കോവിഡിനെ തുടർന്നു ലോകം രണ്ടായി തിരിഞ്ഞതോടെ ചൈന രാജ്യാന്തര തലത്തിൽ ഒറ്റപ്പെട്ടിരുന്നു. ഇതിന്റെ പിന്നാലെ കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചു രാജ്യാന്തര അന്വേഷണം വേണമെന്ന ഓസ്ട്രേലിയൻ പ്രസിഡന്റ് സ്കോട്ട് മോറിസണിന്റെ പ്രസ്താവന ചൈനയെ പ്രകോപിപ്പിച്ചു. ഓസ്ട്രേലിയൻ കയറ്റുമതി മേഖല വൻതോതിൽ ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ആശ്രയിച്ചു നിലനിലൽക്കുന്ന ഒന്നായിരുന്നു. അതിനാൽ ഓസ്ട്രേലിയയെ ഒരു പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യവുമായി.

കോവിഡിനെ തുടർന്നു ലോകം രണ്ടായി തിരിഞ്ഞതോടെ ചൈന രാജ്യാന്തര തലത്തിൽ ഒറ്റപ്പെട്ടിരുന്നു. ഇതിന്റെ പിന്നാലെ കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചു രാജ്യാന്തര അന്വേഷണം വേണമെന്ന ഓസ്ട്രേലിയൻ പ്രസിഡന്റ് സ്കോട്ട് മോറിസണിന്റെ പ്രസ്താവന ചൈനയെ പ്രകോപിപ്പിച്ചു. ഓസ്ട്രേലിയൻ കയറ്റുമതി മേഖല വൻതോതിൽ ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ആശ്രയിച്ചു നിലനിലൽക്കുന്ന ഒന്നായിരുന്നു. അതിനാൽ ഓസ്ട്രേലിയയെ ഒരു പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യവുമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിനെ തുടർന്നു ലോകം രണ്ടായി തിരിഞ്ഞതോടെ ചൈന രാജ്യാന്തര തലത്തിൽ ഒറ്റപ്പെട്ടിരുന്നു. ഇതിന്റെ പിന്നാലെ കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചു രാജ്യാന്തര അന്വേഷണം വേണമെന്ന ഓസ്ട്രേലിയൻ പ്രസിഡന്റ് സ്കോട്ട് മോറിസണിന്റെ പ്രസ്താവന ചൈനയെ പ്രകോപിപ്പിച്ചു. ഓസ്ട്രേലിയൻ കയറ്റുമതി മേഖല വൻതോതിൽ ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ആശ്രയിച്ചു നിലനിലൽക്കുന്ന ഒന്നായിരുന്നു. അതിനാൽ ഓസ്ട്രേലിയയെ ഒരു പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യവുമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ മുഴുവൻ മുൾമുനയിൽ‌ നിർത്തുകയാണ് ഊർജ പ്രതിസന്ധി. കൽക്കരി ക്ഷാമത്തെ തുടർന്നു ചൈനയിൽ പവർകട്ടും വ്യവസായശാലകൾക്കു വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തി. ശുഷ്കമായ കൽ‌ക്കരി ശേഖരവും ഉയർ‌ന്ന വിലയും ഇന്ത്യയിലും വൈദ്യുതി ഉൽപാദന പ്രതിസന്ധി സൃഷ്ടിക്കുന്നു. പെട്രോൾ ബങ്കുകളിൽ ഇന്ധനമില്ലാത്തതിനാൽ ബ്രിട്ടനിലും ലബനനിലും വാഹന ഗതാഗതം പ്രതിസന്ധിയിൽ. കുത്തനെ ഉയർ‌ന്ന പ്രകൃതിവാതക വില യൂറോപ്യൻ രാജ്യങ്ങളെ ഈ കൊടും തണുപ്പുകാലത്ത് വിറങ്ങലിച്ചു നിർത്തുന്നു.

വരൾച്ചയെത്തുടർന്ന് ഒട്ടേറെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. നോർവെയിലെ ജലവൈദ്യുത പദ്ധതികളിൽ വെള്ളം കുറവായതും വടക്കൻ കടലിലെ കാറ്റിന്റെ ഗതിവേഗം കുറഞ്ഞതും യൂറോപ്പിലും ബ്രിട്ടനിലും ഇന്ധന പ്രതിസന്ധിക്കു പിന്നാലെ വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാക്കുന്നു. ലോകത്തെല്ലായിടത്തും ഇന്ധനങ്ങൾക്കും വൈദ്യുതിക്കും വില കുത്തനെ വർധിക്കുന്നു. ഇതിനു പിന്നാലെ സ്റ്റീലിനും സിമന്റിനും അരിക്കും പഞ്ചസാരയ്ക്കും എല്ലാറ്റിനും വില കത്തിക്കയറുന്നു. കാർഷിക മേഖല മുതൽ റിയൽ എസ്റ്റേറ്റ് മേഖല വരെ തളർച്ച നേരിടുന്നു. എന്താണ് ഈ പ്രതിഭാസത്തിനു കാരണം?

ADVERTISEMENT

ശീതയുദ്ധം തീ പിടിപ്പിക്കുന്ന ദിനങ്ങൾ

ആഗോള ഊർജ പ്രതിസന്ധിക്ക് ഒട്ടേറെ കാരണങ്ങൾ സാമ്പത്തിക വിദഗ്ധർ നിരത്തുന്നുണ്ടെങ്കിലും ലോകമെങ്ങും ശക്തമാകുന്ന ശീതയുദ്ധങ്ങളാണു പ്രതിസന്ധിക്ക് തീ പകരുന്നതെന്നു നിസ്സംശയം പറയാം. കോവിഡിന്റെ പിടിയിൽനിന്നു ലോക സമ്പദ്‌വ്യവസ്ഥ അതിവേഗം തിരിച്ചുവന്നതിനെ തുടർന്നു പെട്ടെന്നുണ്ടായ ഡിമാൻഡ് ആണു വിലക്കയറ്റത്തിനു പ്രധാന കാരണമായി പറയുന്നത്. കൂടാതെ കോവിഡിനെ തുടർന്നു കുത്തനെ കുറഞ്ഞ ഉൽപാദനം ഇനിയും പഴയ നിലയിലാക്കാൻ സാധിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. 

ചൈനയിലെ കൽക്കരിപ്പാടങ്ങളിലൊന്നിലെ കാഴ്ച. ചിത്രം: GREG BAKER / AFP

ഫോസിൽ ഇന്ധനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും കൃത്യമായ പദ്ധതികളില്ലാതെ രാജ്യങ്ങൾ ഗ്രീൻ എനർജിയിലേക്കു (ഹരിതോർജം) മാറാൻ ശ്രമിച്ചതും ഊർജ പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഊർജ ഉൽപാദന രാജ്യങ്ങളുടെയും കമ്പനികളുടെയും വികലമായ നയങ്ങളും ലോക വൻശക്തി രാജ്യങ്ങളുടെ സാമ്പത്തിക–വ്യാപാര–നയതന്ത്ര യുദ്ധങ്ങളുമാണ് ആഗോള ഊർജ പ്രതിസന്ധി എന്ന എരിതീയിലേക്ക് എണ്ണ പകരുന്നത്. അതിനു തുടക്കമിട്ടതാകട്ടെ കോവിഡിന്റെ കാര്യത്തിലെന്ന പോലെ ചൈന തന്നെ. ചൈന തുടക്കമിട്ട ഊർജ പ്രതിസന്ധി ലോകം മുഴുവൻ കോവിഡിനെക്കാൾ വേഗത്തിൽ പടരുന്ന കാഴ്ചയ്ക്കാണ് നമ്മൾ സാക്ഷികളായി കൊണ്ടിരിക്കുന്നത്.

