രാവുറങ്ങാത്ത മുംബൈ നഗരവും അവിടെ അരണ്ട മഞ്ഞവെളിച്ചത്തിനു താഴെ കഴുത്തിറങ്ങിയ ബ്ലൗസും ഇത്തിരിപ്പോന്ന പാവാടയും ചുറ്റി അരക്കെട്ടിളക്കുന്ന പെൺകുട്ടികളുള്ള ബാറുകളും ആദ്യം കണ്ടതു സിനിമയിലാണ്. വില്ലന്മാരുടെ കൂട്ടാളികളായിരുന്നു സിനിമകളിലെ ബാർ ഗേ‍ൾസ്. അവരുടെ മാദക ചലനങ്ങളിലേക്കു വില്ലന്മാർ ഉമ്മകളും നോട്ടുമാലകളും എറിഞ്ഞു കൊടുത്തു. വീട്ടിലെ കഷ്ടപ്പാടു കൊണ്ട് ബാറിൽ ഡാൻസ് ചെയ്യേണ്ടി വന്ന...

രാവുറങ്ങാത്ത മുംബൈ നഗരവും അവിടെ അരണ്ട മഞ്ഞവെളിച്ചത്തിനു താഴെ കഴുത്തിറങ്ങിയ ബ്ലൗസും ഇത്തിരിപ്പോന്ന പാവാടയും ചുറ്റി അരക്കെട്ടിളക്കുന്ന പെൺകുട്ടികളുള്ള ബാറുകളും ആദ്യം കണ്ടതു സിനിമയിലാണ്. വില്ലന്മാരുടെ കൂട്ടാളികളായിരുന്നു സിനിമകളിലെ ബാർ ഗേ‍ൾസ്. അവരുടെ മാദക ചലനങ്ങളിലേക്കു വില്ലന്മാർ ഉമ്മകളും നോട്ടുമാലകളും എറിഞ്ഞു കൊടുത്തു. വീട്ടിലെ കഷ്ടപ്പാടു കൊണ്ട് ബാറിൽ ഡാൻസ് ചെയ്യേണ്ടി വന്ന...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവുറങ്ങാത്ത മുംബൈ നഗരവും അവിടെ അരണ്ട മഞ്ഞവെളിച്ചത്തിനു താഴെ കഴുത്തിറങ്ങിയ ബ്ലൗസും ഇത്തിരിപ്പോന്ന പാവാടയും ചുറ്റി അരക്കെട്ടിളക്കുന്ന പെൺകുട്ടികളുള്ള ബാറുകളും ആദ്യം കണ്ടതു സിനിമയിലാണ്. വില്ലന്മാരുടെ കൂട്ടാളികളായിരുന്നു സിനിമകളിലെ ബാർ ഗേ‍ൾസ്. അവരുടെ മാദക ചലനങ്ങളിലേക്കു വില്ലന്മാർ ഉമ്മകളും നോട്ടുമാലകളും എറിഞ്ഞു കൊടുത്തു. വീട്ടിലെ കഷ്ടപ്പാടു കൊണ്ട് ബാറിൽ ഡാൻസ് ചെയ്യേണ്ടി വന്ന...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീപയെന്നു പേരുള്ള ബാർ. അവിടെ ചുമരിലെ വലിയ കണ്ണാടികൊണ്ടു മറച്ച രഹസ്യ ഇടനാഴി. അതു ചെന്നെത്തുന്ന രഹസ്യ മുറിയിൽ നിന്നു 17 ബാർ നർത്തകിമാരെ പൊലീസ് രക്ഷിച്ചു. ദുപ്പട്ട കൊണ്ടു മുഖം മറച്ച് ബാറിനു പുറത്തേക്കെത്തുന്ന പെൺകുട്ടികളുടെ കാഴ്ചകൾ സഹിതമായിരുന്നു മുംബൈ അന്ധേരിയിൽ നിന്നുള്ള ആ വാർത്താ വിഡിയോ.

രാവുറങ്ങാത്ത മുംബൈ നഗരവും, അവിടെ അരണ്ട മഞ്ഞവെളിച്ചത്തിനു താഴെ സീക്കൻസ് പിടിപ്പിച്ച കഴുത്തിറങ്ങിയ ബ്ലൗസും ഇത്തിരിപ്പോന്ന പാവാടയും ചുറ്റി അരക്കെട്ടിളക്കുന്ന പെൺകുട്ടികളുള്ള ബാറുകളും ആദ്യം കണ്ടതു സിനിമയിലാണ്. വില്ലന്മാരുടെ കൂട്ടാളികളായിരുന്നു സിനിമകളിലെ ബാർ ഗേ‍ൾസ്. അവരുടെ മാദക ചലനങ്ങളിലേക്കു വില്ലന്മാർ ഉമ്മകളും നോട്ടുമാലകളും എറിഞ്ഞു കൊടുത്തു. വീട്ടിലെ കഷ്ടപ്പാടു കൊണ്ട് ബാറിൽ ഡാൻസ് ചെയ്യേണ്ടി വന്ന കഥ പറയുന്ന ചിലരും ഇടയ്ക്കെപ്പോഴോ വന്നു പോയി. സിനിമയിലെ ‘എക്സ്ട്രാ ഫിറ്റിങ്’, ചുവന്ന തെരുവുള്ള മുംബൈയിലെ വേറൊരു പെൺകച്ചവട ലോകം – ഇത്രയൊക്കെയേ അന്നു കരുതാൻ മെനക്കെട്ടുള്ളൂ.

