'സീരിയൽ എടുക്കുന്നവർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും മറ്റു സമ്മർദങ്ങളും ഞങ്ങൾക്ക് അറിയില്ല. അത് സത്യമായിരിക്കാം. ടിവി പരമ്പരകളുടെ കഥയ്ക്കു യുക്തിയേ ഇല്ല. സ്ഥിരമായി കണ്ടാൽ നമുക്ക് മാനസിക വിഭ്രാന്തി പിടിപെടും. നിലവാരം ഇല്ലെങ്കിലും ഓരോ എപ്പിസോഡും കാത്തിരുന്നു കാണുന്ന രീതിയിൽ പ്രേക്ഷകരെ മയക്കുന്ന എന്തോ മാന്ത്രികത ഇത്തരം സീരിയലുകൾക്ക് ഉണ്ട്.'...

'സീരിയൽ എടുക്കുന്നവർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും മറ്റു സമ്മർദങ്ങളും ഞങ്ങൾക്ക് അറിയില്ല. അത് സത്യമായിരിക്കാം. ടിവി പരമ്പരകളുടെ കഥയ്ക്കു യുക്തിയേ ഇല്ല. സ്ഥിരമായി കണ്ടാൽ നമുക്ക് മാനസിക വിഭ്രാന്തി പിടിപെടും. നിലവാരം ഇല്ലെങ്കിലും ഓരോ എപ്പിസോഡും കാത്തിരുന്നു കാണുന്ന രീതിയിൽ പ്രേക്ഷകരെ മയക്കുന്ന എന്തോ മാന്ത്രികത ഇത്തരം സീരിയലുകൾക്ക് ഉണ്ട്.'...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'സീരിയൽ എടുക്കുന്നവർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും മറ്റു സമ്മർദങ്ങളും ഞങ്ങൾക്ക് അറിയില്ല. അത് സത്യമായിരിക്കാം. ടിവി പരമ്പരകളുടെ കഥയ്ക്കു യുക്തിയേ ഇല്ല. സ്ഥിരമായി കണ്ടാൽ നമുക്ക് മാനസിക വിഭ്രാന്തി പിടിപെടും. നിലവാരം ഇല്ലെങ്കിലും ഓരോ എപ്പിസോഡും കാത്തിരുന്നു കാണുന്ന രീതിയിൽ പ്രേക്ഷകരെ മയക്കുന്ന എന്തോ മാന്ത്രികത ഇത്തരം സീരിയലുകൾക്ക് ഉണ്ട്.'...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിവി പരമ്പരകൾക്ക് അവാർഡ് നിഷേധിച്ചതിന്റെ പേരിൽ ആക്ഷേപം കേട്ടുകൊണ്ടിരിക്കുകയാണ് സംസ്ഥാന ടിവി അവാർഡ് ജൂറി ചെയർമാനും സംവിധായകനുമായ ശരത്. അവാർഡിന് എത്തിയ ടിവി സീരിയലുകളിൽ സാഹിത്യമോ സാങ്കേതിക മികവോ സംഗീതമോ കാണാനില്ലെന്നും പിന്നെങ്ങനെ അവാർഡ് നൽകുമെന്നും അദ്ദേഹം ചോദിക്കുന്നു. സീരിയൽ രംഗത്തെ ആറ് അവാർഡും നൽകിയില്ല. സീരിയലിൽ കലാസംവിധാനം കാണാനേ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ എന്തു മാനദണ്ഡം അനുസരിച്ചു കലാസംവിധായകനുള്ള അവാർഡ് നൽകുമെന്നും ശരത് ചോദിക്കുന്നു. വിവാദ വിഷയത്തിൽ ‘മനോരമ ഓൺലൈനി’നോട് നിലപാട് വ്യക്തമാക്കുകയാണ് ശരത്:

ടിവി സീരിയൽ എടുക്കുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയില്ലെന്നു പരാതിയുണ്ടല്ലോ?

