കനയ്യകുമാർ സിപിഐ വിട്ടു പോകാൻ പാടില്ലാത്ത ഒരാളായിരുന്നു.. അദ്ദേഹത്തിന് ചില കൂട്ടുകെട്ടുകളുണ്ട്. യുവാക്കളുടെ ഒരു സംഘമാണ് അത്. അവർ സിപിഐയുടെ ഓഫിസിൽ കയറി ഓഫിസ് സെക്രട്ടറി അടക്കം ഉള്ളവരെ ആക്ഷേപിക്കുകയും അടിക്കാൻ ചെല്ലുകയും ചെയ്തു. '..K Prakash Babu Latest News, K Prakash Babu Crossfire

കനയ്യകുമാർ സിപിഐ വിട്ടു പോകാൻ പാടില്ലാത്ത ഒരാളായിരുന്നു.. അദ്ദേഹത്തിന് ചില കൂട്ടുകെട്ടുകളുണ്ട്. യുവാക്കളുടെ ഒരു സംഘമാണ് അത്. അവർ സിപിഐയുടെ ഓഫിസിൽ കയറി ഓഫിസ് സെക്രട്ടറി അടക്കം ഉള്ളവരെ ആക്ഷേപിക്കുകയും അടിക്കാൻ ചെല്ലുകയും ചെയ്തു. '..K Prakash Babu Latest News, K Prakash Babu Crossfire

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കനയ്യകുമാർ സിപിഐ വിട്ടു പോകാൻ പാടില്ലാത്ത ഒരാളായിരുന്നു.. അദ്ദേഹത്തിന് ചില കൂട്ടുകെട്ടുകളുണ്ട്. യുവാക്കളുടെ ഒരു സംഘമാണ് അത്. അവർ സിപിഐയുടെ ഓഫിസിൽ കയറി ഓഫിസ് സെക്രട്ടറി അടക്കം ഉള്ളവരെ ആക്ഷേപിക്കുകയും അടിക്കാൻ ചെല്ലുകയും ചെയ്തു. '..K Prakash Babu Latest News, K Prakash Babu Crossfire

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുരംഗത്തെ സൗമ്യത നിലപാടുകളിലെ കണിശതയ്ക്ക് തടസ്സമല്ലെന്ന സിപിഐയെക്കുറിച്ചുള്ള വിശേഷണം അതേപടി ചേരുന്ന അവരുടെ നേതാക്കളിൽ പ്രമുഖനാണ് കെ.പ്രകാശ് ബാബു. സംസ്ഥാനത്തെ രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരിൽ സീനിയറും ദേശീയ കൗൺസിൽ അംഗവുമായ അദ്ദേഹം പാർട്ടി സംഘടനയിൽ ശക്തനായ നേതാവാണ്. പത്തനാപുരത്തെ രണ്ടു തവണ നിയമസഭയിൽ പ്രതിനിധീകരിച്ച പ്രകാശ് ബാബു സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലെ സ്പന്ദനങ്ങൾ കൃത്യമായി പിന്തുടരുകയും അതിൽ സിപിഐയുടെ അഭിപ്രായം രൂപീകരിക്കുകയും ചെയ്യുന്നവരിൽ മുഖ്യപങ്കു വഹിക്കുന്നു. സിപിഐക്കുള്ളിലെ തർക്കങ്ങളും നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ശൈലിയും മുതൽ കനയ്യകുമാർ സിപിഐയെ വഞ്ചിച്ചതു വരെയുള്ള വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കെ.പ്രകാശ് ബാബു സംസാരിക്കുന്നു. 

സിപിഐ മന്ത്രിമാരുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നവരിൽ ഒരാളാണ് താങ്കൾ? മന്ത്രിമാരുടെ പ്രവർത്തനം സംബന്ധിച്ച് പൊതുവായി നൽകിയിരിക്കുന്ന നിർദേശങ്ങൾ എന്താണ്? 

ADVERTISEMENT

അവർ പരമാവധി സമയം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ഉണ്ടാകണം. ഫയലുകൾ തീർപ്പാക്കുന്നതിൽ മുൻഗണന കൊടുക്കണം. വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമായി കൊണ്ടുപോകണം. പൂർണസ്വാതന്ത്ര്യം അവർക്ക് പാർട്ടി നൽകിയിട്ടുണ്ട്. അവരെ നല്ലതു പോലെ സഹായിക്കുന്ന പാർലമെന്ററി പാർട്ടി സംവിധാനവും ഉണ്ട്. പാർ‍ട്ടി സെക്രട്ടറി ഉൾപ്പെടെ പങ്കെടുത്ത്  പാർലമെന്ററി പാർട്ടിയുടെ യോഗം പലതവണ ചേരുകയും വേണ്ട നിർദേശങ്ങൾ നൽ‍കുകയും ചെയ്തു.

കെ.പ്രകാശ് ബാബു. ചിത്രം: ഫെയ്‌സ്ബുക്

സർക്കാരിന്റെയും മന്ത്രിമാരുടെയും പ്രവർത്തനം ശക്തമാക്കാൻ സിപിഎം മാർഗരേഖ തയാറാക്കുകയും ചില കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. സിപിഐ അങ്ങനെ ഗൗരവമുള്ള നടപടികളിലേക്കു കടന്നില്ലല്ലോ? 

