ബാലഗോപാലിന്‌ കിട്ടിയത് പണത്തിന്റെ ഒഴുക്ക് ഏതാണ്ടു നിന്നു പോയ ഒരു ഖജനാവാണ്. വിൽപന നികുതി കയ്യിൽ നിന്ന് പോയി. വില കൂടിയെങ്കിലും കോവിഡ് മൂലം പെട്രോൾ-ഡീസൽ കച്ചവടം വളരെ കുറവ്. മദ്യ വിൽപനയും താഴോട്ടു പോയി. ലോട്ടറി ബിസിനസും ദീർഘകാലം നിർത്തിവയ്ക്കേണ്ടി വന്നു......Kerala Public Debt, KN Balagopal

ബാലഗോപാലിന്‌ കിട്ടിയത് പണത്തിന്റെ ഒഴുക്ക് ഏതാണ്ടു നിന്നു പോയ ഒരു ഖജനാവാണ്. വിൽപന നികുതി കയ്യിൽ നിന്ന് പോയി. വില കൂടിയെങ്കിലും കോവിഡ് മൂലം പെട്രോൾ-ഡീസൽ കച്ചവടം വളരെ കുറവ്. മദ്യ വിൽപനയും താഴോട്ടു പോയി. ലോട്ടറി ബിസിനസും ദീർഘകാലം നിർത്തിവയ്ക്കേണ്ടി വന്നു......Kerala Public Debt, KN Balagopal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലഗോപാലിന്‌ കിട്ടിയത് പണത്തിന്റെ ഒഴുക്ക് ഏതാണ്ടു നിന്നു പോയ ഒരു ഖജനാവാണ്. വിൽപന നികുതി കയ്യിൽ നിന്ന് പോയി. വില കൂടിയെങ്കിലും കോവിഡ് മൂലം പെട്രോൾ-ഡീസൽ കച്ചവടം വളരെ കുറവ്. മദ്യ വിൽപനയും താഴോട്ടു പോയി. ലോട്ടറി ബിസിനസും ദീർഘകാലം നിർത്തിവയ്ക്കേണ്ടി വന്നു......Kerala Public Debt, KN Balagopal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിചാരണയ്ക്കു മുൻപുതന്നെ വിധി എന്തെന്നു തീർച്ചയുള്ള കേസുപോലെയായായിരുന്നു പെട്രോളും ഡീസലും ചരക്കു–സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ജിഎസ്ടി കൗൺസിൽ ചർച്ച. പ്രതീക്ഷിച്ചതു പോലെ ഒന്നും നടന്നില്ല. അടുത്തെങ്ങും നടക്കുമെന്ന് വലിയ പ്രതീക്ഷയും വേണ്ട. ഇതിനെക്കുറിച്ച് കൗൺസിൽ ഒരു തീരുമാനം എടുക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചപ്പോൾ കൗൺസിലിന് അത് നിയമപരമായ ഒരു ബാധ്യതയായി. അതുകൊണ്ട് കോടതിയെ പിണക്കാതിരിക്കാൻ നടത്തിയ വെറും ഒരു പ്രഹസനം മാത്രമായിരുന്നു ജിഎസ്ടി കൗൺസിലിലെ ചർച്ച. 

ഈ വറുതിക്കാലത്ത് കേന്ദ്രത്തിന്റയും സംസ്ഥാനങ്ങളുടെയും പണപ്പെട്ടികൾ അൽപമെങ്കിലും നിറയുന്നത് പെട്രോൾ-ഡീസൽ കച്ചവടത്തിൽനിന്നാണ്. പൊന്മുട്ട ഇടുന്ന ആ താറാവിനെ ഇപ്പോൾ കൊല്ലാൻ കേന്ദ്രവും സംസ്ഥാനങ്ങളും തയാറാകില്ല. സംസ്ഥാനങ്ങൾ അതിനു സമ്മതം നൽകാത്തത് ഗതികേടുകൊണ്ടാണ്. വിൽപന നികുതി ചരക്കു-സേവന നികുതി ആയതോടെ സംസ്ഥാനങ്ങൾ, സർക്കാരിന്റെ ഗ്രാൻഡുകൊണ്ട് കഴിഞ്ഞിരുന്ന പഴയ മുനിസിപ്പാലിറ്റികളെപ്പോലെയും ഗ്രാമപഞ്ചായത്തുകളെപ്പോലെയും ഗതികേടിലാണിപ്പോൾ. 

