വിവാദങ്ങളല്ല, കമ്പനിയുടെ തകർപ്പൻ പ്രകടനമാണ് ഓഹരി വിലയെ സ്വാധീനിക്കുകയെന്നതിന് ഉദ്ദാഹരണമാകുകയാണ് കിറ്റെക്സ്. കമ്പനിയിലെ ജോലിക്കാർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് മൂന്നാഴ്ച മുൻപാണ്. എന്നാൽ ഓഹരി വിപണിയിൽ ഈ മൂന്നാഴ്ച കിറ്റെക്സ് നടത്തിയത് അസാധാരണമായ കുതിപ്പാണ്. ..Kitex

വിവാദങ്ങളല്ല, കമ്പനിയുടെ തകർപ്പൻ പ്രകടനമാണ് ഓഹരി വിലയെ സ്വാധീനിക്കുകയെന്നതിന് ഉദ്ദാഹരണമാകുകയാണ് കിറ്റെക്സ്. കമ്പനിയിലെ ജോലിക്കാർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് മൂന്നാഴ്ച മുൻപാണ്. എന്നാൽ ഓഹരി വിപണിയിൽ ഈ മൂന്നാഴ്ച കിറ്റെക്സ് നടത്തിയത് അസാധാരണമായ കുതിപ്പാണ്. ..Kitex

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാദങ്ങളല്ല, കമ്പനിയുടെ തകർപ്പൻ പ്രകടനമാണ് ഓഹരി വിലയെ സ്വാധീനിക്കുകയെന്നതിന് ഉദ്ദാഹരണമാകുകയാണ് കിറ്റെക്സ്. കമ്പനിയിലെ ജോലിക്കാർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് മൂന്നാഴ്ച മുൻപാണ്. എന്നാൽ ഓഹരി വിപണിയിൽ ഈ മൂന്നാഴ്ച കിറ്റെക്സ് നടത്തിയത് അസാധാരണമായ കുതിപ്പാണ്. ..Kitex

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാദങ്ങളൊന്നും തങ്ങളെ ബാധിക്കുന്നേയില്ലെന്ന തരത്തിൽ വിപണിയിൽ മാരത്തൺ കുതിപ്പു നടത്തുകയാണ് കിറ്റെക്സ് ഓഹരികൾ. വർഷങ്ങളായി എന്നും വിവാദങ്ങൾക്കു നടുവിലാണ് കിറ്റെക്സ് കമ്പനിയും അതിന്റെ മാനേജ്മെന്റും. കമ്പനി ഉടമകളുടെ രാഷ്ട്രീയ പ്രവേശനവും ഭരണ, പ്രതിപക്ഷ പാർട്ടികൾ ഈ രാഷ്ട്രീയപ്പാർട്ടിക്കെതിരെ അരയും തലയും മുറുക്കി നടത്തിയ യുദ്ധപ്രഖ്യാപനവും വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഒടുവിൽ, ക്രിസ്മസ് ദിനത്തിൽ കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് ജീപ്പ് കത്തിക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്തത് രാജ്യത്തുതന്നെ വലിയ ചർച്ചയായി. 

എന്നാൽ നിക്ഷേപകർ ഈ വിവാദങ്ങളൊന്നും കണ്ടില്ലെന്ന മട്ടിലാണ് ഓഹരികൾ വാങ്ങിക്കൂട്ടുന്നത്. വിവാദങ്ങളല്ല, കമ്പനിയുടെ തകർപ്പൻ പ്രകടനമാണ് ഓഹരി വിലയെ സ്വാധീനിക്കുകയെന്നതിന് ഉദ്ദാഹരണമാകുകയാണ് കിറ്റെക്സ്. കമ്പനിയിലെ ജോലിക്കാർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് മൂന്നാഴ്ച മുൻപാണ്. സംഭവം മാനേജ്മെന്റിന്റെ കൂടി അറിവോടെയുള്ള ആസൂത്രണ നീക്കമാണെന്ന് ഭരണ, പ്രതിപക്ഷ പാർട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു. വിവാദം മാധ്യമങ്ങളിൽ നിറയുകയും വലിയ ചർച്ചയാകുകയും ചെയ്തു. 

ADVERTISEMENT

എന്നാൽ ഓഹരി വിപണിയിൽ ഈ മൂന്നാഴ്ച കിറ്റെക്സ് നടത്തിയത് അസാധാരണമായ കുതിപ്പാണ്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടയിൽ കിറ്റെക്സ് ഓഹരി 50 രൂപയോളം (20 ശതമാനം) ഉയർന്നു. 52 ആഴ്ചയിലെ മികച്ച ഉയരം പിന്നിട്ട് കുതിക്കുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ 91 രൂപയിലേക്കു വരെ പോയ കിറ്റെക്സ് ഓഹരിയുടെ ഇപ്പോഴത്തെ വില ഏതാണ്ട് 270 രൂപയാണ്.

