മരണം ജീവിതത്തിലെ ഏറ്റവും ഉറപ്പുള്ള സത്യമായതിനാൽ നേരത്തേതന്നെ ഉടുപ്പും പെട്ടിയുമൊരുക്കി, വഴിയൊരുക്കി, ശാന്തമായി കാത്തിരിക്കുന്നവരുണ്ട്. അവരുടെ മനോബലം, മരണാനന്തരവും മിന്നിത്തിളങ്ങുന്നതുകാണാം. ഇന്ദ്രധനുസ്സിന്‍ തൂവല്‍പൊഴിയും തീരം നോക്കിയിരിക്കുന്നവർ...! PT Thomas News

മരണം ജീവിതത്തിലെ ഏറ്റവും ഉറപ്പുള്ള സത്യമായതിനാൽ നേരത്തേതന്നെ ഉടുപ്പും പെട്ടിയുമൊരുക്കി, വഴിയൊരുക്കി, ശാന്തമായി കാത്തിരിക്കുന്നവരുണ്ട്. അവരുടെ മനോബലം, മരണാനന്തരവും മിന്നിത്തിളങ്ങുന്നതുകാണാം. ഇന്ദ്രധനുസ്സിന്‍ തൂവല്‍പൊഴിയും തീരം നോക്കിയിരിക്കുന്നവർ...! PT Thomas News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരണം ജീവിതത്തിലെ ഏറ്റവും ഉറപ്പുള്ള സത്യമായതിനാൽ നേരത്തേതന്നെ ഉടുപ്പും പെട്ടിയുമൊരുക്കി, വഴിയൊരുക്കി, ശാന്തമായി കാത്തിരിക്കുന്നവരുണ്ട്. അവരുടെ മനോബലം, മരണാനന്തരവും മിന്നിത്തിളങ്ങുന്നതുകാണാം. ഇന്ദ്രധനുസ്സിന്‍ തൂവല്‍പൊഴിയും തീരം നോക്കിയിരിക്കുന്നവർ...! PT Thomas News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂ കൊഴിഞ്ഞാലും പൂമണം ബാക്കിയാകുന്നതു പോലെ, പ്രാണൻ പോയാലും സുഗന്ധം പരത്തുന്നവർ. ചില മനുഷ്യർ അങ്ങനെയാണ്; ജീവിതവും മരണവും ഉത്സവമാക്കും. മറ്റുള്ളവരുടെ ഓർമകളിൽ പൂക്കാലം വിരിയിച്ചുകൊണ്ടിരിക്കും. ‘അയ്യോ, മരിച്ചുപോയല്ലോ’ എന്നു ജീവിച്ചിരിക്കുന്നവരെ സങ്കടപ്പെടുത്തും. അല്ലെങ്കിൽത്തന്നെ കൊതിതീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരാരുണ്ട് എന്ന് നമ്മൾ ആശ്വാസപ്പെടും. മരണം ജീവിതത്തിലെ ഏറ്റവും ഉറപ്പുള്ള സത്യമായതിനാൽ നേരത്തേതന്നെ ഉടുപ്പും പെട്ടിയുമൊരുക്കി, വഴിയൊരുക്കി, ശാന്തമായി കാത്തിരിക്കുന്നവരുണ്ട്. അവരുടെ മനോബലം, മരണാനന്തരവും മിന്നിത്തിളങ്ങുന്നതുകാണാം. ഇന്ദ്രധനുസ്സിന്‍ തൂവല്‍പൊഴിയും തീരം നോക്കിയിരിക്കുന്നവർ...!

‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ എന്ന പാട്ട് കേട്ടുകേട്ട് കഴിഞ്ഞദിവസം ഇഹലോകത്തുനിന്നു യാത്രയായ പി.ടി.തോമസ് എന്ന രാഷ്ട്രീയ നേതാവാണ് അന്ത്യാഭിലാഷങ്ങളും യാത്രാമൊഴിയും എന്ന ചിന്ത വീണ്ടും മലയാളിയുടെ മനസ്സിലേക്കിട്ടത്. കെപിസിസി വർക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎൽഎയുമായ പി.ടി.തോമസ് (71) മരണാനന്തരം ചെയ്യേണ്ട കാര്യങ്ങൾ ഒരു മാസം മുൻപേ സുഹൃത്തിനെ അറിയിച്ചു രേഖപ്പെടുത്തിവച്ചിരുന്നു. കണ്ണുകൾ ദാനം ചെയ്യണം, മൃതദേഹം കൊച്ചി രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണം, ചിതാഭസ്മം ഉപ്പുതോട്ടിൽ അമ്മയുടെ കുഴിമാടത്തിൽ ഇടണം, മൃതദേഹത്തിൽ പൂക്കളോ പുഷ്പചക്രമോ പാടില്ല, അന്ത്യോപചാര സമയത്ത് വയലാറിന്റെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന പാട്ട് മൃദുവായ ശബ്ദത്തിൽ കേൾപ്പിക്കണം എന്നിവയായിരുന്നു നിർദേശങ്ങൾ.

