മുന്നേറ്റങ്ങൾ മാത്രമല്ല, പിന്മാറ്റവും രാഷ്ട്രീയക്കളത്തിലെ കേളീപാടവമാണെന്നും സിദ്ദു തിരിച്ചറിയുന്നു. ക്രീസിൽ സിക്‌സർ അടിക്കാനായിരുന്നു സിദ്ദുവിനിഷ്ടം. മറ്റേ അറ്റത്ത് നിൽക്കുന്ന ബാറ്റ്‌സ്‌മാൻ പലപ്പോഴും നോക്കുകുത്തിയാകും. ക്ലബുകൾ മാറിമാറി കളിക്കുന്ന കളിക്കാരനെപ്പോലെ, പാർട്ടി മാറുന്നതിനോടും അറപ്പൊന്നുമില്ല സിദ്ദുവിന്... | Navjot Singh Sidhu | Punjab Congress Crisis | BJP | Manorama Online

മുന്നേറ്റങ്ങൾ മാത്രമല്ല, പിന്മാറ്റവും രാഷ്ട്രീയക്കളത്തിലെ കേളീപാടവമാണെന്നും സിദ്ദു തിരിച്ചറിയുന്നു. ക്രീസിൽ സിക്‌സർ അടിക്കാനായിരുന്നു സിദ്ദുവിനിഷ്ടം. മറ്റേ അറ്റത്ത് നിൽക്കുന്ന ബാറ്റ്‌സ്‌മാൻ പലപ്പോഴും നോക്കുകുത്തിയാകും. ക്ലബുകൾ മാറിമാറി കളിക്കുന്ന കളിക്കാരനെപ്പോലെ, പാർട്ടി മാറുന്നതിനോടും അറപ്പൊന്നുമില്ല സിദ്ദുവിന്... | Navjot Singh Sidhu | Punjab Congress Crisis | BJP | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുന്നേറ്റങ്ങൾ മാത്രമല്ല, പിന്മാറ്റവും രാഷ്ട്രീയക്കളത്തിലെ കേളീപാടവമാണെന്നും സിദ്ദു തിരിച്ചറിയുന്നു. ക്രീസിൽ സിക്‌സർ അടിക്കാനായിരുന്നു സിദ്ദുവിനിഷ്ടം. മറ്റേ അറ്റത്ത് നിൽക്കുന്ന ബാറ്റ്‌സ്‌മാൻ പലപ്പോഴും നോക്കുകുത്തിയാകും. ക്ലബുകൾ മാറിമാറി കളിക്കുന്ന കളിക്കാരനെപ്പോലെ, പാർട്ടി മാറുന്നതിനോടും അറപ്പൊന്നുമില്ല സിദ്ദുവിന്... | Navjot Singh Sidhu | Punjab Congress Crisis | BJP | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എതിർനിരയുടെ ആത്മവിശ്വാസം തകർക്കാനുള്ള ആയുധമെന്ന രീതിയിൽ ഉപയോഗിക്കേണ്ട അദ്ദേഹത്തിന്റെ കഴിവിൽ ഇന്ത്യൻ ടീം മാനേജ്‌മെന്റിനു സംശയമുള്ളതായി തോന്നുന്നു. മികച്ച കളിക്കാരനെ പിൻനിരയിലേക്ക് ഒളിപ്പിക്കുന്നതിലൂടെ മാനസികമായ ആധിപത്യം സ്‌ഥാപിക്കാൻ എതിരാളികൾക്കു വഴിയൊരുക്കുകയാണ്. വലിയ ചിറകുണ്ടെങ്കിലും പറക്കാൻ കഴിയാത്ത ഒട്ടകപ്പക്ഷിയെ പോലെയാകുന്നു അദ്ദേഹമപ്പോൾ.’– ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ ഓപ്പണറുടെ റ‍ോളിൽനിന്നും മധ്യനിരയിലേക്കു മാറ്റിയതിനെ വിമർശിച്ചു 2003ൽ മുൻ താരവും കമന്റേറ്ററുമായ നവജ്യോത് സിങ് സിദ്ദു കുറിച്ച വാക്കുകൾ.

