ഏപ്രിൽ 24 മുതൽ മെയ് 6 വരെ മൂർഖനെ ഒരു ബോട്ടിലിൽ ഭക്ഷണംകൊടുക്കാതെ പിടിച്ചുവയ്ക്കുകയാണ് സൂരജ് ചെയ്‌തത്‌. വിശന്ന് തളർന്ന പാമ്പിനെ ഉപയോഗിച്ചു ഉത്രയെ വകവരുത്തുന്നതിനാണ് അതിനെ പട്ടിണിക്കിട്ടത്. ഈ കുറ്റങ്ങൾ നടത്തിയ സൂരജിനോട് എന്ത് ശിക്ഷയാണ് വിധിക്കേണ്ടത് എന്ന് ചോദിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജിയോട്....Kerala Snakebite Murder Case, Uthra Murder, Manorama Online

ഏപ്രിൽ 24 മുതൽ മെയ് 6 വരെ മൂർഖനെ ഒരു ബോട്ടിലിൽ ഭക്ഷണംകൊടുക്കാതെ പിടിച്ചുവയ്ക്കുകയാണ് സൂരജ് ചെയ്‌തത്‌. വിശന്ന് തളർന്ന പാമ്പിനെ ഉപയോഗിച്ചു ഉത്രയെ വകവരുത്തുന്നതിനാണ് അതിനെ പട്ടിണിക്കിട്ടത്. ഈ കുറ്റങ്ങൾ നടത്തിയ സൂരജിനോട് എന്ത് ശിക്ഷയാണ് വിധിക്കേണ്ടത് എന്ന് ചോദിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജിയോട്....Kerala Snakebite Murder Case, Uthra Murder, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏപ്രിൽ 24 മുതൽ മെയ് 6 വരെ മൂർഖനെ ഒരു ബോട്ടിലിൽ ഭക്ഷണംകൊടുക്കാതെ പിടിച്ചുവയ്ക്കുകയാണ് സൂരജ് ചെയ്‌തത്‌. വിശന്ന് തളർന്ന പാമ്പിനെ ഉപയോഗിച്ചു ഉത്രയെ വകവരുത്തുന്നതിനാണ് അതിനെ പട്ടിണിക്കിട്ടത്. ഈ കുറ്റങ്ങൾ നടത്തിയ സൂരജിനോട് എന്ത് ശിക്ഷയാണ് വിധിക്കേണ്ടത് എന്ന് ചോദിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജിയോട്....Kerala Snakebite Murder Case, Uthra Murder, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം/കോട്ടയം/തിരുവനന്തപുരം∙ പാമ്പുകളെ സംബന്ധിച്ച അനുഭവജ്ഞാനവും ശാസ്ത്രീയ വിജ്ഞാനവും ഒരുപോലെ ഉപയോഗിച്ചാണ് പ്രോസിക്യൂഷൻ ഉത്ര വധക്കേസിൽ അനുകൂല വിധി ഉണ്ടാക്കിയത്. ശാസ്ത്രീയമായ വിശകലനങ്ങൾക്കൊപ്പം പാമ്പുകളോട് അടുത്ത് സമ്പർക്കം പുലർത്തുന്ന വാവ സുരേഷിന്റെ അനുഭവജ്ഞാനവും കേസിൽ പ്രയോജനപ്പെടുത്തി. ഇത്തരം സാഹചര്യങ്ങളിൽ മിക്കപ്പോഴും ശാസ്ത്രീയജ്ഞാനവും അനുഭവജ്ഞാനവും രണ്ടു തട്ടിൽ നിൽക്കുന്നതാണ് പതിവെങ്കിലും ഇവിടെ കാര്യമായ വൈരുധ്യമുണ്ടാകാതിരുന്നത് കേസിന് പ്രയോജനപ്പെട്ടെന്ന് ഉത്ര കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. ജി.മോഹൻരാജ് പറയുന്നു.

സൂരജ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം വിധി വന്നതിനു ശേഷം പ്രോസിക്യൂട്ടറെ കണ്ട് അഭിനന്ദനം അറിയിക്കാൻ വാവ സുരേഷ് എത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ട സഹായങ്ങൾ നൽകിയതിന് അഡ്വ.മോഹൻരാജും സുരേഷിന് നന്ദി അറിയിച്ചു. അണലി കടിച്ചാൽ അതിതീവ്രമായ വേദനയുണ്ടാകുമെന്ന് ഒട്ടേറെത്തവണ പാമ്പ് കടിയേറ്റിട്ടുള്ള സ്വന്തം അനുഭവം ചൂണ്ടിക്കാട്ടിയാണ് സുരേഷ് കോടതിയിൽ ബോധിപ്പിച്ചത്. കടുത്ത വേദനയിൽ ഉത്ര പുളയുമ്പോൾ അടുത്ത കൊലപാതകശ്രമം ആസൂത്രണം ചെയ്ത സൂരജിന്റെ ക്രൂരത പ്രോസിക്യൂഷൻ കോടതിക്കു മുന്നിൽ ചൂണ്ടിക്കാട്ടി. അണലി കടിച്ചിട്ടും ഉത്ര ഉണർന്നില്ല എന്നതിനർഥം മയക്കത്തിലായിരിക്കണം എന്നു സുരേഷ് പറയുന്നു.

