മറ്റാരും കാണാത്ത ആ കാഴ്ചകൾ ഒപ്പിയെടുക്കാനുള്ള പൊലീസിന്റെ മൂന്നാം കണ്ണാണ് യഥാർഥത്തിൽ ഫൊറൻസിക് ഫൊട്ടോഗ്രഫർ. എന്നാൽ ഫൊട്ടോഗ്രഫിയും വിഡിയോഗ്രഫിയും കടന്ന് ഡിജിറ്റൽ തെളിവുകളുടെ ലോകത്ത് കുറ്റവാളികൾ നിലയുറപ്പിക്കുമ്പോഴും.....Forensic photography, Kerala Police

മറ്റാരും കാണാത്ത ആ കാഴ്ചകൾ ഒപ്പിയെടുക്കാനുള്ള പൊലീസിന്റെ മൂന്നാം കണ്ണാണ് യഥാർഥത്തിൽ ഫൊറൻസിക് ഫൊട്ടോഗ്രഫർ. എന്നാൽ ഫൊട്ടോഗ്രഫിയും വിഡിയോഗ്രഫിയും കടന്ന് ഡിജിറ്റൽ തെളിവുകളുടെ ലോകത്ത് കുറ്റവാളികൾ നിലയുറപ്പിക്കുമ്പോഴും.....Forensic photography, Kerala Police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റാരും കാണാത്ത ആ കാഴ്ചകൾ ഒപ്പിയെടുക്കാനുള്ള പൊലീസിന്റെ മൂന്നാം കണ്ണാണ് യഥാർഥത്തിൽ ഫൊറൻസിക് ഫൊട്ടോഗ്രഫർ. എന്നാൽ ഫൊട്ടോഗ്രഫിയും വിഡിയോഗ്രഫിയും കടന്ന് ഡിജിറ്റൽ തെളിവുകളുടെ ലോകത്ത് കുറ്റവാളികൾ നിലയുറപ്പിക്കുമ്പോഴും.....Forensic photography, Kerala Police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙  കടൽത്തീരത്ത് അടിഞ്ഞു കിടന്ന അഴുകിത്തുടങ്ങിയ ഒരു കൈ. പൊലീസ് ഫൊട്ടോഗ്രഫറുടെ ആദ്യ ക്ലിക്കിൽ പതിഞ്ഞ ആ കയ്യിനും അതിനോടു ചേർന്നു കിടന്നിരുന്ന നീല പോളിത്തീൻ കവറിനും ഒരു കഥ പറയാനുണ്ട്. അതീവ സമർഥമായി ഒരു കൊലയാളി ആസൂത്രണം ചെയ്ത കൊലപാതകം അതിനേക്കാൾ സമർഥമായി ചുരുളഴിച്ച കഥ. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ അതേ മികവോടെ ഒരു പൊലീസ് ഫോട്ടോഗ്രഫർ നടത്തിയ അന്വേഷണത്തിന്റെ കഥ.

എത്ര സമർഥനായ കുറ്റവാളിയും എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിച്ചാണു ക്രൈം സീനിൽനിന്നു മടങ്ങുക. മറ്റാരും കാണാത്ത ആ കാഴ്ചകൾ ഒപ്പിയെടുക്കാനുള്ള പൊലീസിന്റെ മൂന്നാം കണ്ണാണ് യഥാർഥത്തിൽ ഫൊറൻസിക് ഫൊട്ടോഗ്രഫർ. എന്നാൽ ഫൊട്ടോഗ്രഫിയും വിഡിയോഗ്രഫിയും കടന്ന് ഡിജിറ്റൽ തെളിവുകളുടെ ലോകത്ത് കുറ്റവാളികൾ നിലയുറപ്പിക്കുമ്പോഴും ആവശ്യത്തിനു ജീവനക്കാരില്ലാതെ കിതയ്ക്കുകയാണ് ഫൊറൻസിക് ഫൊട്ടോഗ്രഫി യൂണിറ്റ്. 

ADVERTISEMENT

കാണാത്ത കാഴ്ചകൾ ക്യാമറക്കണ്ണിൽ പതിയുമ്പോൾ...

