രാജ്യത്ത് രണ്ടാം തരംഗം ശമിച്ചു തുടങ്ങിയതോടെയാണ് ഇനിയൊരു മൂന്നാം തരംഗത്തിന് ഇടയൊരുക്കില്ലെന്ന നിശ്ചദാർഢ്യത്തിലേക്ക് ഇന്ത്യയെത്തിയത്. അതിനു വാക്സീൻ വിതരണം ഇനിയും ശക്തിപ്പെടുത്തണം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും ഡിസംബറോടെ വാക്സീൻ ലഭിച്ചിരിക്കണം എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആരോഗ്യവകുപ്പിന്റെയും കണക്കുകൂട്ടൽ... India 100 Crore Vaccine

രാജ്യത്ത് രണ്ടാം തരംഗം ശമിച്ചു തുടങ്ങിയതോടെയാണ് ഇനിയൊരു മൂന്നാം തരംഗത്തിന് ഇടയൊരുക്കില്ലെന്ന നിശ്ചദാർഢ്യത്തിലേക്ക് ഇന്ത്യയെത്തിയത്. അതിനു വാക്സീൻ വിതരണം ഇനിയും ശക്തിപ്പെടുത്തണം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും ഡിസംബറോടെ വാക്സീൻ ലഭിച്ചിരിക്കണം എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആരോഗ്യവകുപ്പിന്റെയും കണക്കുകൂട്ടൽ... India 100 Crore Vaccine

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് രണ്ടാം തരംഗം ശമിച്ചു തുടങ്ങിയതോടെയാണ് ഇനിയൊരു മൂന്നാം തരംഗത്തിന് ഇടയൊരുക്കില്ലെന്ന നിശ്ചദാർഢ്യത്തിലേക്ക് ഇന്ത്യയെത്തിയത്. അതിനു വാക്സീൻ വിതരണം ഇനിയും ശക്തിപ്പെടുത്തണം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും ഡിസംബറോടെ വാക്സീൻ ലഭിച്ചിരിക്കണം എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആരോഗ്യവകുപ്പിന്റെയും കണക്കുകൂട്ടൽ... India 100 Crore Vaccine

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

140 കോടി ജനങ്ങളുള്ള രാജ്യത്ത് 100 കോടി ഡോസ് കോവിഡ് വാക്സീൻ നൽകുകയെന്നത് ചെറിയ കാര്യമല്ല; ആ നേട്ടവും ഇന്ത്യ പിന്നിട്ടിരിക്കുന്നു. അതും 279 ദിവസം കൊണ്ട്! ഒക്ടോബർ 21നു രാവിലെയാണ് 100 കോടി എന്ന മാന്ത്രികസംഖ്യ പിന്നിട്ട രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയത്. കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയാണ് ഇക്കാര്യത്തിൽ ഒന്നാമത്. 

ഇതുവരെ 220 കോടി ഡോസ് വാക്സീനാണ് ചൈനയിൽ ആളുകൾ എടുത്തുകഴിഞ്ഞത്. എന്നാൽ ചൈനയെപ്പോലെ ലോകത്തെ ഒന്നുമറിയിക്കാതെ, ‘അടച്ചിട്ടു’ നടത്തിയ രോഗപ്രതിരോധമായിരുന്നില്ല ഇന്ത്യയുടേത്. ഇവിടേക്ക് ലോകരാജ്യങ്ങളെല്ലാം ഉറ്റുനോക്കുകയായിരുന്നു. വാക്സീൻ ഉൽപാദനത്തിലും മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നതുതന്നെ കാരണം.

ADVERTISEMENT

രൂക്ഷമായ രണ്ടാം തരംഗം ഉൾപ്പെടെ പല പരീക്ഷണങ്ങളും ഇതിനിടെ ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നു. ഇന്ത്യയിൽ കോവിഡ് രൂക്ഷമായിരിക്കെ വാക്സീൻ വൻ തോതിൽ കയറ്റുമതി ചെയ്തതിനു വിമർശനവും ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ ഇതെല്ലാം അതിജീവിച്ച കേന്ദ്ര സർക്കാർ 279 ദിവസം കൊണ്ട് 100 കോടി വാക്സീൻ ഡോസുകൾ എന്ന നേട്ടത്തിലേക്കെത്തുകയായിരുന്നു. ചെങ്കോട്ടയ്ക്കു മുന്നിൽ കൂറ്റൻ ദേശീയ പതാക പാറിച്ചായിരുന്നു കേന്ദ്രത്തിന്റെ ആഘോഷം. ആരോഗ്യപ്രവർത്തകരുടെ പോരാട്ടം പാഴായില്ലെന്നു തെളിയിക്കാനും കോവിഡ് വെല്ലുവിളികൾ ഇന്ത്യ സമർഥമായി നേരിടുന്നതായി ലോകത്തെ അറിയിക്കാനും ഏറെ പ്രയോജനം ചെയ്യുന്നതുമായി ഈ നേട്ടം.

