കേരളം ഇതിന് സന്നദ്ധമാകേണ്ടത്, പരിസ്ഥിതിക്ക് കാര്യമായ കോട്ടം തട്ടാതെ പൂർണമായും കോൺക്രീറ്റ് തൂണുകളുടെ മുകളിലൂടെ സഞ്ചരിക്കുന്ന ആകാശപാതയായി അത് പ്രാവർത്തികമാക്കാനുള്ള സാമ്പത്തികശേഷി എന്നാണോ നാം കൈവരിക്കുന്നത് അന്നു മാത്രമാണ്. ഇതിനെക്കുറിച്ച് അന്തിമാഭിപ്രായം പറയേണ്ടത് ഇ. ശ്രീധരനെപ്പോലുള്ള സാങ്കേതിക വിദഗ്ധരാണ്.... Silverline

കേരളം ഇതിന് സന്നദ്ധമാകേണ്ടത്, പരിസ്ഥിതിക്ക് കാര്യമായ കോട്ടം തട്ടാതെ പൂർണമായും കോൺക്രീറ്റ് തൂണുകളുടെ മുകളിലൂടെ സഞ്ചരിക്കുന്ന ആകാശപാതയായി അത് പ്രാവർത്തികമാക്കാനുള്ള സാമ്പത്തികശേഷി എന്നാണോ നാം കൈവരിക്കുന്നത് അന്നു മാത്രമാണ്. ഇതിനെക്കുറിച്ച് അന്തിമാഭിപ്രായം പറയേണ്ടത് ഇ. ശ്രീധരനെപ്പോലുള്ള സാങ്കേതിക വിദഗ്ധരാണ്.... Silverline

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം ഇതിന് സന്നദ്ധമാകേണ്ടത്, പരിസ്ഥിതിക്ക് കാര്യമായ കോട്ടം തട്ടാതെ പൂർണമായും കോൺക്രീറ്റ് തൂണുകളുടെ മുകളിലൂടെ സഞ്ചരിക്കുന്ന ആകാശപാതയായി അത് പ്രാവർത്തികമാക്കാനുള്ള സാമ്പത്തികശേഷി എന്നാണോ നാം കൈവരിക്കുന്നത് അന്നു മാത്രമാണ്. ഇതിനെക്കുറിച്ച് അന്തിമാഭിപ്രായം പറയേണ്ടത് ഇ. ശ്രീധരനെപ്പോലുള്ള സാങ്കേതിക വിദഗ്ധരാണ്.... Silverline

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വതന്ത്ര ഇന്ത്യയുടെ വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ഉദാത്തമായ കാഴ്ചപ്പാട് മുന്നോട്ടു വച്ചത് ‘മഹാത്മാവ്’ തന്നെയായിരുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ദുർബലരിൽ ദുർബലരായവർക്ക് എന്തു പ്രയോജനം ലഭിക്കും ഓരോ വികസന പദ്ധതിയിൽനിന്നും എന്നതായിരുന്നു അതിന്റെ അടിസ്ഥാനം. കേരളത്തിന്റെ മുഖ്യഭരണാധികാരി, ഇന്നും പാർശ്വവൽകൃത വിഭാഗങ്ങളായി കഴിയുന്ന ഏതെങ്കിലും ആദിവാസി ഊരുകളിൽ അവസാനമായി നടത്തിയ സന്ദർശനം എപ്പോഴായിരുന്നുവെന്ന് അറിയില്ല. അദ്ദേഹം അടിസ്ഥാനവർഗത്തിന്റെ പ്രതിനിധിയായിരുന്നുവെന്നറിയാം. ഇപ്പോഴുമാണോയെന്ന് ഉറപ്പില്ലതാനും. ആയിരുന്നെങ്കിൽ കേരളത്തിന്റെ ദുർബല വിഭാഗങ്ങളുടെയടക്കം അടിസ്ഥാനാവശ്യങ്ങൾക്ക് പുല്ലുവില പോലും കൽപിക്കാത്ത കെ റെയിൽ പദ്ധതിയുമായി ഇത്രവലിയ കടുംപിടുത്തത്തോടെ അദ്ദേഹം മുന്നോട്ടു പോകില്ലായിരുന്നു. 

