പൊതുജനമധ്യത്തിൽ കരാറുകാർ തൊട്ടുകൂടാത്തവരാണെന്ന മട്ടിലാണു രാഷ്ട്രീയക്കാരുടെ പെരുമാറ്റം. എന്നാൽ കരാറുകാർക്ക് നിലവിൽ നിരവധി പ്രശ്നങ്ങളുണ്ട്. ഓരോ ദിവസം കഴിയുന്തോറും നിർമാണ സാമഗ്രികളുടെ വില കൂടിക്കൊണ്ടിരിക്കുകയാണ്. ഒരു കോടി രൂപയ്ക്ക് കരാറെടുത്ത ജോലി ആ തുകയ്ക്കു തീർക്കാനാവില്ല. വൻ നഷ്ടമാണ് ഇതു മൂലം ഉണ്ടാകുന്നത്.' PA Muhammed Riyas, Contractors, PWD.

പൊതുജനമധ്യത്തിൽ കരാറുകാർ തൊട്ടുകൂടാത്തവരാണെന്ന മട്ടിലാണു രാഷ്ട്രീയക്കാരുടെ പെരുമാറ്റം. എന്നാൽ കരാറുകാർക്ക് നിലവിൽ നിരവധി പ്രശ്നങ്ങളുണ്ട്. ഓരോ ദിവസം കഴിയുന്തോറും നിർമാണ സാമഗ്രികളുടെ വില കൂടിക്കൊണ്ടിരിക്കുകയാണ്. ഒരു കോടി രൂപയ്ക്ക് കരാറെടുത്ത ജോലി ആ തുകയ്ക്കു തീർക്കാനാവില്ല. വൻ നഷ്ടമാണ് ഇതു മൂലം ഉണ്ടാകുന്നത്.' PA Muhammed Riyas, Contractors, PWD.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുജനമധ്യത്തിൽ കരാറുകാർ തൊട്ടുകൂടാത്തവരാണെന്ന മട്ടിലാണു രാഷ്ട്രീയക്കാരുടെ പെരുമാറ്റം. എന്നാൽ കരാറുകാർക്ക് നിലവിൽ നിരവധി പ്രശ്നങ്ങളുണ്ട്. ഓരോ ദിവസം കഴിയുന്തോറും നിർമാണ സാമഗ്രികളുടെ വില കൂടിക്കൊണ്ടിരിക്കുകയാണ്. ഒരു കോടി രൂപയ്ക്ക് കരാറെടുത്ത ജോലി ആ തുകയ്ക്കു തീർക്കാനാവില്ല. വൻ നഷ്ടമാണ് ഇതു മൂലം ഉണ്ടാകുന്നത്.' PA Muhammed Riyas, Contractors, PWD.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ‘മന്ത്രി പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ്. പല കരാറുകാരും ജനപ്രതിനിധികളെ കൂട്ടി മന്ത്രിയുടെ ഓഫിസിൽ കയറി ഇറങ്ങുകയും സ്വാധീനം ചെലുത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അവരെ നിലയ്ക്കു നിർത്തേണ്ടത് അത്യാവശ്യം തന്നെയാണ്. പക്ഷേ കരാറുകാരെ ആവശ്യത്തിനും അനാവശ്യത്തിനും പിഴിയുന്ന രാഷ്ട്രീയക്കാരെയും അഴിമതിക്കു നിർബന്ധിക്കുന്ന ഉദ്യോഗസ്ഥരെയും കൂടി നിലയ്ക്കു നിർത്താൻ മന്ത്രി ശ്രമിക്കണം. അല്ലാതെ സിഎജി റിപ്പോർട്ടിന്റെ പേരിൽ കരാറുകാരെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന വിധത്തിൽ മറുപടി പറയരുത്’– ജനപ്രതിനിധികൾ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരേണ്ടെന്ന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രസ്താവനയോട് കരാറുകാർക്കും ചിലതു പറയാനുണ്ടെന്നു പറയുന്നു കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണംപള്ളി. 