അനുകരണത്തിന്റെ ആവശ്യം സിപിഐക്കില്ല. ഞങ്ങൾ മന്ത്രിമാരെയും സ്റ്റാഫിനെയും വിളിച്ചു ചർച്ച നടത്താറുണ്ട്. ഒരുമിച്ചും അല്ലാതെയും യോഗങ്ങൾ ചേർന്നു. ഭരണകാര്യങ്ങളിൽ അവർക്ക് സ്വാതന്ത്ര്യമുണ്ട്. നയപരമായ കാര്യങ്ങളിൽ മാത്രമേ പാർട്ടി സെന്ററിന്റെ ആവശ്യമുള്ളൂ.

നാലു മന്ത്രിമാരും പുതുമുഖങ്ങളാണ്. അവരുടെ പ്രവർത്തനം ഇതുവരെ എങ്ങനെ? പാർട്ടി  വിലയിരുത്താറായോ? 

ADVERTISEMENT

 ഏൽപിച്ച ഉത്തരവാദിത്തങ്ങൾ അവർ നല്ലതു പോലെ  നിർവഹിക്കുന്നുണ്ടെന്നാണ് വിശ്വാസം.

സിപിഎമ്മിലും പുതുമുഖങ്ങളാണ് കൂടുതൽ. അനുഭവസമ്പത്തുള്ള പ്രഗത്ഭരായ സിപിഐ മന്ത്രിമാർ ഒരു കാലഘട്ടത്തിൽ ഇടതു മന്ത്രിസഭകൾക്ക് അലങ്കാരമായിരുന്നു. ഇപ്പോഴത്തെ മന്ത്രിസഭയ്ക്ക് അത് അവകാശപ്പെടാൻ കഴിയില്ലല്ലോ?

അതൊക്കെ മനോഭാവത്തിന്റെ പ്രശ്നമാണ്. കേരളത്തിലുള്ളവർ ഇന്നും ഏറ്റവും വിലമതിക്കുന്നത് 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെയാണ്. അതിലെ ആരും മുൻപ് മന്ത്രിമാർ ആയിരുന്നവരല്ല. ഇംഎംഎസോ ടി.വിയോ ഗൗരിയമ്മയോ ഒന്നും മന്ത്രിമാരായിരുന്നില്ല. പക്ഷേ അവർ എല്ലാവരും പ്രഗത്ഭരായ മന്ത്രിമാരായിരുന്നു. 

ഇ.എം.എസ്.നമ്പൂതിരിപ്പാട്. ഫയൽ ചിത്രം

∙ പക്ഷേ അവരെല്ലാം അതിപ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളായിരുന്നില്ലേ? 

ADVERTISEMENT

ചിലർ അങ്ങനെയായിരുന്നു. പക്ഷേ എല്ലാവരും അങ്ങനെ ആയിരുന്നില്ല. ഉത്തരവാദിത്തം നൽകുമ്പോൾ അവർ ആർജിക്കുന്ന അറിവും പരിശ്രമവുമാണ് അവരെ നല്ല മന്ത്രിമാരാക്കുന്നത്. ആ നിലയിൽ ഇവരും ശ്രമിക്കുമെന്ന് കരുതാം. എന്നെങ്കിലും ഒരു ജോലി കിട്ടുമ്പോഴല്ലേ പരിചയസമ്പത്തിന്റെ കാര്യം പിന്നീട് പറയാൻ പറ്റൂ. അനുഭവസമ്പന്നരെ മാത്രമേ എടുക്കൂവെന്നു പറഞ്ഞാൽ ഏതെങ്കിലും ഒരു ചെറുപ്പക്കാരന് ജോലി കിട്ടുമോ? മന്ത്രിസഭയ്ക്കും അതു  പ്രസക്തമാണ്. 

മന്ത്രിസഭയുടെ ഇതുവരെയുള്ള പ്രവർത്തനം സാധാരണമാണെന്നും  അദ്ഭുതങ്ങൾ ഉണ്ടായിട്ടില്ലെന്നും പറഞ്ഞാൽ? അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ ദേശീയശ്രദ്ധ പിടിച്ചു പറ്റുന്ന ചില പ്രഖ്യാപനങ്ങൾ സ്റ്റാലിൻ നടത്തുകയും ചെയ്തല്ലോ?   

കഴിഞ്ഞ മന്ത്രിസഭയുടെ അവസാന നാളുകളിൽ ഭക്ഷ്യകിറ്റും മറ്റുമായി ചില സാമൂഹിക സേവന നടപടികൾ സർക്കാരിൽ നിന്നുണ്ടായി. ഇപ്പോൾ കുറച്ചു കൂടി ഭദ്രമായ സ്ഥിതിയിലാണ് കേരളം. ആ ഭദ്രമായ സാഹചര്യത്തിൽ ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കണമോ അങ്ങനെ ചെയ്യുന്നുണ്ട്.

എല്ലാ അധികാരവും മുഖ്യമന്ത്രി പിണറായി വിജയനിലാണോ കേന്ദ്രീകരിക്കുന്നത്? ബാക്കിയുളള മന്ത്രിമാരെല്ലാം പേരിനു മാത്രം എന്ന സ്ഥിതിയുണ്ടോ? 

ഞങ്ങളുടെ മന്ത്രിമാർ അങ്ങനെ ഒരു പരാതി ഇതുവരെ പാർട്ടിയിൽ പറഞ്ഞിട്ടില്ല. പത്രങ്ങളിൽ ചിലതെല്ലാം വരുന്നുണ്ട്. അതിൽ പ്രതികരിക്കേണ്ട കാര്യമില്ല. തങ്ങളുടെ വകുപ്പുകളിൽ മുഖ്യമന്ത്രി ആവശ്യമില്ലാതെ ഇടപെടുന്നതായ പരാതി സിപിഐ മന്ത്രിമാർ പാർട്ടി സെന്ററിൽ ധരിപ്പിച്ചിട്ടില്ല. 

