'വാക്സിനേഷൻ കഴിയുമ്പോൾ പോർട്ടൽ അവസാനിപ്പിക്കില്ല. പകരം ഇതിനെ മറ്റ് ആവശ്യങ്ങൾക്കായി മാറ്റുന്ന ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കോവിഡ് വാക്സിനേഷൻ കഴിയുമ്പോൾ രാജ്യത്തെ വിവിധ വാക്സിനേഷൻ സ്കീമുകൾ ഇതുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്'..COWIN Portal, Dr RS Sharma

'വാക്സിനേഷൻ കഴിയുമ്പോൾ പോർട്ടൽ അവസാനിപ്പിക്കില്ല. പകരം ഇതിനെ മറ്റ് ആവശ്യങ്ങൾക്കായി മാറ്റുന്ന ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കോവിഡ് വാക്സിനേഷൻ കഴിയുമ്പോൾ രാജ്യത്തെ വിവിധ വാക്സിനേഷൻ സ്കീമുകൾ ഇതുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്'..COWIN Portal, Dr RS Sharma

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'വാക്സിനേഷൻ കഴിയുമ്പോൾ പോർട്ടൽ അവസാനിപ്പിക്കില്ല. പകരം ഇതിനെ മറ്റ് ആവശ്യങ്ങൾക്കായി മാറ്റുന്ന ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കോവിഡ് വാക്സിനേഷൻ കഴിയുമ്പോൾ രാജ്യത്തെ വിവിധ വാക്സിനേഷൻ സ്കീമുകൾ ഇതുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്'..COWIN Portal, Dr RS Sharma

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയുടെ നട്ടെല്ലാണ് കോവിൻ പോർട്ടൽ. രാജ്യത്തെ മുഴുവൻ പൗരന്മാരും ഭാഗമാകുന്ന അതിവിപുലമായ ശൃംഖല. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അടിസ്ഥാനം പോലും കോവിൻ നൽകുന്ന സർട്ടിഫിക്കറ്റ് ആയി മാറി. അത്രമേൽ സ്വാധീനം ചെലുത്തിക്കഴിഞ്ഞു കോവിൻ.

രാജ്യത്തെ വാക്സിനേഷൻ പൂർത്തിയാകുമ്പോൾ കോവിൻ പോർട്ടലിന് എന്തു സംഭവിക്കുമെന്ന ചോദ്യമാണ് പലരുടെയും മനസ്സില്‍. സൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുമോ അതോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിക്കുമോ? ഇതടക്കം കോവിൻ പോർട്ടൽ സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുകയാണ് കോവിൻ പോർട്ടലിന്റെ മേധാവിയും നാഷനൽ ഹെൽത്ത് അതോറിറ്റി സിഇഒയുമായ ഡോ.ആർ.എസ് ശർമ.

ADVERTISEMENT

യുഐഡിഎഐയുടെ (ആധാർ) ആദ്യ ഡയറക്ടർ ജനറലായിരുന്ന ശർമ പിന്നീട് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചെയർമാനായി. വിരമിച്ചതിനു ശേഷമാണ് ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതിയുടെ അടക്കം ചുമതലയുള്ള നാഷനൽ ഹെൽത്ത് അതോറിറ്റിയുടെ മേധാവിയായി ചുമതലയേറ്റെടുത്തത്. 1978 ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശർമ. ജാർഖണ്ഡ് ചീഫ് സെക്രട്ടറിയായും പ്രവർത്തിച്ണ്ട്ചു. ആധാർ രാജ്യത്ത് നടപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ട്രായ് ചെയർമാൻ ആയി പ്രവർത്തിക്കുമ്പോഴാണ് നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങൾ കൊണ്ടുവന്നത്. ഡോ.ശർമ മനോരമ ഓൺലൈനിനോട് മനസ്സുതുറന്നപ്പോൾ.

വാക്സിനേഷൻ അതിവേഗം പുരോഗമിക്കുകയാണ്. സമ്പൂർണ വാക്സിനേഷൻ കഴിയുമ്പോൾ കോവിൻ പോർട്ടിലിന്റെ ഭാവിയെന്തായിരിക്കും?

