'ബോംബെ ഓയിൽ ഇൻഡസ്ട്രീസിന്റെ തുടക്കം മുതൽ കേരളമാണു ഞങ്ങൾക്കു കൊപ്ര നൽകിയിരുന്നത്. രണ്ടാമത്തെ കാര്യം, കേരള സർക്കാർ നൽകിയ ആനുകൂല്യങ്ങളാണ്. ചെറിയ വിലയിൽ ഭൂമി, വൈദ്യുതിക്കു സബ്സിഡി നിരക്ക്, കൊപ്രയ്ക്കു കുറഞ്ഞ വാങ്ങൽ നികുതി എന്നിവ മികച്ച ഓഫറുകളായിരുന്നു.'

'ബോംബെ ഓയിൽ ഇൻഡസ്ട്രീസിന്റെ തുടക്കം മുതൽ കേരളമാണു ഞങ്ങൾക്കു കൊപ്ര നൽകിയിരുന്നത്. രണ്ടാമത്തെ കാര്യം, കേരള സർക്കാർ നൽകിയ ആനുകൂല്യങ്ങളാണ്. ചെറിയ വിലയിൽ ഭൂമി, വൈദ്യുതിക്കു സബ്സിഡി നിരക്ക്, കൊപ്രയ്ക്കു കുറഞ്ഞ വാങ്ങൽ നികുതി എന്നിവ മികച്ച ഓഫറുകളായിരുന്നു.'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ബോംബെ ഓയിൽ ഇൻഡസ്ട്രീസിന്റെ തുടക്കം മുതൽ കേരളമാണു ഞങ്ങൾക്കു കൊപ്ര നൽകിയിരുന്നത്. രണ്ടാമത്തെ കാര്യം, കേരള സർക്കാർ നൽകിയ ആനുകൂല്യങ്ങളാണ്. ചെറിയ വിലയിൽ ഭൂമി, വൈദ്യുതിക്കു സബ്സിഡി നിരക്ക്, കൊപ്രയ്ക്കു കുറഞ്ഞ വാങ്ങൽ നികുതി എന്നിവ മികച്ച ഓഫറുകളായിരുന്നു.'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല വെളിച്ചെണ്ണയ്ക്കും വ്യാജ വെളിച്ചെണ്ണയ്ക്കും പേരിൽ ‘കേര’ത്തിന്റെ ഒരംശമെങ്കിലും വേണമെന്ന നമ്മുടെ വിശ്വാസം തെറ്റിച്ചാണ് പാരച്യൂട്ട് പിറന്നതും വളർന്നതും. ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വെളിച്ചെണ്ണ ബ്രാൻഡുകളിൽ മുൻപന്തിയിലുമാണ് പാരച്യൂട്ടിന്റെ സ്ഥാനം. കേരം കേരളത്തിന്റെ കുത്തകയാണെന്ന വിശ്വാസം തകർത്ത് എങ്ങനെയാണ് ഒരു മഹാരാഷ്ട്രക്കമ്പനി വെളിച്ചെണ്ണയുടെ സിംഹാസനം സ്വന്തമാക്കിയത്? എന്താണ് ആ പേരിനു പിന്നിൽ?

പാരച്യൂട്ടിന്റെ കഥയിൽ, പാരച്യൂട്ട് ബ്രാൻഡിന്റെ ഉടമകളായ ‘മാരികോ’യുടെ കഥയിൽ കേരളം അന്യ സംസ്ഥാനമല്ല. മാരികോയുടെ മാരിവില്ല് വിരിയാൻ തുടങ്ങിയത് നമ്മുടെ ആകാശത്താണ്. ഇന്ത്യയിലെ എറ്റവും വലിയ ഉപഭോക്തൃ ഉൽപന്ന കമ്പനികളിലൊന്നായ മാരികോയുടെ സ്ഥാപകനും ചെയർമാനുമായ ഹർഷ് മാരിവാല അക്കഥ നമ്മോടു പറയുമ്പോൾ കേരളത്തോടുള്ള സ്നേഹം ഒളിക്കാനാകില്ല. 