കേരളത്തിന്റെ റെയിൽ–റോഡ് പൊതുഗതാഗത സംവിധാനങ്ങൾ നിലവിൽ ഉപയോഗിക്കുന്നത് 90 ശതമാനവും സാധാരണക്കാരാണല്ലോ. സിൽവർലൈൻ പദ്ധതിയുടെ ഉപഭോക്താക്കൾ പ്രത്യക്ഷത്തിൽ സാധാരണക്കാരനാകില്ല എന്നതു സ്വാഭാവികം. ബഹുഭൂരിപക്ഷം വരുന്ന ദരിദ്രനാരായണരുടെ യാത്രാക്ലേശങ്ങൾക്ക് അടിസ്ഥാനപരമായി പരിഹാരം കാണുന്നതിന് മുൻപ് വരേണ്യവർഗത്തിന്റെ താൽപര്യത്തിനായി നടപ്പിലാക്കുന്ന ഏത് പദ്ധതിയും ജനവിരുദ്ധം തന്നെ. ഈ നിലപാടില്ലാത്തവൻ എന്ത് ഇടതുപക്ഷമാണ്? 

ADVERTISEMENT

‘കാനത്തിന്റെ മാറ്റം അദ്ഭുതം തന്നെ!’

ഭാവികേരളത്തിന് അതിവേഗ റെയിൽ കോറിഡോർ ആവശ്യമാണെന്നതിൽ ആർക്കും തർക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ, കേരളം ഇതിന് സന്നദ്ധമാകേണ്ടത്, പരിസ്ഥിതിക്ക് കാര്യമായ കോട്ടം തട്ടാതെ പൂർണമായും കോൺക്രീറ്റ് തൂണുകളുടെ മുകളിലൂടെ സഞ്ചരിക്കുന്ന ആകാശപാതയായി അത് പ്രാവർത്തികമാക്കാനുള്ള സാമ്പത്തികശേഷി എന്നാണോ നാം കൈവരിക്കുന്നത് അന്നു മാത്രമാണ്. ഇതിനെക്കുറിച്ച് അന്തിമാഭിപ്രായം പറയേണ്ടത് ഇ. ശ്രീധരനെപ്പോലുള്ള സാങ്കേതിക വിദഗ്ധരാണ്. 

ഇ.ശ്രീധരൻ. ഫയൽ ചിത്രം: മനോരമ

കൺമുന്നിൽ കാണുന്ന നിലവിലെ പൊതുഗതാഗതത്തിന്റെ ദയനീയ സ്ഥിതിക്ക് നേരെ കണ്ണടച്ച് ഒരു ന്യൂനപക്ഷത്തിന് മിന്നൽ വേഗത്തിൽ സഞ്ചരിക്കാൻ പാതയൊരുക്കാൻ വെമ്പൽകൊള്ളുന്ന ഭരണാധികാരികളെ, അവരാരാണെങ്കിലും, സംശയിക്കുകതന്നെ വേണം. കെ റെയിൽ പദ്ധതി നിലവിൽ ജനങ്ങളിൽ സംശയം ജനിപ്പിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണല്ലോ മുഖ്യഭരണാധികാരി തന്നെ സമൂഹത്തെ ബോധ്യപ്പെടുത്താൻ നേരിട്ടിറങ്ങേണ്ടി വന്നത്. പക്ഷേ തിരുവനന്തപുരത്തും എറണാകുളത്തും നടന്ന ആദ്യയോഗത്തിൽ സാധാരണക്കാരന്റെ പ്രതിനിധികളുടെ പൊടിപോലും കണ്ടില്ല. 