മുംബൈയിലെ ദീപ ഡാൻസ് ബാറിൽ ഡാൻസർമാരെ ഒളിപ്പിച്ച മുറിയിലേക്കുള്ള ഇടനാഴിയുടെ വാതിൽ കണ്ണാടി ഉപയോഗിച്ചു മറച്ചത് തകർക്കുന്നു (ഇടത്), ബാറിൽനിന്ന് ബാർ ഡാൻസർമാരെ രക്ഷപ്പെടുത്തിയപ്പോൾ (വലത്)
ADVERTISEMENT

മാധ്യമപ്രവർത്തനത്തിലെത്തിയപ്പോഴാണു മുംബൈയെ കൂടുതൽ പഠിച്ചത്. ലോക്കൽ ട്രെയിനിനെയും തിരക്കിനെയും അധോലോകത്തെയും ബോളിവുഡിനെയും ബിസിനസുകളെയും ചുവന്ന തെരുവിനെയും വഴിയോരക്കച്ചവടങ്ങളെയും സ്ഫോടനങ്ങളെയും പോലെ ഡാൻസ് ബാറുകളെയും ബാർ ഗേൾസിനെയും മനസ്സിലാക്കിയത്. സിനിമയിലെ കാഴ്ചകളല്ല സത്യമെന്നു തിരിച്ചറിഞ്ഞത്. 2019ന്റെ തുടക്കത്തിൽ മഹാരാഷ്ട്രയിലെ ഡാൻസ് ബാറുകളിലെ നിയന്ത്രണങ്ങളിൽ പലതും നീക്കിയ സുപ്രീം കോടതി ഉത്തരവ് വന്നതിന്റെ വാർത്താ തിരക്കുകൾക്കു ശേഷം പക്ഷേ, അവരെ മറന്നിരുന്നു.

കോവിഡും ലോക്ഡൗണുമായി മറ്റൊന്നും ഓർമിക്കാൻ പറ്റാത്ത കാലവുമായിരുന്നല്ലോ. ഇപ്പോൾ ദീപ ബാർ വാർത്തയിലൂടെ ബാർ ഗേൾസ് വീണ്ടും മനസ്സിലേക്കു വരികയാണ്. അതെ, സോണിയ ഫലൈറോ എഴുതിയ ‘ബ്യൂട്ടിഫുൾ തിങ്: ഇൻസൈഡ് ദ് സീക്രട് വേൾഡ് ഓഫ് ബോംബെസ് ഡാൻസ് ബാർസ്’ എന്ന പുസ്തകത്തിലെ ലീലയെപ്പോലെ എത്രയോ ജീവിതങ്ങളാണ് ബാറിലെ ആ അരണ്ട വെട്ടത്തിനു താഴെ ആടിക്കൊണ്ടിരുന്നത്.

സോണിയ മഹലും ഷെട്ടിമാരുടെ വരവും

മഹാരാഷ്ട്രയിൽ മുംബൈയിൽനിന്ന് 75 കിലോമീറ്റർ അകലെ റായ്ഗഡിലാണ് 1980ന്റെ തുടക്കത്തിൽ ആദ്യത്തെ ഡാൻസ് ബാർ തുറന്നത് എന്നാണു ചില രേഖകൾ പറയുന്നത്. കപില ഇന്റർനാഷനൽ ആണത്രേ പുണെയിലെ ആദ്യ ഡാൻസ് ബാർ. പക്ഷേ, 1972ൽ മുംബൈ നരിമാൻ പോയിന്റിൽ പാഴ്സി ബിസിനസുകാരൻ ഡാൻസ് ബാറിനു തുടക്കമിട്ടെന്ന് അഹമ്മദ് പട്‌നി എന്ന ഫൊട്ടോഗ്രഫർ പറയുമ്പോൾ അതിനു മുൻതൂക്കം കൂടുതലുണ്ട്. കാരണം, അരനൂറ്റാണ്ടോളമായി ഡാൻസ് ബാറുകളുടെ കഥ മാത്രമാണു പട്നിയുടെ ക്യാമറ പറയുന്നത്.

