റിപ്പോർട്ട് പരസ്യപ്പെടുത്താനോ, നടപടിയെടുക്കാനോ സാധിക്കില്ലെങ്കിൽ പിന്നെ ഒരു കോടി രൂപ ചെലവിട്ട് ഈ കമ്മിറ്റിയെ നിയോഗിച്ചത് എന്തിനാണെന്നു സമിതിയുടെ രൂപീകരണത്തിനു പിന്നിൽ പ്രവർത്തിച്ച വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) പ്രവർത്തകരുടെ ചോദ്യം...WCC, Justice Hema Committee Report

റിപ്പോർട്ട് പരസ്യപ്പെടുത്താനോ, നടപടിയെടുക്കാനോ സാധിക്കില്ലെങ്കിൽ പിന്നെ ഒരു കോടി രൂപ ചെലവിട്ട് ഈ കമ്മിറ്റിയെ നിയോഗിച്ചത് എന്തിനാണെന്നു സമിതിയുടെ രൂപീകരണത്തിനു പിന്നിൽ പ്രവർത്തിച്ച വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) പ്രവർത്തകരുടെ ചോദ്യം...WCC, Justice Hema Committee Report

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിപ്പോർട്ട് പരസ്യപ്പെടുത്താനോ, നടപടിയെടുക്കാനോ സാധിക്കില്ലെങ്കിൽ പിന്നെ ഒരു കോടി രൂപ ചെലവിട്ട് ഈ കമ്മിറ്റിയെ നിയോഗിച്ചത് എന്തിനാണെന്നു സമിതിയുടെ രൂപീകരണത്തിനു പിന്നിൽ പ്രവർത്തിച്ച വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) പ്രവർത്തകരുടെ ചോദ്യം...WCC, Justice Hema Committee Report

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും തൊഴിൽ സാഹചര്യവും പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പരസ്യപ്പെടുത്താൻ കഴിയില്ലെന്നു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയാണ്. കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ 1.06 കോടി രൂപ (1,06,55000) രൂപ ചെലവഴിച്ചെന്നാണ് വിവരാവകാശ രേഖകൾ. 2019 ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. 

റിപ്പോർട്ട് പരസ്യപ്പെടുത്താനോ, നടപടിയെടുക്കാനോ സാധിക്കില്ലെങ്കിൽ പിന്നെ ഒരു കോടി രൂപ ചെലവിട്ട് ഈ കമ്മിറ്റിയെ നിയോഗിച്ചത് എന്തിനാണെന്നു സമിതിയുടെ രൂപീകരണത്തിനു പിന്നിൽ പ്രവർത്തിച്ച വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) പ്രവർത്തകരുടെ ചോദ്യം. പൊതുഖജനാവിൽനിന്നു പണം ചെലവിട്ടു നിയമിച്ച കമ്മിഷന്റെ കണ്ടെത്തലുകൾ പൊതുജനം അറിയേണ്ടതല്ലേയെന്നും ഇവർ ചോദിക്കുന്നു. 

ADVERTISEMENT

നാലര വർഷം മുൻപ് നിയമനം; റിപ്പോർട്ട് സമർപ്പിച്ച് 2 വർഷം 

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും തൊഴിൽ സാഹചര്യവും പഠിക്കാൻ മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ സർക്കാർ നിയമിച്ചത് 2017 ജൂൺ 15ന്. ആറു മാസം കൊണ്ടു റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്നത്തെ സാംസ്കാരിക മന്ത്രി പ്രഖ്യാപിച്ചെങ്കിലും കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് രണ്ടര വർഷം കഴിഞ്ഞ് 2019 ഡിസംബർ 31ന്. ഇതിനിടെ പലവട്ടം കമ്മിറ്റിയുടെ കാലാവധി നീട്ടി നൽകി. പ്രശസ്ത നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങൾ. 