ADVERTISEMENT

രണ്ടാമത്തെ നിലയിൽ വച്ചു പാമ്പുകടിയേറ്റതിലെയും തുടർച്ചയായി പാമ്പു കടിക്കുന്നതിലെയും അസ്വാഭാവികത ഇതു കേസ് ആകുന്നതിനു മുൻപുതന്നെ സുരേഷ് ചൂണ്ടിക്കാണിച്ചിരുന്നു. കുറ്റാരോപണം ഉയരുന്നതിനു മുൻപുതന്നെ, പാമ്പുകളുമായി അടുത്തു ബന്ധമുള്ള വാവ സുരേഷ് സംശയം ഉന്നയിച്ചിരുന്ന കാര്യം, തന്റെ വാദത്തിൽ ചൂണ്ടിക്കാട്ടിയിരുന്നെന്നും അഡ്വ.മോഹൻരാജ് പറഞ്ഞു.

അഡ്വ.മോഹൻരാജും വാവ സുരേഷും

രണ്ടാമത്തെനിലയിൽനിന്ന് പാമ്പിനെ പിടികൂടേണ്ടി വന്നിട്ടില്ലെന്നും സൂരജിന്റെ വീടുള്ള പ്രദേശത്ത്‌ അണലിയെ കാണാറില്ലെന്നും സുരേഷ് പറഞ്ഞു. എത്ര തവണ പാമ്പുകടിയേറ്റു, അണലി കടിച്ചാൽ എന്താണ് അനുഭവം, അണലി കടിച്ചിട്ടും ഉത്ര അതറിയാതെ പോയത് എന്തുകൊണ്ടായിരിക്കാം, രണ്ടാമത്തെ നിലയിൽ വച്ച് അണലി കടിച്ചതിൽ എന്താണു സംശയം തോന്നിയത് തുടങ്ങിയ ചോദ്യങ്ങൾ കോടതിയിൽ നേരിട്ടതായി സുരേഷ് ഓർക്കുന്നു

ജനലിൽക്കൂടി മുറിയിലേക്ക്‌ പാമ്പ് കയറിയെന്നായിരുന്നു സൂരജ് പറഞ്ഞിരുന്നത്. താൻ ഇക്കാര്യത്തിൽ ആദ്യം മുതലേ സംശയം പ്രകടിപ്പിച്ചിരുന്നതായി സുരേഷ് ചൂണ്ടിക്കാട്ടി. പാമ്പ് ഇഴഞ്ഞുപോയതിന്റെ പാടുകളില്ലായിരുന്നു. പാമ്പ് ഉയരത്തിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ ചുണ്ട് ചുവരിൽ ഉരഞ്ഞ് അവിടെ പാമ്പിന്റെ ഉമിനീര്‌ ഉണ്ടാകാനിടയുണ്ട്‌. അതവിടെ കണ്ടില്ല. ജനലിൽ ആറുമാസത്തിലേറെ പഴക്കമുള്ള പൊടിയുണ്ടായിരുന്നെന്നും പാമ്പ് ഇഴഞ്ഞുപോയാൽ പാടുണ്ടാകുമായിരുന്നെന്നും കോടതിയിൽ ചൂണ്ടിക്കാട്ടിയതായി വാവ സുരേഷ് പറഞ്ഞു. 

സുരേഷിനെപ്പോലെ പാമ്പുകളുമായി അടുത്തു സമ്പർക്കമുള്ളവരോടും സർപ്പശാസ്ത്രജ്ഞരോടും ഏറെക്കാര്യങ്ങൾ കേസിനു വേണ്ടി ചർച്ച ചെയ്തിരുന്നതായി അഡ്വ. ജി.മോഹൻരാജ് പറഞ്ഞു. പാമ്പുകളുമായി ബന്ധപ്പെട്ട ഏറെ പുസ്തകങ്ങൾ പഠിച്ചു. വാദം പൂർത്തിയായപ്പോഴേക്കും താനും സുരേഷിനെപ്പോലെ ഒരു ‘പാമ്പുവിദഗ്ധനായി’ മാറിയെന്നും ജി.മോഹൻരാജ് പറയുന്നു.

