ഇത്യോപ്യയുടെ ആരോഗ്യ മന്ത്രിയായിരിക്കേ, ടെഡ്രോസ് രാജ്യത്തു സംഭവിച്ച 3 കോളറ മഹാമാരികൾ മറച്ചുവച്ചെന്നായിരുന്നു ആരോപണം. കോളറയുടെ പേര് മാറ്റി അക്യൂട്ട് വാട്ടറി ഡയേറിയ എന്നാക്കി ടെഡ്രോസ് രാജ്യാന്തരസമൂഹത്തെ കബളിപ്പിച്ചെന്നും ഇതു ബാധിച്ചവരുടെ ശരിയായ കണക്ക് പുറത്തുവിട്ടില്ലെന്നും വിമർശനമുയർന്നു. എന്നാൽ ‘ഒരു യുദ്ധം നടക്കുന്ന സമയത്ത് നമ്മളാരും സേനാതലവന്‍ മാറണമെന്ന് ആഗ്രഹിക്കില്ലല്ലോ...’ എന്ന... WHO

ഇത്യോപ്യയുടെ ആരോഗ്യ മന്ത്രിയായിരിക്കേ, ടെഡ്രോസ് രാജ്യത്തു സംഭവിച്ച 3 കോളറ മഹാമാരികൾ മറച്ചുവച്ചെന്നായിരുന്നു ആരോപണം. കോളറയുടെ പേര് മാറ്റി അക്യൂട്ട് വാട്ടറി ഡയേറിയ എന്നാക്കി ടെഡ്രോസ് രാജ്യാന്തരസമൂഹത്തെ കബളിപ്പിച്ചെന്നും ഇതു ബാധിച്ചവരുടെ ശരിയായ കണക്ക് പുറത്തുവിട്ടില്ലെന്നും വിമർശനമുയർന്നു. എന്നാൽ ‘ഒരു യുദ്ധം നടക്കുന്ന സമയത്ത് നമ്മളാരും സേനാതലവന്‍ മാറണമെന്ന് ആഗ്രഹിക്കില്ലല്ലോ...’ എന്ന... WHO

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്യോപ്യയുടെ ആരോഗ്യ മന്ത്രിയായിരിക്കേ, ടെഡ്രോസ് രാജ്യത്തു സംഭവിച്ച 3 കോളറ മഹാമാരികൾ മറച്ചുവച്ചെന്നായിരുന്നു ആരോപണം. കോളറയുടെ പേര് മാറ്റി അക്യൂട്ട് വാട്ടറി ഡയേറിയ എന്നാക്കി ടെഡ്രോസ് രാജ്യാന്തരസമൂഹത്തെ കബളിപ്പിച്ചെന്നും ഇതു ബാധിച്ചവരുടെ ശരിയായ കണക്ക് പുറത്തുവിട്ടില്ലെന്നും വിമർശനമുയർന്നു. എന്നാൽ ‘ഒരു യുദ്ധം നടക്കുന്ന സമയത്ത് നമ്മളാരും സേനാതലവന്‍ മാറണമെന്ന് ആഗ്രഹിക്കില്ലല്ലോ...’ എന്ന... WHO

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെഡ്രോസ് അദാനം ഗെബ്രെസൂസ്... കഴിഞ്ഞ രണ്ടുവർഷമായി ലോകമെങ്ങും സുപരിചിതമാണ് ഈ പേര്. ലോകാരോഗ്യസംഘടനയുടെ മുൻമേധാവിമാരെ അത്രയ്ക്കൊന്നും ലോകത്തിനു പരിചയമില്ല. എന്നാൽ കോവിഡ് സൃഷ്ടിച്ച സമാനതകളില്ലാത്ത ആരോഗ്യ അടിയന്തരാവസ്ഥാ സാഹചര്യം ലോകജനതയുടെ ശ്രദ്ധ മുഴുവൻ ലോകാരോഗ്യ സംഘടനയിലേക്കും അതിന്റെ മേധാവിയായ ടെഡ്രോസിലേക്കും എത്തിച്ചു. ഇപ്പോൾ ലോകാരോഗ്യ സംഘടനയിലേക്ക് എതിരില്ലാതെ രണ്ടാംവട്ടവും നിയമിതനാകാനൊരുങ്ങുകയാണ് ആഫ്രിക്കയിൽ നിന്നുള്ള ഈ അൻപത്തിയാറുകാരൻ.

