വിഐപിയുടെ മനസിലെ കള്ളത്തരത്തിന്റെ പൂട്ട് പൊളിക്കുന്ന കാക്കിപ്പടയുടെ തന്ത്രമെന്താണ്? മറുപടികൾ മൗനത്തിലൊളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ കുടുക്കിട്ടു പിടിച്ച് സത്യത്തിന്റെ വാതിൽ തുറക്കുന്നതെങ്ങനെ? kerala police, actress attack case, investigation, interrogation

വിഐപിയുടെ മനസിലെ കള്ളത്തരത്തിന്റെ പൂട്ട് പൊളിക്കുന്ന കാക്കിപ്പടയുടെ തന്ത്രമെന്താണ്? മറുപടികൾ മൗനത്തിലൊളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ കുടുക്കിട്ടു പിടിച്ച് സത്യത്തിന്റെ വാതിൽ തുറക്കുന്നതെങ്ങനെ? kerala police, actress attack case, investigation, interrogation

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഐപിയുടെ മനസിലെ കള്ളത്തരത്തിന്റെ പൂട്ട് പൊളിക്കുന്ന കാക്കിപ്പടയുടെ തന്ത്രമെന്താണ്? മറുപടികൾ മൗനത്തിലൊളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ കുടുക്കിട്ടു പിടിച്ച് സത്യത്തിന്റെ വാതിൽ തുറക്കുന്നതെങ്ങനെ? kerala police, actress attack case, investigation, interrogation

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോക്കറ്റടിക്കാരനെയോ മാല മോഷ്ടാവിനെയോ ‘കൈകാര്യം’ ചെയ്യുന്നതു പോലയല്ല വിഐപി പരിവേഷമുള്ള ഒരു വ്യക്തിയെ പൊലീസ് ചോദ്യം ചെയ്യുക. കൊത്തിക്കീറുന്ന ചോദ്യങ്ങളെ പ്രതിരോധിക്കാൻ തയ്യാറെടുപ്പുകളുമായി വരുന്ന വിഐപിയുടെ മനസിലെ കള്ളത്തരത്തിന്റെ പൂട്ട് പൊളിക്കുന്ന കാക്കിപ്പടയുടെ തന്ത്രമെന്താണ്? മറുപടികൾ മൗനത്തിലൊളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ കുടുക്കിട്ടു പിടിച്ച് സത്യത്തിന്റെ വാതിൽ തുറക്കുന്നതെങ്ങനെ? നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ ചോദ്യമുറിയിൽ സംഭവിക്കുന്നത് എന്തൊക്കെയായിരിക്കും?

 

ADVERTISEMENT

അടി, ഇടി, തൊഴി....
രോമം പിഴുതെടുക്കൽ...
പിന്നെ ‘ഗരുഡൻ തൂക്കം’..ഐസുകട്ടയിലരുത്തൽ...
മുളകരച്ചു കണ്ണിൽ തേക്കൽ....മൊട്ടുസൂചി പ്രയോഗം....
എന്നിട്ടും സത്യം പറഞ്ഞില്ലെങ്കിൽ ബെഞ്ചിൽ കിടത്തി കാലിൽ ഇരുമ്പുലക്ക കൊണ്ട് ‘ഉരുട്ടൽ’...

 

കുറ്റവാളികളുടെ ‘ഉരുക്ക്’ മനസിൽ നിന്നും സത്യത്തിന്റെ പുറന്തോട് പൊളിക്കാൻ ഒരിക്കൽ കേരള പൊലീസ് സ്വീകരിച്ച തന്ത്രങ്ങൾ ഇതായിരുന്നു. സ്ഥിരം കുറ്റവാളികളെയും സാഹചര്യങ്ങളാൽ കുറ്റകൃത്യം ചെയ്യുന്നവരെയും ചോദ്യം ചെയ്യുന്ന രീതിയല്ല കേസുകളിൽ പ്രതിയാകുന്ന വിഐപികൾക്കു നേരെ പൊലീസ് ‘പ്രയോഗിക്കുക’.