ADVERTISEMENT

‘ഹോമിസൈഡൽ സ്‌നേക് ബൈറ്റ്’ എന്ന പാഠപുസ്തകം

ഉത്ര കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമായാണ് പൊലീസും വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്. ഇതാദ്യമായാണ് കൊലപാതകത്തിന് പാമ്പിനെ ഉപയോഗിച്ച സംഭവം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ നാമമാത്രമായ കേസുകൾ മാത്രമാണ് കോടതിയിൽ എത്തിയിട്ടുള്ളത്. അതിൽ കുറ്റം തെളിയിക്കാനാവാതെ പോയ കേസുകളാണ് ഇതുവരെയുമുണ്ടായിട്ടുള്ളതും. ശാസ്ത്രയ തെളിവുകളുടെ അഭാവത്താലാണ് മുൻ കേസുകൾ പലതും തള്ളിപ്പോയത്. എന്നാൽ അതുൾപ്പെടെ പഠിച്ചാണ് കേരള പൊലീസ് സൂരജിനെ കുടുക്കിയത്.

പൊലീസിനൊപ്പം കോടതിയിലെത്തിയ സൂരജ്. ചിത്രം: മനോരമ

പാമ്പിനെക്കൊണ്ടു കടിപ്പിച്ചുള്ള കൊലപാതകങ്ങൾ എങ്ങനെ തെളിയിക്കുമെന്നാലോചിച്ചു തല പുകച്ച രാജ്യത്തെ പൊലീസ് സേനയ്ക്ക് വഴികാട്ടിയായത് കേരള പൊലീസിനും അഭിമാനിക്കാവുന്ന നേട്ടമാണ്. രാജ്യത്ത് അധികമൊന്നും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ‘ഹോമിസൈഡൽ സ്‌നേക് ബൈറ്റ്’ കുറ്റകൃത്യത്തിന്റെ ഉള്ളറകൾ തേടി കേരളാ പൊലീസ് നടത്തിയ അന്വേഷണരീതികൾ അത്രയേറെ യുക്തിഭദ്രമായിരുന്നു.

ഉത്രയുടെ മരണത്തിലേക്കു നയിച്ചത്...

ADVERTISEMENT

2020 മെയ് 7നാണ് കൊല്ലം അഞ്ചലിലെ വീട്ടിൽ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉത്ര മരിച്ച് ദിവസങ്ങൾക്കുള്ളിൽ സൂരജാണ് കൊലപാതകിയെന്ന ആരോപണം ഉത്രയുടെ മാതാപിതാക്കൾ ഉന്നയിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് ഉത്രയെ കൊലപ്പെടുത്തിയത് എന്നായിരുന്നു ആരോപണം. ഉത്ര മരണപ്പെടുന്നതിന് 2 മാസം മുൻപും അണലിയുടെ കടിയേറ്റതിനെ തുടർന്ന് 52 ദിവസം കിടപ്പിലായിരുന്നതും പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടി വന്നതുമെല്ലാം അന്വേഷണസംഘത്തിൽ സംശയം ജനിപ്പിച്ചു.

‘സർപ്പകോപമേറ്റാണ്’ ഉത്ര മരണമടഞ്ഞതെന്ന സൂരജിന്റെ വീട്ടുകാരുടെ വാദവും ഉത്രയുടെ മാതാപിതാക്കൾ നൽകിയ മൊഴിയും അവർക്കു മേൽ സംശയം നീളാൻ കാരണമായി. മുൻ കൊല്ലം റൂറൽ എസ്‌പി ഹരിശങ്കർ, ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ.അശോകൻ എന്നിവർ ചേർന്നാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ഇവരുടെ ശാസ്ത്രീയമായ അന്വേഷണമാണ് പ്രതിയെ പിടിക്കുന്നതിൽ നിർണായകമായതും.

ഉത്രയുടെ ചിത്രവുമായി മാതാപിതാക്കൾ. ഫയൽ ചിത്രം

സൂരജ് ചെയ്‌ത കുറ്റം

ഒരിക്കൽ താൻ ചെയ്‌ത കുറ്റം മാധ്യമപ്രവർത്തകരുടെ മുൻപിൽ തുറന്നു സമ്മതിച്ച വ്യക്തിയാണ് സൂരജ്. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയായ ചാവറുകാവ് സുരേഷ് എന്ന വ്യക്തിയിൽനിന്ന് 10,000 രൂപയ്ക്ക് രണ്ട് ഘട്ടങ്ങളിലായി അണലിയെയും മൂർഖനെയും വാങ്ങിയതായി കുറ്റസമ്മതം നടത്തുകയും ചെയ്‌തിരുന്നു. 100 പവൻ സ്വർണ്ണവും 10 ലക്ഷം രൂപയും കാറും സ്ത്രീധനമായി ലഭിച്ച ശേഷമാണ് കൂടുതൽ പണം കൈക്കലാക്കാൻ സൂരജ് ശ്രമിച്ചത്. ഏപ്രിൽ 24 മുതൽ മേയ് 6 വരെ മൂർഖനെ ഒരു കുപ്പിയിൽ ഭക്ഷണംകൊടുക്കാതെ പിടിച്ചുവയ്ക്കുകയാണ് സൂരജ് ചെയ്‌തത്‌.