ഒരു ഇരുനില വീട് പണിയുമ്പോൾ ഒന്നാംനില ഭദ്രമാക്കിയിട്ട് വേണം രണ്ടാംനില പണിയാനെന്നത് പ്രാഥമിക ജ്ഞാനമാണ്. മുഖ്യഭരണാധികാരിക്ക് മാത്രമല്ല കെ റെയിലിനെതിരെ എതിർപ്പുയർത്തുന്നവർ അജ്ഞാനികളാണെന്നു പറഞ്ഞ കാനം രാജേന്ദ്രനും ഈ അടിസ്ഥാന പ്രമാണം ഓതിക്കൊടുക്കേണ്ടുന്ന ഗതികേടിലാണ് കേരളം. ഉറക്കം നടിക്കുന്നവരെ ഉണർത്താനാകില്ലെന്നത് മറ്റൊരു കാര്യം. മഹാനായൊരു കമ്യൂണിസ്റ്റായിരുന്ന സി.കെ. ചന്ദ്രപ്പന്റെ പിൻഗാമിയായി സിപിഐയെ നയിക്കാനെത്തിയ കാനത്തിന്റെ മാറ്റം അദ്ഭുതം തന്നെ!

ADVERTISEMENT

സിപിഎമ്മും കേരള വികസനവും

1970കളിൽ അച്യുതമേനോൻ കാലഘട്ടത്തിൽ കേരളത്തിന്റെ അടിസ്ഥാന വികസനത്തെയും തൊഴിൽ സംസ്കാരത്തെയും നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ സിപിഎമ്മിന്റെ അട്ടിമറി രാഷ്ട്രീയം കാനം ഇത്രപെട്ടെന്ന് മറന്നോ? ‘നശിക്കട്ടെ’, ‘തുലയട്ടെ’ തുടങ്ങിയവയായിരുന്നുവല്ലോ അക്കാലങ്ങളിൽ അവരുടെ ഇഷ്ടമുദ്രാവാക്യങ്ങൾ! എന്നാൽ ഇന്ന് കേരളം ഭരിക്കുന്ന അവരോട് പറയാനുള്ളത് അസംബന്ധത്തിന് കയ്യും കാലും വച്ചാൽ അതെന്താണോ അതാണ് വർത്തമാന കേരളത്തെ സംബന്ധിച്ചിടത്തോളം കെ റെയിൽ പദ്ധതിയെന്നാണ്. ഈ പദ്ധതിയെ കുറിച്ച് പ്രാഥമിക ധാരണയുള്ള ഏതൊരാൾക്കും ഇത് ബോധ്യപ്പെടും. എന്നിട്ടുമെന്തേ സി. അച്യുതമേനോന്റെ പഴയകാല ശിഷ്യന് അത് ബോധ്യപ്പെടുന്നില്ല?

പിണറായി വിജയനും കാനം രാജേന്ദ്രനും. ചിത്രം: മനോരമ

1957ലെ പ്രഥമ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ സി. അച്യുതമേനോൻ തയാറാക്കിയത് ‘ഐശ്വര്യപൂർണമായ കേരളം’ എന്ന ലഘുലേഖ അടിസ്ഥാനപ്പെടുത്തിയായിരുന്നല്ലോ. പിണറായി വിജയൻ അതു വായിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ കാനം വായിച്ചിരിക്കും. വികസനത്തിന്റെ അടിസ്ഥാന പ്രമാണം ഒരു കമ്യൂണിസ്റ്റുകാരനെ സംബന്ധിച്ചിടത്തോളം എന്തായിരിക്കുമെന്നറിയണമെങ്കിൽ ഇന്നും പ്രസക്തിയുള്ള പ്രസ്തുത മാനിഫെസ്റ്റോ വായിച്ചിരിക്കണം.

ആധുനിക കേരളത്തെ ശരിയായ വികസനപാതയിലെത്തിച്ച ഭരണാധികാരികളിൽ ഒന്നാമൻ സി. അച്യുതമേനോനാണ്. പ്രസ്തുത ഭരണനേട്ടങ്ങളെ നിരാകരിച്ച് ആ ഭരണത്തെ ‘ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ലജ്ജാകരമായ ഏട്’ എന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് അച്യുതമേനോൻ ഒരിക്കൽ അലങ്കരിച്ച അതേ കസേരയിൽ ഇന്ന് ഇരിക്കുന്നതെന്ന വസ്തുത അറിയാത്ത ആളല്ലല്ലോ കാനം രാജേന്ദ്രൻ. 