മറ്റു രാജ്യങ്ങളിൽ മിക്കവയും പിന്തുണ നൽകുമ്പോഴും ടെഡ്രോസിന്റെ മാതൃരാജ്യമായ ഇത്യോപ്യയ്ക്കു മാത്രം അദ്ദേഹത്തോട് അത്ര മമതയില്ല. ടെഡ്രോസിനെതിരെ വാക്ശരങ്ങളുമായി ഇത്യോപ്യൻ പ്രധാനമന്ത്രിയും നൊബേൽ പുരസ്കാര ജേതാവുമായ അബി അഹമ്മദ് ഉൾപ്പെടെ അധികൃതർ മുന്നിൽത്തന്നെയുണ്ട്. വിരോധാഭാസമെന്നു തോന്നാമെങ്കിലും ഇതിനു പിന്നിൽ ഇത്യോപ്യയിൽ ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ, വിഘടനവാദ പ്രശ്നങ്ങളാണ് മുഖ്യമായുമുള്ളത്. ഇത്യോപ്യയെ സംഘർഷഭൂമിയാക്കിക്കൊണ്ടിരിക്കുന്ന ടിഗ്രെയൻ കലാപമാണ് ഇതിൽ പ്രധാനം.

ADVERTISEMENT

ടിഗ്രെയും ടെഡ്രോസും

1965ൽ ഇത്യോപ്യയിലെ അസ്മാര എന്ന നഗരത്തിലാണ് ടെഡ്രോസിന്റെ ജനനം. ഇന്ന് ഈ സ്ഥലം ഇത്യോപ്യയിൽനിന്നു വേർപിരിഞ്ഞ എറിത്രിയ എന്ന രാജ്യത്തിന്റെ തലസ്ഥാനമാണ്. ടിഗ്രെ വംശജനായ ടെഡ്രോസ്, പിൽക്കാലത്ത് ഉത്തര ഇത്യോപ്യയിലെ ടിഗ്രെ മേഖലയിലായിരുന്നു വളർന്നതും പഠിച്ചതും. വൈവിധ്യപൂർണമായ പ്രകൃതിയും സമൂഹങ്ങളുമുള്ള രാജ്യമാണ് ഇത്യോപ്യ. കുന്നുകളും പീഠഭൂമികളും വമ്പൻ തടാകങ്ങളും ബ്ലൂ നൈ‍ൽ നദിയുടെ സാന്നിധ്യവുമൊക്കെയുള്ള ഇടം. ഇവിടത്തെ ഏറ്റവും അംഗസംഖ്യയുള്ള സമുദായങ്ങൾ ഓറോമോ, അംഹാര എന്നിവരാണെങ്കിലും കാലങ്ങളായി അധികാരസ്ഥാനങ്ങൾ വെറും 6 ശതമാനം മാത്രം ജനസംഖ്യയുള്ള ടിഗ്രെ വംശജരാണു കയ്യാളിയിരുന്നത്.

ടിഗ്രെയിലെ വിമതഗ്രൂപ്പായ ടിഗ്രെ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിൽ (ടിപിഎൽഎഫ്) അംഗമായിരുന്നു ടെഡ്രോസ്. പല കാര്യങ്ങളിലും തീവ്ര നിലപാടുകളുള്ള ഈ സംഘടനയുടെ ഉന്നതനേതൃത്വത്തിലേക്ക് അദ്ദേഹം പടിപടിയായി ഉയരുകയും സംഘടനയുടെ മൂന്നാമത്തെ പ്രധാന നേതാവാകുകയും ചെയ്തു. ഇതോടെ ഇത്യോപ്യൻ ഭരണത്തിലും ഭാഗഭാക്കായി. 2005 മുതൽ 2012 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ ആരോഗ്യമന്ത്രി സ്ഥാനം ടെഡ്രോസിനായിരുന്നു. ഇത്യോപ്യയിൽ എച്ച്ഐവി, മലമ്പനി, പൊങ്ങൻപനി തുടങ്ങിയ അസുഖങ്ങളെ നിയന്ത്രണത്തിലാക്കുന്നതിൽ നിർണായക ഇടപെടലുകളും അദ്ദേഹം അക്കാലത്തു നടത്തി.