ADVERTISEMENT

കച്ചിൽ കച്ച മുറുക്കിയ ബിസിനസ്

ഗുജറാത്തിലെ കച്ചിൽനിന്ന് മുംബൈയിലേക്ക് 1862ൽ ജീവിതം പറിച്ചുനട്ട കാഞ്ചി മൊറാർജി തുടക്കമിട്ട ബിസിനസിന്റെ തുടർച്ചയാണ് ഇന്ന് ഇന്ത്യയിലും യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന മാരികോ സാമ്രാജ്യം. അനന്തരവൻ വല്ലഭ്ദാസിനെക്കൂടി പങ്കാളിയാക്കി, ‘കാഞ്ചി മൊറാർജി’ എന്ന പേരിൽത്തന്നെ നടത്തിയ കമ്മിഷൻ ഏജൻസി ബിസിനസിന്റെ ഒരറ്റം കേരളമായിരുന്നു. ഇവിടെനിന്നുള്ള ഇഞ്ചി, മഞ്ഞൾ, കരുമുളക് തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളും കൊപ്രയും മുംബൈയിലെത്തിച്ച് അവിടത്തെയും അവിടെനിന്ന് ട്രെയിൻ കണക്‌ഷനുള്ള ഡൽഹി, കൊൽക്കത്ത, അമൃത്‌സർ തുടങ്ങിയ നഗരങ്ങളിലെയും വ്യാപാരികൾക്കു വിൽക്കുകയായിരുന്നു ബിസിനസ്. 

ഹർഷ് മാരിവാല.

അവിടങ്ങളിലെ ഡിമാൻഡും വിലയുമൊക്കെ സംബന്ധിച്ച് കമ്മിഷൻ ഏജന്റുമാർ പറയുന്നത് വിശ്വസിക്കാനേ കേരളത്തിലെ വ്യാപാരികൾക്കു കഴിയുമായിരുന്നുള്ളൂ.  ഇന്നത്തെപ്പോലെ ആശയവിനിമയ സംവിധാനങ്ങളില്ലല്ലോ. ഇങ്ങനെ വികസിച്ച പരസ്പര വിശ്വാസമാണ് കാഞ്ചിയും വല്ലഭ്ദാസും കേരളത്തിലെത്തി ബിസിനസ് ആരംഭിക്കാൻ കാരണമായത്. കാഞ്ചി മൊറാർജി എന്ന പേരിലൊരു സ്പൈസ് വ്യാപാരകേന്ദ്രം തുടങ്ങിയ അവർ പിന്നീട് ആലപ്പുഴയിലൊരു സ്പൈസ് സംസ്കരണകേന്ദ്രവും ആരംഭിച്ചു. ഇതേ സമയം യൂറോപ്പിലേക്ക് സുഗന്ധ വ്യഞ്ജന കയറ്റുമതിയും തുടങ്ങിയ അവർ കൊപ്രയുടെയും വെളിച്ചെണ്ണയുടെയും സാധ്യതകൾ കൂടുതലായി പ്രയോജനപ്പെടുത്തുകയും ചെയ്തു. 

കുരുമുളക് വ്യാപാരത്തിൽ കമ്പനി നേടിയ പ്രശസ്തി കാരണം വല്ലഭ്ദാസ് പേരിനൊപ്പം ‘മാരിവാല’ എന്നു ചേർത്തു. ഗുജറാത്തി ഭാഷയിൽ മാരി എന്നാൽ കുരുമുളക്. വല്ലഭ്ദാസ് മാരിവാലയും 4 ആൺമക്കളും ചേർന്ന് 1948ൽ മുംബൈയിൽ ബോംബെ ഓയിൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചു. കാർഷികോൽപന്ന വ്യാപാരത്തിലെ ശേഷി, ഉൽപന്ന നിർമാണത്തിലേക്കും വ്യാപിപ്പിക്കാനായിരുന്നു അത്. 1947–71 കാലത്ത് കമ്പനി മുംബൈയിൽ 3 പ്ലാന്റുകൾ സ്ഥാപിച്ചു. വെളിച്ചെണ്ണയും സസ്യഎണ്ണയും രാസവസ്തുക്കളുമായിരുന്നു ഇവയിൽ നിർമിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ ഉൽപന്നമുണ്ടാക്കി കേരളത്തിൽ വിൽക്കുക എന്ന രീതിയല്ല കമ്പനി സ്വീകരിച്ചത്. കൊപ്രയുടെയും സ്പൈസിന്റെയും തലസ്ഥാനമായ കേരളത്തിലും ഫാക്ടറി സ്ഥാപിച്ചു. 

