സംസ്ഥാനത്ത് ആഴത്തിൽ വേരോട്ടമുള്ള ബിജെപിയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിഴുതെറിയാമെന്ന അമിത പ്രതീക്ഷയൊന്നും പ്രിയങ്കയ്ക്കില്ല. താഴേത്തട്ടിൽ വളരെ ദുർബലമായ അവസ്ഥയിലാണു നിലവിൽ യുപിയിലെ കോൺഗ്രസ്. ബൂത്തുതലത്തിൽ പ്രവർത്തിക്കാനുള്ള ആളുകൾ പോലും പലയിടത്തുമില്ല... Priyanka Gandhi | UP Elections

സംസ്ഥാനത്ത് ആഴത്തിൽ വേരോട്ടമുള്ള ബിജെപിയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിഴുതെറിയാമെന്ന അമിത പ്രതീക്ഷയൊന്നും പ്രിയങ്കയ്ക്കില്ല. താഴേത്തട്ടിൽ വളരെ ദുർബലമായ അവസ്ഥയിലാണു നിലവിൽ യുപിയിലെ കോൺഗ്രസ്. ബൂത്തുതലത്തിൽ പ്രവർത്തിക്കാനുള്ള ആളുകൾ പോലും പലയിടത്തുമില്ല... Priyanka Gandhi | UP Elections

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ആഴത്തിൽ വേരോട്ടമുള്ള ബിജെപിയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിഴുതെറിയാമെന്ന അമിത പ്രതീക്ഷയൊന്നും പ്രിയങ്കയ്ക്കില്ല. താഴേത്തട്ടിൽ വളരെ ദുർബലമായ അവസ്ഥയിലാണു നിലവിൽ യുപിയിലെ കോൺഗ്രസ്. ബൂത്തുതലത്തിൽ പ്രവർത്തിക്കാനുള്ള ആളുകൾ പോലും പലയിടത്തുമില്ല... Priyanka Gandhi | UP Elections

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ യുപിയിലെ രാഷ്ട്രീയക്കളത്തിൽ നിലയുറപ്പിക്കാൻ കോൺഗ്രസിനു ലഭിച്ച പിടിവള്ളിയാണു ലഖിംപുർ ഖേരി സംഭവം. ബിജെപിയുടെ വാഹനവ്യൂഹം ഇടിച്ച് കർഷകർ കൊല്ലപ്പെട്ട സംഭവം, നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിക്കെതിരെ മുഖ്യ പ്രചാരണായുധമാക്കും. 

കളം പിടിച്ച് പ്രിയങ്ക

ADVERTISEMENT

സംഭവത്തിനു തൊട്ടുപിന്നാലെ ലഖിംപുരിലേക്കു പുറപ്പെട്ടതും തുടർന്നുള്ള അറസ്റ്റും സംസ്ഥാനത്ത് പ്രിയങ്ക ഗാന്ധിയുടെ സ്വീകാര്യത വർധിച്ചതും കോൺഗ്രസിന്റെ ആത്മവിശ്വാസമുയർത്തുന്നു. യുപിയിൽ ഒപ്പം നിൽക്കാനൊരു നേതാവുണ്ടെന്ന് പ്രിയങ്കയെ ചൂണ്ടിക്കാട്ടി കോൺഗ്രസുകാർ ഇപ്പോൾ പറയുന്നു. തിരഞ്ഞെടുപ്പ് ആകുമ്പോൾ ഡൽഹിയിൽനിന്ന് പറന്നെത്തി പ്രചാരണം നടത്തുന്ന നേതാക്കളെയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്തെ കോൺഗ്രസുകാർ കണ്ടു ശീലിച്ചത്.