സംഘർഷത്തിൽ ഞെട്ടാതെ ഓഹരികൾ

കിറ്റെക്സ് കമ്പനിക്കു സമീപം ക്രിസ്മസ് ദിനത്തിലുണ്ടായ സംഘർഷത്തിൽ കേരളം നടുങ്ങിയിരുന്നു. നാട്ടുകാർ ഓടിക്കൂടിയില്ലായിരുന്നെങ്കിൽ പൊലീസുകാരെ വണ്ടിക്കുള്ളിലിട്ട് ഇതരസംസ്ഥാനത്തൊഴിലാളികൾ കത്തിക്കുമായിരുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. എന്നാൽ ആസൂത്രിത ആക്രമണമല്ലെന്നും തൊഴിലാളികൾ ഇത്തരത്തിലൊരു ആക്രമണം നടത്തിയത് ലഹരി ഉപയോഗിച്ചിരുന്നതിനാലാവാമെന്നുമാണ് കമ്പനി എംഡി സാബു എം.ജേക്കബ് പറഞ്ഞത്. 

കിറ്റെക്‌സ് എംഡി സാബു.എം.ജേക്കബ് (വലത്) കിറ്റെക്‌സിന്റെ കിഴക്കമ്പലം വസ്ത്രനിർമാണ കേന്ദ്രം സന്ദർശിച്ചപ്പോൾ. ഫയൽ ചിത്രം: മനോരമ

കേരളം നടുങ്ങിയ ഈ വാർത്ത പക്ഷേ, ഓഹരി വിപണിയിൽ കിറ്റെക്സ് ഓഹരികളെ ബാധിച്ചില്ലെന്നു മാത്രമല്ല, ഓഹരികൾ വലിയ കുതിപ്പു നടത്തുകയും ചെയ്തു. അക്രമത്തിന്റെ തൊട്ടടുത്ത ദിവസം വിപണിയിൽ വ്യാപാരം തുടങ്ങിയപ്പോൾ 188 രൂപ നിലവാരത്തിലായിരുന്നു ഓഹരികൾ. തുടക്കത്തിൽ വിലയിടിഞ്ഞ് 181 രൂപയിലേക്കെത്തിയെങ്കിലും വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ വലിയ കുതിപ്പു നടത്തി. 193 രൂപ വരെ വില ഉയർന്നു.

ADVERTISEMENT

വരുമാനം ഇന്ധനം

കിറ്റെക്സ് ഓഹരികളുടെ കുതിപ്പിന് ഇന്ധനം നൽകുന്നത് കമ്പനിയുടെ മികച്ച വരുമാനം തന്നെയാണ്. മൂന്നാം പാദത്തിലെ വരുമാനത്തിൽ 205 കോടിയുടെ വർധന രേഖപ്പെടുത്തിയതാണ് നിക്ഷേപകരെ കിറ്റെക്സിലേക്ക് ആകർഷിച്ചത്. ജനുവരി ആദ്യ വാരത്തിലെ മൂന്നു വ്യാപാരദിനങ്ങളിൽ ഓഹരി വില 23 ശതമാനം ഉയർന്നു. ഒരു വർഷംകൊണ്ടുണ്ടായ വർധന 69 ശതമാനം. 2018ൽ ആയിരുന്നു ഇതിനു മുൻപ് ഓഹരി ഇത്തരത്തിലൊരു കുതിപ്പു നടത്തിയത്. ഇതിനിടെ 91 രൂപയിലേക്ക് ഓഹരി വില കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇടിയുകയും ചെയ്തു. 

കിറ്റെക്സ് ലിമിറ്റഡിന്റെ കിഴക്കമ്പലത്തുള്ള വസ്ത്രനിർമാണ കേന്ദ്രം. ഫയൽ ചിത്രം: മനോരമ

കഴിഞ്ഞ 6 മാസത്തെ പ്രകടനം വിലയിരുത്തിയാൽ 120 ശതമാനമാണ് ഓഹരി വിലയിലെ വർധന. ഇതേ കാലയളവിൽ ഓഹരി സൂചികകൾ ഉയർന്നത് 12 ശതമാനമാണ്. മുൻവർഷം മൂന്നാം പാദത്തിൽ 121 കോടിയുടെ നേട്ടമുണ്ടാക്കിയ കമ്പനി ഇത്തവണ നേടിയത് 205 കോടിയാണ്. വലിയ തോതിൽ കിറ്റെക്സ് ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത് കമ്പനിയുടെ ഈ വളർച്ചയാണ്. മൂന്നു പാദത്തിലെ ആകെ വരുമാനം 547 കോടിയാണ്. മുൻ വർഷത്തെ ഇതേ കാലയളവിലെ വരുമാനം 353 കോടിയായിരുന്നു. ഈ വർഷം ഇതുവരെ വിൽപനയിൽ 69 ശതമാനം വർധനയുണ്ടായി. നടപ്പു സാമ്പത്തിക വർഷത്തിൽ കിറ്റെക്സ് പ്രതീക്ഷിക്കുന്നത് റെക്കോർഡ് വളർച്ചയാണ്. 2019–20 വർഷത്തെ വിറ്റുവരവ് 720 കോടിയാണ്. ഈ സാമ്പത്തിക വർഷത്തിൽ ഇത് 800 കോടിയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