വിശന്നു തളർന്ന പാമ്പിനെ ഉപയോഗിച്ച് ഉത്രയെ വകവരുത്തുന്നതിനാണ് അതിനെ പട്ടിണിക്കിട്ടത്. ഈ കുറ്റങ്ങൾ നടത്തിയ സൂരജിനോട് എന്ത് ശിക്ഷയാണ് വിധിക്കേണ്ടത് എന്ന് ചോദിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജിയോട് ‘എനിക്കൊരു സഹോദരിയും പ്രായമായ മാതാപിതാക്കളുമുണ്ടെന്ന്’ സൂരജ് അപേക്ഷിച്ചെങ്കിലും കുറ്റത്തിന്റെ സ്വഭാവം കണക്കിലെടുത്ത കോടതി ഇയാളുടെ വാദങ്ങൾ തള്ളിക്കളയുകയായിരുന്നു. ഇന്ത്യൻ പീനൽ കോഡ് 302 (കൊലപാതക ശ്രമം), 328 (വിഷം നൽകി അപായപ്പെടുത്താൻ ശ്രമിക്കൽ), 201 (തെളിവ് നശിപ്പിക്കൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സൂരജിനെ കുറ്റക്കാരനായി കോടതി പ്രഖ്യാപിച്ചത്.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ. മോഹൻ രാജ് പറയുന്നത് കേവലം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല സൂരജ് കൊലയ്ക്ക് മുതിർന്നത് എന്നാണ്: ‘ഉത്രയുടെ സ്വത്ത് മുഴുവൻ കൈക്കലാക്കുന്നതിനാണ് സൂരജ് അവരെ ഇല്ലാതാക്കിയത്. കൊലപാതകം നടത്തുന്നതിന് ഒരു ദിവസം മുൻപുതന്നെ ഉത്രയുടെ ആഭരണങ്ങളുടെ വലിയൊരു പങ്കും സൂരജ് കൈവശപ്പെടുത്തിയിരുന്നു.’ ഉത്രയുടെ അടൂരിലെ വീട്ടിൽ മണ്ണിനടിയിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയതും നിർണായക തെളിവായി.

തെളിവെടുപ്പിനായി സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടിൽ എത്തിച്ചപ്പോൾ. ഫയൽ ചിത്രം. മനോരമ

ആയിരത്തോളം പേജ് നീളുന്ന കുറ്റപത്രത്തിൽ സൂരജ് കൊലപാതകം നടത്താനായി സ്വീകരിച്ച വഴികൾ ഓരോന്നും വിശദമായി വ്യക്തമാക്കുന്നു. കുറ്റം നടത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് പാമ്പുകടിയേയും പാമ്പിനെ എങ്ങനെ പ്രകോപിപ്പിക്കാൻ സാധിക്കുമെന്ന് അറിയാനും സൂരജ് നടത്തിയ യുട്യൂബ്, ഇന്റർനെറ്റ് സേർച്ചുകളെപ്പറ്റിയും പരാമർശിക്കുന്നുണ്ട്.

‘ഉത്ര മോഡൽ’ കൊലപാതകങ്ങൾ

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ സമാനമായി നടന്ന ചില കേസുകൾ പഠിച്ച ശേഷമാണ് കേസന്വേഷണത്തിന് പൊലീസ് ഒരുങ്ങിയത്. കോടതിയിൽ തള്ളിപ്പോയ കേസുകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ആ കേസുകൾ എങ്ങനെയാണ് പരാജയപ്പെട്ടതെന്ന് പഠിച്ച പൊലീസ് സംഘം ഉത്ര കേസിൽ പഴുതടച്ച അന്വേഷണരീതിയാണ് നടത്തിയത്. അതും സാധാരണ പല കേസുകളിലും സംഭവിക്കുന്ന വേഗതക്കുറവ് ഉണ്ടാവാതെ, ഒരു വർഷം കൊണ്ട് അന്വേഷണത്തിന്റെ അവസാനഘട്ടമായ ശിക്ഷാനടപടികളിൽ എത്തിക്കാനായതും കേരള പൊലീസിന്റെ നേട്ടമായി.

2011ൽ മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ നടന്ന കേസാണ് ആദ്യം പരിശോധിച്ചത്. അച്ഛനെയും രണ്ടാനമ്മയെയും മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതാണ് സംഭവം. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിക്കാതിരുന്നത് കേസ് അന്വേഷിച്ച പോലീസിന്റെ അനാസ്‌ഥ മൂലമാണെന്ന് അന്നു വിമർശനമുയർന്നിരുന്നു. കേസിലെ പ്രധാന സാക്ഷി കൂറുമാറിയതും കുറ്റം തെളിയിക്കുന്നതിൽ പരാജയപ്പെടാൻ കാരണമായി.

