ദൈനംദിന ചെലവിന് എവിടെനിന്നു പണം കണ്ടെത്തും എന്നതാണ് എന്റെയും ബോർഡ് അംഗങ്ങളുടെയും ആലോചന. അത്രയ്ക്കാണ് സാമ്പത്തിക പ്രതിസന്ധി. 1250 ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ, പൂജാദികാര്യങ്ങൾ എന്നിവയെല്ലാം നടക്കണം...ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറയുന്നു.. Travancore Devaswom Board, Travancore Devaswom Board News

ദൈനംദിന ചെലവിന് എവിടെനിന്നു പണം കണ്ടെത്തും എന്നതാണ് എന്റെയും ബോർഡ് അംഗങ്ങളുടെയും ആലോചന. അത്രയ്ക്കാണ് സാമ്പത്തിക പ്രതിസന്ധി. 1250 ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ, പൂജാദികാര്യങ്ങൾ എന്നിവയെല്ലാം നടക്കണം...ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറയുന്നു.. Travancore Devaswom Board, Travancore Devaswom Board News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൈനംദിന ചെലവിന് എവിടെനിന്നു പണം കണ്ടെത്തും എന്നതാണ് എന്റെയും ബോർഡ് അംഗങ്ങളുടെയും ആലോചന. അത്രയ്ക്കാണ് സാമ്പത്തിക പ്രതിസന്ധി. 1250 ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ, പൂജാദികാര്യങ്ങൾ എന്നിവയെല്ലാം നടക്കണം...ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറയുന്നു.. Travancore Devaswom Board, Travancore Devaswom Board News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുണ്ടുമുറുക്കിയുടുത്താലും തീരാത്ത പ്രതിസന്ധിയാണ് ദേവസ്വം ബോർഡുകൾക്ക്. അതിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. ശബരിമലയുൾപ്പെടെ ദേവസ്വം ബോർഡിന്റെ കീഴിലുളള മഹാക്ഷേത്രങ്ങളും പ്രതിസന്ധി നേരിടുന്നു. പുറത്തുകാണുന്ന പ്രതിസന്ധിയല്ല ദേവസ്വം ബോർഡിനുള്ളതെന്ന് തുറന്നുപറയുകയാണ് പ്രസിഡന്റ് എൻ.വാസു. ഇതുവരെ പറയാതെ മാറ്റിവച്ച കാര്യങ്ങളിൽ ‘മനോരമ ഓൺലൈനിനോട്’ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹം...

ശബരിമല ക്ഷേത്രം നിറപുത്തിരി ചടങ്ങുകൾക്ക് തുറന്നപ്പോൾ ഭക്തർക്കു പ്രവേശനം നൽകിയിരുന്നല്ലോ. ഭക്തരുടെ തിരക്കും വരുമാന വർധനവുമുണ്ടായോ?

ADVERTISEMENT

ദിവസം 15,000 പേർക്ക് പ്രവേശനം നൽകാൻ നിശ്ചയിച്ചിരുന്നെങ്കിലും 7 ദിവസം കൊണ്ട് ദർശനത്തിനെത്തിയത് 14,000 പേരാണ്. ദിവസവും 3000 പേരൊക്കെയാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തെങ്കിലും പതിവായി ദർശനത്തിനെത്തിയത് 2000 പേരാണ്. ഒരു കോടി രൂപയ്ക്കടുത്താണ് വരുമാനം ലഭിച്ചത്. പക്ഷേ അതിനേക്കാൾ ചെലവു വേണ്ടിവന്നു.

ശബരിമലയിൽനിന്നുള്ള ദൃശ്യം. ചിത്രം: മനോരമ

വർച്വൽ ക്യൂ സംവിധാനമാണോ ഭക്തരുടെ വരവിന് തടസ്സമായത്?