ആദ്യമേ പറയട്ടെ, കോവിൻ പോർട്ടൽ രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയിൽ നിർണായക പങ്കു വഹിച്ചുവെന്നത് നമുക്കെല്ലാം അറിയാം. വാക്സിനേഷൻ കഴിയുമ്പോൾ പോർട്ടൽ അവസാനിപ്പിക്കില്ല. പകരം ഇതിനെ മറ്റ് ആവശ്യങ്ങൾക്കായി മാറ്റുന്ന ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കോവിഡ് വാക്സിനേഷൻ കഴിയുമ്പോൾ രാജ്യത്തെ വിവിധ വാക്സിനേഷൻ സ്കീമുകൾ ഇതുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

കോവിൻ ആപ്പിന്റെ സ്ക്രീൻഷോട്ട്.

ഒരു കുട്ടിക്ക് കൃത്യമായ സമയങ്ങളിൽ വാക്സീൻ ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് അലർട്ട് നൽകുന്നതുവരെയുള്ള സംവിധാനങ്ങളാണ് ആലോചിക്കുന്നത്. ഒരു കുട്ടിയുടെ വാക്സിനേഷൻ ചരിത്രം ഒറ്റനോട്ടത്തിൽ മനസ്സിലാക്കാനും കഴിയും. പോളിയോ പോലെയുള്ള വലിയ വാക്സിനേഷൻ ഡ്രൈവുകളിൽ ഇത് വളരെ ഉപകാരപ്രദമാകും. ആരൊക്കെ വാക്സീൻ എടുത്തു, ആരൊക്കെ എടുക്കാൻ ബാക്കിയുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാം.

ADVERTISEMENT

കോവിഡ് പരിശോധനാ ഫലവും കോവിനുമായി ബന്ധിപ്പിക്കാൻ ആലോചനയുണ്ടോ?

വാക്സിനേഷനും കോവിഡ് പരിശോധനയും വ്യത്യസ്തമായതുകൊണ്ട് അതു തമ്മിൽ ബന്ധിപ്പിക്കലല്ല യഥാർഥത്തിൽ ആലോചിക്കുന്നത്. പകരം വാക്സീൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ പറ്റുന്നതുപോലെ കോവിഡ് പരിശോധനാഫലവും കോവിനിൽനിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിക്കാണ് തുടക്കമിടുന്നത്. ഐസിഎംആറുമായി ചേർന്ന് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഉദാഹരണത്തിന് ഒരു വ്യക്തിക്ക് വിദേശയാത്ര നടത്തേണ്ടി വരുമ്പോൾ അയാൾക്ക് കോവിനിൽ നിന്ന് വാക്സീൻ സർട്ടിഫിക്കറ്റിനൊപ്പം അയാൾ എടുത്ത കോവിഡ് ടെസ്റ്റിന്റെ ഫലം കൂടി ഡൗൺലോഡ് ചെയ്യാം. ഈ സൗകര്യം അധികം വൈകാതെ രാജ്യമെങ്ങും വരും. ഇതിനു പുറമേ വൈറസിന്റെ ജനിതകപരമായ കാര്യങ്ങൾ പഠിക്കാനുള്ള ജീനോമിക് ഇലമെന്റ്സ് വിവരങ്ങളും കോവിനിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. വാക്സിനേഷൻ കഴിഞ്ഞ വ്യക്തികൾക്ക് വീണ്ടും കോവിഡ് വരുന്നതടക്കമുള്ള കാര്യങ്ങൾ ഇതിൽനിന്നു മനസ്സിലാക്കാൻ കഴിയും.

വിദേശരാജ്യങ്ങൾക്ക് ആവശ്യമെങ്കിൽ കോവിൻ പോർട്ടൽ അവരുടെ രാജ്യത്ത് നടപ്പാക്കുന്നതിന് ഇന്ത്യ സൗകര്യമൊരുക്കിയിരുന്നല്ലോ. അതെവിടെ വരെയായി?