Representative Image: ShutterStock

മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന സംഭവവും കൊല്ലം പൊലീസ് വിശദമായി പഠിച്ചിരുന്നതാണ്. ഭാര്യയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം പാമ്പ് കടിച്ചതാണെന്ന് വരുത്തിത്തീർക്കുകയാണ് കേസിലെ കുറ്റക്കാരനായ അമിതേഷ്‌ പടേരിയ ചെയ്‌തത്‌. 36 വയസ്സുകാരനായ മുൻ ബാങ്ക് ഉദ്യോഗസ്ഥനായ പടേരിയയെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്താൻ പ്രതിക്ക് കുടുബാംഗങ്ങളുടെ സഹായവും ലഭിച്ചതായി പൊലീസ് പറയുന്നു. ഇതുൾപ്പെടെയുള്ള കേസുകളാണ് ഉത്ര വധക്കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്പി എസ്. ഹരിശങ്കറിന്റെ നേതൃത്വത്തില്‍ പഠിച്ചത്.

നാഗ്‌പൂർ കേസിന് എന്ത് സംഭവിച്ചു?

നാഗ്‌പൂർ സംഭവത്തിൽ 84 വയസ്സുകാരനായ ഗണപത്റാവുവും രണ്ടാം ഭാര്യ 78 വയസ്സുകാരിയായ സരിതാ ബായിയുമാണ് കൊല്ലപ്പെട്ടത്. ഗണപത് റാവുവിന്റെ മകന്‍ നിര്‍ഭയയായിരുന്നു ഈ കൊലപാതകത്തിനു പിന്നിലെന്നായിരുന്നു പൊലീസ് നിഗമനം. കാറിനുള്ളിൽ പാമ്പു പിടുത്തക്കാരനെ കയറ്റി മാതാപിതാക്കളെ കൊല്ലിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. കേസിലെ കൂട്ടുപ്രതികളായ പ്രകാശ് ഇന്‍ഗോള്‍, കമല്‍ ബദേല്‍, പാമ്പ് പിടിത്തക്കാന്‍ സന്ദീപ് എന്നിവര്‍ നാഗ്‌പൂർ പൊലീസിന്റെ പിടിയിലാവുകയും ചെയ്‌തു.

പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ പാമ്പുകടിയേറ്റ പാടുകളെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ ശാസ്ത്രീയമായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനു സാധിച്ചില്ല. പാമ്പ് കടിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും കേസിലെ പ്രതികളുടെ പങ്ക്, മനഃപൂർവ്വമായ കൊലപാതകമായിരുന്നു എന്നീ വാദങ്ങൾ കോടതിയിൽ തെളിയിക്കാനായില്ല. ഇതോടെ കോടതി അവരെ വെറുതെ വിടുകയാണ് ചെയ്‌തത്‌.

ഉത്ര കേസ് എങ്ങനെ തെളിയിച്ചു?

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കേസിന് അതിവേഗം തീർപ്പു കൽപിക്കാനായിരുന്നു പോലീസിന്റെ പ്രധാന ദൗത്യം. അതിനാദ്യമായി സാക്ഷി പട്ടിക ശേഖരിച്ചു. ഉത്രയുടെ പിതാവിന്റെ അടക്കമുള്ള സാക്ഷിമൊഴികൾ കേസിന് ബലം നൽകി. സൂരജിന്റെ മുൻകാല പ്രവൃത്തികളും അയാളുടെ പണത്തോടുള്ള കൊതിയും തെളിയിക്കപ്പെടാൻ ഉത്രയുടെ മാതാപിതാക്കളുടെ മൊഴി നിർണായകമായി.

സൂരജിന് പാമ്പിനെ നൽകിയ സുരേഷിന്റെ മൊഴിയാണ് കേസിന് കോടതിയിൽ ബലമായ മറ്റൊരു പ്രധാന ഘടകം. എന്തിനാണ് വിഷം ചീറ്റുന്ന പാമ്പുകളെ സംശയമില്ലാതെ സൂരജിന് നൽകിയത് എന്ന പോലീസിന്റെ ചോദ്യത്തിന് അയാൾ നൽകിയ മറുപടി ഇതായിരുന്നു. ‘എന്നെ കാണാൻ വന്ന സൂരജ് കൊലപാതകത്തിന്റെ കാര്യമൊന്നുമല്ല പറഞ്ഞത്. അയാൾ എന്നെ ചതിക്കുകയായിരുന്നു. അവരുടെ പ്രദേശത്തെ എലി ശല്യത്തിന് പരിഹാരം കാണാനാണ് പാമ്പുകളെ വാങ്ങിക്കുന്നത് എന്നതായിരുന്നു എന്നോട് പറഞ്ഞത്.’

