എകെ–47 തോക്കുകൊണ്ട് ആകാശത്തേക്കു തുരുതുരാ വെടിവയ്ക്കുന്ന റിവോൾവർ റാണി! കഴിഞ്ഞദിവസം കാലാ ജിതേദിയെന്ന അധോലോക കുറ്റവാളിക്കൊപ്പം പിടിയിലായ അനുരാധ ചൗധരിക്ക് ഇനിയുമുണ്ട് പേരുകൾ. ലേഡി എപിഎസ്, ഗ്ലാം ഗേൾ ഓഫ് രാജസ്ഥാൻ ഗാങ്‌സ്... അങ്ങനെ പലതും.... Manorama News

എകെ–47 തോക്കുകൊണ്ട് ആകാശത്തേക്കു തുരുതുരാ വെടിവയ്ക്കുന്ന റിവോൾവർ റാണി! കഴിഞ്ഞദിവസം കാലാ ജിതേദിയെന്ന അധോലോക കുറ്റവാളിക്കൊപ്പം പിടിയിലായ അനുരാധ ചൗധരിക്ക് ഇനിയുമുണ്ട് പേരുകൾ. ലേഡി എപിഎസ്, ഗ്ലാം ഗേൾ ഓഫ് രാജസ്ഥാൻ ഗാങ്‌സ്... അങ്ങനെ പലതും.... Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എകെ–47 തോക്കുകൊണ്ട് ആകാശത്തേക്കു തുരുതുരാ വെടിവയ്ക്കുന്ന റിവോൾവർ റാണി! കഴിഞ്ഞദിവസം കാലാ ജിതേദിയെന്ന അധോലോക കുറ്റവാളിക്കൊപ്പം പിടിയിലായ അനുരാധ ചൗധരിക്ക് ഇനിയുമുണ്ട് പേരുകൾ. ലേഡി എപിഎസ്, ഗ്ലാം ഗേൾ ഓഫ് രാജസ്ഥാൻ ഗാങ്‌സ്... അങ്ങനെ പലതും.... Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരാളികളെ ഭയപ്പെടുത്താൻ എകെ–47 തോക്കുകൊണ്ട് ആകാശത്തേക്കു തുരുതുരാ വെടിവയ്ക്കുന്ന റിവോൾവർ റാണി! രാജസ്ഥാനിലെ കൊല്ലപ്പെട്ട അധോലോക ഗുണ്ട ആനന്ദപാൽ സിങ്ങിന്റെ (എപിഎസ്) വലംകൈ ആയിരുന്നതിനാൽ അണികൾക്ക് അനുജി. മോഡേൺ വേഷവും ഒഴുക്കൻ ഇംഗ്ലിഷ് സ്റ്റൈലുമുള്ളതിനാൽ ലേഡി ഡോൺ, ദീപക് മിൻജിന്റെ ഭാര്യയായിരുന്നതിനാൽ മാഡം മിൻജ്... കഴിഞ്ഞദിവസം കാലാ ജിതേദിയെന്ന അധോലോക കുറ്റവാളിക്കൊപ്പം ഡൽഹി പൊലീസിന്റെ പിടിയിലായ അനുരാധ ചൗധരിയെന്ന മുപ്പത്തിയേഴുകാരിക്ക് ഇനിയുമുണ്ട് പേരുകൾ. ലേഡി എപിഎസ്, ഗ്ലാം ഗേൾ ഓഫ് രാജസ്ഥാൻ ഗാങ്‌സ്... അങ്ങനെ പലതും. രാജസ്ഥാനിലെ സിക്കറിൽ സാധാരണ കുടുംബത്തിൽ ജനിച്ച അനുരാധ അധോലോകത്ത് എത്തിയ കഥ ചില സിനിമകൾ പോലെയാണ്. വല്ലാത്ത ട്വിസ്റ്റുകൾ നിറഞ്ഞ സിനിമ പോലെ. അതിൽ നമ്മൾ കേട്ടതും പൊലീസ് പറഞ്ഞതുമായ കഥകളുണ്ട്; അതിനെയെല്ലാം തിരുത്തി അനുരാധതന്നെ പറഞ്ഞ മറ്റു ചിലതും...