പരാതികളുടെ ആദ്യപകുതി 

2021 ജനുവരി 16നാണ് ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്. ആദ്യ ദിനം 3006 കേന്ദ്രങ്ങളിലായി വാക്സീൻ നൽകിയത് 1,65,714 പേർക്ക്. തുടക്കത്തിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള കോവിഡ് മുന്നണിപ്പോരാളികള്‍ക്കായിരുന്നു പരിഗണന. മൂന്നു കോടിയോളം വരുന്ന അവരെ കോവിഡ് പോരാട്ടത്തിൽ സുസജ്ജരാക്കി നിർത്തുകയായിരുന്നു ലക്ഷ്യം.

പ്രതിദിനം 2-3 ലക്ഷം ഡോസ് എന്ന കണക്കിലായിരുന്നു തുടക്കത്തിൽ വാക്സീൻ വിതരണം. അതിനിടെ പല സംസ്ഥാനങ്ങൾക്കും ആവശ്യത്തിന് ഡോസുകൾ കിട്ടുന്നില്ലെന്ന പരാതിയും നിറഞ്ഞു. ഡൽഹിയും പശ്‌ചിമ ബംഗാളും തമിഴ്നാടും കേരളവുമടക്കം ആവശ്യത്തിന് വാക്സീൻ ഡോസുകൾ കിട്ടുന്നില്ലെന്ന പരാതി നിരന്തരം ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇത് കോടതി ഇടപെടലിൽ വരെയെത്തി. അടിയന്തിരമായി വാക്സീൻ നൽകാൻ കേന്ദ്രത്തോട് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും ആവശ്യപ്പെട്ടതും പല സംസ്ഥാനങ്ങളിലും കൃത്യമായി വാക്‌സിനേഷൻ നടക്കാതിരുന്നതും കേന്ദ്ര സർക്കാരിനു തിരിച്ചടിയായി

ADVERTISEMENT

ഇതിനിടെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് രണ്ടാം തരംഗം കടന്നുവന്നത്. ആർക്കും എപ്പോൾ വേണമെങ്കിലും കോവിഡ് പിടിപെടാമെന്ന അവസ്ഥ. ഡൽഹിയും മഹാരാഷ്ട്രയുമടക്കം പല സംസ്ഥാനങ്ങളിലെയും രോഗികൾ ഓക്‌സിജൻ പോലും കിട്ടാതെ മരിക്കുന്നത് ഇന്ത്യയ്ക്കു കാണേണ്ടിവന്നു. ഇന്ത്യയ്ക്ക് സ്വന്തമായൊരു ‘വാക്സീൻ നയം’ ഉണ്ടോയെന്നു വരെ ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങൾ ചോദ്യമുന്നയിച്ചു. അതിനിടെ കൂനിന്മേൽ കുരു പോലെയായിരുന്നു വാക്സീൻ കയറ്റുമതി വിവാദം. 

പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീൻ സ്വീകരിക്കുന്നു. ചിത്രം: PIB / AFP

ലോകത്ത് ഏറ്റവുമധികം വാക്സീൻ ഡോസുകൾ വിദേശത്തേക്ക് അയച്ച രാജ്യമെന്ന ഇന്ത്യയുടെ നേട്ടം നിലനിൽക്കുമ്പോഴും സ്വന്തം രാജ്യത്തെ ജനങ്ങൾ വാക്സീൻ ലഭിക്കാതെ നെട്ടോട്ടമോടുകയാണ് എന്ന വിരോധാഭാസം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി. ചുരുക്കത്തിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ മേയ് വരെ ഇന്ത്യയുടെ വാക്സീൻ വിതരണവും ഏതാണ്ടു മന്ദഗതിയിൽ തന്നെയാണ് നടന്നത്. എന്നാൽ വിമർശനങ്ങളും പ്രതിസന്ധികളും രൂക്ഷമായതോടെ കേന്ദ്രം കളം മാറ്റിച്ചവിട്ടി.