ജനപ്രതിനിധികളും കരാറുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നിയമസഭയിൽ മന്ത്രി നൽകിയ മറുപടിയുടെ പൊട്ടലും ചീറ്റലും ഇപ്പോഴും അവസാനിച്ചിട്ടില്ല. വിവാദം നിയമസഭയിൽനിന്നു സിപിഎമ്മിലേക്കും പാർട്ടിയിലെ ചില കേന്ദ്രങ്ങളിലേക്കും നീളുമ്പോൾ ഞങ്ങൾക്കും ചിലതു പറയാനുണ്ടെന്നു വ്യക്തമാക്കുകയാണ്, സർക്കാരിന്റെ നിർമാണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുക്കുന്ന കരാറുകാർ. സംസ്ഥാനത്താകെ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്ന ഇരുപതിനായിരത്തോളം നിർമാണ കരാറുകാരുണ്ട്. കരാറുകാരെ കുറിച്ചു ജനപ്രതിനിധികൾ പറഞ്ഞ ആരോപണങ്ങളിൽ കരാറുകാരുടെ നിലപാടിനെ കുറിച്ചു വെളിപ്പെടുത്തുകയാണ് വർഗീസ് കണ്ണംപള്ളി.

ADVERTISEMENT

‘വഴിവിട്ട നീക്കങ്ങൾ നടക്കുന്നുണ്ട്, തടയണം’

ചില കരാറുകാർ എംഎൽഎമാരെയും കൂട്ടി പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസ് കയറിയിറങ്ങുന്നുണ്ടെന്നും അവിഹിത സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞതിനോടു നൂറു ശതമാനം യോജിക്കുന്നുവെന്നാണ് കരാറുകാർ പറയുന്നത്. അത്തരത്തിൽ ചില വഴിവിട്ട നീക്കങ്ങൾ നടത്തുന്ന ആളുകളുണ്ട് എന്നതു പകൽപോലെ സത്യമാണ്. തൃശൂരിലെ മണ്ഡലത്തിലെ റോഡ് നിർമാണ പ്രശ്നവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ എംഎൽഎ കരാറുകാരനെ കൂട്ടി മന്ത്രിയെ കാണാൻ ചെല്ലേണ്ട കാര്യമില്ലല്ലോ എന്നും കരാറുകാർ ചോദിക്കുന്നു.  

മന്ത്രി മുഹമ്മദ് റിയാസ്.

ഓരോ പ്രദേശത്തെയും നിർമാണ ജോലികളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അതതു ജില്ലകളിൽ അവലോകന യോഗം നടത്തുന്നുണ്ട്. എംഎൽഎമാരുടെ നേതൃത്വത്തിൽ മന്ത്രിതന്നെ യോഗം വിളിച്ചു ചേർക്കാറുണ്ട്. പോരായ്മകൾ ചൂണ്ടിക്കാട്ടുകയും ആവശ്യമുള്ള തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്. ഒട്ടുമിക്ക കരാറുകാരും നിർമാണ പ്രവൃത്തികൾ സംബന്ധിച്ച പരാതികൾ ഈ യോഗത്തിൽ മന്ത്രിക്കു മുൻപിൽ അവതരിപ്പിക്കും. ചെയ്തു തരാവുന്ന കാര്യങ്ങളാണെങ്കിൽ മന്ത്രി ചെയ്തു തരാറുണ്ടെന്നാണ് അനുഭവം. പിന്നെ കരാറുകാർ എംഎൽഎമാരെയും കൂട്ടി മന്ത്രിയുടെ ഓഫിസിൽ കറങ്ങിത്തിരിയേണ്ട ആവശ്യമില്ല.

ചിലർക്ക് കുറുക്കുവഴികളിലൂടെ കാര്യം നടത്താൻ ചില തന്ത്രങ്ങളുണ്ട്. അടുപ്പമുള്ള ഏതെങ്കിലും എംഎൽഎയെ കൂട്ടി മന്ത്രിയുടെ ഓഫിസിൽ പോകും. മന്ത്രിയെ കാണണമെന്നു നിർബന്ധമൊന്നുമില്ല. എംഎൽഎയ്ക്കൊപ്പം ഓഫിസിലൊക്കെ ഒന്നു ചുറ്റി ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടാക്കി വയ്ക്കും. പിന്നീട് ഓഫിസിലെത്തുമ്പോൾ ഇയാൾ എംഎൽഎയുടെ അടുപ്പക്കാരനാണല്ലോ എന്ന തോന്നലുണ്ടാക്കാൻ വേണ്ടിയാണ്. ഇങ്ങനെ കരാറുകാർ ഓഫിസുകളിൽ കയറി ഇറങ്ങി കുറുക്കുവഴികളിലൂടെ കാര്യം നേടാൻ ശ്രമിക്കുന്നതിനെയാണു മന്ത്രി എതിർത്തത്. 