പഠിച്ചത് ബിസിഎയും എംബിഎയും, ഇംഗ്ലിഷിൽ മിടുമിടുക്കി

ADVERTISEMENT

പഠിക്കാൻ മിടുക്കിയായിരുന്നു അനുരാധ. മറ്റു കുട്ടികളേക്കാൾ എല്ലാ കാര്യവും വേഗത്തിൽ പഠിച്ചെടുത്തതുകൊണ്ടുതന്നെ സ്കൂളിലെ ഓമനയായി. ചെറുപ്പത്തിലേ അമ്മ മരിച്ചു. അതിന്റെ വേദനയും ഒറ്റപ്പെടലിന്റെ വിഷമവും അച്ഛന്റെ നിഴലിലുള്ള ജീവിതവും അനുവിനെ സമ്മർദത്തിലാക്കിയിരുന്നതായി പഴയ സഹപാഠികളിൽ ചിലർ അവ്യക്തമായി ഓർത്തെടുക്കുന്നു. അത്ര ഓർത്തിരിക്കാൻ മാത്രം അനുരാധയിൽ അന്നു കൂടുതൽ പ്രത്യേകതകൾ ഇല്ലായിരുന്നല്ലോ. നന്നായി പഠിച്ചിരുന്ന പെൺകുട്ടി എന്നതിനപ്പുറം ശ്രദ്ധിക്കപ്പെടാൻ തക്കതായി ഒന്നുമില്ലാതിരുന്ന അനുരാധ, പിന്നീട് വിവിധ സംസ്ഥാനങ്ങളെ അടക്കിവാണ അധോലോക സംഘത്തിന്റെ നേതാവായതിന്റെ അമ്പരപ്പും ഞെട്ടലുമാണ് ആ കൊച്ചു ഗ്രാമം പങ്കുവയ്ക്കുന്നത്. 

അനുരാധ ചൗധരി.

ഇംഗ്ലിഷ് മീഡിയം സ്കൂളിലേക്കു പഠനം മാറ്റാൻ അധ്യാപകരുൾപ്പെടെ നിർദേശിച്ചപ്പോൾ അനുരാധയുടെ അച്ഛൻ അനുസരിച്ചു. ചെറിയ ജോലികൾ ചെയ്തു കുടുംബം പുലർത്താൻ കഷ്ടപ്പെടുന്നതിനിടെ അതു വലിയ ഭാരമായിരുന്നെങ്കിലും മകൾ പഠിക്കുന്നെങ്കിൽ പഠിക്കട്ടെ എന്നു കരുതിക്കാണും. അനുരാധയുടെ മറ്റു ബന്ധുക്കളെയോ അച്ഛന്റെ തുടർന്നുള്ള ജീവിതത്തെയോ കുറിച്ച് പൊലീസ് ഫയലുകളിലോ രാജസ്ഥാൻ അധോലോക കഥകളിലോ കൂടുതൽ വിവരങ്ങളില്ല. 

ഇംഗ്ലിഷ് മീഡിയം സ്കൂളിലെ മികച്ച വിജയത്തിനു ശേഷം ഡൽഹിയിലെ പ്രശസ്തമായ കോളജിൽ കംപ്യൂട്ടർ കോഴ്സിൽ (ബിസിഎ) ബിരുദമെടുത്തു. കോളജിൽ പഠിക്കുമ്പോൾതന്നെ ഫൈലിക്സ് ദിലീപ് മിൻജ് എന്നയാളുമായി പ്രണയത്തിലായി. വീട്ടുകാർ ശക്തമായി എതിർത്തെങ്കിലും ഒളിച്ചോടി വിവാഹിതരായി. വർഷങ്ങൾക്കിപ്പുറം സമൂഹമാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് അവർ താൻ എംബിഎ യോഗ്യത കൂടി നേടിയതായി പറഞ്ഞത്. 

