'ഇനി തിരഞ്ഞെടുപ്പിലോ പ്രകടനത്തിലോ ധർണയിലോ പൊതുസമ്മേളനങ്ങളിലോ രാഷ്ട്രീയ പ്രസംഗം നടത്താനും പ്രവർത്തിക്കാനും ഉണ്ടാകില്ല. അതിനായൊന്നും ആരോഗ്യം അനുവദിക്കുന്നില്ല. പക്ഷേ, കെ റെയിൽ വിരുദ്ധ സമരത്തിനടക്കം പാർട്ടിക്കായി മാർഗനിർദേശം നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ സജീവമായുണ്ടാകും. E Sreedharan, E Sreedharan News, E Sreedharan Metro Man, E Sreedharan BJP

'ഇനി തിരഞ്ഞെടുപ്പിലോ പ്രകടനത്തിലോ ധർണയിലോ പൊതുസമ്മേളനങ്ങളിലോ രാഷ്ട്രീയ പ്രസംഗം നടത്താനും പ്രവർത്തിക്കാനും ഉണ്ടാകില്ല. അതിനായൊന്നും ആരോഗ്യം അനുവദിക്കുന്നില്ല. പക്ഷേ, കെ റെയിൽ വിരുദ്ധ സമരത്തിനടക്കം പാർട്ടിക്കായി മാർഗനിർദേശം നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ സജീവമായുണ്ടാകും. E Sreedharan, E Sreedharan News, E Sreedharan Metro Man, E Sreedharan BJP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ഇനി തിരഞ്ഞെടുപ്പിലോ പ്രകടനത്തിലോ ധർണയിലോ പൊതുസമ്മേളനങ്ങളിലോ രാഷ്ട്രീയ പ്രസംഗം നടത്താനും പ്രവർത്തിക്കാനും ഉണ്ടാകില്ല. അതിനായൊന്നും ആരോഗ്യം അനുവദിക്കുന്നില്ല. പക്ഷേ, കെ റെയിൽ വിരുദ്ധ സമരത്തിനടക്കം പാർട്ടിക്കായി മാർഗനിർദേശം നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ സജീവമായുണ്ടാകും. E Sreedharan, E Sreedharan News, E Sreedharan Metro Man, E Sreedharan BJP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രാഷ്ട്രീയം ഉപേക്ഷിച്ചുവെന്നതു മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ഇ.ശ്രീധരൻ. ‘രാഷ്ട്രീയം ഉപേക്ഷിച്ചുവെന്നല്ല പറഞ്ഞത്. സജീവമായി പ്രത്യക്ഷ രാഷ്ട്രീയത്തിൽ ഉണ്ടാവില്ലെന്നാണ് ഉദ്ദേശിച്ചത്. ഇനി തിരഞ്ഞെടുപ്പിലോ പ്രകടനത്തിലോ ധർണയിലോ പൊതുസമ്മേളനങ്ങളിലോ രാഷ്ട്രീയ പ്രസംഗം നടത്താനും പ്രവർത്തിക്കാനും ഉണ്ടാകില്ല. അതാണുദ്ദേശിച്ചത്. അതിനായൊന്നും ആരോഗ്യം അനുവദിക്കുന്നില്ല. 

പക്ഷേ, കെ റെയിൽ വിരുദ്ധ സമരത്തിനടക്കം പാർട്ടിക്കായി മാർഗനിർദേശം നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ സജീവമായുണ്ടാകും. അക്കാര്യം പറഞ്ഞപ്പോൾ രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന മട്ടിൽ പ്രചരിക്കുകയായിരുന്നു. ഞാൻ ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമാണിപ്പോൾ. ആ സ്ഥാനത്തു തുടരും. ബിജെപി പ്രവർത്തകനായി ഇനിയും പ്രതികരിക്കുകയും ചെയ്യും’– ഇ.ശ്രീധരൻ പറഞ്ഞു.