‘ബൗളർമാരുടെ പേടിസ്വപ്‌നം, എതിർ നായകന്മാരുടെ തലവേദന. സച്ചിന്റെ ആ വിശേഷണങ്ങളെല്ലാം അസ്‌ഥാനത്തായിരിക്കുന്നു. സ്വന്തം ബാറ്റിങ് സ്‌ഥാനത്തെപ്പറ്റി ധാരണകളില്ലാത്ത ബാറ്റ്‌സ്‌മാന്റെ മുഖമാണ് അദ്ദേഹത്തിന്. ക്രിക്കറ്റിൽ പ്രതിഭയ്‌ക്കുള്ള സ്‌ഥാനം ചെറുതല്ല. സച്ചിന് അതു വേണ്ടുവോളമുണ്ട്. ടീം മാനേജ്‌മെന്റ് എന്തുകൊണ്ടാണ് ഇദ്ദേഹത്തെ ചങ്ങലയ്‌ക്കിട്ടു കൊണ്ടുനടക്കുന്നത്? മികച്ച ടീമുകളെല്ലാം ഒരുകാര്യം മനസ്സിലാക്കിത്തുടങ്ങി, നാലാമനായി ഇറങ്ങുമ്പോൾ സച്ചിനു പഴയ ശൗര്യമില്ലെന്ന്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനു ക്രീസിൽ നിൽക്കാനുള്ള അവസരം ഒരുക്കേണ്ടതു ടീം മാനേജ്‌മെന്റിന്റെ കടമയാണ്.’– സച്ചിനു പിന്തുണയേകി സിദ്ദു അന്നു പറഞ്ഞു.

ADVERTISEMENT

സച്ചിനും സിദ്ദുവും കളിയുടെ ക്രീസിൽനിന്നും മാറി. ‘സച്ചിൻ പറക്കട്ടെ, ഒട്ടകപ്പക്ഷിയാക്കരുത്’ എന്നുള്ള വിലയിരുത്തൽ സിദ്ദു ഇപ്പോൾ സ്വയം പറയുകയാണെന്നു തോന്നാം. പച്ചപ്പുൽ മൈതാനത്തിനു പകരം രാഷ്ട്രീയ ഗോദയിലാണു സിദ്ദുവിന്റെ നിൽപ്. തുടരൻ സിക്സറുകൾ പറത്തി താരത്തിളക്കിൽ നിൽക്കുമ്പോഴാണ്, സിദ്ദുവിന്റെ കഴിവിൽ കോൺഗ്രസ് ഹൈക്കമാൻഡിനു സംശയം തോന്നിയതും ‘ബാറ്റിങ് ഓർഡർ’ മാറ്റിയതും. സച്ചിനു വേണ്ടി താൻ ടീം മാനേജ്മെന്റിനോടു പറഞ്ഞമാതിരി, തനിക്കുവേണ്ടി ആരെങ്കിലും കോൺഗ്രസിനോടു ശുപാർശ ചെയ്യുമെന്ന പ്രതീക്ഷയിലാണു സിദ്ദു. 

സച്ചിൻ തെൻഡുൽക്കർ

മുന്നേറ്റങ്ങൾ മാത്രമല്ല, പിന്മാറ്റവും രാഷ്ട്രീയക്കളത്തിലെ കേളീപാടവമാണെന്നു സിദ്ദു തിരിച്ചറിയുന്നു. ക്രീസിൽ സിക്‌സർ അടിക്കാനായിരുന്നു സിദ്ദുവിനിഷ്ടം. മറ്റേ അറ്റത്ത് നിൽക്കുന്ന ബാറ്റ്‌സ്‌മാൻ പലപ്പോഴും നോക്കുകുത്തിയാകും. ക്ലബുകൾ മാറിമാറി കളിക്കുന്ന കളിക്കാരനെപ്പോലെ, പാർട്ടി മാറുന്നതിനോടും അറപ്പൊന്നുമില്ല സിദ്ദുവിന്. ജഴ്സി മാറ്റാൻ നേരമായെന്നു തോന്നിത്തുടങ്ങിയോ സിദ്ദുവിന്?

∙ ലഖിംപുർ ഖേരി വഴി ഹൈക്കമാൻഡിലേക്ക്!

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടതിന്റെ കനൽ കെട്ടടങ്ങിയിട്ടില്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തു. സംഭവത്തിൽ ആരോപണ വിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്നു നീക്കണമെന്നും മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നുമാണു പ്രതിപക്ഷത്തിന്റെയും കർഷകരുടെയും ആവശ്യം. കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഏറെ നേരത്തെ സംഘർ‌ഷാവസ്ഥയ്ക്കൊടുവിൽ സന്ദർശിച്ചതും വാർത്തയായി.