2015ൽ ഇത്യോപ്യൻ വിദേശകാര്യമന്ത്രിയായിരിക്കെ ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയോടൊപ്പം ടെഡ്രോസ് അദാനം. ചിത്രം: EGYPTIAN PRESIDENCY / AFP

കോളറയുടെ പേരു മാറ്റി!

ADVERTISEMENT

അഞ്ചു വർഷത്തിലൊരിക്കലാണ് ലോകാരോഗ്യ സംഘടനയിൽ തിരഞ്ഞെടുപ്പ്. കോവിഡ് വരുന്നതിനും മുൻപ് 2017ൽ ലോകാരോഗ്യ സംഘടനയുടെ മേധാവിയാകാനുള്ള മത്സരത്തിൽ ടെഡ്രോസിന്റെ പ്രധാന എതിരാളി ബ്രിട്ടിഷ് ആരോഗ്യശാസ്ത്ര വിദഗ്ധനായ ഡോ.ഡേവിഡ് നബാറോ ആയിരുന്നു. ആയിടയ്ക്ക് ടെഡ്രോസിനെതിരായി നബാറോ ക്യാംപ് വലിയ ആരോപണവുമായി രംഗത്തെത്തി. ഇത്യോപ്യയുടെ ആരോഗ്യമന്ത്രിയായിരിക്കെ, ടെഡ്രോസ് രാജ്യത്തു സംഭവിച്ച 3 കോളറ മഹാമാരികൾ മറച്ചുവച്ചെന്നായിരുന്നു ആരോപണം.

കോളറയുടെ പേര് മാറ്റി അക്യൂട്ട് വാട്ടറി ഡയേറിയ എന്നാക്കി ടെഡ്രോസ് രാജ്യാന്തരസമൂഹത്തെ കബളിപ്പിച്ചെന്നും ഇതു ബാധിച്ചവരുടെ ശരിയായ കണക്ക് പുറത്തുവിട്ടില്ലെന്നും വിമർശനമുയർന്നു. തന്റെ പ്രതിച്ഛായ സംരക്ഷിക്കാനായി നടത്തിയ ഈ പ്രവൃത്തി മൂലം വാക്സിനേഷൻ ശരിയായ രീതിയിൽ ഇത്യോപ്യയിൽ അനുവദിക്കപ്പെട്ടില്ല. തൊട്ടടുത്ത രാജ്യമായ സൊമാലിയയിൽ വാക്സിനേഷൻ വഴി കോളറ നിയന്ത്രണവിധേയമായപ്പോഴും ഇത്യോപ്യയിൽ അതു സംഭവിച്ചില്ല. എന്നാൽ ഇതു തനിക്കെതിരെ പ്രതിയോഗികൾ നടത്തുന്ന മാന്യതയില്ലാത്ത ഒരു തറവേലയാണെന്നായിരുന്നു ടെഡ്രോസ് പ്രതികരിച്ചത്.

ടെഡ്രോസ് അദാനം ഗെബ്രെസൂസ്. ചിത്രം: FABRICE COFFRINI / AFP

ഇത്യോപ്യയിൽ അംഗസംഖ്യ കൊണ്ട് മുന്നിൽ നിൽക്കുന്നവരും എന്നാൽ ടിഗ്രേകളുടെ ഭരണത്തെ എതിർക്കുന്നവരുമായ അംഹാര ഗോത്രവംശജർക്ക് അടിയന്തര ചികിത്സാസഹായങ്ങൾ ടിപിഎൽഎഫ് നിഷേധിച്ചെന്ന ആരോപണങ്ങളും ഇതിനിടെ ഉയർന്നു. ടെഡ്രോസ് ആരോഗ്യ മന്ത്രിയായിരിക്കെയായിരുന്നു ഇത്. അതേസമയം, ടെഡ്രോസ് മന്ത്രിസ്ഥാനമൊഴിഞ്ഞ വേളയിൽ അംഗാര ഗോത്രമേഖലയുടെ ആരോഗ്യനിലവാരം ദേശീയ ശരാശരിയിലും വളരെ താഴെയായിരുന്നുവെന്നുള്ളത് വസ്തുതയാണ്.

