മേൽത്തട്ടിലെ ഐക്യവും പരസ്പരം തോളിൽ കയ്യിടലും കൊണ്ടു മാത്രം കാര്യമില്ല. അതൊരു നാടകം മാത്രമാണ്. ഐക്യം നേതൃത്വത്തിൽ മാത്രം പോരാ, താഴേയ്ക്കും വേണം. രണ്ടു ചേരിയായിനിന്നു യുദ്ധം പ്രഖ്യാപിക്കുന്ന പാർട്ടിക്ക് എങ്ങനെ നന്മ ചെയ്യാൻ സാധിക്കും? മാർക്സിസ്റ്റ് പാർ‍ട്ടിയിൽ ഉള്ളവരേക്കാൾ വിരോധത്തിൽ സ്വന്തം സഹപ്രവർത്തകരെ കാണുന്ന സ്ഥിതി ചില സ്ഥലങ്ങളിലുണ്ട്. Thiruvanchoor Radhakrishnan Latest News

മേൽത്തട്ടിലെ ഐക്യവും പരസ്പരം തോളിൽ കയ്യിടലും കൊണ്ടു മാത്രം കാര്യമില്ല. അതൊരു നാടകം മാത്രമാണ്. ഐക്യം നേതൃത്വത്തിൽ മാത്രം പോരാ, താഴേയ്ക്കും വേണം. രണ്ടു ചേരിയായിനിന്നു യുദ്ധം പ്രഖ്യാപിക്കുന്ന പാർട്ടിക്ക് എങ്ങനെ നന്മ ചെയ്യാൻ സാധിക്കും? മാർക്സിസ്റ്റ് പാർ‍ട്ടിയിൽ ഉള്ളവരേക്കാൾ വിരോധത്തിൽ സ്വന്തം സഹപ്രവർത്തകരെ കാണുന്ന സ്ഥിതി ചില സ്ഥലങ്ങളിലുണ്ട്. Thiruvanchoor Radhakrishnan Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേൽത്തട്ടിലെ ഐക്യവും പരസ്പരം തോളിൽ കയ്യിടലും കൊണ്ടു മാത്രം കാര്യമില്ല. അതൊരു നാടകം മാത്രമാണ്. ഐക്യം നേതൃത്വത്തിൽ മാത്രം പോരാ, താഴേയ്ക്കും വേണം. രണ്ടു ചേരിയായിനിന്നു യുദ്ധം പ്രഖ്യാപിക്കുന്ന പാർട്ടിക്ക് എങ്ങനെ നന്മ ചെയ്യാൻ സാധിക്കും? മാർക്സിസ്റ്റ് പാർ‍ട്ടിയിൽ ഉള്ളവരേക്കാൾ വിരോധത്തിൽ സ്വന്തം സഹപ്രവർത്തകരെ കാണുന്ന സ്ഥിതി ചില സ്ഥലങ്ങളിലുണ്ട്. Thiruvanchoor Radhakrishnan Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസിസി പുനഃസംഘടന കോൺഗ്രസിൽ പുതിയ പോർമുഖങ്ങൾ തുറന്നിരിക്കുന്നു. ഗ്രൂപ്പുകളും ശക്തമായ ഗോത്രങ്ങളും എല്ലാം കലങ്ങിമറിയുന്ന സ്ഥിതി പെട്ടെന്ന് സംജാതമായി. കോൺഗ്രസിലെ പ്രബലമായ എ വിഭാഗത്തെ നയിക്കുന്ന ഉമ്മൻചാണ്ടിതന്നെ പ്രതിഷേധം പരസ്യമാക്കി. എ വിഭാഗത്തിലെ ശക്തനായ നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ പുതിയ സാഹചര്യത്തിൽ തന്റെ നിലപാടുകൾ പരസ്യമാക്കുകയാണ്.

സംസ്ഥാന രാഷ്ട്രീയത്തിലെ ഏറെ സ്വീകാര്യനായ ഈ രാഷ്ട്രീയ നേതാവ് അടുത്തകാലത്തായി ഗ്രൂപ്പ് നിലപാടുകളിൽനിന്നു മാറി നിൽക്കുന്നുവെന്ന പ്രതീതി ശക്തം. പുതിയ ഡിസിസി പട്ടികയുടെ കാര്യത്തിൽ പാർട്ടിയുടെ പുതിയ നേതൃത്വത്തിനൊപ്പമാണ് എന്ന സൂചന ‘ക്രോസ്ഫയറിൽ’ തിരുവഞ്ചൂർ നൽകുന്നു. തനിക്ക് നേരിടേണ്ടി വന്ന അവഗണനയും ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നു മാറേണ്ടി വന്നതിലെ അമർഷവും ജോപ്പന്റെ അറസ്റ്റ് സൃഷ്ടിച്ച പ്രതിസന്ധിയും എല്ലാം തിരുവഞ്ചൂരിന്റെ വാക്കുകളിൽ പുറത്തേക്കു വരുന്നു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ഈ മുതിർന്ന നേതാവ് വിശദമായി സംസാരിച്ചു:

ADVERTISEMENT

പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഒടുവിൽ പുറത്തു വന്നിരിക്കുന്നു. സ്വീകാര്യമാണോ ആ പേരുകൾ?