ഷെയർ ട്രേഡിങ് പൊട്ടിയപ്പോൾ സഹായിച്ച ഗുണ്ട

ADVERTISEMENT

ഉന്നത വിദ്യാഭ്യാസത്തിനു യോജിച്ച എന്തെങ്കിലും ജോലി കണ്ടെത്താൻ ദിലീപ് മിൻജ് പറഞ്ഞെങ്കിലും സാധാരണ ജോലികളോട് അനുരാധയ്ക്കു താൽപര്യമില്ലായിരുന്നത്രേ. അവരുടെ കേസ് ഫയലിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്– ‘ മറ്റൊരാൾക്കു കീഴിലുള്ള അല്ലെങ്കിൽ ഓഫിസുകളിലുള്ള ജോലികളോട് അനുരാധ മുഖംതിരിച്ചു’. ആ സമയത്തു കുതിച്ചു കയറിക്കൊണ്ടിരുന്ന ഷെയർ ട്രേഡിങ് (ഓഹരി വ്യാപാരം) തുടങ്ങാമെന്ന് അവർ ദിലീപിനോട് അഭിപ്രായപ്പെട്ടു. തുടർന്ന് ഇരുവരും ഷെയർ ട്രേഡിങ് കമ്പനി റജിസ്റ്റർ ചെയ്തു. ഒരാളെ പങ്കാളിയുമാക്കി. ഗ്രാമീണരിൽനിന്നുൾപ്പെടെ ലക്ഷക്കണക്കിനു രൂപ സമാഹരിച്ച് ഓഹരിയിൽ നിക്ഷേപിക്കാൻ തുടങ്ങി. ആദ്യകാലങ്ങളിലെ വൻ ലാഭം കൂടുതൽ ഗ്രാമീണരെ ആകർഷിച്ചു. 

എന്നാൽ, ഉദ്ദേശിച്ചതുപോലെ എപ്പോഴും നേട്ടം സമ്മാനിക്കാൻ ട്രേഡിങ്ങിനായില്ല. ചില ഷെയറുകൾ കൂപ്പുകുത്തിയതോടെ പണം നഷ്ടമായി. ചീട്ടുകൊട്ടാരം പോലെ കമ്പനി തകർന്നു. കോടികളുടെ കടബാധ്യതയായതോടെ പങ്കാളി വെട്ടിപ്പ് നടത്തിയതായി ആരോപിച്ച് അനുരാധ പൊലീസിനെ സമീപിച്ചു. നിയമ വഴിയിൽ വലിയ അനക്കങ്ങളുണ്ടാകാതെ വന്നതോടെയാണ് പ്രശ്ന പരിഹാരത്തിനും ഗ്രാമീണരുമായി ഒത്തുതീർപ്പ് കരാറിലെത്താനും ഒരു ഗുണ്ടയെ സമീപിച്ചത് – രാജസ്ഥാനിലെ അധോലോകം അടക്കിഭരിക്കാനുള്ള നീക്കങ്ങളുമായി മുന്നേറിക്കൊണ്ടിരുന്ന ആനന്ദ് പാൽ സിങ്ങിന്റെ (എപിഎസ്) സംഘത്തിലെ അംഗമായിരുന്നു ആ ഗുണ്ട. അനുരാധയുടെ ജീവിതത്തിലെ അടുത്ത ട്വിസ്റ്റ് ഇവിടെത്തുടങ്ങുന്നു. 

ധോത്തിയിൽനിന്ന് കോട്ടിലേക്കു മാറിയ എപിഎസ്

കടബാധ്യതയിലായ അനുരാധയെ ആനന്ദ് പാൽ സിങ് സഹായിച്ചപ്പോൾ, ഭർത്താവ് ദിലീപ് മിൻജിനും ആദ്യം സന്തോഷമായിരുന്നു. കടങ്ങൾ വീട്ടാനും പുതിയ ബിസിനസ് തുടങ്ങാനും സമയം കിട്ടും. ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാം. എന്നാൽ, അനുരാധ ലക്ഷ്യമിട്ടതു മറ്റൊന്നായിരുന്നെന്ന് പൊലീസ് പറയുന്നു– ഇനി സാധാരണ ബിസിനസ് വേണ്ട. എപിഎസിനൊപ്പം ചേർന്നാൽ താൻ ലക്ഷ്യമിട്ടതുപോലെ വ്യത്യസ്തമായ ജീവിതം സ്വന്തമാക്കാമെന്ന് അവർ കണക്കുകൂട്ടിയത്രേ. അനുരാധയുടെ ചടുലതയും തോളൊപ്പം മുറിച്ചിട്ട മുടിയും മോഡേൺ വേഷവും മോഡലിനെപ്പോലെയുള്ള രൂപഭാവങ്ങളും തട്ടുംതടവുമില്ലാത്ത ഇംഗ്ലിഷും ആനന്ദ് പാൽ സിങ്ങിനെയും ആകർഷിച്ചു. 