കോവിഡ് ജയിച്ചു; ഊർജം തോറ്റു

ADVERTISEMENT

ആഗോള ഊർജ പ്രതിസന്ധിയുടെ കാരണമായി മിക്കവരും വിലയിരുത്തുന്നത് കോവിഡ് മഹാമാരിയെ ഒട്ടൊക്കെ തരണം ചെയ്ത രാജ്യങ്ങളിൽ‌ ഊർ‌ജത്തിനു വന്ന ഉയർന്ന ആവശ്യകതയാണ്. കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മിക്ക രാജ്യങ്ങളിലും ഫാക്ടറികളും മാളുകളും വാണിജ്യസ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ഇതോടെ വൈദ്യുതിയുടെയും ക്രൂഡ് ഓയിലിന്റെയും ഉപയോഗം കുത്തനെ കുറയുകയും വിലയിടിയുകയും ചെയ്തു. 

ചൈനയിൽ എത്തിയ കുവൈത്ത് ഓയിൽ ടാങ്കറിനരികെ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്‌ഥൻ. കോവിഡ് കാലത്തെ കാഴ്‌ച. ചിത്രം: STR / AFP

എന്നാൽ റെക്കോർഡ് വേഗത്തിൽ വാക്സീൻ എത്തിയതും രണ്ടും മൂന്നും തരംഗങ്ങൾക്കു ശേഷം മിക്ക രാജ്യങ്ങളും കോവിഡിന്റെ പിടിയിൽനിന്നു മുക്തമായി തുടങ്ങിയതും ഒന്നര വർഷത്തോളം മരവിച്ചു കിടന്ന സമ്പദ്‌വ്യവസ്ഥകളെ അതിവേഗം ഉയിർ‌ത്തെഴുന്നേൽപ്പിക്കാൻ തുടങ്ങി. ഉൽപാദന മേഖലയിലുണ്ടായ കുതിപ്പിനെ തുടർന്നു ക്രൂഡ് ഓയിലിനും വൈദ്യുതി ഉൽപാദനം വർധിച്ചതോടെ കൽ‌ക്കരിക്കും ഡിമാൻഡ് ഉയരാൻ തുടങ്ങി. എന്നാൽ ലോകത്തിന്റെ വർധിച്ച ആവശ്യത്തിനനുസരിച്ച് ക്രൂഡ് ഓയിലും കൽക്കരിയും ഗ്യാസും വിതരണം ചെയ്യാൻ ഉൽപാദക കമ്പനികൾക്കും രാജ്യങ്ങൾക്കും കഴിയാതെ പോയി. 

അതുമാത്രമല്ല ഇന്നത്തെ പ്രതിസന്ധിക്കു കാരണമെന്നു സൂക്ഷ്മമായി പരിശോധിച്ചാൽ മനസിലാകും. ക്രൂഡ് ഓയിലിനു 2015 മുതൽ നേരിട്ട വിലയിടിവും ആഗോള താപനം കുറയ്ക്കാനായി ഹരിത ഇന്ധനത്തിനായുള്ള ലോകത്തിന്റെ അന്വേഷണവും ഫോസിൽ ഇന്ധന മേഖലയിൽ നിക്ഷേപം നടത്തുന്നതിൽ നിന്നു എണ്ണക്കമ്പനികളെയും രാജ്യങ്ങളെയും പിന്തിരിപ്പിച്ചതാണ് ഊർജ പ്രതിസന്ധി നീളാനുള്ള മറ്റൊരു കാരണം. കൂടാതെ സൗദി-റഷ്യൻ എണ്ണ വില യുദ്ധത്തിന്റെ ഫലമായുണ്ടായ ക്രൂഡ് വിലത്തകർച്ച ഒട്ടേറെ ചെറുകിട ഉൽപാദകരുടെ അന്ത്യം കുറിച്ചതും ക്രൂഡ് ഓയിൽ ഉൽപാദന മേഖലയ്ക്കു തിരിച്ചടിയായി.

ചൈനയ്ക്കു കിട്ടിയ ‘ബൂമറാങ് ഇഫക്ട്’

ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉൽപാദകരും ഉപയോക്താക്കളുമാണ് ചൈന. 3530 മില്യൻ (1 മില്യൻ =10 ലക്ഷം) മെട്രിക് ടൺ കൽക്കരിയാണ് ചൈന പ്രതിവർഷം ഉൽപാദിപ്പിക്കുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയുടെ പ്രതിശീർഷ ഉൽപാദനം വെറും 730.3 മില്യൻ മെട്രിക് ടൺ മാത്രമാണ്. ലോകത്ത് ഉൽപാദിപ്പിക്കുന്ന കൽക്കരിയുടെ 50 ശതമാനത്തിലേറെ ഉപയോഗിക്കുന്നത് ചൈനയാണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയാകട്ടെ 11.3% കൽക്കരിയാണ് ഉപയോഗിക്കുന്നത്. 

ചൈനയിലെ വൈദ്യുതി ഉൽ‌പാദന മേഖലയിൽ 60 ശതമാനവും വരുന്നത് കൽക്കരിയിൽ നിന്നാണ്. ലോകത്തെ ഏറ്റവും വലിയ കൽക്കരി ഉൽപാദകരാണെങ്കിലും ലോകത്തെ ഏറ്റവും വലിയ കൽക്കരി ഇറക്കുമതിക്കാരുമാണ് ചൈന. ഓസ്ട്രേലിയയിൽനിന്നും ഇന്തൊനീഷ്യയിൽനിന്നും ദക്ഷിണാഫ്രിക്കയിൽനിന്നും കൽക്കരി ഇറക്കുമതി ചെയ്തായിരുന്നു ചൈന തങ്ങളുടെ താപവൈദ്യുത നിലയങ്ങളുടെ ആവശ്യം നിറവേറ്റിയിരുന്നത്. എന്നാൽ, ഓസ്ട്രേലിയയുമായുള്ള വ്യാപാര യുദ്ധം തിരിച്ചടിച്ചതിന്റെ ക്ഷീണത്തിലാണ് ചൈന.

പണി ഇരന്നു വാങ്ങിയ ചൈന

ഓസ്ട്രേലിയയെ പാഠം പഠിപ്പിക്കാനിറങ്ങി സ്വയം പാഠം പഠിച്ചതിന്റെ ക്ഷീണത്തിലാണ് ചൈന. കോവിഡിനെ തുടർന്നു ലോകം രണ്ടായി തിരിഞ്ഞതോടെ ചൈന രാജ്യാന്തര തലത്തിൽ ഒറ്റപ്പെട്ടിരുന്നു. ഇതിന്റെ പിന്നാലെ കോവിഡിന്റെ ഉദ്ഭവത്തെ കുറിച്ചു രാജ്യാന്തര അന്വേഷണം വേണമെന്ന ഓസ്ട്രേലിയൻ പ്രസിഡന്റ് സ്കോട്ട് മോറിസണിന്റെ പ്രസ്താവന ചൈനയെ പ്രകോപിപ്പിച്ചു. 