ADVERTISEMENT

ആത്മസുഹൃത്തും കെഎസ്‌സി മുൻ സംസ്ഥാന പ്രസിഡന്റുമായ ഡിജോ കാപ്പനെ ഫോണിൽ വിളിച്ചു നവംബർ 22 നാണ് തോമസ് അന്ത്യാഭിലാഷം രേഖപ്പെടുത്തിയത്. ‘ഉമ (ഭാര്യ) പുറത്തു പോയിരിക്കുകയാണ്. അതാണ് ഞാൻ വിളിച്ചത്. അടുത്ത് ആരെങ്കിലും ഉണ്ടോ’ എന്ന മുഖവുരയോടെയായിരുന്നു സംസാരം. പേനയും കടലാസും എടുക്കാൻ പറഞ്ഞു. ‘പേടി കൊണ്ടൊന്നുമല്ല, നമ്മൾ എന്നാണെങ്കിലും പോകേണ്ടവരല്ലേ, ആരെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ അറിയേണ്ടേ...’ എന്നു പറഞ്ഞ് 5 ആഗ്രഹങ്ങളും അറിയിച്ചു. എഴുതിയത് വായിച്ചു കേൾപ്പിക്കുകയും ചെയ്തു. തൽക്കാലം ആരോടും പറയേണ്ടെന്നും മരണശേഷം ഉമയെ അറിയിച്ചാൽ മതിയെന്നും നിർദേശിച്ചു. അപ്രതീക്ഷിത വിയോഗ വാർത്തയ്ക്കു പിന്നാലെ പി.ടിയുടെ അന്ത്യാഭിലാഷവും ജനമറിഞ്ഞു.

പി.ടി.തോമസ്.

കോൺഗ്രസുകാരനായ പി.ടി.തോമസിന്റെ ജീവിതംപോലെ വ്യത്യസ്തമായിരുന്നു അദ്ദേഹം തിരഞ്ഞെടുത്ത മരണാനന്തര കർമങ്ങളുമെന്നു സാഹിത്യകാരൻ സക്കറിയയുടെ നിരീക്ഷണം. ‘ഭൂരിപക്ഷമാളുകളും ഭയപ്പെട്ടോടുന്ന മരണാനന്തര കർമങ്ങളിൽപോലും ഒരു രാഷ്ട്രീയപ്രവർത്തകനു മതനിരപേക്ഷമായ ഉറച്ച നിലപാടു സ്വീകരിക്കാൻ കഴിയുമെന്നു തോമസ് കാണിച്ചുതന്നു. തോമസിന്റെ രാഷ്ട്രീയാദർശങ്ങളും വ്യക്തിജീവിതാദർശങ്ങളും ഒരുപോലെ ജനസാമാന്യത്തിനു സ്വീകാര്യമായിരുന്നു. പൊതുസമൂഹം അതിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. തോമസ് കടന്നുപോകുമ്പോൾ കേരളത്തിൽ കോൺഗ്രസിനു ലഭിക്കുന്നത് അതു മറന്ന ആദർശങ്ങൾ സംബന്ധിച്ച വിലയേറിയ ആത്മപരിശോധനാ മുഹൂർത്തമാണ്’– സക്കറിയയുടെ വാക്കുകൾ.

'ശവപുഷ്പങ്ങൾ വേണ്ട. ജീവിച്ചിരിക്കുമ്പോൾ അൽപം സ്നേഹം തന്നാൽ മതി’

‘എനിക്കായി പൂക്കൾ വാടി വീഴരുത്. ഒരു പൂവും റീത്തും ദേഹത്തു വയ്ക്കരുത്. ശവപുഷ്പങ്ങൾ വേണ്ട. ജീവിച്ചിരിക്കുമ്പോൾ അൽപം സ്നേഹം തന്നാൽ മതി’ എന്നു പറഞ്ഞത് നമ്മെ വിട്ടുപിരിഞ്ഞ പ്രിയ കവി സുഗതകുമാരിയാണ്. ‘ആശുപത്രിയിലാണു മരിക്കുന്നതെങ്കിൽ എത്രയും വേഗം വീട്ടിൽ കൊണ്ടുവരണം. തൈക്കാട് ശാന്തികവാടത്തിൽ ആദ്യം ലഭ്യമായ സമയത്തു ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട. പൊലീസുകാർ ചുറ്റിലുംനിന്ന് ആചാരവെടി മുഴക്കരുത്. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ശാന്തികവാടത്തിൽനിന്നു ലഭിക്കുന്ന ചിതാഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട; പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട.