വിവാദത്തിലാഴ്ത്തിയ മുഗാബെ

ADVERTISEMENT

 

റോബർട്ട് മുഗാബെ

ലോകാരോഗ്യ സംഘടനയുടെ മേധാവി ആയതിനു ശേഷം ടെഡ്രോസ്, 2017 ഒക്ടോബറിൽ, വിവാദ സിംബാബ്‌വെ പ്രസിഡന്റ് റോബർട് മുഗാബെയെ ലോകാരോഗ്യ സംഘടനയുടെ ഗുഡ്‌വിൽ അംബാസിഡറാക്കിയതും വലിയ വിവാദമായിരുന്നു. 1980 മുതൽ 1987 വരെ സിംബാബ്‌വെ പ്രധാനമന്ത്രിയായിരുന്നു മുഗാബെ. 1987 മുതൽ 2017 വരെ തുടർച്ചയായി പ്രസിഡന്റ് പദവിയും വഹിച്ചു. അധികാരത്തിലിരുന്ന ആദ്യ രണ്ടു ദശാബ്ദക്കാലം സിംബാബ്‌വെയുടെ ആരോഗ്യസംവിധാനങ്ങളുടെ വികസനത്തിന് മുഗാബെ മുൻകയ്യെടുത്തിരുന്നു.

എന്നാൽ 2000ത്തിൽ സമ്പദ്‌ഘടന തകിടം മറിഞ്ഞതിനു പിന്നാലെ കാര്യങ്ങളെല്ലാം പ്രസിഡന്റിന്റെ കൈവിട്ടു പോയി. ആരോഗ്യ പ്രവർത്തകർക്കു ശമ്പളം പോലും കൃത്യസമയത്തു കൊടുത്തിരുന്നില്ല സിംബാംബ്‌വെയിൽ. അവശ്യ മരുന്നുകളും കിട്ടാനില്ലാതായി. അതേസമയം മുഗാബെയാകട്ടെ ആരോഗ്യപ്രശ്നങ്ങൾ വരുമ്പോഴെല്ലാം വിദേശത്തു ചികിത്സ തേടി. ഇക്കാര്യങ്ങളെല്ലാം വിമർശകർ മുന്നോട്ടു വച്ചതോടെ ടെഡ്രോസ് തന്റെ തീരുമാനം പിൻവലിക്കുകയായിരുന്നു.

പിന്തുണയ്ക്കില്ല സ്വന്തം രാജ്യം

രാജ്യത്തിനു കീഴിലുള്ള പത്തു പ്രവിശ്യകൾക്കും വ്യത്യസ്ത നിലകളിൽ ഭരണപ്രാതിനിധ്യം കൊടുക്കുന്ന സങ്കീർണമായ ഭരണവ്യവസ്ഥയായിരുന്നു ഇത്യോപ്യയിൽ. രാജ്യത്തിന്റെ ചരിത്രത്തിൽ മൂന്നു പതിറ്റാണ്ടോളം അധികാരത്തിൽ വ്യക്തമായ മേൽക്കൈ ടിഗ്രെ ഗോത്രത്തിനും അവരുടെ മുഖ്യസംഘടനയായ ടിപിഎൽഎഫിനുമുണ്ടായിരുന്നു. ഡോമിനന്റ് മൈനോറിറ്റി എന്ന നിലയിൽ ടിഗ്രെയുടെ പ്രബലത ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇത്യോപിയയിൽ ചോദ്യം ചെയ്യാതെ നിൽക്കപ്പെട്ടു.