ഓസ്ട്രേലിയൻ കയറ്റുമതി മേഖല വൻതോതിൽ ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ആശ്രയിച്ചു നിലനിലൽക്കുന്ന ഒന്നായിരുന്നു. അതിനാൽ ഓസ്ട്രേലിയയെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയൻ കൽക്കരിയുടെ ഇറക്കുമതി ചൈന അനൗദ്യോഗികമായി നിരോധിക്കുകയും ബീഫിന്റെയും ബാർലിയുടെയും ഇറക്കുമതിക്ക് വൻ നികുതി ഏർപ്പെടുത്തുകയും ചെയ്തു. കൂടാതെ 14 ഇനങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തി. ഇറക്കുമതി നിയന്ത്രണത്തിലൂടെ ഓസ്ട്രേലിയയെ മുട്ടുകുത്തിക്കാമെന്നായിരുന്നു ‘ചൈനീസ് വ്യാളിയുടെ’ സ്വപ്നം. 

ഓസ്ട്രേലിയയിൽനിന്നു കൽക്കരി കയറ്റിയെത്തിയ കപ്പലുകൾ നിരോധനത്തെ തുടർന്നു ചൈനീസ് തുറമുഖങ്ങളിൽ ചരക്ക് ഇറക്കാനാവാതെ മാസങ്ങളോളം കുടുങ്ങി. നേരത്തേ തുക കൈപ്പറിയതിനാൽ കപ്പലുകൾക്ക് മടങ്ങിപ്പോകാനുമായില്ല. ഇതോടെ കൽക്കരിയുടെ വിതരണ ശൃംഖലയിൽ വൻ വിള്ളൽ വീണു. ആഗോള ഊർജ പ്രതിസന്ധിക്ക് തുടക്കമിട്ടത് ചൈനയുടെ ഈ നീക്കമായിരുന്നു. അമേരിക്കൻ പക്ഷം ചേർന്നു കോവിഡ് ഉദ്ഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ഓസ്ട്രേലിയയുടെ നിലപാടിനെ ശിക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ചൈനയെടുത്ത വ്യാപാര നിലപാടുകളാണ് ആദ്യം ചൈനയ്ക്കും പിന്നീട് ലോകത്തിനും തന്നെ ഊർജ-സാമ്പത്തിക പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുന്നത്.

തിരിച്ചടിച്ച ചൈനീസ് തന്ത്രം

താപവൈദ്യുതി ഉൽപാദനത്തിനും ഉരുക്കു വ്യവസായങ്ങൾക്കും ഏറ്റവും അനുയോജ്യമായ ഉയർന്ന നിലവാരമുള്ള കൽക്കരിയായിരുന്നു ഓസ്ട്രേലിയയുടേത്. ചൈനീസ് താപനിലയങ്ങൾ നിർമിച്ചതും ഈ ഉയർന്ന ഗുണനിലവാരമുള്ള ഓസ്ട്രേലിയൻ കൽക്കരിയെ അടിസ്ഥാനമാക്കിയായിരുന്നു. എന്നാൽ ഓസ്ട്രേലിയൻ കൽക്കരി ഇറക്കുമതിക്ക് അനൗദ്യോഗിക വിലക്ക് ഏർപ്പെടുത്തിയ ചൈന താപനിലയങ്ങളുടെ ആവശ്യങ്ങൾക്കായി ഇന്തൊനീഷ്യൻ കൽക്കരി വിപണിയിലേക്ക് തിരിഞ്ഞു. 

മധ്യപ്രദേശിലെ കൽക്കരിപ്പാടത്തിലെ കാഴ്‌ച. ചിത്രം: Money SHARMA / AFP (പ്രതീകാത്മക ചിത്രം)

ആഭ്യന്തര ഉൽപാദത്തിലൂടെയും ഇന്തൊനീഷ്യൻ കൽക്കരി വാങ്ങിയും താപനിലയങ്ങളുടെ ആവശ്യം നിറവേറ്റാമെന്നായിരുന്നു ചൈനയുടെ കണക്കുകൂട്ടൽ. കൂടാതെ ഇത്തരം നീക്കങ്ങളിലൂടെ ഓസ്ട്രേലിയയെ സമ്മർദത്തിലാക്കാനാകുമെന്നും കരുതി. പ്രസ്താവന പിൻവലിച്ചു ഓസ്ട്രേലിയ നിരുപാധികം മാപ്പു പറയുമെന്നും ചൈന കണക്കുകൂട്ടി. എന്നാൽ ചൈനയുടെ അടിമകളല്ല തങ്ങളെന്നു വ്യക്തമാക്കിയ ഓസ്ട്രേലിയ കൽക്കരി കയറ്റുമതിയിലെ നഷ്ടം സഹിച്ചും കോവിഡ് വ്യാപനത്തിൽ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ ഓസ്ട്രേലിയൻ കൽക്കരി ഉപേക്ഷിച്ച ചൈന ഇന്തൊനീഷ്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 

എന്നാൽ, ഉയർന്ന ഗുണനിലവാരമുള്ള ഓസ്ട്രേലിയൻ കൽക്കരി ഉപയോഗപ്പെടുത്താൻ ഡിസൈൻ ചെയ്യപ്പെട്ടിരുന്ന ചൈനീസ് താപനിലയങ്ങൾക്ക് താരതമ്യേന ഗുണനിലവാരം കുറഞ്ഞ ഇന്തൊനീഷ്യൻ കൽക്കരി ഉപയോഗിച്ചു ലക്ഷ്യമിട്ട വൈദ്യുതി ഉൽപാദനം നടത്താനാകാതെ വന്നു. കൂടാതെ ഈ വർഷം ജൂലൈയിൽ സഹസ്രാബ്ദത്തിലെ പ്രളയമെന്നു വിശേഷിപ്പിക്കപ്പെട്ട വെള്ളപ്പൊക്കത്തെ തുടർന്നു ചൈനയുടെ ഖനികളിൽ കൽക്കരി ഉൽപാദനം കുത്തനെ കുറയുകയും ചെയ്തതോടെ ചൈനീസ് താപനിലയങ്ങൾ‌ വൻ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഇതോടെ ഇന്തൊനീഷ്യയിൽനിന്നു കൂടുതൽ കൽക്കരി ഇറക്കുമതി ചെയ്യാൻ ചൈന ശ്രമങ്ങൾ ആരംഭിച്ചു. 

ഇതോടെ ഗുണനിലവാരം കുറഞ്ഞ ഇന്തൊനീഷ്യൻ കൽക്കരിക്കു വില കുതിച്ചു കയറാൻ തുടങ്ങി. 2021 മാർച്ചിൽ ടണ്ണിന് 60 ഡോളർ വിലയുണ്ടായിരുന്ന ഇന്തൊനീഷ്യൻ കൽക്കരി സെപ്റ്റംബർ–ഒക്ടോബർ മാസമായതോടെ ടണ്ണിന് 160 മുതൽ 200 ഡോളർ വരെയായി ഉയർന്നു. കൽക്കരിക്കായി ഇന്തൊനീഷ്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇന്ത്യൻ കൽക്കരി ഇറക്കുമതിക്കാർക്കും ഇതു വൻ തിരിച്ചടിയായി. കൽക്കരിയുടെ വില ഉയർന്നതോടെ കൂടുതൽ പ്രകൃതി വാതകം ഇറക്കുമതി ചെയ്തു ഊർജ പ്രതിസന്ധി പരിഹരിക്കാമെന്നു ചൈന കണക്കുകൂട്ടി. 