ADVERTISEMENT

ഭൂപരിഷ്കരണ നിയമം ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടേത് കൂടാതെ കോൺഗ്രസിന്റെയും മുസ്​ലിം ലീഗിന്റെയും വോട്ടോടുകൂടി 1969 ൽ കേരള നിയമസഭ പാസാക്കിയ ചരിത്രമാണ് നമുക്കുള്ളത്. 1970കളിൽ കേരളമാവശ്യപ്പെട്ടത് ഭൂപരിഷ്കരണത്തെ തുടർന്നുള്ള വികസനമാണ്. ഈയൊരു തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അച്യുതമേനോൻ സർക്കാർ കേരളത്തിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികൾ തയാറാക്കിയതും വലിയ ഒരളവോളം നടപ്പിലാക്കിയതും.

സി.അച്യുതമേനോൻ

ആരോഗ്യ–വിദ്യാഭ്യാസ മേഖലയിൽ സമൂലപരിഷ്കാരം കൊണ്ടുവന്നു. കേരളത്തിൽ ഇന്നും തലയുയർത്തി നിൽക്കുന്ന ഭൂരിഭാഗം ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾക്കും തുടക്കംകുറിച്ചതും അത് കേരള മോഡൽ വികസനമായി പരിണമിച്ചതും അച്യുതമേനോൻ സർക്കാരിന്റെ നേട്ടങ്ങളാണ്. ആധുനിക കാലഘട്ടത്തിലെ വികസനമെന്തെന്ന് മലയാളിയെ പഠിപ്പിച്ച പ്രസ്തുത സർക്കാരിന്റെ ഭരണകാലഘട്ടം എങ്ങനെയാണ് ലജ്ജാകരമായ ഏടാകുന്നത്? കാനത്തിന്റെ മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ നിലപാട് തിരുത്തിയോ?

‘പാടത്തിട്ട് ട്രാക്ടർ കത്തിച്ച സിപിഎം’

അച്യുതമേനോനും എമ്മെനും ടി.വി.യും എന്നും വികസന പ്രക്രിയയിൽ പാവപ്പെട്ടവനെ ചേർത്ത് പിടിച്ചിരുന്നു. അതിന്റെ ഫലമാണ് അക്കാലത്ത് നടപ്പിലായ ദിനേശ് ബീഡി പ്രസ്ഥാനവും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും ലക്ഷംവീട് പദ്ധതികളുമെല്ലാം. എന്നാൽ സിപിഎം എഴുപതുകളിൽ ഉടനീളം നടപ്പിലാക്കിയത് മേൽ സൂചിപ്പിച്ച വികസന പ്രക്രിയകളെ തടയാൻ ലക്ഷ്യമിട്ടുള്ള, പരിഷ്കൃത സമൂഹത്തെ വെറുപ്പിക്കുന്ന തരത്തിലുള്ള അക്രമ നയങ്ങളായിരുന്നു. ഇഎംഎസ് പോലും ഈ തീക്കളിക്ക് മൗനാനുവാദം നൽകിയെന്നത് അദ്ഭുതപ്പെടുത്തുന്നു. 

ഇഎംഎസ് നമ്പൂതിരിപ്പാട്. ഫയൽ ചിത്രം: മനോരമ

നിയമസഭയ്ക്കകത്ത് അച്യുതമേനോന് നേരെ ചെരിപ്പെറിഞ്ഞ സംഭവം വരെയെത്തി കാര്യങ്ങൾ. ഇന്ന് ഭരണത്തിലിരിക്കുന്ന സിപിഎം നേതാക്കൾ വികസനത്തെ കുറിച്ച് നടത്തുന്ന ഉദ്ബോധനങ്ങൾ കേൾക്കുമ്പോൾ പുച്ഛം തോന്നുന്നു. എങ്കിൽ പഴയതെല്ലാം തെറ്റായിപ്പോയെന്ന് പരസ്യമായി ഏറ്റുപറയുന്നതല്ലേ രാഷ്ട്രീയ സത്യസന്ധത? ഭൂപരിഷ്കരണത്തെ തുടർന്ന് നടപ്പിലാക്കേണ്ടിയിരുന്ന കാർഷിക രംഗത്തെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി അച്യുതമേനോൻ സർക്കാർ ആദ്യമായി പാടത്തിറക്കിയ ട്രാക്ടറുകൾ കത്തിക്കുകയായിരുന്നു സിപിഎമ്മിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഒരു ‘കലാപരിപാടി’! 