ടിപിഎൽഎഫ് തീയിട്ട ഇത്യോപ്യൻ സൈനിക വാഹനം. ചിത്രം: AFP

മേലസ് സേനാവി എന്ന ടിപിൽഎഫ് നേതാവ് ദീർഘകാലം ഇത്യോപ്യൻ പ്രധാനമന്ത്രിയുമായിരുന്നു. യുഎസുമായുള്ള ചങ്ങാത്തം നിമിത്തം ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഇത്യോപ്യ സാമ്പത്തികമായും വ്യാവസായികമായും വളർന്നെങ്കിലും രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യവും അടിച്ചമർത്തപ്പെട്ടു. 2012ൽ സെനാവി മരിച്ചു. പിന്നീട് ടിപിഎൽഎഫിന്റെ ഭരണത്തിനു മേലുള്ള പിടി അയഞ്ഞുതുടങ്ങി.

2018ൽ അബി അഹമ്മദ് ഇത്യോപ്യൻ പ്രധാനമന്ത്രിയായി നിയമിതനായതോടെ സമവാക്യങ്ങൾ മാറി മറിഞ്ഞു. ഇത്യോപ്യൻ രാഷ്ട്രീയത്തിൽ ടിഗ്രെ നേതാക്കൾ പുലർത്തുന്ന സ്വാധീനം അവസാനിപ്പിക്കുമെന്ന പ്രതിജ്ഞയോടെയാണ് മുൻ ഇന്റലിജൻസ് കമാൻഡർ കൂടിയായ അബി അഹമ്മദ് ഭരണത്തിന്റെ സാരഥ്യം ഏറ്റെടുത്തത്. ഇതിനുള്ള ശ്രമങ്ങൾ അധികാരലബ്ധിക്കു ശേഷമുള്ള ദിനങ്ങളിൽ അദ്ദേഹം ഊർജിതമാക്കി.

ഇത്യോപ്യൻ പതാകയുമായി പായുന്ന സൈനിക വാഹനം. ചിത്രം: AFP

ഇത്യോപ്യയിൽ തങ്ങളുടെ ശക്തിക്കു മങ്ങൽ ഏൽക്കുന്നത് മനസ്സിലാക്കിയ ടിപിഎൽഎഫ് ശക്തികേന്ദ്രമായ ടിഗ്രെ മേഖലയിലേക്കു മടങ്ങുകയും ഇവിടം കേന്ദ്രീകരിച്ചു പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തു. ഇതോടെയാണ് ടിഗ്രെ വിമതകലാപം ശ്രദ്ധ നേടിയത്. ഇത്യോപ്യ മാറ്റിവച്ച തിരഞ്ഞെടുപ്പ് ടിഗ്രെ മേഖലയിൽ സ്വന്തം നിലയ്ക്കു നടത്താൻ ടിപിഎൽഎഫ് ഒരുങ്ങിയതോടെ സർക്കാരും സംഘടനയും തമ്മിൽ ഇടഞ്ഞു.

രണ്ടു മാസങ്ങൾക്കു ശേഷം, ടിഗ്രെയിൽ സ്ഥിതി ചെയ്തിരുന്ന ഇത്യോപ്യൻ സേനയുടെ സൈനിക ആസ്ഥാനത്ത് ടിപിഎൽഎഫ് ആക്രമണം നടത്തി. ഇതേത്തുടർന്ന് സൈനിക നടപടികൾക്ക് അബി അഹമ്മദ് അനുമതി നൽകി. ഇത്യോപ്യൻ സൈന്യവും ആക്രമണം കടുപ്പിച്ചതോടെ ടിപിഎൽഎഫ് ടിഗ്രെയിലേക്കു മടങ്ങുകയും ഇത്യോപ്യൻ സേന മേഖലയിലേക്കു കടന്നുകയറുകയും ചെയ്തു. എന്നാൽ തുടർന്നുള്ള ആക്രമണത്തിൽ ടിഗ്രെ സംഘങ്ങൾ സേനയ്ക്കു മേൽ വിജയം നേടിയത് അബി അഹമ്മദിനെ സമ്മർദ്ദത്തിലാക്കി. ഇതിനു ശേഷം ടിഗ്രെയിൽ നിന്ന് സേനയ്ക്കു പിൻതിരിയേണ്ടി വന്നു. ഉയർന്ന ഉദ്യോഗസ്ഥരുൾപ്പെടെ ഒട്ടേറെ സൈനികരെ ടിഗ്രെ സംഘാംഗങ്ങൾ തടവിലുമാക്കി.

