പലതവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു നിവേദനം നൽകിയിട്ടും തലകുലുക്കുന്നതല്ലാതെ നടപടിയില്ല. 2 വർഷത്തെയും ഫണ്ട് തന്നിട്ട് അതിൽ 50 ശതമാനം വീതം കോവിഡ് പ്രതിരോധത്തിനും ചികിത്സാ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കണം എന്ന വ്യവസ്ഥ വച്ചാൽ മതിയായിരുന്നു. പ്രാദേശിക വികസനം അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണിപ്പോൾ.'..MP Funds Malayalam News

പലതവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു നിവേദനം നൽകിയിട്ടും തലകുലുക്കുന്നതല്ലാതെ നടപടിയില്ല. 2 വർഷത്തെയും ഫണ്ട് തന്നിട്ട് അതിൽ 50 ശതമാനം വീതം കോവിഡ് പ്രതിരോധത്തിനും ചികിത്സാ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കണം എന്ന വ്യവസ്ഥ വച്ചാൽ മതിയായിരുന്നു. പ്രാദേശിക വികസനം അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണിപ്പോൾ.'..MP Funds Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലതവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു നിവേദനം നൽകിയിട്ടും തലകുലുക്കുന്നതല്ലാതെ നടപടിയില്ല. 2 വർഷത്തെയും ഫണ്ട് തന്നിട്ട് അതിൽ 50 ശതമാനം വീതം കോവിഡ് പ്രതിരോധത്തിനും ചികിത്സാ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കണം എന്ന വ്യവസ്ഥ വച്ചാൽ മതിയായിരുന്നു. പ്രാദേശിക വികസനം അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണിപ്പോൾ.'..MP Funds Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ‘എന്നെ കണ്ടാൽ ഇപ്പോൾ ഒരു പഞ്ചായത്ത് മെംബർ പോലും ചിരിക്കാറില്ല. വെറുതെ ചിരിച്ചു കാണിച്ചിട്ട് എന്തു കാര്യമെന്നാകും അവരുടെ ചിന്ത... പിന്നെ കല്യാണവീടും മരണവീടുമൊക്കെ കയറിയിറങ്ങിയും സർക്കാർ പരിപാടികളിൽ പങ്കെടുത്തും ഇങ്ങനെ പോകുന്നു’– തിരുവിതാംകൂറിലെ ഒരു എംപി യുടെ ഈ മനോവേദന തന്നെയാണു രാജ്യത്തെ 780ലേറെ വരുന്ന എംപി മാരുടെയും ഹൃദയ വേദന. കഴിഞ്ഞ 2 വർഷമായി ഇതാണു സ്ഥിതി. കോവിഡ് കാലത്തു മഹാമാരിയെപ്പോലും പേടിക്കാതെ മണ്ഡലം മുഴുവൻ ഓടി നടക്കുമ്പോഴും എംപി മാരുടെ ഹൃദയ വേദന കേന്ദ്ര സർക്കാരിനു മനസ്സിലാകുന്നില്ല !

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പ്രതിവർഷം 5 കോടി രൂപ വീതം എംപി ഫണ്ട് ആയി നൽകി വന്നിരുന്നതു കോവിഡ് പ്രതിസന്ധിയുടെ പേരിൽ നിർത്തലാക്കിയിട്ടു വർഷം രണ്ടായി. 2019ൽ പുതിയ ലോക്സഭ നിലവിൽ വന്നിട്ട് ആദ്യ വർഷമായ 2019–20ൽ ഒഴികെ ഇതുവരെ എംപി ഫണ്ട് ഇനത്തിൽ ഒരു രൂപ പോലും എംപി മാർക്കു നൽകിയിട്ടില്ല. പിന്നെ എങ്ങനെ മണ്ഡലത്തിൽ പിടിച്ചു നിൽക്കുന്നുവെന്നു ചോദിച്ചാൽ ഉത്തരം പറയാൻ പോലും എംപിമാർക്കു കഴിയുന്നില്ല. 

എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ളവ അനുവദിക്കുന്നതിനുള്ള കടമ്പകൾ വച്ചു നോക്കുമ്പോൾ എംപി ഫണ്ട് പെട്ടെന്നു വിനിയോഗിക്കാനാവും. അതാണിപ്പോൾ നിലച്ചത്. ഇതോടെ വികസന വിഷയങ്ങളിൽ എംപിമാർ ബന്ധനസ്ഥരായ അവസ്ഥയാണ്...

ADVERTISEMENT

2020–21, 2021–22 വർഷങ്ങളിലായി ലഭിക്കേണ്ട 10 കോടി രൂപയാണ് എംപി മാർക്കു നിഷേധിക്കപ്പെട്ടത്. 2022–23 മുതൽ കിട്ടുമോയെന്നു കണ്ടറിയണം. ലോക്സഭയിൽ 543 എംപി മാരും രാജ്യസഭയിൽ 245 എംപി മാരും ഉണ്ട്. ഇതിൽ ചിലത് ഒഴിഞ്ഞു കിടക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ഇതു യഥാക്രമം ഇരുപതും ഒൻപതും. ഇവർക്കാർക്കുംതന്നെ പ്രാദേശിക വികസനത്തിന് കഴിഞ്ഞ 2 വർഷമായി അഞ്ചു പൈസ പോലും ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല. അവശേഷിക്കുന്ന 2 വർഷം എംപി ഫണ്ട് നൽകാൻ കേന്ദ്രം തീരുമാനിച്ചാൽ അതുകൊണ്ടു വേണം മണ്ഡലത്തിൽ പിടിച്ചു നിൽക്കാൻ. അപ്പോഴേക്കും 2024ൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു വരും. 

രാജ്യസഭ ടിവിയിൽനിന്നുള്ള കാഴ്ച.

പ്രാദേശിക വികസനാവശ്യങ്ങളിൽ പെട്ടെന്ന് ഇടപെട്ടു പരിഹാരം കാണാൻ എംപി മാർക്ക് ഈ ഫണ്ട് വലിയ ബലമായിരുന്നു. വർഷം 5 കോടി അനുവദിക്കുന്നതിൽ 2 ഗഡുക്കളായി 2.5 കോടി വീതം ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ വരും. പെട്ടെന്ന് ഒരു റോഡ് നിർമിക്കേണ്ടി വരികയോ ഹൈ മാസ്റ്റ് വിളക്ക് സ്ഥാപിക്കേണ്ടി വരികയോ ആശുപത്രിക്കു ഉപകരണം വാങ്ങേണ്ടി വരികയോ മറ്റോ ചെയ്താൽ എംപി ശുപാർശ ചെയ്താലുടൻ ജില്ലാ കലക്ടർ ഫണ്ട് അനുവദിച്ചു പദ്ധതി നടപ്പാക്കുമായിരുന്നു. പ്രാദേശികമായി എംപിമാർക്കു ലഭിച്ചിരുന്ന ഈ രാഷ്ട്രീയ– സാമൂഹിക നേട്ടവും ഇപ്പോൾ ഇല്ലാതായി. 

കിട്ടുന്നതു തുച്ഛം; അതും ഇല്ലാതായി

കടൽ പോലെ പരന്നു കിടക്കുന്ന ഓരോ ലോക്സഭാ മണ്ഡലങ്ങളിലേക്കും കേന്ദ്ര സർക്കാർ പ്രതിവർഷം നൽകുന്ന 5 കോടി രൂപതന്നെ തീരെ തുച്ഛമാണെന്നാണു എംപിമാരുടെ പരാതി. നേരത്തേ 2 കോടിയായിരുന്നതു ദീർഘകാലത്തെ ആവശ്യങ്ങൾക്കു ശേഷമാണ് 5 കോടി ആയി വർധിപ്പിച്ചത്. മണ്ഡലത്തിലെ പ്രാദേശിക വികസന കാര്യങ്ങളിൽ എംപി മാർക്ക് ഇടപെടാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമായിരുന്നു എംപി ഫണ്ട് വിനിയോഗം. 