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകിയ പട്ടികയാണ് പ്രഖ്യാപിച്ചത്. കോൺഗ്രസിനു മാത്രമെ ഇങ്ങനെ ഒരു നിലപാട് എടുക്കാൻ സാധിക്കൂ. പാർട്ടിയിൽ ഏകീകരണത്തിനു വേണ്ടിയുള്ള ശ്രമവും ഞാൻ ഇതിൽ കാണുന്നു.

സാമുദായിക സന്തുലിതത്വം പാലിച്ചില്ല, പ്രായം കൂടിയവർ കടന്നുവന്നു എന്നെല്ലാം പരാതി ഉണ്ടല്ലോ?

എന്റെ അഭിപ്രായം വ്യത്യസ്തമാണ്. ജില്ലയിൽ പാർട്ടിയെ കൊണ്ടു നടക്കണമെങ്കിൽ യോഗ്യതയും അണികളുമായി ഉള്ള ബന്ധവുമാണ് പ്രധാന ഘടകങ്ങൾ. ജനസ്വീകാര്യത, സംശുദ്ധമായ പ്രതിച്ഛായ എന്നിവയും വേണം. ഈ നാലു ഘടകങ്ങൾ യോജിച്ചാലേ ഡിസിസി പ്രസിഡന്റിനു കരുത്തോടെ പ്രവർത്തിക്കാൻ സാധിക്കൂ.

തിരുവഞ്ചൂർ രാധാകൃഷ്ണൻ
ADVERTISEMENT

ജനങ്ങളുടെ മുന്നിൽ നല്ല മുഖം എന്നതിന് മുൻഗണന നൽകേണ്ടി വരുമ്പോൾ പ്രായം പ്രശ്നമേ അല്ല. 2024ലെ പൊതു തിര‍ഞ്ഞെടുപ്പിൽ വൻവിജയം നേടിക്കൊടുക്കാൻ പ്രാപ്തരായവരാണ് ഡിസിസികളെ നയിക്കേണ്ടത്. സെക്കൻഡ് ഗ്രേഡ്, തേഡ് ഗ്രേഡ് ആളുകളെ കോൺഗ്രസിനു വേണ്ട. പുറത്തു വന്ന പട്ടിക പ്രതീക്ഷ പകരുന്നതാണ്.

നിലവിലെ ദലിത്, വനിതാ പ്രാതിനിധ്യം പുതിയ പട്ടികയിൽ ഇല്ലാതായല്ലോ?

വനിതാ ഡിസിസി പ്രസിഡന്റുമാർ അപൂർവം ഉണ്ടായിട്ടുണ്ട്. സരസ്വതി കുഞ്ഞുകൃഷ്ണനും പിന്നീട് ബിന്ദു കൃഷ്ണയും വന്നു. പ്രഗത്ഭരായ വനിതാനേതാക്കളുടെ സേവനം പല തലങ്ങളിൽ പാർ‍ട്ടി ഉപയോഗിച്ചിട്ടുണ്ട്. ഈ രണ്ടു വിഭാഗങ്ങൾക്കും സാധ്യമായ എല്ലാ പരിഗണനയും നൽകണം.

പട്ടികയുമായി ബന്ധപ്പെട്ട ഗ്രൂപ്പ് പ്രാതിനിധ്യം, ഗ്രൂപ്പുകളുടെ അമർഷം ഇതെല്ലാമാണ് ഇപ്പോൾ വലിയ ചർച്ചകൾക്കു തിരി കൊളുത്തിയിരിക്കുന്നത്. പുനഃസംഘടനാ പ്രക്രിയയിൽ ഗ്രൂപ്പുകളെ തഴഞ്ഞോ?

ADVERTISEMENT

പാർട്ടിയെ ഏകോപിപ്പിക്കാൻ പറ്റുന്ന ആളുകളെയാണ് ആവശ്യം. വളരെ പ്രബലരായ നേതാക്കൾ ജില്ലകളിലുണ്ട്. അവരെ ഒരുമിച്ചു കൊണ്ടു പോകാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാർക്കു സാധിക്കണം. കോൺഗ്രസിനെ ജില്ലകളിൽ നയിക്കുന്നവർ കൊള്ളാമെന്ന തോന്നൽ ഘടകകക്ഷികൾക്കും വേണം.

ഗ്രൂപ്പുകളുടെ നിർദേശം എന്നതിലേക്കു മാത്രം കാര്യങ്ങളെ ചുരുക്കിക്കാണാൻ കഴിയില്ല എന്നാണോ?

നിശ്ചയമായും. ഗ്രൂപ്പ് പ്രാതിനിധ്യം ഉണ്ടാകാം. പക്ഷേ വരുന്നത് ഗ്രൂപ്പിലെ ഏറ്റവും മികച്ചവരാകണം. എല്ലാ ഗ്രൂപ്പിലും മിടുക്കന്മാർ ഉണ്ട്. അവർ വന്നാൽ കുഴപ്പമില്ല. അങ്ങനെയുളളവരെ തഴഞ്ഞ് തീരുമാനം എടുക്കുന്നതു നല്ലതല്ല.

തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ഫലപ്രദമായ ചർച്ച കെ.സുധാകരനും വി.ഡി.സതീശനും ഇവിടെ നടത്തിയില്ലെന്ന പരാതി ശക്തമാണല്ലോ? പരസ്യ പ്രതികരണങ്ങൾതന്നെ ഉണ്ടായി?

എത്രയോ നാളായി കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ഈ രണ്ടു പേരും തന്നെയല്ലേ നയിച്ചു കൊണ്ടിരുന്നത്. ഇന്ന് അതേ സ്ഥാനത്ത് അവരില്ല എന്നു മാത്രമേ ഉള്ളൂ. അവരുടെ അഭിപ്രായം പട്ടികയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

പക്ഷേ ഈ രണ്ടു നേതാക്കളും കോൺഗ്രസ് അധ്യക്ഷയ്ക്കു പരാതി വരെ അയച്ച സാഹചര്യം ഉടലെടുത്തില്ലേ?

അതിന്റെ പശ്ചാത്തലം എന്താണെന്ന് അവർക്കല്ലേ അറിയൂ. പരമാവധി ചർച്ചകളും അഭിപ്രായം സ്വരൂപിക്കലും നടത്തണം. ഇവിടെത്തന്നെ അതു കുറേ നടന്നു. അവസാന വട്ടവും നേതൃത്വം ചർച്ച നടത്തി. ആരെയും വേർതിരിച്ചു മാറ്റി നിർത്തുകയല്ല വേണ്ടത്. എല്ലാവരെയും ഏകോപിപ്പിച്ചു പോകാനാണു ശ്രമിക്കേണ്ടത്.

വീഴ്ച ആരുടെ ഭാഗത്താണെങ്കിലും തർക്കവും ചേരിതിരിവും കോൺഗ്രസിന് ദോഷം ചെയ്യില്ലേ? ഒരുമിച്ചു നിന്നപ്പോൾ ലഭിച്ചത് 41 സീറ്റാണ്. ഐക്യവും അച്ചടക്കവും കൂടിയേ തീരൂവെന്ന സാഹചര്യത്തിൽ ഇത്തരം പോർമുഖങ്ങൾ ആശങ്ക ജനിപ്പിക്കുന്നില്ലേ?

മേൽത്തട്ടിലെ ഐക്യവും പരസ്പരം തോളിൽ കയ്യിടലും കൊണ്ടു മാത്രം കാര്യമില്ല. അതൊരു നാടകം മാത്രമാണ്. ഐക്യം വൈകാരികമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാകണം. അതു നേതൃത്വത്തിൽ മാത്രം പോരാ, താഴേയ്ക്കും വേണം. രണ്ടു ചേരിയായിനിന്നു യുദ്ധം പ്രഖ്യാപിക്കുന്ന പാർട്ടിക്ക് എങ്ങനെ നന്മ ചെയ്യാൻ സാധിക്കും? മാർക്സിസ്റ്റ് പാർ‍ട്ടിയിൽ ഉള്ളവരേക്കാൾ വിരോധത്തിൽ സ്വന്തം സഹപ്രവർത്തകരെ കാണുന്ന സ്ഥിതി ചില സ്ഥലങ്ങളിലുണ്ട്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതിയ നേതൃത്വം വന്നതോടെ ഗ്രൂപ്പുകൾക്കെതിരെ വികാരം ഒരു ഭാഗത്തു രൂപപ്പെടുന്നുണ്ട്. ഗ്രൂപ്പുകളുടെ പ്രസക്തിയെക്കുറിച്ച് എന്താണ് അഭിപ്രായം?

അമിതമായ രൂപത്തിൽ ഒന്നും പാടില്ല. അർഹിക്കുന്ന ഒരാളിനെ അപഹസിക്കാനോ ചെറുതാക്കുന്നതിനോ ഗ്രൂപ്പിന്റെ രാസപ്രയോഗം ഗുണകരമല്ല. അതേസമയം പരസ്പരം വിശ്വാസത്തിൽ നീങ്ങാനും അങ്ങോട്ടും ഇങ്ങോട്ടും സംഭാവനകൾ നൽകാനും സാധിച്ചാൽ ഗ്രൂപ്പുകളെക്കൊണ്ട് ഒരു കുഴപ്പവുമില്ല. തമ്മിൽ വാശി തീർക്കുകയല്ല നമ്മുടെ ലക്ഷ്യം. അതിനു തുനിഞ്ഞാൽ യദുകുലം പോലെ കോൺഗ്രസ് നശിക്കും. അങ്ങോട്ടും ഇങ്ങോട്ടും അസ്ത്രം എയ്തു ചേട്ടാനിയന്മാരെല്ലാം മരിക്കും. അങ്ങനെ സംഭവിക്കാതെ ഇരിക്കണമെങ്കിൽ യോജിച്ചു പോയേ പറ്റൂ. ആ സന്ദർഭം അനിവാര്യമായ ഘട്ടത്തിലാണ് നമ്മൾ സംസാരിക്കുന്നത്.