കടപ്പുറത്ത് അടിഞ്ഞ, അറുത്തു മാറ്റിയ ഒരു കയ്യാണ് മണാശ്ശേരി ഇരട്ടക്കൊലപാതകത്തിലേക്കുള്ള വാതിൽ തുറന്നത്. അന്നു പടമെടുക്കാൻ പോയ ഫൊട്ടോഗ്രഫർ ശ്യാംലാൽ പകർത്തിയ ചിത്രത്തിൽ എല്ലാവരും കണ്ടത് മനുഷ്യന്റെ അറുത്തുമാറ്റിയ കൈ മാത്രമായിരുന്നു. എന്നാൽ ആ കേസന്വേഷണത്തിൽ നിർണായകമായ മറ്റൊരു തെളിവു കൂടി ആ ചിത്രത്തിൽ പതിഞ്ഞിരുന്നു. അതു പക്ഷേ ആദ്യ അന്വേഷണത്തിൽ ആരും കണ്ടിരുന്നില്ല.

മണാശ്ശേരി ഇരട്ടക്കൊലപാതകക്കേസിൽ നടന്ന തെളിവെടുപ്പ്.

ഏതാണ്ട് ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു ഭാഗത്തുനിന്ന് വേറൊരു കൈ കിട്ടി. ആദ്യം ലഭിച്ച കയ്യുടെ ചിത്രം പരിശോധിച്ചപ്പോൾ അതിലുമുണ്ട് സമാനമായ കയറു കൊണ്ടുള്ള കെട്ടും, നീല പ്ലാസ്റ്റിക് കവറും. പിന്നീട് പലപ്പോഴായി ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി കിട്ടിയ ശരീരഭാഗങ്ങളിലെ, നീല പ്ലാസ്റ്റിക് കവറിന്റെ സാന്നിധ്യം ലഭിച്ച ശരീരഭാഗങ്ങൾ ഒരാളുടേതാകാമെന്ന സൂചന നൽകി. നീല നിറത്തിലുള്ള പ്ലാസ്റ്റിക് കവറിലാക്കിയാണ് ഓരോ ശരീര ഭാഗങ്ങളും ഉപേക്ഷിക്കപ്പെട്ടിരുന്നത്.

വിരലടയാളം പോലും ശേഖരിക്കാൻ കഴിയാത്ത വിധത്തിൽ അഴുകിത്തുടങ്ങിയ കൈവിരലുകളിൽനിന്ന് തിരിച്ചറിയാൻ ഉതകുന്ന സൂക്ഷ്മ രേഖകൾ നൂതനമായ മാക്രോ ഫോട്ടോഗ്രാഫി സാങ്കേതികവിദ്യയിലൂടെ പകർത്തിയത് അന്നത്തെ ഫോട്ടോഗ്രാഫർ ആയിരുന്ന ശ്യാംലാൽ ആയിരുന്നു. പിന്നീട് രണ്ടര വർഷത്തിനുശേഷം കോഴിക്കോട് ഫൊട്ടോഗ്രാഫിക് ബ്യൂറോയിലെ ഫൊട്ടോഗ്രാഫർ ഹാരിസ് ആ ഫോട്ടോകളിൽനിന്ന്  വിവിധ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഡവലപ് ചെയ്ത് വേർതിരിച്ചെടുത്ത് ഫിംഗർ പ്രിന്റിന് സമാനമായ ഫോട്ടോഗ്രാഫുകളാക്കി. അവ ഓട്ടമേറ്റഡ് ഫിംഗർ പ്രിന്റ് ഐഡന്റിഫിക്കേഷൻ േസാഫ്റ്റ്‌വെയറിൽ തിരഞ്ഞപ്പോഴാണ് കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശി ഇസ്മയിലാണെന്നു വ്യക്തമായത്.