ഇറാഖിലെ എണ്ണപ്പാടത്തിൽ നിന്നുള്ള കാഴ്‌ച. ചിത്രം: ESSAM -AL-SUDANI / FILES / AFP

എന്നാൽ ഈ നീക്കം പ്രകൃതിവാതകത്തിനും വിലക്കയറ്റമുണ്ടാക്കാനാണ് വഴിയൊരുക്കിയത്. ഉത്തരാർധ ഗോളത്തിലെ മഞ്ഞുകാലം ഇത്തവണ കാഠിന്യമേറിയതായിരിക്കുമെന്ന പ്രവചനങ്ങളും ആ മേഖലയിലെ രാജ്യങ്ങളിൽ പ്രകൃതിവാതകത്തിനു വില ഉയർത്താൻ തുടങ്ങി. എന്നാൽ, പ്രകൃതിവാതക വിപണിയിലേക്ക് അസമയത്തുള്ള ചൈനയുടെ കടന്നുവരവാണ് വില ഉയർത്താൻ ‌കാരണമെന്നു യൂറോപ്യൻ യൂണിയൻ കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ കൽക്കരി പ്രതിസന്ധി

ലോകത്തിലെ രണ്ടാമത്തെ വലിയ കൽക്കരി ഉൽപാദകരായ ഇന്ത്യ കൽക്കരി ക്ഷാമത്തിലേക്ക് വീണതു കെടുകാര്യസ്ഥത മൂലമാണ്. ഇന്ത്യയുടെ വൈദ്യുതി ഉൽ‌പാദനത്തിൽ 54% കൽക്കരി താപനിലയങ്ങളുടേതാണ്. കൂടാതെ ഇരുമ്പ്–ഉരുക്കു വ്യവസായങ്ങൾക്കും കൽ‌ക്കരി ഒഴിച്ചുകൂടാനാവാത്തതാണ്. അതിനാൽ തന്നെ കൽക്കരി ഇന്ത്യയ്ക്ക് വളരെ അത്യാവശ്യമാണ്. മഴക്കാലത്ത് ഖനികളിൽ വെള്ളം കയറുന്നതിനാൽ ഇന്ത്യയിൽ കൽക്കരിയുടെ ഉൽപാദനം സ്വാഭാവികമായി കുറയാറുണ്ട്. എന്നാൽ അതേസമയം വൈദ്യുതി ഉപയോഗവും കുറയുന്നതിനാൽ ഈ കൽക്കരി ഉൽപാദന കുറവ് ഒരിക്കലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നില്ല. 

വീട്ടിലെ ഉപയോഗത്തിന് കൽക്കരി കത്തിക്കുന്ന വനിത. മധ്യപ്രദേശിലെ കാഴ്‌ച. ചിത്രം: Money SHARMA / AFP

2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ പിന്നാലെ ഇന്ത്യയിലെ താപനിലയങ്ങൾ ചെലവു കുറയ്ക്കാനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. അതിലൊന്നായിരുന്നു ‘ജസ്റ്റ് ഇൻ ടൈം ഇൻവെന്ററി മാനേജ്മെന്റ്’ (JIT) എന്നത്. കൽക്കരി നിലയങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകുമ്പോൾ അവയ്ക്ക് ഒരു മാസം പ്രവർത്തിക്കാനാവശ്യമായ കൽക്കരി സ്റ്റോക്ക് ഉറപ്പാക്കണമെന്നും രണ്ടാഴ്ചത്തേയ്ക്കെങ്കിലും വേണ്ട കൽക്കരി പ്ലാന്റിൽ ശേഖരിക്കണമെന്നുമായിരുന്നു പഴയ ചട്ടം. എന്നാൽ ചെലവു കുറയ്ക്കാനായി വൈദ്യുതി ഉൽ‌പാദനത്തിന് ആവശ്യമുള്ളപ്പോൾ മാത്രം കൽക്കരി വാങ്ങുക എന്ന രീതിയിലേക്ക് താപവൈദ്യുത നിലയങ്ങൾ മാറി. 

കോൾ ഇന്ത്യയിൽനിന്ന് ‘ടേക്ക് ഓർ പേ’ എന്ന രീതിയിൽനിന്നു ‘ടേക്ക് ആൻഡ് പേ’ എന്ന രീതിയിലേക്ക് താപവൈദ്യുത നിലയങ്ങൾ മാറി. ടേക്ക് ഓർ പേ എന്ന രീതിയിൽ‌ മൂൻകൂട്ടി ആവശ്യമുള്ള ലോഡ് അറിയിച്ച് അതിനു പണം നൽകി ചരക്ക് കൈപ്പറ്റുന്ന രീതിയായിരുന്നു. എന്നാൽ ടേക്ക് ആൻഡ് പേ സംവിധാനം പിന്തുടരാൻ തുടങ്ങിയതോടെ ആവശ്യത്തിനുള്ള കൽക്കരി അതതു സമയം പണം കൊടുത്തു വാങ്ങുന്ന രീതി നിലവിൽ വന്നു. ഇതിനു പിന്നാലെ കോവിഡ് പ്രതിസന്ധി വന്നു ഉപയോഗം കുറഞ്ഞതോടെ കോൾ ഇന്ത്യയിൽ നിന്നു കൽക്കരി വാങ്ങുന്ന അളവ് താപനിലയങ്ങൾ ഗണ്യമായി കുറച്ചു. ഇതോടെ കോൾ ഇന്ത്യയും ഉൽപാദനം കുറയ്ക്കാൻ നിർബന്ധിതരായി. 

എന്നാൽ കോവിഡ് പ്രതിസന്ധി കുറഞ്ഞതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെ മതിയായ ഉൽപാദനം നടത്താനുള്ള സ്റ്റോക്ക് കൈവശമില്ലാതിരുന്ന താപനിലയങ്ങൾ സ്വാഭാവികമായും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. കൂടാതെ ചൈനയുടെ വർധിച്ച ആവശ്യം ആഗോള വിപണിയിൽ കൽക്കരിയുടെ വില കുതിച്ചുയർത്തിയത് ഇറക്കുമതിയെയും പ്രതിസന്ധിയിലാക്കി. ഇതോടെ ഇറക്കുമതി 30 ശതമാനമായി ചുരുങ്ങി. പിന്നാലെ ചില താപനിലയങ്ങൾ ഉൽപാദനം നിർത്തുകയും മറ്റു ചിലതിൽ കൽക്കരി സ്റ്റോക്ക് ഒന്നോ രണ്ടോ ദിവസത്തേയ്ക്കു മാത്രമായി ചുരുങ്ങുകയും ചെയ്തു. പ്രതിസന്ധി ഗുരുതരമായ ആഘാതം സൃഷ്ടിക്കും മുൻപ് സർക്കാർ ഇടപെട്ട് കോൾ‌ ഇന്ത്യയുടെ കരുതൽ ശേഖരത്തിൽ നിന്നു കൽക്കരി വിതരണം ചെയ്തു. താപനിലയങ്ങളുടെ കൽക്കരിക്ഷാമം താൽക്കാലികമായി പരിഹരിച്ചെങ്കിലും ഇപ്പോഴും പ്രതിസന്ധി പൂർണമായി ഒഴിഞ്ഞിട്ടില്ല.