വയനാട് ബീനാച്ചി–പനമരം റോഡ് പണിയിലെ പ്രശ്നങ്ങൾക്കെതിരെ ജനകീയ സമിതി ഉയർത്തിയ ബോർഡ്. ഈ റോഡിനെപ്പറ്റിയുള്ള ചർച്ചയാണ് നിയമസഭയിലെ നിലവിലെ വിവാദത്തിലേക്കു നയിച്ചത്.
ADVERTISEMENT

കരാറുകാരുടെ സംഘടനയുണ്ടാക്കി അതിന്റെ തലപ്പത്ത് ഭാരവാഹിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അതേ പാർട്ടിക്കാരനെ നിയമിക്കുന്നവരൊക്കെയുണ്ട്. ജനതാദളുകാരനാണു മന്ത്രിയെങ്കിൽ സംഘടനാ പ്രസിഡന്റും ജനതാദളുകാരനാകും കേരള കോൺഗ്രസുകാരനാണു മന്ത്രിയെങ്കിൽ സംഘടനാ പ്രസിഡന്റും കേരള കോൺഗ്രസുകാരനാകുന്ന രീതി. ഒരിക്കലും മാന്യമായ ഇടപാടുകൾക്കു വേണ്ടിയല്ല ഇത്തരം ഇടപാടുകൾ ഉണ്ടാകുന്നത്. 

വിനോദയാത്ര പോകുമ്പോഴും മറ്റു ജില്ലകളിലേക്കു പോകുമ്പോഴുമൊക്കെ കരാറുകാരുടെ ചെലവിൽ താമസിക്കുന്ന ചില ജനപ്രതിനിധികളുണ്ട്. സ്വന്തം മണ്ഡലത്തിലെ നിർമാണ പ്രവൃത്തി ഏതെങ്കിലും ഒരു പ്രത്യേക കരാറുകാരനെ എടുക്കാൻ പാടുള്ളൂ എന്നു നിർബന്ധം പിടിക്കും. അയാൾ പറയുന്നതു പോലെ പണി നടത്തണം. നേർരേഖയിൽ പണിതു വരുന്ന റോഡ് ചില പ്രത്യേക സ്ഥലത്ത് എത്തുമ്പോൾ വളയ്ക്കണമെന്നൊക്കെ ആവശ്യപ്പെടും. ചില സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടിയാണ്. അവർ പറയുന്നതു പോലെ ബിൽ തയാറാക്കണം. ഇത്തരത്തിൽ നിർമാണ പ്രവൃത്തികളിൽ അനാവശ്യമായ ഇടപെടലുകൾ നടത്തുന്ന ജനപ്രതിനിധികളും ഉണ്ട്. 

കരാറുകാരെന്താ തൊട്ടുകൂടാത്തവരാണോ?

പണപ്പിരിവിന്റെ ആവശ്യം വരുമ്പോൾ ആദ്യം കരാറുകാരെ വിളിക്കുമെങ്കിലും പൊതുജനമധ്യത്തിൽ കരാറുകാർ തൊട്ടുകൂടാത്തവരാണെന്ന മട്ടിലാണു രാഷ്ട്രീയക്കാരുടെ പെരുമാറ്റം. എന്നാൽ കരാറുകാർക്ക് നിലവിൽ നിരവധി പ്രശ്നങ്ങളുണ്ട്. ഓരോ ദിവസം കഴിയുന്തോറും നിർമാണ സാമഗ്രികളുടെ വില കൂടിക്കൊണ്ടിരിക്കുകയാണ്. ഒരു കോടി രൂപയ്ക്ക് കരാറെടുത്ത ജോലി ആ തുകയ്ക്കു തീർക്കാനാവില്ല. വൻ നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്. 

റോഡിലെ കുഴികളടയ്ക്കുന്നു. മന്ത്രി മുഹമ്മദ് റിയാസ് ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ പങ്കുവച്ച ചിത്രം.
ADVERTISEMENT

ഇത്തരം കാര്യങ്ങളൊന്നും കരാറുകാർക്കു വേണ്ടി സംസാരിക്കാനോ പറയാനോ ആരുമില്ല. നിയമസഭയിൽ ഞങ്ങൾക്കു വേണ്ടി ഏതെങ്കിലും ഒരു എംഎൽഎ എന്തെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല. അങ്ങനെ ചെയ്താൽ എന്തോ കുറച്ചിലു പോലെയാണ് പലർക്കും. ഞങ്ങളുടെ യോഗങ്ങൾക്കോ പരിപാടികൾക്കോ ക്ഷണിച്ചാൽ പല ജനപ്രതിനിധികളും വരിക പോലും ചെയ്യാറില്ലായിരുന്നു. ഇപ്പോഴാണ് അൽപമെങ്കിലും അതിനൊക്കെ മാറ്റം വന്നു തുടങ്ങിയത്. 