ADVERTISEMENT

ഇസ്മയിൽ വഴി നടത്തിയ അന്വേഷണത്തിൽ മുക്കം സ്വദേശി ബിർജു സ്വന്തം അമ്മയെ ഇസ്മയിലിനെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നും അതിനു പണം ആവശ്യപ്പെട്ട ഇസ്മയിലിനെയും കൊലപ്പെടുത്തിയെന്നും  കണ്ടെത്തി. അങ്ങനെ ആ ഫോട്ടോഗ്രാഫുകൾ നിർണായകമായ രണ്ട് കൊലക്കേസുകളിൽ  സുപ്രധാന വഴിത്തിരിവുണ്ടാക്കി. സാധാരണഗതിയിൽ സംഭവ സ്ഥലത്ത് കാണപ്പെടുന്ന വിരലടയാളങ്ങളുടെ ഫോട്ടോയിലൂടെ ആളെ തരിച്ചറിയാറുണ്ടെങ്കിലും കൈവിരലുകളുടെ ഫോട്ടോയിൽനിന്നും വിരലടയാളം വികസിപ്പിച്ച് ആളെ തിരിച്ചറിഞ്ഞത് സംസ്ഥാന പോലീസ് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു. ആ അന്വേഷണ മികവിന്  പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരവും ഇരുവർക്കും ലഭിച്ചു.

വിരലടയാള വിദ്ഗധരെക്കുറിച്ചു പലർക്കും അറിയാമെങ്കിലും പൊലീസിനു സ്വന്തമായി ഫൊറൻസിക് ഫൊട്ടോഗ്രഫർ ഉണ്ടെന്ന് അറിയുന്നവർ ചുരുക്കം. ക്രൈം സീനിലെ ആദ്യ ചിത്രങ്ങൾ പകർത്തുന്നതു മുതൽ കോടതിക്കു മുൻപിൽ വിഷയ വിദഗ്ധരായി മൊഴി നൽകുന്നതു വരെ ഈ പൊലീസ് ഫോട്ടോഗ്രഫർമാരാണ്. കോഴിക്കോട് മണാശ്ശേരി ഇരട്ടക്കൊലപാതക്കേസിൽ പൊലീസ് ഫൊട്ടോഗ്രഫർമാരായ ശ്യാംലാൽ, ഹാരിസ് എന്നിവരുടെ ഫൊറൻസിക് ഫൊട്ടോഗ്രാഫി മേഖലയിലുള്ള വൈദഗ്ധ്യം സഹായിച്ചത് രണ്ടര വർഷത്തോളം തുമ്പില്ലാതെ കിടന്നിരുന്ന കേസന്വേഷണത്തെയാണ്. 

ശിക്ഷ വാങ്ങിക്കൊടുക്കാനും വേണം ചിത്രങ്ങൾ

കോട്ടയത്തെ ദുരഭിമാനക്കൊലയായ കെവിൻ വധക്കേസിൽ പ്രതിഭാഗത്തിന്റെ ഏറ്റവും വലിയ ആരോപണം കെവിൻ രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്നായിരുന്നു. എന്നാൽ അന്നു പുഴയിൽ മുട്ടിനു താഴെ മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ, അത്തരം സാഹചര്യത്തിൽ മുങ്ങിമരിക്കില്ല എന്നു പൊലീസിന് വാദിക്കാനായത് അന്നെടുത്ത ഫൊട്ടോഗ്രഫുകൾ വച്ചാണ്. പുഴയിലെ അന്നത്തെ ജലനിരപ്പ് ഫൊട്ടോയിലൂടെ അല്ലാതെ തെളിയിക്കാൻ സാധിക്കുകയില്ലായിരുന്നു.

കെവിൻ കൊലക്കേസ് പ്രതികൾ.
ADVERTISEMENT

2018  ജൂലൈയിൽ വയനാടിലെ വെള്ളമുണ്ടയിൽ നടന്ന ദാരുണമായ ഇരട്ടക്കൊലക്കേസിലെ പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത് സംഭവ സ്ഥലത്തുനിന്നു ലഭിച്ച രക്തക്കറയോടു കൂടിയ പ്രതിയുടെ കാൽപാദത്തിന്റെ ചിത്രമാണ്. കോഴിക്കോട് അത്തോളിയിൽ വീടിന്റെ മുൻവശത്തു മധ്യവയസ്കനെ  കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിലും സംഭവസ്ഥലത്തുനിന്ന് പകർത്തിയ പാദത്തിന്റെ ഫോട്ടോയാണ് പ്രതിയുടെ പങ്കാളിത്തം തിരിച്ചറിയുന്നതിൽ നിർണായകമായത്. ഇത്തരത്തിൽ നിരവധി കേസുകളിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ പൊലീസ് ഫൊട്ടോഗ്രഫി സഹായിച്ചിട്ടുണ്ട്.