ADVERTISEMENT

പിന്നെയും പിടിച്ചു നിൽക്കുന്നത് പെട്രോളിന്റെയും ഡീസലിന്റെയും വരുമാനത്തിൽനിന്നാണ്. അതും കൂടി നിന്നുപോയാൽ സംസ്ഥാനങ്ങൾ തീർത്തും പാപ്പരാകും. അതുകൊണ്ടാണ് പെട്രോളും ഡീസലും ജിഎസ്ടിയിൽ കൊണ്ടുവരണമെന്ന് പറയുമ്പോൾ പിണറായി വിജയനും മമത ബാനർജിയും യോഗി ആദിത്യനാഥും താക്കറെയും തുടങ്ങി  എല്ലാ മുഖ്യമന്ത്രിമാരും അതിനെതിരെ കൈകോർക്കുന്നത്. 

ആരു കുറയ്ക്കും വില?

വരുമാന നികുതി, കോർപറേറ്റ് നികുതി, എക്സൈസ്, കസ്റ്റംസ്, ചരക്കു-സേവന നികുതി തുടങ്ങി വമ്പൻ ആദായ മാർഗങ്ങളെല്ലാം കേന്ദ്രത്തിന്റെ കയ്യിലാണ്. ഇപ്പോൾ ഇതൊക്കെ പറയാമെന്നു മാത്രം. കോ‌വിഡ് പൂർവ കാലത്തു മൺസൂണിൽ നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴപ്പോലെ ആയിരുന്ന കേന്ദ്രത്തിന്റെ ഈ ആദായ മാർഗങ്ങളെല്ലാം കോവിഡ് തുടങ്ങിയതോടെ വറ്റ വരണ്ടു പോയി. വരുമാനം ഇല്ലാതെ എങ്ങനെ വ്യക്തികളിൽ നിന്ന് വരുമാന നികുതി പിരിക്കും? കമ്പനികൾ ലാഭമുണ്ടാക്കാതെ എങ്ങനെ കോർപറേറ്റ് നികുതി ലഭിക്കും? ഉൽപാദനം ഇല്ലാതെ എങ്ങനെ എക്‌സൈസ് നികുതി പിരിക്കും? ഇറക്കുമതി ഇല്ലാതെ എങ്ങനെ ഇറക്കുമതിച്ചുങ്കം ചുമത്തും? 

പ്രതീകാത്മക ചിത്രം.

വിൽപന ഇല്ലാതെ എങ്ങനെ ചരക്കു-സേവന നികുതി കിട്ടും? ഇതിന്റെയെല്ലാം കൂടെ കോർപറേറ്റ് നികുതിയിൽ വരുത്തിയ 1.45 ലക്ഷം കോടിയുടെ വാർഷിക ഇളവും. ഇങ്ങനെ കിട്ടേണ്ട വരുമാനം വഴിമുട്ടി നിൽക്കുമ്പോഴാണ് കോവിഡ് സമ്മാനിച്ച അതി ഭീകര ചെലവുകൾ കേന്ദ്രത്തെ കണ്ണു തുറിച്ചു നോക്കിയത്. കൂടാതെ ജനത്തെ കയ്യിലെടുക്കാൻ നടപ്പാക്കിയ കാക്കത്തൊള്ളായിരം പരിപാടികളും പദ്ധതികളും. പിന്നെ സർക്കാരിന്റെ സാധാരണ ചെലവുകളും. 

ADVERTISEMENT

ഇങ്ങനെ പൊളിഞ്ഞു കുത്തുപാള എടുത്തിരിക്കുമ്പോൾ 3.5 ലക്ഷം കോടി പെട്രോൾ-ഡീസൽ കച്ചവടത്തിൽനിന്ന് ഒരു വർഷം കിട്ടുന്നത് വേണ്ടായെന്നു വയ്ക്കാൻ കേന്ദ്രത്തിനു കഴിയുകയില്ല . അതുകൊണ്ടാണ് പെട്രോളും ഡീസലും ചരക്കു-സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരണമെങ്കിൽ സംസ്ഥാനങ്ങൾ പറയട്ടെയെന്നു കേന്ദ്രവും അത് വേണ്ട ആ നിർദേശം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വരട്ടെയെന്നു സംസ്ഥാനങ്ങളും പറഞ്ഞു സംഗതി പരസ്പരം തട്ടിക്കളിക്കുന്നത്. കേന്ദ്രവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും തീരുമാനിച്ചാൽ ഇത് ജിഎസ്ടി കൗൺസിലിൽ പാസ്സാക്കി എടുക്കാവുന്ന കാര്യമേയുള്ളൂ. 

