സിൽവർ ലൈനിൽ എതിർപ്പ് രൂക്ഷമായതോടെ എതിർപ്പിനെ രാഷ്ട്രീയമായി നേരിടുകയാണ് സിപിഎം. അഭ്യസ്ത വിദ്യർക്കു തൊഴിൽ സ്വപ്നങ്ങൾ കണ്ടെത്താനും കാർഷിക, വ്യവസായ മേഖലയിൽ വികാസം സൃഷ്ടിക്കാനും പദ്ധതി അനിവാര്യമാണെന്നു പറയുന്നു. സാമൂഹ്യ ആഘാത പഠനം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ നിലവിൽ സര‍്ക്കാർ പറയുന്ന കണക്കുകളൊന്നും വിശ്വാസ യോഗ്യമല്ലെന്നാണു ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട്...Silverline Project

സിൽവർ ലൈനിൽ എതിർപ്പ് രൂക്ഷമായതോടെ എതിർപ്പിനെ രാഷ്ട്രീയമായി നേരിടുകയാണ് സിപിഎം. അഭ്യസ്ത വിദ്യർക്കു തൊഴിൽ സ്വപ്നങ്ങൾ കണ്ടെത്താനും കാർഷിക, വ്യവസായ മേഖലയിൽ വികാസം സൃഷ്ടിക്കാനും പദ്ധതി അനിവാര്യമാണെന്നു പറയുന്നു. സാമൂഹ്യ ആഘാത പഠനം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ നിലവിൽ സര‍്ക്കാർ പറയുന്ന കണക്കുകളൊന്നും വിശ്വാസ യോഗ്യമല്ലെന്നാണു ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട്...Silverline Project

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിൽവർ ലൈനിൽ എതിർപ്പ് രൂക്ഷമായതോടെ എതിർപ്പിനെ രാഷ്ട്രീയമായി നേരിടുകയാണ് സിപിഎം. അഭ്യസ്ത വിദ്യർക്കു തൊഴിൽ സ്വപ്നങ്ങൾ കണ്ടെത്താനും കാർഷിക, വ്യവസായ മേഖലയിൽ വികാസം സൃഷ്ടിക്കാനും പദ്ധതി അനിവാര്യമാണെന്നു പറയുന്നു. സാമൂഹ്യ ആഘാത പഠനം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ നിലവിൽ സര‍്ക്കാർ പറയുന്ന കണക്കുകളൊന്നും വിശ്വാസ യോഗ്യമല്ലെന്നാണു ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട്...Silverline Project

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള എതിർപ്പ് കുറയ്ക്കാൻ സിപിഎം വീടുകയറാൻ തുടങ്ങുമ്പോൾ വീട്ടിൽനിന്നിറങ്ങി പ്രതിരോധിക്കാൻ ഇരകളും പദ്ധതിയെ എതിർക്കുന്നവരും തയാറെടുക്കുന്നു. സിപിഎം ഓരോ വീട്ടിലും കയറി സിൽവർ ലൈനിന്റെ നേട്ടങ്ങളെ കുറിച്ചു പറയുമ്പോൾ വീടുകൾ കേന്ദ്രീകരിച്ച് ഒതുങ്ങി നിന്നിരുന്ന സമരം നാട്ടിലേക്കു വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് എതിർക്കുന്നവർ.

രാഷ്ട്രീയ ആരോപണവുമായി സിപിഎം

ADVERTISEMENT

സിൽവർ ലൈനിൽ എതിർപ്പ് രൂക്ഷമായതോടെ എതിർപ്പിനെ രാഷ്ട്രീയമായി നേരിടുകയാണ് സിപിഎം. യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി– ബിജെപി കൂട്ടുകെട്ടാണ് സിൽവർ ലൈനിനെ എതിർക്കുന്നതെന്നാണു സിപിഎമ്മിന്റെ പ്രചാരണം. പ്രത്യേകം തയാറാക്കിയ നോട്ടിസുമായി പ്രാദേശിക നേതൃത്വം ഓരോ വീടുകളിലും കയറി ഇറങ്ങുകയാണ്. കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കുക എന്ന ലക്ഷ്യം വച്ച് യുഡിഎഫ്–ബിജെപി–ജമാഅത്തെ ഇസ്ലാമി അവിശുദ്ധ മുന്നണി വമ്പിച്ച പ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണു നോട്ടിസിലെ പ്രധാന വാചകം.