ജസ്റ്റിസ് കെ. ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു സിനിമാമേഖലയിലെ വനിതകൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. 2017 ജൂണിൽ നിയമിച്ച കമ്മിഷന് ഓഫിസ് അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കാത്തതിനാൽ 6 മാസത്തോളം വെറുതേ ഇരിക്കേണ്ടി വന്നു. ചലച്ചിത്ര അക്കാദമി വഴിയാണു പിന്നീടു പണം അനുവദിച്ചത്. ഓഫിസ് സൗകര്യങ്ങളും ജീവനക്കാരുമെത്താൻ വീണ്ടും കാലതാമസമുണ്ടായി. 

ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നു പ്രഖ്യാപിച്ച കമ്മിറ്റി ഒരു വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാതെ വന്നതോടെ ചലച്ചിത്ര മേഖലയിൽ നിന്നു തന്നെ പ്രതിഷേധം ഉയർന്നു. റിപ്പോർട്ട് വൈകിയതോടെ ഡബ്ല്യുസിസി മുഖ്യമന്ത്രിക്കു പരാതി നൽകി. സർക്കാർ കമ്മിറ്റിക്കു വീണ്ടും സമയം നീട്ടി നൽകി. ഒന്നര വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാതായതോടെ വീണ്ടും സമാന പ്രതിഷേധമുയർന്നു. സിനിമാമേഖലയിലെ സ്ത്രീകൾ എന്നാൽ നടിമാർ മാത്രമല്ലെന്നും  25 വിഭാഗം സ്ത്രീകൾ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നുമായിരുന്നു അന്നു കമ്മിറ്റി അധ്യക്ഷയുടെ പ്രതികരണം. 

സിനിമാ മേഖലയിൽ സ്ത്രീകൾക്ക് ഒരു പ്രശ്നവും ഇല്ല എന്നാണ് ഇവിടെയുള്ളവർ പറയുന്നത്. എന്നാൽ ഇവിടെ ചില പ്രശ്നങ്ങൾ ഉണ്ട് എന്നു തെളിയിക്കാൻ കമ്മിഷന്റെ റിപ്പോർട്ട് സഹായകരമാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. നിയമസാധുതയില്ലാത്ത ഒരു കമ്മിറ്റിയെ സർക്കാർ എന്തിനാണ് നിയോഗിച്ചത്?

ADVERTISEMENT

ഓരോ മേഖലയിലെ സ്ത്രീകൾക്കും അവരുടെതായ പ്രശ്നങ്ങളുണ്ട്. അവ ഒരോന്നായി പഠിച്ചു പരിഹാരം നിർദേശിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. പിന്നാലെ സർക്കാർ കമ്മിറ്റിയുടെ കാലാവധി ആറു മാസം കൂടി നീട്ടി നൽകി. 2018 മേയ് 16 മുതൽ 6 മാസത്തേക്ക് കൂടിയാണ് ആദ്യം കാലാവധി നീട്ടിയത്. 2018 നവംബറിൽ കാലാവധി അവസാനിച്ചപ്പോൾ ഇനി കാലാവധി നീട്ടില്ലെന്ന വ്യവസ്ഥയോടെ 2019 മാർച്ച് 31വരെ നീട്ടി. റിപ്പോർട്ട് സമർപ്പിക്കാൻ കഴിയാത്തതിനെത്തുടർന്നു വീണ്ടും കാലാവധി നീട്ടി നൽകി. ഒടുവിൽ കമ്മിറ്റി രൂപീകരിച്ചു രണ്ടര വർഷത്തിനു ശേഷം 2019 ഡിസംബർ 31ന് ഹേമ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. എന്നാൽ രണ്ടു വർഷമായിട്ടും റിപ്പോർട്ട് പുറത്തുവിടാനോ റിപ്പോർട്ടിൽ നിർദേശിച്ച നടപടികൾ സ്വീകരിക്കാനോ സർക്കാർ തയാറായിട്ടില്ല. 

കാസ്റ്റിങ് കൗച്ച് മലയാളത്തിലും?