കൊലപാതകമോ അസ്വാഭാവിക മരണമോ സംഭവിച്ച സ്ഥലം ആദ്യ ദിവസത്തേതു പോലെ പിന്നീടൊരിക്കലും പൊലീസിനു കാണാനാകില്ല. സീൽ ചെയ്തു പൂട്ടിയിട്ടാൽ പോലും പൊടിയോ മറ്റോ പിടിച്ച് പല തെളിവുകളും നഷ്ടമായേക്കാം. പൊലീസ് ഫൊട്ടോഗ്രഫർമാർ ഇല്ലാത്ത സ്ഥലങ്ങളിൽ സാധാരണ ഫൊട്ടോഗ്രഫർമാരെ ഉപയോഗിച്ചാണ് ഇപ്പോൾ ചിത്രങ്ങൾ പകർത്തുന്നത്. ഫൊറൻസിക് പരിശീലനം ലഭിക്കാത്ത ഇവർ എടുക്കുന്ന ചിത്രങ്ങളിൽ പലപ്പോഴും നിർണായകമായ തെളിവുകൾ ഉണ്ടാകണമെന്നില്ല.

പിണറായി, കൂടത്തായി, മണാശ്ശേരി... ഏതു മരണവും കൊലപാതകമാകാം

ആദ്യകാലങ്ങളിൽ വലിയ കോളിളക്കമുണ്ടാക്കിയ കേസുകളിലെ സംഭവ സ്ഥലത്തെ ഫോട്ടോ എടുക്കൽ മാത്രമായിരുന്നു പൊലീസ് ഫൊട്ടോഗ്രഫറുടെ ജോലിയെങ്കിൽ ഇന്നു കഥ മാറി. ഏതു മരണവും പിന്നീട് കൊലപാതകമായി മാറാവുന്ന രീതിയിലേക്കു കാലം മാറിയിട്ടുണ്ട്. കൂടത്തായി ജോളി നടത്തിയ കൂട്ടക്കൊലപാതകവും പിണറായി രമ്യ നടത്തിയ കൂട്ടക്കൊലപാതകവുമൊക്കെ ഇതിന് ഉദാഹരണമാണ്. അതിനാൽ ഏത് അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്യപ്പെട്ടാലും അവിടെ പൊലീസ് ഫൊട്ടോഗ്രഫറുടെ സാന്നിധ്യം അനിവാര്യമായി തീർന്നിരിക്കുന്നു.

Representative Image: ShutterStock

പടമെടുക്കാൻ നല്ല  പ്രഫഷനൽ ഫൊട്ടോഗ്രഫറെ വിളിച്ചാൽ പോരേ എന്തിനാണു പൊലീസ് ഫൊട്ടോഗ്രഫർ എന്നു ചോദിക്കുന്നവരുണ്ട്. ചിത്രത്തിന്റെ ഭംഗിയേക്കാൾ അന്വേഷണ ബുദ്ധിക്കാണ് ഫൊറൻസിക് പരിശീലനം നേടിയ ഫൊട്ടോഗ്രഫർ പ്രാധാന്യം നൽകുക എന്നതാണ് ആ ചോദ്യത്തിനുള്ള ഉത്തരം. കുറ്റകൃത്യം നടന്ന സമയത്തു കാണുന്നതു പോലെ പിന്നീടൊരിക്കലും ക്രൈംസീൻ കാണാൻ കഴിയില്ല എന്നുള്ളതുകൊണ്ട് പൊതുവേ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന അതിസൂക്ഷ്മ തെളിവുകൾ വരെ ശ്രദ്ധയോടെ നിരീക്ഷിച്ചാണ് പൊലീസ് ഫൊട്ടോഗ്രാഫർ ചിത്രങ്ങൾ പകർത്തുന്നത്.