 

ADVERTISEMENT

ഒരടിയിലോ, ചിലപ്പോൾ വിരട്ടലിലോ സ്‌ഥിരം കുറ്റവാളികൾ ചിലപ്പോൾ കുറ്റം സമ്മതിച്ചേക്കാം. എന്നാൽ വിഐപികൾ പ്രതിസ്‌ഥാനത്തു വരുന്ന കേസുകളിൽ, മർദനമുറകൾക്കു പകരം ശാസ്‌ത്രീയ മാർഗങ്ങളിലൂടെയുള്ള ചോദ്യം ചെയ്യലാണു പൊലീസ് മുഖ്യമായും സ്വീകരിക്കുക. വിഐപിയുടെ ശരീരത്തിൽ ‘കൈ വയ്ക്കാതെ’ മനസിനെ തച്ചുതകർത്ത് സത്യം പുറത്തെടുക്കുന്ന സംശയക്കണ്ണുള്ള കേരള പൊലീസ് തന്ത്രമാണിത്.

 

∙ വ്യക്തിവിശകലനം ചെയ്യും ‘ഗൃഹപാഠം’

 

ADVERTISEMENT

പ്രതിസ്ഥാനത്തുള്ള വിഐപിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കുകയാണു ചോദ്യം ചെയ്യലിനു മുൻപുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ ദൗത്യം. വ്യക്‌തിപരമായ വിവരങ്ങൾ, സമൂഹത്തിലെ സ്‌ഥാനം, ബന്ധങ്ങൾ, ഉറ്റവർ എന്നിവരുടെ നീണ്ട പട്ടിക തന്നെ തയാറാക്കും. വിഐപിയുടെ ഇതു വരെയുള്ള ചരിത്ര പുസ്തകം ചികഞ്ഞെടുക്കുന്ന പൊലീസ്, അന്വേഷണ മികവുള്ള ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തി കേസിന്റെ എല്ലാ വശങ്ങളും ചർച്ച ചെയ്യും.

 

കുറ്റകൃത്യം നടന്ന രീതി ഓരോ അന്വേഷണ ഉദ്യോഗസ്ഥന്റെയും മനസിൽ പുനഃസൃഷ്‌ടിക്കും. തെളിവുകളുടെ ആഴക്കയങ്ങളിലൂടെ നീങ്ങുന്ന സംഘത്തിനു കുറ്റവാളി ആരാണെന്നുള്ള ഏകദേശ ധാരണയും ഇതിലൂടെ ലഭിക്കും. പക്ഷേ ഉത്തരം കുറ്റവാളിയുടെ നാവിൽ നിന്നു തന്നെ സത്യം പുറത്തു ചാടിക്കുന്നതിനുള്ള പണിപ്പുരയിലായിരിക്കും അന്വേഷണ സംഘാംഗങ്ങൾ.

 

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യൽ മുറി. ഫയൽ ചിത്രം: മനോരമ

∙ ചോദ്യാവലിയെന്ന കടമ്പ

 

കൂട്ടായി ഇരുന്ന് ചോദ്യാവലി തയാറാക്കുകയെന്നതു അന്വേഷണ സംഘത്തിനു ശ്രമകരമായ ജോലിയാണ്. എഴുതിയുണ്ടാക്കുന്ന ചോദ്യങ്ങൾക്കൊപ്പം, ചോദ്യം ചെയ്യുന്ന വേളയിൽ ചോദിക്കുന്നതിനായി അനുബന്ധ ചോദ്യങ്ങളും മുൻകൂട്ടി തയാറാക്കും. കുറഞ്ഞത് 500 ചോദ്യങ്ങളുമായാണു അന്വേഷണ ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്യാൻ എത്തുക.

 

∙ ‘ഇടിമുറി’യല്ല; ഇത് നിരീക്ഷണ മുറി

 

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യൽ മുറി. ഫയൽ ചിത്രം: മനോരമ

സിനിമയിൽ കാണുന്നതു പോലുള്ള അരണ്ട വെളിച്ചമുള്ള ഇരുട്ടുമുറിയിലല്ല, വിഐപികളെ ചോദ്യം ചെയ്യുക. നന്നായി വെളിച്ചമുള്ള മുറിയുടെ നടുവിലൊരു കസേരയിലാണു വിഐപിക്കുള്ള ഇരിപ്പിടം. അഭിമുഖമായി അന്വേഷണ ഉദ്യോഗസ്ഥർ. മുറിയുടെ ഓരോ കോണുകളിലും ഉദ്യോഗസ്ഥർക്കായി ഇരിപ്പിടം സജ്ജമാക്കും. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയുടെ ഓരോ ശരീരചലനവും സൂക്ഷമമായി നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലാണു രീതിയിലാണു മുറി ക്രമീകരിക്കുക. നാലു മുതൽ 20 പേർ വരെ ചിലപ്പോൾ മുറിക്കുള്ളിലുണ്ടാകും.