വെർച്വൽ ക്യൂ സംവിധാനം പൊലീസിന്റേതാണ്. അതിൽ ഓൺലൈനായി ബുക്ക് ചെയ്യാൻ ചില തടസ്സങ്ങളുണ്ടെന്ന പരാതികൾ വ്യാപകമായിരുന്നു. ചിലപ്പോൾ ചിലർ ഒരുമിച്ച് ബുക്ക് ചെയ്യുന്നതും മറ്റുമാകാം പ്രശ്നം. എന്തായാലും തടസ്സം നേരിടുന്നുവെന്ന പരാതിയുണ്ട്. ഇത്തവണ ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്ന പരാതി വർധിച്ചു. വെർച്വൽ ക്യൂ സംവിധാനം മാറ്റണമെന്നൊന്നും ബോർഡിന് അഭിപ്രായമില്ല. പക്ഷേ ഭക്തരെ ആകർഷിക്കാൻ തക്കവിധം അതിനെ പരിഷ്കരിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാണെന്ന് സർക്കാരിനെ അറിയിക്കും. 2 ഡോസ് വാക്സീൻ എടുത്തവരും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാണ് പ്രവേശനം നിശ്ചയിച്ചിരുന്നത്.

3000 പേർ ബുക്ക് ചെയ്തിട്ടും വരുന്നവരുടെ എണ്ണം 2000 ആയി കുറഞ്ഞതിന് എന്താകും കാരണം?

ADVERTISEMENT

കോവിഡ് പ്രതിസന്ധിയാണ് ഭക്തരെയും ബുദ്ധിമുട്ടിക്കുന്നത്. ബുക്ക് ചെയ്ത ശേഷം വരാതിരിക്കുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. കോവിഡ് വർധിക്കുന്നതാകും കാരണം.

എൻ.വാസു

ഇൗ പ്രതിസന്ധിയിൽ ദേവസ്വം ബോർഡിന് മുന്നോട്ടുപോകാൻ എന്താണ് വഴി?

എനിക്ക് മുൻ‍പു വന്ന ദേവസ്വം ബോർഡ് പ്രസിഡന്റുമാർക്കും ഭരണസമിതിയ്ക്കും പണം എങ്ങനെ ചെലവാക്കുമെന്ന് തീരുമാനിക്കുകയായിരുന്നു പ്രശ്നമെങ്കിൽ ദൈനംദിന ചെലവിന് എവിടെനിന്നു പണം കണ്ടെത്തും എന്നതാണ് എന്റെയും ബോർഡ് അംഗങ്ങളുടെയും ആലോചന. അത്രയ്ക്കാണ് സാമ്പത്തിക പ്രതിസന്ധി. 1250 ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ, പൂജാദികാര്യങ്ങൾ എന്നിവയെല്ലാം നടക്കണം. 5500 ജീവനക്കാർ, 5000 പെൻഷൻകാർ ഇവർക്ക് ശമ്പളവും പെൻഷനും നൽകണം. ഇതിന് ഇപ്പോൾ സർക്കാരിന്റെ സഹായം തേടുകയാണ് വഴി. 15 പേർ വീതം ക്ഷേത്രങ്ങളിൽ ദർശനത്തിന് അനുമതിയുണ്ടെങ്കിലും എത്തുന്നവർ കുറവാണ്.

ദർശനത്തിനെത്തുന്നവരുടെ എണ്ണം കോവിഡ് കാരണം കുറഞ്ഞോ?