രാഹുൽ ഗാന്ധി. ചിത്രം: AFP

2012, 2017 നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ചുക്കാൻ പിടിച്ച രാഹുൽ ഗാന്ധിയും ഒരുപരിധി വരെ യുപിയിൽ സന്ദർശകനായിരുന്നു. ആ രീതിയിൽനിന്നു വഴിമാറി നടക്കുകയാണു പ്രിയങ്ക. 2019ന്റെ തുടകത്തിൽ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷം സംസ്ഥാനത്തെ സജീവ സാന്നിധ്യമാണു പ്രിയങ്ക. യുപിയിൽ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിൽ തെരുവിലിറങ്ങി ബിജെപിയെ വെല്ലുവിളിക്കുന്നതിലും പ്രിയങ്ക മുന്നിൽ നിന്നു. ലഖിംപുർ സംഭവത്തിൽ മറ്റു പ്രതിപക്ഷ കക്ഷികളെയെല്ലാം പിന്തള്ളി പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ പ്രിയങ്ക, കഴിഞ്ഞ വർഷം ഹാത്രസിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോഴും സമരവീര്യവുമായി തെരുവിലിറങ്ങി. 

ലക്ഷ്യം 2024

മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രിയങ്കയെ ഉയർത്തിക്കാട്ടില്ലെന്നാണു കോൺഗ്രസ് ക്യാംപിൽനിന്നുള്ള വിവരം. മുഖ്യമന്ത്രി സ്ഥാനാർഥിയാക്കണമെന്നു പാർട്ടിക്കുള്ളിൽ ആവശ്യമുയർന്നിട്ടുണ്ടെങ്കിലും പ്രിയങ്ക അതിനു സമ്മതം മൂളിയിട്ടുമില്ല. പാർട്ടിയുടെ പ്രചാരണം, സഖ്യ രൂപീകരണം എന്നിവയുടെ പൂർണചുമതല പ്രിയങ്കയ്ക്കായിരിക്കും. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകണമെന്ന ആവശ്യത്തിന് രാഹുൽ ഗാന്ധിയും വഴങ്ങിയിരുന്നില്ല. 

യോഗി ആദിത്യനാഥ്, നരേന്ദ്ര മോദി. ചിത്രം: AFP
ADVERTISEMENT

സംസ്ഥാനത്ത് ആഴത്തിൽ വേരോട്ടമുള്ള ബിജെപിയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിഴുതെറിയാമെന്ന അമിത പ്രതീക്ഷയൊന്നും പ്രിയങ്കയ്ക്കില്ല. താഴേത്തട്ടിൽ വളരെ ദുർബലമായ അവസ്ഥയിലാണു നിലവിൽ യുപിയിലെ കോൺഗ്രസ്. ബൂത്തുതലത്തിൽ പ്രവർത്തിക്കാനുള്ള ആളുകൾ പോലും പലയിടത്തുമില്ല. കോൺഗ്രസിനെ സംഘടനാതലത്തിൽ ശക്തിപ്പെടുത്തുകയാണു പ്രിയങ്കയുടെ പ്രധാന ദൗത്യം. അതുകൊണ്ടുതന്നെ, നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുപിയിലുടനീളം കോൺഗ്രസ് വിജയക്കൊടി പാറിക്കുമെന്നു പ്രിയങ്കയും പ്രതീക്ഷിക്കുന്നില്ല. ബിജെപി വീണ്ടും അധികാരത്തിലെത്തുന്നതു തടയാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരിക്കും വരുന്ന തിരഞ്ഞെടുപ്പിൽ പ്രിയങ്ക നടത്തുക.

പ്രിയങ്കയുടെ യഥാർഥ ലക്ഷ്യം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ്. സംഘടനാതലത്തിൽ കരുത്ത് നേടി, ബിജെപിയെ മലർത്തിയടിക്കാൻ കെൽപുള്ള പാർട്ടിയായി 3 വർഷത്തിനകം കോൺഗ്രസിനെ മാറ്റിയെടുക്കുകയാണു ലക്ഷ്യം. അടുത്ത തവണ കേന്ദ്രത്തിൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരാതിരിക്കണമെങ്കിൽ യുപിയിൽ ബിജെപിയുടെ കോട്ട തകരണമെന്നാണു പാർട്ടിക്കുള്ളിൽ പ്രിയങ്ക നൽകുന്ന സന്ദേശം. രാഷ്ട്രീയ ജീവിതത്തിലെ തന്റെ ആദ്യ ദൗത്യമായി പ്രിയങ്ക യുപി ഏറ്റെടുത്തതും ഈ ലക്ഷ്യം മനസ്സിൽ കുറിച്ചാണ്. 