പിണറായി വിജയൻ

മന്ത്രിസഭയിലും  എൽഡിഎഫിലും തിരുത്തൽ ശക്തി എന്ന വിശേഷണം  സിപിഐക്കുണ്ടായിരുന്നു. സമീപകാലത്ത് അതിനു പകരം സിപിഎമ്മിന്റെ ബി ടീം ആയി മാറിയോ? 

തെറ്റു ചെയ്യുമ്പോഴല്ലേ തിരുത്തൽ ശക്തി ആകേണ്ട കാര്യമുളളൂ. ആ സാഹചര്യം വരട്ടെ. അപ്പോൾ അറിയാം. 

അധികാരത്തിന്റെ പങ്കു പറ്റി മുന്നോട്ടു പോകാം, തൽക്കാലം വിപ്ലവം വേണ്ടെന്നതിലേയ്ക്കു  സിപിഐ മാറി എന്നതല്ലേ വസ്തുത? 

അധികാരത്തിന്റെ പങ്കു പറ്റി മുന്നോട്ടു പോകുന്നതിലേയ്ക്ക് ഒരിക്കലും ചിന്തിക്കാത്ത പാർട്ടിയാണ് സിപിഐ. ഒരു തരത്തിലും യോജിക്കാൻ കഴിയാത്ത സാഹചര്യം വന്നാൽ കളയുക അല്ലാതെ ഒത്തു തീർത്തു പോകുന്ന രീതി ‍ഞങ്ങൾക്കില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം അതല്ല. ഇനിയും അങ്ങനെ തന്നെയായിരിക്കും. 

കെ.പ്രകാശ് ബാബു, കോടിയേരി ബാലകൃഷ്‌ണൻ. ഫയൽ ചിത്രം.

ദേശീയ തലത്തിൽ ഇടത് ഐക്യം എന്ന മുദ്രാവാക്യമാണ് സിപിഎം–സിപിഐ  ദേശീയ നേതൃത്വം ഉയർത്തുന്നത്. കേന്ദ്ര നേതൃത്വങ്ങൾ അടിച്ചേൽപിക്കപ്പെടുന്ന ഐക്യം എല്ലാം ഉള്ളിലൊതുക്കി തുടരുന്ന ശൈലിയിലേക്ക് മാറാൻ സിപിഐയെ കേരളത്തിൽ പ്രേരിപ്പിച്ചിട്ടില്ലേ? 

സ്വന്തം അഭിപ്രായം കൃത്യമായി പറഞ്ഞും പരസ്പരം ചർച്ച ചെയ്തുമാണ് സിപിഎമ്മും സിപിഐയും കേരളത്തിൽ നീങ്ങുന്നത്. ഇരു പാർട്ടികളും തമ്മിൽ നിലവിൽ പ്രശ്നങ്ങളില്ല. ഭരണ തലത്തിലോ പാർട്ടി തലത്തിലോ തർക്കങ്ങളില്ല. ഞങ്ങളുടെ കേന്ദ്ര നേതൃത്വം  ഒന്നും അടിച്ചേൽപ്പിച്ചിട്ടില്ല. പാർട്ടിയുടെ ശ്രേണിബദ്ധത നിലനിൽക്കുമ്പോൾതന്നെ ഫെഡറൽ സംവിധാനം ഞങ്ങൾക്കുണ്ട്. ഇടത് ഐക്യം പരമപ്രധാനമാണ്. ഞങ്ങളാണ് അതിനു മുൻകൈ എടുത്തത്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇടത് ഐക്യം  കൊണ്ടു മാത്രം എന്തെങ്കിലും സാധിക്കുമെന്ന ചിന്തയും സിപിഐക്കില്ല. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ മതനിരപേക്ഷ–ജനാധിപത്യ–ഇടത് ചേരി ഇന്ത്യയിൽ വളർന്നുവരണമെന്ന് ഞങ്ങൾ പറഞ്ഞത്. ആ പ്രയോഗത്തിൽ  മതനിരപേക്ഷ പാർട്ടികൾ എന്ന് ആദ്യം പറഞ്ഞത് ബോധപൂർവമാണ്. അല്ലാതെ ഇടതു പാർട്ടികളെ അല്ല ഒന്നാമത് വച്ചത്. ഇന്ത്യൻ രാഷ്ട്രീയ യാഥാർഥ്യം മനസ്സിലാക്കാതെ രാഷ്ട്രീയപ്രമേയത്തിൽ എന്തെങ്കിലും എഴുതിവച്ചിട്ടു കാര്യമില്ല. 

കോൺഗ്രസ് നയിക്കുന്ന വിശാല മുന്നണി വേണം എന്നതല്ലേ ഇതിന്റെ ചുരുക്കം? 

കോൺഗ്രസിന് അങ്ങനെ ഒരു മുന്നണിയെ നയിക്കാൻ കഴിയുന്നില്ലല്ലോ. അവർ എടുക്കേണ്ട  നേതൃപരമായ മുൻകയ്യോ തന്ത്രപരമായ സമീപനങ്ങളോ ഇന്ന് ഉണ്ടാകുന്നില്ല. ആഭ്യന്തര കലഹംകൊണ്ട് അവർ തകർന്നുകൊണ്ടിരിക്കുകയാണ്. തിരിച്ചുവരാൻ കഴിയുമോ  എന്നതിൽ ഏറ്റവും ആശങ്ക കോൺഗ്രസിനു തന്നെയാണ്. അതേസമയം മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന എല്ലാവരും ഒരുമിച്ചു നിൽക്കുകയും വേണം. 