സോണിയ ഫലൈറോ മുംബൈയിലെ ബാർ ഡാൻസർമാരെപ്പറ്റി എഴുതിയ പുസ്തകം.
ADVERTISEMENT

ജഗ്തിയാനി എന്നയാൾ തുടങ്ങിയ ആദ്യ ഡാൻസ് ബാറിന്റെ പേര് ‘സോണിയ മഹൽ’. കഥക് നൃത്തവും മുജ്റ നൃത്തവുമൊക്കെയായിരുന്നു തുടക്കത്തിൽ. മാദക വേഷവും ചലനവും ചുവടുകളിലേക്കു കൂട്ടിക്കലർത്തിയെന്നു മാത്രം. സിനിമാപ്പാട്ടുകൾ വച്ചാണു ഡാൻസ്. എങ്കിലും കാബറെയും ഡിസ്കോയും പിന്നീടു പ്രശസ്തമായ ബോളിവുഡ് സ്റ്റൈലുമൊന്നും അന്നു സോണിയ മഹലിന്റെ താളമായില്ല.

എന്നാൽ ബാർ ഡാൻസ് ഹിറ്റ് ആയതോടെ, ഷെട്ടിമാരുടെ സംഘം ബിസിനസിലേക്ക് ഇറങ്ങി. പകിട്ടുകുറഞ്ഞ സോണിയ മഹലിനെ കടത്തിവെട്ടാൻ മേഘ്‌രാജും സമുദ്രയും സംഗമും തുറന്നു. മിന്നിത്തിളങ്ങുന്ന ലൈറ്റുകളും ആഡംബരങ്ങളും കാബറെയും ബിക്കിനിയും വരെ നിറഞ്ഞ ‘മോഡേൺ’ ഡാൻസ്ബാറുകളിലേക്കു മുംബൈയുടെ രാവുകൾ കൺമിഴിച്ചത് അങ്ങനെയാണ്.

പിന്നീട് ഇങ്ങോട്ടു ചെറുതും വലുതുമായ ഡാൻസ് ബാറുകൾ കിളിർത്തു, പൂത്തുതളിർത്തു. എവിടെനിന്നും മുംബൈയിലെത്തുന്നവരുടെ ആദ്യ ചോദ്യങ്ങളിൽ ഒന്ന് ഇതായി, ‘എവിടെയാണു ഡാൻസ് ബാർ?’
മദ്യത്തിനൊപ്പം നൃത്തം എന്നത് ഇന്നലെ ഉണ്ടായതല്ല ഇന്ത്യയ്ക്ക് എന്ന ചരിത്രം കൂടി ചേർക്കട്ടെ. രാജഭരണ കാലങ്ങളിൽ ദാസിമാരുടെ കൊത്തളങ്ങളിൽ ലഹരിയും ചിലങ്കയുടെ താളവും ഒരുമിച്ചൊഴുകിയ നാളുകൾ മുതലേ നമുക്കതു പരിചയമുണ്ട്.

ഡാൻസ് ബാറുകളിൽ ഒഴുകിയ കോടികൾ

ADVERTISEMENT

ദിവസം 5 ലക്ഷം രൂപ വരെ കൊയ്തെടുത്ത പഞ്ചനക്ഷത്ര ഡാൻസ് ബാറുകൾ. ഒരു ലക്ഷം വരെ കീശയിലാക്കിയ ഇടത്തരം ഇടങ്ങൾ, ആയിരങ്ങളും പതിനായിരങ്ങളുമായി കളം നിറഞ്ഞ ഇരുണ്ട മൂലകളിലെ അങ്ങേയറ്റം ഇടുങ്ങിയ കുഞ്ഞൻ ബാറുകൾ– അതെ, ഏതു തരക്കാരെയും പോറ്റുന്ന മുംബൈയെപ്പോലെ തന്നെയായിരുന്നു ഡാൻസ് ബാറുകളും.

മുംബൈയിലെ ഡാൻസ് ബാറുകളിലൊന്നിൽനിന്നുള്ള ദൃശ്യം. 2005ലെ ചിത്രം: AFP PHOTO/Indranil MUKHERJEE

സ്റ്റാർ ഹോട്ടലുകൾ തോൽക്കുന്ന ഫർണിച്ചറും അലങ്കാര വിളക്കുകളുമുള്ള ഫസ്റ്റ് ക്ലാസ് എസി ഫ്ലോറുകളിൽ ബിസിനസുകാരും രാഷ്ട്രീയക്കാരും വൻതോക്കുകളും എത്തുന്നതായിരുന്നു പഞ്ചനക്ഷത്ര ഡാൻസ് ബാറുകൾ. മാസങ്ങളുടെ ഇടവേളകളിൽ അവർ ബാറിന്റെ അകത്തളത്തിന്റെ രൂപം മാറ്റം; ഒപ്പം ഡാൻസുകാരികളെയും. കസ്റ്റമേഴ്സിനു ബോറടിക്കരുതല്ലോ.