ലഖിംപുർ ഖേരിയിലെത്തിയ പ്രിയങ്ക ഗാന്ധി
ADVERTISEMENT

സിതാപുരിൽ തടവിലായിരുന്ന പ്രിയങ്കയെ 59 മണിക്കൂറിനു ശേഷമാണു വിട്ടയച്ചത്. ലഖിംപുരിലേക്കു പുറപ്പെട്ട കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനെ മൊറാദാബാദിൽ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ഛന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരുമുണ്ടായിരുന്നു. പ്രിയങ്കയെ ഉത്തർപ്രദേശിൽ തടഞ്ഞതിനു പിന്നാലെ, തന്റെ സ്ഥാനം അടയാളപ്പെടുത്താനുള്ള ശ്രമവും സിദ്ദു ആരംഭിച്ചു.

പഞ്ചാബ് പിസിസി അധ്യക്ഷ പദവി പൊടുന്നനെ രാജിവച്ചതിൽ സിദ്ദുവിനോടു നീരസത്തിലാണു ഹൈക്കമാൻഡ്. എങ്കിലും, കേന്ദ്ര നേതൃത്വം രാജി നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. സിദ്ദു രാജി പിൻവലിച്ചിട്ടുമില്ല. ഈ അനിശ്ചിതാവസ്ഥയിലാണു പ്രിയങ്കയ്ക്കു പിന്തുണമായി സിദ്ദു പുതിയ അടവെടുത്തത്. പ്രിയങ്കയെ മോചിപ്പിക്കാതിരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്താൽ തന്റെ നേതൃത്വത്തിൽ പഞ്ചാബ് കോൺഗ്രസ് ലഖിംപുർ ഖേരിയിലേക്കു പ്രകടനം നടത്തുമെന്നായിരുന്നു സിദ്ദുവിന്റെ പ്രഖ്യാപനം. കൊല്ലപ്പെട്ട എട്ടുപേരിൽ ഒരാളായ മാധ്യമപ്രവർത്തകൻ രമൺ കശ്യപിന്റെ കുടുംബത്തോടൊപ്പം സിദ്ദു ഉപവാസമിരുന്നു.

ചോദ്യം ചെയ്യലിനായി ആശിഷ് മിശ്ര ഹാജരായതിന് തൊട്ടുപിന്നാലെ ഉപവാസം അവസാനിപ്പിക്കുന്നതായും പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച പങ്കുവച്ച സിദ്ദുവിന്റെ ട്വീറ്റും ചർച്ചയായിരുന്നു. ‘എല്ലാ നീചശക്തികളും തോൽപ്പിക്കാൻ ശ്രമിക്കട്ടെ, എന്നാൽ പോസിറ്റീവായ ശക്തികൾ പഞ്ചാബിനെ ജയിപ്പിക്കും. പഞ്ചാബിയത്ത് (സാഹോദര്യം) വിജയിക്കും. പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നിൽക്കും’ എന്നായിരുന്നു വാക്കുകൾ. 

∙ ക്രിക്കറ്റിലും കൊടുങ്കാറ്റുയർത്തിയ വിമതൻ

ADVERTISEMENT

1996ൽ, ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനുമായുളള വഴക്കിനെ തുടർന്ന്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്നിറങ്ങി വീട്ടിലേക്കു മടങ്ങിയ സിദ്ദു സൃഷ്ടിച്ച കൊടുങ്കാറ്റ് ഓർക്കുന്നവർ ഇപ്പോഴുമുണ്ട്. കുറിക്കുകൊള്ളുന്ന വാക്കും തുറന്ന പ്രകൃതവും ചേർത്തുപിടിച്ചു തന്നെയാണു സിദ്ദു രാഷ്ട്രീയത്തിലും ഇന്നിങ്സ് ആരംഭിച്ചത്. 57 വയസ്സുള്ള സിദ്ദു, വിവാദങ്ങളാൽ തുടക്കംതൊട്ടേ തന്നിലേക്കു നിരന്തരമായ മാധ്യമശ്രദ്ധ ആകർഷിച്ചു. രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് അധികാരത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബിൽ പാർട്ടിക്ക് അപ്രതീക്ഷിത പ്രതിസന്ധിക്കു കാരണക്കാരനായാണ് അദ്ദേഹം വീണ്ടും വാർത്താതാരമായത്. 