സിപിഐയ്ക്ക് ഇക്കാര്യത്തിലുള്ള വ്യക്തത സിപിഎമ്മിനില്ലേ? ആരാണ് നയിക്കേണ്ടത്, ആരുമായാണ്  കൂട്ടുകൂടേണ്ടത് എന്നീ കാര്യങ്ങളിലെല്ലാം വീണ്ടും ആശയക്കുഴപ്പം  ആ പാർട്ടിയിൽ രൂപപ്പെടുകയാണോ? 

അത് ഒപ്പം കൂട്ടേണ്ട പാർട്ടിയെ സംബന്ധിച്ചല്ല എന്നാണ് ‍ഞാൻ കരുതുന്നത്. ഉരുത്തിരിഞ്ഞു വരുന്ന ഒരു സഖ്യത്തെ തൊഴിലാളി വർഗ നേതൃത്വം  നയിക്കണം എന്ന കാഴ്ചപ്പാടാണ് അവർക്കുള്ളത്. അതു വർഗപരമായ സമീപനത്തിന്റെ പ്രശ്നമാണ്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ അങ്ങനെയൊന്നിൽ നിന്നാൽ  മുന്നോട്ടു പോകാൻ കഴിയില്ല. അതു സിപിഐക്ക് നല്ല ബോധ്യമുണ്ട്. 19 രാഷ്ട്രീയ പാർട്ടികളുടെ യോഗം ഡൽഹിയിൽ ചേർന്ന് നല്ല തീരുമാനമാണ് എടുത്തത്. പക്ഷേ മമത ബാനർജിക്കെതിരെ ബംഗാളിൽ സിപിഎം സ്ഥാനാർഥിയെ നിർത്തിയതോടെ ആ ചേരിയിൽ വിള്ളലായി. ജയിച്ചു കഴിഞ്ഞപ്പോൾ മമത പറയുന്നത് കോൺഗ്രസിന് ബിജെപി വിരുദ്ധ ചേരിയെ നയിക്കാൻ കഴിയില്ല എന്നതിനാൽ ആ സ്ഥാനം ഞാൻ എടുക്കുന്നുവെന്നാണ്. 

ഡി. രാജ, കാനം രാജേന്ദ്രൻ.

മമതയെ ദേശീയ യാഥാർഥ്യമായി അംഗീകരിക്കാൻ‍ സിപിഎം വൈകുന്നുണ്ടോ? 

ദേശീയ യാഥാർഥ്യം ആണെങ്കിലും അല്ലെങ്കിലും ബംഗാളിലെ യാഥാർഥ്യമാണെന്ന് കണ്ടു കഴിഞ്ഞു. 

ഇതൊക്കെ ആണെങ്കിലും സിപിഐയുടെ തരംഗംതന്നെ ആയിരുന്ന കനയ്യ കുമാർ സിപിഐ വിട്ടു പോയത് കോൺഗ്രസിലേക്കല്ലേ?

കനയ്യകുമാർ സിപിഐ വിട്ടു പോകാൻ പാടില്ലാത്ത ഒരാളായിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന നേതാവ്  എന്ന നിലയിലേക്ക് കനയ്യകുമാർ ഉയർന്നത് സിപിഐ എന്ന പ്രസ്ഥാനം അദ്ദേഹത്തെ ഏറ്റെടുത്തതു വഴിയാണ്. ബിഹാറിലെ തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹത്തിനെതിരെ അവിടുത്തെ പാ‍ർട്ടി ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തിന് ചില കൂട്ടുകെട്ടുകളുണ്ട്. യുവാക്കളുടെ സംഘമാണ് അത്. അവർ സിപിഐയുടെ ഓഫിസിൽ കയറി ഓഫിസ് സെക്രട്ടറി അടക്കമുള്ളവരെ ആക്ഷേപിക്കുകയും അടിക്കാൻ ചെല്ലുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന ആരും പാർട്ടിക്കാർ ആയിരുന്നില്ല. അതിനു കനയ്യകുമാർ മൂകസാക്ഷിയായിരുന്നു. വളരെ പ്രായം ചെന്ന പാർട്ടി സഖാവാണ് ഓഫിസ് സെക്രട്ടറി. അദ്ദേഹത്തെ ആക്രമിക്കാൻ ചെന്നപ്പോൾ കനയ്യ തടഞ്ഞില്ല. അരുതെന്നു പോലും പറഞ്ഞില്ല. ആ ഓഫിസ് സെക്രട്ടറി പാർട്ടിക്ക് പരാതി നൽകി. കഴിഞ്ഞ ജനുവരിയിൽ ഹൈദരാബാദിൽ ചേർന്ന ദേശീയ കൗൺസിൽ യോഗം അതു  ചർച്ച ചെയ്യുകയും കനയ്യകുമാറിനെ താക്കീത് ചെയ്യുകയും ചെയ്തു. ആ അച്ചടക്കനടപടി കനയ്യകുമാറിന് ഉൾക്കൊള്ളുന്നതിന് വൈമനസ്യം ഉണ്ടായിക്കാണും.

അക്കാര്യത്തിൽ  ദേശീയ കൗൺസിലിന് കനയ്യ  നൽകിയ വിശദീകരണം എന്തായിരുന്നു?

അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമായിരുന്നില്ല. കൂടെ കൊണ്ടു നടക്കുന്നവരിൽ  രാഷ്ട്രീയ അവബോധം ഉണ്ടാക്കിയെടുക്കാൻ കഴിയുമെങ്കിൽ അതിൽ തെറ്റില്ല. അങ്ങനെ ഇല്ലാത്തവരെ കൊണ്ടു നടന്നതിന്റെ പ്രശ്നമാണ് സംഭവിച്ചത്. 