എന്നാലും പെട്രോളിനും ഡീസലിനും ഇത്ര കൊള്ളവില വാങ്ങുന്നതിൽ ധനമന്ത്രി ബാലഗോപാലിന്‌ മനസ്താപമുണ്ട്. പക്ഷേ അതു നേരിട്ടങ്ങോട്ടുപറയാൻ അദ്ദേഹത്തിന് പരിമിതികളുമുണ്ട്. അതിനാൽ ഇക്കാര്യം അദ്ദേഹം മറ്റൊരു വിധത്തിൽ പറഞ്ഞു വയ്ക്കുകയാണ്– ‘കേന്ദ്രം ഏർപ്പെടുത്തിയ സെസുകൾ പിൻവലിച്ചാൽതന്നെ പെട്രോളിന്റെയും ഡീസലിന്റെയും വില പകുതിയായി കുറയും...’

എന്തുകൊണ്ട് സംസ്ഥാനത്തിന് വിലകുറയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം വളഞ്ഞവഴിയിൽ പറഞ്ഞുവയ്ക്കുന്നുണ്ട്. ‘സംസ്ഥാനത്തിനും ശമ്പളവും പെൻഷനും കൊടുക്കണം. ആശുപത്രികളും പള്ളിക്കൂടങ്ങളും നടത്തിക്കൊണ്ടു പോകണം റോഡുകളും പാലങ്ങളും പണിയണം. ക്ഷേമപ്രവർത്തങ്ങൾ നടത്തണം.’ 

തോമസ് ഐസക്കിന്റെ ‘ഭാഗ്യം’

ADVERTISEMENT

സംസ്ഥാനത്തിന്റെ ചെലവുകൾ എത്രയും മുകളിലോട്ടു പോകുന്നോ അത്രയും താഴോട്ടാണ് വരവുകൾ. തോമസ് ഐസക് ഇപ്പോൾ പിണറായിക്ക് നൂറല്ല ആയിരം നന്ദി മനസ്സിൽ പറയുന്നുണ്ടാകണം. പിണറായുടെ ‘കൃപയാൽ’ ഐസക്കിന് ശബ്ദം നല്ലതായിരുന്നപ്പോൾ പാട്ട് നിർത്താൻ പറ്റി. ഈ പ്രാവശ്യം കൂടി ധനമന്ത്രിക്കസേര തരമായിരുന്നങ്കിൽ അകെ പെട്ടുപോയേനെ. ചാർത്തിക്കിട്ടിയ പേരുകളെല്ലാം തകർന്നു വീണേനെ. ഐസക്കിന്റെ തനിരൂപം ജനങ്ങൾ കണ്ടേനെ.

പിണറായി വിജയൻ, തോമസ് ഐസക്.

ഐസക് ധനമന്ത്രി ആയിരുന്നപ്പോൾ പണത്തിന്റെ കുത്തൊഴുക്കല്ലായിരുന്നോ! വിൽപന നികുതി കയ്യിലുണ്ടായിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വരുമാനം ഉണ്ടായിരുന്നു. ഇന്ത്യൻ മദ്യങ്ങളുടെ മൊത്ത-ചില്ലറ വിൽപന ഉണ്ടായിരുന്നു. ലോട്ടറി ബിസിനസ് ഉണ്ടായിരുന്നു. വാഹനങ്ങളുടെ റജിസ്‌ട്രേഷനിൽനിന്നുള്ള പണമുണ്ടായിരുന്നു. പോരാഞ്ഞിട്ട് വിദേശത്തു പണി എടുക്കുന്ന മലയാളികൾ അയയ്ക്കുന്ന ഒരു ലക്ഷം കോടിയുടെ അഡ്വാന്റേജും. ഇതിന്റെ ബലത്തിലാണ് ഐസക്ക് കളികളെല്ലാം കളിച്ചത്. 

ഈ ഒരു ലക്ഷം കോടിയിൽ 50,000 കോടിയെങ്കിലും കേരളത്തിൽ കിടന്നു കളിക്കും. അത് വിപണിയിൽ എപ്പോഴും ലിക്വിഡിറ്റി നിലനിർത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ഐസക്കിന് വിപണിയെകുറിച്ച് വേവലാതിപ്പെടേണ്ടി വന്നില്ല. വിദേശത്തു ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾ സർക്കാരിന്റെ സഹായങ്ങളെ ആശ്രയിച്ചിരുന്നില്ല. ഇതൊക്കെക്കൊണ്ട് ഐസക്കിന് സംസ്ഥാനത്തിന്റെ ഖജനാവ് പാട്ടും പാടി നടത്തിക്കൊണ്ടുപോകാൻ കഴിഞ്ഞു. കോപ്പി അടിച്ചതാണെങ്കിലും ‘ഫാറ്റ് ടാക്സ്’ പോലെ ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത പദ്ധതികളും പരിപാടികളും ബജറ്റിൽ പ്രഖ്യാപിച്ച് രാജ്യത്തെയും വിദേശത്തെയും മാധ്യമങ്ങളുടെ കയ്യടിയും നേടാനായി.