ADVERTISEMENT

മാരികോയുടെ പിറവി

1988ൽ ബോംബെ ഓയിൽ ഇൻഡസ്ട്രീസിന്റെ ഉപകമ്പനിയായി മാരികോ ഫുഡ്സ് സ്ഥാപിച്ചു. തൊട്ടടുത്ത വർഷം അത് മാരികോ ഇൻഡസ്ട്രീസ് ലിമിറ്റഡ് ആയി. മാതൃകമ്പനിയുടെ ഓരോ ഇനം ബിസിനസുകൾ ഓരോ കമ്പനിയാക്കിയുള്ള പുനഃസംഘടനയുടെ ഭാഗമായിരുന്നു അത്. കൺസ്യൂമർ ഉൽപന്ന വിഭാഗം മാരികോ ആയി മാറി. വല്ലഭ്ദാസിന്റെ മകൻ ഹർഷ് മാരിവാലയുടെ നേതൃപാടവം, വ്യവസായമേഖലയ്ക്കു പാഠപുസ്തകമായ നാളുകളാണു പിന്നീടു കണ്ടത്. 

പ്രതീകാത്മക ചിത്രം.

ഹർഷ് മാരിവാല 1974 മുതൽ കുടുംബ ബിസിനസിനു പുതിയ ദിശാബോധമേകിവരികയായിരുന്നു. അതിവേഗം വിറ്റഴിയുന്ന കൺസ്യൂമർ ഉൽപന്നങ്ങളുടെ വിപണിയിലേക്ക് എങ്ങനെ കമോഡിറ്റി ബിസിനസിനെ പരിവർത്തനപ്പെടുത്താം എന്ന ആലോചനയാണ് പാരച്യൂട്ട് എന്ന പേരിൽ വെളിച്ചെണ്ണ ബ്രാൻഡ് ചെയ്തു വിൽക്കാനുള്ള തീരുമാനത്തിനു പിന്നിൽ.

കേരളം ആദ്യ ചുവട്

ADVERTISEMENT

മാരികോയുടെ തുടക്കത്തിൽ കേരളം സ്ഥാനം നേടിയതിനെപ്പറ്റി ഹർഷ് മാരിവാല പറയുന്നു: ‘ഞങ്ങൾക്ക് അന്ന് രാജ്യത്ത് എവിടെ വേണമെങ്കിലും ഫാക്ടറി തുടങ്ങാമായിരുന്നു. ഗുജറാത്ത്, ഗോവ, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളാണു കൂടുതലും പരിഗണിച്ചത്. ബോംബെ ഓയിൽ ഇൻഡസ്ട്രീസിന്റെ തുടക്കം മുതൽ കേരളമാണു ‍ഞങ്ങൾക്കു കൊപ്ര നൽകിയിരുന്നത്. രാജ്യത്തെ തേങ്ങ ഉൽപാദനത്തിന്റെ മൂന്നിൽ രണ്ടും കേരളത്തിലായിരുന്നു. കേരളത്തിന്റെ പേരു പോലും അങ്ങനെ ഉണ്ടായതാണല്ലോ. അതൊക്കെ കണക്കിലെടുക്കുമ്പോൾ, കൊപ്ര കിട്ടുന്ന കേരളത്തിൽ ഫാക്ടറി തുടങ്ങിയാൽ ചരക്കുനീക്കച്ചെലവു ഗണ്യമായി ലാഭിക്കാമെന്നു ഞങ്ങൾ വിലയിരുത്തി.