അനുരാധ ചൗധരി.
ADVERTISEMENT

രാജസ്ഥാനിലെ ഉൾഗ്രാമത്തിൽ ജനിച്ചു വളർന്ന് ബിഎഡ് എടുത്ത എപിഎസ് അധോലോകത്ത് എത്തിപ്പെട്ടതുപോലെത്തന്നെയായിരുന്നല്ലോ അനുരാധയുടെ യാത്രയും. അതാകാം ഇരുവരെയും അടുപ്പിച്ചത്. ബിഎഡ് വിദ്യാഭ്യാസത്തിനു ശേഷം സിമന്റ് ബിസിനസും ഡെയറിഫാമുമായി കഴിയുന്നതിനിടെയാണ്, എപിഎസ് അധോലോക ഇടപാടുകൾ തുടങ്ങിയത്. എല്ലാവരുടെയും നായകനായിരിക്കാൻ അതീവ ഹരമുണ്ടായിരുന്ന എപിഎസ്, ഗ്രാമീണരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുകയാണ് ആദ്യം ചെയ്തത്. അവരുടെ വിശ്വാസമാർജിച്ചതിനൊപ്പം മറ്റൊന്നുകൂടി സ്വന്തമായി– ഹീറോ പരിവേഷം. പണം തട്ടലും തട്ടിക്കൊണ്ടുപോകലും കൊല്ലും കൊലയുമൊക്കെയായി എപിഎസ് ഗ്യാങ് പിന്നീട് രാജസ്ഥാൻ അടക്കിവാണെന്നു പൊലീസ് പറയുന്നു. 

ധോത്തിയും പരമ്പരാഗത മട്ടിലുള്ള തലേക്കെട്ടുമണിഞ്ഞ്, നാട്ടുഭാഷ സംസാരിച്ച് നാട്ടുമണ്ണിലൂടെ ഇറങ്ങി നടന്നിരുന്ന എപിഎസിനെ അടിമുടി മാറ്റിയെടുത്തത് അനുരാധയാണ്. തലപ്പാവും ധോത്തിയും മാറ്റി കോട്ടും സ്യൂട്ടും ഷർട്ടും ജാക്കറ്റും പാന്റ്സുമൊക്കെയായി വേഷം. കവലച്ചട്ടമ്പിയെന്ന മട്ടിൽനിന്ന് ഹിന്ദി സിനിമാ സ്റ്റൈൽ അധോലോക ഡോൺ ആകാനായി ജിം പരിശീലനം തുടങ്ങി. പിരിച്ചുവച്ച മീശയും സ്റ്റൈലൻ കൂളിങ് ഗ്ലാസും ഉഗ്രൻ തൊപ്പിയും പെരുപ്പിച്ചെടുത്ത മസിലുമായുള്ള ആനന്ദ് പാൽ സിങ്ങിനെ മെയ്ക്കോവർ എല്ലാവരെയും അമ്പരിപ്പിച്ചു. 

ജനം അന്തംവിട്ട മറ്റൊന്നുകൂടിയുണ്ട് – ഇംഗ്ലിഷിലുള്ള സംസാരം. സ്പോക്കൺ ഇംഗ്ലിഷിൽ ആനന്ദ്പാൽ സിങ്ങിനെ പരിശീലിപ്പിച്ചെടുത്തത് അനുരാധയായിരുന്നു. ഇങ്ങനെ അനുവും ആനന്ദും അടുക്കുന്നതിനിടെ ദിലീപ് ബന്ധം പിരിഞ്ഞു. അവർക്ക് കുട്ടികൾ ഉണ്ടായിരുന്നതായി പറയുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. സമൂഹമാധ്യമത്തിലെ അഭിമുഖത്തിൽ കുഞ്ഞിനെ ചിലർ ഭീഷണിപ്പെടുത്തിയെന്ന് അനുരാധ പറഞ്ഞുപോകുന്നതു മാത്രമാണ് ഇതു സംബന്ധിച്ചുള്ള വിവരം. 