ADVERTISEMENT

നിങ്ങൾക്കറിയാവുന്നതുപോലെ നമ്മൾ ഇതുസംബന്ധിച്ച് ഒരു രാജ്യാന്തര കോൺക്ലേവ് തന്നെ നടത്തിയിരുന്നു. ഒട്ടേറെ രാജ്യങ്ങൾ പ്ലാറ്റ്ഫോമിൽ താൽപര്യം അറിയിച്ചുവന്നിട്ടുണ്ട്. നിലവിൽ ധാരാണാപത്രത്തിന്റെ കരടുരൂപം അന്തിമമാക്കുന്ന ഘട്ടത്തിലാണ്. ഡോക്യുമെന്റേഷൻ അടക്കമുള്ള സാങ്കേതികനടപടികളും പൂർത്തിയാകുന്നു. രാജ്യങ്ങളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുന്നത് വിദേശകാര്യമന്ത്രാലയമാണ്. രാജ്യങ്ങളുടെ കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിന് അറിയാൻ കഴിഞ്ഞേക്കും.

ചിത്രം: മനോരമ

വാക്സീൻ സർട്ടിഫിക്കറ്റ് സ്വീകരിക്കാതെതന്നെ ഒരു സ്ഥാപനത്തിന് അവരുടെ ജീവനക്കാരോ ഉപഭോക്താക്കളോ വാക്സീൻ എടുത്തിട്ടുണ്ടോയെന്ന് അറിയാനുള്ള വാക്സീൻ കെവൈസി–വിസി (നോ യുവർ കസ്റ്റമേഴ്സ്/ക്ലയന്റ്സ് വാക്സിനേഷൻ സ്റ്റാറ്റസ്) സംവിധാനം ലഭ്യമാക്കിയിരുന്നു. ഇത് എന്നുമുതൽ ഇന്ത്യൻ റെയിൽവേയിലും വിമാനത്താവളങ്ങളിലും കണ്ടുതുടങ്ങും?

സാങ്കേതികവിദ്യ ലഭ്യമാക്കുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്തം. അത് നടപ്പാക്കണോ വേണ്ടയോ എന്ന കാര്യങ്ങൾ അതത് സ്ഥാപനങ്ങളാണ് തീരുമാനിക്കേണ്ടത്. വാക്സീൻ സർട്ടിഫിക്കറ്റ് നോക്കാതെതന്നെ ഒരാളുടെ വാക്സീൻ നില അറിയാമെന്നതാണ് മെച്ചം. എച്ച്സിഎൽ, പിഡബ്ല്യുസി അടക്കം 17സ്ഥാപനങ്ങൾ ഈ സേവനം ഉപയോഗിച്ചുതുടങ്ങിയെന്നാണ് അറിയുന്നത്.

സർക്കാർ സംവിധാനങ്ങൾക്കു പുറമേ സ്വകാര്യ സ്ഥാപനങ്ങൾക്കും  അവരുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും വാക്സിനേഷൻ സ്റ്റാറ്റ്സ് മനസ്സിലാക്കാൻ കെവൈസി–വിഎസ് സംവിധാനം അവരുടെ വെബ് പ്ലാറ്റ്ഫോമിലേക്ക് ഉൾച്ചേർക്കാം. ഉപഭോക്താവ് മൊബൈൽ നമ്പറും ഒടിപിയും ചേർത്ത് അനുമതി നൽകിയാൽ മാത്രമേ സ്ഥാപനത്തിന് സ്റ്റാറ്റസ് അറിയാൻ കഴിയൂ. ദിവസവും സർട്ടിഫിക്കറ്റ് ചോദിക്കുന്നതിനു പകരം ഓൺലൈനായി എളുപ്പത്തിൽ സ്റ്റാറ്റസ് അറിയാനാകും.

വാക്സീന‍് കെവൈസി സംവിധാനം പലയിടത്തും വാക്സീന‍് പാസ്‍പോർട്ട് ആയി മാറില്ലേയെന്ന ആശങ്ക പലരും പങ്കുവച്ചിരുന്നു? വാക്സീൻ പാസ്പോർട്ട് നടപ്പാക്കില്ലെന്നാണല്ലോ സർക്കാരിന്റെ വാദം...