രാഷ്ട്രീയ മൈതാനത്ത് 2004ൽ ബിജെപിയിലാണു സിദ്ദു ആദ്യമായി ക്രീസിലിറങ്ങിയത്. പഞ്ചാബിലെ അമൃത്സർ സീറ്റിൽനിന്നു ലോക്സഭയിലേക്കു വിജയിച്ചു. 2014 വരെ മണ്ഡലം നിലനിർത്തി. പിന്നീട് ലോക്സഭയിലേക്ക് പാർട്ടി മത്സരിപ്പിച്ചില്ല, രാജ്യസഭയിലേക്കാണു നിയോഗിച്ചത്. അമൃത്സർ ലോക്സഭാംഗമായിരുന്ന സിദ്ദുവിന് സീറ്റു നിഷേധിക്കുകയും അവിടെ അരുൺ ജയ്റ്റ്ലിയെ മത്സരിപ്പിക്കുകയും ചെയ്തതോടെ ബിജെപിയും സിദ്ദുവും തമ്മിൽ അസ്വാരസ്യം ഉടലെടുത്തു. 2016ൽ അദ്ദേഹം രാജിവച്ചു. ആം ആദ്മി പാർട്ടിയിൽ (എഎപി) ചേരുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അടുത്ത വർഷം, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന്റെ ഭാഗമായി. എന്നാൽ, പ‍ഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന അമരിന്ദർ സിങ്ങിനു കീഴിൽ പ്രവർത്തിക്കുന്നതിൽ അദ്ദേഹം തൃപ്തനായിരുന്നില്ല.

അമരിന്ദർ സിങ്, സിദ്ദു

ഒരിക്കൽ ക്രിക്കറ്റ് കളത്തിൽ തുടരെ സിക്സറുകൾ നേടിയിരുന്ന കളിക്കാരനായും പിന്നീട് ക്രിക്കറ്റ് കമന്റേറ്ററും ടിവി ഷോയിൽ കോമഡി താരവുമായും തിളങ്ങിയ ശേഷമാണു രാഷ്ട്രീയത്തിലേക്ക് എത്തിയത്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മാത്രം ഉത്തരം നൽകാൻ താൻ ബാധ്യസ്ഥനാണെന്നാണ് അന്നുമിന്നും സിദ്ദു പറയുന്നത്. പഞ്ചാബിലെ പാർട്ടിയുടെ ശക്തിമാനായിരുന്ന അമരിന്ദർ സിങ്ങിനും മുഖ്യപ്രചാരകനായ സിദ്ദുവിനുമിടയിലുള്ള കശപിശ തിരഞ്ഞെടുപ്പു പ്രചാരണകാലത്തു വഷളാകാതിരിക്കാൻ നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമൃത്‌സർ അടക്കം വിവിധ നഗരങ്ങളിലെ മേയർ പദവികളിലേക്കുള്ള തന്റെ ശുപാർശകൾ അമരിന്ദർ പരിഗണിക്കാതിരുന്നതു സിദ്ദുവിനെ കോപാകുലനാക്കിയിരുന്നു.

അമരിന്ദറിന്റെ വിശ്വസ്തർ സിദ്ദുവിനെ സ്വാർഥനെന്നു കുറ്റപ്പെടുത്തി. എന്നിട്ടും രാജ്യത്തെ പ്രധാന മണ്ഡലങ്ങളിലെല്ലാം കോൺഗ്രസിനുവേണ്ടി സിദ്ദു തീപ്പൊരി പ്രസംഗങ്ങൾ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശിതമായി വിമർശിക്കുകയും ഒരു ഘട്ടത്തിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്ക് ഏറ്റുവാങ്ങുകയും ചെയ്തു. അമരിന്ദർവിരുദ്ധ പക്ഷം സിദ്ദുവിനെ ഭാവി മുഖ്യമന്ത്രിയെന്നു വിളിച്ചാണ് എതിരേറ്റത്. ഇത് അമരിന്ദറിന്റെ അമർഷം കൂട്ടി. മോഹങ്ങൾ കൊണ്ടുനടക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ, പാർട്ടിയിലെ എതിരാളികളെ ആക്രമിക്കാനുള്ള ഉചിതമായ സമയം തിരഞ്ഞെടുപ്പു പ്രചാരണമല്ല എന്ന് അമരീന്ദർ പൊട്ടിത്തെറിച്ചു. പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ സിദ്ദു രാഹുലിനെ പിന്നിൽനിന്നു കുത്തുകയാണെന്ന് അമരിന്ദറും കൂട്ടരും ആരോപണമുന്നയിച്ചു.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം സിദ്ദു (ഫയൽ ചിത്രം)