ADVERTISEMENT

അതിവേഗ റെയിൽ പോലൊരു പദ്ധതി കേരളത്തിൽ വരുന്നതിനെ എതിർക്കുകയല്ല ചെയ്യുന്നത്. തിടുക്കപ്പെട്ട് ഒട്ടും പ്രായോഗികമല്ലാത്ത വഴിയിലൂടെ കേരളത്തിന്റെ സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക സാഹചര്യങ്ങൾക്ക് ഇണങ്ങാത്ത മട്ടിൽ കെ റെയിൽ പദ്ധതി വിഭാവനം ചെയ്യുന്നതിനെയാണ് എതിർക്കുന്നത്. അത് എതിർക്കുക തന്നെ ചെയ്യും– ശ്രീധരൻ കൂട്ടിച്ചേർത്തു.

‘പാർട്ടിക്കു ലഭിക്കുന്ന കമ്മിഷനിലാണ് സിപിഎം കണ്ണ്’

സെമി ഹൈസ്പീഡ് റെയിലിനു വേണ്ടി വിശദമായ പദ്ധതി രേഖയുണ്ടാക്കാൻ സിസ്ട്ര കമ്പനിയെ സമീപിച്ചതിൽ തെറ്റൊന്നുമില്ല. ഫ്രഞ്ച് സാങ്കേതിക വിദഗ്ധർ ഉൾപ്പെട്ട സിസ്ട്ര കമ്പനിയെ ഡിഎംആർസി ഡൽഹി മെട്രോയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. കെ റെയിലിനായി ഡിപിആർ (Detailed Project Report) തയാറാക്കിയ സിസ്ട്ര ഇന്ത്യ കമ്പനിയിൽ ഒരൊറ്റ ഫ്രഞ്ച് സാങ്കേതിക വിദഗ്ധനും ഉണ്ടായിരുന്നില്ല. ഡിപിആർ തയാറാക്കിയ സംഘത്തിന്റെ തലവനായിരുന്ന റെയിൽവേ റിട്ട. ചീഫ് എൻജിനീയർ അലോക് കുമാർ വർമ തന്നെ ഇക്കാര്യത്തിലെ വീഴ്ചകൾ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. 

റെയിൽവേ റിട്ട. ചീഫ് എൻജിനീയർ അലോക് കുമാർ വർമ. ചിത്രം: ട്വിറ്റർ

ഇതൊരു പദ്ധതിയായി മാറിയാൽ അതുവഴി പാർട്ടിക്കു ലഭിക്കുന്ന കമ്മിഷനിലും പാർട്ടി ബന്ധുക്കൾക്കു ലഭിക്കുന്ന തൊഴിലവസരത്തിലുമാണു സർക്കാരിന്റെ കണ്ണ്. ഇത് അനുവദിക്കുക വയ്യ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ചയ്ക്കു വന്നിരുന്നു. രാഷ്ട്രീയമായി വികസന വിരുദ്ധർ എന്നു മറ്റുള്ളവരെ വിശേഷിപ്പിക്കുന്ന പിണറായി സർക്കാരിന്റെ ശ്രമം മനുഷ്യസ്നേഹികളായ ഒരു ഭരണകൂടത്തിനു ചേർന്നതല്ല. ഇക്കാര്യത്തിൽ ബിജെപിയുടെ സമരപ്പോരാട്ടങ്ങൾക്ക് ആവശ്യമായ മാർഗനിർദേശം നൽകി പാർട്ടിക്കൊപ്പമുണ്ടാകുമെന്നും ശ്രീധരൻ വ്യക്തമാക്കി. 

ADVERTISEMENT

5 ചോദ്യങ്ങൾ

രാഷ്ട്രീയമായി കേരള സർക്കാരിന്റെ അഞ്ചു വീഴ്ചകളെ ജനമധ്യത്തിൽ ചോദ്യം ചെയ്യുകയാവും ഇനിയുള്ള നാളുകളിലെ ശ്രമം. ഈ ഉദ്യമത്തിന് പാർട്ടിയുടെ പിന്തുണ കൂടി ലഭിച്ചിട്ടുണ്ട്. എന്റെ പ്രതികരണങ്ങൾ ഈ അഞ്ചു കാര്യങ്ങളിൽ സർക്കാരിന്റെ പിടിപ്പുകേട് തുറന്നുകാട്ടുന്നതിനാവും.