 

∙ മനഃശാസ്‌ത്രം എന്ന ‘രസതന്ത്രം’

 

ചോദ്യം ചെയ്യൽ മുറിയിലെത്തുന്ന വിഐപികളുടെ ആത്മാഭിമാനം തകർത്തു തരിപ്പണമാക്കുകയെന്നതാണു അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ തന്ത്രം. രൂക്ഷമായ ‘വാക്കുകളിലൂടെ’ യാണു ഇതു പരീക്ഷിക്കുക. സുരക്ഷാബോധം തീരെയില്ലാത്ത മുറിയിലാണു വിഐപി ഇരിക്കുന്നതെന്ന സാഹചര്യം അന്വേഷണ ഉദ്യോഗസ്‌ഥർ മനഃപൂർവം സൃഷ്‌ടിക്കും. പലപ്പോഴും ഇരിക്കാൻ കസേര നൽകാറില്ല. നിലത്തിരിക്കാനും ആവശ്യപ്പെടും.

 

ചോദ്യം ചെയ്യലിനിടെ മുറിയുടെ വശങ്ങളിലിരിക്കുന്ന ചില ഉദ്യോഗസ്‌ഥർ അനാവശ്യ കമന്റ്‌സുകൾ പറഞ്ഞ് വിഐപിയെ കടുത്ത മാനസിക സമ്മർദത്തിലാക്കാനും ശ്രമിക്കും. മുറിയിലേക്ക് ഇടയ്‌ക്കിടയ്‌ക്ക് ചില ഉദ്യോഗസ്‌ഥർ പെട്ടെന്നു കടന്നു വരും. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയുടെ നേരെ അലറിക്കൊണ്ടു കൈ ചൂണ്ടും. അടിക്കാനോങ്ങും. രൂക്ഷമായി നോക്കും. അജാനുബാഹുക്കളായ ഉദ്യോഗസ്ഥരെ മുറിയിൽ കടത്തി വിട്ട് വിഐപികളുടെ മനസിൽ ഭീതിയുടെ തീനാളങ്ങൾ കോരിയിടുന്നതും മറ്റൊരു തന്ത്രം. ഏതു സമയവും അടി പൊട്ടുമെന്ന സ്‌ഥിതിയും മുറിക്കുള്ളിൽ സൃഷ്‌ടിക്കും.

 

∙ ചോദ്യങ്ങളും പൊരുത്തക്കേടുകളും

 

മനസിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന രീതിയിലൂടെ അധിക്ഷേപിക്കലിലൂടെയാണു ചോദ്യങ്ങളുടെ തുടക്കം. മനസിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്ന വിദ്യയും പരീക്ഷിക്കും. ചോദ്യം ചെയ്യാൻ വിളിപ്പിച്ച സമൂഹത്തിൽ ഉന്നത സ്‌ഥാനം പോലും കണക്കിലെടുക്കാതെയുള്ള അഭിസംബോധനകൾ, വിരട്ടൽ, മോശമായ പെരുമാറ്റ രീതി എന്നിവയും മുറയ്‌ക്ക് പരീക്ഷിക്കും.

 

സൗഹാർദപരമായി തുടങ്ങി ചോദ്യങ്ങളുടെ ശരവർഷം ചൊരിയുന്ന തന്ത്രവും ചിലരിൽ പയറ്റും. ചോദ്യങ്ങൾക്കുള്ള മറുപടി പ്രത്യേകം രേഖപ്പെടുത്തും. അനുബന്ധ ചോദ്യങ്ങളും പിന്നാലെ ഉന്നയിക്കും. പൊരുത്തക്കേടുകൾ പ്രത്യേകം ശ്രദ്ധിച്ച് കുറിച്ചിടും. ചോദ്യങ്ങൾ ആവർത്തിച്ചു ചോദിക്കുമ്പോൾ നേരത്തെ പറഞ്ഞ ഉത്തരങ്ങളിൽ വീണ്ടും പൊരുത്തക്കേടുകൾ കടന്നു കൂടിയാൽ അതിൽപ്പിടിച്ചാണു അന്വേഷണ ഉദ്യോഗസ്‌ഥർ മുന്നേറുക. ഇതോടെ കുടുക്കു മുറുകും.

ലോക്നാഥ് ബെഹ്റ.