അഭ്യസ്ത വിദ്യർക്കു തൊഴിൽ സ്വപ്നങ്ങൾ കണ്ടെത്താനും കാർഷിക, വ്യവസായ മേഖലയിൽ വികാസം സൃഷ്ടിക്കാനും പദ്ധതി അനിവാര്യമാണെന്നു നോട്ടിസിൽ പറയുന്നു. പശ്ചാത്തല സൗകര്യങ്ങൾ വേണ്ടത്ര വികസിച്ചിട്ടില്ലായെന്ന ദൗർബല്യം സംസ്ഥാനത്തേക്കു കൂടുതൽ നിക്ഷേപം കൊണ്ടു വരാൻ തടസ്സമായിത്തീരുന്നുവെന്നും ഉണ്ട്. പദ്ധതിക്കായി സ്ഥലവും വീടും നഷ്ടപ്പെടുന്നവർക്ക് രണ്ടിരട്ടിയും നാലിരട്ടിയുമൊക്കെ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് ഇപ്പോൾ പ്രധാനമായും നൽകുന്ന വാഗ്ദാനം.

മുഖ്യമന്ത്രി പിണറായി വിജയൻ.

ഇതു കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ഓരോ ജില്ലയിലെയും പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി പദ്ധതിക്കുള്ള എതിർപ്പ് മറികടക്കുമെന്നും വിശദീകരിക്കുന്നുണ്ട്. വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിലൂടെ നാട്ടുകാരുടെ എതിർപ്പ് മറികടക്കാമെന്നു സിപിഎം കരുതുമ്പോൾ മറുവശത്ത് സമരത്തിലേക്കു കൂടുതൽ പേരെ ഇറക്കാനുള്ള ശ്രമത്തിലാണ് സമര മുന്നണി

സമരമുഖം വിപുലമാക്കാൻ ജനകീയ പ്രതിരോധ മുന്നണി

ADVERTISEMENT

കോഴിക്കോട് ജില്ലയിലെ കാട്ടിലെപ്പീടികയിൽ സിൽവർ ലൈനിനെതിരെ പ്രതിഷേധ സമരം ആരംഭിച്ചിട്ട് 454 ദിവസമായി. വീട് നഷ്ടപ്പെടുന്ന നൂറോളം കുടുംബങ്ങൾ ചേർന്നാണു സമരമുഖത്തുള്ളത്. എല്ലാ പാർട്ടിയിലും പെട്ടവർ സമരത്തിലുണ്ട്. സമരത്തിന്റെ തുടക്കകാലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ അടക്കമുള്ള ഇരകൾ ഇപ്പോഴും സമരത്തിനൊപ്പമുണ്ട്. എന്തു വന്നാലും പിന്നോട്ടില്ലെന്നാണ് ഇവരുടെയും നിലപാട്. സിൽവർ ലൈൻ പദ്ധതി പ്രഖ്യാപിച്ചപ്പോൾ മുതൽ അതുവരെ ലഭ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കുകയും വിദഗ്ധ അഭിപ്രായം ശേഖരിക്കുകയും ചെയ്ത ശേഷമാണ് സിൽവർ ലൈനിനെതിരെ നിലപാട് എടുത്തതെന്നു സമരത്തിനു നേതൃത്വം നൽകുന്ന ജനകീയ മുന്നണി കൺവീനർ ടി.ടി.ഇസ്മയിൽ പറയുന്നു.

‘എല്ലാ ശാസ്ത്രീയ വശങ്ങളും പരിശോധിച്ച ശേഷമാണ് സമരത്തിലേക്ക് ഇറങ്ങിയത്. അതുകൊണ്ട് ബോധവൽക്കരിച്ച് ഞങ്ങളെ സമരത്തിൽ നിന്നു പിന്തിരിപ്പിക്കാമെന്നു ഞങ്ങളോടു പറയേണ്ട. വർഗീയതയും വികസന വിരുദ്ധതയും ആരോപിച്ചു ഞങ്ങളെ സമരത്തിൽനിന്നു പിന്തിരിപ്പിക്കാനാണ് ഇപ്പോൾ സിപിഎമ്മിന്റെ ശ്രമം. എന്നാൽ ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്കു കൃത്യമായ വ്യക്തമായ മറുപടി നൽകാൻ സാധിക്കാതെയാണ് ഈ വർഗീയ ആരോപണം ഉന്നയിക്കുന്നത്’– ഇസ്മയിൽ പറയുന്നു.

സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കോട്ടയം കലക്ടറേറ്റ് പടിക്കൽ നടത്തിയ മനുഷ്യച്ചങ്ങല. ഫയൽ ചിത്രം: മനോരമ

‘സിപിഎം വീടുകളിലേക്ക് എത്തുമ്പോൾ ഞങ്ങൾ വീടുകൾക്കു പുറത്തിറങ്ങാനാണു തീരുമാനിച്ചിരിക്കുന്നത്. സിൽവർ ലൈൻ കടന്നു പോകുന്ന അലൈൻമെന്റിൽ വീടുകളും വസ്തുക്കളും നഷ്ടപ്പെടുന്നവർ മാത്രമല്ല സത്യത്തിൽ ഇതിന്റെ ഇരകൾ. ഈ നാട്ടിലുള്ള ഓരോ വ്യക്തിയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സിൽവർ ലൈൻ പദ്ധതിയുടെ ഇരയാണ്. എങ്ങനെയാണ് എല്ലാ മലയാളികളും ഇതിന് ഇരകളാകുന്നത് എന്നു ലളിതമായി വിശദീകരിക്കാം.

1. 292 കിലോമീറ്ററിൽ എംബാഗ്‌മെന്റ് ആണ്. 20-25 മീറ്റർ വീതിയിൽ ഇരുഭാഗത്തും ഏഴ് മീറ്ററോളം ഉയരത്തിൽ ഭിത്തി കെട്ടി, അവയ്ക്കിടയിൽ കല്ലോ മണ്ണോ പാറയോ ഇട്ടു നികത്തി ഉണ്ടാക്കുന്നതാണ് എംബാഗ്‍മെന്റ്. ഇവിടെ ഒരു വശത്തുനിന്നു മറുവശത്തേക്ക് എത്താൻ അടിപ്പാതകൾ നിർമിക്കുമെന്നാണു പറയുന്നത്. എങ്കിലും മണ്ണിട്ട് നികത്തി മതിലു പണിയുമ്പോൾ അതിന് അപ്പുറവും ഇപ്പുറവും താമസിക്കുന്നവർ പരസ്പരം ഒറ്റപ്പെട്ടു പോകില്ലേ? അവർ ഈ പദ്ധതിയുടെ ഇരകളാകും.

ADVERTISEMENT

2. സിൽവർ ലൈൻ അലൈൻമെന്റ് കടന്നു പോകുന്ന പ്രദേശത്ത് ഏറ്റെടുക്കുന്ന സ്ഥലം ഉടമകൾക്കു നഷ്ടപരിഹാരം നൽകും. അതു കഴിഞ്ഞുള്ള ബഫർ സോണിൽ ഉൾപ്പെടുന്നവരുടെ അവസ്ഥ എന്താണ്? റെയിൽവേയുടെ ബഫർ സോൺ പരിധിയിൽ പെടുന്ന മറ്റു സ്ഥലങ്ങളിൽ ഉള്ളവർക്ക് ഒരു നഷ്ടപരിഹാരവും കിട്ടില്ല. അവർക്ക് അവരുടെ സ്ഥലത്ത് പിന്നെ ഒരു നിർമാണവും നടത്താനാകില്ല. സ്ഥലം വിൽക്കാനുമാകില്ല. സ്ഥലം നഷ്ടപ്പെടുന്നവരുടെ നാലിരട്ടി ആളുകൾ ഇത്തരത്തിൽ കേരളമൊട്ടാകെ ബഫർ സോൺ ഇരകളാകും.

3. 292 കിലോമീറ്റർ നീളത്തിൽ മണ്ണിട്ട് നികത്തുന്നതു മൂലം പരിസ്ഥിതി പ്രശ്നങ്ങൾ വേറെ. സ്വാഭാവികമായ ഒഴുക്ക് തടസപ്പെടുന്നതു മൂലം പലയിടത്തും പ്രളയമുണ്ടാകും. നിരവധി പേർ ഇതിന്റെ ഇരകളാകും.