എ–ഐ ഗ്രൂപ്പുകൾ ഒരുമിച്ചും പുതിയ നേതൃത്വം അപ്പുറത്തും എന്ന അസാധാരണ ചിത്രമാണല്ലോ ഇപ്പോൾ ഉരുത്തിരിഞ്ഞത്?

മേൽത്തട്ടിൽ ഗ്രൂപ്പുകൾ യോജിച്ച് ചില പൊതുവായ നിലപാടുകൾ എടുക്കുന്നുണ്ട് എന്നതു സത്യം തന്നെ. പക്ഷേ അതാണോ താഴേത്തട്ടു വരെ? തൊലിപ്പുറത്തെ ചികിത്സ കൊണ്ട് തീരില്ല. യോഗ്യരായവരെ മുന്നിൽ നിർത്തിയേ മതിയാകൂ. ഒത്തുതീർപ്പു പരിപാടികൾക്ക് ഇനി പ്രസക്തിയില്ല.

താങ്കൾ എ ഗ്രൂപ്പിലെ വളരെ പ്രധാനികളിൽ ഒരാളാണ്. ഇപ്പോൾ ഗ്രൂപ്പുമായി ബന്ധപ്പെടാറില്ലേ?

അനുവദനീയമായ ഇടം വരെ മാത്രമേ ഞാൻ സഹകരിക്കുന്നുള്ളൂ. അനുവദനീയമല്ലാത്ത ഒരിടത്തേയ്ക്കു ഞാൻ ചാടിക്കയറി പോകാറില്ല.

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ.

അതായത് ഗ്രൂപ്പ് നേതൃത്വം അനുവദിക്കുന്ന ഇടം വരെ എന്നാണോ?

എന്നെ ചുമതലപ്പെടുത്തുന്ന ചില കാര്യങ്ങൾ ഉണ്ടാകുമല്ലോ. അല്ലാതെ എല്ലാം എന്റെ തലയിൽ കൂടിയാണ് കറങ്ങുന്നതെന്ന തെറ്റായ ധാരണ ഇപ്പോൾ എനിക്കില്ല.

എ ഗ്രൂപ്പിലെ നിർണായക ശക്തികളിൽ ഒരാളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗ്രൂപ്പിൽനിന്ന് അൽപം മാറി നിൽക്കുകയാണോ എന്ന ലളിതമായ സംശയമാണ് എന്റേത്?

മാറിനിൽക്കൽ ഒന്നുമില്ല. അനുഭവങ്ങൾ നമുക്കു നൽകുന്ന ചില പാഠങ്ങൾ ഉണ്ട്. കേരളത്തിലെ കോൺഗ്രസിന്റെ ഇന്നത്തെ ആവശ്യം എന്താണ്? പാർട്ടി എത്രയും വേഗം അധികാരത്തിലേക്കു തിരിച്ചു വരണം. അതിനു ചില കാര്യങ്ങളിൽ നമ്മൾ പക്വത കാട്ടിയേ മതിയാകൂ. അത് എല്ലാവർക്കും ഒരു പോലെ ബാധകമാണ്.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു താങ്കളും പരിഗണനാർഹൻ ആണെന്ന അഭിപ്രായം ഉണ്ടായിരുന്നോ? 21 അംഗ കോൺഗ്രസ് നിയമസഭാ കക്ഷിയിൽ സീനിയറും സ്വീകാര്യനുമായ ഒരാൾ ആയി ആണല്ലോ താങ്കളെ കണക്കാക്കുന്നത്.

വ്യക്തിപരമായ ഒരു ചോദ്യമാണ് എന്നതുകൊണ്ട് അഭിപ്രായം പറയുന്നില്ല. 1978ൽ ഈ പാർട്ടി ഭിന്നിക്കുന്ന സമയം മുതൽ ഞാൻ സജീവമായി രംഗത്തുണ്ട്. അതിനുശേഷം ഞാൻ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് ആയി. വലിയ സമരപരമ്പരകൾതന്നെ അന്നു യൂത്ത് കോൺഗ്രസ് നടത്തി. എ.കെ.ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും നേതൃത്വത്തിൽ ചെറുപ്പക്കാരുടെ ഒരു പാർട്ടിയായി കോൺഗ്രസിനെ വളർത്താൻ ആ പരിശ്രമങ്ങൾക്കു സാധിച്ചു.

അന്നു മുതലുള്ള സംഭാവനകൾ കണക്കിലെടുക്കുമ്പോൾ ഇത്തവണ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു താങ്കളെ പരിഗണിക്കാമായിരുന്നില്ലേ എന്നതാണ് ചോദ്യം?

അതു വളരെ വ്യക്തിഗതമല്ലേ. എന്നെക്കുറിച്ചു ഞാൻ തന്നെ പറയേണ്ട കാര്യമില്ല. ഒരു കാലഘട്ടത്തിലും ഞാൻ പറയില്ല. എന്റെ നേട്ടത്തിന്, എനിക്കു വേണ്ടിയാണ് എന്ന സമീപനം ഞാൻ പുലർത്താറില്ല. നാളെ എനിക്ക് ഒരു സ്ഥാനം കിട്ടാനാണ് ഈ ശ്രമങ്ങളെല്ലാം എന്നു ചിന്തിക്കുകയോ അതിനായി വാദിച്ചു സ്ഥാപിക്കാനോ നോക്കാറില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ ഒരു അഭിപ്രായ പ്രകടനത്തിനില്ല.