റോബിൻഹുഡിന്റെ തോക്ക് പ്രേമം ഏറ്റെടുത്ത വലംകൈ

ജീൻസും ടോപ്പും നീളൻ ഓവർകോട്ടുമണിഞ്ഞ് ആനന്ദ് പാൽ സിങ്ങിന്റെ അരികിൽ പാവ പോലെ നിന്ന പെണ്ണ് എന്നു കരുതിയവരൊക്കെ എളുപ്പത്തിൽതന്നെ അഭിപ്രായം തിരുത്തി. പലതരം തോക്കുകളോട്, പ്രത്യേകിച്ച് എകെ 47നോട് പെരുത്തിഷ്ടമുണ്ടായിരുന്ന എപിഎസിന്റെ ആ ഇഷ്ടം അതേപടി ഏറ്റെടുത്ത വലംകൈ ആയിരുന്നു അനുരാധ. തോക്കുകൾ കൃത്യതയോടെ ഉപയോഗിക്കാൻ പഠിച്ച അവർ, ഭീഷണിപ്പെടുത്തി പണം തട്ടുന്നതും വ്യവസായികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതും ഉൾപ്പെടെയുള്ള ‘ജോലികൾ’ ഏറ്റെടുത്തു. എതിരാളികളെ വിരട്ടാൻ വെടിയുതിർക്കുന്നതായിരുന്നു അനുരാധ സ്റ്റൈൽ. ആദ്യം ആകാശത്തേക്ക്, അതിൽ എതിരാളി വഴങ്ങിയില്ലെങ്കിൽ പിന്നെ അവരുടെ ശരീരത്തിലേക്ക് – അതായിരുന്നു രീതി. റിവോൾവർ റാണിയെന്ന പേരു വീണത് അങ്ങനെയാണ്. 

അധോലോക ഗുണ്ടയെന്നും ക്രിമിനലെന്നും ആനന്ദ് പാൽ സിങ്ങിനെ പൊലീസ് വിളിച്ചപ്പോൾ രാജസ്ഥാനിലെ ഗ്രാമീണർക്ക് എപിഎസ് അവരുടെ ‘റോബിൻ ഹുഡ്’ ആയിരുന്നു. പണക്കാരെ കൊള്ളയടിച്ച് ആ പണം പാവങ്ങൾക്കു നൽകി പ്രശസ്തനായ റോബിൻ ഹുഡ്. കായംകുളം കൊച്ചുണ്ണിയെപ്പോലെ നന്മയുള്ള കള്ളനായിരുന്നത്രേ റോബിൻ ഹുഡ്. ആ പ്രതിഛായ സ്വന്തമാക്കാൻ എപിഎസ് ഒഴുക്കിയ വിയർപ്പ് ചില്ലറയല്ല. ഗ്രാമീണരെ കയ്യയച്ചു സഹായിച്ചു. 

അനുരാധ ചൗധരി.

അവർ നേരിട്ട പ്രശ്നങ്ങളിലെല്ലാം വൻമതിൽ പോലെ സുരക്ഷ ഒരുക്കി. അവരുടെ പൊലീസും കോടതിയും പഞ്ചായത്തുമെല്ലാമായി. റോബിൻഹുഡിന്റെ കൂട്ടുകാരിയായിരുന്ന അനുരാധയും അങ്ങനെ ഗ്രാമീണർക്ക് ‘അനുജി’ ആയി. എപിഎസ് ജയിലിലായപ്പോഴെല്ലാം അനുജി ഗ്യാങ്ങിനെ നയിച്ചു. ഹണി ട്രാപ്പുകളിലൂടെ ഇവർ പണം ഉണ്ടാക്കിയതായും പറയുന്നു. എപിഎസിനോടുള്ള ആരാധന മൂത്ത് ഇതിനിടെ ആനന്ദ് പാൽ യൂത്ത് ബ്രിഗേഡ് വരെ രൂപം കൊണ്ടു.