ഈ താൽക്കാലിക വിജയത്തിൽ പ്രചോദനം നേടിയ ടിപിഎൽഎഫ് നവംബറോടെ ഇത്യോപ്യൻ തലസ്ഥാനം അഡിസ് അബാബയിലേക്കു മുന്നേറി. താലിബാൻ രീതിയിൽ അധികാരം പിടിച്ചെടുക്കലായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ സർക്കാരിൽനിന്നും ടിപിഎൽഎഫിൽനിന്നും സാമാന്യ ജനത്തിനു കൊടിയ പീഡനങ്ങൾ നേരിടേണ്ടി വരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ടോക്കിയോ ഒളിംപിക്സ് ഉദ്ഘാടനദിനത്തിൽ പങ്കെടുക്കാനെത്തുന്ന ടെഡ്രോസ് അദാനം. ചിത്രം: LEON NEAL / POOL / AFP

ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ ഇത്യോപ്യയിൽ നടക്കുന്നുണ്ടെന്നും അബി അഹമ്മദിന്റെ നൊബേൽ പുരസ്കാരം തിരികെ വാങ്ങണമെന്നും ആവശ്യമുയർന്നു. ടിഗ്രെയിലെ ഈ സാഹചര്യങ്ങളെ ടെഡ്രോസ് ശക്തമായി വിമർശിച്ചതാണ് ഇത്യോപ്യൻ സർക്കാരിൽ നിന്നു കടുത്ത വിമർശനവും എതിർപ്പുമുണ്ടാകാൻ കാരണം. എന്നാൽ ലോകാരോഗ്യ സംഘടനാ തലവനായി ടെഡ്രോസിനെ വീണ്ടും നാമനിർദേശം ചെയ്ത് ഇരുപത്തിയഞ്ചോളം രാജ്യങ്ങളുണ്ട്. അതിൽത്തന്നെ കെനിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളും ടെഡ്രോസിനെ ശക്തമായി പിന്തുണയ്ക്കുന്നു.

മഹാമാരിക്കാലത്തെ പടത്തലവൻ

2022 മേയിലെ വേൾഡ് ഹെൽത്ത് അസംബ്ലിയിലാണ് ലോകാരോഗ്യ സംഘടനയുടെ അടുത്ത ഡയറക്ടർ ജനറലിനെ തിരഞ്ഞെടുക്കുക. ഡബ്ല്യുഎച്ച്ഒ അംഗരാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുടെ വാർഷിക സമ്മേളനമാണിത്. 2027 വരെയായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന പുതിയ തലവന്റെ കാലാവധി. എന്നാൽ നിലവിൽ ടെഡ്രോസ് അല്ലാതെ വേറാരെയും ഈ സ്ഥാനത്തേക്ക് ഡബ്ല്യുഎച്ച്ഒ എക്സിക്യുട്ടിവ് ബോർഡ് നോമിനേറ്റ് ചെയ്തിട്ടില്ല. 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി ഇനിയും പിടിച്ചു നിർത്താൻ രാജ്യങ്ങൾക്കു സാധിക്കാത്ത സാഹചര്യത്തിൽ ടെഡ്രോസ് അല്ലാതെ മറ്റൊരാളെ ഡബ്ല്യുഎച്ച്ഒ തലപ്പത്തേക്കു ചിന്തിക്കാൻ പോലുമാകാത്ത സ്ഥിതിയുമാണ്.

