടർ ചികിത്സയും...Kerala suicides in lockdown, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേക്കറി കട നടത്തിയിരുന്ന വിളവൂർക്കൽ പെരുകാവ് തേവിക്കോണത്ത് വിജയകുമാർ ആത്മഹത്യ ചെയ്തത് കോവിഡ് പ്രതിസന്ധിയെ തുടർന്നാണ്. ‘കട നടത്തിപ്പിനും വീട്ടാവശ്യങ്ങൾക്കുമായി പലരിൽനിന്നും പണം കടം വാങ്ങി. ആദ്യത്തെ കോവിഡ് ലോക്ഡൗണോടെ കട നഷ്ടത്തിലായി. ഭാര്യയ്ക്കു കോവിഡ് ബാധിച്ചു ദിവസങ്ങളോളം വെന്റിലേറ്ററിലായി. ഇതിന്റെ ആരോഗ്യപ്രശ്നങ്ങളും തുടർ ചികിത്സയും...Kerala suicides in lockdown, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കൂടുമ്പോൾ അടച്ചിടുകയും കുറയുമ്പോൾ തുറക്കുകയും ചെയ്യുക എന്നതിനപ്പുറം ദീർഘ വീക്ഷണത്തോടെയുള്ള ലോക്ഡൗൺ നയം ഇല്ലാത്തതാണു കേരളത്തിന്റെ പ്രധാന പ്രശ്നമെന്ന് വിദഗ്ധർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണിനെതിരെ വ്യാപക വിമർശനം ഉയർന്നുകഴിഞ്ഞു. കേരളത്തിനു പഴയരീതിയിലേക്ക് തിരിച്ചുവരാൻ കാര്യമായ ഇടപെടലുകൾ കൂടിയേ തീരൂ എന്ന് അടുത്തിടെയുണ്ടായ ഒട്ടേറെ ആത്മഹത്യകളും തെളിയിക്കുന്നു. കോവിഡ് തളർത്തിയ സംസ്ഥാനത്തെ സാമ്പത്തിക മേഖലയുടെ ലക്ഷണങ്ങളാണോ ഈ ആത്മഹത്യകൾ?

പിടിച്ചു നിൽക്കാനാകാതെ ആത്മഹത്യകൾ 

ADVERTISEMENT

കേരളത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടൽ തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. നിത്യവരുമാനക്കാരും പലതരം വായ്പകളുടെ സഹായത്തോടെ ചെറിയ സംരംഭം തുടങ്ങിയവരും കൈത്തൊഴിലുകാരും അപ്രതീക്ഷിതമായുണ്ടായ അടച്ചുപൂട്ടലിൽ പ്രതിസന്ധിയിലായി. കേരളത്തിലെ പരമ്പരാഗത കൈത്തൊഴിൽ മേഖലകളായ ഖാദി, കൈത്തറി, കുടിൽ വ്യവസായങ്ങൾ, ചെറുകിട സംരംഭകർ തുടങ്ങി വൻ നഗരങ്ങളിൽ കച്ചവടം ചെയ്യുന്നവർ പോലും പ്രതിസന്ധിയിലായി. ഇതിനിടയിലാണു പിടിച്ചുനിൽക്കാനാകാതെ തുടരെത്തുടരെ ആത്മഹത്യകൾ ഉണ്ടാകുന്നത്.  

അടച്ചിടൽ അനിശ്ചിതമായി നീളുമ്പോൾ ഒന്നര മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 17 പേരാണ്. ശരാശരി 3 ദിവസം കൂടുമ്പോൾ കേരളത്തിൽ കോവിഡ് ലോക്ഡൗൺ ആത്മഹത്യകളുണ്ടാകുന്നു. ഞെട്ടിക്കുന്ന കണക്കാണിത്. എല്ലാവരും സാധാരണക്കാരും അന്നന്നത്തെ വരുമാനം കൊണ്ട് മാത്രം നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരും.

ഗൗരീശപട്ടത്തെയും പാലക്കാട്ടെയും ലൈറ്റ് ആൻഡ് സൗണ്ട് ബിസിനസ് ഉടമകൾ, തിരുവനന്തപുരം നന്തൻകോട്ടെ മൂന്നംഗ കുടുംബം, ഇടുക്കി വെള്ളിയാംകുടിയിലെ കർഷകൻ, അടിമാലിയിലെ ബേക്കറി ഉടമ, വയനാട്ടിലെ ബസ് ഉടമ, തൃശൂരിലെ ടിപ്പർ ഡ്രൈവറായ ചെറുപ്പക്കാരൻ, ഇയാളുടെ പിതാവ്, പാലക്കാട്ടെ കർഷകൻ, തിരുവനന്തപുരത്തെ ക്ഷീരകർഷകൻ, വടകരയിലെ ഹോട്ടൽ ഉടമ... ആത്മഹത്യാ പട്ടിക  ദിവസവും നീളുകയാണ്.