കവി സുഗതകുമാരി. ഫയൽ ചിത്രം: മനോരമ
ADVERTISEMENT

കുറച്ചു പാവപ്പെട്ടവർക്ക് ആഹാരം കൊടുക്കാൻ ഏർപ്പാടു ചെയ്തിട്ടുണ്ട്, അതുമതി. അനുശോചന യോഗമോ സ്മാരക പ്രഭാഷണങ്ങളോ പാടില്ല. തിരുവനന്തപുരം പേയാട്ട് ‘അഭയ’യുടെ പിൻഭാഗത്തു പാറക്കെട്ടുകൾ‌ക്കു നടുവിൽ എനിക്കായി ഒരു ആൽ നട്ടുവളർത്തിയാൽ മതി. കിളികൾ അവിടെ കൂടൊരുക്കും. ജീവികൾ അതിലെ പഴങ്ങൾ കഴിക്കും. അതൊരു തണലാകും. എനിക്ക് വാരിക്കോരിത്തന്ന സ്നേഹത്തിനും വിശ്വാസത്തിനും നന്ദി. ഈ മഴയോട്, വെയിലിനോട്, മണ്ണിനോട്, തണലിനോട്, എനിക്ക് നിറച്ചുവിളമ്പിത്തന്ന അന്നത്തോട്, എന്റെ ശിരസ്സിൽ കൈവച്ച അനുഗ്രഹങ്ങളോട്, എല്ലാം നന്ദി മാത്രം. ഇനി അടുത്തജന്മം ഈ മണ്ണിൽത്തന്നെ കഷ്ടപ്പെടാനും പാടുപെടാനും ഞാൻ വരും’– സുഗതയുടെ വാക്കുകൾ. 

പക്ഷേ, 2020ൽ ഇതുപോലൊരു ഡിസംബറിൽ, അമ്മമലയാളത്തോടു യാത്ര പറഞ്ഞുപോയ കവിയോടു നീതി കാട്ടിയോ നാം? ഔദ്യോഗിക ബഹുമതികളോടെ ആചാരവെടി മുഴക്കിയായിരുന്നു തൈക്കാട് ശാന്തികവാടത്തിലെ സംസ്കാരം. മെഡിക്കൽ കോളജിൽനിന്നു മൃതദേഹം എത്തിച്ചപ്പോൾ മന്ത്രിയും ജനപ്രതിനിധികളുമടക്കം പുഷ്പചക്രം സമർപ്പിച്ചു. അയ്യങ്കാളി ഹാളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ പുഷ്പമഞ്ചം ഒരുക്കിയത് കവിയുടെ ചിത്രം വച്ചായിരുന്നു. വന്നവർക്ക് അർപ്പിക്കാൻ പൂക്കളും ഒരുക്കി. റീത്തുകളും സമർപ്പിക്കപ്പെട്ടു. സംസ്കാരശേഷം അനുശോചന യോഗവും ചേർന്നു. മതപരമായ ചടങ്ങുകൾ ഒന്നുമില്ലാതെയായിരുന്നു സംസ്കാരം. ചിതാഭസ്മം പാപനാശത്ത്, കവിയുടെ ആഗ്രഹംപോലെ കടലലകളിൽ ലയിച്ചു ചേർന്നു.

'വില കുറഞ്ഞ സെന്റിമെന്റ്സ് എനിക്കിഷ്ടമല്ല'

30 വർഷത്തോളം തളർന്നു കിടന്നിട്ടും ജീവിതം ഉത്സവമാക്കിയ ഒരാളെ മറ്റൊരു പേരിൽ കേരളമറിയും; മംഗലശ്ശേരി നീലകണ്ഠൻ. രഞ്ജിത് എഴുതി, ഐ.വി.ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന സിനിമയിലെ നായക കഥാപാത്രം. മുല്ലശ്ശേരി രാജുവിന്റെ ജീവിതമായിരുന്നു തിരയിൽ നീലകണ്ഠനാടിയത്. തന്റെ മരണം കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നു മുൻപേതന്നെ രാജു പലരെയും പറഞ്ഞേൽപ്പിച്ചിരുന്നു. 