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഗുരുതര വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിലുള്ളതെന്ന സൂചന റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ച ശേഷം കമ്മിറ്റി അംഗങ്ങൾ തന്നെ പങ്കുവച്ചിരുന്നു. സിനിമയിൽ അവസരത്തിനായി കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നതായും മറ്റു രീതിയിൽ ചൂഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമ്മിഷനെ അറിയിച്ചു. ഇതിനു പിൻബലം നൽകുന്ന ഓഡിയോ ക്ലിപ്പുകളും മെസേജുകളും ചിലർ ഹാജരാക്കി. 

ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ഇതു ചോദിച്ചാൽ മോശമായി പ്രതികരിക്കുന്നവരുണ്ടെന്നും ചിലർ പരാതിപ്പെട്ടു. ചലച്ചിത്ര രംഗത്തെ ലഹരി ഉപയോഗം, നടിമാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ എന്നിവയും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ലഹരിമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം വർധിക്കുന്നത് അപകടകരമായ സാഹചര്യത്തിലേക്കു നീങ്ങുകയാണെന്നു പലരും കമ്മിഷനെ അറിയിച്ചു. ചലച്ചിത്ര രംഗത്തു പുരുഷന്മാരും പല വിധത്തിലുള്ള ചൂഷണങ്ങൾ നേരിടുന്നതും കമ്മിഷനു ബോധ്യപ്പെട്ടു. 

വനിതാകമ്മിഷൻ അധ്യക്ഷ പി.സതീദേവി.
ADVERTISEMENT

ചിലർക്ക് അവസരം നൽകാനും മറ്റു ചിലരെ പുറത്താക്കാനും വിലക്കാനുമുള്ള ശക്തമായ ലോബി ഈ രംഗത്തുണ്ട്. പ്രശസ്തരെ പോലും ഇതു ബാധിക്കുന്നു. ഈ രംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളും പുരുഷന്മാരുമായി കമ്മിഷൻ സംസാരിച്ചിരുന്നു. പുറമേ സംഘടനാ പ്രതിനിധികളിൽ നിന്നും വിവരം തേടി. റിപ്പോർട്ട് സമർപ്പിച്ച ശേഷം കമ്മിറ്റി അംഗങ്ങൾ തന്നെയാണ് റിപ്പോർട്ടിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചനകൾ മാധ്യമങ്ങളുമായി പങ്കുവച്ചത്. മലയാള സിനിമയിലെ പല പ്രമുഖരുടെയും പേരുകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും പ്രചാരണമുണ്ട്. 

കമ്മിറ്റി ശുപാർശ ചെയ്തത് നിയമവും ട്രിബ്യൂണലും 

ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം അനിവാര്യമാണെന്നും ട്രിബ്യൂണൽ രൂപീകരിക്കണമെന്നുമായിരുന്നു ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശ. ചലച്ചിത്രരംഗത്തു വനിതകൾ ലിംഗപരവും തൊഴിൽപരവുമായ വിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്നും നിയമനടപടി മാത്രമാണ് ഈ അനീതിക്കു പരിഹാരമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. കുറ്റവാളികളെ നിശ്ചിത കാലത്തേക്കു ചലച്ചിത്രരംഗത്തുനിന്നു മാറ്റി നിർത്തണം. ഇതിനുള്ള അധികാരവും ട്രൈബ്യൂണലിനു നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങളുടെ സാധ്യത കൂടി പരിഗണിച്ച ശേഷമാണു കമ്മിറ്റി 300 പേജുള്ള റിപ്പോ‍ർട്ട് തയാറാക്കിയത്. 