ADVERTISEMENT

സീരിയൽ എടുക്കുന്നവർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും മറ്റു സമ്മർദങ്ങളും ഞങ്ങൾക്ക് അറിയില്ല. അത് സത്യമായിരിക്കാം. എന്നാൽ കലാമൂല്യവും സാങ്കേതിക മേന്മയുമുള്ള സൃഷ്ടികൾ തിരഞ്ഞെടുക്കാനാണു സർക്കാർ ഞങ്ങളെ ചുമതലപ്പെടുത്തിയത്. അങ്ങനെ വരുമ്പോൾ അതു മാത്രമേ നോക്കാൻ സാധിക്കൂ. മിക്ക സീരിയലുകൾക്കും ഈ യോഗ്യത ഇല്ലായിരുന്നു. മത്സരത്തിന് 10 ടിവി സീരിയൽ വന്നതിൽ രണ്ടെണ്ണം 50 എപ്പിസോഡ് ഇല്ലാത്തതു മൂലം അയോഗ്യമായി. ശേഷിക്കുന്ന 8 എണ്ണമാണ് കണ്ടത്. 

ശരത്.

മെഗാ സീരിയലുകൾ എഡിറ്റ് ചെയ്ത് 51 എപ്പിസോഡ് ആക്കിയതാണ് ഞങ്ങൾ കണ്ടത്. പക്ഷേ ആ 51 എപ്പിസോഡ് പോലും സഹിക്കാൻ സാധിക്കില്ല. ചില വ്യക്തികൾ സ്വന്തം നിലയിൽ എടുത്തു സെൻസർ ചെയ്യിച്ച ഏതാനും സൃഷ്ടികൾ ജൂറിയുടെ മുന്നിൽ വന്നു. അവ ആയിരുന്നു ആശ്വാസം. എന്നാൽ അതിൽ പലതും സംപ്രേഷണം ചെയ്തതല്ല.

എന്താണ് ടിവി പരമ്പരകളുടെ പ്രശ്നം?

പല സീരിയലുകളിലും സ്ത്രീകളെയും കുട്ടികളെയും വളരെ മോശമായി ചിത്രീകരിക്കുകയാണ്. ആൺകുട്ടികൾക്കൊപ്പമോ അതിനേക്കാൾ ഉപരിയായോ സ്നേഹം കൊടുത്തു പെൺകുട്ടികളെ വളർത്തുന്നവരാണു മലയാളികൾ. അവർക്കു മുന്നിലാണു യുക്തിക്കു നിരക്കാത്ത കണ്ണീർക്കഥകൾ വിളമ്പുന്നത്. നമ്മുടെ എല്ലാ പുരോഗമന ചിന്താഗതികളെയും പിന്നോട്ടടിക്കുന്ന ഇതിവൃത്തമാണ് സീരിയലുകൾക്ക് ഉള്ളത്. മിക്ക സീരിയലുകളിലും സ്ത്രീകളുടെ പ്രധാന ജോലി വീട്ടിനുള്ളിൽ വഴക്കുണ്ടാക്കുന്നതാണ്. അവർക്ക് സ്വന്തമായി തൊഴിലോ വീടു വിട്ട് എന്തെങ്കിലും പ്രവർത്തനമോ ഇല്ല. അവരുടെ നല്ല വശങ്ങൾ ഒന്നും കാണിക്കുന്നില്ല.

ADVERTISEMENT

പിന്നെയുള്ള ചില കഥാപാത്രങ്ങൾ കരയാനുള്ളതാണ്. ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ സഹായത്തോടെ സകല സമയത്തും കരഞ്ഞു മുന്നേറുകയാണ് അവർ. ദുഷ്ടത കാട്ടാൻ മാത്രം ചില കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ഒരിക്കൽ പോലും അവർ നേരായ വഴിക്കു ചിന്തിക്കുകയോ പ്രതികരിക്കുകയോ ഇല്ല. കരയുകയും പ്രസവിക്കുകയും ആണ് സ്ത്രീയുടെ  പ്രധാന ജോലിയെന്ന് ഇത്തരം കഥാപാത്രങ്ങൾ വിളിച്ചു പറയുന്നു. വീട്ടിനുള്ളിൽ തമ്മിലടിക്കുന്ന സ്ത്രീകളെ കരയിക്കുന്നതാണു പുരുഷന്റെ പണി. ഈ ജോലി വിജയിപ്പിക്കാൻ ദുഷ്ട കഥാപാത്രങ്ങളായ സ്ത്രീകളും ഒപ്പമുണ്ടാകും. സിനിമയിൽ ഇതൊന്നും നടക്കില്ല. നമ്മുടെ സിനിമ ഒരുപാട് മാറി. അവിടെ നിരന്തരം പരീക്ഷണങ്ങൾ നടക്കുന്നു.

സീരിയൽ രംഗത്തു നല്ല നടന്മാരും സാങ്കേതിക വിദഗ്ധരും ഉണ്ടല്ലോ?