നേരിട്ടു ഹാജരാക്കാൻ കഴിയാത്ത ശാസ്ത്രീയ തെളിവുകൾ ആധികാരികതയോടെയും കൃത്യതയോടെയും കോടതികളിൽ ഹാജരാക്കാൻ വിദഗ്ധ സേവനം വേണം. ഈ തെളിവുകൾ വിചാരണ വേളയിൽ ഹാജരാക്കുമ്പോൾ പടമെടുത്ത ഫൊട്ടോഗ്രഫറുടെ വൈദഗ്ധ്യവും വിഷയത്തിലുള്ള അറിവും പ്രസക്തമാണ്. സാധാരണ ഫൊട്ടോഗ്രഫറാണെങ്കിൽ അതു സാധ്യമാകില്ല. ‌

ആത്മഹത്യാക്കുറിപ്പ് മറ്റാരെങ്കിലും എടുത്തു മാറ്റരുത് എന്നു കരുതി സ്വന്തം ദേഹത്ത് മരണത്തിനു കാരണക്കാരായവന്റെ പേര് എഴുതി വെച്ചു മരിച്ചവരുണ്ട്. ഇത്തരം കേസുകളിൽ ആത്മഹത്യാക്കുറിപ്പ് നേരിട്ടു കോടതിക്കു മുൻപിൽ ഹാജരാക്കാൻ കഴിയില്ലല്ലോ. അപ്പോഴും മൃതദേഹത്തിന്റെ ചിത്രങ്ങളാണു കോടതി തെളിവായി സ്വീകരിക്കുന്നത്.

കോളിളക്കമുണ്ടാക്കുന്ന ചില കേസുകൾ ക്രൈം ബ്രാഞ്ച്, സിബിഐ പോലുള്ള ഉയർന്ന അന്വേഷണ ഏജൻസികൾക്കു വിടാറുണ്ട്. അത്തരം കേസുകളിൽ അന്വേഷണം വീണ്ടും ഒന്നിൽനിന്ന് ആരംഭിക്കണം. അപ്പോഴേക്കും തെളിവുകളെല്ലാം ഭൂമിക്കടിയിൽ ആയിരിക്കും. ആ സമയത്ത് അന്വേഷണ ഏജൻസികൾ ആദ്യം ആശ്രയിക്കുന്നത് അന്നത്തെ ചിത്രങ്ങളെയും പകർത്തിയ ഫൊട്ടോഗ്രഫറെയുമാണ്.

ഹൈടെക് കുറ്റവാളികൾ, വേണം ഹൈടെക് ബ്യൂറോ

ഫൊട്ടോഗ്രാഫി ഐച്ഛികവിഷയമായി ഉള്ള ഫൈൻ ആർട്സ് ബിരുദമാണ് ഈ തസ്തികയ്ക്ക് വേണ്ട യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. ഫൊട്ടോഗ്രാഫിയും വിഡിയോഗ്രഫിയും അനുബന്ധ വിഷയങ്ങളും ഉൾപ്പെടുത്തിയുള്ള ബിരുദ കോഴ്സുകൾ ആയ മൾട്ടിമീഡിയ കമ്യൂണിക്കേഷൻ തുടങ്ങിയവ തസ്തികയ്ക്ക് വേണ്ട യോഗ്യതയായി പരിഗണിക്കപ്പെടണമെന്ന ആവശ്യം ഇതേവരെ അംഗീകരിക്കപ്പെട്ടില്ല. കൃത്യതയോടെയും ആധികാരികതയോടെയും സംഭവസ്ഥലത്ത് കാണപ്പെടുന്ന ഭൗതിക തെളിവുകളുടെ ഏകത സ്ഥാപിക്കുന്നതിന് പര്യാപ്തമായ രീതിയിൽ വിഷ്വൽ തെളിവുകൾ ശേഖരിക്കുന്നതും ഫൊട്ടോഗ്രാഫർമാർ ആണ് . 