സഖ്യം നിർണായകം

ബിജെപിയെ അപേക്ഷിച്ച് യുപിയിൽ സംഘടനാതലത്തിൽ ബഹുദൂരം പിന്നിലുള്ള കോൺഗ്രസിനു ലഖിംപുർ സംഭവം വീണുകിട്ടിയ രാഷ്ട്രീയാവസരമാണ്. സംഭവത്തിനു പിന്നാലെ ആദ്യം യുപിയിലെത്താൻ പ്രിയങ്കയ്ക്കു സാധിച്ചതും പിന്നീടുള്ള അറസ്റ്റും രാഷ്ട്രീയപരമായി ഗുണം ചെയ്യുമെന്നു പാർട്ടി കണക്കുകൂട്ടുന്നു. അതേസമയം, ഈ വിഷയത്തോടെ ബിജെപിയെ മലർത്തിയടിക്കാമെന്ന അമിത പ്രതീക്ഷയുമില്ല. എസ്പി, ബിഎസ്പി എന്നിവയെ പിന്തള്ളി മുന്നേറാനുള്ള ഇന്ധനം ലഖിംപുരിൽനിന്ന് നേടാനാണു കോൺഗ്രസ് ശ്രമം. 

ADVERTISEMENT

കഴിഞ്ഞ വർഷം ഹത്രസിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായപ്പോഴും തെരുവിലിറങ്ങി പ്രിയങ്ക പോരാടിയിരുന്നു. ഹത്രസ് വിഷയം വാർത്തകളിൽനിന്ന് അകന്നതോടെ പ്രിയങ്കയുടെ പോരാട്ടവും ജനം മറന്നുവെന്നും ലഖിംപുരിലും അതുതന്നെ സംഭവിക്കാമെന്നുമുള്ള ആശങ്ക കോൺഗ്രസിനുണ്ട്. ഇത്തരം സംഭവങ്ങളിലുള്ള പ്രതിഷേധങ്ങൾക്ക് ആയുസ്സില്ലെന്നും ജാതി വോട്ടുകൾ പിടിക്കാൻ സഹായിക്കുന്ന നിർണായക സഖ്യങ്ങളിലൂടെ മാത്രമേ യുപിയിലെ രാഷ്ട്രീയമണ്ണിൽ നേട്ടം കൊയ്യാൻ സാധിക്കൂവെന്നും കോൺഗ്രസിൽ ഒരു വിഭാഗം വാദിക്കുന്നു. പ്രിയങ്കയുടെ അറസ്റ്റും രാഹുലിന്റെ വരവും സംസ്ഥാനത്ത് പ്രവർത്തകർക്കിടയിൽ ഉണർവുണ്ടാക്കിയിട്ടുണ്ടെങ്കിലും ജാതി വോട്ടുകൾ ലക്ഷ്യമിട്ടുള്ള സഖ്യ രൂപീകരണം എന്ന വെല്ലുവിളി കോൺഗ്രസിനെ കാത്തിരിക്കുന്നു. ആ സഖ്യത്തിന് പ്രിയങ്ക മുൻകൈ എടുക്കുമോയെന്ന ചോദ്യവും ബാക്കിയാണ്.

ഐക്യമുണ്ടാകുമോ?

ലഖിംപുർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉൾപ്പാർട്ടി പോരിനു താൽക്കാലിക വിരാമമിട്ട് ഗാന്ധി കുടുംബത്തിനു പിന്നിൽ നേതാക്കൾ അണിനിരന്നത് കോൺഗ്രസിന് ആശ്വാസമാണ്. പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ കപിൽ സിബൽ പ്രിയങ്കയുടെ അറസ്റ്റിനെതിരെ രംഗത്തുവന്നു; പ്രിയങ്കയുടെയും രാഹുലിന്റെയും പോരാട്ടവീര്യത്തെ പ്രശംസിച്ച് ആനന്ദ് ശർമ്മ ട്വീറ്റ് ചെയ്തു; പഞ്ചാബിലെ അധികാരവടംവലി മറന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയും നവജ്യോത് സിങ് സിദ്ദുവും തങ്ങളുടെ രാഷ്ട്രീയ ഊർജം ലഖിംപുരിലേക്കു കേന്ദ്രീകരിച്ചു; ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഹൈക്കമാൻഡുമായി ഉരസിയ ഭൂപേഷ് ബാഗേൽ ലഖിംപുർ പ്രക്ഷോഭത്തിൽ കോൺഗ്രസിന്റെ മുൻനിര പോരാളിയായി. കഴിഞ്ഞ ദിവസം വാരാണസിയിൽ കർഷക റാലി നയിച്ച പ്രിയങ്ക ബാഗേലിനെയും ഒപ്പം കൂട്ടിയിരുന്നു. 