പുര കത്തുമ്പോൾ ഇന്ത്യ വാഴ വെട്ടുന്നു

കൽക്കരി ക്ഷാമം നിശബ്ദമായി തുടങ്ങിയപ്പോൾ തന്നെ കൽക്കരി ഖനനമേഖലയിൽ സമൂലമായ പൊളിച്ചെഴുത്തിനുള്ള ശ്രമം കേന്ദ്രസർക്കാർ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി, 1957ൽ നിലവിൽ വന്ന ദ് കോൾ മൈൻ ബെയറിങ് ഏരിയാസ് അക്വിസിഷൻ ആൻഡ് ഡവലപ്മെന്റ് (സിബിഎ) ആക്ട് ഭേദഗതി ചെയ്യാൻ വർ‌ഷകാല സമ്മേളനത്തിൽ പാർലമെന്റിൽ ബിൽ അവതരിപ്പിച്ചിരുന്നു. ജാർഖണ്ഡിലും മറ്റും ഈ നിയമം ഭൂമി കയ്യേറ്റ നിയമമെന്ന പേരിൽ കുപ്രസിദ്ധമാണ്. ഭേദഗതി കൂടി വരുന്നതോടെ കൽക്കരി ഖനനത്തിനുള്ള സ്ഥലം സർക്കാർ‌ ഏറ്റെടുത്ത് ഖനന വ്യവസായികൾക്ക് കൈമാറും. ഖനനത്തിനു നൽകുന്ന ഭൂമി മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്ന ഇളവുകളും കൂട്ടിച്ചേർത്തു. കൂടാതെ ഖനനത്തിനു ശേഷം ഭൂമി പൂർവ സ്ഥിതിയിലാക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്നും ഖനന വ്യവസായികൾക്ക് ഇളവും ലഭിക്കും. 

കൽക്കരി ശേഖരിച്ച ശേഷം മടങ്ങിവരുന്ന തൊഴിലാളി. ഉത്തർപ്രദേശിലെ കാഴ്‌ച. ചിത്രം: Money SHARMA / AFP

എന്നാൽ ചൈനയിലെ സംഭവ വികാസങ്ങളെ തുടർന്നു കൽക്കരി പ്രതിസന്ധി വരുമെന്നു മുൻകൂട്ടി കാണാൻ എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും പിടിപ്പുകേടു കൊണ്ട് സൃഷ്ടിച്ച കൽക്കരി ക്ഷാമത്തെ മുതലെടുത്ത് കൽക്കരി പാടങ്ങൾ ഖനനഭീമൻമാർക്ക് തീറെഴുതാനുള്ള സാധ്യതയാണ് ഇന്ത്യയിൽ തെളിയുന്നത്. ഇതോടെ രാജ്യത്ത് ഖനനത്തിനു വേണ്ടിയുള്ള കുടിയിറക്കലുകളും പ്രകൃതി നശീകരണവും അതിരൂക്ഷമാകുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും.

ബ്രെക്സിറ്റ് നിലം പരിശാക്കിയ ബ്രിട്ടൻ

യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോരാനുള്ള ഹിതപരിശോധന പാസ്സാക്കിയതോടെ ബ്രിട്ടനിലും മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുമുണ്ടായ ആശയക്കുഴപ്പത്തിന്റെ അവസാന ആണിയടിയായിരുന്നു ബ്രിട്ടനിലെ ഊർജ പ്രതിസന്ധിക്ക് വഴിവച്ചത്. റിഫൈനറികളിൽ ഇന്ധനം ഉണ്ടായിരുന്നെങ്കിലും അത് പെട്രോൾ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള ട്രക്ക് ഡ്രൈവർമാരില്ലാത്തതാണ് ബ്രിട്ടനിൽ ഊർജ പ്രതിസന്ധിക്കു തുടക്കമിട്ടത്. ബ്രെക്സിറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഷെങ്കൻ വീസയിൽ ബ്രിട്ടനിലെത്തി ജോലി ചെയ്തിരുന്ന ട്രക്ക് ഡ്രൈവർമാർ കൂട്ടത്തോടെ തിരിച്ചു യൂറോപ്യൻ യൂണിയൻ‌ രാജ്യങ്ങളിലേക്കു മടങ്ങിയതോടെയാണ് പെട്രോൾ പമ്പുകളിൽ‌ ഇന്ധനമെത്തിക്കാൻ ആളില്ലാതെയായത്. 

പ്രതീകാത്മക ചിത്രം: AFP

ഇന്ധന ട്രക്ക് ഓടിക്കാൻ അറിയാത്തവരുടെ അഭാവത്തിൽ ഒടുവിൽ‌ ബ്രിട്ടിഷ് സൈന്യം രംഗത്തിറങ്ങിയാണ് പ്രതിസന്ധി ഒട്ടൊക്കെ പരിഹരിച്ചത്. എന്നാൽ ശീതകാലം അടുത്തതോടെ വീടുകൾ ചൂടുപിടിപ്പിക്കാനുള്ള പ്രകൃതിവാതകത്തിനു വില കുതിച്ചു കയറി. അതോടെ ബ്രിട്ടൻ വീണ്ടും ഇന്ധന പ്രതിസന്ധിയിലേക്കു വീണു തുടങ്ങി. ഫോസിൽ ഇന്ധനങ്ങളോടുള്ള ആശ്രിതത്വം കുറച്ച് ഹരിതോർജത്തിലേക്കു മാറാനുള്ള യൂറോപ്പിന്റെ ശ്രമങ്ങളിൽ ഏറ്റവും മുൻപിലുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. ജപ്പാനിലെ ഫുകുഷിമ ദുരന്തത്തിനു പിന്നാലെ ആണവോർജത്തോട് വിട പറയാനുള്ള യൂറോപ്പിന്റെ നീക്കത്തിനൊപ്പമാണ് ബ്രിട്ടൻ. 

പ്രവർത്തനസജ്ജമായ പഴകിയ നാല് ആണവ റിയാക്ടറുകൾ മാത്രമാണ് ബ്രിട്ടനിൽ ഇപ്പോഴുള്ളത്. ഭാവിയിലെ ആവശ്യത്തിനായി ഒരെണ്ണം മാത്രമാണു നിർമാണത്തിലുള്ളത്. നോർവെയിൽനിന്നും റഷ്യയിൽനിന്നുമുള്ള പ്രകൃതിവാതകവും നോർത്ത് കടലിലും തീരപ്രദേശങ്ങളിലുമായി സ്ഥാപിച്ചിട്ടുള്ള കാറ്റാടി നിലയങ്ങളുമായിരുന്നു ബ്രിട്ടന്റെ വൈദ്യുതി ഉൽപാദനത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്തിരുന്നത്. എന്നാൽ വടക്കൻ കടലിലും കരയിലും കാറ്റിന്റെ വേഗം കുത്തനെ കുറഞ്ഞതിനെ തുടർന്നു കാറ്റാടിപ്പാടങ്ങളിൽനിന്നുള്ള വൈദ്യുതി ഉൽപാദനം കുത്തനെ ഇടിഞ്ഞു. കൂടാതെ പ്രകൃതിവാതകത്തിനുണ്ടായ വൻ വിലക്കയറ്റം വൈദ്യുതി നിരക്കിലും പ്രതിഫലിച്ചു. 

ചൈനയിൽനിന്നുള്ള കാഴ്‌ച. AFP

പ്രകൃതി വാതകം ശേഖരിക്കാൻ സംവിധാനങ്ങളൊന്നുമില്ലാത്തത് ബ്രിട്ടന്റെ നില കടുതൽ പരുങ്ങലിലാക്കിയിട്ടുണ്ട്. നാലു വർഷം മുൻപ് ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന റഫ് പ്രകൃതിവാതക ഉൽപാദന കേന്ദ്രം പ്രവർത്തനം അവസാനിപ്പിച്ചതോടെ ഇതോടനുബന്ധിച്ചുള്ള സംഭരണ കേന്ദ്രത്തിന്റെയും പ്രവർത്തനം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു. പിന്നീട് വൈദ്യുതോൽപാദനത്തിനും വീടുകൾ ചൂടുപിടിപ്പിക്കാനും ഗാർ‌ഹിക ആവശ്യത്തിനുമുള്ള പ്രകൃതിവാതകം യൂറോപ്പിലൂടെ കടന്നു പോകുന്ന പൈപ്‌ലൈൻ ശൃംഖലകളിൽ നിന്ന് ആവശ്യാനുസരണം വാങ്ങുകയാണ് ചെയ്തിരുന്നത്. ഇതും പ്രതിസന്ധി രൂക്ഷമാക്കി. ഗാർഹിക ആവശ്യത്തിനുള്ള പ്രകൃതിവാതകത്തിനും വൈദ്യുതിക്കും നിരക്ക് പലയിരട്ടി വർധിച്ചതോടെ ബ്രിട്ടനിലെ താഴ്ന്ന വരുമാനക്കാർ സാമ്പത്തിക പ്രതിസന്ധിയിലുമായി. ശൈത്യകാലം പിടിമുറുക്കുന്ന വരുന്ന മാസങ്ങളിൽ ആയിരങ്ങൾ ബ്രിട്ടനിൽ തണുത്തു മരിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