പി.ബാലകൃഷ്ണപിള്ള, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഫയൽ ചിത്രം: മനോരമ)

പ്രതിപക്ഷ നേതാവായി ഐ വിഭാഗത്തിലെ രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാനുള്ള എ ഗ്രൂപ്പിന്റെ തീരുമാനത്തോട് താങ്കൾ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നില്ലേ?

അതു തുറന്നു പറയാൻ പറ്റാത്ത കാര്യമാണ്. എനിക്ക് എന്റേതായ അഭിപ്രായമുണ്ട്. അതേ അഭിപ്രായം എന്നോടു പങ്കുവച്ച ധാരാളം സഹപ്രവർത്തകരുമുണ്ട്. താഴേത്തട്ടിലുള്ളവരും അതു പറഞ്ഞിട്ടുണ്ട്. പക്ഷേ പരസ്യ അഭിപ്രായ പ്രകടനത്തിലേക്കു ഞാൻ പോകുന്നില്ല.

ഹൈക്കമാൻഡ് പ്രതിനിധികൾക്കു മുൻപാകെ പ്രതിപക്ഷ നേതാവായി സ്വന്തം പേരു നിർദേശിക്കുന്നതിൽനിന്നു പോലും താങ്കളെ ഗ്രൂപ്പ് വിലക്കി എന്നതു ശരിയാണോ?

തീരുമാനങ്ങളെടുക്കുന്നതിൽ ആത്യന്തികമായി എന്നെ സ്വാധീനിക്കുന്ന ചിലയാളുകളുണ്ട.് അവരിൽ ചിലർ ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുമുണ്ട്. അതിന് അപ്പുറത്തേക്കു പോകുന്നില്ല. പക്ഷേ ഞാൻ എന്റേതായ അഭിപ്രായം പറഞ്ഞു. ഹൈക്കമാൻഡിൽനിന്നു വന്ന പ്രതിനിധികളോടും പറഞ്ഞു. ബാക്കിയെല്ലാം ഹൈക്കമാൻഡിന് തീരുമാനിക്കാമെന്നും പറഞ്ഞു.

ആ നിർദേശം താങ്കളോടു പറഞ്ഞത് എ വിഭാഗത്തിനു നേതൃത്വം കൊടുക്കുന്ന ഉമ്മൻചാണ്ടി ആയിരിക്കുമല്ലോ. അദ്ദേഹത്തിന്റെ ആ നിലപാട് പ്രയാസമുണ്ടാക്കിയോ?

ഉമ്മൻചാണ്ടി ഒരിക്കലും എന്നെ പ്രയാസപ്പെടുത്താൻ വേണ്ടി ഒരു തീരുമാനവും എടുക്കില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല. ഏതെങ്കിലും ഒരു സമ്മർദത്തിന്റെ മധ്യത്തിൽ‍ വന്നു നിന്നെങ്കിൽ അല്ലാതെ എന്നെ വിഷമിപ്പിക്കാൻ വേണ്ടി ഒരു തീരുമാനവും ഉമ്മൻചാണ്ടി എടുക്കുമെന്നു കരുതുന്നില്ല.

ഉമ്മൻചാണ്ടി വിദേശത്തായിരിക്കെ അദ്ദേഹത്തിന്റെ സ്റ്റാഫിലുള്ള ജോപ്പനെ, സോളർ വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യേണ്ടി വന്നത് അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന താങ്കളും മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടിയും തമ്മിൽ നീരസങ്ങൾക്കു കാരണമായെന്നു കരുതുന്നവരുണ്ട്. ആ നടപടി എന്തെങ്കിലും തെറ്റിദ്ധാരണ ഉമ്മൻചാണ്ടിയിൽ ഉണ്ടാക്കിയോ? നിങ്ങൾ തമ്മിലെ ബന്ധത്തിൽ അതു കരടായോ?

ആരോടും പറയാത്ത കാര്യം കൂടി പറയാം. ആ വിവാദ നായികയുടെ മൊഴിയിൽ ആരുടെയെല്ലാം പേരുണ്ടോ അവരുടെ കാര്യമേ നോക്കിയിട്ടുള്ളൂ. ഞാൻ അവിടം കൊണ്ട് അവസാനിപ്പിക്കുകയാണ്. മൊഴിയിൽ പറഞ്ഞവർക്കെതിരെ മാത്രമേ അന്വേഷണ നടപടി ഉണ്ടായുള്ളൂ. അല്ലാതെ ചുമ്മാതെ ഒരാൾക്കെതിരെ എന്തെങ്കിലും ചെയ്യാൻ കഴിയില്ലല്ലോ.

ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ

പക്ഷേ, ആ അറസ്റ്റ് പല തെറ്റിദ്ധാരണകൾക്കും വഴിവച്ചില്ലേ? ഇന്നും അതൊരു മുറിപ്പാടല്ലേ?