പല ബാറുകളിലും കസ്റ്റമറുടെ കീശയുടെ വലുപ്പത്തിന് അനുസരിച്ചാണു പാക്കേജുകൾ. കുറഞ്ഞ വരുമാനക്കാർക്കായി പ്രത്യേക നില പണിതവരുമുണ്ട്.
10 വർഷം മുൻപ് മുംബൈ നഗരത്തിൽ മാത്രം 700 ഡാൻസ് ബാർ ഉണ്ടായിരുന്നതായാണു കണക്ക്. പലതിന്റെയും വാർഷികവരുമാനം കോടികൾ. പൊലീസുകാർക്കും രാഷ്ട്രീയക്കാർക്കും അതിലൊരു പങ്ക് കിട്ടിയതോടെ നിയമലംഘനങ്ങൾ ആരും ‘കാണാതായി’. ‍ഈ ‘കണ്ണടയ്ക്കലിന്റെ’ മറപറ്റി പതിനഞ്ചും പതിനാറും വയസ്സുള്ള ഡാൻസുകാരികളെ വരെ ബാറുകൾ കൊണ്ടുവന്നു.

ഡാൻസിലൂടെ ബാറുകൾ കുന്നുകൂട്ടിയ കോടികൾ വച്ചു നോക്കുമ്പോൾ ഡാൻസുകാരികൾക്കു കിട്ടിക്കൊണ്ടിരുന്നത് എത്രയോ കുറഞ്ഞ തുകയാണ്. വരുമാനം എത്ര കൂടിയാലും നിശ്ചയിച്ച ശമ്പളത്തിനപ്പുറം അവർക്കു കിട്ടിയില്ല. എങ്കിലും അതു ധാരാളമായിരുന്നെന്ന് അവരിൽ പലരും പറയുന്നു. കസ്റ്റമർമാരുടെ ടിപ് കൂടിയാകുമ്പോൾ വീടു പോറ്റാൻ, നല്ല ഡ്രസ് വാങ്ങാൻ, ഒറ്റമുറി ഫ്ലാറ്റുകളിലൊന്നിൽ ചേക്കേറാൻ, സിനിമ കാണാൻ ഒക്കെയുള്ള കാശ് കിട്ടുമായിരുന്നെന്ന് അവർ ചിരിക്കുന്നു. ഭീകരമായ കഷ്ടപ്പാടുകളുടെ ഇന്നലെകളിൽനിന്ന് ആ വരുമാനമാണു രക്ഷിച്ചതെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.

തന്നു, ചാന്ദ്നി, സൽമ... എത്രയോ ജീവിതങ്ങൾ

പത്താം ക്ലാസിൽ 80% മാർക്കുണ്ടായിരുന്നു തന്നുവിന്. രാജസ്ഥാനിൽ വീട്ടിലെ സ്ഥിതി വളരെ മോശമായപ്പോഴാണു മുംബൈയിൽനിന്ന് ‘ഭായി’ എത്തിയതും ബാറിൽ ഡാൻസ് ചെയ്തു വരുമാനമുണ്ടാക്കാമെന്നു പറഞ്ഞതും. ആരും മോശമായി പെരുമാറില്ലെന്നും ശരീരം ദുരുപയോഗം ചെയ്തു ജീവിക്കുന്നതല്ല ബാർ ഡാൻസ് എന്നും ഭായി പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോഴാണു ദാദ സമ്മതിച്ചതെന്നു തന്നു ഓർക്കുന്നു. 15 വയസ്സാണെങ്കിലും ആരെങ്കിലും ചോദിച്ചാൽ 19 എന്നു പറയണമെന്നു ഭായി പഠിപ്പിച്ചു.

മുംബൈയിലെ ഡാൻസ് ബാറുകളിലൊന്നിൽനിന്നുള്ള ദൃശ്യം. 2005ലെ ചിത്രം: AFP PHOTO/Indranil MUKHERJEE

അതുവരെ ഒരു ചുവടു പോലും ഡാൻസ് വയ്ക്കാത്ത തന്നുവിന് കീറിയ പുതപ്പും ശുചിമുറിക്കരികിലെ കൊച്ചിടവുമാണു കിടക്കാൻ കിട്ടിയത്. കുഞ്ഞനിയത്തിമാരുടെയും വയ്യാത്ത മായുടെയും കാര്യമോർത്തപ്പോൾ എങ്ങനെയും ജീവിക്കണമെന്നു വാശിയായി. അങ്ങനെ പകൽ മുഴുവൻ തനിയെ ഡാൻസ് പഠിച്ചു. രാത്രിയിൽ ബാറിൽ സകല ശക്തിയുമെടുത്ത് ആടി. പിന്നീട് ബാർ ഉടമ ഇടപെട്ടു തന്നുവിനെ ഡാൻസ് പഠിക്കാൻ അയച്ചു. ചിലർ ദേഹത്തു കടന്നു പിടിച്ചതിന്റെയും അൽപനേരം ഡാൻസ് നിർത്തിയപ്പോൾ മുഖമടച്ച് അടികിട്ടിയതിന്റെയും മുറിവുകളുണ്ട് അവളുടെ മനസ്സിൽ.