ബാലഗോപാലിന്റെ കഷ്ടകാലം

ബാലഗോപാലിന്‌ കിട്ടിയത് പണത്തിന്റെ ഒഴുക്ക് ഏതാണ്ടു നിന്നു പോയ ഒരു ഖജനാവാണ്. വിൽപന നികുതി കയ്യിൽ നിന്ന് പോയി. വില കൂടിയെങ്കിലും കോവിഡ് മൂലം പെട്രോൾ-ഡീസൽ കച്ചവടം വളരെ കുറവ്. മദ്യ വിൽപനയും താഴോട്ടു പോയി. ലോട്ടറി ബിസിനസും ദീർഘകാലം നിർത്തിവയ്ക്കേണ്ടി വന്നു. വണ്ടി റജിസ്ട്രേഷൻ അപൂർവ സംഭവമായി. പോരാത്തതിന് എൻആർഐ പണത്തിന്റെ വരവ് കുറഞ്ഞു. ജോലി നഷ്ട്ടപെട്ടു വിദേശത്തുനിന്നു വന്നിട്ടുള്ള ലക്ഷക്കണക്കിനു പേരുടെ പുനരധിവാസ പ്രശ്നങ്ങൾ വേറെയും. ചുരുക്കത്തിൽ കഷ്ടകാലം  പിടിച്ചവൻ മൊട്ടയടിച്ചപ്പോൾ കല്ലുമഴ പെയ്ത അവസ്ഥയിലാണ് ബാലഗോപാൽ ഇപ്പോൾ. 

കെ.എൻ. ബാലഗോപാൽ. ചിത്രം: മനോരമ

പറഞ്ഞിട്ടു കാര്യമില്ല. അദ്ദേഹം ശമ്പളവും പെൻഷനും കൊടുത്തേ മതിയാകൂ. ആശുപത്രികളും സ്‌കൂളുകളും നടത്തിയേ മതിയാകൂ. റോഡുകളും പാലങ്ങളും പണിതേ മതിയാകൂ. സർക്കാരിന്റെ എല്ലാ ചെലവുകൾക്കും ബാലഗോപാൽ പണം കണ്ടെത്തിയേ മതിയാകൂ. കൊള്ളവിലയ്ക്ക് മദ്യവും പെട്രോളും ഡീസലും വിറ്റും ലോട്ടറി എന്ന ചൂതാട്ട ബിസിനസ് നടത്തിയും (കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റ് സർക്കാരിനും എങ്ങനെ ചൂതാട്ടം നടത്താനാകും!) അധിക കാലം സംസ്ഥാനം ഓടിച്ചുകൊണ്ടുപോകാൻ കഴിയില്ല. 

ഇനിയും പുതിയ വഴിനോക്കിയാലേ ബാലഗോപാലിന്‌ സംസ്ഥാനത്തിന്റെ നിത്യ–നിദാന ചെലവെങ്കിലും നടത്തിക്കൊണ്ടു പോകാൻ കഴിയൂ. നമ്മുടെ കുടുംബ ബജറ്റും ചെലവുകളും കൂട്ടിമുട്ടാതെ വരുമ്പോൾ നമ്മൾ ചെയ്യന്ന പണിയൊക്കെ ബാലഗോപാലും ചെയ്യേണ്ടി വരും. ആർഭാടങ്ങൾ കുറയ്ക്കുക, ചെലവ് കഴിയുന്നത്ര ചുരുക്കുക, ജോലിക്കാർക്കും നാട്ടുകാർക്കും വാരിക്കോരി കൊടുക്കുന്നത്‌ നിർത്തി വിപണി അനുവദിക്കുന്ന പണം മാത്രം അവർക്കു കൊടുക്കുക, പണം മാത്രം വിഴുങ്ങുന്ന ഒരു കിടപ്പോരും ഇല്ലാത്ത സംരംഭങ്ങളിൽനിന്ന് വരുമാനം കിട്ടാനുള്ള ശ്രമങ്ങൾ നടത്തുക... അങ്ങനെ അകെ ഒരു സാമ്പത്തിക അച്ചടക്കം കൊണ്ടുവരിക. ചെലവുകൾ ചുരുക്കലായിരിക്കണം ബാലഗോപാലും ആദ്യം ചെയ്യേണ്ടത്. 