ശരിയാണ്. മികച്ച നടീനടന്മാരും സാങ്കേതിക വിദഗ്ധരും സീരിയൽ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. പക്ഷേ അവർ നിസ്സഹായരാണ്. മികവു കാട്ടാൻ അവർക്ക് അവസരമില്ല. അതിന് ആരും അനുവദിക്കുകയും ഇല്ല. പ്രേക്ഷകർക്ക് ഇത്തരം ചവറു സാധനങ്ങൾ മതിയെന്ന് ആരൊക്കെയോ തീരുമാനിക്കുന്നു. ആസ്വാദന നിലവാരം താഴേക്കു കൊണ്ടു പോകാനുള്ള  കടുത്ത മത്സരമാണ് ഈ രംഗത്തുള്ളത്. ഇത്തരം തട്ടിക്കൂട്ട് സീരിയലുകളിൽ പെട്ട് നല്ല നടീനടന്മാരും സാങ്കേതിക വിദഗ്ധരും വിഷമിക്കുകയാണ്. 

പ്രതീകാത്മക ചിത്രം: pixabay

തൊഴിൽ ആയതു കൊണ്ട് വരുമാനം വേണം. അവർക്കു സഹകരിക്കാതെ വയ്യ. പക്ഷേ കഴിവുണ്ടായിട്ടും പ്രകടിപ്പിക്കാൻ സാധിക്കുന്നില്ലെന്ന നിരാശ പലർക്കും ഉണ്ട്. അതിന് അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ടിവി പരമ്പരകളുടെ കഥയ്ക്കു യുക്തിയേ ഇല്ല. സ്ഥിരമായി കണ്ടാൽ നമുക്ക് മാനസിക വിഭ്രാന്തി പിടിപെടും. ഇത്തരം കഥകൾ സൃഷ്ടിക്കുന്നതിനു കാരണം പ്രേക്ഷകരാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു. നിലവാരം ഇല്ലെങ്കിലും ഓരോ എപ്പിസോഡും കാത്തിരുന്നു കാണുന്ന രീതിയിൽ പ്രേക്ഷകരെ  മയക്കുന്ന എന്തോ മാന്ത്രികത ഇത്തരം സീരിയലുകൾക്ക് ഉണ്ട്.

ADVERTISEMENT

സീരിയലുകളിലെ  മറ്റു പ്രശ്നങ്ങളായി തോന്നിയത് എന്തൊക്കെയാണ്?

മത്സരത്തിന് എത്തിയ രണ്ടു പരമ്പരകളിലെ ക്ലൈമാക്സ് ഒന്നായിരുന്നു. ആദ്യത്തെ സീരിയലിൽ അഭിനയിച്ച 5 പേർ രണ്ടാമത്തെ സീരിയലി‍ലും ഉണ്ട്. ആദ്യ സീരിയലിന്റെ ക്ലൈമാക്സ് വീടിനുള്ളിൽ വച്ചാണെങ്കിൽ രണ്ടാമത്തേത് വീടിനു പുറത്താണെന്ന മാറ്റമേയുള്ളൂ. ഇതാണ് ഇന്നത്തെ സീരിയലുകളുടെ ദയനീയാവസ്ഥ. മലയാള ഭാഷയെ ഇത്രമാത്രം മോശമാക്കുന്ന മറ്റൊരു മാധ്യമം ഇല്ല. ടിവി പരമ്പരകളിലേതു നല്ല മലയാളം അല്ല. കുട്ടികൾ അതു കണ്ടും കേട്ടും പഠിച്ചാൽ കഷ്ടമാണ്.

കാമുകനോടൊപ്പം ഒളിച്ചോടിയ പെൺകുട്ടി എല്ലാം നഷ്ടപ്പെട്ടു തിരികെ സ്വന്തം വീട്ടിൽ വരുമ്പോൾ അവളുടെ അച്ഛന്റെ പ്രതികരണം ഒരു സീരിയലിൽ കണ്ടു. സ്ത്രീയുടെ ജന്മം കരയാനുള്ളതാണ്, സ്ത്രീകൾ പ്രസവിക്കാനുള്ളതാണ് എന്നായിരുന്നു ആ കഥാപാത്രത്തിന്റെ ഡയലോഗ്. ഇത് എന്തു സന്ദേശമാണു സമൂഹത്തിനു നൽകുന്നത്. ആരെങ്കിലും ഇങ്ങനെ പറയുമോ?