ജാട്ട്– രജപുത്ര രാഷ്ട്രീയവും രാജസ്ഥാൻ അധോലോകവും

ആനന്ദ് പാൽ സിങ്ങിന്റെ വളർച്ചയിൽ രാജസ്ഥാനിലെ ജാതി സമവാക്യങ്ങൾക്കു വലിയ പങ്കുണ്ട്. രാവണ രജ്പുത് എന്ന ക്ഷത്രിയ വിഭാഗത്തിൽ പെട്ടയാളായിരുന്നു സിങ്. അതായത്, രജപുത്ര വിഭാഗത്തിലെ പുരുഷന്മാർക്ക് ദാസിമാരായ സ്ത്രീകളിലുണ്ടാകുന്ന മക്കൾ. അവരെ പൂർണ രജപുത്രരായി കണക്കാക്കിയിരുന്നില്ല. രജപുത്രരിലെ താഴ്ന്നവരെന്ന പരിഗണനയേ നൽകിയിരുന്നുള്ളൂ. ആനന്ദ് പാൽ സിങ് അധോലോകത്തു വേരുറപ്പിച്ചപ്പോൾ രജപുത്ര സംഘടനകളെല്ലാം ഉയർച്ച–താഴ്ച മറന്നു പിന്തുണ നൽകി. കാരണം, മറ്റൊരു സമുദായമായ ജാട്ട് വിഭാഗത്തിൽനിന്നുള്ളവരായിരുന്നു അതുവരെ രാജസ്ഥാൻ അധോലോകത്തെ നിയന്ത്രിച്ചിരുന്നതും രജപുത്രരുൾപ്പെടെയുള്ളവരുടെ പേടിസ്വപ്നമായിരുന്നതും. രജപുത്രരെ രാഷ്ട്രീയ നേതൃത്വം അവഗണിക്കുന്നതിനു പിന്നിൽ ഈ ‌ജാട്ട് മേധാവിത്തമാണെന്നും അവർ കരുതി.

എപിഎസ് ഉയർന്നു വന്നാൽ ജാട്ടുകളെ നിലയ്ക്കുനിർത്താമെന്നായിരുന്നു രജപുത്ര വിഭാഗത്തിന്റെ കണക്കുകൂട്ടൽ. എപിഎസിന്റെ സിനിമാ സ്റ്റൈൽ രീതികളും ആഡംബര ജീവിതവും അവർക്കു ബോധിക്കുകയും ചെയ്തു. ബിക്കാനീർ ജയിലിൽ എതിർ പക്ഷത്തെ രണ്ടു പേരെ 2014ൽ സിങ് കൊലപ്പെടുത്തിയിട്ടും കുറ്റവാളിയായല്ല അവർ സിങ്ങിനെ കണ്ടത്. തടവിൽ കിടക്കുമ്പോഴും അധികാരക്കസേരയിലിരിക്കുന്ന ഭാവമായിരുന്നു സിങ്ങിന്. 

പക്ഷേ, 2017ൽ 45ാം വയസ്സിൽ എപിഎസ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വ്യാജ ഏറ്റുമുട്ടലാണിതെന്ന് ആരോപിച്ച് രാജസ്ഥാനിലെങ്ങും പ്രതിഷേധവും പരക്കെ അക്രമവും അരങ്ങേറി. ‘സമൂഹത്തിനു വേണ്ടി പ്രവർത്തിച്ച’ സിങ്ങിനെ കൊലപ്പെടുത്തിയതിനെതിരെ രജപുത്ര സംഘടനകൾ നിരത്തിലിറങ്ങി. തെരുവുകൾ കത്തി. അക്രമങ്ങളിൽ പൊലീസുകാർക്കു കൂട്ടത്തോടെ പരുക്കേറ്റു. ഒടുവിൽ ബിജെപി സർക്കാരിന് സിങ്ങിന്റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു. 