ADVERTISEMENT

കണക്കുകൾ പരിശോധിച്ചാൽ തീർച്ചയായും കുറഞ്ഞുവെന്നു വേണം കരുതാൻ. പ്രായം ചെന്നവരാണ് പതിവായി ക്ഷേത്രങ്ങളിലെത്തിയിരുന്നത്. അവർ പലരും രോഗം ഭയന്ന് വരാതെയായി. ഭക്ഷണത്തിനേക്കാൾ മുകളിൽ ഒരു നേരം ക്ഷേത്രദർശനം എന്നു കരുതിയിരുന്ന വിശ്വാസികളുണ്ട്. അവരൊക്കെ മാനസികമായ പ്രയാസത്തിലായതിനാലാണ് ക്ഷേത്രം തുറക്കണമെന്ന് തീരുമാനിച്ചതുതന്നെ. അങ്ങനെ ക്ഷേത്രദർശനം ഒഴിച്ചുകൂടാനാകാത്ത ഒരു വിഭാഗം ആളുകൾ മാത്രമേ ഇപ്പോൾ വല്ലപ്പോഴുമെങ്കിലും ദർശനത്തിന് വരുന്നുള്ളൂ. വരുമാനവും തീരെ കുറവാണ്. 10 കോടിയിൽ താഴെയാണ് ഇത്രയും ക്ഷേത്രങ്ങളിൽനിന്ന് കാണിക്കയായും വഴിപാടിൽ നിന്നുമൊക്കെയുള്ള വരുമാനം.

ഗുരുവായൂർ ക്ഷേത്രം

കോവിഡിൽനിന്ന് ദേവസ്വം ബോർഡ് പഠിച്ച പാഠം എന്താണ്?

കോവിഡ് പ്രതിസന്ധി മറ്റെല്ലാ മേഖലയിലും ഓരോ പാഠം പകർന്നു നൽകിയിട്ടുണ്ട്. അതുപോലെയാണ് ദേവസ്വം ബോർഡും ചില തീരുമാനങ്ങളിലേക്ക് പോകാനൊരുങ്ങുന്നത്. നേരത്തേ ക്ഷേത്രങ്ങളിൽ ഏതിനും എന്തിനും നടത്തിയിരുന്ന വലിയ ധൂർത്തുണ്ട്. അതൊക്കെ പുതിയ കാലത്ത് വേണമോ എന്ന് ഭക്തജനങ്ങൾ തീരുമാനിക്കണം. ഉത്സവമെന്നാൽ കോടികൾ പൊടിച്ചുള്ള ആഡംബര ആഘോഷമാക്കുകയാണ് രീതി. ആചാരങ്ങളും ആഘോഷങ്ങളുമാകാം. പക്ഷേ ധൂർത്തടിക്കുന്ന പണം കൊണ്ട് ക്ഷേത്രമേഖലയിലെ പാവപ്പെട്ട രോഗികൾക്കും വീടില്ലാത്തവർക്കും ഒക്കെ സഹായമെത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് ഇനി മാറണം.

ഇൗ ആശയം ഉത്സവകമ്മിറ്റിക്കാർ വച്ചില്ലെങ്കിൽ ആ പ്രദേശത്തെ ഭക്തജനങ്ങളുടെ ആവശ്യമായി ഉയർന്നുവരണം. ഇൗ കോവിഡ്‌കാലത്ത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന പാവപ്പെട്ട മനുഷ്യരുടെ അവസ്ഥ നേരിട്ടു കണ്ടതുകൊണ്ടാണ് ഇത്തരത്തിൽ പുനരാലോചന വേണമെന്ന് നിർദേശിക്കാൻ കാരണം. കഷ്ടപ്പെടുന്നവർക്ക് സഹായം എത്തിക്കുന്നതാകണം ക്ഷേത്രകമ്മിറ്റിക്കാരുടെ പ്രഥമപരിഗണന. ആഘോഷങ്ങൾ പരിമിതപ്പെടുത്തണം.

വരുമാനവർധനവിന് എന്തൊക്കെയാണ് പുതുവഴികൾ?