ഒന്ന്: കേരളത്തിന്റെ കടബാധ്യത നാൾക്കുനാൾ കൂടിവരികയാണ്. ഇതിനൊരവസാനവുമില്ല. കെ റെയിൽ പോലുള്ള പദ്ധതികളുടെ പേരിൽ ഇനിയും കടബാധ്യതയുടെ ഭാരം കൂട്ടാനുള്ള തത്രപ്പാടിലാണു സർക്കാർ. കടം പെരുകി പെൻഷനും ശമ്പളം പോലും കൊടുക്കാനില്ലാതെ കഷ്ടപ്പെട്ട് ബാധ്യത മുഴുവൻ അടുത്ത സർക്കാരിലേക്കു കൈമാറുന്ന സമീപനം അവസാനിപ്പിക്കേണ്ടതുണ്ട്. കടം വാങ്ങുന്നതിലെ ചതിക്കുഴികളും കെണികളും കൃത്യമായ ഡേറ്റയടക്കം ശേഖരിച്ചു ജനശ്രദ്ധയിൽ കൊണ്ടു വരികയാണ് ഇനിയുള്ള കാലത്തെ പ്രധാന ശ്രമം. 

മുഖ്യമന്ത്രി പിണറായി വിജയൻ (ഇടത്). വിയറ്റ്നാമിലെ ബുള്ളറ്റ് ട്രെയിൻ (വലത്). Manorama Image Creative/AFP

രണ്ട്: നിലവിൽ വലിയ പദ്ധതികൾ എന്ന മട്ടിൽ കൊട്ടിഘോഷിച്ചു തുടരുന്നതു പലതും കേരളത്തിന് ഉതകുന്നതേയല്ല. കോടികൾ മുടക്കി വലിയ ലാഭകരമല്ലാത്ത പദ്ധതികൾ കേരളീയരുടെ തലയിൽ കെട്ടിവയ്ക്കുകയാണ് ഈ സർക്കാർ. ഉൾനാടൻ ജലഗതാഗത പദ്ധതി ഇതിനൊരു പ്രത്യക്ഷോദാഹരണമാണ്. കോവളം മുതൽ കാസർകോട് വരെ നീളുന്ന ജലഗതാഗത പദ്ധതിയാണിത്. ഏകദേശം 25,000 കോടിയോളം മുതൽമുടക്കു വരുന്ന പദ്ധതിയുടെ പ്രയോജനം ആർക്കാണ്? 

ADVERTISEMENT

കനോലി കനാൽ വീതി കൂട്ടി ചരക്കു ഗതാഗതത്തിനും യാത്രയ്ക്കും ടൂറിസം വികസനത്തിനും പദ്ധതി പ്രയോജനപ്പെടുത്തുമെന്ന വാക്കുകളൊക്കെ ആരെ പറ്റിക്കാനാണ്? 20–25 കിലോമീറ്റർ സ്പീഡിൽ ടൂറിസ്റ്റുകൾ കനാലിലൂടെ യാത്ര ചെയ്യാൻ വരുമെന്നാണോ?. ഇത്ര ചുരുങ്ങിയ വേഗത്തിൽ ചരക്കുനീക്കാൻ ആർക്കാവും താൽപര്യം? വേഗത്തിൽ ചരക്കു നീക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് ഒച്ചിഴയും വേഗത്തിലുള്ള ചരക്കുഗതാഗതത്തെ ആർക്കാണാവശ്യം. പ്രായോഗിക ചിന്തയിൽ പതിറ്റാണ്ടുകൾ പിന്നിലേക്കെന്ന പോലെയാണ് ഈ സർക്കാരിന്റെ ഓരോ നീക്കവും. 