 

∙ മൗനം, തമാശ, കണ്ണീർ

 

ചോദ്യങ്ങളോടു നിസഹകരണം പ്രകടിപ്പിക്കുകയും മറുപടി നൽകാതെ രക്ഷപ്പെടാനുള്ള തന്ത്രം പയറ്റുന്നവർക്കുള്ള മറുമരുന്നും അന്വേഷണ ഉദ്യോഗസ്‌ഥർക്കുണ്ട്. ചോദ്യങ്ങളെ പ്രതിരോധിക്കുന്നവരെയും കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞു മാറുന്നവരെയും, ചോദ്യങ്ങൾക്ക് തമാശയുടെ രസം കലർത്തി പ്രതികരിക്കുന്നവരെയും പ്രത്യേകം നോട്ടമിടും.

 

കണ്ണീരൊഴുക്കി സഹതാപം പിടിച്ചു പറ്റാനുള്ള ശ്രമവും പൊളിക്കും. ചോദ്യങ്ങളോടു മൗനം പുലർത്തി രക്ഷപ്പെടാൻ മാർഗങ്ങളാലോചിക്കുന്നവരെ ചോദ്യം ചോദിച്ചു ‘പൊരിക്കും’. ചോദ്യങ്ങളോടുള്ള വ്യക്തിയുടെ സമീപനം, കണ്ണുകളിലെ ചലനം ശരീരഭാഷയിലെ വ്യതിയാനം, വിയർപ്പ്, പരിഭ്രാന്തി എന്നിവയും സൂക്ഷ്മമായി നിരീക്ഷിക്കും.

 

∙ ഉറക്കാറില്ല, ‘ആരോഗ്യവും’ തളർത്തും

 

പകലും രാത്രിയും അന്വേഷണ ഉദ്യോഗസ്ഥർ മാറി മാറി ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥർ മിതമായി മാത്രമേ സംസാരിക്കൂ. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയെ കൊണ്ടു പരമാവധി സംസാരിപ്പിക്കുകയാണു തന്ത്രം. ഇവയെല്ലാം റെക്കോർഡു ചെയ്യും. വ്യക്തി പറയുന്നതു പച്ചക്കളള്ളമാണെന്നു ബോധ്യപ്പെട്ടാലും അതു മറച്ചു വച്ചു കൊണ്ടു പിന്നെയും ചോദ്യങ്ങൾ തൊടുത്തു വിടും.

 

ചോദ്യം ചെയ്യലിനിടയിൽ വെള്ളം, ചായ, ഭക്ഷണം എന്നിവ നൽകും. നട്ടുച്ചയ്ക്കാണു ചോദ്യം ചെയ്യുന്നതെങ്കിൽ ഉപ്പു കൂട്ടിയിട്ട് നാരങ്ങാ വെള്ളം കൊടുക്കും. ദാഹം കൂടി തൊണ്ട വരണ്ട് സംസാരിക്കാൻ പോലും കഴിയാതെ വ്യക്തിയെ ബുദ്ധിമുട്ടിക്കുന്നതിനാണിത്. ഈ സമയത്ത് ഇയാൾ വെള്ളം ആവശ്യപ്പെട്ടാലും നൽകില്ല. പകരം മലവെള്ളം പോലെ ചോദ്യങ്ങൾ ഒഴുകിയെത്തും.

 

ചോദ്യം ചെയ്യാൻ വിളിപ്പിച്ച വ്യക്തിക്ക് സമയക്രമം തെറ്റിച്ചാണു ഭക്ഷണം നൽകുക. മനസിനൊപ്പം ആരോഗ്യം തളർത്താനും ഉദ്യോഗസ്ഥർ ശ്രമിക്കും. മർദ്ദനമുറകളിലൂടെയല്ല ഇതു ചെയ്യുന്നത്. പ്രമേഹ രോഗികൾക്ക് മധുരം കൂടുതൽ കൊടുക്കും. രക്തസമ്മർദ്ദമുള്ളവർക്ക് പപ്പടവും അച്ചാറും ധാരാളമായി നൽകും. കൊളസ്ട്രോൾ ഉള്ളവർക്ക് ബിരിയാണി മാത്രമേ വാങ്ങി നൽകൂ. കഴിച്ചില്ലെങ്കിൽ വിരട്ടും. ആരോഗ്യം അപകടത്തിലാണെന്ന ധാരണയും സൃഷ്ടിക്കും.