ADVERTISEMENT

റോഡ്, കുടിവെള്ളം, വൈദ്യുതി, ഓടകൾ, സ്കൂൾ നവീകരണം, സ്കൂളുകൾക്ക് കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, ആശുപത്രികൾക്കു സൗകര്യങ്ങൾ തുടങ്ങിയവ ആവശ്യങ്ങളൊക്കെ എംപി ഫണ്ട് വിനിയോഗിച്ച് ഓരോ എംപിമാരും നിറവേറ്റിയിരുന്നു. എംപി ഫണ്ട് നിഷേധിക്കപ്പെട്ടതു പട്ടികജാതി– വർഗ മേഖലയിലാണു കനത്ത തിരിച്ചടിയുണ്ടാക്കിയത്. വർഷം 5 കോടി അനുവദിക്കുന്നതിൽ 22 ശതമാനം തുക പട്ടികജാതി–വർഗ മേഖലയിൽ വിനിയോഗിക്കണമെന്നാണു വ്യവസ്ഥ– 15 ശതമാനം പട്ടികജാതി മേഖലയിലും 7 ശതമാനം പട്ടിക വർഗ മേഖലയിലും. പട്ടികവർഗ വിഭാഗങ്ങൾ ആ മണ്ഡലത്തിൽ ഇല്ലെങ്കിൽ ആ വിഭാഗം ഉള്ളിടത്തേക്ക് ആ ഫണ്ടു മാറ്റും. 

ലോക്‌സഭ ടിവിയിൽനിന്നുള്ള കാഴ്ച.

5 കോടിയിൽ 22 ശതമാനം ഈ വിഭാഗങ്ങൾക്കു വേണ്ടി മാറ്റി വച്ചാൽ ബാക്കി വരുന്ന തുകയിൽനിന്നു വേണം ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ വീതം വയ്ക്കാൻ. 5 കോടിയുടെ 22 ശതമാനം ഒരു കോടി 10 ലക്ഷം രൂപ വരും. ബാക്കി വരുന്നത് മൂന്നു കോടി 90 ലക്ഷം രൂപ. ഒരു ലോക്സഭാ മണ്ഡലത്തിൽ ശരാശരി 7 നിയമസഭാ മണ്ഡലങ്ങൾ വരും. അങ്ങനെയായാൽ ഒരു നിയമസഭാ മണ്ഡലത്തിൽ ചെലവാക്കാൻ പിന്നെ ബാക്കി കാണുക കഷ്ടിച്ച് 52–55 ലക്ഷം രൂപ മാത്രം. ഇത് അവിടുത്തെ പഞ്ചായത്ത്– നഗരസഭാ പ്രദേശങ്ങൾക്കു വേണ്ടി വീതിക്കുമ്പോൾ ഏഴോ എട്ടോ ലക്ഷം രൂപ വീതം കിട്ടിയാലായി. 

പട്ടികജാതി–വർഗ കോളനികളിൽ റോഡ്, ഓട, കലുങ്ക്, കുടിവെള്ളം തുടങ്ങി എംപി ഫണ്ട് വിനിയോഗിച്ചു ചെയ്യാവുന്ന എല്ലാ പദ്ധതികളും 2 വർഷമായി മുടങ്ങിക്കിടക്കുകയാണ്. പൊതുമേഖലയിൽ അതിന്റെ പല ഇരട്ടി പദ്ധതികൾ വേറെയും മുടങ്ങിക്കിടക്കുന്നു. ഒരു എംപിക്ക്, പ്രത്യേകിച്ചു ലോക്സഭാ എംപിക്ക് അവരുടെ മണ്ഡലത്തിലെ തദ്ദേശ സ്ഥാപന പ്രതിനിധികളാണ് ആ പ്രദേശവുമായി ബന്ധപ്പെടാനുള്ള പ്രധാന കണ്ണി. അവർ നൽകുന്ന വികസന പദ്ധതി നിർദേശങ്ങളാണു പലപ്പോഴും എംപി മാർ അംഗീകരിച്ചു നടപ്പാക്കാനായി ശുപാർശ ചെയ്യുന്നത്. 