∙ കൊലക്കേസിൽ കുറ്റക്കാരനായി, ശി‌ക്ഷ

വഴിയിലുണ്ടായ തർക്കത്തിനിടെ ഗുർണാം സിങ് എന്നയാളെ അടിച്ചുകൊന്നെന്ന കേസിൽ സിദ്ദു കുറ്റക്കാരനാണെന്നു 2006ൽ പഞ്ചാബ്–ഹരിയാന ഹൈക്കോടതി കണ്ടെത്തി. പട്യാലയിൽ 1988 ഡിംസബർ‍ 27ന് ഉച്ചയ്ക്കു വാഹനം നടുറോഡിൽ പാർക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർണാം സിങ് ചോദ്യം ചെയ്തതിനെ തുടർന്ന് അടിപിടിയുണ്ടായി. പരുക്കേറ്റ ഗുർണാം സിങ് ആശുപത്രിയിൽ മരിച്ചു. മരണം മർദനത്തെ തുടർന്നുള്ള മസ്തിഷ്ക രക്തസ്രാവം മൂലമാണെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. ഹൃദയാഘാതമെന്നു പ്രതികളും. പ്രതികളെ വിചാരണക്കോടതി 1999ൽ വിട്ടയച്ചു.

തന്റെ കാറിൽ ഗുർണാം സിങ്ങിന്റെ കാർ തട്ടിയതിൽ ക്ഷുഭിതരായ സിദ്ദുവും കൂട്ടുകാരൻ രൂപീന്ദർ സിങ് സന്ധുവും ഗുർണാമിനെ കാറിൽനിന്നു വലിച്ചിഴച്ചു മർദിക്കുകയായിരുന്നുവെന്നാണു കേസ്. ഗുർണാമിന്റെ കാറിന്റെ താക്കോലുമായി അവർ പോവുകയും ചെയ്‌തു. കൂടെയുണ്ടായിരുന്ന അനന്തരവൻ ഗുർണാമിനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. എന്നാൽ, രണ്ടു പ്രതികളും കുറ്റക്കാരെന്നു കണ്ടെത്തിയ പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഇരുവരെയും മനഃപൂർവല്ലാത്ത നരഹത്യയ്ക്കു മൂന്നു വർഷം തടവിനു വിധിച്ചു.

ഹൈക്കോടതി വിധി 2007ൽ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതിന്റെ ബലത്തിലാണു സിദ്ദുവിന് അമൃത്‌സറിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ‍ മത്സരിക്കാനായത്. കേസിൽ സിദ്ദുവിന് 1000 രൂപ പിഴശിക്ഷ മാത്രം നൽകിയായിരുന്നു 2018ൽ സുപ്രീം കോടതിയുടെ വിധി. രണ്ടാം പ്രതി രുപീന്ദർ സിങ് സന്ധുവിനെ കോടതി വിട്ടയച്ചു. ഗുർണാം സിങ്ങിനെ സിദ്ദു അടിച്ചെങ്കിലും അതാണു മരണകാരണമെന്നു തെളിഞ്ഞിട്ടില്ലെന്നാണു കോടതി വ്യക്തമാക്കിയത്. അടിച്ചു പരുക്കേൽപ്പിച്ചതിനായിരുന്നു 1000 രൂപ പിഴ.

∙ സ്വന്തം പാർട്ടി ‘ആവാസെ പഞ്ചാബ്’

പഞ്ചാബിലെ കുടുംബവാഴ്ച അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ 2016ൽ സിദ്ദുവിന്റെ ആവാസെ പഞ്ചാബ് (പഞ്ചാബിന്റെ ശബ്ദം) നിലവിൽ വന്നു. പാർട്ടി പ്രഖ്യാപന വേളയിൽ ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടികളെ കടുത്തഭാഷയിലാണു സിദ്ദു വിമർശിച്ചത്. ‘ആം ആദ്മി പാർട്ടിയും കേജ്‌രിവാളും പുറകെ നടക്കുകയായിരുന്നു. പല വാഗ്ദാനങ്ങളും തന്നു. ഞാൻ മത്സരിക്കേണ്ട, പ്രചാരണം നടത്തിയാൽ മതി എന്നാണ് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞത്. പ്രദർശനവസ്തുവാകാൻ ഞാൻ തയാറല്ല. അകാലിദളും കോൺഗ്രസും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ മാത്രമാണ്. പഞ്ചാബിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നാണ് രാജ്യസഭാംഗമായപ്പോൾ കരുതിയത്. എന്നാൽ ബിജെപിയും എന്നെ പ്രദർശനവസ്തുവാക്കി’– സിദ്ദു പറഞ്ഞു.