എപിഎസ് ഗ്യാങ് ഏറ്റെടുത്ത് അനുരാധ

ആനന്ദ് പാൽ സിങ്ങിന്റെ മരണത്തോടെ എപിഎസ് ഗ്യാങ്ങിനെ അനുരാധ നയിക്കാൻ ആരംഭിച്ചു. എന്നാൽ, പുരുഷന്മാർ മാത്രമുള്ള സംഘത്തെ ഒറ്റയ്ക്കു നിയന്ത്രിക്കുന്നതിൽ പല പ്രശ്നങ്ങളുമുണ്ടായിരുന്നു. തുടർന്ന്, അനുരാധ മറ്റ് അധോലോക സംഘങ്ങളുടെ നേതാക്കളുമായി അടുക്കാൻ തുടങ്ങിയെന്നു പൊലീസ് പറയുന്നു. കാലാ ജിതേദിയെന്ന കുറ്റവാളിയുടെ സുഹൃത്ത് ആകുന്നതും അങ്ങനെയാണ്. ലോറൻസ് ബിഷ്ണോയ്, സുബെ ഗുജ്ജർ, കാലാ റാണ, ഗോൾഡി ബ്രാർ, മോണ്ടി തുടങ്ങിയ അധോലോക സംഘങ്ങളുടെ കാര്യക്കാരനായിരുന്ന ജിതേദി. അയാളിലൂടെ അനുരാധയും ഇവരുമായി അടുത്തു. 

അനുരാധ ചൗധരി.

കാനഡയും യുകെയും തായ്‌ലൻഡും ആസ്ഥാനമാക്കി പ്രവർത്തിക്കുന്നവരായിരുന്നു ഇവരിൽ ചിലർ. അങ്ങനെ, എപിഎസ് ഗ്യാങ്ങിന്റെ പ്രവർത്തനവും രാജ്യം കടന്നു. ആയുധക്കടത്തും ക്വട്ടേഷനും തട്ടിക്കൊണ്ടുപോകലും ഹണിട്രാപ്പും ഉൾപ്പെടെ പല കേസുകളും പൊലീസ് അനുരാധയ്ക്കെതിരെ റജിസ്റ്റർ ചെയ്തു. ഇടയ്ക്കു പിടിയിലായെങ്കിലും കുറച്ചുനാൾ ജയിൽവാസത്തിനു ശേഷം കടന്നുകളഞ്ഞു. കഴിഞ്ഞമാസം ജിതേദി – അനുരാധ സംഘത്തിലെ ഒരാൾ അറസ്റ്റിലായതോടെയാണ് ഇവരെ പിടിക്കാനുള്ള ശ്രമങ്ങൾ ഡൽഹി പൊലീസ് ഊർജിതമാക്കിയത്. 

15 ദിവസത്തിനിടെ 13 സംസ്ഥാനങ്ങളിൽ വലവിരിച്ചു. ഒടുവിൽ യുപി ഷഹരൻപുരിലെ സിസിടിവി ദൃശ്യങ്ങളിൽ സിഖ് വേഷം ധരിച്ച രീതിയിൽ ഇരുവരുടെയും ചിത്രങ്ങൾ കഴിഞ്ഞദിവസം കണ്ടെത്തിയതോടെ ഡൽഹി പൊലീസ് തിരച്ചിൽ ഓപ്പറേഷനു പേരിട്ടു– Op D 24; വെറും ഒറ്റദിവസം മാത്രം അകലെയാണു ക്രിമിനലുകൾ എന്ന അർഥമായിരുന്നു അതിന്. ഉദ്ദേശിച്ചതുപോലെത്തന്നെ സിസിടിവി ദൃശ്യങ്ങൾ കണ്ട് 24 മണിക്കൂറിനകം അവരെ പിടികൂടുകയും ചെയ്തു. ചൈനീസ് നിർമിത തോക്കും കൈത്തോക്കും തിരകളും ഉൾപ്പെടെ ഇവരിൽനിന്നു പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. 