ജിഗ്‌നേഷ് മേവാനി. കനയ്യ കുമാർ. ചിത്രം: PTI

അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി വേണ്ടിയിരുന്നില്ല എന്ന വീണ്ടുവിചാരം ഇപ്പോൾ സിപിഐക്കുണ്ടോ? 

എങ്കിൽ എപ്പോഴെങ്കിലും വേണ്ടി വരില്ലേ. വിദ്യാർഥി നേതാവായിരിക്കുമ്പോൾ അദ്ദേഹത്തിനു സ്വാതന്ത്ര്യത്തോടെ  പോകാം. പക്ഷേ സിപിഐയുടെ ദേശീയ നിർവാഹകസമിതി അംഗമാകുമ്പോൾ അദ്ദേഹം പാർട്ടി നേതൃനിരയുടെ ഭാഗമാണ്. നേതൃത്വത്തിലേക്ക് അദ്ദേഹത്തെ ഉൾ‍പ്പെടുത്തിയെങ്കിലും ആ നേതൃനിലവാരത്തിലേക്ക് അദ്ദേഹം ഉയർന്നില്ല. അതിന്റെ ഭാഗമായി ഉണ്ടായ പിശകാണ് സംഭവിച്ചത്. അതേതുടർന്നുള്ള അകൽച്ച അദ്ദേഹത്തിനു വന്നു കാണും. പക്ഷേ രാഹുൽഗാന്ധി വിളിച്ച ചർച്ചയ്ക്കു പോകുമ്പോൾ പോലും സിപിഐയുടെ ദേശീയ സെക്രട്ടറിമാരിൽ ഒരാളായ അമർജിത് കൗറിനോട് ചോദിച്ചിട്ടാണ് കനയ്യ  പോയത്. അതിനു ശേഷം ജനറൽ സെക്രട്ടറി ഡി.രാജ തന്നെ സംസാരിച്ചു. അങ്ങനെ സിപിഐയുടെ ദേശീയ നേതൃത്വവുമായി ആശയവിനിമയം നടത്തുന്നതിനിടയിലാണ് അദ്ദേഹം കോൺഗ്രസിൽ പോയത്. ജിഗ്നേഷ് മേവാനിയും പ്രകാശ് അംബേദ്കറുമാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ. അവരുടെ സ്വാധീനം അദ്ദേഹത്തിൽ ഉണ്ടായിക്കാണും. 

ഇടതുപക്ഷത്തിന്റെതന്നെ ഭാവി പ്രതീക്ഷകളിൽ ഒരാൾ സിപിഐ വിട്ടു പോകുന്നത് നൽകുന്ന സന്ദേശം പക്ഷേ പാർട്ടിക്ക് തീർത്തും മോശമാണല്ലോ? 

അദ്ദേഹം നല്ല പ്രചാരകനാണ്. ആയിരക്കണക്കിന് ആളുകളെ വാക്ധോരണിയിൽ ആകർഷിക്കാൻ കഴിയുന്ന ആളാണ്. പക്ഷേ കമ്യൂണിസ്റ്റ് പാർട്ടിയെയും അതിന്റെ സംഘടനാ തത്വങ്ങളെയും മനസ്സിലാക്കാൻ  കഴിഞ്ഞില്ല. 

വളരെ നേരത്തേ അദ്ദേഹത്തെ ഉന്നത നേതൃപദവിയിലേക്ക് ഉയർത്തിയത് തെറ്റായിപ്പോയെന്നാണോ? 

അതു തെറ്റുതന്നെയാണ്. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗപരമായ രാഷ്ട്രീയം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. കൊല്ലം പാർട്ടി കോൺഗ്രസിനെ അഭിവാദ്യം ചെയ്യുമ്പോൾതന്നെ പാർട്ടി പ്രതിനിധികളുടെ മനസ്സിനെ വേദനിപ്പിച്ച ഒരു പ്രയോഗം കനയ്യ നടത്തി. സിപിഐയെ കൺഫ്യൂഷൻ പാർട്ടി ഓഫ് ഇന്ത്യ എന്നു വിശേഷിപ്പിച്ചു. എന്നു പറഞ്ഞാൽ സിപിഐയുടെ രാഷ്ട്രീയം അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല. 

കേരളത്തിലെ പൊലിസിനെതിരെ സിപിഐയുടെ ദേശീയ നിർവാഹകസമിതി അംഗം ആനി രാജ പറഞ്ഞ വിമർശനം  പൂർണമായി തള്ളിക്കളയുന്നുണ്ടോ? 

സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കുറച്ചു കേസുകളുടെ കാര്യത്തിൽ ലാഘവബുദ്ധിയോടെ പൊലീസ് ഇടപെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ദേശീയ നേതാക്കൾ രാഷ്ട്രീയ വിഷയങ്ങളിൽ  സംസാരിക്കുമ്പോൾ ആ സംസ്ഥാന പാർട്ടി നേതൃത്വവുമായി കൂടി ചർച്ച ചെയ്യണം എന്ന പാർട്ടി നയം  അവർ ലംഘിച്ച കാര്യമാണ് ഇവിടെനിന്നു ചൂണ്ടിക്കാട്ടിയത്. 

ആനി രാജ.

അതായത് ആനി രാജ നടത്തിയ പ്രസ്താവനയെ അല്ല കേരളനേതൃത്വം അപലപിച്ചത്, അതിനായി  അവർ സ്വീകരിച്ച നടപടിക്രമത്തെയാണ് എന്നാണോ? 