ചൈനയിലെ ബുള്ളറ്റ് ട്രെയിൻ കഴുകി വൃത്തിയാക്കുന്ന ജീവനക്കാർ. ചിത്രം: AFP

4. 64,000 കോടി രൂപ ചെലവിൽ ഒരിക്കലും നിർമാണം പൂർത്തിയാകില്ല. നിർമാണത്തിനിടെയുണ്ടാകാനിടയുള്ള തടസങ്ങളും നിർമാണ വസ്തുക്കളുടെ ചെലവും കോടതിയും കാലതാമസവും ഒക്കെ പരിഗണിക്കുമ്പോൾ 1.5 ലക്ഷം കോടി രൂപ നിർമാണ ചെലവു കടക്കും. കേന്ദ്ര സഹായമില്ലാതെ കേരളം തനിച്ച് ഈ തുക കണ്ടെത്തണം. വിദേശ ഏജൻസികളിൽ നിന്നു കടമെടുക്കുകയാണ്. സിൽവർ ലൈൻ വരുമാനം കൊണ്ടു മാത്രം ഇതു തിരിച്ചടയ്ക്കാനാകില്ല. സ്വാഭാവികമായും വായ്പാ തിരിച്ചടവ് വലിയ കടബാധ്യതയായി മാറും. ഓരോ മലയാളിയും ഈ കടബാധ്യതയുടെ ഇരകളായി മാറും.

5. മാടായിപ്പാറയും കടലുണ്ടി പക്ഷി സങ്കേതവും തിരുനാവായ ആമ്പൽപ്പാടങ്ങളും അടക്കം ജൈവ പരിസ്ഥിതി അപ്പാടെ തകർക്കപ്പെടും. നിർമാണ സാമഗ്രികൾക്കായി പശ്ചിമഘട്ടത്തിലെ അനേകം മലകൾ ഇടിക്കേണ്ടി വരും. തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും നശിക്കും. ഓരോ മലയാളിയും ആവാസ വ്യവസ്ഥയുടെ ഈ തകർച്ചയുടെ ഇരകളായി മാറും.

സിൽവർ ലൈനിന്റെ ഓരോ വഴിയിലും അനേകായിരം മനുഷ്യർ നേരിട്ടും അല്ലാതെയും ഇരകളാക്കപ്പെടാൻ പോവുകയാണ്. ഇതു ഞങ്ങൾ ഓരോരുത്തരെയും ബോധ്യപ്പെടുത്തും. അതുവഴി ഓരോ മലയാളിയെയും ഞങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും. സിപിഎം വിശദീകരണവുമായി വീട്ടിനകത്തേക്കു കയറുമ്പോൾ ഞങ്ങൾ വിശദീകരണവുമായി പുറത്തേക്കിറങ്ങും’– ഇസ്മയിൽ പറയുന്നു.

വീടുകയറി പ്രതിഷേധത്തിനു കോൺഗ്രസും

സിപിഎം വീടുകയറി പ്രചാരണം നടത്താനൊരുങ്ങുമ്പോൾ അതേ നാണയത്തിൽ മറുപടി നൽകാനൊരുങ്ങുകയാണ് കോൺഗ്രസും. ഭൂമി നഷ്ടപ്പെടുന്നവർക്കൊപ്പം അല്ലാത്തവരെയും സമരമുഖത്തേക്കു കൊണ്ടു വരാനാണു ലക്ഷ്യം. പദ്ധതികൊണ്ട് ഒറ്റപ്പെടുമെന്നും കേരളത്തിനു പ്രത്യേകിച്ചു ഗുണമില്ലെന്നും സിപിഎമ്മിനു കമ്മിഷൻ തട്ടാനുള്ള പദ്ധതിയാണെന്നും തന്നെയാണു കോൺഗ്രസും പ്രധാനമായും വിശദീകരിക്കാൻ ഉദ്ദേശിക്കുന്നത്. യുഡിഎഫിന്റെ നേതൃത്വത്തിൽ അടുത്ത ഘട്ട പ്രചാരണം എങ്ങനെ ആയിരിക്കണം എന്നതു സംബന്ധിച്ചുള്ള ആലോചനകളും നടക്കുകയാണ്.