കേരളത്തിലെ തേങ്ങാ സംഭരണ കേന്ദ്രം. ചിത്രം: മനോരമ

രണ്ടാമത്തെ കാര്യം, കേരള സർക്കാർ നൽകിയ ആനുകൂല്യങ്ങളാണ്. ചെറിയ വിലയിൽ ഭൂമി, വൈദ്യുതിക്കു സബ്സിഡി നിരക്ക്, കൊപ്രയ്ക്കു കുറഞ്ഞ വാങ്ങൽ നികുതി എന്നിവ മികച്ച ഓഫറുകളായിരുന്നു. പിന്നെയോ, കേരളത്തിലെ തൊഴിലാളികളുടെ മികച്ച നിലവാരം. അഭ്യസ്തവിദ്യരുടെ എണ്ണത്തിൽ മുൻപന്തിയിലാണ് അന്നും കേരളം. ഞങ്ങളുടെ ആദ്യ ഫാക്ടറി കേരളത്തിലായതിൽ അതിശയിക്കാനുണ്ടോ!’

പാലക്കാട്ടെ കഞ്ചിക്കോട്ടാണ് 1993ൽ പാരച്യൂട്ട് വെളിച്ചെണ്ണ ഉൽപാദനകേന്ദ്രം തുടങ്ങിയത്. ഇത് 2019 വരെ നിലനിന്നു. ‘യന്ത്രങ്ങളുടെ കാലപ്പഴക്കം പ്രശ്നമായി. ഫാക്ടറി നവീകരിക്കുന്നത് സാമ്പത്തികമായി ഗുണകരമാണെന്നു തോന്നിയില്ല. അങ്ങനെയാണ് കഞ്ചിക്കോട് ഫാക്ടറി അടയ്ക്കാൻ തീരുമാനിച്ചത്.’– ഹർഷ് മാരിവാല പറഞ്ഞു. ‘ഇനി കേരളത്തിൽ ഫാക്ടറി സ്ഥാപിക്കുമോ എന്നു ചോദിച്ചാൽ ഇപ്പോൾ പറയാനാകില്ല. അസംസ്കൃത വസ്തുക്കൾ കിട്ടുന്ന മേഖലയാണോ, തുറമുഖം അടുത്തുണ്ടോ, മുഖ്യവിപണികൾ അടുത്താണോ എന്നതൊക്കെ നോക്കി പ്രവർത്തനച്ചെലവും പരിഗണിച്ചാകും വികസനം ആസൂത്രണം ചെയ്യുക.’

പാരച്യൂട്ട് എന്ന പേര്?

‘രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യ ആദ്യമായി കണ്ടതാണ് സൈനികരുടെ പാരച്യൂട്ടുകൾ. അക്കാലത്ത് അതു നാട്ടിൽ വലിയ അതിശയമായിരുന്നു. സുരക്ഷിതത്വം, വിശ്വാസ്യത എന്നീ മൂല്യങ്ങൾ പാരച്യൂട്ടുമായി ബന്ധിപ്പിക്കാനാകുമായിരുന്നു. അതാണു ഞങ്ങളുടെ വെളിച്ചെണ്ണയ്ക്ക് ആ പേരിടാൻ കാരണം.’

പലതരം സസ്യഎണ്ണകൾക്കു ജനപ്രീതിയുള്ള ഉത്തരേന്ത്യൻ വിപണിയിൽ പാരച്യൂട്ട് എങ്ങനെ ക്ലച്ച് പിടിച്ചു?

‘ഗുണമേന്മയായിരുന്നു ഞങ്ങളുടെ തുടക്കം മുതലുള്ള കൈമുതൽ. ഓരോ ബാച്ച് വെളിച്ചെണ്ണയും ‘മണത്തുനോക്കി’ ഞങ്ങളുടെ ഇൻ‌സ്പെക്ടർമാർ അതിന്റെ നിലവാരം ഉറപ്പാക്കുമായിരുന്നു. എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ ആ ബാച്ച് തിരികെ ഫാക്ടറിയിലേക്ക് അയയ്ക്കുന്നതാണു രീതി. പാരച്യൂട്ടിനെ വ്യത്യസ്തമാക്കിയ മറ്റൊന്നായിരുന്നു പ്ലാസ്റ്റിക് ബോട്ടിലുകൾ. മറ്റെല്ലാവരും തകരപ്പാത്രങ്ങളിൽ എണ്ണ വിൽക്കുന്ന കാലമാണത്. ടിന്നുകളുടെ അസൗകര്യം ഉപയോക്താക്കൾക്ക് അനുഭവപ്പെട്ടിരുന്നു. 