കനോലി കനാൽ. ചിത്രത്തിന് കടപ്പാട്: Vengolis/Ceative Commons/Wikipedia

ശബരിമല വിമാനത്താവളം ഇതുപോലെ മറ്റൊരു വലിയ തട്ടിപ്പാണ്. ഇതിലും ബിസിനസ് കണ്ണാണു സർക്കാരിനുള്ളത്. കേരളത്തിൽ ഇപ്പോൾ തന്നെ നാല് വിമാനത്താവളങ്ങളുണ്ട്. സ്വകാര്യവ്യക്തിയുടെ ഭൂമി ശബരിമലയുടെ പേരിൽ വികസനം പറഞ്ഞു വിലയ്ക്കെടുത്തുപയോഗിക്കുക. നഷ്ടപരിഹാരമായി സ്വകാര്യ എസ്റ്റേറ്റിനു വലിയ തുക നൽകുന്നതിൽ കമ്മിഷൻ പറ്റുക തുടങ്ങിയ പരിപാടികളാണ് വികസനത്തിന്റെ പേരും പറഞ്ഞു ചെയ്യാൻ പോകുന്നത്. 

ശബരിമല വിമാനത്താവളം എന്നു പേരേയുള്ളൂ. അതു ശബരിമലയിൽനിന്നു വളരെ അകലെയാണുതാനും. ഇതെല്ലാം കേരളീയർ തിരിച്ചറിയണം. ശബരി റെയിൽ പദ്ധതിയും ഇതുപോലെ അശാസ്ത്രീയമായ പദ്ധതിയാണ്. കുന്നുകളും പാടങ്ങളും നികത്തി ഒരു റെയിൽവേ ലൈൻ ഈ ആവശ്യത്തിലേക്ക് പ്രയോജനകരമല്ല. വിചാരിച്ച അത്ര ഗുണവുമുണ്ടാകില്ല. ആർക്കും വലിയ ഉപകാരമില്ലാത്ത ഈ പദ്ധതിക്കു വേണ്ടി സ്ഥലമേറ്റെടുത്ത പ്രദേശങ്ങളിൽ നാട്ടുകാർ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി നിൽക്കുകയാണ്. അതിനുത്തരവാദി സംസ്ഥാന സർക്കാരാണ്. 

മൂന്ന്: ആരാധനാലയങ്ങളെ പിടിച്ചടക്കുക എന്ന അജണ്ട കേരളത്തിൽ ഈയിടെയായി കാര്യക്ഷമമായി നടക്കുകയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ തുടങ്ങിയ പരിപാടിയാണിത്. പാർട്ടി അധീനതയിലേക്കു ക്ഷേത്രങ്ങളെയും പള്ളികളെയും ഉൾച്ചേർക്കാനുള്ള ശ്രമം. വഖഫ് വിഷയത്തിൽ സിപിഎമ്മും സർക്കാരും എടുത്ത തീരുമാനം ഇപ്പോൾ തെരുവിലെത്തിയിരിക്കുകയാണ്.മുസ്‌ലിം സമുദായത്തിൽ ഒട്ടേറെ സംഘടനകൾ എതിർപ്പുമായി രംഗത്തുണ്ട്. പല ക്ഷേത്രങ്ങളിലും നിരീശ്വരവാദികളാണു കാര്യകർമികൾ. ഇതെല്ലാം സിപിഎമ്മിന്റെയും ഈ സർക്കാരിന്റെയും അജണ്ടയുടെ ഭാഗമാണ്. ഇത് എതിർക്കപ്പെടേണ്ടതാണ്. 

നാല്: കേരളത്തിനൊരു വലിയ വിദ്യാഭ്യാസ സംസ്കാരമുണ്ടായിരുന്നു. പുകൾപെറ്റ അധ്യാപകരും വിദ്യാലയങ്ങളുമുള്ള സംസ്ഥാനത്തിന്റെ വിദ്യാഭ്യസ രംഗം തീരെ കുത്തഴിഞ്ഞ മട്ടിലാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം പോലും ഈ രംഗത്തെ മൂല്യച്യുതിയുടെ ദൃഷ്ടാന്തമാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ ഈയിടെ എല്ലാ കോഴ്സുകളിലും പ്രവേശനം കേരളത്തിൽ നിന്നുള്ള കുട്ടികൾക്കായപ്പോൾ ഒരു പരിശോധന നടത്തി. 