കരുത്തേകുന്നതു പുതിയ പ്രോജക്ടുകളും

ADVERTISEMENT

കമ്പനിയുടെ വരുമാനം കൂടുന്നതു മാത്രമല്ല, പുതിയ പ്രോജക്ടുകൾ ഭാവിയിൽ നൽകിയേക്കാവുന്ന വലിയ വരുമാനവർധനയെന്ന പ്രതീക്ഷയും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ കമ്പനി തെലങ്കാനയിലെ വാറംഗലിൽ 1113 കോടി രൂപയുടെ പുതിയ പ്രോജക്ടും രംഗറെഡ്ഡി ജില്ലയിൽ 1293 കോടി രൂപയുടെ പ്രോജക്ടും പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം തെലങ്കാനയിൽ തന്നെ 750 കോടി രൂപ പ്രാരംഭ മുതൽ മുടക്കിൽ സബ്സിഡിയറി കമ്പനിയും പ്രഖ്യാപിച്ചിരുന്നു. ആദ്യ നിക്ഷേപത്തിന്റെ 70 ശതമാനം കിറ്റെക്സ് ഗാർമെന്റ്സും 30 ശതമാനം കിറ്റെക്സ് ചിൻഡ്രൻസ്‌വെയർ ലിമിറ്റഡും മുടക്കുമെന്നായിരുന്നു പ്രഖ്യാപനം.

ശ്രീലങ്കയിൽ നിക്ഷേപം നടത്താനായി കിറ്റെക്സിനെ ക്ഷണിക്കാൻ എത്തിയ സംഘം കിറ്റെക്‌സ് എംഡി സാബു എം. ജേക്കബിനൊപ്പം കിറ്റെക്‌സ് വസ്ത്രനിർമ്മാണശാലയിൽ നിർമ്മിച്ച തുണിത്തരങ്ങൾ പരിശോധിക്കുന്നു.

കുട്ടികളുടെ എണ്ണം കൂടുന്നു, കിറ്റെക്സിന്റെ സാധ്യതകളും

‍കുഞ്ഞുങ്ങളുടെ വസ്ത്രനിർമാണ രംഗത്ത് ലോകത്തിലെ തന്നെ പ്രമുഖ കമ്പനിയാണ് കിറ്റെക്സ്. ആഗോള തലത്തിൽ കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നത് കിറ്റെക്സിന്റെ ബിസിനസ് ഉയർത്തുമെന്ന് കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള കുടുംബങ്ങളുടെ ചെലവഴിക്കലും ആഗോള തലത്തിൽ വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുട്ടികളുടെ വസ്ത്രനിർമാണ മേഖല ഭാവിയിൽ വളർച്ച പ്രവചിക്കപ്പെടുന്ന ഒന്നാണ്. ജനസംഖ്യയുടെ ശരാശരി പ്രായം കൂടുന്നതു കണക്കിലെടുത്ത് പല രാജ്യങ്ങളും ജനസംഖ്യനിയന്ത്രണ നയങ്ങളിൽ അയവു വരുത്തിയിട്ടുണ്ട്.

ശ്രദ്ധാകേന്ദ്രമായി കിറ്റെക്സ്

കഴിഞ്ഞ 2 ആഴ്ച കൊണ്ടു മാത്രം കിറ്റെക്സിന്റെ ഓഹരിയിലുണ്ടായ വർധന 70 രൂപയാണ്. വിപണിമൂല്യം 600 കോടി രൂപ കൂടി. കേരളം ആസ്ഥാനമായ ഒരു കമ്പനി ഓഹരി വിപണിയിൽ ഇത്രയേറെ ചർച്ചയാകുന്നത് വലിയ ഇടവേളയ്ക്കു ശേഷമാണ്. കഴിഞ്ഞ ജൂലൈ മാസത്തിൽ 108 രൂപയായിരുന്നു ഓഹരി വില. ഇതാണ് കഴിഞ്ഞ ദിവസം 240ൽ എത്തിയത്. കിറ്റെക്സ് ഓഹരികൊണ്ട് ഇൻട്രാ ഡേ വ്യാപാരം നടത്തി നേട്ടമുണ്ടാക്കിയതും ഒട്ടേറെപ്പേരാണ്. 