സ്വന്തം പാർട്ടിയുമായി ഒറ്റയ്ക്കു നിൽക്കുക പ്രയാസമാണെന്നു സിദ്ദു മനസ്സിലാക്കി. 2017 ജനുവരിയിൽ കോൺഗ്രസിൽ ചേർന്നു. സിദ്ദുവിന്റെ പത്നിയും ബിജെപി എംഎൽഎയുമായിരുന്ന നവജ്യോത് കൗർ നേരത്തേതന്നെ കോൺഗ്രസിന്റെ ഒപ്പമായിരുന്നു. കോൺഗ്രസിൽ എത്തിയപ്പോൾ മനസ്സമാധാനമായെന്നും തന്റെ വേരുകൾ കോൺഗ്രസിലാണെന്നും സിദ്ദു പ്രഖ്യാപിച്ചു. ക്യാപ്റ്റൻ അമരിന്ദറിന്റെ മന്ത്രിസഭയിലും അംഗമായി. ഇതിനിടെ, സർക്കാർ പദവികളിൽ ഭാര്യയ്ക്കും മകനും നിയമനം നൽകിയതു വിവാദമായി. ഭാര്യ നവ്ജ്യോത് കൗറിനെ പഞ്ചാബ് വെയർഹൗസിങ് കോർപറേഷൻ ചെയർപഴ്സനായും മകൻ കരണിനെ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലായുമായാണു നിയമിച്ചത്. വിവാദമായതോടെ ഇരുവരും പദവികൾ ഏറ്റെടുത്തില്ല. 

∙ പാക്ക് പട്ടാള മേധാവിക്ക് ആലിംഗനം

പഞ്ചാബ് മന്ത്രിയായിരിക്കെ 2018ൽ പാക്കിസ്ഥാൻ പട്ടാളമേധാവി ജനറൽ ഖമർ ജാവിദ് ബജ്‌വയെ ആലിംഗനം ചെയ്തും സിദ്ദു വിവാദത്തിൽപ്പെട്ടു. സംഗതി തെറ്റായിപ്പോയെന്ന് അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തു. മുൻ ക്രിക്കറ്റ്‌താരം ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലായിരുന്നു വിവാദസംഭവം. ചടങ്ങിൽ സിദ്ദു ഇരുന്നതു പാക്ക് അധിനിവേശ കശ്മീർ (പിഒകെ) പ്രസിഡന്റ് മസൂദ് ഖാനു സമീപമായിരുന്നുവെന്നതും വിമർശിക്കപ്പെട്ടു. ബിജെപിയും അദ്ദേഹത്തിനെതിരെ രംഗത്തെത്തി. എന്നാൽ, ഇതിലൊന്നും കുലുങ്ങാതെ സിദ്ദു സ്വയം ന്യായീകരിച്ചു.

ഇമ്രാൻ ഖാൻ, സിദ്ദു

പാക്ക് കരസേനാ മേധാവിയെ വൈകാരിക നിമിഷത്തിൽ ആലിംഗനം ചെയ്തുപോയതാണെന്നും അവിചാരിത കൂടിക്കാഴ്ചയ്ക്കിടെ സംഭവിച്ച വികാരപ്രകടനം ഇത്രയേറെ വിമർശിക്കപ്പെട്ടതിൽ വേദനിക്കുന്നതായും സിദ്ദു പറഞ്ഞു. ഗുരുദാസ്പുർ ജില്ലയിലുള്ള ദേരാ ബാബ നാനാക്കിൽനിന്ന് പാക്കിസ്ഥാനിലെ കർതാർപുർ സാഹിബിലേക്ക് സിഖ് തീർഥാടകർക്കു യാത്രാനുമതി നൽകാൻ ശ്രമിക്കുകയാണെന്നു ബജ്‌വ പറഞ്ഞതു കേട്ട സന്തോഷത്തിലാണ് അങ്ങനെ ചെയ്തത്. തന്റേതു രാഷ്ട്രീയസന്ദർശനം ആയിരുന്നില്ല. സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചുപോയതാണ്. 2015 ൽ ലഹോറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ ആലിംഗനം ചെയ്തതു പോലെയാണിതെന്നും സിദ്ദു വിശദീകരിച്ചു.

ആലിംഗനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഇന്ത്യൻ സൈനികരുടെ മനോവീര്യം തകർക്കുന്ന പ്രവൃത്തിയായെന്നുമാണ് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടത്. പാക്ക് സേനാമേധാവിയെ വെറുതെ ആലിംഗനം ചെയ്യുക മാത്രമാണു ചെയ്തത്. അല്ലാതെ കോടികളുടെ റഫാൽ ഇടപാടൊന്നും നടത്തിയിട്ടില്ല. ഇന്ത്യയും പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതിനിടെ ഷേക്ക് ഹാൻഡ് കൊടുക്കാറില്ലേ. അതുപോലെയേ ഉള്ളൂവെന്നും സിദ്ദു തിരിച്ചടിച്ചു. പിന്നാലെ, അമരിന്ദർ സിങ്ങുമായുള്ള ഭിന്നതകളെത്തുടർന്ന് 2019 ജൂലൈയിൽ സിദ്ദു മന്ത്രിസ്ഥാനം രാജിവച്ചു.

കർതാർപുർ സാഹിബ്.

2019 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കർതാർപുർ ഇടനാഴി രാജ്യത്തിനു സമർപ്പിച്ചു. പാക്കിസ്ഥാൻ ഭാഗത്ത് ഇടനാഴി ഉദ്ഘാടനം ചെയ്ത അവിടുത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയിൽ നിന്നുള്ള ആദ്യസംഘത്തെ സ്വീകരിച്ചു. കർതാർപുർ ഇടനാഴി കടന്ന് പാക്ക് മണ്ണിലെത്തിയ സിദ്ദുവിന് ഹർഷാരവങ്ങളോടെയായിരുന്നു സ്വീകരണം. സിദ്ദുവിനെ സ്വീകരിച്ച ഇമ്രാൻ അദ്ദേഹത്തെ ആലിംഗനം ചെയ്തപ്പോൾ ജനം ഇളകിമറിഞ്ഞു.

∙ പഞ്ചാബ് കോൺഗ്രസിന്റെ തലവൻ, പക്ഷേ...

പഞ്ചാബ് പിസിസി പ്രസിഡന്റായി സിദ്ദുവിനെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി 2021 ജൂലൈയിലാണു നിയമിച്ചത്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലായിരുന്നു ഒൗദ്യോഗിക പ്രഖ്യാപനം. സിദ്ദുവിനെ പ്രസിഡന്റായി നിയമിക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തെ അമരിന്ദർ സിങ് ശക്തമായി എതിർത്തിരുന്നു. ഹൈക്കമാൻഡ് നീക്കം സംസ്ഥാനത്ത് പാർട്ടിയുടെ പിളർപ്പിനു വഴിവയ്ക്കുമെന്ന മുന്നറിയിപ്പോടെ സോണിയയ്ക്ക് അമരിന്ദർ കത്തയയ്ക്കുകയും ചെയ്തു. സിദ്ദുവിനെ പ്രസിഡന്റാക്കാൻ പ്രിയങ്ക ഗാന്ധിയും അണിയറയിൽ നിർണായക പങ്കു വഹിച്ചു. 

സിദ്ദുവിന്റെ പുതിയ റോളിനൊപ്പം, കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിന്തുണ നഷ്ടമായതോടെ പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അമരിന്ദർ സിങ് രാജിവച്ചു. ഹൈക്കമാൻഡ് നിർദേശപ്രകാരം നിയമസഭാകക്ഷിയോഗം ചേരാനിരിക്കെയാണ്, തൊട്ടുമുൻപ് ഗവർണറെ സന്ദർശിച്ച് അമരിന്ദർ രാജിക്കത്ത് നൽകിയത്. താൻ അപമാനിക്കപ്പെട്ടതായി ഗവർണറുടെ വസതിക്കു മുന്നിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം തുറന്നടിച്ചു. പിസിസി അധ്യക്ഷൻ സിദ്ദുവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചാണു നിയമസഭാകക്ഷി യോഗം വിളിച്ചത്. അമരിന്ദറിന്റെ പ്രതിച്ഛായ ഇടിഞ്ഞെന്ന സർവേ റിപ്പോർട്ടും പരിഗണിച്ചു.