എത്ര ലക്ഷം കോടി കിട്ടും?

നമ്മൾക്കറിയാം സംസ്ഥാനത്തിന്റെ വരവ് മുഴുവനും ചെലവാകുന്നത് 10 ലക്ഷത്തിലധികം വരുന്ന അതിന്റെ ജോലിക്കാർക്ക് ശമ്പളവും പെൻഷനും നൽകാനും കടം തിരിച്ചടയ്ക്കുന്നതിനും അതിന്റെ പലിശ കൊടുക്കാനുമാണ്. ഈ വർഷം (2021-22) ശമ്പളവും പെൻഷനും കൊടുക്കാൻ ബജറ്റിൽ വകകൊള്ളിച്ചിരിക്കുന്നത് 62,951 കോടിയാണ്. പതിനൊന്നാം ശമ്പള കമ്മിഷൻ ശുപാർശകൾ അനുസരിച്ചു ശമ്പളവും പെൻഷനും വർധിപ്പിച്ചതുകൊണ്ട് കൂടുതൽ തുക ഇതിനു വേണ്ടി വരും. 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെയുള്ള ഈ വർധന സർക്കാരിന് ഒരു വർഷം 4810 കോടിയുടെ അധിക ചെലവാണ് വരുത്തുന്നത്.  

തൃശൂർ സബ് ട്രഷറിയിൽ പണം കൈപ്പറ്റാൻ എത്തിയവർ.

സംസ്ഥാനം ഈ വർഷം പ്രതീക്ഷിക്കുന്ന മൊത്തം വരുമാനം 1.31  ലക്ഷം കോടി രൂപയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വരുമാനം  ഈ ലക്ഷ്യത്തിന്റെ അടുത്തെങ്ങും എത്തുമെന്ന് ആർക്കും യാതൊരു പ്രതീക്ഷയുമില്ല. കഴിഞ്ഞ (2020- 21) വർഷം ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന വരുമാനം 1.15 ലക്ഷം കോടിയായിരുന്നു. കിട്ടിയതാകട്ടെ 93,433 കോടിയും. പ്രതീക്ഷിച്ചതിലും 19 ശതമാനത്തിന്റെ കുറവ്. അതുകൊണ്ടു 49,370 കോടി കടം എടുക്കാൻ ആലോചിച്ചിരുന്ന സ്ഥാനത്ത് 75,189 കോടി കടം എടുക്കേണ്ടി വന്നു. 

ഈ വർഷം സംസ്ഥാനം കൊടുക്കേണ്ട പലിശ 21,940 കോടിയാണ്. കടത്തിന്റെ തിരിച്ചടവ് 52,446 കോടിയും. കമ്മിറ്റഡ് എക്സ്പെന്റിച്ചർ ആയ ശമ്പളത്തിനും പെൻഷനും പലിശയ്ക്കും കൂടി 84,891 കോടി നൽകണം. കടത്തിന്റെ തിരിച്ചടവുകൂടി ആകുമ്പോൾ ഇത് 1,37,337 കോടിയാകും. അതായത്‌ ഈ വർഷം പ്രതീക്ഷിക്കുന്ന വരുമാനം കിട്ടിയാൽ തന്നെ 60,000 കോടിയിലധികം സംഘടിപ്പിച്ചാലേ  ഇതൊക്കെ കൊടുത്തു തീർക്കാൻ കഴിയൂ. പിന്നെ ബാക്കിയുള്ള ചെലവുകളോ? പൂസാകണമെങ്കിൽ പിന്നെയും കുടിക്കണമെന്ന് പറയുന്നതുപോലെ കടം തന്നെ ശരണം. ഈ വർഷം ബാലഗോപാൽ കടമെടുക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് 76,866 കോടിയാണ്. സംഗതികൾ മാറ്റമില്ലാതെ തുടരുകയാണെകിൽ ഇത് ഒരു ലക്ഷം കോടി കടക്കുമെന്നാണ് പബ്ലിക് ഫിനാൻസ് വിശാരദർ പ്രതീക്ഷിക്കുന്നത്.  