വരുമാന വർധനവിനു വഴി ആലോചിക്കുന്നതിനോടൊപ്പം വരുമാനചോർച്ച തടയുന്നതിനും ബോർഡ് കർമ പദ്ധതി തയാറാക്കുകയണ്. ഇത്രയും നാൾ ഇക്കാര്യങ്ങൾ പരസ്യമായി പറയാൻ മടിച്ചിരുന്നതാണ്. വരുമാനത്തിന്റെ മൂന്നിലൊന്നു തുക ചോർച്ചയിലൂടെ നഷ്ടമാകുന്നുവെന്നാണ് കണക്കുകൾ. ചില ജീവനക്കാരുടെ നീക്കങ്ങളും ക്ഷേത്രങ്ങളുടെ വരുമാന ചോർച്ചയ്ക്കു കാരണമാകുന്നുണ്ട്. രസീത് എഴുതാതെയാണ് വഴിപാട് നടത്തിക്കൊടുക്കുന്നത്. അതിന് തുക അല്ലാതെതന്നെ വാങ്ങിക്കുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനം.

ഇതൊക്കെ പലതവണ താക്കീത് ചെയ്യപ്പെട്ട ജീവനക്കാർതന്നെയാണ് ഇപ്പോഴും ഇൗ പരിപാടികൾ തുടരുന്നത്. ഇത് അവസാനിപ്പിക്കാൻ നടപടിയെടുക്കും. വാഹനപൂജ പോലെ സ്പെഷൽ‌ പൂജകൾക്ക് എത്തുന്ന ഭക്തർ രസീതെടുക്കാൻ തയാറായാൽ പോലും നിരുത്സാഹപ്പെടുത്തിയ ജീവനക്കാരുടെ പെരുമാറ്റങ്ങൾ പരാതിയായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബോർഡിന്റെ ഇത്തരം വരുമാന ചോർച്ചയ്ക്ക് കൂട്ടുനിന്ന് വിഹിതം കിട്ടുന്ന ഏതെങ്കിലും കസേരകൾ ഉണ്ടെങ്കിൽ അതിനൊക്കെ അറുതി വരുത്തുവാൻ തന്നെയാണ് ബോർഡിന്റെ തീരുമാനം.

മറ്റു ചില പരാതികൾ വരുന്നതും വളരെ ഗൗരവത്തോടെ കാണുകയാണ്. ചില ക്ഷേത്രങ്ങൾ സമയത്തു തുറക്കുന്നില്ല. 5ന് തുറക്കേണ്ടത് 7 വരെയാകും. ഇത് തൊട്ടടുത്ത സ്വകാര്യ ക്ഷേത്രത്തിനു വേണ്ടിയാണെന്ന തരം പരാതികളും വരുന്നുണ്ട്. ഇതൊക്കെ ചെയ്യുന്ന ജീവനക്കാർ ഇനിയെങ്കിലും പുനാരാലോചനയ്ക്കു തയാറാകുമെന്നാണ് ഞങ്ങൾ കരുതുന്നത്. പരിശോധനാ വിഭാഗം ശക്തിപ്പെടുത്താനാണ് ബോർഡ് തീരുമാനം

അതുപോലെ ക്ഷേത്രങ്ങളിൽ ഉത്സവകമ്മിറ്റികളുടെ ചില നടപടികളും ദേവസ്വം ബോർഡിനെ തകർക്കുന്നതിന് തുല്യമാണ്. ദേവസ്വം ബോർഡിൽ നൽകുന്ന രസീതുകളിലാണ് പിരിവ് നടത്തേണ്ടത്. പക്ഷേ അത് പേരിനു വേണ്ടി ഉപയോഗിക്കുകയും ഉത്സവ കമ്മിറ്റിതന്നെ രസീത് പ്രിന്റ് ചെയ്ത് വലിയ പണപ്പിരിവ് നടത്തുകയും ചെയ്യും. ഇതിനൊന്നും ബോർഡിന് വിഹിതം കിട്ടുകയോ കണക്കുകൾ സുതാര്യമാക്കുകയോ ചെയ്യുന്നില്ല.

ദേവസ്വം ബോർഡിനു വരുന്ന വരുമാനം സർക്കാരിന്റെ മറ്റാവശ്യങ്ങൾക്കു നൽകുന്നുണ്ടെന്നാണല്ലോ നേരത്തേ ഉയർന്ന ആരോപണം?