പരസ്യമാക്കാനാവില്ല; റിപ്പോർട്ട് പഠിക്കാൻ മറ്റൊരു കമ്മിറ്റി 

റിപ്പോർട്ട് സമർപ്പിച്ചു രണ്ടു വർഷം കഴിഞ്ഞിട്ടും നടപടിയൊന്നും ഇല്ലാതായതാടെയാണ് ഡബ്ല്യുസിസി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി പ്രതിനിധികൾ കഴിഞ്ഞ ദിവസം സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയെ സന്ദർശിച്ചപ്പോഴാണ് റിപ്പോർട്ട് പരസ്യപ്പെടുത്താനാവില്ലെന്ന സർക്കാർ നിലപാട് പരസ്യമായത്. ജസ്റ്റിസ് ഹേമയുടെ അധ്യക്ഷതയിലുള്ള സമിതി എൻക്വയറി കമ്മിഷൻ ആക്ട് അനുസരിച്ചുള്ള കമ്മിഷനല്ല, കമ്മിറ്റിയാണെന്നും അതുകൊണ്ട് റിപ്പോർട്ട് നിയമസഭയിൽ വയ്ക്കേണ്ട കാര്യമില്ലെന്നുമാണ് കഴിഞ്ഞ മന്ത്രിസഭയിലെ സാംസ്കാരിക മന്ത്രി അറിയിച്ചതെന്നു പി.സതീദേവി വ്യക്തമാക്കി. 

അടൂർ കമ്മിറ്റിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തുകയും ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് രഹസ്യമാക്കി വച്ചിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? പൊതു ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ചു പ്രവർത്തിച്ച ഒരു കമ്മിറ്റിയുടെ കണ്ടെത്തലുകൾ പൊതുജനം അറിയേണ്ടതല്ലേ?

കമ്മിറ്റി രൂപീകരിച്ചു നാലര വർഷമായെങ്കിലും ഇപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നായിരുന്നു ഡബ്ല്യുസിസി അംഗങ്ങളുടെ പ്രതികരണം. നിയമസാധുതയില്ലാത്ത ഒരു കമ്മിറ്റിക്കു വേണ്ടിയാണോ തങ്ങളുടെ വിലപ്പെട്ട സമയം ചെലവഴിച്ചതെന്നും അവർ ചോദിക്കുന്നു. എന്നാൽ റിപ്പോർട്ട് പരിശോധിച്ചു സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നും നിയമനിർമാണം നടത്തണമെന്നുമാണു വനിതാ കമ്മിഷൻ പറയുന്നത്. റിപ്പോർട്ടിലെ ശുപാർശകളെക്കുറിച്ച് പഠിക്കാനായി ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ കഴിഞ്ഞ ദിവസം സർക്കാർ നിയോഗിച്ചു. റിപ്പോർട്ടിലെ ശുപാർശകൾ എങ്ങനെ നടപ്പാക്കും എന്നു പഠിക്കുകയാണ് ലക്ഷ്യം. 

സാംസ്കാരിക വകുപ്പിലെ ഡപ്യൂട്ടി സെക്രട്ടറിയും നിയമവകുപ്പിലെ അണ്ടർ സെക്രട്ടറിയുമാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. രണ്ടര വർഷം കൊണ്ട് ഒരു കമ്മിറ്റി പഠിച്ചു തയാറാക്കിയ റിപ്പോർട്ടിനെക്കുറിച്ച് വീണ്ടും പഠിക്കാൻ രണ്ടു വർഷത്തിനു ശേഷം സർക്കാർ നിയോഗിക്കുന്ന ഈ കമ്മിറ്റി എത്ര നാൾ കൊണ്ട് റിപ്പോർട്ട് സമർപ്പിക്കുമെന്നറിയാനാണ് ഇനി കാത്തിരിപ്പ്. 

പൊതുപണം ചെലവഴിച്ച റിപ്പോർട്ട് പൊതുജനം അറിയണ്ടേ: ദീദി ദാമോദരൻ

ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തിയ സർക്കാരിന് ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്താൻ എന്താണു തടസ്സമെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ ചോദിക്കുന്നു. ‘അടൂർ കമ്മിറ്റിയും ജസ്റ്റിസ് ഹേമ കമ്മിറ്റിയും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. ഇതിൽ അടൂർ കമ്മിറ്റിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തുകയും ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് രഹസ്യമാക്കി വച്ചിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?. പൊതു ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ചു പ്രവർത്തിച്ച ഒരു കമ്മിറ്റിയുടെ കണ്ടെത്തലുകൾ പൊതുജനം അറിയേണ്ടതല്ലേ? 