അതെ. അവർക്ക് അങ്ങനെ അഭിപ്രായമുണ്ടെങ്കിൽ ആദ്യം ബന്ധപ്പെടേണ്ടത് സംസ്ഥാന നേതൃത്വത്തെ ആയിരുന്നു. എന്നിട്ടും അവ്യക്തത തുടർന്നെങ്കിൽ മാത്രമേ പരസ്യപ്രതികരണത്തിലേക്കു പോകാൻ പാടുള്ളായിരുന്നു. 

പൊലീസിനെക്കുറിച്ചുള്ള വിമർശനം ആവശ്യമെങ്കിൽ തുടരുമെന്ന സൂചനയാണല്ലോ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ നൽകിയത്?

ബഹുജന സംഘടനകളുടെ നേതാക്കൾക്ക് ആ സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയാൻ അവകാശമുണ്ട് എന്നാണ് ജനറൽ സെക്രട്ടറി പറഞ്ഞത്. എന്നാൽ രാഷ്ട്രീയമായ കാര്യങ്ങളിൽ സംസ്ഥാനത്തെ പാർട്ടി നേതൃത്വവുമായി ആലോചിക്കുകയും വേണം. 

സിപിഐ ജനറൽ സെക്രട്ടറിക്കെതിരെ സംസ്ഥാന സെക്രട്ടറി പരസ്യ വിമർശനം നടത്തിയെന്ന വിലയിരുത്തലുണ്ടായല്ലോ? കാനം രാജേന്ദ്രൻ പരിധി ലംഘിച്ചോ? 

സംസ്ഥാന നേതൃത്വം പരിധി ലംഘിച്ചിട്ടില്ല. മാധ്യമങ്ങൾ അങ്ങനെ വ്യാഖ്യാനിച്ചു. പാർട്ടി നേതൃത്വത്തിലെ ആരെയും വിമർശിക്കേണ്ടതുണ്ടെങ്കിൽ വിമർശിക്കും എന്നു മാത്രമേ അദ്ദേഹം  പറഞ്ഞുള്ളൂ. അല്ലാതെ ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റിയോ  ജനറൽ സെക്രട്ടറിയെക്കുറിച്ചോ ഒരു അഭിപ്രായം സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടില്ല.

പിണറായി വിജയൻ, കാനം രാജേന്ദ്രൻ.

ജനറൽ സെക്രട്ടറിയേയും വിമർശിക്കും, ഡാങ്കെ വരെ വിമർശിക്കപ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞാൽ എന്താണ്  അർഥമാക്കേണ്ടത്? 

പാർട്ടി കമ്മിറ്റിയിൽ ഏത്  ഉയർന്ന നേതാവിനെ ആയാലും വിമർശിക്കാം അതിൽ തെറ്റില്ല എന്നാണ് പറഞ്ഞത്. ബാക്കിയുള്ളതെല്ലാം മാധ്യമവ്യാഖ്യാനമാണ്. 

ആനി രാജ നടത്തിയ പ്രസ്താവനയുടെ പേരിൽ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ തമ്മിലെ ബന്ധത്തിൽ രസക്കേടുണ്ടായിട്ടില്ലേ? 

കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതൃത്വത്തിന് കേരള പാർട്ടിയെ നന്നായി അറിയാം. അവരും ഞങ്ങളുമായി വേണ്ട ബന്ധത്തെക്കുറിച്ച് ഞങ്ങൾക്കും നന്നായി അറിയാം. ഒരു  അലോസരവും ഞങ്ങൾക്കിടയിൽ ഇല്ല. അതൊരു അടഞ്ഞ അധ്യായമാണ്. 

സമ്മേളനങ്ങൾ മുൻനിർത്തി സിപിഐയിലും ചില ചേരിതിരിവുകൾ ശക്തിപ്രാപിക്കുന്നതിന്റെ സൂചനകളും ഇതുമായി ബന്ധപ്പെട്ട് ഉയർന്നല്ലോ? 

അങ്ങനെ വ്യാഖ്യാനിക്കുന്നവർക്ക് അതു ചെയ്യാം.ഈ പാർട്ടിയിൽ ഒരു ചേരിതിരിവും ഇല്ല.

കൊല്ലം ജില്ലയിലെ രണ്ടു സിറ്റിങ് സീറ്റുകൾ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടു. അതിൽ ഒന്നു സിപിഐയുടെ കരുനാഗപ്പള്ളിയാണ് എന്താണ് അവിടെ സംഭവിച്ചത്? 