എങ്ങനെ തെളിയിച്ചു ‘ഹോമിസൈഡൽ സ്നേക് ബൈറ്റ്?’

ഹോമിസൈഡൽ സ്നേക്ക് ബൈറ്റ്’ അല്ലെങ്കിൽ ‘പാമ്പിനെക്കൊണ്ട് കടിപ്പിച്ചുള്ള കൊലപാതകമാണ് സൂരജ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. രാജ്യാന്തര കുറ്റാന്വേഷണ ശാസ്ത്ര രംഗത്തുതന്നെ ഇത്തരമൊരു കേസ് ഇതാദ്യമാണ്. പാമ്പ് എന്ന പ്രകൃതിദത്ത ആയുധം ഉപയോഗിച്ച് എതിരാളിയെ എങ്ങനെ കൊല്ലാമെന്നും ആ കൊലപാതകം അന്വേഷിച്ചു കണ്ടെത്താമെന്നും ഉത്ര വധക്കേസ് വിവരിക്കുന്നു.

രണ്ടു വട്ടമാണ് ഉത്രയെ പാമ്പു കടിച്ചത്. ആദ്യം അണലി പിന്നീട് മൂർഖൻ. ആദ്യം സൂരജിന്റെ വീട്ടിലും പിന്നീട് ഉത്രയുടെ വീട്ടിലും. രണ്ടിടത്തും നടത്തിയ സ്ഥല പരിശോധന സംശയങ്ങൾ ദുരീകരിച്ചു. സ്ഥലപരിശോധനയ്ക്ക് ഒപ്പം പാമ്പുകളുടെ സ്വഭാവം സംബന്ധിച്ചും പഠിച്ചു. അതോടെ പാമ്പു കടിച്ചുള്ള മരണത്തിൽ പൊരുത്തക്കേടു കണ്ടെത്തി. ഉത്രയെ അണലി കടിച്ചത് വീടിന്റെ ഒന്നാംനിലയിൽ വച്ചാണ്. റസൽ വൈപ്പർ വിഭാഗത്തിൽപ്പെട്ട അണലി മരത്തിൽ കയറില്ല. അണലി കടിക്കുന്നത് തറയിൽ വച്ചാണ്. അല്ലെങ്കിൽ ആരെങ്കിലും അണലിയെ മുകളിൽ എത്തിക്കണം.

അന്ന് സൂരജിന്റെ വീട്ടിൽ പരിശോധന നടക്കുമ്പോൾ സൂരജിന്റെ അമ്മ വന്നു. ജനലിനു സമീപത്തെ മരക്കൊമ്പ് കാണിച്ച് പൊലീസിനോട് പറഞ്ഞു. ഈ മരക്കൊമ്പ് വഴിയാണ് പാമ്പു വന്നത്. അത് വെട്ടിക്കളയാൻ നേരത്തേ സൂരജിനോട് പറഞ്ഞതാണെന്നും അമ്മ പറഞ്ഞു. അതിനു ശേഷം പൊലീസ് അയൽക്കാരെ കണ്ടപ്പോൾ കള്ളി പൊളിഞ്ഞു. ആ മരക്കൊമ്പ് അടുത്ത കാലത്ത് ചായ്ച്ചു നിർത്തിയതാണെന്ന് അയൽക്കാർ മൊഴി നൽകി. അതോടെ സംശയം ബലപ്പെട്ടു.

ഉത്രയുടെ മരണത്തിനു കാരണമായ പാമ്പുകടിയേറ്റ വീട്ടിലെ മുറിക്ക് വാതിലിനു പുറമേ 2 ജനലും 3 വെന്റിലേറ്ററുമുണ്ട്. 2 മീറ്റർ പൊക്കത്തിലാണ് വെന്റിലേറ്റർ. 150 സെന്റിമീറ്റർ ഉയരത്തിലാണ് ജനലുകൾ. ഇവിടെ പൊലീസ് വെറ്ററിനറി മേഖലയിലെ വിദഗ്ധരുടെ സഹായം തേടി. മൂർഖന് സ്വന്തം നീളത്തിന്റെ മുന്നിലൊന്ന് മാത്രമേ സ്വയം പൊങ്ങാൻ കഴിയൂ. ഉത്രയെ കടിച്ച പാമ്പിന്റെ നീളം 150 സെന്റിമീറ്ററാണ്. അതിനാൽ 50 സെന്റിമീറ്ററിൽ കൂടുതൽ പാമ്പിന് പൊങ്ങാൻ കഴിയില്ല. ചുറ്റിക്കയറാൻ ഒരു വസ്തുവും സമീപത്ത് ഉണ്ടായിരുന്നതുമില്ല. അതോടെ പാമ്പിനെ മുറിയിൽ കൊണ്ടുവന്നതാണെന്നും തെളിഞ്ഞു.