ഇന്ത്യയുടെ തിരിച്ചുവരവ് 

ചില സംസ്ഥാനങ്ങൾക്ക് വാക്സീൻ വാരിക്കോരി കൊടുക്കുന്നു എന്ന ആക്ഷേപമാണ് ആവശ്യത്തിന് വാക്സീൻ കിട്ടാതിരുന്ന സംസ്ഥാനങ്ങൾ കേന്ദ്രത്തിനെതിരെ ഉന്നയിച്ചിരുന്നത്. ഈ ആക്ഷേപങ്ങൾക്ക് അവസാനം കാണാൻ വാക്സിനേഷൻ രണ്ടാം ഘട്ടത്തിന്റെ അവസാനപാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. അതിലായിരുന്നു രാജ്യത്തിന്റെ പുതിയ വാക്സീൻ നയം അദ്ദേഹം വ്യക്തമാക്കിയത്. ആ നയമാണ് ഇന്ത്യൻ വാക്സീൻ വിതരണത്തിന് മാർഗരേഖ നൽകിയത്. 

ADVERTISEMENT

2021 ജൂൺ 21നായിരുന്നു നയം നിലവിൽ വന്നത്. ഇതിന്റെ ഭാഗമായി വാക്സീൻ കമ്പനികൾ ഉൽപാദിപ്പിക്കുന്നതിന്റെ 75 ശതമാനം ഡോസുകൾ കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്കു സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ചു. ഫണ്ടിനായി പിഎം കെയേഴ്‌സ് സംഭാവന ഉപയോഗിക്കാനും തീരുമാനമായി. അതിനു മുൻപ് സംസ്ഥാനങ്ങൾ പണം കൊടുത്ത് വാക്സീൻ വാങ്ങണമെന്ന നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചിരുന്നത്. പല സംസ്ഥാനങ്ങളും അതിലേക്കു നീങ്ങുകയും ചെയ്തിരുന്നു. 

എന്നാൽ സംസ്ഥാനങ്ങൾക്കു വാക്സീൻ സൗജന്യമായി നൽകാമെന്ന കേന്ദ്ര തീരുമാനമെത്തിയതോടെ വാക്സിനേഷൻ നടപടികളും അതിവേഗത്തിലായി,. ഓരോ സംസ്ഥാനത്തിന്റെയും വാക്സീൻ ആവശ്യങ്ങൾ കേന്ദ്രം തയാറാക്കിയ കോവിഡ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിലൂടെ പരിശോധിച്ചാണ് നൽകിയിരുന്നത്. ഇതോടെ വാക്സീൻ വിതരണത്തിലെ പാളിച്ചകൾക്കും പരിഹാരം കണ്ടെത്താനായി. ഓരോ വയൽ (കുപ്പി) തുറക്കുമ്പോഴും അതിൽനിന്ന് എത്ര തുള്ളി വാക്സീൻ ഉപയോഗിക്കാതെ പോകുന്നുവെന്ന കണക്കു വരെ കേന്ദ്രം ശേഖരിച്ചിരുന്നു. അതിനു സംസ്ഥാനങ്ങളും പൂർണപിന്തുണ നൽകി.

ട്രാക്ക് മാറി ഇന്ത്യ 

രാജ്യത്ത് രണ്ടാം തരംഗം ശമിച്ചു തുടങ്ങിയതോടെയാണ് ഇനിയൊരു മൂന്നാം തരംഗത്തിന് ഇടയൊരുക്കില്ലെന്ന നിശ്ചദാർഢ്യത്തിലേക്ക് ഇന്ത്യയെത്തിയത്. അതിനു വാക്സീൻ വിതരണം ഇനിയും ശക്തിപ്പെടുത്തണം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും ഡിസംബറോടെ വാക്സീൻ ലഭിച്ചിരിക്കണം എന്നതായിരുന്നുപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആരോഗ്യവകുപ്പിന്റെയും കണക്കുകൂട്ടൽ. അതോടെ ഒരു പരിധി വരെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാം. ജൂണിനു ശേഷം വാക്സീൻ വിതരണത്തിലുണ്ടായ മാറ്റം പിന്നീടുവന്ന കണക്കുകളിൽ തന്നെ പ്രകടമായിരുന്നു.  