2015 വരെ റെക്കോർഡ് മുന്നേറ്റത്തിലായിരുന്നു കിറ്റെക്സ് ഓഹരികൾ. 760 രൂപയിൽ നിന്നാണ് പിന്നീട് 69 രൂപയിലേക്ക് ഇടിഞ്ഞത്. രാജ്യാന്തര വിഷയങ്ങളാണ് ഓഹരിയെ സാരമായി ബാധിച്ചത്. രാഷ്ട്രീയ വിവാദങ്ങളും ഓഹരിവില ഇടിയാൻ കാരണമായിട്ടുണ്ട്. പിന്നീട് ഏറെ നാളത്തേക്ക് ഓഹരിയിൽ കാര്യമായ ചലനങ്ങളുണ്ടായില്ല. ഓഹരികൾ വീണ്ടും അനങ്ങിത്തുടങ്ങിയത് ബിസിനസ് തെലങ്കാനയിലേക്കു വ്യാപിപ്പിക്കാനുള്ള മാനേജ്മെന്റിന്റെ തീരുമാനമാണ്. തെലങ്കാനയിൽ പ്ലാന്റ് തുടങ്ങാനുള്ള കിറ്റെക്സ് മാനേജ്മെന്റിന്റെ തീരുമാനത്തെ നിക്ഷേപകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 

കിറ്റെക്സ് എംഡി സാബു എം.ജേക്കബ്, കിറ്റെക്‌സ് ഗ്രൂപ്പ് പ്രതിനിധികൾ എന്നിവർ തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവുവിനൊപ്പം ഹൈദരാബാദിൽ നടത്തിയ കൂടിക്കാഴ്‌ച.

മാനേജ്മെന്റിന് ചർച്ചയ്ക്കായി തെലങ്കാനയിലേക്കു പോകാൻ മുഖ്യമന്ത്രി ചാർട്ടേഡ് വിമാനം അയച്ചപ്പോൾ ഓഹരി വിലയും ഒപ്പം പറന്നു. തെലങ്കാനയിലെ 3500 കോടി രൂപയുടെ ആദ്യ പ്ലാന്റ് ഈ വർഷം അവസാനം കമ്മിഷൻ ചെയ്യും. ഇതോടെ ഉൽപാദനം ഇരട്ടിയാകും. ഏതാണ്ട് 1500 കോടി രൂപയുടെ വിറ്റുവരവ് ഈ പുതിയ പ്ലാന്റ് തുറക്കുന്നതു വഴി കമ്പനിക്കു ലഭിക്കുമെന്നാണു പ്രതീക്ഷ. 2023ൽ രണ്ടാമത്തെ പ്ലാന്റും കമ്പനി കമ്മിഷൻ ചെയ്യും. 2024–25 ൽ കിറ്റെക്സ് കമ്പനിയുടെ വിറ്റുവരവ് ഇപ്പോഴത്തേതിലും അഞ്ചിരട്ടിയേളമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3 വർഷത്തിനുള്ളിൽ 4000 കോടിയുടെ വിറ്റുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 

കോവിഡിൽ വലഞ്ഞ വസ്ത്രനിർമാണ മേഖലയ്ക്കു താങ്ങായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജുകളും കിറ്റെക്സ് ഓഹരികൾക്കു കരുത്തു പകർന്നിരുന്നു. അമേരിക്ക–ചൈന വ്യാപാരയുദ്ധം, ചൈനയിലെ ഊർജപ്രതിസന്ധി തുടങ്ങിയ രാജ്യാന്തര വിഷയങ്ങളും രാജ്യത്തെ പ്രമുഖ കയറ്റുമതിക്കാരായ കിറ്റെക്സിന്റെ ഓഹരി വിലയെ സ്വാധീനിക്കുന്നുണ്ട്. ചൈന–അമേരിക്ക വ്യാപാരയുദ്ധം ഇന്ത്യൻ കമ്പനികൾക്ക് ഇപ്പോൾ അനുകൂല ഘടകമാണ്. കിറ്റെക്സിന്റെ 7 കോടി ഓഹരികൾ മാത്രമാണ് വിപണിയിലുള്ളത്. ബുക് വാല്യു, പിഇ റേഷ്യോ തുടങ്ങിയ വിപണിയിലെ സാങ്കേതിക ഘടകങ്ങളും മികച്ചതാണ്. വസ്ത്രനിർമാണ രംഗത്തെ മികച്ച അടിസ്ഥാനമുള്ള കമ്പനിയെന്ന വിശേഷണവും ഓഹരികളെ നിക്ഷേപകർക്കു പ്രിയപ്പെട്ടതാക്കുന്നുണ്ട്.

English Summary: Despite Recent Controversies, Shares of Kitex Garments Show Good Growth