മുല്ലശ്ശേരി രാജു.
ADVERTISEMENT

‘ഞാൻ മരിച്ചു കിടക്കുമ്പോൾ കര‍ഞ്ഞുപോകരുത്, ഒരുത്തനും. വില കുറഞ്ഞ സെന്റിമെന്റ്സ് എനിക്കിഷ്ടമല്ല. ആരെങ്കിലും കരഞ്ഞുകണ്ടാൽ എഴുന്നേറ്റുവന്നു രണ്ടെണ്ണം പൊട്ടിക്കും ഞാൻ! മരിച്ചാൽ കുളിപ്പിച്ചു സുന്ദരനാക്കി പൗഡറിട്ടു കിടത്തണം. സ്കോച്ച് വിസ്കി കൊണ്ടേ കുളിപ്പിക്കാവൂ. പൊലീസുകാർ ചുറ്റുംനിന്നു വെടിവഴിപാടു നടത്തുന്നതിൽ വിരോധമില്ല. പക്ഷേ, പുരുഷ പൊലീസ് വേണ്ട. സുന്ദരികളായ വനിതാ പൊലീസുകാർ മതി. മറ്റൊരാഗ്രഹം കൂടിയുണ്ട്. എന്നെ കൊണ്ടുപോകും വഴി കുമാരിമാരുടെ ഒരു ഗാർഡ് ഓഫ് ഓണർ വേണം. കോങ്കണ്ണികളും കോന്ത്രപ്പല്ലികളുമല്ല. അസ്സൽ സുന്ദരിമാരുടെ പശ്ചാത്തലത്തിൽ റഫിയുടെയും യേശുദാസിന്റെയും സുശീലയുടെയും പ്രണയഗാനങ്ങൾ മുഴങ്ങിക്കൊണ്ടേയിരിക്കണം. ശരിക്കും ഒരാഘോഷമാക്കണം മരണം. ഇല്ലെങ്കിൽ ഇൗ ആത്മാവിനു നിത്യശാന്തി ലഭിക്കില്ല’– രാജുവിന്റെ വാക്കുകൾ.

മരണത്തെ കാത്തിരുന്ന കോനൂർ ജോസഫ് 

വർഷങ്ങൾക്കു മുൻപേ കല്ലറയും കൽവിളക്കും പണിത് മരണത്തെ കാത്തിരുന്ന അടിമാലി മുനിത്തണ്ട് കോനൂർ ജോസഫ് (ജോസഫ് വൈദ്യൻ) 2017 ഏപ്രിലിൽ മരണത്തെ സ്വയംവരിക്കുകയായിരുന്നു. വീടിനോടു ചേർന്നു പണികഴിപ്പിച്ചിരുന്ന കല്ലറയിലാണ് മൃതദേഹം സംസ്കരിച്ചത്. ചൊവ്വാഴ്ച വീട്ടിലെത്തണമെന്നു സഹോദരങ്ങളെയും ബന്ധുക്കളെയും ഫോണിലൂടെ വിളിച്ചറിയിച്ച ജോസഫ്, ആത്മഹത്യാ കുറിപ്പെഴുതി തിങ്കളാഴ്ച രാത്രി വീടിനുള്ളിൽ തൂങ്ങിമരിച്ചു. മരണത്തിൽ ആർക്കും പങ്കില്ലെന്നുള്ള കുറിപ്പെഴുതിവച്ച ജോസഫ്, സംസ്കാര ശുശ്രൂഷയ്ക്കാവശ്യമായ പണം ബന്ധുക്കളെ ഏൽപ്പിച്ചിരുന്നു.

എന്റെ ആത്മാവിനു പുസ്തകങ്ങളെക്കാൾ നല്ലൊരു കൂട്ടും കവചവുമില്ലാത്തിനാൽ മൃതദേഹത്തോടൊപ്പം പുസ്തകവും അടക്കം ചെയ്യണമെന്നു പറഞ്ഞേൽപ്പിച്ചു, പ്രശസ്ത എഴുത്തുകാരി അമൃതാപ്രീതം. സ്വന്തം ശവശരീരം കീറിമുറിച്ചു പഠിക്കാൻ വിദ്യാർഥികൾക്കു നൽകണമെന്നാണു കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആഗ്രഹം. ഇതേപ്പറ്റി ‘അന്ത്യാഭിലാഷം’ എന്നൊരു കവിതയും ചുള്ളിക്കാട് രചിച്ചിട്ടുണ്ട്. ‘ഞാൻ മരിക്കുമ്പോൾ കണ്ണുകളും ഉപയോഗപ്രദമായ അവയവങ്ങളും ആവശ്യമുള്ളവർക്കു നൽകണം. മൃതശരീരം സസ്യങ്ങൾക്കോ വൃക്ഷങ്ങൾക്കോ വിദ്യാർഥികൾക്കോ അതിജീവനത്തിനു നൽകണം. ഒരുവിധ മതാചാരങ്ങളും ചെയ്യരുത്. ഭരണകൂടത്തിന്റെ ആചാരവെടികൾ വേണ്ട. പുഷ്പചക്രങ്ങളും പട്ടും വേണ്ട!’ എന്നാണു കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രഖ്യാപനം.