ശമ്പള കമ്മിഷന്റെ വരവ്

ശമ്പളവും പെൻഷനും വാങ്ങുന്നവരെ ആശ്രയിക്കുന്ന മൂന്നു വ്യക്തികൾ (ഭർത്താവ്/ഭാര്യ/ രണ്ടു കുട്ടികൾ) കൂടെ ഉണ്ടന്നു കരുതുക. അപ്പോൾ ശമ്പളത്തിന്റെയും പെൻഷന്റെയും പ്രയോജനം ലഭിക്കുന്നത് 40 ലക്ഷം പേർക്കാണ്. അതായത് കേരളത്തിലെ 11 ശതമാനത്തിനാണ് അതിന്റെ വരുമാനത്തിന്റെ മുക്കാൽ പങ്കും പോകുന്നത്. ഇതിന്റെ ഫലം അനുഭവിക്കുന്നതോ ബാക്കി വരുന്ന 89 ശതമാനവും. അവരുടെ കീശയാണ് കീറിക്കൊണ്ടേയിരിക്കുന്നത്. 

ശമ്പളവും പെൻഷനും മാത്രമല്ല ഇവർക്ക് ലഭിക്കുന്നത്. അതുകൂടാതെ അനവധി ആനുകൂല്യങ്ങളുമുണ്ട്. ആർജിത അവധി എന്നൊരു രീതിയുണ്ട്. ഇതനുസരിച്ച് ജീവനക്കാർക്ക് ഒരു വർഷം 30 ദിവസത്തെ അവധി എടുക്കാം. അങ്ങനെ അവധി എടുത്താൽ അവർക്കു ശമ്പളം നഷ്ടപ്പെടുകയില്ല. ഈ അവധി എടുത്തില്ലെങ്കിൽ അത് സർക്കാരിന് വിറ്റു കാശാക്കാം. ഭൂരിപക്ഷം ജീവനക്കാരും ഈ അവധി എടുക്കാറില്ല. അങ്ങനെ അവർക്ക് ഒരു മാസത്തെ അധിക ശമ്പളം കൂടി (അതും യാതൊരു പിടിത്തവും ഇല്ലാതെ) കിട്ടുന്നു. അപ്പോൾ അവർക്കു ഒരു വർഷം 13 മാസത്തെ ശമ്പളം കിട്ടും. 

ഈ അവധി പൂർണമായി എടുത്തില്ലെങ്കിൽ ശേഷിക്കുന്ന ദിവസത്തെ അവധി വിൽക്കാനാകും. ഇത് അതതു വർഷംതന്നെ വിൽക്കണമെന്നില്ല. മൂന്നു വർഷം  അവധി എടുക്കാതിരുന്നതിനു ശേഷം നാലാം വർഷത്തിൽ അവ (90 ദിവസം) ഒറ്റയടിക്ക് വിൽക്കാം. അപ്പോൾ വിൽക്കുന്ന സമയത്തെ ശമ്പളം അനുസരിച്ചായിരിക്കും പണം ലഭിക്കുക. അധ്യാപകർ, കോടതി ജീവനക്കാർ തുടങ്ങി വാർഷിക അവധി ഉള്ള ജീവനക്കാരൊഴിച്ചു ബാക്കിയുള്ളവർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. ഇതുകൂടാതെ ഓണക്കാലത്തു ബോണസ് ഉത്സവബത്ത അഡ്വാൻസ് എന്നിവ വേറെയും.

പുതിയ ശമ്പള പരിഷ്‌കാരം വന്നതോടുകൂടി ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 16,000ത്തിൽ നിന്ന് 23,100 ആയി. ഏറ്റവും കൂടിയ അടിസ്ഥാന ശമ്പളം 83,400ൽ നിന്ന് 1,66,800 ആയി. ഇതിന്റെ കൂടെ ഡിഎ, എച്ച്ആർഎ, സിസിഎ എന്നിവയും കൂടി കൂട്ടുന്നതാണ് ജീവനക്കാരുടെ മൊത്ത ശമ്പളം. പെൻഷനിലും സമാനമായ വർധനവുണ്ട്.

എങ്ങനെ സർക്കാരിനു പണം ലാഭിക്കാം?

സത്യം പറഞ്ഞാൽ സർക്കാരിന്റെ വരവെല്ലാം ഒരു ചെറിയ വിഭാഗത്തിനായി ചെലവഴിക്കുന്നത് ശരിയാണോ? അല്ലെന്നു ജീവനക്കാരും പെൻഷൻകാരും സമ്മതിക്കും. അപ്പോൾ ഇപ്പോഴത്തെ ആർഭാട ശമ്പളവും പെൻഷനും  ഇന്നത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക-സാമൂഹിക യാഥാർഥ്യത്തിലേക്ക് കൊണ്ടുവരണം. അങ്ങനെ ആകണമെങ്കിൽ ഇപ്പോഴത്തെ അടിസ്ഥാന ശമ്പളത്തിലും അടിസ്ഥാന പെൻഷനിലും 10 ശതമാനം മുതൽ 40 ശതമാനം വരെ കുറവ് വരുത്തണം. അങ്ങനെയായാൽ ഏതാണ്ട് 25,000 കോടിയോളം രൂപ സർക്കാരിനു ലാഭിക്കാൻ കഴിയും. 