‘സിഎജി റിപ്പോർട്ടിന്റെ പേരിൽ വിരട്ടരുത്’ 

പനമരം–ബീനാച്ചി റോഡിന്റെ സ്ഥിതി ചൂണ്ടിക്കാട്ടിയതിനൊപ്പം പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും റോഡുപണി പാതിവഴിയിലാകുന്നതിനെപ്പറ്റിയും ഐ.സി.ബാലകൃഷ്ണൻ നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മന്ത്രി വ്യക്തമാക്കിയത്. ആ മറുപടി ഇങ്ങനെ:

ഐ.സി.ബാലകൃഷ്ണൻ.

‘സിഎജിയുടെ റിപ്പോർട്ട് ഞാൻ  വായിക്കുകയുണ്ടായി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് ഈ കൂട്ടുകെട്ടിന്റെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ബിറ്റുമിൻ മാർക്കറ്റിൽ വില കുറഞ്ഞാലും പഴയ വില എഴുതുന്ന രീതി. മറ്റൊരു പ്രവൃത്തിയുടെ ബിൽ വച്ചുകൊണ്ടു മറ്റൊരിടത്തുനിന്നു പണം വാങ്ങുന്ന രീതി. റീ എസ്റ്റിമേറ്റിനു കരാറുകാരനു സൗകര്യം ചെയ്യുന്ന രീതി. പണി കൃത്യമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രശ്നങ്ങൾ. ഇങ്ങനെ ഒരു കൂട്ടുകെട്ട് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുണ്ട്. 

എങ്കിലും വളരെ ആത്മാർഥമായി ജോലി ചെയ്യുന്ന പ്രത്യേകിച്ചും പുതിയ തലമുറയിലെ ഉദ്യോഗസ്ഥരുണ്ട്. സമയബന്ധിതമായി നല്ല നിലയിൽ പൂർത്തീകരിക്കുന്ന കരാറുകാരുമുണ്ട്. പക്ഷേ ഈ പറയുന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇതിനെതിരെ മുഖം നോക്കാതെ നടപടി എടുക്കേണ്ടതുണ്ട്. കരാറുകാരെ കൂട്ടി, അല്ലെങ്കിൽ കരാറുകാർ എംഎൽഎമാരുടെ ശുപാർശയിൽ മന്ത്രിയുടെ അടുത്തുവരുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. അങ്ങനെ വന്നാൽ അതു ഭാവിയിൽ പലരീതിയിലുള്ള ദോഷത്തിനു കാരണമാകും.’

മുൻ മന്ത്രി തോമസ് ഐസക്കിനൊപ്പം വർഗീസ് കണ്ണംപള്ളി.

എന്നാൽ ഇതു ശരിയല്ലെന്നാണു കരാറുകാരുടെ വാദം. പുസ്തകത്തിൽ എഴുതിവച്ച നിയമങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ തയാറാക്കുന്നതാണ് സിഎജി റിപ്പോർട്ട്. പ്രായോഗിക പ്രശ്നങ്ങൾ നിരവധിയുണ്ടാകും. അങ്ങനെ ചെയ്തു വരുമ്പോൾ ചില പ്രശ്നങ്ങളുണ്ടാകും. അതു നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചു ഗൗരവമില്ലാത്തതാണെങ്കിൽ തള്ളിക്കളയുകയാണു പതിവ്. അങ്ങനെയാണു സംഭവിക്കാറുള്ളത്. അല്ലാതെ സിഎജി റിപ്പോർട്ടിന്റെ പേരിൽ കരാറുകാരെ വിരട്ടേണ്ട കാര്യമൊന്നുമില്ല. 