പക്ഷേ, ബാറിലെ ബൗൺസർമാർ അത്തരം കസ്റ്റമർമാരെ നിലയ്ക്കു നിർത്തിക്കോളും. നഗരത്തിലെ നിരത്തുകളിൽ പെൺകുട്ടി ഇറങ്ങി നടക്കുമ്പോൾ ഉണ്ടാകുന്ന അക്രമങ്ങൾ വച്ചു നോക്കുമ്പോൾ ബാറിലെ ഡാൻസ് സുരക്ഷിതമാണെന്ന് അവൾ പറയുന്നു. അനിയത്തിമാരുടെ വിവാഹം നടത്തിയതിന്റെയും മായ്ക്ക് നല്ല ചികിത്സ കൊടുത്തതിന്റെയും സന്തോഷമുണ്ടെങ്കിലും ഏറ്റവും അധികം ആഹ്ലാദിച്ചത് നീണ്ടു നിവർന്നുങ്ങാൻ ഒറ്റമുറി ഫ്ലാറ്റ് സ്വന്തമാക്കിയപ്പോഴാണെന്നും തന്നുവിന്റെ വാക്കുകൾ.

മുംബൈ ഫൊറസ് റോഡിൽ നിറയെ ഇങ്ങനെ സോപ്പുപെട്ടിപോലുള്ള ഫ്ലാറ്റുകളാണ്. ഉച്ചവരെ അലസത പുതച്ചു കിടക്കുന്ന ഇടം. പിന്നെ പൊടുന്നനെ അവിടം ഉണരും, കലപില ഉയരും. വൈകിട്ട് 5 മണിയാകുമ്പോഴേക്കും തിളങ്ങുന്ന വേഷങ്ങളും മുഖത്തു മേക്ക് അപ്പും അണിഞ്ഞ് ബാർ ഗേൾസ് ചന്നംപിന്നം വർത്തമാനം പറഞ്ഞും ചിരിച്ചും ബാറുകളിലേക്കു യാത്രയാകും.

ചിത്രം: Reuters

സഹോദരിയുടെ ഭർത്താവ് ഗർഭിണിയാക്കിയപ്പോൾ പകച്ചു നിന്ന പതിമൂന്നുകാരി ചാന്ദ്നിയെ ബാർ ഗേൾസ് അസോസിയേഷനിലെ ഒരംഗം സ്വന്തംവീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഗർഭഛിദ്രത്തിനു ശേഷം കടയിൽ സെയിൽസ് ഗേളായി കുറച്ചു കാലം. ഇരുപതാം വയസ്സിൽ ഡാൻസ് ബാറിലേക്ക്. നഴ്സ് ആകാൻ ആഗ്രഹിച്ചു മുംബൈയിലെത്തി തട്ടിപ്പിനിരയായതോടെ ഡാൻസ് ബാറിൽ കുടുങ്ങിപ്പോയതാണു സൽമ. ഇങ്ങനെ ആയിരക്കണക്കിനു പെൺകുട്ടികളുടെ ജീവിതങ്ങൾ കൂടിയാണു ഡാൻസ് ബാറുകൾ.

ഓഫിസുകളിലേതു പോലെ തൊണ്ണൂറുകളിൽ ബാർ ഗേൾസിനും ‘സ്ഥലം മാറ്റം’ വരെ ഉണ്ടായിരുന്നത്രേ. ബാറുകൾ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ നിശ്ചിത കാലത്തേക്കാണു കൈമാറ്റം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതിനു പുറമേ, നേപ്പാളിലും ബംഗ്ലദേശിലുംനിന്ന് ഒട്ടേറെ പെൺകുട്ടികൾ മുംബൈയിലെ ഡാൻസ് ബാറുകളിലേക്ക് എത്തിയ കാലമാണത്. ഇവിടെ നിന്നു ദുബായിലെ ഡാൻസ് ബാറുകളിലേക്കു ‘സ്ഥലം മാറ്റം’ കിട്ടിയവരുമുണ്ട്.

വിലക്കും കണ്ണീരും സമരവും സുപ്രീം കോടതി വിധിയും

ഡാൻസ് ബാ‍ർ ഇല്ലാതെ എന്തു മുംബൈ എന്ന രീതിയിൽ താരത്തിളക്കത്തോടെ മുന്നേറുന്നതിനിടയ്ക്കാണ് 2005ലെ അപ്രതീക്ഷിത വിലക്ക്. കുറ്റകൃത്യങ്ങൾക്കു കളമൊരുക്കുന്നവയാണു ഡാൻസ് ബാറുകളെന്നും അനാശാസ്യ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ നിരോധനം. ജോലിയും വരുമാനവും ഒറ്റയടിക്കു നിലച്ചത് 75,000 ബാർ ഗേൾസിനാണ്. കണക്കിൽപെട്ടാത്തവരെ കൂടി ഉൾപ്പെടുത്തിയാൽ ഒരുലക്ഷത്തോളം പേർ.