‘ഒരു യുദ്ധം നടക്കുന്ന സമയത്ത് നമ്മളാരും സേനാതലവന്‍ മാറണമെന്ന് ആഗ്രഹിക്കില്ലല്ലോ...’ ഡബ്ല്യുഎച്ച്ഒ നേതൃസ്ഥാനത്തേക്ക് ടെഡ്രോസിനെ പുനർനിയമിക്കുന്നത് സംബന്ധിച്ച് യുഎസ് സെന്റർ ഫോർ ഗ്ലോബൽ ഡവലപ്മെന്റ് എക്സി. വൈസ് പ്രസിഡന്റ് അമാൻഡ ഗ്ലാസ്മാൻ പറഞ്ഞ ഈ വാക്കുകളിലുണ്ട് എല്ലാം. എതിരാളികളില്ലാതെ ഒരു ഡബ്ല്യുഎച്ച്ഒ തലവൻ നിയമിതനാകുന്നത് ഇതാദ്യമായല്ല. എന്നാൽ തിരഞ്ഞെടുപ്പിനു സ്വന്തം സ്ഥാനാർഥികളെ വിവിധ രാജ്യങ്ങൾ നിർത്തുന്ന പതിലുണ്ട്. അതും ഇത്തവണ ഉണ്ടായില്ല. 28 രാജ്യങ്ങളുടെ പിന്തുണ ടെഡ്രോസിനുണ്ട്. അതിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളുമുണ്ട്, 3 ആഫ്രിക്കന്‍ രാജ്യങ്ങളും. ചൈനയും യുഎസും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും നോമിനിയില്ല. 194 രാജ്യങ്ങളാണ് ഡബ്ല്യുഎച്ച്ഒയിലെ അംഗങ്ങൾ.

2017ൽ അഞ്ച് പേർക്കൊപ്പം മത്സരിച്ചാണ് ടെഡ്രോസ് ഡയറക്ടർ ജനറൽ സ്ഥാനത്തേക്കെത്തിയത്. 1948ൽ ഡബ്ല്യുഎച്ച്ഒ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമായിട്ടായിരുന്നു ഒരു ആഫ്രിക്കൻ തലവനെ സംഘടനയ്ക്കു ലഭിച്ചത്. വൈകാതെതന്നെ അദ്ദേഹം ഡബ്ല്യുഎച്ച്ഒയ്ക്കു കീഴിൽ ആദ്യത്തെ സയൻസ് ഡിവിഷനു തുടക്കം കുറിച്ചു. പകർച്ചവ്യാധികൾക്കെതിരെ മുന്നൊരുക്കം നടത്തി. 2018ൽ കോംഗോയിൽ എബോള പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിനെ പ്രതിരോധിക്കാൻ ഡബ്ല്യുഎച്ച്ഒയ്ക്കു സാധിച്ചതും ടെഡ്രോസിന്റെ നേതൃത്വ മികവിലായിരുന്നു. 2 വർഷത്തോളമാണ് കോംഗോയിൽത്തന്നെ നിലയുറപ്പിച്ച് എബോളയ്ക്കെതിരെ ഡബ്ല്യുഎച്ച്ഒ പ്രവർത്തകർ പോരാടിയത്. എബോള വാക്സീൻ കണ്ടുപിടിക്കുന്നതിനും നിർണായക സഹായം നൽകാൻ സംഘടനയ്ക്കായി.

ചൈനയുടെ ‘ബന്ധു’വും പിന്നെ ശത്രുവും!

ടെഡ്രോസ് അദാനം ഗെബ്രെസൂസ്. ചിത്രം: FABRICE COFFRINI / AFP

2019ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ പലയിടത്തുനിന്നും രൂക്ഷ വിമർശനവും ടെഡ്രോസിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കോവിഡ് വായുവിലൂടെ പകരുമെന്ന മുന്നറിയിപ്പ് ഗവേഷകർ നൽകിയിട്ടും അക്കാര്യം പ്രചരിപ്പിക്കാൻ ഡബ്ല്യുഎച്ച്ഒ ആദ്യഘട്ടത്തിൽ കാര്യമായ ശ്രമം നടത്തിയില്ലെന്നായിരുന്നു ഒരു പരാതി. കോവിഡിന്റെ തുടക്കത്തിൽ കൃത്യമായി വിവരങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്ന ചൈനയ്ക്കെതിരെ നിലപാട് കടുപ്പിക്കാൻ ടെഡ്രോസ് തയാറാകാത്തതും വിമർശനം വിളിച്ചുവരുത്തി. ഇതിന്റെ പേരിൽ യുഎസ് പോലും ഡബ്ല്യുഎച്ച്ഒയോടു പിണങ്ങി.