2021 ജൂൺ 28ന് ആകെ കോവിഡ് വാക്സീൻ ഡോസുകളുടെ എണ്ണത്തിൽ ഇന്ത്യ യുഎസിനെ മറികടന്നു. യുഎസിനേക്കാൾ ഒരു മാസം വൈകിയാണ് ഇന്ത്യ വാക്സീൻ വിതരണം ആരംഭിച്ചത് എന്നതാണ് ഇതിലെ ശ്രദ്ധേയമായ സംഗതി. സെപ്റ്റംബർ 17ന്, ഒരു ദിവസം രണ്ടരക്കോടി വാക്സീൻ ഡോസുകൾ വിതരണം ചെയ്യുകയെന്ന അപൂർവ്വ നേട്ടവും ഇന്ത്യ സ്വന്തമാക്കി.

പ്രതിദിനം ഒരു ലക്ഷം, അത് കഴിഞ്ഞ് 2 ലക്ഷം, പിന്നെ 3 ലക്ഷം എന്നിങ്ങനെ പടിപടിയായി വാക്സീൻ നൽകുന്ന തോത് ഉയർത്തിയാണ് ഇന്ത്യ ഒടുവിൽ ഒരു ദിവസം രണ്ടരക്കോടിയെന്ന മാന്ത്രിക നമ്പരിൽ എത്തിയത്. ഒക്ടോബറിലെ കണക്കു പ്രകാരം പ്രതിദിനം ശരാശരി 50 ലക്ഷം ഡോസുകളാണ് ഇന്ത്യ നൽകുന്നത്. ദിവസത്തിൽ ഒരു ലക്ഷം ഡോസുകൾ നൽകാന്‍ ബുദ്ധിമുട്ടിയിരുന്നയിടത്തുനിന്നാണ് ഈ കുതിച്ചുകയറ്റം.

എന്താണീ വേഗതയുടെ രഹസ്യം?

കൂട്ടായ്‌മയുടെ വിജയമാണ് ഇന്ത്യയുടെ 100 കോടി വാക്സീൻ എന്ന നേട്ടം. ആരോഗ്യപ്രവർത്തകരും മരുന്നു കമ്പനികളും വാക്സീൻ നിർമാതാക്കളും ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും വിവിധ സർക്കാരുകളും പൊതുജനവും ചേർന്ന് കോവിഡിനെതിരെ നടത്തിയ ചെറുത്തുനിൽപ്പാണ് ഈ നേട്ടം സാധ്യമാക്കിയത്. അതിലേക്ക് നയിച്ച ചില ഘടകങ്ങൾ എന്തെല്ലാമെന്നു പരിശോധിക്കാം. 

1) കൃത്യമായ വാക്സീൻ ശേഖരണം: വാക്സീൻ വിതരണം കേന്ദ്രം നേരിട്ടു നടത്തിയതോടെ സംസ്ഥാനങ്ങൾക്കിടയിലെ മത്സരത്തിന് പരിഹാരമായി. വാക്സീൻ നയത്തിൽ വ്യക്തതയും വന്നു. ഓരോ സംസ്ഥാനത്തിനും ലഭിക്കുന്ന വാക്സീന്റെ എണ്ണത്തിൽ വർധന വന്നതോടെ രാജ്യത്തെ ആകെ എണ്ണവും മുന്നേറാൻ തുടങ്ങി. 

2) വാക്സീൻ കമ്പനികളുമായുള്ള ധാരണ: സുപ്രീം കോടതിയുടെയും സംസ്ഥാനങ്ങളുടെയും സമ്മർദം കൊണ്ടാണെങ്കിലും ഇന്ത്യയിലെ വാക്സീൻ ഉൽപാദക കമ്പനികളോട് കേന്ദ്രം കൊടുത്ത നിർദ്ദേശം വളരെ വ്യക്തമായിരുന്നു. ഇന്ത്യയിൽ ഏതുവിധമാണ് 125 കോടി വാക്സീൻ ഡിസംബറിന് മുൻപായി കൊടുത്തു തീർക്കുന്നത് എന്നതിന്റെ ബ്ലൂപ്രിന്റ് അടക്കമാണ് കമ്പനികളെ  സമീപിച്ചത്. ഓരോ സമയത്തും എത്ര വാക്സീൻ ആവശ്യം വരും എന്നതിൽ ധാരണ ആയതോടെ ഉൽപാദനത്തിലും അതിന്റെ ഉണർവ് പ്രകടമായി. 