KANNUR 18 NOVEMBER 2008, BUILDING OF THE REGIONAL FORENSIC SCIENCE LABORATORY AT KANNUR. PIC BY SAJEESH SANKAR

ഫൈൻ ആർട്സ് ബിരുദം നേടിയ ഫൊട്ടോഗ്രഫിയിൽ യോഗ്യതയുള്ളവരെയാണ് ഇപ്പോൾ പൊലീസ് ഫൊട്ടോഗ്രഫറായി നിയമിക്കുന്നത്. റിക്രൂട്ട്മെന്റിനു ശേഷം ഫൊറൻസിക് സയൻസ് ലാബിൽ 3 മാസത്തെ ഫൊറൻസിക് ഫോട്ടോഗ്രഫിയിൽ പരിശീലനം നൽകും. ക്രൈം സീനിലെ ചിത്രങ്ങൾ പകർത്തുന്നതോടൊപ്പം  അസ്വാഭാവിക മരണങ്ങളുടെ ഇൻക്വസ്റ്റ് അടക്കം വിഡിയോ റെക്കോർഡ് ചെയ്യേണ്ട ജോലി വരെ ചെയ്യേണ്ടതുണ്ട്.

ക്രൈം സീനുകൾ ശാസ്ത്രീയമായി പകർത്തുന്നതും തെളിവുകൾ ശേഖരിക്കാൻ സഹായിക്കുന്നതും പൊലീസ് ഫൊട്ടോഗ്രഫർമാരാണ്. തെളിവുകൾ കോടതിക്കു മുൻപിൽ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കുന്നതിലും പൊലീസ് ഫൊട്ടോഗ്രഫർമാർക്കു വലിയ പങ്കുണ്ട്. പൊലീസ് ഹാജരാക്കിയ വിരലടയാളം, ഫുട് പ്രിന്റ് എന്നിവ സംഭവസ്ഥലത്തു നിന്നുതന്നെ ശേഖരിച്ചതാണെന്നു തെളിയിക്കുന്നത് പൊലീസ് ഫൊട്ടോഗ്രഫർ എടുത്ത ഫോട്ടോയുടെ സഹായത്തോടെയാണ്.

കൊലപാതകത്തിന്റെയും അസ്വാഭാവിക മരണങ്ങളുടെയും ഇൻക്വസ്റ്റ് നടപടികൾ പകർത്തുക, പൊതുമുതൽ നശിപ്പിക്കപ്പെട്ടതു പോലുള്ള കേസുകളിൽ നേരിട്ടു കോടതിയിൽ കൊണ്ടു ചെല്ലാൻ കഴിയാത്ത തെളിവുകളുടെ ചിത്രം പകർത്തുക, പോക്സോ കേസിലെ ഇരകളായ കുട്ടികൾ മജിസ്ട്രേറ്റിനു മുൻപിൽ നൽകുന്ന മൊഴി വിഡിയോയിൽ പകർത്തുക, കസ്റ്റഡി മരണങ്ങൾ ഉൾപ്പെടെയുള്ള ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മാർഗ നിർദേശങ്ങൾക്ക് അനുസൃതമായി നടത്തപ്പെടുന്ന പോസ്റ്റുമോർട്ടം പരിശോധനയുടെ  വിഡിയോ ചിത്രീകരിക്കുക തുടങ്ങിയ ജോലികളെല്ലാം ചെയ്യുന്നത് പൊലീസ് ഫൊട്ടോഗ്രഫറാണ്. 

സംശയകരമായ അസ്വാഭാവിക മരണ കേസുകളിൽ  മരണ കാരണത്തിൽ തങ്ങളുടെ നിഗമനങ്ങൾ ഉറപ്പിക്കുന്നതിന് ഫൊറൻസിക് സർജൻമാർ സംഭവ സ്ഥലത്തിന്റെയും മൃതദേഹത്തിന്റെയും ഫൊറൻസിക് ആംഗിളുകളിൽ എടുത്ത ഫൊട്ടോഗ്രാഫുകളെ ആശ്രയിക്കാറുണ്ട്. ഫൊറൻസിക് ഫൊട്ടോഗ്രഫി വിഭാഗം  രൂപീകരിച്ച കാലത്തെ അതേ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും ഉള്ളത്. സംസ്ഥാനത്ത്  കോഴിക്കോട് റൂറൽ  ജില്ലാ പൊലീസ് ഓഫിസ് ഒഴികെ എല്ലാ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും ക്രൈംബ്രാഞ്ച് ആസ്ഥാനത്തും ഫൊറൻസിക് സയൻസ് ലാബിലുമായി ഓരോ തസ്തിക വീതവും പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഫൊട്ടോഗ്രഫി ബ്യൂറോയിലെ മൂന്ന് ഫൊട്ടോഗ്രാഫർ തസ്തികകളും ഒരു ചീഫ് ഫൊട്ടോഗ്രാഫർ തസ്തികയും ഉൾപ്പെടെ ആകെ 24 തസ്തികകളാണ് ഈ ഡിവിഷനിൽ ഉള്ളത്.