യുഎസിലെ അതിവേഗ ട്രെയിൻ കടന്നുപോകുന്ന പില്ലറുകളിലൊന്ന്. (ഫയൽ ചിത്രം).

സാംപിൾ പഠനങ്ങളുമായി പരിഷത്ത്

സാമൂഹ്യ ആഘാത പഠനം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ നിലവിൽ സർക്കാർ പറയുന്ന കണക്കുകളൊന്നും വിശ്വാസ യോഗ്യമല്ലെന്നാണു ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട്. പരിഷത്ത് മുൻകയ്യെടുത്ത് വിവിധ പഞ്ചായത്തുകളിൽ സാംപിൾ പഠനങ്ങൾ പുരോഗമിക്കുകയാണ്. തൃശൂരിൽ നടത്തിയ സാംപിൾ പഠനത്തിൽ ഒരു പഞ്ചായത്തിൽ മാത്രം സർക്കാർ കണക്കിന്റെ നാലിരട്ടി വസ്തുക്കൾ നഷ്ടപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണു മറ്റു പഞ്ചായത്തുകളിലും സാംപിൾ പഠനവുമായി പരിഷത്ത് രംഗത്തു വരുന്നത്.

ജനകീയ ശാസ്ത്രപ്രസ്ഥാനമെന്ന നിലയിൽ കെ–റെയിൽ പദ്ധതിയെപ്പറ്റിയുള്ള നേട്ട–കോട്ട വിശകലനം നടത്തുന്നതിന് സഹായകമായ ശാസ്ത്രീയമായ അറിവും വിവരവും ജനങ്ങളിലെത്തിക്കുന്നതാണ് പരിഷത്തിന്റെ പ്രധാന ദൗത്യം. അതിനായുള്ള പഠനങ്ങളും വിവര ശേഖരണവും നടത്തിവരികയാണ്. സർക്കാരിനെ കണ്ണടച്ചെതിർക്കുന്നതോ ഒരു ചർച്ചയും പരിഗണനയുമില്ലാതെ കെ–റെയിൽ നടപ്പാക്കുന്നതോ ശരിയല്ല. കെ റെയിലുമായി ബന്ധപ്പെട്ട ഡിപിആർ (Detailed Project Report), ടെക്‌നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട്, ഇഐഎ എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പൊതുസമൂഹത്തിന്റെ അറിവിലേക്ക് ലഭ്യമാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അധികൃതർ പറഞ്ഞു.

സിസ്ട്ര ഇന്ത്യ തയാറാക്കിയ ഡിപിആർ പ്രകാരം സിൽവർ ലൈൻ പദ്ധതി ഒറ്റനോട്ടത്തിൽ

തിരുവനന്തപുരത്തുനിന്നു കാസർകോട്ടേക്കു ദൂരം 530.6 കിലോമീറ്റർ
നിലവിലെ യാത്രാസമയം–10–12 മണിക്കൂർ
സിൽവർ ലൈൻ യാത്രാസമയം–4 മണിക്കൂർ
പരമാവധി വേഗം–200 കിലോമീറ്റർ (യാത്രാ ട്രെയിനുകൾ), 120 കിലോമീറ്റർ (ചരക്കു നീക്കത്തിനുള്ള റോറോ ട്രെയിനുകൾ)
ശരാശരി വേഗം–132 കിലോമീറ്റർ
ചെലവ് 63,940 കോടി
പൂർത്തീകരിക്കാനുള്ള സമയം 5 വർഷം

നോഡൽ ഏജൻസി–കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ
ഡിപിആർ തയാറാക്കിയത്– സിസ്ട്ര ഇന്ത്യ
നിലവിലെ സ്ഥിതി–ഡിപിആർ കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. സാമൂഹിക, പരിസ്ഥിതി ആഘാത പഠനത്തിനുള്ള അതിർത്തി നിർണയം തുടങ്ങി. ഭൂമി ഏറ്റെടുക്കലിനു മുന്നോടിയായി ജില്ലകളിൽ ഉദ്യോഗസ്ഥരെ നിയമിച്ചു.
നിലവിലെ അംഗീകാരം–സംസ്ഥാന സർക്കാരിന്റെ അംഗീകാരം, റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അനുമതി.
ഇനി വേണ്ടത്–റെയിൽവേ മന്ത്രാലയം, നിതി ആയോഗ്, റെയിൽവേ ബോർഡ്, കേന്ദ്ര സർക്കാരിന്റെ കാബിനറ്റ് കമ്മിറ്റി ഓഫ് ഇക്കണോമിക് അഫയേഴ്സ്, കേന്ദ്ര മന്ത്രിസഭ എന്നിവയുടെ അനുമതി.