അമരിന്ദറിനെ നീക്കി പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായി തന്റെ വിശ്വസ്തൻ ചരൺജിത് സിങ് ഛന്നിയെ അവരോധിക്കുക വഴി സിദ്ദു നേടിയത് ‘കിങ് മേക്കർ’ പ്രതിഛായയാണെന്ന് രാഷ്ട്രീയ വിലയിരുത്തലുണ്ടായി. പഞ്ചാബിലെ ആദ്യ ദലിത് സിഖ് മുഖ്യമന്ത്രിയാണു രാംദാസിയ സിഖ് സമുദായാംഗമായ ഛന്നി. പാർട്ടിക്കുള്ളിൽ അമരിന്ദറിന്റെ എതിരാളി. അടുത്ത വർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ദലിത് വോട്ടുകളിൽ കണ്ണെറിഞ്ഞാണു ഛന്നിയെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. സംസ്ഥാനത്ത് 32 ശതമാനം ദലിത് വോട്ടർമാരുണ്ട്. സിദ്ദുവിന്റെ കൂടി അഭിപ്രായം പരിഗണിച്ചാണു ഛന്നിയെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയാക്കിയത്.

നവജ്യോത് സിങ് സിദ്ദു. Photo: @sherryontopp / Twitter

ഇതിനിടെ, കോൺഗ്രസിന് പുതിയ തലവേദന സൃഷ്ടിച്ച് സെപ്റ്റംബർ 28ന് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചു. അമരിന്ദർ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാൻ പടനയിച്ച സിദ്ദുവിന്റെ ആ ലക്ഷ്യം വിജയിച്ചെങ്കിലും പാർട്ടിയുടെയും സർക്കാരിന്റെയും നിയന്ത്രണച്ചരട് തന്റെ കൈയിലല്ലെന്നു ബോധ്യമായതോടെയാണു രാജി. അഴിമതിയാരോപണം നേരിടുന്ന റാണ ഗുർജീത് സിങ്ങിനെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കുക, അഡ്വക്കറ്റ് ജനറലിനെയും ഡിജിപിയെയും മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാൽ നിലപാടു മാറ്റാമെന്നാണ് സിദ്ദു സൂചിപ്പിച്ചിട്ടുള്ളത്.

കറപുരണ്ട നേതാക്കളും ഉദ്യോഗസ്ഥരും തുടരുകയെന്ന രീതി പറ്റില്ലെന്നാണു സിദ്ദു പറയുന്നത്. സിദ്ദു വിശ്വാസവഞ്ചന കാട്ടിയെന്ന അഭിപ്രായമാണു കോൺഗ്രസിന്. അതിനാൽതന്നെ ഉടനൊരു തീരുമാനത്തിനു ഹൈക്കമാൻഡ് തയാറുമല്ല. രാഷ്ട്രീയത്തിൽ പ്രവേശിച്ച് 17 വർഷങ്ങൾക്കു ശേഷവും ആവേശഭരിതനും സ്വയം കേന്ദ്രീകൃതനുമായ നേതാവായി തുടരുന്നതു സിദ്ദുവിന്റെ പക്വതക്കുറവാണെന്നു പാർട്ടിക്കുള്ളിലും പുറത്തും വിമർശനമുണ്ട്. മികച്ച ടീം പ്ലേയറല്ല, ഒറ്റയാൾ സംഘമാണെന്നാണ് എതിരാളികളുടെ കുറ്റപ്പെടുത്തൽ. വികാരവിക്ഷോഭങ്ങളുടെ വേലിയേറ്റത്തിൽ മുങ്ങിക്കുളിച്ച ക്രിക്കറ്ററുടെ വേഷത്തിൽനിന്നു പുറത്തിറങ്ങണമെന്ന് തോന്നിയിട്ടില്ലാത്തതിനാൽ സിദ്ദുവിന്റെ ‘പവർപ്ലേ’ ഇനിയും തുടരും.

English Summary: Cricketer turned Politican Navjot Singh Sindhu's career and Punjab Congress Crisis