പ്രതീകാത്മക ചിത്രം.

ഞങ്ങൾ നൽകുന്ന സേവനത്തിന്ന് ഞങ്ങൾക്ക് ഇപ്പോഴത്തെ ശമ്പളം കിട്ടിയേ മതിയാകൂ എന്ന് ജീവനക്കാർക്ക് അവകാശപ്പെടാൻ കഴിയുമോ? ഏറ്റവും കുറഞ്ഞ ശമ്പളം ഒരു ലക്ഷം രൂപ ആക്കിയാലും ജനങ്ങൾക്കു സർക്കാർ ജീവനക്കാരിൽനിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തിൽ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല. കുറഞ്ഞത് അഞ്ചു പ്രാവശ്യം നടത്താതെ ഒരു ഓഫിസും ജനത്തിന് ഒരു കാര്യവും നടത്തിക്കൊടുക്കാത്ത സ്ഥിതിയാണു പലപ്പോഴും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മര്യാദയ്ക്ക് പ്രവർത്തിക്കുന്ന എത്ര ഓഫിസുകളുണ്ട് കേരളത്തിൽ? ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്തുപോലും സർക്കാർ ഓഫിസുകളുടെ സമയം നിശ്ചയിക്കുന്നത് റെയിൽവേ ആണെന്ന കാര്യം ആർക്കാണ് അറിയാത്തത് .

മിക്ക ജീവനക്കാർക്കും പെൻഷൻകാർക്കും നല്ല സമ്പാദ്യമുണ്ട്. കഴിഞ്ഞ സർക്കാരിന്റെ അവസാന നാളുകളിൽ ഉയർന്ന പലിശയ്ക്ക് ട്രഷറി സ്ഥിരനിക്ഷേപം സ്വകരിച്ചിരുന്നല്ലോ. ഇതിലൂടെ ഏതാണ്ട് 10,000 കോടി രൂപ സമാഹരിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ നിക്ഷേപിച്ചവരിൽ ഏതാണ്ട് എല്ലാവരുംതന്നെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ആയിരുന്നു . 

‘വീടുഭ്രാന്ത്’ അവസാനിപ്പിക്കാൻ...

സർക്കാർ ആശുപത്രികൾ നടത്തിക്കൊണ്ടുപോകാൻ എന്തു പണമാണ് സർക്കാർ ചെലവഴിക്കുന്നത്? പക്ഷേ അവിടെ അദാനിയോ അംബാനിയോ ചികിത്സ തേടിയാൽ പോലും, അതിനു പണം കൊടുക്കാൻ അവർ തയാറാണെങ്കിൽ പോലും അതിനു വകുപ്പില്ല. അതു മാറണം. അർഹിക്കുന്നവർക്ക് നിശ്ചയമായും സേവനങ്ങൾ സൗജന്യമായി നൽകണം. ബാക്കിയുള്ളവരുടെ കയ്യിൽനിന്നും അവരുടെ വരവിന്റെ അടിസ്ഥാനത്തിൽ, അവർക്കു ലഭിക്കുന്ന സേവനത്തിനു പണം വാങ്ങണം. ചില സേവനങ്ങൾക്ക് എല്ലാവരിൽനിന്നും പണം വാങ്ങാം.

പ്രതീകാത്മക ചിത്രം.

അതുപോലെത്തന്നെ നമ്മുടെ സർക്കാർ സ്‌കൂളുകൾ. ഇന്ന് നമ്മുടെ പല സർക്കാർ സ്‌കൂളുകളും കെട്ടിലും മട്ടിലും പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്നവയല്ലേ? അവിടുത്തെ സേവനത്തിനും പണം നൽകാൻ കഴിവുള്ള കുട്ടികളിൽനിന്ന് അതു മേടിക്കണം. പല രാജ്യങ്ങളിലും നിലവിലിരിക്കുന്നതുപോലെ ഇവിടെയും വീടുകളുടെ വിസ്തീർണം കുടുബാംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമാക്കണം. അതു ലംഘിക്കുന്നവരിൽനിന്ന് വാർഷികമായി പിഴ ഈടാക്കിക്കൊണ്ടിരിക്കണം. ഇത് മലയാളിയുടെ ഇപ്പോഴത്തെ ‘വീടുഭ്രാന്തിനു’ തെല്ലു ശമനം വരുത്തും എന്നു മാത്രമല്ല നിർമാണങ്ങൾക്കുവേണ്ടിപ്രകൃതി വിഭവങ്ങൾ  ഒരു നിയന്ത്രണവുമില്ലാതെ ചൂഷണം ചെയ്യുന്നതിന് ഒരു ചെറിയ കുറവുണ്ടാവുകയും ചെയ്യും. 