കോഴിക്കോട് ജില്ലാ പൊലീസിനെ സിറ്റിയും റൂറലുമായി വിഭജിക്കുന്നതിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് ഓഫിസിൽ ഉൾപ്പെടേണ്ട തസ്തികകൾ നിർദേശിച്ചപ്പോൾ ഉണ്ടായ വീഴ്ചകൾ മൂലമാണ് കേരളത്തിൽ കോഴിക്കോട് ജില്ലാ പൊലീസ് ഓഫിസിൽ മാത്രമായി ഈ തസ്തിക ഇല്ലാത്ത സാഹചര്യം ഉണ്ടായത്. എന്നാൽ അതിനുശേഷം രൂപീകരിക്കപ്പെട്ട എല്ലാ പൊലീസ് ഓഫിസുകളിലും ഫൊട്ടോഗ്രാഫർ തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മാറിയ കാലത്ത് കാലോചിതമായ പരിഷ്കാരങ്ങൾ വകുപ്പിൽ വരുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.

പല സ്ഥലങ്ങളിലും ഇപ്പോൾ പൊലീസ് ഫൊട്ടോഗ്രഫർമാർ ഇല്ല. കോളിളക്കമുണ്ടാക്കുന്ന കേസ് വരുമ്പോൾ സമീപ ജില്ലയിലെ ഫൊട്ടോഗ്രഫർമാരുടെ സേവനം തേടുകയാണ് ഇപ്പോൾ ചെയ്യുന്നത്. പതിനൊന്നാം ശമ്പള കമ്മിഷൻ പൊലീസ് ഫൊട്ടോഗ്രഫറുടെ തസ്തിക ഇമേജിങ് എക്സ്പേർട്ട് എന്നും  ചീഫ് ഫൊട്ടോഗ്രാഫറുടെ തസ്തിക ഡയറക്ടർ എന്നും ഫൊട്ടോഗ്രാഫിക് ബ്യൂറോയുടെ പേര്, ഇമേജിങ് ഡിവിഷൻ എന്നും പുനർനാമകരണം ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്. 

23 ഫൊട്ടോഗ്രാഫർമാർക്ക് ഒരു ചീഫ് ഫൊട്ടോഗ്രാഫർ തസ്തിക മാത്രമാണ് പ്രമോഷൻ സാധ്യതയായിട്ടുള്ളത് എന്നതിനാൽ 99% ആളുകളും വിരമിക്കുന്നതും ഫൊട്ടോഗ്രഫർ എന്ന തസ്തികയിൽനിന്നാണ്. എന്നാൽ തമിഴ്നാട് പോലുള്ള സമീപ സംസ്ഥാനങ്ങളിൽ ഫൊട്ടോഗ്രാഫർ സർവീസിൽ പ്രവേശിക്കുന്നവർക്ക് ചുരുങ്ങിയത് മൂന്നു പ്രമോഷൻ എങ്കിലും ലഭിക്കുന്നു .വളരെ സമർഥമായി കൊലപാതകം നടത്താൻ തയാറെടുക്കുന്ന കുറ്റവാളികൾ ഓർക്കുക. ആരും കാണാതെ നിങ്ങൾ ബാക്കി വച്ചു പോകുന്ന ചില തെളിവുകൾ ഒപ്പിയെടുക്കാൻ മൂന്നാം കണ്ണ് കേരള പൊലീസിനുണ്ട്.

English Summary: How the Forensic Photographers of Kerala Police Helps to Find Answers of Crimes?