3) സംസ്ഥാനങ്ങളുടെ പങ്ക്: കോവിഡ് വാക്സീൻ വിതരണത്തിൽ പല സംസ്ഥാനങ്ങളും കൈക്കൊണ്ട നിലപാട് ഇന്ത്യയുടെ വാക്സീൻ വിതരണത്തെ അനുകൂലമായാണു ബാധിച്ചത്. തങ്ങൾക്ക് കിട്ടിയ വാക്സീൻ ഒരു തുള്ളി പോലും പാഴാക്കാതെ കേരളവും ഏറ്റവുമധികം വാക്സീൻ ഡോസുകൾ വിതരണം ചെയ്‌ത്‌ യുപിയും മാതൃക കാട്ടിയപ്പോൾ ഡൽഹിയും തമിഴ്‌നാടും മഹാരാഷ്ട്രയും തെലങ്കാനയും മധ്യപ്രദേശുമൊക്കെ മൊബൈൽ വാക്സീൻ കേന്ദ്രങ്ങൾ ഒരുക്കിയും ഡ്രൈവ് ഇൻ കേന്ദ്രങ്ങൾ സ്ഥാപിച്ചും ഗ്രാമപ്രദേശങ്ങളിലേക്ക് ആരോഗ്യപ്രവർത്തകരെ അയച്ചുമൊക്കെയാണ് വാക്സീൻ വിതരണം അതിവേഗത്തിൽ നടപ്പാക്കിയത്.   

4) വാക്സീൻ ഏറ്റെടുത്ത് ജനങ്ങൾ: വാക്സീൻ സ്വീകരിക്കുന്നതിൽ വൈമുഖ്യം കാട്ടി ഇന്ത്യയിലെ ജനങ്ങൾ കേന്ദ്രങ്ങളിൽ എത്താതിരുന്നെങ്കിലോ? അതിന് ഇട നൽകാതെ ലഭ്യമായ ആദ്യ അവസരത്തിൽതന്നെ വാക്സീനുകൾ സ്വീകരിക്കാൻ ജനവും തയാറായി. മാധ്യമങ്ങളിലൂടെയും മറ്റും വാക്സീൻ ബോധവൽക്കരണം ശക്തമാക്കിയതും സഹായകമായി. വാക്സീനെടുക്കാൻ ആളില്ലാതെ കേന്ദ്രങ്ങൾ എന്ന വാർത്ത ഇന്ത്യയിൽ എവിടെയും റിപ്പോർട്ട് ചെയ്തില്ല. പകരം പലയിടത്തും വൻ തിരക്കാണു രേഖപ്പെടുത്തിയത്.

ഒന്നാമത് യുപി, കേരളത്തിന്റേത് മികച്ച പ്രകടനം 

ഒക്ടോബർ 21ലെ കണക്കുകൾ പ്രകാരം ലോകത്തെ ആകെ വാക്സീൻ ഡോസുകളുടെ 15 ശതമാനവും നടന്നത് ഇന്ത്യയിലാണ്. ഇന്ത്യയുടെ ജനസംഖ്യാ വലുപ്പവും വൈവിധ്യവും കണക്കിലെടുക്കുമ്പോൾ 100 കോടിയെന്നത് വലിയ നേട്ടമായിത്തന്നെ ലോകം കാണുന്നു. 

12.32 കോടി ഡോസുകളുമായി ഉത്തർപ്രദേശും 9.4 കോടിയുമായി മഹാരാഷ്ട്രയും 6.9 കോടിയോടെ പശ്ചിമ ബംഗാളും 6.8 കോടിയുമായി ഗുജറാത്തും മധ്യപ്രദേശുമാണ് വാക്സീൻ വിതരണത്തിൽ മുന്നിലുള്ളത്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ  20.98% പേർക്കും രണ്ടു ഡോസ് വാക്സീനും ലഭിച്ചുകഴിഞ്ഞു. അതായത് 29.50 കോടി പേർക്ക്. ഇവരടക്കം 71.07 കോടി പേർക്ക് ഒരു ഡോസെങ്കിലും വാക്സീൻ ലഭ്യമായി–ജനസംഖ്യയുടെ 50.55%.

ഹിമാചൽ പ്രദേശിൽ ജനസംഖ്യയുടെ 50 ശതമാനത്തിലേറെപ്പേര്‍ക്കും രണ്ടു ഡോസും നൽകി. 74 ലക്ഷമാണ് അവിടെ ജനസംഖ്യ. ഗുജറാത്തിൽ 49% പേർക്കും കേരളത്തിൽ 49.49% പേര്‍ക്കും രണ്ടു ഡോസ് ലഭിച്ചു. ഏറ്റവും ജനസംഖ്യയുള്ള ഉത്തർ പ്രദേശും (19%) മഹാരാഷ്ട്രയുമാണ് (32%) ഇക്കാര്യത്തിൽ പിന്നിൽ.