ഇതൊരിക്കലും വാക്സീൻ പാസ്‍പോർട്ട് അല്ല. അത്തരം ആശങ്കകൾ അസ്ഥാനത്താണ്. എല്ലാ ജീവനക്കാരും വാക്സീൻ എടുത്തിരിക്കണമെന്ന് നിങ്ങളുടെ സ്ഥാപനം ഒരു തീരുമാനം എടുത്തുവെന്നു കരുതുക. അത് ഞങ്ങളുടെ തീരുമാനമല്ല. സർക്കാരിന്റെ തീരുമാനമെന്തെന്നത് മറ്റൊരു വിഷയമാണ്. ഈ തീരുമാനം നടപ്പാക്കണമെങ്കിൽ 2 ഓപ്ഷനാണ് മുന്നിലുള്ളത്; രാവിലെ എല്ലാ ജീവനക്കാരുടെയും വാക്സീൻ സർട്ടിഫിക്കറ്റ് പരിശോധിച്ച് റജിസ്റ്ററിൽ വിവരം ചേർക്കുക, അല്ലെങ്കിൽ ഫോട്ടോകോപ്പി എടുത്തു സൂക്ഷിക്കുക.

പ്രതീകാത്മക ചിത്രം.

ഒരു സ്ഥാപനമെന്ന നിലയിൽ സർട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടാകില്ല. തങ്ങളുടെ ജീവക്കാരനായ ഒരു വ്യക്തി 2 ഡോസ് വാക്സീനും എടുത്തോ ഇല്ലയോ എന്നറിഞ്ഞാൽ മതിയാകും. ഇതെളുപ്പമാക്കാനുള്ള വഴി മാത്രമാണ് വാക്സീൻ കെവൈസി. റെയിൽവേയ്ക്കോ വിമാനക്കമ്പനികൾക്കോ അവരുടെ യാത്രക്കാരുടെ വാക്സീൻ സ്റ്റാറ്റസ് എളുപ്പത്തിൽ അറിയാനും കഴിയും. കോവിനിൽ നിന്നുള്ള വാക്സിനേഷൻ സ്റ്റാറ്റസ് വിവരം നിങ്ങളുടെ അനുമതിയോടെ മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് നൽകുന്നു എന്നു മാത്രമേയുള്ളൂ.

വ്യാജ വാക്സീൻ സർട്ടിഫിക്കറ്റുകൾ തലപൊക്കുന്നുവെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു?

സർട്ടിഫിക്കറ്റുകൾ യഥാർഥമാണോയെന്നു പരിശോധിക്കാൻ ക്യുആർ കോഡ് നൽകിയിട്ടുണ്ട്. എങ്കിലും സാങ്കേതികവിദ്യയ്ക്ക് എപ്പോഴും അതിന്റെ പോരായ്മകളുണ്ട്. ഉദാഹരണത്തിന് നിങ്ങളൊരു വാക്സീൻ കേന്ദ്രത്തിലെത്തി അവിടുത്തെ ജീവനക്കാരനുമായി ചേർന്ന് വാക്സീൻ സ്വീകരിക്കാതെ തന്നെ വാക്സിനേഷൻ നടത്തിയെന്ന് വരുത്തിത്തീർക്കുന്നുവെന്നു കരുതുക. ഇത്തരമൊരു സാഹചര്യമുണ്ടായാൽ സാങ്കേതികവിദ്യയ്ക്ക് എന്തുചെയ്യാൻ കഴിയും? ഇത്തരം കേസുകളിൽ അതത് സംസ്ഥാന സർക്കാരുകളോട് അന്വേഷിക്കാനാണ് ഞങ്ങൾ പറയാറുള്ളത്. 

ഇമേജ് ക്രിയേറ്റിവ്: മനോരമ ഓൺലൈൻ

യുകെയുമായി ബന്ധപ്പെട്ട വാക്സീൻ സർട്ടിഫിക്കറ്റ് വിവാദത്തെക്കുറിച്ച്?

ആ വിവാദം തീർത്തും അനാവശ്യമായിരുന്നു. നമ്മുടെ സർട്ടിഫിക്കറ്റിൽ എന്തോ കുഴപ്പമുണ്ടെന്ന തരത്തിലായിരുന്നു പ്രചാരണം. യുകെ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും അവർ സർട്ടിഫിക്കേഷനിൽ യാതൊരു കുഴപ്പവും ചൂണ്ടിക്കാണിച്ചില്ല. ജനനത്തീയതി ഉൾപ്പെടുത്തിയ രാജ്യാന്തര വാക്സീൻ സർട്ടിഫിക്കറ്റ് ഏർപ്പെടുത്തിയതോടെ പ്രശ്നങ്ങൾ പൂർണമായും അവസാനിച്ചു. ഓരോ രാജ്യവും അവരുടെ സർട്ടിഫിക്കറ്റുകൾ വ്യത്യസ്ത രീതിയിലാണ് തയാറാക്കിയിരുന്നത്. എന്നു കരുതി അതിലെ വിവരങ്ങൾ വ്യത്യസ്തമാണെന്നല്ല.