അതൊക്കെ തെറ്റിദ്ധാരണ പരത്തുന്നതിന് പ്രചരിപ്പിക്കുന്നതാണ്. സത്യമതല്ലെന്നും പലവട്ടം ബോധ്യപ്പെട്ടിട്ടുണ്ട്. ഇവിടെ അതൊന്നുമല്ല കാര്യം. കോടികൾ പിരിവു നടത്തി ഉത്സവ ധൂർത്തു നടത്തുന്നവർ, ആ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മുകളിലെ ഓടിളകി മാറിയിരുന്നാൽ പുതിയൊരു ഓട് വാങ്ങിവയ്ക്കില്ല. അതിന് ബോർഡിന് അപേക്ഷ നൽകി കാത്തിരിക്കും. ഇപ്പോഴത്തെ അവസ്ഥ കണ്ടതുകൊണ്ടാണ് ഇതും പറയേണ്ടിവരുന്നത്. കോവിഡ് പ്രതിസന്ധിയുണ്ടായ ശേഷം ഏകദേശം 100 കോടി രൂപയോളമാണ് സർക്കാരിന്റെ സഹായം ലഭിച്ചത്. ഇല്ലെങ്കിൽ എങ്ങനെ ശമ്പളം നൽകും? എങ്ങനെ ൈദനംദിന പൂജകൾ നടക്കും? ഇതൊന്നും ഇൗ ആരോപണമുന്നയിക്കുന്നവർ തിരക്കുന്നതേയില്ല.

വരുമാന വർധനയ്ക്കു ക്ഷേത്രഭൂമി വാടകയ്ക്കു കൊടുക്കാനുള്ള തീരുമാനം ഹിന്ദുഐക്യവേദി ഉൾപ്പെടെ എതിർത്തിരുന്നല്ലോ?

വരുമാനവർധന വേണമെന്നതിൽ ആർക്കും എതിർപ്പുണ്ടാകുമെന്ന് തോന്നുന്നില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളുടെ പരിധിയിൽ ഉത്സവമുൾപ്പെടെ ക്ഷേത്രാവശ്യങ്ങൾക്കായി മാറ്റിവയ്ക്കുന്ന സ്ഥലം കഴിഞ്ഞ് 3200 ഏക്കർ ഭൂമി വെറുതെ കിടക്കുന്നു. പലയിടത്തും കാടുപിടിച്ചു കിടക്കുന്നതിനാൽ ഇടയ്ക്കു വൃത്തിയാക്കുന്നതിനും പണച്ചെലവാണ്.

പമ്പാതീരം പ്രളയകാലത്ത്.

ഇൗ സ്ഥലങ്ങൾ ക്ഷേത്രാചാരത്തിന് അനുകൂലമാകുന്ന തരത്തിൽ താൽപര്യമുള്ളവർക്ക് നിശ്ചിത കാലത്തേക്ക് വാടകയ്ക്കു കൊടുക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. വസ്തു അന്യാധീനപ്പെട്ടു പോകാതെതന്നെയുള്ള കൃത്യമായ കരാറുകൾ വച്ചു വേണം ഇത് ചെയ്യാൻ. ഇതൊക്കെ വരുമാനവർധനയ്ക്കുള്ള വഴിയാണ്. തിരുവനന്തപുരത്ത് ശംഖുമുഖത്ത് ക്ഷേത്രത്തിനോട് ചേർന്ന് 7 ഏക്കർ സ്ഥലമാണ് വെറുതെ കിടക്കുന്നത്. ഇതൊക്കെ നല്ല ആവശ്യങ്ങൾക്കു ഉപയോഗിക്കാം.

ക്ഷേത്രങ്ങളിലെ തിരുവാഭരണം ഉൾപ്പെടെ റിസർവ് ബാങ്കിൽ പണയം വയ്ക്കുന്നുവെന്ന പ്രചാരണം ശ്രദ്ധയിൽപ്പെട്ടിരുന്നോ?