കഴിഞ്ഞ 2 വർഷമായി പഞ്ചായത്ത് അംഗങ്ങൾ നിർദേശിക്കുന്ന പദ്ധതികൾക്കൊന്നും ശുപാർശ നൽകാൻ കഴിയാത്ത ഗതികേടിലാണു എംപി മാർ. അതുകൊണ്ടാണ്, അവരാരും ഇപ്പോൾ എന്നെ കണ്ടാൽ ചിരിക്കാറില്ല എന്ന് ഒരു എംപി മനോഗതം പറഞ്ഞത്. ‘ആകെയുള്ളത് ഒരു ആശ്വാസമേയുള്ളൂ. തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വർഷമേ ആകുന്നുള്ളൂ. അവരെല്ലാം പദ്ധതികളെക്കുറിച്ചു പഠിച്ചു വരികയാണ്. എംപി ഫണ്ടിന്റെ സാധ്യതകളെക്കുറിച്ചു കൂടുതൽ പഠിച്ചു വരുമ്പോൾ പദ്ധതി നിർദേശങ്ങളുമായി അവർ എംപി മാരെ സമീപിക്കും. അപ്പോഴറിയാം കാര്യങ്ങളുടെ പോക്ക്...’ എംപി പറയുന്നു. 

പാർലമെന്റ് മന്ദിരം
ADVERTISEMENT

2019–20 വർഷം അനുവദിച്ച 5 കോടിയിൽ ചെലവാക്കാൻ ബാക്കിയുള്ള തുച്ഛം തുക വീതിച്ചു നൽകി പിടിച്ചുനിൽക്കുകയാണു എംപിമാർ. അടുത്ത വർഷം എംപി ഫണ്ട് അനുവദിച്ചാൽതന്നെ അതിന്റെ പല ഇരട്ടി തുകയ്ക്കുള്ള വാഗ്ദാനങ്ങൾ ഇപ്പോൾതന്നെ നിലവിലുണ്ടെന്നും എംപിമാരുടെ പരിദേവനം. എംപിമാർ ഓരോ പ്രദേശങ്ങളിലും പരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ നാട്ടുകാർ നിവേദനങ്ങളുമായി കാണാൻ വരാറുണ്ട്. റോഡ്, പാലം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയവയാകും ആവശ്യങ്ങൾ. 

‘ചിലയിടങ്ങളിൽ സ്ത്രീകൾ കൂട്ടത്തോടെ വരും. കുടിവെള്ളമാകും വിഷയം. അവരുടെ പ്രദേശത്തേക്ക് 100 മീറ്റർ ദൂരത്തിൽ പൈപ്പിട്ടു നൽകിയാൽ കുടിവെള്ളം എത്തിക്കാൻ കഴിയും. ചെറിയൊരു തുക വിനിയോഗിച്ചാൽ അതു സാധിക്കാം. അങ്ങനെ പത്തോ അൻപതോ വീടുകളിൽ വെള്ളമെത്തും. അത്രയും ആൾക്കാർ എപ്പോഴും നമുക്കൊപ്പം നിൽക്കും. അതു വലിയൊരു രാഷ്ട്രീയ നേട്ടമാണ്. എംപി ഫണ്ട് ഇല്ലാതായതോടെ ആ വഴിയും അടഞ്ഞു...’ കൊല്ലം ജില്ലയിലെ ഒരു എംപി പറയുന്നു. 

എംപി മാരും ‘പട്ടിണി’യിൽ

എംപി ഫണ്ട് മരവിപ്പിച്ചതു മാത്രമല്ല എംപി മാരെ വെട്ടിലാക്കിയത്. വിവിധ പദ്ധതികൾക്കു എംപി ഫണ്ട് അനുവദിക്കുമ്പോൾ അതു നടപ്പാക്കുന്നത് അതതു ജില്ലാ കലക്ടർമാർ വഴിയാണെങ്കിലും പദ്ധതിയിന്മേൽ എംപിമാരുടെ അഭിപ്രായങ്ങൾക്കു മേൽക്കൈ ഉണ്ടാകും. കരാറുകാരെ നിശ്ചയിച്ചു പണി പൂർത്തിയാക്കുന്നതു വരെ എംപിമാരുടെ ശ്രദ്ധയുണ്ടാകും. ഇപ്പോൾ അതുവഴിയുള്ള നേട്ടവും ഇല്ലാതായി. 