കേരളത്തിൽനിന്നുള്ള കുട്ടികൾക്കെല്ലാം 99 ശതമാനം മാർക്കാണു ലഭിച്ചിരിക്കുന്നത്. ഇക്കാര്യം അന്വേഷിക്കാൻ ഡൽഹി  യൂണിവേഴ്സിറ്റി ഒരു അന്വേഷണ കമ്മിഷനെ വച്ചിരിക്കുകയാണ്. അതിന്റെ റിപ്പോർട്ട് കൂടി പുറത്തു വരുന്നതോടെ കേരളത്തിലെ വിദ്യാർഥികൾക്ക് അവിടെ പ്രവേശനം ലഭിക്കാനാവാത്ത സാഹചര്യത്തിനാണു സാധ്യത. ഇങ്ങനെ വിദ്യാഭ്യാസ രംഗം മൂല്യം നഷ്ടപ്പെട്ട അവസ്ഥയിലാക്കിയിരിക്കുന്നു. ഇതു തുറന്നു കാണിക്കും. ചോദ്യം ചെയ്യപ്പെടേണ്ടതു ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. 

ഡൽഹി സർവകലാശാലയിലെ രാംജാസ് കോളജിലെ അവസാനവർഷ വിദ്യാർഥികൾ. ചിത്രം: PTI/Shahbaz Khan

അഞ്ച്: നിലവിലുള്ള കേരളത്തിലെ റെയിൽവേ ലൈൻ ശേഷി വർധിപ്പിക്കേണ്ടതാണ് അടിയന്തരമായി ആവശ്യമായ വികസന പ്രവർത്തനം. വെറും 8000 കോടി രൂപയുണ്ടെങ്കിൽ കേരളത്തിൽ വണ്ടികളുടെ എണ്ണം ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടിയാക്കാം. ചെങ്ങന്നൂർ– തിരുവനന്തപുരം സബർബൻ ട്രെയിൻ പദ്ധതിക്കായി എല്ലാ നിർദേശവും സർക്കാരിന്റെ പക്കലുണ്ട്. ഡിഎംആർസി ഈ പദ്ധതിക്കായി പഠനം നടത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചതായിരുന്നു. പക്ഷേ, സർക്കാർ ഇതിലൊരു നിലപാടും പറയുന്നില്ല. ഗുരുവായൂർ– തിരുനാവായ പദ്ധതി, നഞ്ചൻകോട് റെയിൽവേ പദ്ധതി തുടങ്ങിയ ജനപ്രിയ പദ്ധതികളെ തകിടം മറിച്ച് ജനദ്രോഹ പദ്ധതികളെ വികസന പദ്ധതികളാക്കി കേരളത്തിൽ അവതരിപ്പിക്കുന്നതിലെ പൊള്ളത്തരങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാട്ടുക തന്നെ ചെയ്യും. 

കെ റെയിൽ പദ്ധതിക്കായി കടം വാങ്ങിയാൽ കേരളം മുടിയുമെന്നുറപ്പാണ്. കൃത്യമായ പഠനവും വ്യക്തമായ നിലപാടും ലക്ഷ്യവുമില്ലാതെ ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകരുതെന്നാണ് വീണ്ടും വീണ്ടും ആവശ്യപ്പെടാനുള്ളത്. ഡോക്ടർമാർക്കു പോലും അലവൻസ് കൊടുക്കാനില്ലാത്ത നേരത്ത് 64,000 കോടി രൂപയുടെ പദ്ധതി കേരളത്തിൽ കൊണ്ടു വരുമെന്നു പറയുന്നതിലെ താളപ്പിഴ ചൂണ്ടിക്കാട്ടുന്നവരെ വികസന വിരോധികൾ എന്നു മുദ്ര കുത്തുന്നതു ശരിയല്ലെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി. 

English Summary: Metroman E.Sreedharan not to Quit Active Politics; Exclusive Interview