കൂട്ടത്തോടെയുള്ള ചോദ്യം ചെയ്യലിൽ തളർന്നയാൾ ഭക്ഷണം കഴിക്കുന്നതോടെ വീണ്ടും അവശനാകും. ഇതിനു ശേഷം വീണ്ടും ചോദ്യം ചെയ്യൽ മുറിയിലെത്തിച്ച് കസേരയിലിരുത്തും. ഉറങ്ങാൻ അനുവദിക്കില്ല. ഉറക്കം തൂങ്ങുമ്പോൾ പൊലീസുകാർ വിളിച്ചുണർത്തും. പിന്നെ അൽപ്പ നേരം ഉറങ്ങാൻ അനുവദിക്കും. ഉറക്കത്തിന്റെ മൂർധന്യാവസ്ഥയിലെത്തുമ്പോൾ വിളിച്ചുണർത്തി വീണ്ടും ചോദ്യങ്ങൾ ചോദിക്കും. എത്ര നെഞ്ചുറപ്പുള്ള കുറ്റവാളിയും അപ്പോൾ സത്യം പറഞ്ഞു പോകുമെന്നു പൊലീസ്.

 

∙ ‘രക്ഷക’നെത്തും, പിടി വീഴും

 

തെളിവുകൾ നിരത്തി എത്ര ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാതെ പൊലീസിനെ കബളിപ്പിച്ച് ഉള്ളിൽ ചിരിക്കുന്നവരെ കയ്യോടെ കുപ്പിയിലാക്കാനും അന്വേഷണ ഉദ്യോഗസ്ഥർ വിരുതരാണ്. ദീർഘനേരത്തെ ചോദ്യം ചെയ്യലിൽ തളർന്നിരിക്കുന്ന വ്യക്തിയുടെ അടുത്തേക്ക് ‘രക്ഷകന്റെ’ രൂപത്തിൽ ഒരു പൊലീസുദ്യോഗസ്ഥനെത്തും.

 

സൗമ്യമായി പെരുമാറുന്ന ഇയാൾ അടുത്ത മുറിയിലേക്ക് വ്യക്തിയെ കൂട്ടിക്കൊണ്ടു പോകും. ഉള്ളതു പറഞ്ഞാൽ വകുപ്പുകൾ ദുർബലമാക്കാമെന്നും കേസിൽ നിന്നു രക്ഷപ്പെടുത്താമെന്നുമൊക്കെ ഉദ്യോഗസ്ഥൻ തട്ടി വിടും. ആരോടും പറയേണ്ടെന്നും തന്നെ മാത്രം വിശ്വസിച്ചാൽ മതിയെന്നും ആവർത്തിച്ചു പറയും. ഈ വാക്കുകളിൽ വിശ്വസിച്ച് കുറ്റം സമ്മതിക്കുന്നതോടെ രക്ഷകൻ സ്ഥലം കാലിയാക്കും!

 

കുറ്റത്തിന്റെ പേരിൽ ആരോപണങ്ങൾ അടിച്ചേൽപ്പിച്ച് മനസിനെ കടുത്ത സമ്മർദത്തിലാക്കുന്ന തന്ത്രവും പയറ്റാറുണ്ട്. അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ പേരുകൾ ചോദ്യം ചെയ്യൽ മുറികളിലേക്ക് വലിച്ചിഴയ്ക്കുന്നതോടെ ചോദ്യം ചെയ്യപ്പെടുന്നവർ ഉള്ളതെല്ലാം മണി മണി പോലെ പറയുമെന്നു അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

 

∙ കള്ളം ‘കെട്ടു പൊട്ടുന്ന’ നിമിഷം...

 

മൊഴികളിലെ പൊരുത്തക്കേടുകളും സാഹചര്യത്തെളിവുകളും ഒന്നൊന്നായി നിരത്തി ചോദ്യങ്ങളുടെ ചൂണ്ടക്കൊളുത്തെറിയുമ്പോൾ എത്ര സമർഥനായ കുറ്റവാളികളെ പോലും സത്യത്തിന്റെ കൂടു തുറക്കുന്ന മാനസികാവസ്‌ഥയിലെത്തിക്കുന്നതിലാണു അന്വേഷണ ഉദ്യോഗസ്ഥരുടെ മികവ്.