ലക്ഷംവീടുകളുടെ നിർമാണ വേളയിൽ നിർമിച്ച തറകൾ ഇളക്കിയും ഇലക്ട്രിക് ട്രാൻസ്ഫോമറുകൾ അട്ടിമറിച്ചും കെഎസ്ആർടിസി ബസുകൾ അഗ്നിക്കിരയാക്കിയും (യാത്രക്കാർ വെന്തുമരിച്ച മട്ടന്നൂർ സംഭവം കേരളം മറക്കില്ല), അടിക്കടിയുള്ള ബന്ദുകളും രാഷ്ട്രീയ പ്രതിയോഗികളെ, പ്രത്യേകിച്ച് സിപിഐ നേതാക്കളെയും പ്രവർത്തകരെയും കായികമായി നേരിട്ടും എല്ലാം അച്യുതമേനോൻ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ തകർക്കാൻ സിപിഎം ശ്രമിച്ചു. കാനം രാജേന്ദ്രൻ എത്ര സൗകര്യപൂർവം ഇതെല്ലാം മറക്കുന്നു? 

ചിത്രം: AFP

എഴുപതുകൾ പിന്നിട്ടിട്ടും സിപിഎമ്മിന്റെ ഈ വികസന വിരുദ്ധ നിലപാട് അവസാനിച്ചില്ല. കണ്ണൂർ സർവകലാശാല ആരംഭിക്കുവാൻ യുഡിഎഫ് സർക്കാർ മുന്നോട്ട് വന്നപ്പോൾ കോഴിക്കോടുള്ളപ്പോൾ കണ്ണൂരിൽ എന്തിന് സർവകലാശാല എന്ന് ചോദിച്ചത് ഇഎംഎസ് തന്നെയായിരുന്നു. സ്വാശ്രയ കോളജിനെതിരെ എന്നു പറഞ്ഞ് പരിയാരം മെഡിക്കൽ കോളജിനെതിരെ സിപിഎം നടത്തിയ സമരം കുപ്രസിദ്ധമായിരുന്നല്ലൊ. ഒടുവിലെന്തായി? സിപിഎം നേതാക്കൾ തന്നെ സ്വാശ്രയ കോളേജുകളുടെ നടത്തിപ്പുകാരും ഗുണഭോക്താക്കളുമായി മാറി. കംപ്യൂട്ടർവൽക്കരണം പോലും ജനവിരുദ്ധമായി വ്യാഖ്യാനിക്കപ്പെട്ടില്ലേ? ഇന്ന് സ്മാർട് ഫോണും ലാപ്ടോപുമില്ലാതെ എത്ര സിപിഎം നേതാക്കളുണ്ട്?

അതിവേഗ റെയിൽപാത അനിവാര്യം

ഒരു അതിവേഗ റെയിൽപ്പാത ഭാവികേരളത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതാകാം. അത് എന്ത്, എങ്ങിനെ, എപ്പോൾ എന്നതിനെ കുറിച്ച് സമഗ്രമായ പഠനമാണ് ആദ്യം നടക്കേണ്ടത്. കേരളത്തിലെ ഓരോ ജില്ലാ ആശുപത്രിയിലും അത്യാധുനിക സൗകര്യത്തോടുകൂടി ഒരു ട്രോമാകെയർ സെന്റർ, ദുർബല ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നാഷണൽ ഹൈവേ ഇരട്ടിപ്പ്, അനുബന്ധ റോഡുകളുടെ വികസനം, നിലവിലെ റെയിൽപാതയുടെ വികസനം, വേഗത കൂട്ടാൻ ഇലകട്രോണിക് സിഗ്നലിങ് സംവിധാനം, മലയോര–തീരദേശ ഹൈവേകൾ, സംസ്ഥാന ജലപാത തുടങ്ങിയ അടിയന്തര അടിസ്ഥാന വികസന പദ്ധതികൾ മുഴുവൻ മറികടന്ന് കെ റെയിൽ പദ്ധതിക്ക് എങ്ങനെ പ്രഥമ പരിഗണന വന്നു? പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് പൊതുസമൂഹം സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ?