അന്ന് എല്ലാ ‘ബന്ധവും’ ഉപേക്ഷിച്ച് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപ് പോയെങ്കിലും പുതിയ പ്രസിഡന്റായി ജോ ബൈഡനെത്തിയതോടെയാണ് എല്ലാമൊന്നു കലങ്ങിത്തെളിഞ്ഞത്. അതിനിടയ്ക്ക് ചൈനയിൽ കോവിഡിനു കാരണമായ കൊറോണവൈറസിന്റെ ഉറവിടം തേടിപ്പോയ ലോകാരോഗ്യ സംഘടനാ പ്രതിനിധികൾക്ക് ആവശ്യമായ സഹായം നല്‍കണമെന്ന് ടെഡ്രോസ് ആവശ്യപ്പെട്ടത് അദ്ദേഹത്തെ ചൈനയുടെ കണ്ണിലെയും കരടാക്കി. വുഹാനിലെ ലാബറട്ടറിയിൽനിന്നാണ് കൊറോണവൈറസ് പുറത്തുചാടിയതെന്ന വിവാദത്തിനു പിന്നിലെ സത്യമെന്താണെന്ന് അന്വേഷിക്കാൻ ഡബ്ല്യുഎച്ച്ഒയെ പിന്തുണയ്ക്കണമെന്ന് ടെഡ്രോസ് ആവശ്യപ്പെട്ടതാണു വിവാദമായത്. ചൈന എല്ലായിപ്പോഴും നിഷേധിക്കുന്നതാണ് ഈ ലാബ് വിവാദം. പക്ഷേ ഇപ്പോഴും ടെഡ്രോസ് തന്റെ തീരുമാനത്തിൽനിന്നു പിന്നോട്ടു പോയിട്ടില്ല, ചൈന മറുപടിയും നൽകിയിട്ടില്ല.

പാവപ്പെട്ട രാജ്യങ്ങൾക്കു നൽകാനായി വികസിത രാജ്യങ്ങളുടെ വാക്സീൻ ഉപഭോഗത്തിൽ നിയന്ത്രണം വേണമെന്ന ടെഡ്രോസിന്റെ ആവശ്യവും മിക്ക രാജ്യങ്ങളും ചെവിക്കൊള്ളാതിരുന്നതും തിരിച്ചടിയായി. ബൂസ്റ്റർ ഡോസ് കൊടുക്കും മുൻപ് എല്ലാ അവികസിത രാജ്യങ്ങളിലെയും ആരോഗ്യപ്രവർത്തകർക്കെങ്കിലും 2 ഡോസ് വാക്സീൻ ഉറപ്പു വരുത്താൻ വികസിത രാജ്യങ്ങൾ സഹായിക്കണമെന്നായിരുന്നു ടെഡ്രോസിന്റെ ആവശ്യം. പക്ഷേ ഒന്നും സംഭവിച്ചില്ല, പല വികസിതരാജ്യങ്ങളും ഇപ്പോഴും വൻതോതിൽ ബൂസ്റ്റർ ഡോസുകൾ വാങ്ങിക്കൂട്ടുകയാണ്. ഇത് വാക്സീൻ അസമത്വത്തിനും കാരണമാതുന്നതായി ടെഡ്രോസ് പറയുന്നു. ചില അവികസിത രാജ്യങ്ങളിലാകട്ടെ ഇപ്പോഴും ആദ്യ ഡോസ് വാക്സീൻ പോലും നൽകാനായിട്ടുമില്ല. അപ്പോഴും ഒരു കാര്യത്തിൽ ടെഡ്രോസിന് ആശ്വസിക്കാം. ഇനിയൊരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ ഡബ്ല്യുഎച്ച്ഒ അംഗരാജ്യങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്നു കാണിച്ച് പുറത്തുവിട്ട നിർദേശങ്ങൾ എല്ലാവരുംതന്നെ അംഗീകരിച്ചിട്ടുണ്ട്.

English Summary: WHO Director General Tedros Adhanom Stands Uncontested for Upcoming Director General Elections but Faces Opposition from Ethiopia