ബാലചന്ദ്രൻ ചുള്ളിക്കാട്. ഫയൽ ചിത്രം: മനോരമ

ജനിച്ചുവളർന്ന ഗ്രാമത്തിലെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊള്ളണമെന്ന് അന്ത്യാഭിലാഷം പറഞ്ഞ ഉമ്മയുടെ ആഗ്രഹം നിറവേറ്റാൻ, അവരുടെ ചേതനയറ്റ ശരീരവുമായി മഞ്ഞിലൂടെ 50 കിലോമീറ്റർ നടന്ന സൈനികനായ മകന്റെയും ബന്ധുക്കളുടെയും കഥ കശ്മീരിൽനിന്നാണ്. 2017 ഫെബ്രുവരിയിൽ കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് മരം കോച്ചുന്ന തണുപ്പിൽ മുഹമ്മദ് അബ്ബാസ് എന്ന പട്ടാളക്കാരൻ ബന്ധുക്കളോടൊപ്പം ഉമ്മയുടെ മൃതദേഹം ചുമന്നു നടന്നത്. പഠാൻകോട്ടിൽ അബ്ബാസിനൊപ്പമായിരുന്നു ഉമ്മ സക്കീന ബീഗം താമസിച്ചിരുന്നത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. മഞ്ഞുവീഴ്ച മൂലം യാത്ര മുടങ്ങിയപ്പോഴാണു മൃതദേഹം ചുമന്നു കൊണ്ടുപോകാൻ അബ്ബാസ് തീരുമാനിച്ചത്.

അച്ഛന്റെ മൃതദേഹം പഠനത്തിനായി കീറിമുറിച്ച, ഡോക്ടറായ മകൻ 

രണ്ടാം ചരമ വാർഷികദിനത്തിൽ അച്ഛന്റെ മൃതദേഹം പഠനത്തിനായി കീറിമുറിച്ച, ഡോക്ടറായ മകനുണ്ട് ഇന്ത്യയുടെ മെഡിക്കൽ ചരിത്രത്തിൽ.  ബെൽഗാമിലെ കെഎൽഇ ആയുർവേദ കോളജിലെ ഡോ. മഹന്തേഷ് രാമണ്ണവരാണ് വിദ്യാർഥികൾക്കായി, എംബാം ചെയ്തു സൂക്ഷിച്ചിരുന്ന അച്ഛൻ ബി.എസ്.രാമവണ്ണരുടെ മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തിൽ കീറിമുറിച്ചത്. മരിച്ച ബി.എസ്.രാമവണ്ണരും ആയുർവേദ ഡോക്ടറായിരുന്നു. അച്ഛന്റെ അന്ത്യാഭിലാഷം കണക്കിലെടുത്ത് മൃതദേഹം പഠനത്തിനായി വിട്ടുകൊടുക്കുകയായിരുന്നു മഹന്തേഷ്. ആയുർവേദ കോളേജിലെ അനാട്ടമി വിഭാഗം ഡോക്ടർ കൂടിയായ അദ്ദേഹം ഇരുപതോളം വിദ്യാർഥികൾക്ക് അച്ഛന്റെ ആന്തരികാവയവങ്ങളെക്കുറിച്ച് ക്ലാസുമെടുത്തു.

മലയാളത്തെ പ്രണയിക്കുകയും വേദമന്ത്രങ്ങളെ ഹൃദയത്തിൽ ആവാഹിക്കുകയും ചെയ്‌ത ഹോളണ്ടുകാരൻ ഫ്രിറ്റ്‌സ് സ്‌റ്റാളിന്റെ അന്ത്യാഭിലാഷത്തിനു മലയാളിത്തം ഏറെ. നിളയുടെ ഓരങ്ങളിൽ അവധൂതനെപ്പോലെ സഞ്ചരിച്ച സംസ്‌കൃത പണ്ഡിതനാണ് സ്റ്റാൾ. ജൂതദമ്പതികളുടെ മകനായി ഹോളണ്ടിൽ ജനിച്ച ഇദ്ദേഹം, കലിഫോർണിയ സർവകലാശാലാ പ്രഫസറായിരുന്നു. കേരളത്തിലെ യാഗഅതിരാത്രങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. 2012 ഫെബ്രുവരിയിലാണ് അന്തരിച്ചത്. ചിതാഭസ്‌മം ഭാരതപ്പുഴയിൽ നിമജ്‌ജനം ചെയ്യണമെന്നായിരുന്നു അന്ത്യാഭിലാഷം. ഹാർവഡ് യൂണിവേഴ്‌സിറ്റി പ്രഫസറും സുഹൃത്തുമായ ടി.പി.മഹാദേവന്റെ നേതൃത്വത്തിൽ ചിതാഭസ്‌മം വിമാനമാർഗം തിരുനാവായയിൽ എത്തിച്ചു. നിളയിലെ ത്രിമൂർത്തി സംഗമസ്‌ഥാനമായ നവാമുകുന്ദ സന്നിധിയിൽ നിമജ്‌ജനം ചെയ്‌തു.