സാങ്കേതിക വിവരങ്ങൾ

ഗേജ്–സ്റ്റാൻഡേഡ് (1435 മി.മീ)
മാക്സിമം സ്റ്റാറ്റിക് ആക്സിൽ ലോഡ്–16 ടൺ (പാസഞ്ചർ), 22.5 ടൺ (റോറോ)
ട്രാക്ക് സ്പേസിങ്–4.5 മീറ്റർ
ട്രെയിനുകളുടെ വീതി–3.4 മീറ്റർ
ഗ്രേഡിയന്റ്–റൂളിങ്–60ൽ ഒന്ന്, ലിമിറ്റിങ്–50ൽ ഒന്ന്.
ഹോറിസോണ്ടൽ കർവ്–1850 മീറ്റർ

വെർട്ടിക്കൽ കർവ്–17,500 മീറ്റർ
ഫോർമേഷൻ വീതി–12 മീറ്റർ
സ്ഥലമെടുപ്പിനുള്ള റൈറ്റ് ഓഫ് വേ–15 മീറ്റർ മുതൽ 25 മീറ്റർ വരെ
സ്റ്റേഷൻ പ്ലാറ്റ്ഫോം നീളം–410 മീറ്റർ
ട്രാക്ഷൻ–2.25 കെവി എസി 50 ഹെർട്സ്
ട്രെയിൻ–ഇഎംയു ട്രെയിൻ സെറ്റ്
സിഗ്നൽ–ഇടിസിഎസ്–2 വിത്ത് എൽടിഇ

പാതയുടെ ഘടന

മൺതിട്ട–293 കിലോമീറ്റർ (ഇരുവശവും 8 മീറ്റർ ഉയരത്തിൽ സുരക്ഷാമതിലുണ്ടാകും)
കുന്നുകൾ മുറിച്ച്–127 കി.മീ
തൂണുകൾ–88.41 കി.മീ (ഉയരം 8 മീറ്റർ മുതൽ 20 മീറ്റർ വരെ)
പാലങ്ങൾ–12.99 കി.മീ
തുരങ്കം–11.52 കി.മീ

ആവശ്യമായ ഭൂമി

1198 ഹെക്ടർ സ്വകാര്യഭൂമി
185 ഹെക്ടർ റെയിൽവേ ഭൂമി

സ്റ്റേഷനുകൾ

എ ക്ലാസ്: തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ബി ക്ലാസ്: ചെങ്ങന്നൂർ, കോട്ടയം, തിരൂർ
സി ക്ലാസ്: കൊച്ചി എയർപോർട്ട്
കൊച്ചുവേളി, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ തൂണുകൾക്കു മുകളിൽ. കോഴിക്കോട് ഭൂമിക്കടിയിൽ.

സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം

തിരുവനന്തപുരം (കൊച്ചുവേളി)–0
കൊല്ലം–55.3 കി.മീ
ചെങ്ങന്നൂർ–47.5
കോട്ടയം–33.2
എറണാകുളം–59.2
കൊച്ചി എയർപോർട്ട്–16.9

തൃശൂർ–46.77
തിരൂർ–61.44
കോഴിക്കോട്–37.3
കണ്ണൂർ–89.39
കാസർകോട്–83.33
സർവീസ് ഡിപ്പോകൾ–കൊല്ലം, കാസർകോട്
റോറോ ലോഡിങ് പോയിന്റുകൾ–തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കാസർകോട്.
വരുമാന വർധനയ്ക്കായി സ്റ്റേഷനുകൾക്കു സമീപം അടിസ്ഥാന സൗകര്യ വികസനം. ഇതിനായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ 704 ഹെക്ടർ ഭൂമി കണ്ടെത്തിയിട്ടുണ്ട്.