യൂറോപ്പിലെ വാതക പ്രതിസന്ധി

യൂറോപ്പിന്റെ ‘പവർഹൗസ്’ എന്നാൽ റഷ്യയാണ്. റഷ്യയിൽനിന്ന് യുക്രെയ്‌നിലൂടെയുള്ള പൈപ്‌ലൈനുകൾ, റഷ്യയിൽ നിന്നു ബാൾട്ടിക് കടലിലൂടെ വന്ന് ജർമനിയിൽ പ്രവേശിക്കുന്ന നോർഡ് സ്ട്രീം 1, ബെലാറൂസിലൂടെ വന്ന് പോളണ്ട് വഴി ജർമനിയിലെത്തുന്ന യെമാൽ പൈപ്‌ലൈൻ, നോർവീജിയൻ പൈപ്‌ലൈനുകൾ തുടങ്ങി യൂറോപ്പിലേക്കെത്തുന്ന ഗ്യാസ് പൈപ്‌ലൈനുകളിലൂടെ കിട്ടുന്ന പ്രകൃതിവാതകം പങ്കിട്ടെടുത്താണു സാധാരണ രീതിയിൽ യൂറോപ്യൻ രാജ്യങ്ങൾ ശൈത്യകാലത്തെ നേരിടാറുള്ളത്. എന്നാൽ യൂറോപ്യൻ യൂണിയന്റെ പ്രകൃതിവാതക കരുതൽ ശേഖരം കുത്തനെ കുറഞ്ഞതും പൈപ്‌ലൈനിലൂടെ മതിയായ അളവിൽ റഷ്യ ഗ്യാസ് വിതരണം ചെയ്യാത്തതും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു. 

കൂടാതെ ഉത്തരാർധ ഗോളത്തിൽ അതിശൈത്യം പ്രവചിക്കപ്പെട്ട മാസങ്ങളാണു കടന്നു വരുന്നത്. ലോകത്തെ ജനങ്ങളിൽ ഭൂരിഭാഗവും വസിക്കുന്നത് ഈ മേഖലയിലാണ്. അതിനാൽ തന്നെ കൊടുംശൈത്യത്തെ നേരിടാൻ വൻ ഒരുക്കങ്ങളാണ് ഈ രാജ്യങ്ങൾ സ്വീകരിക്കുന്നത്. വീടുകൾ ചൂടുപിടിപ്പിക്കാനും അടച്ചുപൂട്ടിയ കൽക്കരി താപവൈദ്യുത നിലയങ്ങൾക്കു പകരമുള്ള പ്രകൃതിവാതക വൈദ്യുതി നിലയങ്ങൾക്കു പ്രവർത്തിക്കാനും കൂടുതൽ പ്രകൃതിവാതകം ശേഖരിക്കാനുള്ള പരിശ്രമങ്ങളും യൂറോപ്പിൽ ഗ്യാസിന്റെ വില കുതിച്ചു കയറ്റിയിട്ടുണ്ട്. 400 ശതമാനത്തിലധികം വില വർധനയാണ് ഈ ശൈത്യകാലത്ത് യൂറോപ്പിൽ‌ പലയിടത്തും സംഭവിച്ചത്.

റഷ്യയുടെ ബ്ലാക്ക് മെയിലിങ് തന്ത്രം

തണുത്തുറയുന്ന ശൈത്യകാലത്തിലും യൂറോപ്പിനെ ആകെ ചൂടുപിടിപ്പിക്കുന്നത് റഷ്യയുടെ നിലപാടുകളാണ്. പ്രകൃതി വാതകത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് റഷ്യ. യൂറോപ്യൻ യൂണിയന്റെ ഐക്യത്തെതന്നെ ബാധിക്കുന്ന തരത്തിലേക്കാണ് യൂറോപ്യൻ യൂണിയനിലെ ഊർജ പ്രതിസന്ധി കത്തിക്കയറുന്നത്. കുത്തനെ ഉയരുന്ന പ്രകൃതിവാതക വിലയെ നേരിടാൻ റിസർവുകളുപയോഗിച്ച രാജ്യങ്ങൾ ഭീകര പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുന്നു. 

പ്രകൃതിവാതകം ഉപയോഗിക്കുന്ന ബസുകൾ. പ്രതീകാത്മക ചിത്രം. PRAKASH SINGH / AFP

റഷ്യയിൽ നിന്നും നോർവേയിൽ നിന്നും എത്തുന്ന പ്രകൃതിവാതകത്തിനു വില കത്തിക്കയറുന്നു. എന്നിട്ടും പ്രതിദിന വിതരണം ഉയർത്താത്ത റഷ്യയുടെ നിലപാടിനെതിരെ യുറോപ്പിലാകെ പ്രതിഷേധം രൂക്ഷമാണ്. എന്നാൽ ആഭ്യന്തര ആവശ്യം കൂടിയതിനാൽ നിലവിലുള്ള പൈപ്‌ലൈനുകളിലൂടെ ഇതിൽ കൂടുതൽ വിതരണം ചെയ്യാനാകില്ലെന്ന നിലപാടിലാണ് റഷ്യ. കൂടുതൽ പ്രകൃതിവാതകം ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ നടത്തിയ ചർച്ചയിൽ, കൃത്യമായി പദ്ധതി തയാറാക്കാതെ ഹരിതതോർജത്തിലേക്ക് മാറാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടാണ് പ്രതിസന്ധിക്കു കാരണമെന്ന് പുടിൻ തുറന്നടിച്ചിരുന്നു.

പ്രതിസന്ധി മറികടക്കാൻ ഏറെ വിവാദമുയർത്തിയ നോർഡ് സ്ട്രീം 2 പൈപ്‌ലൈൻ പൂർത്തീകരിച്ചാൽ യൂറോപ്പിന്റെ പ്രകൃതിവാതക പ്രതിസന്ധി പരിഹരിക്കാമെന്ന നിലപാടിലാണ് റഷ്യ. എന്നാൽ അമേരിക്കയും പോളണ്ടും യുക്രൈനും എല്ലാം ഈ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ചു എതിർക്കുകയാണ്. റഷ്യയിൽ നിന്നു ബാൾട്ടിക് കടലിലൂടെ വന്ന് ജർമനിയിലേക്കു പ്രവേശിക്കുന്ന നോർത്ത് സ്ട്രീം 2 പൈപ്‌ലൈനിന്റെ പൂർത്തീകരണം ആവശ്യപ്പെട്ടാണ് റഷ്യ ഈ ശീതകാലത്ത് യൂറോപ്പിനോട് വില പേശുന്നത്. ഈ പൈപ്‌ലൈൻ പൂർത്തിയായാൽ റഷ്യയിൽ നിന്നു യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കയറ്റുമതി ഇരട്ടിയാക്കാൻ കഴിയുമെന്ന് റഷ്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതു യുക്രെയ്നിനെ ഒറ്റപ്പെടുത്താനുള്ള റഷ്യയുടെ രാഷ്ട്രീയ നീക്കമാണെന്നു പലരും വിലയിരുത്തുന്നു. യൂറോപ്പിനെ രണ്ടായി വിഭജിക്കുന്നതാണ് പുതിയ പൈപ്‌ലൈനെന്നാണ് അമേരിക്കയടക്കം ആരോപിക്കുന്നത്.