മൃണാളിനി സാരാഭായി. ഫയൽ ചിത്രം: മനോരമ

താമരയിൽനിന്നുണ്ടായ പേരുമായി, കേരളത്തിൽനിന്നു നൂപുരധ്വനികളുടെ പടവുകളേറി ലോകത്തോളം വലുതായ കലാകാരി. നൃത്തമായിരുന്നു മൃണാളിനിയുടെ ജീവനും ശ്വാസവും. മൃണാളിനി സാരാഭായ് എന്ന വിശ്രുത നർത്തകി അരങ്ങൊഴിയുമ്പോൾ നൃത്തമല്ലാതെ മറ്റെന്താണ് അഞ്ജലിയായി നൽകുക? മൃണാളിനി സാരാഭായിക്ക് മകളും നർത്തകിയുമായ മല്ലിക സാരാഭായിയും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നു സമർപ്പിച്ചതും നൃത്താഞ്ജലിയാണ്. റോസാപ്പൂ ഇതളുകളാൽ അലംകൃതമായ നിലത്ത് സ്വച്ഛമായി കിടക്കുന്ന മൃണാളിനിയുടെ അരികെ ചുവടുകൾ വയ്ക്കുന്ന മകളുടെ ചിത്രം ഒരുപാടു പേരുടെ ഹൃദയത്തിൽ പതിഞ്ഞു.

ആശാനും ശിഷ്യനും 

കാലവും താളവും സാക്ഷിയായാണു 2016ൽ കാവാലം നാരായണപ്പണിക്കർ അഗ്നിയിൽ ലയിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ, പമ്പയാറിന്റെ തീരത്തെ വീട്ടുപറമ്പിൽ മകൻ ഹരികൃഷ്ണൻ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലാണു ചിതയൊരുങ്ങിയത്. താൻ മരിച്ചാൽ ആരും കരയരുതെന്നും പാട്ടും താളവുമൊക്കെയായി ആഘോഷമാക്കണമെന്നുമുള്ള കാവാലത്തിന്റെ ആഗ്രഹം ശിഷ്യർ പാലിച്ചു. ചാലയിൽ തറവാട്ടിൽ മകൻ കാവാലം ശ്രീകുമാറിന്റെ ശബ്ദത്തിൽ രാമായണ ശകലങ്ങൾ മുഴങ്ങി. കുരുന്ന‍ുകൂട്ടവും സോപാനത്തിലെ കലാകാരന്മാരും കാവാലം പാട്ടുകൾ പാടി. നടൻ നെടുമുടി വേണു ഉൾപ്പെടെയുള്ള ശിഷ്യർ താളമടിച്ചു. ‘തിത്തെന്നം... തക തെയ്യന്നം...’, ‘തെയ്യുമത... തെയ്യുമതത്ത...’, ‘ആലായാൽ തറവേണം അടുത്തൊരമ്പലം വേണം...’ പാട്ടുകൾ പുഷ്പങ്ങളായി അടർന്നുവീണു.

നെടുമുടി വേണു, കാവാലം നാരായണപ്പണിക്കർ. ഫയൽ ചിത്രം: മനോരമ

ആശാന്റെ വഴിയേ തന്നെയായിരുന്നു ശിഷ്യനും മടങ്ങിപ്പോയത്. 2021 ഒക്ടോബറിൽ നെടുമുടി വേണു അപ്രതീക്ഷിതമായി നമ്മെ വിട്ടുപിരിഞ്ഞപ്പോഴും സങ്കടാകാശത്തിൽ പാട്ടുകൾ അലയടിച്ചു. ‘അതിരു കാക്കും മലയൊന്നു തുടുത്തേ...’– നെടുമുടി വേണുവിന്റെ ശബ്ദം കൊണ്ടു മലയാളി നെഞ്ചേറ്റിയ പാട്ട് അടക്കം, സിനിമയ്ക്കു പുറത്തും അദ്ദേഹത്തെ ജനകീയനാക്കിയ ഗാനശകലങ്ങൾ മുഴങ്ങി. കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു വേണുവിനുള്ള ഗാനാഞ്ജലി. ‘പക്കി മകൾ ചിത്തിരപ്പെണ്ണേ, പത്തിരുപതെത്തിയ പെണ്ണേ..’ എന്നു ശ്രീകുമാർ പാ‌‌‌ടിയപ്പോ‍ൾ, ‘അവനവൻ കടമ്പ’യിലെ കഥാപാത്രമായി നിറഞ്ഞാടേണ്ട വേണു, ആദ്യമായി അനക്കമില്ലാതെ കിടന്നു, അവസാനമായും!