നമ്മൾ ഇവിടെ ജനനവർഷം മാത്രമാണ് ശേഖരിച്ചിരുന്നത്. എന്നാൽ രാജ്യാന്തര യാത്രയ്ക്ക് ജനനത്തീയതി തന്നെ വേണമെന്ന് നിഷ്കർഷിച്ചതോടെ അതിനുള്ള സൗകര്യമൊരുക്കി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചുള്ള സർട്ടിഫിക്കറ്റാണ് ഇപ്പോൾ നൽകുന്നത്. സർട്ടിഫിക്കറ്റിൽ പോരായ്മകളില്ല, ആകെയുള്ളത് അതിന്റെ ഫോർമാറ്റിങ്ങിലെ വ്യത്യാസങ്ങൾ മാത്രമാണ്.  

വാക്സീൻ എടുക്കാത്തവർക്ക് വാക്സീൻ എടുത്തതതായി എസ്എംഎസ് ലഭിച്ചുവെന്ന് പരാതി ഉയർന്നിരുന്നു?

ഞാൻ മുൻപ് പറഞ്ഞല്ലോ, അത്തരം സംഭവങ്ങൾ പ്രത്യേകമായി തന്നെ അന്വേഷിക്കേണ്ടിവരും. ടെക്നോളജിക്ക് ഇത്തരം കുഴപ്പങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ല.

കോവിൻ പോർട്ടലിന്റെ സ്ക്രീൻഷോട്ട്.

ദേശീയ ഹെൽത്ത് ഐഡി പൂർണതോതിൽ നടപ്പാകുമ്പോൾ എന്തൊക്കെയാണ് സാധാരണ വ്യക്തിക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ?

ഇമെയിൽ വിലാസത്തിന് സമാനമായ ഒരു ഐഡി കൂടിയാണ് നിങ്ങൾക്കു ഇതുവഴി ലഭിക്കുന്നത്. ഉദാഹരണത്തിന് നിങ്ങളൊരു ലാബിൽ പോയി പരിശോധന നടത്തുന്നു, അതിന്റെ ടെസ്റ്റ് റിസൽട്ട് ഭാവിയിലൊരു ആവശ്യത്തിന് മറ്റൊരു ആശുപത്രിയിൽ ലഭ്യമാക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് അതിനെ ഹെൽത്ത് ഐഡിയുമായി ബന്ധിപ്പിക്കുന്നത്. ഈ ഐഡിയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ അനുമതിയോടെ ഹെൽത്ത് രേഖകൾ ഡോക്ടർക്ക് ലഭ്യമാകും.

ടെലികൺസൽട്ടേഷൻ ഉൾപ്പെടെയുള്ളവ നടക്കുമ്പോൾ നിങ്ങൾ തന്നെയാണ് യഥാർഥ വ്യക്തിയെന്ന് ഉറപ്പിക്കാനും ഹെൽത്ത് ഐഡി സഹായകമാണ്. കാരണം വിശ്വാസമാണല്ലോ ഡിജിറ്റൽ ലോകത്ത് പ്രധാനം. പല തരത്തിലുള്ള ഓതന്റിക്കേഷൻ എളുപ്പമാക്കുന്നുവെന്നതാണ് ഹെൽത്ത് ഐഡിയുടെ പ്രയോജനം. അതല്ലാതെ ആരോഗ്യവിവരങ്ങൾ എല്ലാം കൂടി ഒരു സ്ഥലത്ത് കൂട്ടിവയ്ക്കുകയല്ല. നിങ്ങളുടെ ആരോഗ്യവിവരങ്ങൾക്കു മേൽ നിങ്ങൾക്കു മാത്രമാണ് അധികാരം.

English Summary: Exclusive Interview with Cowin Portal Chief Dr. RS Sharma