വാക്സീൻ വിതരണത്തിൽ കേരളവും പിന്നിലല്ല. ഇതുവരെ രണ്ടരക്കോടി (2,51,30,853) ജനങ്ങൾക്കാണ് കേരളത്തിൽ വാക്സീൻ നൽകിയത്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 70.81 ശതമാനം പേർക്കും ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. ഇതുവരെ 3,75,68,043 ഡോസ് വാക്സീനുകളാണ് സംസ്ഥാനത്ത് ആരോഗ്യകേന്ദ്രങ്ങൾ വഴി ജനങ്ങളിലേക്ക് എത്തിയത്. ഇതിൽ 2,51,30,853 കോടി പേർ ആദ്യ ഡോസും 1,24,37,190 പേർ രണ്ട് ഡോസും സ്വീകരിച്ചു. ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം സംസ്ഥാനത്തെ 18 വയസ്സിന് മുകളിലുള്ള 94.09 ശതമാനം പേരും ആദ്യ ഡോസ് വാക്സീനെങ്കിലും എടുത്തുകഴിഞ്ഞവരാണ്.  

ഇനിയെന്ത്?

ഇന്ത്യയുടെ ആകെ വാക്സീൻ വിതരണം 100 കോടി എത്തിയെങ്കിലും കോവിഡ് പോരാട്ടത്തിൽ ഇനിയും പല ലക്ഷ്യങ്ങളും കൈവരിക്കാനുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേർക്കും ഇനിയും വാക്സീൻ ലഭിക്കാനുണ്ട്. കുട്ടികൾക്ക് വാക്സീൻ നൽകുന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.  ഇത് കൂടാതെ ഗ്രാമീണ, ആദിവാസി മേഖലകളിൽ വാക്സീൻ വിതരണം സംബന്ധിച്ച  കാര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കാനും കഴിയണം. 

100 കോടി വാക്സീൻ ഡോസ് നേട്ടം മധുരം നൽകി ആഘോഷിക്കുന്ന ബിജെപി പ്രവർത്തകർ. ന്യൂഡൽഹിയിലെ കാഴ്‌ച. ചിത്രം: Prakash SINGH / AFP

18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഡിസംബറിനു മുന്നോടിയായി വാക്സീൻ നൽകണമെന്ന കേന്ദ്രത്തിന്റെ സ്വപ്നത്തിലേക്കു പക്ഷം ഇനിയും ദൂരം ബാക്കിയുണ്ട്. നിലവിലെ പ്രതിദിന കുത്തിവയ്പ്പ് കണക്കു പ്രകാരം മുന്നോട്ടു പോവുകയാണെങ്കിൽ 76% പേർക്ക് വാക്സീൻ നൽകാൻ സാധിച്ചേക്കും. 2022 മാർച്ചോടെ പക്ഷേ എല്ലാവർക്കും വാക്സീന്‌ നൽകാനാകുമെന്നാണു പ്രതീക്ഷ.

2021 ജൂണിലാണ് ചൈന 100 കോടി വാക്സീൻ വിതരണം പൂർത്തിയാക്കുന്നത്. ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും ആ നേട്ടത്തിൽ എത്തിയെന്നത് സന്തോഷം പകരുമ്പോഴും അതു കേന്ദ്രത്തിനു മുന്നിലുയർത്തുന്ന ഉത്തരവാദിത്തങ്ങൾ, പ്രതീക്ഷകൾ എന്നിവ വലുതാണ്. അതിലേക്ക് ചുവടുവയ്ക്കാൻ ഇതുവരെയുള്ള അനുഭവം ഇന്ത്യയ്ക്ക് തുണയാകുമെന്നുതന്നെ പ്രതീക്ഷിക്കാം. മൂന്നാം തരംഗം എന്ന  വെല്ലുവിളി ഉണ്ടാവുന്നതിനു മുൻപേ പരമാവധി ആളുകളെ വാക്സീൻ പ്രതിരോധത്തിൽ കൊണ്ടുവരാനാവണം ഇനിയുള്ള ശ്രമം. അതിന് നൂറു കോടി നേട്ടം  മികച്ചൊരു തുടക്കമാവുകയാണ്.     

English Summary: India Crosses 100 Crore Vaccine Doses. How it was Made Possible?