മദ്രാസ് സർക്കാർ ആശുപത്രിയിലെ ജനറൽ വാർഡിൽ ആളും ആരവവുമില്ലാതെ രോഗക്കിടക്കയിൽ സംഗീതജ്ഞൻ ബാബുരാജ് കിടക്കുകയാണ്. വർഷം 1978. വല്ലപ്പോഴും എത്തുന്ന സന്ദർശകർ പോലും അന്നില്ലായിരുന്നു. മുറിയിൽ കയറിവന്ന മലയാളിയായ ഹൗസ് സർജനോട് അദ്ദേഹം ചോദിച്ചു: പാട്ടു പാടുമോ? നിർബന്ധിച്ചപ്പോൾ ഒരിത്തിരി ലജ്ജയോടെ ഡോക്ടർ പാടി. ‘താമരക്കുമ്പിളല്ലോ മമഹൃദയം... ’ അദൃശ്യ ഹാർമോണിയത്തെ തൊട്ടുണർത്തി ഒപ്പം പാടാൻ ബാബുരാജും ശ്രമിച്ചു. പാട്ട് നീളുകയാണ്. ‘...താത നിൻ കൽപനയാൽ’– ആ വരിയിൽ ബാബുരാജ് കണ്ണടച്ചു, എന്നേക്കുമായി. പൂവനം തന്നിലൊരു പാതിരാപ്പൂവായി വിരിഞ്ഞ്, ഓർമകളുടെ സംഗീതമധുവായി അന്നേരംതൊട്ട് ബാബുക്ക.

മാങ്കോസ്‌റ്റീൻ ചുവട്ടിലിട്ട കസേരയിലിരുന്നു പാട്ടു കേൾക്കുകയോ വായിക്കുകയോ വർത്തമാനം പറയുകയോ ചെയ്‌തിരുന്ന ബഷീർ മലയാളത്തിലെ ഇമ്മിണി വല്യ കാഴ്ചയാണ്. അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ ചിത്രങ്ങളിലൊന്നാണ് ഗ്രാമഫോണിൽ നിന്നുള്ള പാട്ടുകേട്ട് ചാരുകസേരയിൽ ഇരിക്കുന്നത്. കുന്ദൻലാൽ സൈഗാളായിരുന്നു പ്രിയപ്പെട്ട പാട്ടുകാരൻ. ‘സോ..ജാ..രാജകുമാരി’യും കേട്ട് കണ്ണടച്ച്, നാദവീചികളിൽ ലയിച്ചിരിക്കുന്ന ബഷീർ. സൈഗാൾ മരിച്ചതറിഞ്ഞപ്പോൾ ബഷീർ എന്തു ചെയ്തെന്നോ? മണിക്കൂറുകളോളം സൈഗാൾ ഗാനങ്ങൾ മാത്രം കേട്ട് ഗ്രാമഫോണിന് അരികെ ഒറ്റയിരിപ്പായിരുന്നു. പെരുത്ത സങ്കടങ്ങളെപ്പോലും കഴുകിയെടുക്കുന്ന സമുദ്രമല്ലോ സംഗീതം...!

വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂർ വൈലാലിൽ വീട്ടിലെ മുറി. ഫയൽ ചിത്രം: മനോരമ

അത്രമേൽ പ്രിയപ്പെട്ട പാട്ടുകേട്ടുള്ള മരണങ്ങളിൽ ഓർമയിലെത്തുന്നത്, ഹെഡ്‌ഫോണില്‍ ‘ഓ മൃദുലേ...’ പതുക്കെ വച്ചുകൊണ്ട് ഒരു രാത്രി മരണം പുല്‍കിയ സുഹൃത്തിനെപ്പറ്റി സംഗീതസംവിധായകന്‍ എം.ജി.രാധാകൃഷ്ണന്‍ പറഞ്ഞതാണ്. ഭാര്യയുടെ ദുരന്തമരണത്തില്‍ മനം തകര്‍ന്ന്, സ്വയം പെത്തഡിന്‍ കുത്തിവച്ച് ജീവനൊടുക്കുകയായിരുന്നു അമേരിക്കയിലെ ഡോക്ടർ സുഹൃത്ത്. രവി മേനോനാണ് ഈ ദുഃഖഗാനത്തെപ്പറ്റി നമ്മോടു പറഞ്ഞത്. സത്യന്‍ അന്തിക്കാട് രചിച്ച്, എം.ജി.രാധാകൃഷ്ണൻ സംഗീതം നൽകി, ഹൃദയമുരളിയിലൊഴുകി വന്നതായിരുന്നു ആ ഗാനം.

ഈ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മംകൂടി..’