ഓപറേഷൻ പ്ലാൻ (2025–26)

ട്രെയിൻ കോച്ചുകൾ–9
യാത്രക്കാർ–675
ട്രാഫിക് വോള്യം–18560
പ്രതിദിന ട്രിപ്പുകൾ–18 (തിരുവനന്തപുരം–കോഴിക്കോട്–37)
മണിക്കൂറിൽ പരമാവധി ട്രിപ്പുകൾ–3
ആകെ വേണ്ട റോളിങ് സ്റ്റോക്ക്–29
കോച്ചുകൾ–261
റോറോ സർവീസിന്–40 വാഗൺ ഉള്ള 6 ട്രെയിനുകൾ
വേണ്ട വൈദ്യുതി–279 ദശലക്ഷം യൂണിറ്റ്

ചെലവ് ഇങ്ങനെ:

ഭൂമി ഏറ്റെടുക്കൽ–13,265 കോടി
പാത നിർമാണം–9540 കോടി
പാലങ്ങൾ, മേൽപ്പാലങ്ങൾ–5050 കോടി
അതിർത്തിവേലി, റോറോ പാർക്കിങ്–2505 കോടി
സ്റ്റേഷൻ നിർമാണം–973 കോടി
ഡിപ്പോ നിർമാണം–1560 കോടി
ട്രാക്ക്–3694 കോടി
വൈദ്യുതി–2390 കോടി
സിഗ്നലിങ്, കമ്യൂണിക്കേഷൻ–2525 കോടി
ട്രെയിൻ–4655 കോടി

സ്റ്റാഫ് ക്വാർട്ടേഴ്സ്, ബാരക്ക്–100 കോടി
വൈദ്യുതി, പൈപ്പ് ലൈൻ മാറ്റൽ–558 കോടി
ട്രെയിനിങ്–75 കോടി
ഡിസൈൻ–672 കോടി
പ്രൊജക്ട് മാനേജ്മെന്റ് കൺസൽട്ടൻസി ചാർജ്–1345 കോടി
കണ്ടിജെൻസി–1008 കോടി
കേന്ദ്ര നികുതി–2688 കോടി
സംസ്ഥാന നികുതി–2446 കോടി
ആകെ–55,053 കോടി
2025 വരെയുള്ള വില വർധനാ സാധ്യത–8722 കോടി‍
ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ചാർജ്–164 കോടി
പദ്ധതി പൂർത്തിയാകുമ്പോൾ–63,940 കോടി

പ്രതിവർഷ ചെലവ്

ജീവനക്കാരുടെ ശമ്പളം–271 കോടി (ആകെ ജീവനക്കാർ–3384, കരാർ ജീവനക്കാർ–1516)
അറ്റകുറ്റപ്പണിച്ചെലവ്–കിലോമീറ്ററിന് 1.02 കോടി
സോളർ വൈദ്യുതി–യൂണിറ്റിന് 6.5 രൂപ

വരവ്

യാത്രക്കാർ–2276 കോടി (2052ൽ 21,827 കോടി)
റോറോ–237 കോടി

സാമ്പത്തിക മോഡൽ

കേന്ദ്ര വിഹിതം–6314 കോടി
സംസ്ഥാന വിഹിതം–18150 കോടി
സംസ്ഥാന വിഹിതം (ഡിഫേഡ് പേയ്മെന്റ്) 1525 കോടി
സ്വകാര്യ, പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നും പ്രവാസികളിൽ നിന്നുമുള്ള വിഹിതം–4251 കോടി
വിദേശവായ്പ–33700 കോടി

ഫിനാൻഷ്യൽ വയബിലിറ്റി അനാലിസിസ്
ഫിനാൻഷ്യൽ ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ–8.49%
ഇക്കണോമിക് ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ–24.04%

(സിൽവർ ലൈനിനെപ്പറ്റിയുള്ള വിശദമായ എക്സ്‌പ്ലെയിനർ വിഡിയോ സ്റ്റോറി കാണാം. താഴെ ക്ലിക്ക് ചെയ്യുക)

English Summary: Silverline Project: CPM Moves into Households to Gain Local Support, Opposition Conducts Sample Studies