ദീദി ദാമോദരൻ.

ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുന്നിൽ ഏറെ പ്രതീക്ഷയോടെയാണ് മൊഴി നൽകിയത്. ഒരു ദിവസം കോഴിക്കോട് നിന്ന് എറണാകുളം വരെ പോയി മൊഴി നൽകി. മറ്റൊരു ദിവസം ഈ മൊഴി വായിച്ചു കേൾക്കാനായി വീണ്ടും എറണാകുളത്ത് പോയി. മൊഴി രേഖപ്പെടുത്തിയ രീതിയിൽ തൃപ്തയായിരുന്നു എന്നു മാത്രമല്ല, ഏറെ പ്രതീക്ഷയും ഉണ്ടായിരുന്നു. ഇതിൽ എന്തെങ്കിലും നടപടി ഉണ്ടാകുമെന്നല്ല, ഈ കമ്മിറ്റിയുടെ കണ്ടെത്തലുകൾ കേരളം ചർച്ച ചെയ്യുമല്ലോ എന്നായിരുന്നു ആ പ്രതീക്ഷ – ദീദി ദാമോദരൻ പറഞ്ഞു. 

പേരുകളല്ല; പ്രശ്നങ്ങളാണ് പ്രധാനം: അഞ്ജലി മേനോൻ 

സിനിമാ മേഖലയിൽ സ്ത്രീകൾക്ക് ഒരു പ്രശ്നവും ഇല്ല എന്നാണ് ഇവിടെയുള്ളവർ പറയുന്നത്. എന്നാൽ ഇവിടെ ചില പ്രശ്നങ്ങൾ ഉണ്ട് എന്നു തെളിയിക്കാൻ കമ്മിഷന്റെ റിപ്പോർട്ട് സഹായകരമാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് സംവിധായിക അഞ്ജലി മേനോൻ. ‘സിനിമാ മേഖലയിൽ നടക്കുന്ന ഒട്ടേറെ നിയമലംഘനങ്ങൾ കമ്മിഷൻ മനസ്സിലാക്കിയിട്ടുണ്ട്. അത് പരസ്യമാക്കാൻ എന്താണു തടസ്സം? പേരുകൾ അല്ല പ്രധാനം. അതിൽ ഞങ്ങൾക്കും താൽപര്യമില്ല. പക്ഷേ ഈ മേഖലയിലെ പ്രശ്നങ്ങൾ പുറത്തുവരണം. അതിന് പരിഹാരമുണ്ടാവണം.

അഞ്ജലി മേനോൻ (ചിത്രത്തിനു കടപ്പാട്: ഫെയ്‌സ്ബുക്)

നിയമസാധുതയില്ലാത്ത ഒരു കമ്മിറ്റിയെ സർക്കാർ എന്തിനാണ് നിയോഗിച്ചത്? ഞങ്ങളുടെ കൂടെ അധ്വാനവും സമയവും ഈ കമ്മിഷൻ റിപ്പോർട്ടിനു പിന്നിലുണ്ട്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഡബ്ല്യുസിസി കമ്മിഷനെ സഹായിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ എഴുതി നൽകിയിട്ടുണ്ട്. സിനിമാരംഗത്തു സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ‘സഖി’ എന്ന സംഘടനയുമായി സഹകരിച്ച് ഡബ്ല്യുസിസി നടത്തിയ പഠനത്തിലെ കണ്ടെത്തലുകളും നിർദേശങ്ങളും കമ്മിഷന് സമർപ്പിച്ചിരുന്നു. ഞങ്ങളുടെ അധ്വാനവും വിലപ്പെട്ട സമയവുമെല്ലാം ഈ കമ്മിഷന്റെ പ്രവർത്തനത്തിനു വേണ്ടി നൽകിയിട്ടുണ്ട്’. –അഞ്ജലി മേനോൻ പറഞ്ഞു. 

English Summary: Why Kerala Govt. is Hiding the Details of Hema Committee Report from Public?