ഹേമചന്ദ്രനെ പോലെ വിശ്വാസ്യതയുളള, നിഷ്പക്ഷനായ ഒരാളായിരുന്നു അന്ന് അന്വേഷണ സംഘത്തിന്റെ തലവൻ. അദ്ദേഹത്തോട് ആർക്കു വേണമെങ്കിലും ഇക്കാര്യങ്ങൾ ചോദിക്കാവുന്നതേയുള്ളൂ. സത്യസന്ധനായ അദ്ദേഹം അതെല്ലാം തുറന്നുപറയുന്ന ആളുമാണ്. അതിനു ശേഷമാണ് ശിവരാ‍ജൻ കമ്മിഷൻ വന്നത്. കമ്മിഷനു മുന്നിൽ ആരും ഇതു പറഞ്ഞിട്ടില്ല. ആഭ്യന്തരമന്ത്രിയായ ഞാൻ തെറ്റായി ചില നടപടികളെടുത്ത് അന്നത്തെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചു എന്നാണ് അന്നു കമ്മിഷൻ അഭിപ്രായപ്പെട്ടത്. അതിന് എന്റെ പേരിൽ കേസെടുക്കണമെന്നും നിർദേശിച്ചു.

തെറ്റായ ഒരു കാര്യവും എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല, ഞാൻ ചെയ്തിട്ടുമില്ല. ഈ രീതിയിൽ നമ്മൾ അറിയാത്ത ഒരു പാടു കാര്യം പിന്നീട് വരും. ആവശ്യം വരുമ്പോൾ അതെല്ലാം അടർത്തി ഉപയോഗിക്കുന്നത് ഒരു രീതിയാണ്. സ്വന്തം സ്ഥാപിത താൽപര്യം സംരക്ഷിക്കാൻ ഇത്തരം ചില പ്രചാരണം നടത്തുന്നത് ഗുണകരമാണെന്ന് കരുതുന്നവരുണ്ടാകാം. അതിനു വസ്തുതയുമായി ഒരു ബന്ധവുമില്ല.

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണവും മറ്റുമായി ആഭ്യന്തരമന്ത്രി എന്ന നിലയിൽ തിളങ്ങി നിന്ന ആളായിരുന്നു താങ്കൾ. രമേശ് ചെന്നിത്തലയ്ക്കു വേണ്ടി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത് താങ്കളുടെ രാഷ്ട്രീയ കരിയറിനുതന്നെ ദോഷം ചെയ്തോ?

ആ വകുപ്പു മാറ്റത്തിനു ശേഷം കേരളത്തിലെ കോൺഗ്രസിന് പിന്നീട് എങ്ങനെയാണ് പോകാൻ പറ്റിയത് എന്ന് ആലോചിച്ചാൽ മാത്രം മതി. ഒരക്ഷരം പറയാതെ, തർക്കം ഉന്നയിക്കാതെ ഞാൻ മാറിക്കൊടുത്തു. ചെന്നിത്തലയെ പോലെ ഒരാൾ ആഭ്യന്തരമന്ത്രിയായി വരാൻ ആ പദവിയിലിരിക്കുന്ന ഞാൻ ഒഴിവാകണം എന്നായിരുന്നല്ലോ തീരുമാനം. അക്കാര്യം ഭംഗ്യന്തരേണ എന്നെ സ്നേഹിക്കുന്ന ചിലർ പറഞ്ഞപ്പോൾതന്നെ ഞാൻ അംഗീകരിച്ചു. ഒരു അഭിപ്രായ വ്യത്യാസവും പറഞ്ഞില്ല. കേരളത്തിൽ വകുപ്പ് മാറിയ എത്രയോ മന്ത്രിമാർ തർക്കം ഉന്നയിച്ചിട്ടുണ്ട്. എന്നെ ഇതെല്ലാം ആക്കിയത് പാർട്ടിയാണ്. ആ മാറ്റം വിവാദമാക്കിയില്ല എന്നു മാത്രമല്ല, ദേശീയ നേതൃത്വത്തിനു മുന്നിൽ ഒരു പരാതിക്കാരനായി പ്രത്യക്ഷപ്പെടാൻ പോലും ഞാൻ ശ്രമിച്ചില്ല.

പക്ഷേ അവിടെനിന്ന് താങ്കളുടെ കരിയർ താഴേക്ക് ആയെന്ന തോന്നലുണ്ടോ? ആ നിലയിൽ നഷ്ടബോധമില്ലേ?

ഒരു രാഷ്ട്രീയ പ്രവർത്തകൻ കരിയർ തെളിയിക്കേണ്ടത് അങ്ങനെയല്ല. എന്നെ ഏൽപ്പിച്ച ജോലി ഞാൻ സത്യസന്ധമായി നിർവഹിച്ചു. അതിനകത്ത് പരുക്കു പറ്റിയവരും ക്ഷീണമുള്ള ആളുകളും ഇങ്ങനെ അതു മുന്നോട്ടു പോകേണ്ട എന്നും കരുതിക്കാണും. ചില അഭിപ്രായങ്ങളെല്ലാം പറഞ്ഞു കാണും. എന്നെ അതൊന്നും ബാധിക്കില്ല. പാർട്ടി എന്നോട് എന്തു പറയുന്നോ അതു ഞാൻ ചെയ്യും. അതിന്റെ പേരിൽ പ്രതിഷേധം ഉണ്ടാക്കാനോ ആളുകളെ സംഘടിപ്പിക്കാനോ റാലി നടത്താനോ പോകുന്നത് എന്റെ രീതിയില്ല.