ഒരു പണിയുടെ ബിൽ വേറെ ഒരു സ്ഥലത്തു കൊടുത്തു എന്നു പറയുന്നതിലും കാര്യമില്ല. ഒരു പണിക്കു ചിലപ്പോൾ 10–20 ബാരൽ ബിറ്റുമിൻ മതിയാകും. അതു മാത്രമായി പോയി വാങ്ങാൻ കഴിയില്ല. അപ്പോൾ മറ്റേതെങ്കിലും സൈറ്റിലെ വർക്കിന്റെ കൂടെ കൂട്ടി എടുക്കും. അതുകൊണ്ടാണു പറയുന്നത് പ്രായോഗികമായി ധാരാളം പ്രശ്നങ്ങളുണ്ടെന്ന്– വർഗീസ് കണ്ണംപള്ളി വ്യക്തമാക്കുന്നു.

ഉദ്യോഗസ്ഥരെയും നിലയ്ക്കു നിർത്തണം

രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അവിഹിത ഇടപെടലാണു പണികൾ ഇഴയാനുള്ള പ്രധാന കാരണം. ഒരു ജോലി പകുതി ചെയ്ത് ഉപേക്ഷിക്കേണ്ടി വന്നാൽ ഏറ്റവും അധികം നഷ്ടമുണ്ടാകുന്നതു കരാറുകാരനുതന്നെയാണ്. എന്നിട്ടും പണി പാതിവഴിയിൽ ഉപേക്ഷിക്കുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അവിഹിത ഇടപെടലും കെടുകാര്യസ്ഥതയും കൊണ്ടാണ്. 

റോഡിലെ അറ്റകുറ്റപ്പണി നടത്തുന്നു. മന്ത്രി മുഹമ്മദ് റിയാസ് ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ പങ്കുവച്ച ചിത്രം.

കരാറുകാരനു കിട്ടാനുള്ള ബിൽ പലപ്പോഴും കൃത്യസമയത്ത് കിട്ടില്ല. ഉദ്യോഗസ്ഥർ വച്ചു താമസിപ്പിക്കും. പണമില്ലാതെ എങ്ങനെ പണി മുന്നോട്ടു കൊണ്ടു പോകാൻ കഴിയും? എൻജിനീയർമാരുടെ മേൽനോട്ടത്തിന്റെ പ്രശ്നം കൊണ്ടും സ്ഥലം ഏറ്റെടുത്തു കിട്ടാത്തതു കൊണ്ടുമൊക്കെയാണു പല പണികളും നിലച്ചു പോകുന്നത്. ഓരോ ജോലിയും പൂർത്തിയാക്കിയ അന്നുതന്നെ മെഷർമെന്റ് ബുക്കിൽ (എം ബുക്ക്) രേഖപ്പെടുത്തണമെന്നാണ്. ആറു മാസം കഴിഞ്ഞതിനു ശേഷം എം ബുക്കിൽ രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥർ വരെയുണ്ട്. 

രാഷ്ട്രീയക്കാരുടെ ജില്ലാ സമ്മേളനങ്ങൾക്കു വാരിക്കോരി സംഭാവന നൽകണം. ഇല്ലെങ്കിൽ ഉടൻ ദ്രോഹമാണ്. വിവരാവകാശ രേഖകൾ എടുത്ത് വിജിലൻസിനു പരാതി നൽകും. പരാതി നൽകുന്നതിൽ എതിർപ്പുണ്ടായിട്ടില്ല. അന്വേഷണം വന്നാൽ ബിൽ മാറിക്കിട്ടാൻ പിന്നെയും വൈകും. അന്വേഷണം എന്നു തീരുമെന്നു ദൈവത്തിനു പോലും പറയാൻ കഴിയില്ല. അപ്പോഴേക്കും കരാറുകാരൻ തെണ്ടി കുത്തുപാളയെടുക്കും. അതുകൊണ്ടൊക്കെ ആരു ചോദിച്ചാലും സംഭാവന കൊടുക്കേണ്ട അവസ്ഥയാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങളിലൊക്കെ ഇടപെടാൻ മന്ത്രി മനസ്സു വയ്ക്കണം. ചെയ്യുന്ന പണി കൃത്യമായും വൃത്തിയായും ചെയ്യണമെന്നാണു ഞങ്ങളുടെയും ആഗ്രഹം. അതിനുള്ള സാഹചര്യം കൂടി സംസ്ഥാനത്ത് ഉണ്ടാക്കിത്തരണം എന്നാണു മന്ത്രിയോടുള്ള അപേക്ഷ– വർഗീസ് കണ്ണംപള്ളി പറഞ്ഞു.

English Summary: What is Contractors' Reply on Minister Muhammed Riyas' Legislative Assembly Comments