തെളിവുകൾ സംസാരിക്കുമ്പോൾ, അതു വരെ നിരത്തിയ കെട്ടിച്ചമച്ച കഥകളുടെയും കള്ളങ്ങളുടെയും കെട്ടു പൊട്ടും. പിടിക്കപ്പെട്ടുവെന്നു ഉറപ്പാകുമ്പോൾ, മറുവശത്ത് തെളിവുകളുടെ കൂന ഉയരുമ്പോൾ മാത്രമാണു ഒരു കുറ്റവാളി ആദ്യമായി മനസു തുറക്കുക. ഈ വേളയിൽ മാനസിക സമ്മർദ്ദം കാരണം ഇവർ പൊട്ടിക്കരയുക വരെ ചെയ്യാറുണ്ട്. ചോദ്യം ചെയ്യലിന്റെ ക്ലൈമാക്‌സാകുന്ന ആ നിമിഷത്തിൽ ഒരു കേസ് ഡയറി കൂടി പിറന്നു വീഴും.

 

തെളിവുകൾ ശേഖരിച്ച് ഇവ കൂട്ടിയിണക്കി എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള ദൗത്യമാണ് പിന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക്. അന്വേഷണ ഉദ്യോഗസ്‌ഥരും കുറ്റം ചെയ്ത വ്യക്തിയും തമ്മിൽ അടച്ചിട്ട മുറിയിൽ നടക്കുന്ന ചോദ്യം ചെയ്യൽ പ്രക്രിയ മനസുകളുടെ യുദ്ധം കൂടിയാണ്. ചോദ്യങ്ങളെ മൗനത്തിലൂടെ പ്രതിരോധിച്ച്, പൊലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ തന്ത്രങ്ങളിലൂടെ പൊളിച്ചടുക്കി മനസു കീഴടക്കുന്ന പൊലീസ് ബുദ്ധിയാണ് ആ യുദ്ധത്തിൽ എപ്പോഴും വിജയിക്കുക.

 

‘‘ചോദ്യം ചെയ്യൽ കലയാണ്, ആ 4 ചോദ്യം ഒരിക്കലും പുറത്തു പറയില്ല’’

 

പ്രമുഖ നടിയെ ആക്രമിച്ച കേസിൽ നേരത്തെ അറസ്റ്റിലായപ്പോൾ നടൻ ദിലീപിനോട് അന്നത്തെ ഡിജിപി: ലോക്നാഥ് ബെഹ്റ നാലു ചോദ്യങ്ങൾ മാത്രമാണു ചോദിച്ചത്. തലസ്ഥാനത്തിരുന്ന് വിഡിയോ കോൺഫറൻസിലൂടെയായിരുന്നു ഡിജിപിയുടെ അന്നത്തെ ചോദ്യങ്ങൾ.

 

മൂന്നു ചോദ്യങ്ങൾക്കുള്ള ദിലീപിന്റെ മറുപടിയിൽ പൊരുത്തക്കേടുകളുണ്ടായിരുന്നു. നാലാമത്തെ ചോദ്യത്തോടു ദിലീപ് മറുപടി പറഞ്ഞില്ല. തുടർന്ന് ദിലീപ് പൊട്ടിക്കരഞ്ഞു. ഇതേ തുടർന്നാണു ദിലീപിനെ അറസ്റ്റു ചെയ്യാൻ ലോക്നാഥ് ബെഹ്റ, അന്വേഷണ സംഘത്തിലെ അന്നത്തെ ഐജി: ദിനേന്ദ്ര കശ്യപിനു നിർദേശം നൽകിയത്.

 

ദിലീപിനോടു ചോദിച്ച നാലു ചോദ്യങ്ങൾ ഒരിക്കലും പുറത്തു പറയില്ലെന്നും ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ‘‘കുറ്റവാളിയുടെ മനഃശാസ്ത്രം പൂർണമായി പഠിച്ച ശേഷം ശാസ്ത്രീയ മാർഗത്തിലൂടെയുള്ള ചോദ്യം ചെയ്യലുകൾക്ക് ഒരു ചാരുതയുണ്ട്. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനിടയിൽ ഏതൊരു ക്രിമിനലും നിസഹായനാകും. കുറ്റം ചെയ്ത വ്യക്തിയെ ആ മാനസികാവസ്ഥയിൽ എത്തിക്കുന്നതിലാണു ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ മിടുക്ക്. ഒരാളോടു ചോദിക്കുന്ന ചോദ്യങ്ങൾ മറ്റൊരു വ്യക്തിക്കു ചേരില്ല. ചോദ്യം ചെയ്യൽ ഒരു കലയാണ്’’– മുൻ പൊലീസ് മേധാവി പറഞ്ഞു.

 

English Summary: Kerala Police and the art of interrogation