തിരുവഞ്ചൂർ രാധാകൃഷ്ണൻ

പാർട്ടിയിലോ സർക്കാരിലോ താക്കോൽ പദവികളിൽ എത്തേണ്ട അനുഭവസമ്പത്തും സ്വാധീനവും ഉള്ള നേതാവായി താങ്കളെ കരുതുന്നവരുണ്ട്. പക്ഷേ കെപിസിസി പ്രസിഡന്റോ യുഡിഎഫ് കൺവീനറോ പോലുമായി പരിഗണിക്കപ്പെട്ടില്ല. ആവശ്യമായ ഘട്ടങ്ങളിൽ നേതൃത്വത്തിൽനിന്നു മതിയായ പിന്തുണ ലഭിക്കാതിരുന്നോ?

ഇതൊന്നും പാർട്ടിയിൽ ഇപ്പോൾ തിര‍ഞ്ഞെടുക്കപ്പെടുന്ന പദവികൾ അല്ല. നോമിനേഷനുകളാണ്. അങ്ങനെ നാമനിർദേശം ചെയ്യാൻ നിയോഗിക്കപ്പെടുന്നവർക്ക് ഉള്ള ബോധ്യമാണ് ഏറ്റവും പ്രധാനം. അവർ പല ഘടകങ്ങൾ ആലോചിക്കുന്നുണ്ടാകാം. ആ ഘടകങ്ങൾ പൂർത്തീകരിക്കുന്ന ഒരാളായി എന്നെ കണ്ടിട്ടുണ്ടാകില്ല. ഞാൻ ഒരു സാധാരണ പ്രവർത്തകനായി വന്നു. പാർട്ടിയിൽ ഒരു ഘട്ടം വരെ നല്ല പ്രോത്സാഹനം കിട്ടി. പിന്നീട് പല ആളുകളും വരുമല്ലോ. എല്ലാവരുടെയും താൽപര്യങ്ങൾ നോക്കണമല്ലോ.

ഇപ്പോൾ ജൂനിയറായ വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായി. എങ്ങനെയാണ് ആ തീരുമാനത്തോട് പൊരുത്തപ്പെട്ടത്?

ആദ്യം മനസ്സിനു വിഷമം ഉണ്ടായിരുന്നു. പക്ഷേ സതീശന്റെ നിയമസഭയിലെ പ്രകടനം സൂപ്പർ ആണെന്നാണ് എനിക്കു തോന്നിയത്. സത്യസന്ധമായി പറഞ്ഞാൽ ആ തീരുമാനം വന്ന ഘട്ടത്തിൽ എന്നോട് ചെയ്തതു ശരിയാണോ എന്ന തരത്തിൽ മാനസികമായ സംഘർ‍ഷങ്ങൾ ഉണ്ടായിരുന്നു. പക്ഷേ സതീശന്റെ പ്രകടനം ഞാൻ അംഗീകരിക്കുകയാണ്. ഈ കാലഘട്ടത്തിൽ കോൺഗ്രസിന് അത് ആവശ്യമാണ്.

കെ.സുധാകരൻ– വി.ഡി.സതീശൻ എന്ന പുതിയ നേതൃത്വത്തെ എങ്ങനെ വിലയിരുത്തുന്നു?

അവർ വിജയിച്ചേ മതിയാകൂ. കാരണം കേരളത്തിലെ കോൺഗ്രസ് മുന്നോട്ടു പോകണമെങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന നേതൃത്വം ശക്തമായി മുന്നോട്ടു പോകണം. അതു നമുക്കു വേണ്ടി മാത്രമല്ല, തലമുറകൾക്കു വേണ്ടിയാണ്. അവർക്ക് എല്ലാ പിന്തുണയും നൽകാൻ സാധിക്കണം.

എഐസിസി ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാൽ കേരളത്തിൽ സ്വാധീനം ഉറപ്പിക്കാനായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്ന ഗ്രൂപ്പുകളുടെ പരാതിയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

പയ്യന്നൂർ കോളജിൽ കെഎസ്‌യു നേതാവായി തുടങ്ങിയ ആളല്ലേ കെ.സി.വേണുഗോപാൽ. കേരള രാഷ്ട്രീയം അരച്ചുകലക്കി കുടിച്ചയാളാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം കോൺഗ്രസുകാരെ പരിചയമുള്ള വ്യക്തി. അദ്ദേഹം ഒരു ഉന്നത സ്ഥാനത്ത് എത്തി. സ്വാഭാവികമായും ആ സ്ഥാനത്തിനു ചേരുന്ന കഴിവ് അദ്ദേഹത്തിനുണ്ടാകും. എല്ലാ ആളുകളെയും ഒരുമിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം ശ്രമിക്കും. ആരെല്ലാം കോൺഗ്രസിന്റെ ഉന്നത സ്ഥാനത്തേക്കു വന്നോ, അവർക്കെതിരെ നാലു വിമർശനം ഉന്നയിക്കുക എന്നത് എതുകാലത്തും കണ്ടിട്ടുള്ളതാണ്. കോൺഗ്രസിന്റെ ചരിത്രംതന്നെ പരിശോധിച്ചാൽ മതി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഇപ്പോൾ സൈബർ ഇടത്തിൽ വിമർശനം കൊഴുപ്പിക്കാൻ ധാരാളം സാധ്യതയും ഉണ്ടല്ലോ?