കരുനാഗപ്പള്ളിയെ സംബന്ധിച്ച് ഞങ്ങളുടെ പാർട്ടിതല അന്വേഷണം പൂർണമാകുന്നതേയുള്ളൂ. റിപ്പോർട്ട് കിട്ടിയിട്ടില്ല. എങ്കിലും ഞാൻ മനസ്സിലാക്കുന്നത് അവിടെ തടിയുടെ വളവും ഉണ്ട്, ആശാരിയുടെ പരിചയക്കുറവും ഉണ്ട് എന്നതു പോലെയാണ്. ഞങ്ങളുടെ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് ഉണ്ടായ ചില വ്യക്തിപരമായ വിഷയങ്ങൾ പർവതീകരിക്കാനും പ്രചരിപ്പിക്കാനും യുഡിഎഫ് സ്ഥാനാർഥിക്കു കഴിഞ്ഞു. അതിൽനിന്നു ശ്രദ്ധ മാറ്റി രാഷ്ട്രീയമായ പോരാട്ടമായി ആ തിരഞ്ഞെടുപ്പിനെ മാറ്റിയെടുക്കുന്നതിൽ വേണ്ടത്ര വിജയിക്കാൻ എൽഡിഎഫിനു കഴിഞ്ഞില്ല. 2016ൽ ജയിച്ചപ്പോൾ സ്ഥാനാർഥിയായ ആർ. രാമചന്ദ്രന്റെ സ്വഭാവം എന്തായിരുന്നോ അതുതന്നെയായിരുന്നു 2021ലും അദ്ദേഹത്തിന്റെ സ്വഭാവം. എന്തെങ്കിലും വ്യത്യാസം അദ്ദേഹത്തിൽ ആരോപിക്കാ‍ൻ കഴിയില്ല. 2011ൽ സി.ദിവാകരൻ സ്ഥാനാർഥിയായിരിക്കെ  അദ്ദേഹം വോട്ടു ചോദിച്ചു പോകുന്ന സമയത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച്  ഒരു അടി വരെ നടന്നെന്ന നിലയിൽ വാർത്ത വന്നതാണ്. അത്ര വലിയ ആരോപണം ഉയർന്നിട്ടും ദിവാകരൻ  അന്ന് ജയിച്ചു. സ്ഥാനാർഥിക്ക് അപ്പുറം രാഷ്ട്രീയ മത്സരമാക്കാൻ മുന്നണിക്ക് അന്നു സാധിച്ചിരുന്നു. 

സി. ദിവാകരൻ.

സിപിഐയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് ഉൾപ്പാർട്ടി തർക്കങ്ങൾ രൂക്ഷമാണെന്ന പരാതിയുണ്ടല്ലോ. അതു തിരഞ്ഞെടുപ്പിനെ ബാധിച്ചില്ലേ?  

അതെല്ലാം പാർട്ടിയുടെ ആഭ്യന്തരമായ കാര്യം മാത്രമാണ്. അങ്ങനെ ഉണ്ട് എന്നതു വാദത്തിനായി അംഗീകരിച്ചാൽ പോലും തിരഞ്ഞെടുപ്പിനെ  ബാധിച്ചിട്ടില്ല. 

നേതൃത്വങ്ങൾ തമ്മിൽ നല്ല ബന്ധമാണെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സിപിഎം–സിപിഐ ഏകോപനം മോശമായിരുന്നുവെന്നാണല്ലോ സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്?

ശരിയാണ്. പല ജില്ലകളിലും  ആ പ്രശ്നമുണ്ട്. ജനാധിപത്യപരമായി മുന്നണി സംവിധാനത്തിൽ ഒരു മേശയ്ക്കു ചുറ്റും ഇരുന്നു ചർച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങളാണ് നടപ്പാക്കേണ്ടത്. അതിനു പകരം തീരുമാനിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുക, ബാക്കിയുള്ളവർ കേട്ടോണ്ടു പോകുക എന്ന രീതി ഉണ്ടാക്കുന്ന പ്രശ്നമാണ് അത്. കാസർകോട് ജില്ലയിലെ ചില മണ്ഡലങ്ങളിൽ, കണ്ണൂരിൽ, പാലക്കാട് ഇവിടെയെല്ലാം ആ വിഷയം ഉണ്ടായി. അത്തരം രീതിയോടു പ്രതികരിക്കുക എന്നത് കമ്യൂണിസ്റ്റുകാരുടെ രീതിയാണ്. എന്നാൽ അതു മുന്നണിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കാൻ പാടില്ല എന്നതുകൊണ്ട് ആത്മാർഥമായി ജോലി ചെയ്യുകയും ചെയ്തു. 

ഭേദപ്പെട്ട വിജയമാണ് സിപിഐക്ക് ഉണ്ടായതെങ്കിലും പാർട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലല്ലോ? 

19 സീറ്റുണ്ടായിരുന്ന സിപിഐ അതിൽനിന്നു താഴേയ്ക്കു പോകുമെന്നു കരുതിയില്ല. ഒന്നോ രണ്ടോ കൂടുതൽ കിട്ടുമെന്നാണ് കരുതിയത്. അതിൽ ഒന്ന് തിരൂരങ്ങാടിയായിരുന്നു. സാഹചര്യങ്ങൾ നല്ലതുപോലെ ഉരുത്തിരിഞ്ഞ് അവിടെ വരികയും ചെയ്തു. പക്ഷേ  നഷ്ടപ്പെടുത്തി. ഞാൻ നേരത്തേ പറഞ്ഞ പോരായ്മ അവിടെയും വന്നിട്ടുണ്ട്. പക്ഷേ അതുകൊണ്ടു മാത്രമല്ല തോറ്റത്. സിറ്റിങ് സീറ്റുകളായ കരുനാഗപ്പള്ളിയും മൂവാറ്റുപുഴയും പരാജയപ്പെട്ടതാണ് വലിയ ആഘാതമായത്. 2016ലേക്കാൾ 2% വോട്ട് കുറഞ്ഞു.  

നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കൊല്ലത്തെ സ്ഥാനാർഥി മുകേഷിനെതിരെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സിപിഐ  നടത്തിയ അഭിപ്രായ പ്രകടനം വിവാദമായി. അങ്ങനെതന്നെയാണോ നേതൃത്വവും കരുതുന്നത്? 