മൂർഖന്‍ വിഷത്തിൽ ‘പിശുക്കൻ’

പ്രകോപനമില്ലാതെ മൂർഖൻ കടിക്കില്ല. മൂർഖന് വിഷം ഉണ്ടായി വരാൻ സമയം എടുക്കും. അതിനാൽ വളരെ പിശുക്കോടെയാണ് മൂർഖൻ വിഷം ഉപയോഗിക്കുക. ശത്രുവിനെ പേടിപ്പിക്കുക, വിഷമില്ലാതെ കടിക്കുക, വിഷം ചെറിയ അളവിൽ ഉപയോഗിക്കുക, ശരിക്കും വിഷം കുത്തിവച്ച് കടിക്കുക എന്നിവയാണ് മൂർഖന്‍ കടിക്കുന്നതിന്റെ രീതി. ഉത്രയെ രണ്ടു വട്ടം വിഷത്തോടെയാണ് മൂർഖൻ കടിച്ചത്.

പൊലീസ് നടത്തിയ ഡമ്മി പരീക്ഷണം.

കേസിലെ ഊഹാപോഹങ്ങൾക്ക് അവസാനമിടുന്ന ശാസ്ത്രീയ തെളിവു തേടി പൊലീസ് നടത്തിയ നീക്കങ്ങളിലൊന്ന് ഡമ്മി പരീക്ഷണമാണ്. പാമ്പ് സ്വാഭാവികമായി കടിക്കുന്നതും പാമ്പിനെകൊണ്ട് കൊല്ലാനായി കടിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം ശാസ്ത്രീയമായി കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഉത്രയുടെയത്ര ശരീരഭാരമുള്ള ഡമ്മി കട്ടിൽ കിടത്തിയശേഷം ഉത്രയെ കടിച്ച അത്രയുംതന്നെ വലുപ്പമുള്ള അഞ്ചടി നീളമുള്ള മൂർഖനെകൊണ്ട് കടിപ്പിക്കുകയായിരുന്നു.

ഡമ്മിയിലേക്ക് പാമ്പിനെ ഇട്ടുകൊടുത്തെങ്കിലും മൂന്നു തവണയും പാമ്പ് ഒന്നും ചെയ്തില്ല. പിന്നീട് കയ്യുടെ ഡമ്മിയിൽ കോഴിയിറച്ചി കെട്ടിവച്ച് പാമ്പിന്റെ മുന്നിലേക്ക് വച്ചിട്ടും പാമ്പ് കടിക്കാൻ മടിച്ചു. പാമ്പിനെ നല്ലതുപോലെ പ്രകോപിപ്പിച്ചിട്ടും പാമ്പ് പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ഒഴിഞ്ഞുമാറുകയായിരുന്നു. അവസാനം കാര്യമായി പ്രകോപിച്ചപ്പോൾ കടിച്ചു. 1.7–1.8 െസ‌ന്റിമീറ്ററായിരുന്നു മുറിവിന്റെ ആഴം. അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ പ്രകോപിപ്പിച്ചാൽ പോലും ഇത്രയുമേ കടിയേൽക്കുകയുള്ളു. ഉത്രയുടെ കയ്യിൽ കടിയുടെ ആഴം 2.8 സെന്റി മീറ്ററും 2.3 സെന്റി മീറ്ററുമാണ്.

ഏഴടിക്കു മുകളിൽ വലുപ്പമുള്ള മൂർഖൻ പാമ്പിനു പോലും സ്വാഭാവികമായ കടിയിൽ ഇത്രയും വലുപ്പത്തിലുളള മുറിവുണ്ടാക്കാനാകില്ല. അങ്ങനെ വീണ്ടും ഡമ്മിയിൽ പാമ്പിന്റെ തല പിടിച്ചുവച്ച് കടിപ്പിച്ചു പരീക്ഷണം നടത്തി. പാമ്പുകളിൽനിന്ന് വിഷം എടുക്കുന്നതും ഇൗ രീതിയിലാണ്. പാമ്പിനെ ആരോ പിടിച്ച് ബലമായി മറ്റൊരാളെ കടിപ്പിക്കുമ്പോഴാണ് തലയോട്ടി വികസിച്ച് കടിയുടെ പാടുകൾ തമ്മിലുള്ള അകലം കൂടുന്നത്. ഇൗ കടിയിൽ ശാസ്ത്രീയമായ തെളിവുകൾ ഉറപ്പായി. ഉത്രയുടെ കയ്യിലെ മുറിവിന്റെ വലുപ്പത്തിന്റെയും അത്രയുംതന്നെ വലുപ്പം ആ ശ്രമത്തിൽ കണ്ടെത്താനായി. ഇക്കാര്യങ്ങളെല്ലാം കോടതിയിൽ വ്യക്തമാക്കാൻ വിഡിയോയും പകർത്തിയിരുന്നു.‌

അടിമുടി പഠിച്ചു പാമ്പിനെപ്പറ്റി...