നോർഡ് സ്ട്രീം പൈപ്‌ലൈനുകൾ

നോർത്ത് ട്രാൻസ്ഗ്യാസ് ആൻഡ് നോർത്ത് യൂറോപ്യൻ ഗ്യാസ് പൈപ്‌ലൈൻ എന്നറിയപ്പെട്ടിരുന്ന നോർഡ് സ്ട്രീം പൈപ്‌ലൈനുകൾ ഏറെ വിവാദമുയർത്തിയവയാണ്. യുക്രെയ്നിലൂടെ കടന്നു വരുന്ന ഗ്യാസ് പൈപ്‌ലൈനുകളിലൂടെയായിരുന്നു റഷ്യയിൽ നിന്നുള്ള പ്രകൃതിവാതകം പ്രധാനമായും യൂറോപ്പിലേക്ക് എത്തിയിരുന്നത്. യൂറോപ്പിലേക്ക് എത്തിയിരുന്ന പ്രകൃതിവാതകത്തിന്റെ 80 ശതമാനവും കടന്നു പോയിക്കൊണ്ടിരുന്നത് യുക്രെയ്നിലൂടെയായിരുന്നു. ഇതിന്റെ കടത്തുകൂലിയായി നല്ലൊരു തുക യുക്രെയ്നിന് ട്രാൻസിറ്റ് ഫീസ് ആയി ലഭിക്കുകയും ചെയ്തിരുന്നു.

പ്രതീകാത്മക ചിത്രം. Handout / Nord Stream 2 AG / AFP

എന്നാൽ സോവിയറ്റ് യൂണിയന്റെ വിഭജനത്തോടെ വിഭിന്ന ചേരികളിലെത്തിക്കഴിഞ്ഞ യുക്രെയ്നുമായി റഷ്യയുടെ ബന്ധം അനുദിനം മോശമായിക്കൊണ്ടിരുന്നു. ഇതേതുടർന്ന് 2006ലും 2009ലും യുക്രെയ്നിനു റഷ്യ പ്രകൃതിവാതകം നിഷേധിക്കുക പോലുമുണ്ടായി. ഇതിന്റെ പിന്നാലെയുണ്ടായ ക്രൈമിയ പ്രതിസന്ധിയും റഷ്യൻ ഇടപെടലുകളും യുക്രെയ്നും റഷ്യയും തമ്മിലുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിച്ചു. യുക്രെയ്നുമായുള്ള ബന്ധം മോശമായി തുടങ്ങിയപ്പോൾതന്നെ യൂറോപ്പിലേക്ക് ഒരു ബദൽപാത കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു റഷ്യ. 

ഇതേ തുടർന്നു ബാൾട്ടിക് കടലിലൂടെ നോർത്ത് സ്ട്രീം, കരിങ്കടലിലൂടെ സൗത്ത് സ്ട്രീം അഥവാ തുർക്കിഷ് സ്ട്രീം എന്ന രണ്ടു പദ്ധതികൾ റഷ്യ തയാറാക്കി. നോർത്ത് സ്ട്രീം പദ്ധതിയിൽ റഷ്യയിൽ നിന്നു ബാൾട്ടിക് കടലിലൂടെ ജർമനിയിലെത്തുന്ന ഒരു പൈപ്‌ലൈൻ വിഭാവനം ചെയ്തു. റഷ്യൻ ഗ്യാസ് ഭീമൻമാരായ ഗ്യാസ്പ്രോമിന്റെ മുഖ്യഉടമസ്ഥതയിൽ യൂറോപ്പിലെ അഞ്ചു കമ്പനികളുമായി ചേർന്നു രൂപീകരിച്ച നോർഡ് സ്ട്രീം എജി എന്ന ഒരു ബഹുരാഷ്ട്ര കമ്പനിയാണ് ഇതിന്റെ നിർമാണവും നടത്തിപ്പും. 2011 മേയിൽ നിർമാണം തുടങ്ങി ഏഴുമാസം കൊണ്ട് 1222 കിലോമീറ്റർ നീളമുള്ള പൈപ്‌ലൈനിന്റെ നിർമാണം പൂർത്തീകരിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും നീളമേറിയ സബ്സീ ഗ്യാസ് പൈപ്‌ലൈനായി ഇതുമാറി.

ഇതിനു പിന്നാലെ നോർഡ് സ്ട്രീം 2 എന്ന ഒരു പൈപ്‌ലൈൻ കൂടി റഷ്യ പദ്ധതിയിട്ടു. എന്നാൽ യുക്രെയ്നിനു പിന്നാലെ ബെലാറൂസും പോളണ്ടും പ്രതിഷേധവുമായെത്തി. ബെലാറൂസിലൂടെയും പോളണ്ടിലൂടെയും കടന്നു പോകുന്ന യെമാൽ പൈപ്‌ലൈനിലെ വിതരണം റഷ്യ കുറച്ചേക്കുമെന്ന ആശങ്കയായിരുന്നു ഇതിനു പിന്നിൽ. 2018ൽ നോർഡ് സ്ട്രീം 2വിന്റെ നിർമാണം തുടങ്ങി 2021 ജൂണിൽ ആദ്യ ലൈനിന്റെയും സെപ്റ്റംബറിൽ രണ്ടാമത്തെ ലൈനിന്റെയും നിർമാണം പൂർത്തീകരിക്കാനായിരുന്നു പദ്ധതി. 

എന്നാൽ 2014ൽ റഷ്യയ്ക്കും റഷ്യൻ കമ്പനികൾക്കും ഏർപ്പെടുത്തിയ ഉപരോധത്തിനു പിന്നാലെ 2021മേയ് മാസത്തിൽ അമേരിക്കയിലെ ബൈഡൻ ഭരണകൂടം നോർഡ് സ്ട്രീം പദ്ധതിക്കും വിലക്ക് ഏർപ്പെടുത്തി. ഇതോടെ 90 ശതമാനം നിർമാണം പൂർത്തിയായ പദ്ധതിയുടെ ഭാവി അനിശ്ചിതത്തിലായി. പദ്ധതിയുടെ പൂർത്തീകരണത്തിനായി ജർമൻ ഉപകമ്പനിയുടെ നേതൃത്വത്തിൽ നിർമാണവും മേൽനോട്ടവും നടത്താമെന്നു റഷ്യ ഉറപ്പുനൽകിയെങ്കിലും പദ്ധതിയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്തിലാണ്. പദ്ധതി പൂർത്തിയായാൽ യൂറോപ്പിലേക്കുള്ള വാതക കയറ്റുമതി 5500 കോടി ക്യുബിക് മീറ്റർ കൂടി ഉയരുമെന്നാണ് റഷ്യയുടെ ഉറപ്പ്. നോർഡ് സ്ട്രീം 2 പൈപ്‌ലൈനിന്റെ പേരിൽ യൂറോപ്യൻ യൂണിയൻ ചേരിതിരിയുന്നതിന്റെയും അഭയാർഥികളെ ഉപയോഗിച്ചു ബെലാറൂസ് രാഷ്ട്രീയ നീക്കം നടത്തുന്നതിന്റെയും കാഴ്ചകളിലാണ് ലോകം ഇപ്പോൾ.