പാരച്യൂട്ട് ആയുർവേദ ഹെയർ ഓയിലിന്റെ പ്രചാരണച്ചടങ്ങിൽ തമന്ന ഭാട്ടിയ. ചിത്രത്തിന് കടപ്പാട്: ട്വിറ്റർ

ആദ്യം ഞങ്ങളുണ്ടാക്കിയ പ്ലാസ്റ്റിക് ബോട്ടിലുകൾ എലി കരളുന്നു എന്നു പരാതി വന്നിട്ടുണ്ട്. അപ്പോൾ ഞങ്ങൾ ഡിസൈൻ പരിഷ്കരിച്ചു. അതോടെ കുപ്പി റാറ്റ്–പ്രൂഫ് ആയി. ഞങ്ങളുടെ പ്ലാസ്റ്റിക് ബോട്ടിലുകൾ കൈകാര്യം ചെയ്യാൻ വളരെ സൗകര്യപ്രദമായിരുന്നു. കാഴ്ചയിലും ആകർഷകം. അങ്ങനെ മികച്ച ഉൽപന്നവും പായ്ക്കിങ്ങും ചേർന്നപ്പോൾ ഞങ്ങൾക്കു വിപണി പിടിക്കാനായി.’

ഇന്ന് ബ്രാൻഡഡ് വെളിച്ചെണ്ണ വിപണിയുടെ 55% പാരച്യൂട്ടിനാണ്. ഏറ്റവും വലിയ വിപണി ദക്ഷിണേന്ത്യയാണ്. പിന്നെ പടിഞ്ഞാറൻ മേഖല. ഗൾഫ് രാജ്യങ്ങളിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും വലിയ സാന്നിധ്യമുള്ള മാരികോ ബ്രാൻഡുകൾ അമേരിക്കയിലും കാനഡയിലുമടക്കം പാശ്ചാത്യവിപണികളിലും പല പല ഉൽപന്ന വിഭാഗങ്ങളിൽ ഇന്ത്യയുടെ വിലാസം ഉറപ്പിക്കുന്നു. പാരച്യൂട്ട്, സഫോല, റിവൈവ്, കായ സ്കിൻ ക്ലിനിക്, മെഡികെർ എന്നിങ്ങനെ നീളുന്ന മാരികോയുടെ ഭക്ഷ്യ–സൗന്ദര്യ–വെൽനെസ് ഉൽപന്ന ബ്രാൻഡ് പട്ടികയ്ക്കു പരിചയപ്പെടുത്തൽ ആവശ്യമേയില്ല.'

ആരോഗ്യകാരണങ്ങൾ’ പറഞ്ഞ് വെളിച്ചെണ്ണയ്ക്കെതിരെ പ്രചാരണം നടക്കുന്നുണ്ടല്ലോ. എന്താകും വെളിച്ചെണ്ണയുടെ ഭാവി?

വെളിച്ചെണ്ണയുടെ ഗുണങ്ങളെപ്പറ്റി വിശ്വസനീയ പഠന റിപ്പോർട്ടുകളുണ്ട്. അതിൽ ധാരാളമായുള്ള മൾട്ടി–ചെയിൻ ട്രൈഗ്ലിസറൈഡ് മറ്റു കൊഴുപ്പുകളിൽനിന്നു വ്യത്യസ്തമായ രീതിയിലാണു ശരീരം ദഹിപ്പിക്കുക. ശരീര ഭാരം കുറയ്ക്കാനുള്ള ഡയറ്റിന്റെയും രോഗപ്രതിരോധശേഷി ഉയർത്തുന്ന ഡയറ്റിന്റെയും ഭാഗമാണ് വെളിച്ചെണ്ണ. ലോകമെങ്ങും വെളിച്ചെണ്ണയുടെ ഗുണഗണങ്ങൾക്കു സ്വീകാര്യത ഉയരുകയാണ്. അതു പ്രകൃതി നമുക്കു തന്ന സമ്മാനമാണ്, ഭാവിയിലും അതു നേട്ടമേകുമെന്നതിൽ സംശയമില്ല.

English Summary: Harsh Mariwala, Founder and Chairman of Marico Speaks About His Kerala Connection, Parachute Brand etc