പാമ്പിൽനിന്നു വിഷമെടുക്കുന്ന രീതിയാണ്‌ ഉത്രയെ കൊലപ്പെടുത്താൻ പ്രയോഗിച്ചതെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിരുന്നു. പാമ്പിന്റെ തല പിടിച്ചുവച്ച് ഉത്രയുടെ കയ്യിൽ കടിപ്പിക്കുകയായിരുന്നു. വിഷം കുത്തിയിറക്കുന്നതുവരെ പാമ്പിന്റെ തല അമർത്തിയിരുന്നു. അങ്ങനെയാണ് പാമ്പിന്റെ പല്ലുകൾ ഇത്രയേറെ ഉത്രയുടെ കയ്യിലേക്ക് അമർന്നത്. സൂരജ് ഇതിന് മുൻപ് 2 ആഴ്ചയോളം നിരന്തരം കണ്ട യുട്യൂബ് വിഡിയോകൾ പാമ്പിൽനിന്ന് വിഷം എടുക്കുന്ന രീതിയാണെന്നതും കണ്ടെത്തി.

പാമ്പ് ഇഴഞ്ഞു വന്നു കടിച്ചുവെന്നാണ് സൂരജിന്റെ പ്രതിരോധം. മൂർഖൻ ഭക്ഷണം കഴിച്ചാൽ ഏഴ് ദിവസം അവശിഷ്'ടം വയറ്റിലുണ്ടാകുമെന്നാണ് പഠനം. ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. വയറ്റിൽ ഒന്നുമില്ല. അതിനർഥം പാമ്പ് ഇഴഞ്ഞു വന്നതല്ല. ആരോ കുപ്പിയിൽ കുറച്ചു ദിവസമായി സൂക്ഷിച്ചതാണ്. സുരേഷ് നൽകിയ പാമ്പാണ് ഉത്രയെ കടിച്ചതെന്ന് ഡിഎൻഎ പരിശോധനയിലും സ്ഥിരീകരിച്ചു. സൂരജ് പാമ്പിനെ സൂക്ഷിച്ച ഡപ്പയിലെ അവശിഷ്ടത്തിൽനിന്നു ലഭിച്ച ഡിഎൻഎയും പാമ്പിന്റെ പോസ്റ്റ് മോർട്ടം സമയത്ത് ശേഖരിച്ച ഡിഎൻഎയും ഒന്നാണ്.

പാമ്പുകളെക്കുറിച്ച് സൂരജ് പഠനം നടത്തിയത് ഫോണിലാണ്. സൂരജ് അണലികളെ കുറിച്ചു പഠിക്കുന്നു. ഉത്രയെ അണലി കടിക്കുന്നു. അതോടെ അണലി പഠനം സൂരജ് നിർത്തി. മൂർഖനെ കുറിച്ച് സൂരജ് പഠിച്ചു. ഉത്രയെ മൂർഖൻ കടിച്ചു. എന്തിനാണ് ഈ രണ്ടു പാമ്പുകളെ കുറിച്ച് പഠിച്ചത്? എന്തിനാണ് പഠനം നിർത്തിയത്. പൊലീസിന്റെ ഈ ചോദ്യങ്ങൾക്ക് സൂരജിന് വ്യക്തമായ ഉത്തരം നൽകാനായില്ല.

പാമ്പ് കടിച്ചാൽ ആരും വേദന കൊണ്ട് പുളയും. കിടന്ന് ഉറങ്ങാൻ കഴിയില്ല. ഉത്ര കടിയേറ്റ വിവരം അറിഞ്ഞില്ല. ഉത്രയ്ക്ക് 12 സെട്രിസിൻ ഗുളിക നൽകിയതായി കണ്ടെത്തി. സെട്രിസിൻ മയക്കം ഉണ്ടാക്കുന്ന ഗുളികയാണ്. ഉത്രയുടെ പോസ്റ്റ്മോർട്ടത്തിൽ ആന്തരികാവയവ പരിശോധനയിൽ ഇതു തെളിഞ്ഞു. പാമ്പ് സ്വയം കടിച്ചതല്ല, മറിച്ച് കടിപ്പിച്ചതാണെന്ന് ഡമ്മി പരീക്ഷണത്തിൽ തെളിഞ്ഞു. സൂരജും ഉത്രയും മാത്രമാണ് മരണ സമയത്ത് ഒപ്പമുണ്ടായിരുന്നത്. ഈ തെളിവുകളിലൂടെയാണ് കൊലപാതകം തെളിയിച്ചത്.

Story Contribution: R Krishnaraj (Kottayam), AS Ullas (Thiruvavanthapuram), Kapil Raj (Kollam), Nidheesh Kumar PR (Kottayam)

English Summary: How Kerala Police Cracked Uthra Snakebite Murder Case While Other States Failed in Similar Cases