ഒരു വ്യക്തിക്ക് 2 വീടുണ്ടെങ്കിൽ രണ്ടാമത്തെ വീടിനു കൂടുതൽ നികുതി ചുമത്താവുന്നതാണ്. അത് അടഞ്ഞുകിടക്കുകയെങ്കിൽ നികുതി പിന്നെയും കൂട്ടണം. 2011ലെ സെൻസെസ് അനുസരിച്ചു കേരളത്തിൽ 12 ലക്ഷം വീടുകൾ അടഞ്ഞുകിടക്കുന്നതായാണ് കണ്ടത്. ഇപ്പോൾ അത് 20 ലക്ഷത്തിൽ എത്തിക്കാണും. വീടുകൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം ഫാൻ ഉണ്ടായിരിക്കണം. തർക്കമില്ല. പക്ഷെ ഫാനിനു പകരം എസി ആണെങ്കിൽ അത് ആർഭാടമാണ്. തന്നെയുമല്ല എസി പുറംതള്ളുന്ന വാതകം അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് ഉയർത്തും അന്തരീക്ഷത്തിന്റെ പുറംതോടിൽ വിള്ളൽ വീഴ്ത്തും. അന്തരീക്ഷത്തെ മുറിവേൽപ്പിക്കുന്ന ഈ യന്ത്രം ഉപയോഗിക്കുന്നവർ അതിനു പിഴ നൽകിയേ മതിയാകൂ. 

ഒരു കുടുംബത്തിന് ഒരു കാറും ഒരു ഇരു ചക്രവാഹനവും ന്യായം. എന്നാൽ അതിൽ കൂടുതലാണെങ്കിൽ കൂടുതലായുള്ള ഓരോ വാഹനത്തിനും കൂടുതൽ നികുതി ചുമത്തണം. ഉദാഹരണത്തിന് ഒരു കുടുംബത്തിൽ 3 കാറുകൾ ഉണ്ടെന്നു വയ്ക്കുക. ആദ്യത്തെ കാറിനേക്കാൾ കൂടുതലായിരിക്കണം രണ്ടാമത്തെ കാറിന്. അതിലും കൂടുതലായിരിക്കണം മൂന്നാമത്തെ കാറിന്. വറ്റിവരണ്ടു കൊണ്ടിരിക്കുന്ന ഖജനാവ് നിറയ്ക്കാനുള്ള ഒരു ത്രെഡ് മാത്രമാണിത്. ഇത് പ്രയോഗത്തിൽ കൊണ്ടുവരുമ്പോൾ മന്ത്രിയുടെ ഭാവനാ ശക്തി അനുസരിച്ച് കൂടുതൽ പൊലിപ്പിച്ചെടുക്കാവുന്നതാണ്. 

എന്നാൽ പ്രശ്‍നം അവിടൊന്നുമല്ല. ഇക്കാര്യം അദ്ദേഹം എങ്ങനെ ‘ബോസിന്റെ’ മുന്നിൽ അവതരിപ്പിക്കും എന്നതാണ്. അദ്ദേത്തിന്റെ സ്വഭാവമനുസരിച്ച്, കേൾക്കുന്നതിന് മുൻപേ ‘കടക്കു പുറത്ത്’ എന്നായിരിക്കും പറയുക. സർക്കാരിന്റെ വരുമാനം വർധിപ്പിക്കാതെ കേരളത്തിനു മുന്നോട്ടുപോകാൻ സാധ്യമല്ല. അതിന് വാരിക്കോരി കൊടുക്കുന്നത് അവസാനിപ്പിക്കുക. സൗജന്യം അർഹർക്ക് മാത്രം നൽകുക. അതിന്റെ നിക്ഷേപങ്ങളിൽനിന്ന് വരുമാനം കിട്ടുന്നു എന്ന് ഉറപ്പുവരുത്തുക. അല്ലാത്തവയ്ക്കു താഴിടുക. ഈ ചികിത്സയേ സംസ്ഥാനത്തു ഫലപ്രദമാകൂ. 

(ലേഖകൻ പ്രമുഖ ഇംഗ്ലിഷ് ദിനപത്രങ്ങളിൽ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Engish Summary: How Kerala Can Increase it's Revenue? What are the Extra Expenses?