മണ്ണിലലിഞ്ഞു നാലു പതിറ്റാണ്ടിലേറെയായിട്ടും മലയാളകവിതയിലെ വിപ്ലവ തീനാളമാണു വയലാർ രാമവർമ. മനുഷ്യ വികാരങ്ങളെയെല്ലാം ഊറ്റിയെടുത്തുണ്ടാക്കിയ തൂലികയാലെഴുതിയ സിനിമാപ്പാട്ടുകളിലൂടെ വയലാർ ഒഴുകിക്കൊണ്ടിരിക്കുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽനിൽക്കെ, 1975 ഒക്ടോബർ 27 ന്‌ 47–ാം വയസ്സിൽ വിടവാങ്ങുമ്പോൾ, മലയാളിയുടെ പാട്ടുകുടുക്കയിൽ വയലാർപ്പാട്ടുകളുടെ തിരതള്ളലായിരുന്നു. പാട്ട് ശ്വസിച്ച്, പാട്ടിലൂടെ ജീവിച്ച്, പാട്ടിലൂടെ നിത്യഹരിതമായി, പാട്ടുതന്നെയായൊരാൾ ‘ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ, സ്വപ്നങ്ങളുണ്ടോ, പുഷ്പങ്ങളുണ്ടോ, സ്വർണമരാളങ്ങളുണ്ടോ..? ഈ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മംകൂടി..’

വയലാർ രാമവർമ.

33 വർഷം തികച്ചു ജീവിച്ചിട്ടില്ലാത്ത, ലോകചരിത്രത്തിലെ ഏറ്റവും വലിയ പടനായകരിലൊരാളെ നാമറിയുന്നത് മഹാനായ അലക്സാണ്ടർ എന്ന പേരിലാണ്. ബിസി 356ൽ മാസിഡോണിയയിൽ ജനിച്ച്, ഈജിപ്ത് മുതൽ ഇന്ത്യ വരെയുള്ള പല പ്രദേശങ്ങളും വെട്ടിപ്പിടിച്ച് അളവറ്റ ധനം സമ്പാദിച്ച അതിധീരനായ ചക്രവർത്തി. രോഗബാധിതനായ അലക്‌സാണ്ടർക്ക് താൻ മരണത്തിന്റെ വക്കിലെത്തിയെന്നു തോന്നി. മൂന്ന് അന്ത്യാഭിലാഷങ്ങൾ അറിയിച്ച്, അവ പാലിക്കണമെന്നു കൽപിച്ചു. എന്നെ ചികിത്സിക്കുന്ന വൈദ്യൻ തനിയെ എന്റെ ശവപ്പെട്ടി കൊട്ടാരത്തിലെത്തിക്കണം; കുഴിമാടത്തിലേക്ക് കൊണ്ടുപോകുമ്പോൾ വഴി നീളെ വെള്ളിയും സ്വർണവും രത്നങ്ങളും വിതറണം; എന്റെ കൈ രണ്ടും ശവപ്പെട്ടിയുടെ പുറത്തേക്കു നീണ്ടു നിൽക്കണം.

വിചിത്രമായ ഈ ആഗ്രഹങ്ങൾ നിർവഹിക്കാമെന്ന് ഏറ്റിട്ട്, എന്താണിങ്ങനെ ചെയ്യേണ്ടതിന്റെ കാരണമെന്ന് മുഖ്യ ജനറൽ, ചക്രവർത്തിയോടു വിനയപൂർവം ചോദിച്ചു. ദീർഘനിശ്വാസത്തിനു ശേഷം അലക്‌സാണ്ടർ വിശദീകരിച്ചു. എല്ലാവരും പഠിക്കേണ്ട മൂന്നു പാഠങ്ങളുണ്ട്. ഏതു വൈദ്യൻ വിചാരിച്ചാലും രോഗിയെ ചികിത്സിച്ച് മരണത്തിൽനിന്നു രക്ഷിക്കുക സാധ്യമല്ല; ജീവിതത്തിന്റെ വില മറക്കരുത്. ധനസമ്പാദനത്തിനായി നടത്തിയ പല ശ്രമങ്ങളും പാഴ്‌വേലയായിരുന്നു. വെറുംകൈയോടെ ഭൂമിയിലേക്കു വന്ന എനിക്ക് വെറുംകൈയോടെ മാത്രമേ ഇവിടെനിന്നു പോകാനാവൂ. ഒരുപക്ഷേ അലക്സാണ്ടറുടെ പേരിൽ പ്രചരിക്കുന്ന കഥയായിരിക്കാം ഇത്. അല്ലെങ്കിലും നിറംപിടിപ്പിച്ചൊരു കഥയാണല്ലോ ജീവിതം!

English Summary: PT Thomas, Kavalam Narayana Panicker, Sugathakumari - How Some People Made a Difference in their Final Farewell