ചിത്രം: മനോരമ

എല്ലാ ആത്മഹത്യാക്കുറിപ്പുകളിലും പറയുന്നത് ഒരേ കാര്യമാണ്. കോവി‍ഡ് അടച്ചുപൂട്ടലിനെ തുടർന്നു വരുമാനം നഷ്ടപ്പെട്ടു. വായ്പക്കാരുടെയും ബാധ്യതക്കാരുടെയും സമ്മർദം താങ്ങാനാകുന്നില്ല. അടച്ചുപൂട്ടൽ നീളുന്തോറും പ്രതിസന്ധി വർധിക്കുന്നു. കട തുറന്നാലും പഴയ രീതിയിലേക്ക് എന്നു മടങ്ങിവരുമെന്ന് അറിയില്ല തുടങ്ങി പ്രതീക്ഷകൾ നഷ്ടപ്പെട്ട സാധാരണക്കാരുടെ തേങ്ങലാണ് ഓരോ കുറിപ്പിലുമുള്ളത്.

ADVERTISEMENT

‘അശാസ്ത്രീയം അടച്ചിടൽ...’

ബേക്കറി കട നടത്തിയിരുന്ന വിളവൂർക്കൽ പെരുകാവ് തേവിക്കോണത്ത് വിജയകുമാർ ആത്മഹത്യ ചെയ്തത് കോവിഡ് പ്രതിസന്ധിയെ തുടർന്നാണ്. ‘കട നടത്തിപ്പിനും വീട്ടാവശ്യങ്ങൾക്കുമായി പലരിൽനിന്നും പണം കടം വാങ്ങി. ആദ്യത്തെ കോവിഡ് ലോക്ഡൗണോടെ കട നഷ്ടത്തിലായി. ഭാര്യ കോവിഡ് ബാധിച്ചു ദിവസങ്ങളോളം വെന്റിലേറ്ററിലായി. ഇതിന്റെ ആരോഗ്യപ്രശ്നങ്ങളും തുടർ ചികിത്സയും. ഇതിനു തൊട്ടുപിന്നാലെ രണ്ടാമത്തെ ലോക്ഡൗൺ. ഒടുവിൽ പണം തിരികെ കൊടുക്കാനുള്ളവരുടെ പട്ടിക കടയ്ക്കുള്ളിലുണ്ട്,’ എന്നെഴുതി വച്ച് വിജയകുമാർ യാത്രയായി.

ലോക്ഡൗണിൽ അടഞ്ഞുകിടക്കുന്ന കോട്ടയത്തെ കടകൾ. ചിത്രം: മനോരമ

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒന്നര വർഷത്തോളമായി ബസിന്റെ ഓട്ടം നിലച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതോടെയാണ് വയനാട് പാമ്പാടി അമ്പലവയലിൽ പെരുമ്പാടിക്കുന്നിലെ ബസ് ഉടമ പി.സി.രാജാമണി വിഷം കഴിച്ചു മരിച്ചത്. പാലക്കാട് വെണ്ണക്കരയിലെ ലൈറ്റ്സ് ആൻഡ് സൗണ്ട് സ്ഥാപന ഉടമ പൊന്നുമണി മരിച്ചത് സമാന അവസ്ഥയിലാണ്. വരുമാനം നിലച്ചതോടെ സ്വർണപ്പണയം, ചിട്ടി തുടങ്ങിയ ബാധ്യതകൾ അടച്ചു തീർക്കാൻ കഴിയാതായതോടെയാണ് പൊന്നുമണി ആത്മഹത്യ ചെയ്തത്. 

പലരും മരണഭയം കൊണ്ടും കുടുംബത്തെക്കുറിച്ച് ആലോചിച്ചും മാത്രമാണ് ആത്മഹത്യയെക്കുറിച്ചു ചിന്തിക്കാത്തതെന്ന് കോഴിക്കോട്ട് വ്യാപാരി നേതാവ് കെ.സേതുമാധവൻ പറയുന്നു. കെട്ടിക്കിടക്കുന്ന സ്റ്റോക്ക്, വായ്പാ ബാധ്യതകൾ, വരുമാന നഷ്ടം എന്നിവ മൂലം 80 ശതമാനം വ്യാപാരികളും ഇതേ അവസ്ഥയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള ഈ അടച്ചിടൽ അങ്ങേയറ്റം അശാസ്ത്രീയമാണ്. മറ്റെല്ലാ മേഖലകളും തുറന്നു നൽകുമ്പോൾ കടകൾ മാത്രം അടച്ചിട്ടതു കൊണ്ട് കോവിഡ് തടയാനാകില്ലെന്നും സേതുമാധവൻ പറയുന്നു. 