പിഎം കെയർ ഫണ്ടിലേക്ക് കോടാനുകോടികളാണ് ഒഴുകിയെത്തുന്നത്. എന്നിട്ടാണു പ്രാദേശിക വികസനത്തിനായി എംപി മാർക്കു നൽകുന്ന നക്കാപ്പിച്ചാ ഇല്ലാതാക്കുന്നത്..

ഇതിനു പുറമെ, ടിഎ വെട്ടിക്കുറച്ചതോടെ എംപിമാരുടെ പോക്കറ്റ് ഏതാണ്ടു കാലിയായി. ഒരു വർഷം എംപിമാർക്ക് 34 വിമാനടിക്കറ്റുകളാണു കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്നത്. ഓരോ യാത്ര കഴിയുമ്പോഴും ഇതിന്റെ 25 ശതമാനം വരുന്ന തുക പണമായി ലഭിക്കുമായിരുന്നു. ഉത്തരേന്ത്യയിൽനിന്നുള്ള എംപിമാർക്കു ഡൽഹിയിലേക്കു പോകാൻ വിമാന നിരക്ക് കുറവായതിനാൽ ഇതിന്റെ വലിയ മെച്ചം അവിടുത്തെ എംപി മാർക്ക് ഉണ്ടാകുമായിരുന്നില്ല. എന്നാൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എംപി മാർക്ക് ഡൽഹിയിൽ പോയി വരുന്ന തുകയുടെ 25 ശതമാനം എന്നതു സാമാന്യം നല്ല തുക വരുമായിരുന്നു. ഇതും ഇല്ലാതായതോടെ പോക്കറ്റ് മണി ഇല്ലാത്ത അവസ്ഥയായി. 

‌34 വിമാന ടിക്കറ്റുകൾക്കു പുറമെ, പാർലമെന്ററി കമ്മിറ്റികൾക്കും മറ്റും പോയി വരുന്നതിനുള്ള ചെലവും കേന്ദ്ര സർക്കാർ വഹിക്കും. പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ ആദ്യദിനം പോകുന്നതിനും അവസാന ദിനം മടങ്ങുന്നതിനുമുള്ള ചെലവും കിട്ടും. ഇടയ്ക്കുള്ള ദിവസങ്ങളിൽ വന്നാൽ കിട്ടില്ല. 25 ശതമാനം തുക കിട്ടാതായതോടെ പാർലമെന്ററി കമ്മിറ്റികൾക്കും എംപി മാരുടെ എണ്ണം കുറഞ്ഞെന്നു പറയുന്നു. 

എംപി മാർ പറയുന്നു...

പ്രാദേശിക വികസന വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്ന മാർഗമാണ് എംപി ഫണ്ട് മരവിപ്പിച്ചതോടെ ഇല്ലാതായതെന്നു എൻ.കെ പ്രേമചന്ദ്രൻ എംപി പറയുന്നു. റോഡ്, കോൺക്രീറ്റ്, ബസ് ഷെൽട്ടർ, സ്കൂളുകളിൽ കംപ്യൂട്ടർ– ലാപ്ടോപ്, സ്മാർട് ക്ലാസ് റൂം, ആശുപത്രികളിൽ വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ളവവയ്ക്കൊക്കെ എംപി ഫണ്ട് വിനിയോഗിക്കുന്നതു വലിയ അനുഗ്രഹമായിരുന്നു. 2 വർഷമായി ഇത്തരം പ്രാദേശിക വികസന പദ്ധതികൾ മുരടിച്ചു നിൽക്കുന്നു. 

എൻ.കെ..പ്രേമചന്ദ്രൻ. ഫയൽ ചിത്രം.

ഓട്ടോറിക്ഷ കയറുന്ന ഒരു വഴിക്കു വേണ്ടിവരെ എംപി ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. അത്തരം തീരെ ചെറിയ ആവശ്യങ്ങൾ പോലും ഇപ്പോൾ നിറവേറ്റാൻ കഴിയുന്നില്ല. പലതവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു നിവേദനം നൽകിയിട്ടും തലകുലുക്കുന്നതല്ലാതെ നടപടിയില്ല. 2 വർഷത്തെയും ഫണ്ട് തന്നിട്ട് അതിൽ 50 ശതമാനം വീതം കോവിഡ് പ്രതിരോധത്തിനും ചികിത്സാ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കണം എന്ന വ്യവസ്ഥ വച്ചാൽ മതിയായിരുന്നു. പ്രാദേശിക വികസനം അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണിപ്പോൾ. 