ലഖിംപുർ സംഭവം പാർട്ടിക്കുള്ളിൽ ഐക്യത്തിന്റെ സൂചനകൾ നൽകുന്നുവെങ്കിലും അതു ശാശ്വതമായി നിലനിർത്തുക എളുപ്പമല്ല. പുതിയ പാർട്ടി പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചകൾ കോൺഗ്രസിൽ വരും മാസങ്ങളിൽ സജീവമാകുമ്പോൾ, ഉൾപ്പാർട്ടി പോര് വീണ്ടും ശക്തമാകാൻ സാധ്യതയേറെയാണ്. രാഹുലിന്റെ രീതികളോട് എതിർപ്പുള്ള ഒരുവിഭാഗം നേതാക്കൾ അദ്ദേഹം വീണ്ടും പ്രസിഡന്റാകുന്നതിനെ അനുകൂലിക്കുന്നില്ല. രാഹുൽ പ്രസിഡന്റായാൽ മാത്രമേ കോൺഗ്രസിനു ഭാവിയുള്ളൂവെന്ന് വാദിച്ച് അദ്ദേഹത്തിനു പിന്നിൽ അണിനിരന്നിട്ടുള്ള മറ്റൊരു വിഭാഗവുമുണ്ട്. പ്രിയങ്ക പ്രസിഡന്റാകണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ടെങ്കിലും യുപി ദൗത്യം പൂർത്തിയാക്കാതെ മറ്റൊരിടത്തേക്കുമില്ലെന്ന് പ്രിയങ്ക തീർത്തുപറഞ്ഞു കഴിഞ്ഞു.

പാർട്ടിക്കുള്ളിലും പുറത്തെ രാഷ്ട്രീയക്കളത്തിലും കോൺഗ്രസിനെ കാത്ത് ഒട്ടേറെ വെല്ലുവിളികളുണ്ട്. അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും സമവായവഴിയിൽ എല്ലാവരെയും ഒന്നിച്ചുകൊണ്ടു പോകുന്നതിൽ മിടുക്കുള്ള സോണിയ ഗാന്ധി അനാരോഗ്യം മൂലം സജീവ പാർട്ടി പ്രവർത്തനത്തിൽനിന്ന് ഏറെക്കുറെ വിട്ടു നിൽക്കുകയാണ്. പകരം, രാഹുലും പ്രിയങ്കയുമാണു നേതൃനിരയിലുള്ളത്. 

രാഹുലിൽ ഉള്ളത് അച്ഛൻ രാജീവ് ഗാന്ധിയുടെ സൗമ്യതയാണ്. പ്രിയങ്കയിൽ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ ശൗര്യവും. മുന്നിൽ നിന്നു നയിച്ച രാജീവിനും ഇന്ദിരയ്ക്കും പിന്നിൽ കരുത്തുറ്റ ശക്തിയായി പാർട്ടിയുടെ വൻ സന്നാഹവും മികച്ച നേതൃനിരയുമുണ്ടായിരുന്നു. കോൺഗ്രസിലെ ഇന്നത്തെ സ്ഥിതി അതല്ല. ദേശീയ രാഷ്ട്രീയക്കളത്തിലും കോൺഗ്രസിനുള്ളിലും രാഹുലും പ്രിയങ്കയും പലപ്പോഴും തനിച്ചു പടവെട്ടുകയാണ്. അതിനൊരു മാറ്റമുണ്ടാക്കുമോ ലഖിംപുർ സംഭവമെന്ന് ഉറ്റുനോക്കുന്നവരും ഏറെ.

English Summary: How Priyanka Gandhi aimed at 2024 Lok Sabha Elections rather than 2021 UP Elections?