കൊല്ലത്ത് പെൻഷൻ തുക വാങ്ങാനെത്തിയ ജനം.
ADVERTISEMENT

വിപണി ഉണരാൻ പണമെത്തണം

രണ്ടു വർഷത്തെ അടച്ചിടൽ കൊണ്ട് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇടിഞ്ഞു പോയെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതു മറികടക്കാൻ അടിയന്തരമായ ഇടപെടൽ വിപണിയിൽ ഉണ്ടാകേണ്ടതുണ്ടെന്നും ഇവർ പറയുന്നു. സ്ത്രീകൾ, പ്രായമായവർ, ചെറുപ്പക്കാർ അങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരുടെ കയ്യിൽ പണം എത്തിക്കാനുള്ള നടപടികൾ ഉറപ്പുവരുത്തുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടതെന്ന് കോഴിക്കോട് ഇന്ത്യൻ ഇ‍ൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ഇക്കണോമിക്സ് പ്രഫസർ ഡോ. സ്ഥാണു ആർ.നായർ പറഞ്ഞു. ലോകരാജ്യങ്ങൾ അങ്ങനെയാണ് കോവിഡ് പ്രതിസന്ധി ഒരുവിധം പിടിച്ചു നിർത്തിയത്.

സ്വകാര്യ മേഖലയെയും സംരംഭകരെയും പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. നിക്ഷേപകരെ പരമാവധി പ്രോത്സാഹിപ്പിക്കുകയും അവർക്കു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും വേണം. വിദേശ രാജ്യങ്ങൾ പല തരത്തിലാണു വിപണിയിൽ പണം ഉറപ്പു വരുത്തിയത്. ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറിലൂടെ (ആളുകളിൽ നേരിട്ടു പണം എത്തിക്കൽ) വിപണിയിൽ പണം ഉറപ്പുവരുത്തി. തൊഴിലില്ലായ്മ വേതനം, ആളുകളുടെ അക്കൗണ്ടിലേക്കു നേരിട്ടു പണം കൈമാറൽ തുടങ്ങിയ കാര്യങ്ങളിലൂടെ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ നടപ്പാക്കിയിരിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന പണം ആളുകൾ ചെലവാക്കുമ്പോൾ വിപണിയിൽ ഉണർവുണ്ടാകും. അതുവഴി വിപണി മെച്ചപ്പെടും എന്നു മാത്രമല്ല, നികുതി ഇനത്തിൽ സർക്കാരിനും നേട്ടമുണ്ടാകും.'

കോവിഡ് കാലത്ത് വിജനമായ തിരുവനന്തപുരം ചാല മാർക്കറ്റ്.

ഇന്ത്യയിലെ ആഭ്യന്തര മാർക്കറ്റ് മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ചു വളരെയധികം സാധ്യതകളുള്ളതാണ്. അതിനാൽ ഇപ്പോഴത്തെ ഈ പ്രതിസന്ധി താൽക്കാലികമായിരിക്കാം. കോവിഡിനെ തുടർന്നു വിപണി തുറന്നാൽ എളുപ്പത്തിൽ കര കയറാവുന്നതേ ഉള്ളൂ. ലോക രാജ്യങ്ങൾ എത്രത്തോളം വേഗത്തിൽ ഇവയെ മറികടക്കുന്നു എന്നതാണ് പ്രതികൂലമാകുന്ന ഘടകം. എങ്കിലും നമ്മുടെ വിപണിക്കു ശക്തമായ ഒരു അടിത്തറയുണ്ട്. അതിനാൽ സംരംഭകരും വ്യാപാരികളും തീർത്തും നിരാശരാവേണ്ട സാഹചര്യമില്ലെന്നും സ്ഥാണു ആർ.നായർ പറയുന്നു.

വഴിമുട്ടിയവർക്കും വേണം നഷ്ടപരിഹാരം

അടച്ചിടുന്നതിനു പകരം നഷ്ടപരിഹാരം നൽകേണ്ടി വന്നാൽ ഇത്തരത്തിൽ അനന്തമായി അശാസ്ത്രീയമായ ലോക്ഡൗൺ ഉണ്ടാകില്ലെന്നു ഭൂരിപക്ഷം പേരും പറയുന്നു. കോവിഡ് മൂലം മരിച്ചവർക്കു നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാരിനു ബാധ്യതയുണ്ടെന്നു സുപ്രീം കോടതി കഴിഞ്ഞ ജൂണിലാണു ഉത്തരവിറക്കിയത്.

ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ 12ാം വകുപ്പു പ്രകാരം ദുരന്തത്തിനിരയായി മരിക്കുന്നവർക്കു നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. 12ാം വകുപ്പിലെ മൂന്നാം ഉപവകുപ്പ് പ്രകാരം ദുരന്തത്തിനിരയായി മരിച്ചവർക്കു മാത്രമല്ല ജീവിതോപാധി നഷ്ടപ്പെട്ടവർക്കും സാമ്പത്തിക സഹായം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഈ വകുപ്പ് നിർബന്ധമായും നടപ്പാക്കേണ്ടതാണെന്നും നിയമപരമായി നിഷ്കർഷിക്കുന്ന കാര്യങ്ങൾ നടപ്പാക്കാൻ സാമ്പത്തിക ബാധ്യത തടസ്സമായി ഉന്നയിക്കാൻ സാധ്യമല്ലെന്നും ജൂണിലെ വിധിയിൽ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. 

സുപ്രീം കോടതി. ചിത്രം: AFP

ദുരന്തനിവാരണ നിയമ പ്രകാരം ദുരന്തങ്ങൾക്ക് ഇരയായി ഉപജീവനം നഷ്ടപ്പെട്ട കുടുംബത്തിലെ മുതിർന്നയാൾക്ക് 60 രൂപയും കുട്ടിക്ക് 45 രൂപയും പ്രതിദിനം നൽകണം. ഇതനുസരിച്ചു 4 അംഗങ്ങളുള്ള കുടുംബത്തിന് പ്രതിമാസം 6300 രൂപ ധനസഹായം നൽകേണ്ടതുണ്ട്. അതായത് ലോക്ഡൗണിനെ തുടർന്ന് ആർക്കെങ്കിലും തൊഴിലെടുക്കാൻ പോകാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ സർക്കാർ 6300 രൂപ നൽകണം എന്നാണു നിയമം പറയുന്നത്.  എന്നാൽ കേരളത്തിൽ ആകെ ലഭിക്കുന്നത് പരമാവധി 1000 രൂപ വിലയുള്ള ഭക്ഷ്യക്കിറ്റാണെന്ന് കോവിഡ് അവകാശ പ്രക്ഷോഭണ വേദി സംസ്ഥാന കോ–ഓർഡിനേറ്റർ നോബിൾ പൈകട പറയുന്നു. 

പ്രതിമാസം 6300 രൂപ ലഭിക്കേണ്ടതിനു പകരമാണ് 1000 രൂപ പോലും വിലയില്ലാത്ത ഭക്ഷ്യക്കിറ്റ് നൽകി സർക്കാർ മേനി നടിക്കുന്നത്. തമിഴ്നാട്ടിൽ ബിപിഎൽ കുടുംബങ്ങൾക്കു പ്രതിമാസം 4000 രൂപയും എപിഎൽ കുടുംബങ്ങൾക്ക് 2000 രൂപയും വീതം നൽകുന്നുണ്ട്. ഇത്തരത്തിൽ സഹായം കേരളത്തിലും നൽകിയാലേ ഇനി സാധാരണക്കാരനു പിടിച്ചു നിൽക്കാൻ കഴിയൂ.

സംസ്ഥാന ദുരന്ത നിവാരണ ഫണ്ട്, വാക്സീൻ ചാലഞ്ച് സംഭാവന തുടങ്ങി നിരവധി ഫണ്ടുകൾ സർക്കാരിന്റെ കയ്യിൽ ഇരിക്കുകയാണ്. ഇത്തരം തുക ഉപയോഗിച്ചു ലോക്ഡൗണിൽ ജിവിതോപാധി നഷ്ടപ്പെട്ടവർക്കു സാമ്പത്തിക സഹായം നൽകാൻ സർക്കാരിനു ബാധ്യതയുണ്ട്. ഇക്കാര്യം സർക്കാരിന്റെ മുന്നിൽ എത്തിക്കുന്നതിനായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നോബിൾ പൈകട പറഞ്ഞു.

(ലോക്ഡൗൺ മൂലം കഷ്ടതയിലായ കുടുംബങ്ങളെയും വ്യാപാരികളെയുും സഹായിക്കാൻ എന്താണ് സർക്കാർ ചെയ്യേണ്ടത്? കേരളത്തിലെ സമ്പദ്‌വ്യവസ്ഥയെ ലോക്ഡൗണിൽനിന്ന് എങ്ങനെ പിടിച്ചുകയറ്റാം? നിങ്ങളുടെ അഭിപ്രായം ഞങ്ങൾക്കു വിലയേറിയതാണ്. ക്രിയാത്മക നിർദേശങ്ങളിലൂടെ കമന്റ് ബോക്സ് തുറന്ന ചർച്ചയ്ക്കുള്ള വേദിയാക്കാം)

English Summary: Kerala Reports 17 Suicides in the Past One and Half Month Due to COVID Financial Crisis

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)