ആനന്ദ് പാൽ സിങ് ബ്രിഗേഡ് പറയുന്നു; അനുജി പാവം

പൊലീസും അധോലോക സംഘങ്ങളും പറയുന്ന കഥകളല്ല രാജസ്ഥാനിൽ ആനന്ദ് പാൽ സിങ്ങിനു ചുറ്റും ജീവിച്ചിരുന്ന രജപുത്രരും ഗ്രാമീണരും പറയുന്നത്. 2019ൽ ആനന്ദ് പാൽ സിങ് ബ്രിഗേഡ് അനുരാധയുമായി അഭിമുഖം നടത്തി ഫെയ്സ്ബുക്കിൽ ലൈവ് വിഡിയോ നൽകിയിരുന്നു. എപിഎസ് വാഴ്‌ക, അനുജി വാഴ്ക കമന്റുകളോടെയാണ് രജപുത്ര സംഘടനകൾ വിഡിയോയെ സ്വീകരിച്ചത്. ആഡംബരങ്ങൾ ഒന്നുമില്ലാതെ, സാധാരണ ചുരിദാർ ധരിച്ച് അനുരാധ ചൗധരി അന്നു ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു. ആനന്ദ് പാൽ സിങ് പാവങ്ങൾക്കു വേണ്ടി പ്രവർത്തിച്ച റോബിൻ ഹുഡ് ആണെന്ന് ആവർത്തിച്ചു. 

അനുരാധ ചൗധരി അറസ്റ്റിലായപ്പോൾ. ചിത്രം: PTI

പൊലീസും രാഷ്ട്രീയ നേതൃത്വവുമാണ് സിങ്ങിനെയും തന്നെയും ക്രിമിനലുകളാക്കി മാറ്റാൻ പണിപ്പെട്ടതെന്നു കുറ്റപ്പെടുത്തി. ഷെയർ ട്രേഡിങ്ങിൽ പങ്കാളി വെട്ടിപ്പു നടത്തിയെന്ന പരാതിയുമായി ചെന്നപ്പോൾ തന്നെ കുടുക്കാനാണു പൊലീസ് ശ്രമിച്ചതെന്ന് ആരോപിച്ചു. തന്നെ ലേഡി ഡോൺ ആക്കിയതു പൊലീസ് ആണെന്നും തെറ്റുകൾ ചെയ്തിട്ടില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. നോവലുകൾ ഇഷ്ടപ്പെടുകയും പോകുന്നിടത്തെല്ലാം പുസ്തകങ്ങൾ കൊണ്ടുപോകുകയും ചെയ്തിരുന്ന, ബിഎഡ് പഠിച്ച ആനന്ദ് പാൽ സിങ് രജപുത്രരുടെ ഉന്നമനത്തിനാണു പ്രവർത്തിച്ചതെന്ന് ഇന്റർവ്യു ചെയ്തയാളും പറയുന്നുണ്ടായിരുന്നു. 

സിങ്ങിന്റെ മരണ ശേഷവും യൂത്ത് ബ്രിഗേഡ് ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വാചാലനായി. പഞ്ചായത്തിലേക്കു മത്സരിച്ചു പരാജയപ്പെട്ട സിങ്, രജപുത്രരോട് രാഷ്ട്രീയനേതൃത്വം കാട്ടിയ അവഗണനയെയാണ് എതിർത്തതെന്നും അവർ ഇരുവരും പറഞ്ഞു. ഒടുവിൽ ഇത്രകൂടി– ‘സാമൂഹിക–രാഷ്ട്രീയ–നിയമ വ്യവസ്ഥയ്ക്കാണു തകരാറ്. ആരും കുറ്റവാളിയായി ജനിക്കുന്നില്ല. വ്യവസ്ഥിതി അവരെ അങ്ങനെയാക്കുകയാണ്’. അവസാനം പറഞ്ഞ ആ വരികളിൽ ഒരു ശരിയുണ്ട്, ചിലരെങ്കിലും അങ്ങനെ കുറ്റവാളികളും അക്രമികളും ആയിട്ടുണ്ട്. അനുരാധയുടെയും ആനന്ദ് പാൽ സിങ്ങിന്റെയും കഥയിലെ യഥാർഥ സത്യത്തിലേക്കുള്ള അന്വേഷണം തുടരട്ടെ. അതുവരെ, ഈ വാചകം അവർക്കു ചേരുമോ എന്നു പറയാനാകില്ലല്ലോ!

English Summary: The Deadly Story Behind Lady Don Anuradha Chaudhary Aka Revolver Rani