തിരിച്ചടിക്കുന്ന ഗ്രീൻ എനർജി

ലോകത്തിന്റെ ഇന്നത്തെ വളർച്ചയ്ക്കു പിന്നിൽ രണ്ടു വ്യാവസായിക വിപ്ലവങ്ങളാണ്. ആദ്യത്തേത് 18ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ സംഭവിച്ച വ്യവസായവൽക്കരണം. കൽക്കരി ഉപയോഗിച്ചുള്ള ആവി യന്ത്രത്തിന്റെ വരവോടെ ലോകം വിപ്ലവകരമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പിന്നീട് 19-ാം നൂറ്റാണ്ടിൽ അമേരിക്കയിൽ ക്രൂഡ് ഓയിലിൽ നിന്നുള്ള പെട്രോളും ഡീസലും ഉപയോഗിച്ചു പ്രവർത്തിക്കുന്ന യന്ത്രങ്ങളുടെ കണ്ടുപിടിത്തം ലോകത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് വൻകുതിപ്പേകി. 

പ്രതീകാത്മക ചിത്രം.

എന്നാൽ ഹരിത ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള മൂന്നാം വ്യാവസായിക വിപ്ലവത്തിലേക്ക് മാറാനുള്ള ലോകത്തിന്റെ അപക്വമായ ശ്രമങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു പ്രധാന കാരണം. സുസ്ഥിരമായ ഹരിതോർജം എന്നത് ഇപ്പോഴും ബാലികേറാമലയായി തുടരുകയാണ്. അപ്പോഴും ഹരിതഗൃഹ വാതകങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഫോസിൽ ഇന്ധന ഉൽപാദനത്തിലുള്ള നിക്ഷേപത്തിൽ വൻ കുറവാണ് പല രാജ്യങ്ങളും വരുത്തുന്നത്. അതും ഊർ‌ജ പ്രതിസന്ധിക്ക് കാരണമായി. 

ഹരിതോർജത്തിലേക്ക് ലോകം അതിവേഗം മാറുമെന്ന ആശങ്ക മൂലം വൻ നിക്ഷേപം വേണ്ട എണ്ണ ഖനനത്തിൽ നിന്നു വൻകിട ഊർജ ഉൽ‌പാദന കമ്പനികൾ വിട്ടു നിൽക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ഹൈഡ്രോകാർബൺ ഉൽപാദന രംഗത്ത് പ്രതിവർഷം 600 ബില്യൻ (1 ബില്യൻ= 100 കോടി) ഡോളർ 2030 വരെ മുടക്കണമെന്നാണ് അബുദാബി ഇന്റർനാഷനൽ പെട്രോളിയം എക്സിബിഷൻ കോൺഫറൻസിൽ യുഎഇ ഊർജ മന്ത്രി സുഹൈൽ അൽ മസ്റൂയ് ചൂണ്ടിക്കാണിച്ചത്. ഒരു പ്ലഗ് ഊരുന്ന ലാഘവത്തോടെ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് ഹരിത ഇന്ധനത്തിലേക്ക് മാറാനാവില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മതിയായ മുന്നൊരുക്കങ്ങളില്ലാതെ ഫോസിൽ ഇന്ധനങ്ങളിൽനിന്നു ഹരിതോർജത്തിലേക്കുള്ള മാറാനുള്ള ലോകത്തിന്റെ ശ്രമങ്ങളുടെ കനത്ത വിലയാണ് ഉയർ‌ന്ന ഇന്ധനവിലയായി ലോകം ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത്.

പ്രതിസന്ധി എന്നു മറികടക്കും?

ആഗോള ഊർജ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടില്ലെന്നാണ് മിക്ക സാമ്പത്തിക വിദഗ്ധരുടെയും നിരീക്ഷണം. കാരണം ഉൽപാദന–വിതരണ ശൃംഖലയിലെ താളപ്പിഴകൾ മാത്രമല്ല പ്രതിസന്ധിക്കു കാരണമെന്നതു തന്നെ. അടുത്ത വർഷത്തിന്റെ മധ്യത്തോടെയോ അല്ലെങ്കിൽ അവസാനത്തോടെയോ പ്രതിസന്ധി കുറച്ചൊക്കെ പരിഹരിക്കപ്പെടുമെന്ന നിഗമനത്തിലാണ് അവർ. ക്രൂഡ് വിലയിലെ ആനുകൂല്യം മുതലെടുത്ത് സാമ്പത്തിക നഷ്ടം പരിഹരിക്കാൻ ശ്രമിക്കുന്ന സൗദിയടക്കമുള്ള ഊർജ ഉൽപാദന രാജ്യങ്ങൾ മറ്റൊരുതരം നയതന്ത്ര യുദ്ധങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. 

കലിഫോർണിയയിലെ ഓയിൽ വിഭജന കേന്ദ്രത്തിനടുത്ത് നിന്നുള്ള കാഴ്‌ച. ചിത്രം: David McNew/Getty Images/AFP

ക്രൂഡ് ഓയിൽ ഉൽ‌പാദനം വർധിപ്പിക്കാനുള്ള അമേരിക്കയുടെ ആവശ്യം സൗദി തള്ളുന്ന കാഴ്ചയ്ക്കാണ് ലോകം അടുത്തയിടെ സാക്ഷ്യം വഹിച്ചത്. ഊർജ പ്രതിസന്ധിയെ തുടർന്ന്, ഇറാന്റെ എണ്ണ വിപണിയുടെ വിലക്ക് നീക്കണമോയെന്ന ആവശ്യം പരിഗണിക്കണമെന്നു ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയോട് അഭ്യർഥിച്ചിട്ടുണ്ട്. കൂടാതെ വെനസ്വേലൻ ക്രൂഡ് ഓയിലുള്ള വിലക്ക് നീക്കണമെന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളും ചൈനയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിയൻ, വെനസ്വേലൻ ഓയിൽ വിപണിയിൽ എത്തിയാൽ പ്രതിസന്ധി പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ഒട്ടേറെ രാജ്യങ്ങൾ.

എന്നാൽ പ്രതിസന്ധി തുടർന്നാൽ ക്രൂഡ് ഓയിലിനു ബാരലിനു 100 ഡോളർ ഉടൻ എത്തുമെന്നും ഉയർന്ന ഇന്ധന വില മിക്ക രാജ്യങ്ങളിലും നാണ്യപ്പെരുപ്പം സൃഷ്ടിക്കുമെന്നും മിക്ക സാമ്പത്തിക വിദഗ്ധരും കണക്കുകൂട്ടുന്നു. ഇതു കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സമ്പദ്‌വ്യവസ്ഥയുടെ പരിശ്രമങ്ങളെ പിന്നോട്ടടിക്കും. അതിനാൽ ഊർജ പ്രതിസന്ധി സൃഷ്ടിക്കാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലോകരാജ്യങ്ങൾ വളരെ ബുദ്ധിമുട്ടുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിൽ ഊർജ പ്രതിസന്ധിയെ തുടർന്നു ചൈനയിൽ ഫാക്ടറികൾ അടച്ചുപൂട്ടിയത് ആഗോള ഉൽപാദന വിതരണ ശൃംഖലയിൽ ഇപ്പോഴേ വൻ ആഘാതമേൽപ്പിച്ചിട്ടുണ്ട്. അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ എന്തെല്ലാമാണെന്നതും കാത്തിരുന്നു കാണേണ്ടി വരും.

English Summary: What is Really Causing Global Energy Crisis? How is China Linked in it? How Long it may Last?