മുംബൈ ആസാദ് മൈതാനത്തു പ്രതിഷേധവുമായി തടിച്ചു കൂടിയ അവർ സർക്കാരിനോടു ചോദിച്ചു, ‘സിനിമകളിൽ അൽപവസ്ത്രമുടുത്ത് നടിമാർ ഐറ്റം ഡാൻസ് കളിക്കുന്നു. സർക്കാർ പരിപാടികളിൽ വരെ സെക്സി വേഷത്തിൽ ബോളിവുഡ് നടിമാർ ഡാൻസ് ചെയ്യുന്നു. ഞങ്ങൾ ജീവിക്കാനായി ഡാൻസ് ചെയ്യുന്നത് അനാശാസ്യമാകുന്നത് എങ്ങനെ?’ മൈതാനത്തു പലരും ഡാൻസ് കളിച്ചു തന്നെ പ്രതിഷേധിച്ചു. ചിലർ നിരാശയിൽ ജീവനൊടുക്കി. 2006ൽ സംസ്ഥാന സർക്കാർ നടപടി ബോംബെ ഹൈക്കോടതി തള്ളി. എങ്കിലും അപ്പീലുമായി സർക്കാർ മുന്നോട്ടു പോയി.

ഡാൻസ് ബാറുകളെല്ലാം അടച്ചു പൂട്ടാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ നർത്തകിമാർ മുംബൈയിൽ നടത്തിയ പ്രതിഷേധത്തിൽ മുദ്രാവാക്യം വിളിക്കുന്നു. 2005 മേയ് 3ലെ ചിത്രം: AFP PHOTO/Sebastian D'SOUZA

2013ൽ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. നിരോധനം നീക്കാനും ഡാൻസ് ബാർ ലൈസൻസ് പുനഃസ്ഥാപിക്കാനും ഉത്തരവിട്ടു. എന്നാൽ, പുതിയ നിയമഭേദഗതിയിലൂടെ മഹാരാഷ്ട്ര സർക്കാർ 2014ൽ വീണ്ടും വിലക്ക് പുനഃസ്ഥാപിച്ചു. ഭരണഘടനാ വിരുദ്ധം എന്ന നിരീക്ഷണത്തോടെ സുപ്രീം കോടതി ഇതും തള്ളി. തുടർന്ന് കർശന നിയന്ത്രണങ്ങളോടെ ഏതാനും ‍ഡാൻസ് ബാറുകൾ തുറക്കാമെന്ന സർക്കാർ നീക്കത്തിനെതിരെ വീണ്ടും നിയമ പോരാട്ടം. ഒടുവിൽ, 2019ൽ സുപ്രീം കോടതി തീർത്തു പറഞ്ഞു, അമിത നിയന്ത്രണങ്ങളോ നിരോധനമോ അനുവദിക്കാനാകില്ല. ചില നിയന്ത്രണങ്ങളോടെ ഡാൻസ് ബാറുകൾക്കു വീണ്ടും തുറക്കാം.

പക്ഷേ, അപ്പോഴേക്കും കോവിഡ് വന്നു, 16 വർഷം മുൻപത്തെ പ്രതാപ കാലത്തിലേക്ക് ഒറ്റയടിക്കു തിരിച്ചു പോകാൻ വെമ്പി നിന്ന ഡാൻസ് ബാറുകൾക്കു തിരിച്ചടിയായി. വിലക്ക് നീക്കാനുള്ള നീക്കങ്ങളിലേക്കു സർക്കാർ കടന്നതുമില്ല. എന്നാൽ, ഡാൻസ് ബാറുകൾ പൂർണമായി നിലച്ചെന്നു കരുതരുത്. തുടർച്ചയായ റെയ്ഡുകളും നിയമനടപടികളും തുടർന്ന 2010 വരെയുള്ള കാലത്തു പോലും അണ്ടർ ഗ്രൗണ്ടിൽ ചില ഡാൻസ് ബാറുകൾ നൃത്ത രാവുകളുമായി കസ്റ്റമർമാരെ സ്വാഗതം ചെയ്തു.

ലൈവ് ഓർക്കസ്ട്ര എന്ന പേരിന്റെ മറവിലായിരുന്നു പ്രവർത്തനം. ഡാൻസ് ബാറിലെത്തുന്നവർക്കു രഹസ്യകോഡും ടോക്കണും കൈമാറിയിട്ടുണ്ടാകും. ഇവർ ലൈവ് ഓർക്കസ്ട്ര നടക്കുന്ന ഹാളിൽ പാട്ടും ഉപകരണ സംഗീതവും കേൾക്കുന്നതിനിടെ, ഭിത്തിയെന്നു തോന്നിക്കുന്ന രീതിയിൽ കെട്ടിമറച്ചിട്ടുള്ള ഭാഗം തുറന്ന് രഹസ്യമുറിയിലേക്കു കൊണ്ടുപോകും. അവിടെയാണു ഡാൻസ് ബാർ. പൊലീസുകാർക്കു കനത്ത ‘കിമ്പളം’ കൊടുത്തായിരുന്നു പ്രവർത്തനം. പെൺകുട്ടികളെ കൊണ്ടു വരുന്നതും തിരികെ വിടുന്നതും ‘റിസ്ക്’ ആയതിനാൽ പലരെയും ഇതുപോലുള്ള രഹസ്യമുറികളിൽ തന്നെ താമസിപ്പിച്ചു.