‘മിന്നൽ മുരളി’ ഇഫക്ട്

ദേശീയ പാതയുടെ വികസന പ്രവൃത്തി ഇപ്പോൾ തകൃതിയിൽ നടക്കുന്നുണ്ട്. മാറിമാറി വന്ന സർക്കാരുകളുടെ കഴിവും കഴിവുകേടും ഒരേസമയം പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിൽ ഉടനീളം ദർശിക്കാം. കഴിഞ്ഞ അഞ്ച് വർഷം അര മീറ്റർ ദേശീയപാത ഇരട്ടിപ്പ് നടന്നുവോ? ഇപ്പോൾ ഇതിന്റെ പ്രവർത്തന പുരോഗതിയുമായി ബന്ധപ്പെട്ട് ‘മിന്നൽ മുരളി’ മാതൃകയിലുള്ള ‘സൂപ്പർമാൻ’ ഇഫക്ടിനെ കുറിച്ച് കേൾക്കാനിടവരുന്നുണ്ട്. ഇത് ശുദ്ധ അസംബന്ധമാണ്. കണ്ണൂർ വിമാനത്താവളം എൽഡിഎഫിന്റെ നേട്ടമാണെന്നുള്ള തെറ്റായ പ്രചാരണം പോലെ സത്യവിരുദ്ധമാണിത്. 

കണ്ണൂർ വിമാനത്താവളം. ഫയൽ ചിത്രം: മനോരമ

ജനകീയാസൂത്രണവും കുടുംബശ്രീ പ്രസ്ഥാനവും പോലെ 1980കൾ മുതൽ മാതൃകാപരമായ വികസന ഇടപെടലുകൾ നടത്തിയ സിപിഎം ഇപ്പോൾ എട്ടുകാലി മമ്മൂഞ്ഞിന്റെ റോൾ എടുക്കാതിരിക്കുകയായിരിക്കും ബുദ്ധി. അല്ലെങ്കിൽ അത് പരിഹാസ്യമാകും. ചിലർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അച്യുതമേനോനെപോലെ ഒരു കഴിവുറ്റ ഭരണാധികാരി അവശേഷിപ്പിച്ച മാതൃക മലയാളി മറക്കില്ല. പണ്ഡിറ്റ് നെഹ്റുവിന്റെ നേട്ടങ്ങളെ തലമുറകളിൽനിന്ന് മറയ്ക്കാൻ ഒരു നരേന്ദ്രമോദി വിചാരിച്ചാൽ സാധ്യമാണോ? 

ജനമനസ്സിൽ ഇടം നേടാൻ നേർബുദ്ധിയുള്ള ഒരു ഭരണാധികാരി ചെയ്യേണ്ടത് മഹാരഥന്മാരെ മാതൃകയാക്കുകയാണ്. അല്ലാതെ അനവസരത്തിൽ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ ഇതിനകംതന്നെ പെട്ട് ഉഴലുമ്പോൾ കണ്ണുംപൂട്ടി നടപ്പിലാക്കേണ്ട ഒരു പദ്ധതിയല്ല കെ റെയിൽ പദ്ധതി പോലെ ഒന്ന്. ഇന്നത്തെ അവസ്ഥയിൽ പരിസ്ഥിതിയെ അടക്കം മറന്നുള്ള ഈ നീക്കം തീക്കളിയാണ്. ജനകീയ ഇടപെടലിലൂടെ ഇത് തടഞ്ഞില്ലെങ്കിൽ ഭാവികേരളം വലിയ വിലകൊടുക്കേണ്ടിവരും.

ഡോ. അജയകുമാർ കോടോത്ത്.

(പ്രമുഖ ഗാന്ധിയൻ കമ്യൂണിസ്റ്റ് കെ. മാധവന്റെ പുത്രനാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary: Dr Ajayakumar Kodoth writes about Silven Line and CPM's Derailed Projects from the Past