സിപിഎയുടെ സംസ്ഥാന നേതൃത്വത്തിന് മുകേഷിനെതിരെ  ഒരു വിമർശനവുമില്ല. എന്നാൽ കൊല്ലത്തെ പാർട്ടിക്ക് ചില പരാതികളുണ്ട്. ചലച്ചിത്ര നടൻ എന്നതിന് അപ്പുറം  ഒരു പൊതു പ്രവർത്തകനും എംഎൽഎയും എന്ന നിലയിലേക്ക് മുകേഷ് വരുന്നില്ല എന്ന വിമർശനം കൊല്ലത്തെ പാർട്ടിക്കുണ്ട്. അവരുടെ ആ വിമർശനം ഞങ്ങൾ അംഗീകരിച്ചിട്ടുണ്ട്. 

മുകേഷ്

കേരള കോൺഗ്രസും സിപിഐയും തമ്മിലെ ബന്ധം സുഖകരമായിട്ടില്ലെന്നു കരുതുന്നവരോട് എന്താണു പറയാനുളളത്?

താഴേത്തട്ടിൽ അത് പുട്ടും പീരയും പോലെ കിടക്കുന്നുണ്ടോ എന്ന് എനിക്ക് പറയാൻ കഴിയില്ല. പക്ഷേ സിപിഐ കേരള കോൺഗ്രസിനെ ഉൾക്കൊള്ളുന്നുണ്ട്. അവരുടെ അമിതമായ ചില അവകാശവാദങ്ങൾ നിസ്സാരമായി തള്ളിക്കളയുകയും ചെയ്യുന്നു. ഇന്നലെ വരെ യുഡിഎഫിനൊപ്പം നിന്ന പാർട്ടി എന്ന നിലയിലും വ്യക്തികേന്ദ്രീകൃത പാർട്ടി ആയതിനാലും സ്വാഭാവികമായും എൽഡിഎഫിന്റെ രാഷ്ട്രീയത്തിലേക്ക് അവർക്ക് വരാൻ കുറച്ചുകൂടി സമയമെടുക്കുമായിരിക്കും. അതു സംഭവിക്കുമെന്നു പ്രതീക്ഷിക്കാം. 

സിപിഐയുടെ അടുത്ത സംസ്ഥാന സെക്രട്ടറി സ്ഥാനാർഥികളി‍ൽ ഒരാൾ താങ്കളാണോ?

അതെല്ലാം ഞങ്ങൾ ഇവിടെ തീരുമാനിക്കുന്ന കാര്യമല്ലല്ലോ. നിലവിലുള്ള സെക്രട്ടറി തുടരണമെന്നാണ് എല്ലാവരും ചേർന്ന് തീരുമാനിക്കുന്നെങ്കിൽ അങ്ങനെ ചെയ്യും. മാറ്റം വേണമെങ്കിൽ കേന്ദ്രനേതൃത്വം ആലോചിക്കും. അതു ഞങ്ങളുടെ പരിധിയിൽ വരുന്ന കാര്യമല്ല.

കേരളത്തിലെ കോൺഗ്രസിലെ നേതൃമാറ്റത്തെ സിപിഐ എങ്ങനെ വിലയിരുത്തുന്നു? 

കോൺഗ്രസിന്റെ ക്ഷീണാവസ്ഥ മുതലാക്കുന്നത് ബിജെപി ആയിരിക്കും. അതിനുള്ള അവസരം അവർ ഉണ്ടാക്കികൊടുക്കരുതെന്നേ കോൺഗ്രസുകാരോട് അഭ്യർഥിക്കാനുള്ളൂ. 

പക്ഷേ കോൺഗ്രസിന്റെ ക്ഷീണാവസ്ഥ ഇപ്പോൾ മുതലാക്കുന്നത് സിപിഎം അല്ലേ? ആ പാർട്ടിയിലേക്കാണല്ലോ കോൺഗ്രസുകാർ ചേരുന്നത്?

അതു ചില വ്യക്തികൾ മാത്രമാണ്. അതുകൊണ്ട് കോൺഗ്രസിന്റെ പ്രവർത്തകർ വരില്ല. കോൺഗ്രസിലും ബിജെപിയിലും മതവിശ്വാസവും ഈശ്വരവിശ്വാസവും വളരെ കൂടുതലാണ്. അവർ സ്വാഭാവികമായും അതിനെ സംരക്ഷിക്കാൻ ശ്രമിക്കും. സിപിഎമ്മും സിപിഐയും ആരുടെയും മതവിശ്വാസത്തിന് ഒരിക്കലും എതിരല്ല. പക്ഷേ  കമ്യൂണിസ്റ്റ് പാർട്ടികളെ മറ്റുള്ളവർ കാണുന്നത് ഭൗതികവാദികൾ എന്ന നിലയ്ക്കാണ്. അതുകൊണ്ട് കോൺഗ്രസിന്റെ അണികൾ ഒരിക്കലും ഇടതുപാർട്ടിയിലേക്ക് വരില്ല. ചില നേതാക്കളെ നമുക്ക് കിട്ടിയേക്കും. അതു നല്ലതാണ്. പക്ഷേ അതുകൊണ്ട് ആയില്ല.

കോൺഗ്രസുകാർക്ക് സിപിഎമ്മുകാരാകാൻ എളുപ്പമായി മാറിയോ? ഇടതു പാർട്ടികളിലേക്കുള്ള പ്രവേശം നേരത്തേ ഇത്ര സുഗമമായിരുന്നില്ല. എന്നാൽ ഇപ്പോൾ വരവേൽപ് എകെജി സെന്ററിൽ തന്നെയാണല്ലോ?  

അതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. അങ്ങനെയൊക്കെ ഇപ്പോൾ സംഭവിക്കുന്നുണ്ട്. എന്തുകൊണ്ടാണെന്ന് അറിയില്ല.

English Summary: Cross Fire Exclusive Interview with CPI Senior Leader and National Council Member K Pakash Babu