എല്ലാം കേന്ദ്ര സർക്കാരിലേക്ക് കേന്ദ്രീകരിച്ച് ഫെഡറൽ സംവിധാനം തകർക്കുന്നു. മുൻഗണന നൽകേണ്ട പട്ടികജാതി– വർഗ മേഖലകളിൽപ്പോലും ഒന്നും ചെയ്യാൻ കഴിയുന്നില്ല. പട്ടികജാതി– വർഗ കോളനികളുടെ വൈദ്യുതീകരണം, കുടിവെള്ളം ഉൾപ്പെടെയുള്ള പദ്ധതികൾ നിലച്ചു– പ്രേമചന്ദ്രൻ പറയുന്നു. ലോക്സഭാ മണ്ഡലത്തിലെ ചെറിയ വികസന പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടാനുള്ള അവസരമാണ് എംപിമാർക്കു നഷ്ടമാകുന്നതെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കൂടിയായ കൊടിക്കുന്നിൽ സുരേഷ് എംപി പറയുന്നു. 

കൊടിക്കുന്നിൽ സുരേഷ്. ചിത്രം: മനോരമ

അടിയന്തര ഘട്ടത്തിൽ വികസനാവശ്യങ്ങൾക്ക് ജനങ്ങൾക്കു എളുപ്പത്തിൽ ലഭ്യമാക്കാവുന്ന ഫണ്ടാണിത്. തുക എപ്പോഴും ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ കാണുകയും ചെയ്യും. എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ളവ അനുവദിക്കുന്നതിനുള്ള കടമ്പകൾ വച്ചു നോക്കുമ്പോൾ എംപി ഫണ്ട് പെട്ടെന്നു വിനിയോഗിക്കാനാവും. അതാണു നിലച്ചത്. ഇതോടെ വികസന വിഷയങ്ങളിൽ എംപിമാർ ‘ബന്ധനസ്ഥരായി’– കൊടിക്കുന്നിൽ പറയുന്നു. 

‘കേന്ദ്ര സർക്കാർ കാണിക്കുന്നതു കൊലച്ചതിയാണ്. പിഎം കെയർ ഫണ്ടിലേക്ക് കോടാനുകോടികളാണ് ഒഴുകിയെത്തുന്നത്. എന്നിട്ടാണു പ്രാദേശിക വികസനത്തിനായി എംപി മാർക്കു നൽകുന്ന നക്കാപ്പിച്ചാ ഇല്ലാതാക്കുന്നത്. ഭരണപക്ഷ എംപിമാരുടെ മണ്ഡലങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കേന്ദ്ര പദ്ധതികൾ നൽകി അവരെ സുരക്ഷിതരാക്കുന്നു. പ്രതിപക്ഷ എംപി മാരാണ് ഒറ്റപ്പെട്ടു പോകുന്നത്’– എഎം ആരിഫ് എംപി പറയുന്നു. 

‘പ്രാദേശിക വികസന വിഷയങ്ങളിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. മുൻപുണ്ടായിരുന്ന കുടിശ്ശിക പോലും ഇതുവരെ തന്നിട്ടില്ല. ഫണ്ട് മരവിപ്പിച്ചതോടെ പുതിയ പദ്ധതികൾക്കു നിർദേശങ്ങൾ നൽകാൻ പോലും കഴിയുന്നില്ല. വികസന പ്രവർത്തനങ്ങളിൽ എംപി മാർക്കുള്ള പങ്കാളിത്തമാണ് ഇതുവഴി ഇല്ലാതാകുന്നത്– രാജ്യസഭാ എംപി കെ. സോമപ്രസാദ് പറയുന്നു. 

English Summary: No Funds for Lok Sabha/Rajyasabha MPs Due to Covid; How do they Survive in Kerala?