2013 ആയപ്പോഴേക്കും വിലക്ക് നീങ്ങിയില്ലെങ്കിലും നിയന്ത്രണങ്ങൾ അയഞ്ഞതോടെ അണ്ടർ ഗ്രൗണ്ട് ഡാൻസ് ബാറുകൾ കൂടുതൽ സജീവമായി. ഏകദേശം 20,000 പെൺകുട്ടികൾ വീണ്ടും ബാർ നൃത്തത്തിലേക്കു രഹസ്യമായെത്തി. എന്നാൽ പഴയതുപോലെ വരുമാനം ഇല്ലാത്തതും ‘ഒളിവുജീവിതവും’ അവരിൽ പലരെയും ഉലച്ചുകളഞ്ഞു. കഴിഞ്ഞ ദിവസം ദീപ ബാറിലെ ചുമർ തുരന്നുണ്ടായ രഹസ്യ ഇടനാഴിക്കപ്പുറമുള്ള എസി മുറിയിൽ ഇങ്ങനെ ഒളിവിൽ കഴിഞ്ഞവരെയാണു പൊലീസ് പിടികൂടിയത്.

മുംബൈയിലെ ദീപ ബാർ. ഇവിടെനിന്നാണ് 17 പെൺകുട്ടികളെ രക്ഷിച്ചത്.

പൊലീസ് എത്തുമ്പോൾ അറിയിക്കാനായി ബാറിന്റെ മുൻ മുറിയിൽ അലാം ഉണ്ട്. അത് മുഴങ്ങിയാലുടൻ ചുമരിലെ കണ്ണാടി നീക്കി ഇടനാഴിയിലൂടെ പെൺകുട്ടികൾ രഹസ്യമുറിയിലേക്കു മാറും. പൊലീസെത്തി പലയിടത്തും പരിശോധിച്ചിട്ടും പെൺകുട്ടികളെ കണ്ടെത്താനായില്ല. വലിയ കണ്ണാടി കണ്ടു സംശയം തോന്നി അതു പൊട്ടിച്ചപ്പോഴാണു ഗുഹയ്ക്കുള്ളിലെന്നവണ്ണം കഴിയുന്ന പെൺകുട്ടികളെ കണ്ടത്.

വഴിയടയ്ക്കരുത്, മറ്റൊരു‌ വഴി തുറക്കാതെ

ഡാൻസ് ബാറുകൾ മുംബൈയിൽ മാത്രമല്ല. ഡൽഹിയിലും ഹൈദരാബാദിലും കൊൽക്കത്തയിലും ചെന്നൈയിലും ബെംഗളൂരുവിലും ഇങ്ങു കൊച്ചിയിലും വരെയുണ്ട്. ഡാൻസ് ബാറുകളുടെ മറവിൽ മനുഷ്യക്കടത്തും അധോലോക ഇടപാടുകളും ഗുണ്ടാത്തല്ലും ലഹരി വിൽപനയുമെല്ലാം നടക്കുന്നുമുണ്ട്. കോവി‍ഡ് കാലത്തെ സകല നിയന്ത്രണങ്ങളും തെറ്റിച്ചു പോലും ഡാൻസ് ബാറുകൾ പ്രവർത്തിച്ചു. അറസ്റ്റും പെൺകുട്ടികളെ ജയിലിൽ അടയ്ക്കലുമെല്ലാം എല്ലായിടത്തും മുടങ്ങാതെ നടക്കുന്നു. പക്ഷേ, ഒരിടത്തു പോലും ഡാൻസ് ബാറുകൾക്കു പിന്നിലുള്ള യഥാർഥ ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ആരും ശ്രമിക്കുന്നില്ല.

ഓരോ അറസ്റ്റ് കഴിയുമ്പോഴും മറ്റൊരിടത്ത് അനധികൃതമായി ഡാൻസ് ബാർ തുറക്കും. പിടിയിലാകുന്ന പെൺകുട്ടികളുടെ ഭാവി ആരുടെയും വിഷയമല്ല. അവരുടെ പുനരധിവാസം അധികാരികളുടെ വിദൂര ചിന്തകളിൽ പോലുമില്ല. ബാർ ഡാൻസർമാരിൽ കോടീശ്വരികളായ ചിലരുടെ കഥകൾ കേട്ടിട്ടുണ്ട്. ക്രിക്കറ്റ് വാതുവയ്പുകളിൽ വരെ മുഖ്യകണ്ണിയാകുന്നവർ. തരന്നും എന്ന കോടീശ്വരിയായ ബാർ ഡാൻസറുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളും വാർത്തയായിരുന്നു. പക്ഷേ, ഇവരെപ്പോലുള്ളവർ വിരലിൽ എണ്ണാവുന്നവരേയുള്ളൂ.