സത്യത്തിൽ ഇങ്ങനെ പ്രചരിപ്പിക്കാൻ എങ്ങനെ കഴിയുന്നുവെന്നാണ് ഞാൻ ആലോചിക്കുന്നത്. തിരുവാഭരണമോ ക്ഷേത്രത്തിൽ നിത്യോപയോഗത്തിലുള്ള ആഭരണങ്ങളോ ഒന്നുമല്ല റിസർവ് ബാങ്കിൽ വയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. കാണിക്കയായി കിട്ടിയ പൊട്ടും താലിയുമൊക്കെയായി ക്ഷേത്രങ്ങളിലിരിക്കുന്ന സ്വർണമാണ് അളന്നു തിട്ടപ്പെടുത്തിയത്. ഏകദേശം 500 കിലോ സ്വർണമുണ്ടാകുമെന്നണ് ഇപ്പോഴത്തെ കണക്ക്. ഇത് ഉരുക്കി റിസർവ് ബാങ്കിൽ വച്ചാൽ 2% പലിശ നമുക്കു ലഭിക്കും. നമുക്ക് ഇപ്പോഴത്തെ കണക്കിൽ വർഷം 6 കോടിയെങ്കിലും പലിശ കിട്ടും. ഗുരുവായൂരിൽ ഇത്തരത്തിൽ നേരത്തേതന്നെ സ്വർണം റിസർവ് ബാങ്കിൽ വച്ചതിനാൽ വർഷം 10 കോടിയോളം പലിശ കിട്ടുന്നുണ്ട്.

ഗുരുവായൂർ ക്ഷേത്രനട.

ക്ഷേത്രങ്ങളിൽ കൃഷി തുടങ്ങുന്ന പദ്ധതി എവിടെവരെയായി?

ഭക്തർക്ക് പ്രസാദം കൊടുക്കുന്ന ചെറുകീറ് വാഴയിലയില്ലേ, അതു വരെ ദേവസ്വം ബോർഡ് പണം കൊടുത്താണ് വാങ്ങുന്നത്. ആരാധനയ്ക്കുള്ള പൂക്കൾക്ക് വർഷം 3 കോടിയാണ് ചെലവ്. ശബരിമല കൂട്ടാതെയാണിത്. ഇതൊക്കെ ക്ഷേത്രമുറ്റത്തു തന്നെ കണ്ടെത്താവുന്നതല്ലേ എന്ന ചിന്തയാണ് കൃഷിയിലേക്ക് തിരിയുന്നതിലേക്കെത്തിച്ചത്. വളരെ ദീർഘവീക്ഷണത്തോടെയാണ് ഇക്കാര്യത്തെ സമീപിക്കുന്നത്. കൃഷിയെന്നുപറ‍ഞ്ഞാൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂവും പിന്നെ പച്ചക്കറിയുമൊക്കെയാണ്. തെങ്ങും വാഴയും വയ്ക്കുന്നുണ്ട്.

100 ഏക്കർ ഭൂമിയാണ് ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളോടനുബന്ധിച്ച് ഇതിനായി കണ്ടെത്തിയത്. ഇങ്ങനെയൊക്കെ ക്ഷേത്രങ്ങളുടെ പണച്ചെലവ് കുറയ്ക്കാൻ പറ്റും. കോവിഡ് മൂലമാണ് അത് വ്യാപിപ്പിക്കാനാകാത്തത്. ചില ക്ഷേത്രക്കാർ നെൽകൃഷിതന്നെ നടത്തി. ക്ഷേത്രത്തിലെ പായസമുണ്ടാക്കാനൊക്കെ നെല്ലുപയോഗിക്കാമല്ലോ. പക്ഷേ നെൽകൃഷിയൊക്കെ നഷ്ടമായിരുന്നു, എന്നാലും പുതിയ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കും.