അതെ. ഒരാളുടെ പിന്തുണ പോലും അങ്ങനെ ഉള്ളവർക്കു വേണ്ട. ഒരു അഡ്മിനും സൈബർ പോരാളികളും ഉണ്ടെങ്കിൽ അവർക്കു കേരളം നയിക്കാം. ഫെയ്സ്ബുക് രാഷ്ട്രീയംകൊണ്ടു പക്ഷേ കോൺഗ്രസ് രക്ഷപ്പെടില്ല. ജനങ്ങളാണ് നമ്മുടെ രക്ഷകർത്താക്കൾ. ഫെയ്സ്ബുക്കിൽ മാത്രം തിളങ്ങി രാഷ്ട്രീയം കൈകാര്യം ചെയ്യാമെന്നു കരുതിയാൽ എപ്പോൾ വെള്ളത്തിൽ വീണെന്നു ചോദിച്ചാൽ മതി.

കോൺഗ്രസിന്റെയും യുഡിഎഫിന്റയും പുനരുജ്ജീവനത്തിനായി എന്താണ് അടിയന്തരമായി ചെയ്യേണ്ടത്?

ഐക്യം ഉണ്ടാകണം. നമുക്ക് ആത്മാർഥതയുള്ള പ്രവർത്തകരുണ്ട്. ഇത്രയും സാധുക്കളും പാവങ്ങളും ആയ പ്രവർത്തകരുടെ പാർട്ടി വേറെയില്ല. ഒരു പ്രതിഫലവും ഇച്ഛിച്ചല്ല അവർ പ്രവർത്തിക്കുന്നത്. അവരെ മനസ്സിൽ കരുതി നമ്മുടെ പ്രവർത്തനം കൊണ്ടു പോകാൻ സാധിക്കണം.

മകൻ അർജുൻ രാധാകൃഷ്ണനെ പൊതുവേദികളിൽ കാണാറുണ്ട്. മകന് രാഷ്ട്രീയത്തിൽ താൽപര്യമുണ്ടോ?

അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. പൊതുപ്രവർത്തന രംഗത്ത് മകനു വേണ്ടി ഒരു ഇടം ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. പക്ഷേ മെറിറ്റ് അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു കാലഘട്ടത്തിൽ ഏതെങ്കിലും ഒരു ചെറുപ്പക്കാരൻ മുന്നോട്ടു വരണമെന്ന് ആഗ്രഹിച്ചാൽ അതിനെ കുറ്റപ്പെടുത്താനും ഞാനില്ല. എല്ലാം അവരുടെ പ്രതിബദ്ധതയും യോഗ്യതയും അനുസരിച്ചിരിക്കും .

അർജുൻ രാധാകൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ

താങ്കൾക്കുണ്ടായ ചില നാക്കുപിഴകൾ ഇപ്പോഴും വേട്ടയാടുന്നുണ്ടോ? അതു ബോധപൂർവം താങ്കൾക്കെതിരെ ഇപ്പോഴും ഉപയോഗിക്കുന്നുവെന്ന പ്രയാസമുണ്ടോ?

എനിക്ക് ഒരു പ്രയാസവുമില്ല. വർത്തമാനം പറയുമ്പോൾ തെറ്റു പറ്റിയിട്ടേ ഇല്ലാത്ത ഒരു മഹാന്റെ പേരു പറയാമോ. ഒരേ ഒരാളിന്റെ പേരു മതി. ജനിച്ച കാലം മുതൽ നോക്കിയാൽ സംസാരിക്കുമ്പോൾ തെറ്റു സംഭവിക്കാത്തവർ ലോകത്തു കാണില്ല. ഇതെല്ലാം ഓരോ അജൻഡയാണ്. വീണു കിട്ടുന്ന വടി വച്ച് അടിക്കുക. എന്നെ വിമർശിക്കാൻ മറ്റൊന്നും കിട്ടാത്തതു കൊണ്ട് ഇതു പറയും.

അഴിമതിക്കാരനാണെന്നോ ജനബന്ധമില്ലെന്നോ കുഴപ്പക്കാരനാണെന്നോ പറയാൻ സാധിക്കില്ലല്ലോ. അതോടെ ഒരു നിലവാരവും ഇല്ലാത്ത ചിലർ ഇതൊക്കെയായി ഇറങ്ങും. എനിക്ക് അതൊന്നും പ്രശ്നമേഅല്ല. ഇങ്ങനെയുള്ളതും കേൾക്കും എന്ന് അറിഞ്ഞു കൊണ്ടാണല്ലോ ഞങ്ങളെല്ലാം പൊതുരംഗത്തു നിൽക്കുന്നത്.

English Summary: Exclusive Cross Fire Interview with Congress Leader Thiruvanchoor Radhakrishnan