ഡാൻസ് ബാറുകൾ തുറക്കാനുള്ള സുപ്രീം കോടതി തീരുമാനത്തെത്തുടർന്ന് വാർത്താ സമ്മേളനം നടത്തുന്ന നര്‍ത്തകിമാർ. 2019 ജനുവരി 17ലെ ചിത്രം: Indranil MUKHERJEE / AFP

മറുവശത്ത്, ബാറിലെ ഡാൻസിലൂടെ വയറുനിറയ്ക്കാനും മക്കളെ വളർത്താനും വീടു നോക്കാനും പാടുപെടുന്ന പതിനായിരങ്ങളാണ്. അവരാണു ഡാൻസ് ബാറുകളുടെ യഥാർഥ മുഖം. പൊടുന്നനെ വന്നുവീണ നിരോധനത്തിൽ പക്ഷേ ആ ജീവിതങ്ങൾ നിലച്ചുപോയി. മുംബൈയിൽ ഒരു ലക്ഷത്തോളം സ്ത്രീകൾ മുന്നോട്ടെങ്ങനെ ജീവിക്കുമെന്നറിയാതെ പ്രതിഷേധനൃത്തം ചവിട്ടിയപ്പോൾ കാണാനോ കേൾക്കാനോ ആരുമെത്തിയില്ല. ചിലർ കടകളിൽ സെയിൽസ് ഗേൾസ് ആയി ജോലി തേടി. എന്നാൽ, ബാർ ഡാൻസറായിരുന്ന ഇന്നലെകളെക്കുറിച്ചറിഞ്ഞപ്പോൾ സഹപ്രവർത്തകർ മോശമായി പെരുമാറാൻ തുടങ്ങിയെന്നു പലരും പറയുന്നു.

ബാറിൽ ഡാൻസ് ചെയ്യുന്നവരെല്ലാം മോശക്കാരാണെന്ന മുൻവിധിയോടെയായിരുന്നു സമൂഹത്തിന്റെ നോട്ടമെന്ന് അവരുടെ ഇടനെഞ്ച് വിങ്ങി. ബാറായിരുന്നല്ലോ ഇതിലും സുരക്ഷിതമെന്നവർ പതം പറഞ്ഞു. ചിലരാകട്ടെ, വഴിയോരക്കച്ചവടത്തിനും വീട്ടുജോലിക്കും പോയിത്തുടങ്ങി. കുറച്ചുപേർ ദുബായിലെ ഡാൻസ് ബാറുകളിലേക്കു ചേക്കേറി. കൂടുതൽ പേർക്കും പക്ഷേ, ജോലിയായില്ല. വീടു പട്ടിണിയായപ്പോൾ അവരിലേറെയും ചുവന്ന തെരുവിലേക്കിറങ്ങി. ശരീരത്തിനു വില പറഞ്ഞെത്തുന്നവരെ ആശ്രയിക്കേണ്ടി വന്ന അവരുടെ ഗതികേട് എവിടെയും ചർച്ചയായില്ല.

ഡാൻസ് ബാർ നിർത്തിയാൽ കുറ്റകൃത്യം കുറയുമെന്ന് ആക്രോശിച്ചവർ ഇപ്പോഴും കുത്തനെ മുകളിലേക്കുയരുന്ന കുറ്റങ്ങളുടെ ഗ്രാഫിനെക്കുറിച്ചു മിണ്ടുന്നില്ല. ബാർ നർത്തകിമാർക്കു പുതിയ ജോലി കണ്ടെത്തി നൽകിയതിനു ശേഷം, സ്വയം തൊഴിലിനു മാർഗങ്ങൾ ഒരുക്കിയ ശേഷം, സാമ്പത്തിക സഹായം കൈമാറിയതിനു ശേഷം – അതിനൊക്കെ ശേഷമായിരുന്നില്ലേ നിരോധനം വരേണ്ടിയിരുന്നത്? ചെന്നൈയിൽ വ്യാഴാഴ്ച കാബറെ നടത്തുന്ന ക്ലബുകളും റസ്റ്ററന്റുകളും പൂട്ടാൻ അടുത്തിടെ ഹൈക്കോടതി ഉത്തരവിട്ടു. അവരും ജീവിതത്തിന് ഇനി പല വഴി തേടേണ്ടി വരും; ആരും സഹായിക്കാൻ ഉണ്ടാകില്ല. എല്ലാ വഴികളുമടച്ച ശേഷം രക്ഷപ്പെടാൻ പറയുന്നതുപോലെ ക്രൂരമെന്തുണ്ട്?

English Summary: The History of Mumbai's Money-spinning Dance Bars and the Sad Life of Dancers