ജൂറി ചെയർമാൻ ആയത് അബദ്ധമായെന്നു തോന്നിയോ?

ഏഴെട്ടു വർഷം മുൻപ് ഇതേ പോലെ ടിവി അവാർഡ് ജൂറിയുടെ ചെയർമാനായിരുന്നു ഞാൻ. അന്നു കുറേ നല്ല സൃഷ്ടികൾ മത്സരിച്ചിരുന്നു. ദൂരദർശനും മറ്റുമാണ് അവ ഒരുക്കിയത്. വർഷങ്ങൾക്കു ശേഷം വീണ്ടും ജൂറി ചെയർമാനായപ്പോൾ സ്ഥിതി വളരെ മോശമാണെന്നു മനസ്സിലായി. ഒരു സാഹിത്യ സൃഷ്ടി പോലും ഇല്ലായിരുന്നു. 8 ദിവസം രാവിലെ മുതൽ രാത്രി വരെ കണ്ടിട്ടും നിരാശ ആയിരുന്നു ബാക്കി. ജൂറിയിൽ നടി ലെന അംഗമായിരുന്നു. മികച്ച നടിക്കുള്ള ടിവി അവാർഡ് വാങ്ങിയ ആളാണ് ലെന. ഇപ്പോഴത്തെ അവസ്ഥയിൽ അവർക്കും മറ്റു ജൂറി അംഗങ്ങൾക്കും വലിയ നിരാശ ഉണ്ട്.

ശ്യാമപ്രസാദ്. ചിത്രത്തിന് കടപ്പാട്: ഫെയ്‌സ്‌ബുക്.

മുൻപ് മികച്ച സാഹിത്യ സൃഷ്ടികളാണ് ശ്യാമപ്രസാദിനെ പോലുള്ളവർ സീരിയൽ ആക്കിയിരുന്നത്. അന്ന് അത്തരം സീരിയലുകൾ ആസ്വദിക്കാൻ പ്രേക്ഷകർ പഠിച്ചിരുന്നു. കലാമൂല്യം ഉയർത്തിപ്പിടിക്കുന്നതിൽ ദൂരദർശനു കാര്യമായ പങ്കാളിത്തം അക്കാലത്ത് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിൽനിന്നു ദൂരദർശൻ പിന്മാറി. അവരുടെ പിന്മാറ്റം മലയാളത്തിലെ പരമ്പരകളുടെ നിലവാരത്തെ കാര്യമായി ബാധിച്ചു. ഇത്തവണ ദൂരദർശന്റെ രണ്ടു ടെലിഫിലിം മാത്രമാണ് മത്സരത്തിന് ഉണ്ടായിരുന്നത്. ഒന്നിന് അവാർഡ് ലഭിച്ചു.

സർക്കാർ വിചാരിച്ചാൽ ഈ രംഗം മെച്ചപ്പെടുമോ?

ടിവി സീരിയൽ രംഗം മെച്ചപ്പെടുത്തുന്നതിന് ഈ മേഖലയിലെ എല്ലാവരുടെയും യോഗം വിളിക്കുമെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചിട്ടുണ്ട്. സിനിമയ്ക്കു ലഭിക്കുന്ന വരുമാനം സീരിയലിന് ഇല്ലാത്തതു പ്രശ്നമാണ്. ഇതു മൂലം നിലവാരം ഉയർത്താൻ സാധിക്കുന്നില്ല.

ഏതാനും മികച്ച സീരിയലുകൾ തിരഞ്ഞെടുത്തു സിനിമയ്ക്കു നൽകുന്നതു പോലെ സർക്കാർ സബ്സിഡി നൽകണം. അങ്ങനെ വരുമ്പോൾ അവർക്ക് മറ്റു സമ്മർദങ്ങൾ ഇല്ലാതെ നിലവാരം വർധിപ്പിക്കാൻ സാധിക്കും. വിരലിൽ എണ്ണാവുന്ന മികച്ച സീരിയലുകൾ എങ്കിലും മലയാളത്തിൽ ഉണ്ടാകും. അതു ക്രമേണ നമ്മുടെ ആസ്വാദന നിലവാരത്തെ മുകളിലേക്ക് ഉയർത്തും. അപ്പോൾ മറ്റുള്ളവർക്കും മാറേണ്ടി വരും. ഇതേയുള്ളൂ പരിഹാരം.

English Summary: Interview with State TV Awards Jury Chairman and Director R.Sharath on Kerala Serials