ക്ഷേത്രങ്ങളിൽ സ്വർണക്കൊടിമരം വേണ്ടെന്ന നിയന്ത്രണം എതിർപ്പുകളുയർത്തിയോ?

സ്വർണക്കൊടിമരം ചെയ്യാം, അതിൽ എതിർപ്പില്ല. പക്ഷേ ദേവസ്വം ബോർഡിന്റെ സഹായമുണ്ടാകില്ലെന്നു മാത്രം. ക്ഷേത്രത്തിലെ വിശ്വാസികൾക്കു നിർബന്ധമാണെങ്കിൽ പണം കണ്ടെത്തി കൊടിമരമാകാം. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സ്വർണക്കൊടിമരത്തിന് പണം നൽകാൻ നിർവാഹമില്ല. മാത്രമല്ല, ഇപ്പോൾ ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ കണക്കെടുപ്പു നടത്തിയപ്പോഴാണ് ക്ഷേത്രങ്ങളുടെ സ്വർണം കൊടിമര നിർമാണത്തിന് മിക്ക ക്ഷേത്രങ്ങളിലും ഉപയോഗിച്ചതായി കണ്ടതും. ഇതു കൂടാതെയാണ് ബോർഡ് പണം നൽകുന്നത്.

ശബരിമല ക്ഷേത്രം.

ക്ഷേത്രങ്ങളുടെ മരാമത്തു പണികളൊക്കെ നിലച്ചുവെന്ന് പരാതികളുയരുന്നുണ്ട്?

അത്യാവശ്യമുള്ള മരാമത്തുപണികളെല്ലാം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ശ്രീകോവിലും തിടപ്പള്ളിയുമൊക്കെ അറ്റകുറ്റപ്പണി നടത്തേണ്ടിവന്നാൽ ചെയ്യണം. അല്ലാതെ ചുറ്റമ്പലവും അലങ്കാരഗോപുരവും ചുറ്റുമതിലുമൊക്കെ പിന്നീട് മതിയെന്നാണ് തീരുമാനം. പണമുള്ളപ്പോൾ അനാവശ്യമായ മരാമത്തുപണികൾ നടത്തിയതിന്റെ ഒരു പാട് ഉദാഹരണങ്ങളും അതിലൊക്കെ അഴിമതി പരാതിയുമൊക്കെ കേൾക്കുന്നുണ്ട്. ഇതിലൊക്കെ നിയന്ത്രണം കൊണ്ടുവരുന്നു എന്നേയുള്ളൂ.

ശബരിമല വിഷയം, പ്രളയം, കോവിഡ്... താങ്കൾ പ്രസിഡന്റായ ശേഷം ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നല്ലോ?

തരണം ചെയ്തിട്ടില്ല ഇതുവരെ. ശബരിമലയിലെ നിർഭാഗ്യകരമായ സംഭവവും പ്രക്ഷോഭവമുമൊക്കെ വന്നപ്പോൾ വരുമാന നഷ്ടം 100 കോടി രൂപയായിരുന്നു. പ്രളയം വന്നപ്പോൾ തകർന്ന ക്ഷേത്രങ്ങളുടെ നവീകരണത്തിനും കാര്യമായി ഫണ്ട് കണ്ടെത്തേണ്ടിവന്നു. കോവിഡിൽ എല്ലാം മുങ്ങിത്താഴ്ന്നു. ഇവിടെനിന്നും കരകയറിയേ പറ്റൂ. അതിന് ജീവനക്കാരും വിശ്വാസികളുമൊക്കെ ഒറ്റക്കെട്ടായി നിൽക്കണം. ക്ഷേത്രങ്ങൾ നിലനിൽക്കണം, പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരണം. അതിനാണ് ഓരോ ദിവസവും ബോർഡിന്റെ ശ്രമം.

English Summary: Interview with Devaswom Board President N Vasu